വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ അനുകമ്പ അനുകരിക്കുക

യഹോവയുടെ അനുകമ്പ അനുകരിക്കുക

“യഹോവ, യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം.”—പുറ. 34:6.

ഗീതങ്ങൾ: 57, 147

1. ഏതു പ്രത്യേകവിധത്തിലാണു ദൈവം മോശയ്‌ക്കു സ്വയം വെളിപ്പെടുത്തിയത്‌, എന്തുകൊണ്ടാണ്‌ അതു ശ്രദ്ധേയമായിരിക്കുന്നത്‌?

ദൈവം ഒരിക്കൽ തന്‍റെ പേരും ഗുണങ്ങളും പ്രഖ്യാപിച്ചുകൊണ്ട് മോശയ്‌ക്കു സ്വയം വെളിപ്പെടുത്തി. അക്കൂട്ടത്തിൽ ആദ്യം പറഞ്ഞ ഗുണങ്ങൾ കരുണയും അനുകമ്പയും ആയിരുന്നു. (പുറപ്പാട്‌ 34:5-7 വായിക്കുക.) യഹോവയ്‌ക്കു വേണമെങ്കിൽ തന്‍റെ ശക്തിയെക്കുറിച്ചോ ജ്ഞാനത്തെക്കുറിച്ചോ ആദ്യം പറയാമായിരുന്നു. പക്ഷേ തന്‍റെ ദാസരെ സഹായിക്കാനുള്ള മനസ്സൊരുക്കം വെളിപ്പെടുത്തുന്ന ഗുണങ്ങളാണ്‌ യഹോവ എടുത്തുപറഞ്ഞത്‌. കാരണം, ഇപ്പോൾ മോശയ്‌ക്കു വേണ്ടിയിരുന്നത്‌, യഹോവ തന്നെ പിന്തുണയ്‌ക്കുമെന്നുള്ള ഉറപ്പായിരുന്നു. (പുറ. 33:13) മറ്റു ഗുണങ്ങളെക്കുറിച്ച് പറയുന്നതിനു മുമ്പ് ദൈവം ഹൃദ്യമായ ഈ ഗുണങ്ങളെക്കുറിച്ച് പറഞ്ഞതു നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്നില്ലേ? ഈ ലേഖനത്തിൽ നമ്മൾ അനുകമ്പ എന്ന ഗുണത്തെക്കുറിച്ചാണു പഠിക്കാൻപോകുന്നത്‌. മറ്റുള്ളവരുടെ കഷ്ടപ്പാടും ദുരിതവും കാണുമ്പോൾ തോന്നുന്ന സഹതാപവും ആ കഷ്ടപ്പാടു കുറയ്‌ക്കാനുള്ള മനസ്സൊരുക്കവും ആണ്‌ അനുകമ്പ.

2, 3. (എ) മനുഷ്യർക്ക് അനുകമ്പ സ്വാഭാവികമാണെന്ന് എന്തു വ്യക്തമാക്കുന്നു? (ബി) അനുകമ്പയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

2 അനുകമ്പയുള്ള ദൈവം തന്‍റെ ഛായയിലാണു നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌. അതുകൊണ്ടാണു സത്യദൈവത്തെ അറിയാത്തവർക്കുപോലും സ്വാഭാവികമായി അനുകമ്പ തോന്നുന്നത്‌. (ഉൽപ. 1:27) ആളുകൾ അനുകമ്പ കാണിച്ച പല സന്ദർഭങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. തങ്ങളുടെ കൈയിലുള്ള കുഞ്ഞിന്‍റെ അമ്മ ആരാണെന്ന തർക്കവുമായി ശലോമോന്‍റെ മുന്നിൽ എത്തിയ രണ്ടു സ്‌ത്രീകളുടെ വിവരണത്തെക്കുറിച്ച് ഓർക്കുക. അവരെ പരീക്ഷിക്കാനായി കുട്ടിയെ രണ്ടായി മുറിക്കാൻ ശലോമോൻ ആവശ്യപ്പെട്ടപ്പോൾ യഥാർഥ അമ്മയ്‌ക്ക് അനുകമ്പ തോന്നി. അതുകൊണ്ട് കുട്ടിയെ മറ്റേ സ്‌ത്രീക്കു വിട്ടുകൊടുക്കാൻപോലും അവൾ തയ്യാറായി. (1 രാജാ. 3:23-27) ഇനി, ഫറവോന്‍റെ മകളെക്കുറിച്ച് ചിന്തിക്കുക. എബ്രായരുടെ കുഞ്ഞുങ്ങളെയെല്ലാം കൊല്ലേണ്ടതായിരുന്നെങ്കിലും ശിശുവായിരുന്ന മോശയോട്‌ ‘അലിവ്‌ തോന്നിയ’ അവൾ അവനെ സ്വന്തം മകനായി വളർത്താൻ തീരുമാനിച്ചു.—പുറ. 2:5, 6.

3 അനുകമ്പയെക്കുറിച്ച് നമ്മൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്? കാരണം യഹോവയെ അനുകരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എഫെ. 5:1) നമ്മെ അനുകമ്പയുള്ളവരായിട്ടാണു സൃഷ്ടിച്ചിരിക്കുന്നതെങ്കിലും അപൂർണരായതുകൊണ്ട് സ്വാർഥരാകാനുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്. ചില സാഹചര്യങ്ങളിൽ, മറ്റുള്ളവരെ സഹായിക്കണോ അതോ സ്വന്തം കാര്യം നോക്കണോ എന്നു നമ്മൾ സംശയിച്ചുനിന്നേക്കാം. ഇതു രണ്ടും സമനിലയിൽ കൊണ്ടുപോകാൻ പലർക്കും ബുദ്ധിമുട്ടു തോന്നാറുണ്ട്. അങ്ങനെയെങ്കിൽ, നമുക്ക് എങ്ങനെ മറ്റുള്ളവരോട്‌ യഥാർഥതാത്‌പര്യം നട്ടുവളർത്താനും നിലനിറുത്താനും കഴിയും? അതിന്‌ ആദ്യം, യഹോവയും മറ്റുള്ളവരും കാണിച്ച അനുകമ്പയെക്കുറിച്ച് പഠിക്കുക. രണ്ടാമതായി, ദൈവത്തിന്‍റെ അനുകമ്പ നമുക്ക് എങ്ങനെ അനുകരിക്കാമെന്നും അതിന്‍റെ പ്രയോജനം എന്താണെന്നും മനസ്സിലാക്കുക.

യഹോവ—അനുകമ്പയുടെ ഏറ്റവും മികച്ച മാതൃക

4. (എ) യഹോവ എന്തിനാണു ദൂതന്മാരെ സൊദോമിലേക്ക് അയച്ചത്‌? (ബി) ലോത്തിനെയും പെൺമക്കളെയും കുറിച്ചുള്ള വിവരണം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌?

4 യഹോവ അനുകമ്പ കാണിച്ച പല സന്ദർഭങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ലോത്തിന്‍റെ കാര്യത്തിൽ ദൈവം എന്താണു ചെയ്‌തതെന്നു നോക്കുക. സൊദോമിലെയും ഗൊമോറയിലെയും ആളുകളുടെ ലജ്ജാകരമായ അധാർമികത കാരണം നീതിമാനായ ലോത്ത്‌ ‘ഏറെ മനോവിഷമം അനുഭവിച്ചിരുന്നു.’ അവരെ ദൈവം മരണത്തിനു വിധിച്ചു. (2 പത്രോ. 2:7, 8) പക്ഷേ ലോത്തിനെ രക്ഷിക്കാൻ ദൈവം ദൂതന്മാരെ അയച്ചു. നാശത്തിനു വിധിക്കപ്പെട്ട ആ നഗരങ്ങൾ വിട്ട് ഓടിപ്പോകാൻ ദൂതന്മാർ ലോത്തിനോടും കുടുംബത്തോടും പറഞ്ഞു. “പക്ഷേ ലോത്ത്‌ മടിച്ചുനിന്നു. എന്നാൽ യഹോവ കരുണ കാണിച്ചതിനാൽ (ദൂതന്മാർ) ലോത്തിനെയും ഭാര്യയെയും ലോത്തിന്‍റെ രണ്ടു പെൺമക്കളെയും കൈക്കു പിടിച്ച് നഗരത്തിനു വെളിയിൽ കൊണ്ടുവന്നു.” (ഉൽപ. 19:16) തന്‍റെ വിശ്വസ്‌തദാസന്മാരുടെ ക്ലേശങ്ങൾ യഹോവയ്‌ക്കു നന്നായി അറിയാമെന്ന് ഈ ദൃഷ്ടാന്തം വ്യക്തമാക്കുന്നില്ലേ?—യശ. 63:7-9; യാക്കോ. 5:11, അടിക്കുറിപ്പ്; 2 പത്രോ. 2:9.

5. അനുകമ്പ കാണിക്കാൻ 1 യോഹന്നാൻ 3:17 പോലുള്ള തിരുവെഴുത്തുകൾ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

5 യഹോവ അനുകമ്പ കാണിക്കുകയും അതു കാണിക്കാൻ തന്‍റെ ജനത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. വസ്‌ത്രം പണയമായി വാങ്ങുന്നതിനോടു ബന്ധപ്പെട്ട് ഇസ്രായേലിനു കൊടുത്ത നിയമത്തെക്കുറിച്ച് ചിന്തിക്കുക. (പുറപ്പാട്‌ 22:26, 27 വായിക്കുക.) കടം കൊടുത്തയാൾ കഠിനഹൃദയനാണെങ്കിൽ ആ വസ്‌ത്രം പിടിച്ചുവെക്കുമായിരുന്നു. കടക്കാരൻ പുതപ്പില്ലാതെ കിടന്ന് ഉറങ്ങേണ്ടിയും വരുമായിരുന്നു. എന്നാൽ മനസ്സലിവില്ലാത്ത അത്തരം പെരുമാറ്റം ഒഴിവാക്കി അനുകമ്പ കാണിക്കാൻ യഹോവ തന്‍റെ ജനത്തെ പഠിപ്പിച്ചു. ആ നിയമത്തിനു പിന്നിലെ തത്ത്വം, അനുകമ്പ കാണിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നില്ലേ? സഹോദരങ്ങളുടെ കഷ്ടതകൾ കുറയ്‌ക്കാൻ നമ്മെക്കൊണ്ട് കഴിയുന്നതു നാം ചെയ്യുന്നില്ലെങ്കിൽ അത്‌ അവരെ തണുത്തുവിറച്ച് കിടക്കാൻ വിടുന്നതുപോലെ ആയിരിക്കില്ലേ?—കൊലോ. 3:12; യാക്കോ. 2:15, 16; 1 യോഹന്നാൻ 3:17 വായിക്കുക.

6. തെറ്റു തിരുത്താൻ പാപികളായ ഇസ്രായേല്യരെ യഹോവ ആവർത്തിച്ച് സഹായിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

6 തന്‍റെ ജനമായ ഇസ്രായേല്യർ പാപം ചെയ്‌തപ്പോഴും യഹോവയ്‌ക്ക് അനുകമ്പ തോന്നി. നമ്മൾ ഇങ്ങനെ വായിക്കുന്നു: “അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്‌ക്കു സ്വന്തം ജനത്തോടും വാസസ്ഥലത്തോടും അനുകമ്പ തോന്നിയതുകൊണ്ട് സന്ദേശവാഹകരെ അയച്ച് ദൈവം അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തു.” (2 ദിന. 36:15) പാപപൂർണമായ ജീവിതം ഉപേക്ഷിച്ച് ദൈവപ്രീതിയിലേക്കു വരാൻ സാധ്യതയുള്ള ആളുകളോടു നമുക്കും സമാനമായ അനുകമ്പ തോന്നേണ്ടതല്ലേ? വരാനിരിക്കുന്ന ന്യായവിധിയിൽ ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. (2 പത്രോ. 3:9) അതുകൊണ്ട്, യഹോവ ദുഷ്ടരെ നശിപ്പിക്കുന്ന സമയംവരെ, ദൈവത്തിന്‍റെ അനുകമ്പയുടെ തെളിവായ മുന്നറിയിപ്പിൻസന്ദേശം നമുക്കു പ്രസംഗിക്കാം.

7, 8. യഹോവ തങ്ങളോട്‌ അനുകമ്പ കാണിച്ചെന്ന് ഒരു കുടുംബം വിശ്വസിക്കുന്നത്‌ എന്തുകൊണ്ട്?

7 ഇന്നും യഹോവയുടെ ദാസരിൽ പലരും യഹോവയുടെ അനുകമ്പ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 1990-കളുടെ തുടക്കത്തിൽ ബോസ്‌നിയയിൽ വംശീയകലാപം ആളിപ്പടർന്ന സമയത്ത്‌ ഒരു കുടുംബത്തിനുണ്ടായ അനുഭവം നോക്കുക. ആ കുടുംബത്തിൽ 12 വയസ്സുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവനെ നമുക്കു മെലൻ എന്നു വിളിക്കാം. മെലനും അനിയനും മാതാപിതാക്കളും കുറച്ച് സഹോദരങ്ങളും കൂടെ ഒരു കൺവെൻഷനു പങ്കെടുക്കാൻ ബോസ്‌നിയയിൽനിന്ന് സെർബിയയിലേക്കു യാത്ര തിരിച്ചു. ആ കൺവെൻഷനു മെലന്‍റെ മാതാപിതാക്കൾ സ്‌നാനപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ ആ കുടുംബം വേറൊരു വംശത്തിൽപ്പെട്ടവരായിരുന്നതുകൊണ്ട് അതിർത്തിയിൽവെച്ച് പട്ടാളക്കാർ അവരെ ബസ്സിൽനിന്ന് പിടിച്ചിറക്കി. പക്ഷേ മറ്റു സഹോദരങ്ങളെ പോകാൻ അനുവദിച്ചു. ആ കുടുംബത്തെ രണ്ടു ദിവസം അവിടെ തടഞ്ഞുവെച്ചു. തുടർന്ന്, അവരെ എന്തു ചെയ്യണമെന്ന് അവിടത്തെ ഓഫീസർ മേലധികാരിയോടു ഫോൺ വിളിച്ച് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: “അവരെ കൊണ്ടുപോയി വെടിവെച്ച് കൊല്ല്.” സംസാരം അവരുടെ തൊട്ടുമുന്നിൽവെച്ചായിരുന്നതുകൊണ്ട് മേലധികാരി പറഞ്ഞത്‌ അവർ നാലു പേരും കേട്ടു.

8 ഓഫീസർ പട്ടാളക്കാരോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ കാണാതെ രണ്ട് അപരിചിതർ ആ കുടുംബത്തിന്‍റെ അടുത്ത്‌ ചെന്ന് തങ്ങൾ സാക്ഷികളാണെന്നു ചെവിയിൽ പറഞ്ഞു. ബസ്സിലുണ്ടായിരുന്ന മറ്റു സഹോദരങ്ങൾവഴി അവർ വിവരങ്ങളെല്ലാം അറിഞ്ഞിട്ട് വന്നതായിരുന്നു. അതിർത്തിയിൽ കുട്ടികളുടെ രേഖകൾ പരിശോധിക്കില്ലാത്തതുകൊണ്ട് മെലനും അനിയനും തങ്ങളുടെ കാറിൽ അതിർത്തി കടക്കാമെന്ന് അവർ പറഞ്ഞു. മാതാപിതാക്കളോടു പെട്ടെന്നു ചെക്ക്പോസ്റ്റിന്‍റെ പുറകിലൂടെ അതിർത്തി കടന്ന് വരാനും നിർദേശിച്ചു. ഇതു കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ പകച്ചുപോയി മെലൻ. “ഇവിടെനിന്ന് അത്ര എളുപ്പത്തിൽ രക്ഷപ്പെടാൻ പറ്റുമെന്നു തോന്നുന്നുണ്ടോ” എന്നു മാതാപിതാക്കൾ അവരോടു ചോദിച്ചു. എങ്കിലും അവർ ധൈര്യമായി മുന്നോട്ട് നടന്നുനീങ്ങി. അവർ പട്ടാളക്കാരുടെ കൺമുന്നിലൂടെയാണു പോയതെങ്കിലും അവർ അവരെ കാണാഞ്ഞതുപോലെ തോന്നി. അതിർത്തിക്ക് അപ്പുറത്തുവെച്ച് കുടുംബം വീണ്ടും ഒരുമിച്ചു. യഹോവ തങ്ങളുടെ പ്രാർഥന കേട്ടെന്ന ബോധ്യത്തോടെ അവർ കൺവെൻഷൻസ്ഥലത്തേക്കു യാത്ര തുടർന്നു. യഹോവ എല്ലായ്‌പോഴും തന്‍റെ ദാസരെ അത്ഭുതകരമായി സംരക്ഷിക്കുന്നില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നുണ്ട്. (പ്രവൃ. 7:58-60) എങ്കിലും അതെക്കുറിച്ച് തനിക്ക് എന്താണു തോന്നിയതെന്നു മെലൻ പറയുന്നു: “എനിക്കു തോന്നിയത്‌ ഇതാണ്‌: ദൂതന്മാർ പട്ടാളക്കാരെ അന്ധരാക്കി, യഹോവ ഞങ്ങളെ രക്ഷിച്ചു.”—സങ്കീ. 97:10.

9. തന്‍റെ അടുത്ത്‌ വന്നവരുടെ അവസ്ഥ കണ്ടപ്പോൾ യേശു എന്തു ചെയ്‌തു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

9 ഇക്കാര്യത്തിൽ യേശുവിൽനിന്നും നമുക്കു പഠിക്കാനുണ്ട്. “ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും” ആയിരുന്ന ജനങ്ങളോടു യേശുവിന്‌ അനുകമ്പ തോന്നി. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോൾ യേശു എന്തു ചെയ്‌തു? യേശു ദയാപൂർവം “അവരെ പലതും പഠിപ്പിച്ചു.” (മത്താ. 9:36; മർക്കോസ്‌ 6:34 വായിക്കുക.) സാധാരണക്കാരെ തിരിഞ്ഞുനോക്കാഞ്ഞ പരീശന്മാരിൽനിന്ന് തികച്ചും വ്യത്യസ്‌തനായിരുന്നു യേശു. (മത്താ. 12:9-14; 23:4; യോഹ. 7:49) ആത്മീയമായി വിശന്നുവലഞ്ഞ ആളുകളെ സഹായിക്കാൻ യേശുവിനുണ്ടായിരുന്ന അതേ വാഞ്‌ഛ നിങ്ങൾക്കുണ്ടോ?

10, 11. അനുകമ്പ എപ്പോഴും ഉചിതമാണോ? വിശദീകരിക്കുക.

10 മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ അനുകമ്പ കാണിച്ചത്‌ ഉചിതമായിരുന്നു. എന്നാൽ എല്ലാ സാഹചര്യത്തിലും അനുകമ്പ കാണിക്കണമെന്നല്ല ഇതിന്‌ അർഥം. ദൃഷ്ടാന്തത്തിന്‌, അനുകമ്പയാണെന്നു ശൗൽ രാജാവ്‌ കരുതിയ ഒരു കാര്യം ശരിക്കും അനുസരണക്കേടായിരുന്നു. അദ്ദേഹം ദൈവജനത്തിന്‍റെ ശത്രുവായിരുന്ന ആഗാഗിനെ കൊല്ലാതെ വിട്ടു. മൃഗങ്ങളിൽ ഏറ്റവും നല്ലതിനെയും ജീവനോടെ സൂക്ഷിച്ചു. ഫലം എന്തായിരുന്നു? ഇസ്രായേലിന്‍റെ രാജസ്ഥാനത്തുനിന്ന് യഹോവ ശൗലിനെ നീക്കി. (1 ശമു. 15:3, 9, 15) നീതിയുള്ള ന്യായാധിപനാണ്‌ യഹോവ. ആളുകളുടെ ഉള്ളറിയാൻ യഹോവയ്‌ക്കു കഴിയും. അനുകമ്പ അനുചിതമായിരിക്കുന്നത്‌ എപ്പോഴാണെന്നും യഹോവയ്‌ക്ക് അറിയാം. (വിലാ. 2:17; യഹ. 5:11) തന്നെ അനുസരിക്കാൻ വിസമ്മതിക്കുന്ന എല്ലാവരുടെയും മേൽ യഹോവ ശിക്ഷ നടപ്പാക്കുന്ന സമയം പെട്ടെന്നുതന്നെ വന്നെത്തും. (2 തെസ്സ. 1:6-10) താൻ ദുഷ്ടരെന്നു വിധിച്ചവരോട്‌ യഹോവ അന്ന് അനുകമ്പ കാണിക്കില്ല. പകരം അവരെ നശിപ്പിച്ചുകൊണ്ട് നീതിമാന്മാരോട്‌ അനുകമ്പ കാണിക്കും. യഹോവ അവരെ ജീവനോടെ കാക്കും.

11 ആളുകൾക്കു രക്ഷയോ ശിക്ഷയോ വിധിക്കേണ്ടതു നമ്മളല്ല. നമ്മുടെ ഉത്തരവാദിത്വം ആളുകളെ സഹായിക്കാൻ ഇപ്പോൾ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്യുക എന്നതാണ്‌. സഹമനുഷ്യരോട്‌ ഉചിതമായ അനുകമ്പ നമുക്ക് എങ്ങനെ കാണിക്കാം? ചില മാർഗങ്ങൾ ചിന്തിക്കാം.

അനുകമ്പ കാണിക്കാനുള്ള വഴികൾ

12. അനുദിനജീവിതത്തിൽ എങ്ങനെ അനുകമ്പ കാണിക്കാം?

12 അനുദിനജീവിതത്തിൽ സഹായമനസ്‌കരായിരിക്കുക. യേശുവിനെ അനുകരിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണമാണ്‌ അയൽക്കാരനോടും സഹോദരങ്ങളോടും ഉള്ള അനുകമ്പ. (യോഹ. 13:34, 35; 1 പത്രോ. 3:8) അനുകമ്പയ്‌ക്ക് “ഒരുമിച്ച് കഷ്ടപ്പെടുക” എന്നും അർഥമുണ്ട്. അനുകമ്പയുള്ളവർക്ക്, ആളുകളുടെ ബുദ്ധിമുട്ടുകളിൽ അവരെ സഹായിച്ചുകൊണ്ട് അവരുടെ കഷ്ടപ്പാടുകൾ കുറയ്‌ക്കാൻ പ്രേരണ തോന്നും. നിങ്ങൾക്ക് അതിനുള്ള അവസരങ്ങൾ തേടാനാകും. ഉദാഹരണത്തിന്‌, ചെറിയചെറിയ വീട്ടുജോലികൾ ചെയ്‌തുകൊടുത്തുകൊണ്ടോ കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊടുത്തുകൊണ്ടോ ആരെയെങ്കിലും സഹായിക്കാൻ കഴിയുമോ?—മത്താ. 7:12.

മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അനുകമ്പ കാണിക്കുക (12-‍ാ‍ം ഖണ്ഡിക കാണുക)

13. ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ ദൈവജനം അനുകമ്പ കാണിക്കുന്നത്‌ എങ്ങനെ?

13 ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരുക. ദുരന്തബാധിതരുടെ അവസ്ഥ കാണുമ്പോൾ പലരും അനുകമ്പ കാണിക്കാൻ പ്രേരിതരാകും. അത്തരം സാഹചര്യങ്ങളിൽ സഹായവുമായി ഓടിയെത്തുന്നതിൽ പേരുകേട്ടവരാണ്‌ യഹോവയുടെ സാക്ഷികൾ. (1 പത്രോ. 2:17) ജപ്പാനിലെ ഒരു സഹോദരി താമസിച്ചിരുന്ന സ്ഥലത്ത്‌, 2011-ലുണ്ടായ ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ചു. കെട്ടിടങ്ങളുടെ കേടുപോക്കാൻ ജപ്പാനിലെ മറ്റു സ്ഥലങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും വന്ന സന്നദ്ധസേവകരുടെ പ്രവർത്തനങ്ങൾ തനിക്കു “പ്രോത്സാഹനവും ആശ്വാസവും” ആയിരുന്നെന്ന് ആ സഹോദരി പറയുന്നു. സഹോദരി ഇങ്ങനെ എഴുതി: “യഹോവ കരുതുന്നുണ്ടെന്നു തിരിച്ചറിയാൻ ഈ അനുഭവം എന്നെ സഹായിച്ചു. സഹവിശ്വാസികളും പരസ്‌പരം കരുതുന്നു. ലോകമെങ്ങുമുള്ള അനേകം സഹോദരങ്ങൾ നമുക്കുവേണ്ടി പ്രാർഥിക്കുന്നുമുണ്ട്.”

14. രോഗികളെയും പ്രായമായവരെയും നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?

14 രോഗികളെയും പ്രായമായവരെയും സഹായിക്കുക. ആദാം ചെയ്‌ത പാപത്തിന്‍റെ ഫലമായ രോഗത്താലും വാർധക്യത്താലും വലയുന്ന ആളുകളെ കാണുമ്പോൾ നമുക്കു സ്വാഭാവികമായും അനുകമ്പ തോന്നും. അത്തരം പ്രയാസങ്ങൾ അവസാനിച്ചുകാണാനുള്ള ആഗ്രഹം നിമിത്തം നമ്മൾ ദൈവരാജ്യം വരാനായി പ്രാർഥിക്കുന്നു. എന്നാൽ ആ സമയം വന്നെത്തുന്നതുവരെ, കഴിവിന്‍റെ പരമാവധി നമുക്ക് അങ്ങനെയുള്ളവരെ സഹായിക്കാം. അൽസൈമേഴ്‌സ്‌ ബാധിച്ച, പ്രായംചെന്ന തന്‍റെ അമ്മയ്‌ക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു എഴുത്തുകാരൻ പറഞ്ഞത്‌ എന്താണെന്നു നോക്കാം. ഒരു ദിവസം അദ്ദേഹത്തിന്‍റെ അമ്മ വസ്‌ത്രത്തിൽ ആകെപ്പാടെ അഴുക്കാക്കി. അതു കഴുകിക്കളയാൻ ശ്രമിക്കുമ്പോഴാണ്‌ ആരോ വീടിന്‍റെ ബെല്ലടിച്ചത്‌. ആ സ്‌ത്രീയെ പതിവായി സന്ദർശിച്ചിരുന്ന രണ്ടു സാക്ഷികളായിരുന്നു അത്‌. “എന്തെങ്കിലും സഹായം ആവശ്യമുണ്ടോ” എന്ന് അവർ ചോദിച്ചു. അപ്പോൾ ആ സ്‌ത്രീ പറഞ്ഞു: “പറയാൻ നാണക്കേടാണ്‌. പക്ഷേ സഹായിച്ചാൽ കൊള്ളായിരുന്നു.” അറപ്പോ മടിയോ കൂടാതെ സഹോദരിമാർ ആ സ്‌ത്രീയെ സഹായിച്ചു. അതു കഴിഞ്ഞ് ഒരു കപ്പു ചായയുണ്ടാക്കിക്കൊടുത്തു, കുറച്ച് നേരം ഒപ്പം ഇരുന്ന് സംസാരിക്കുകയും ചെയ്‌തു. ഇത്‌ അറിഞ്ഞപ്പോൾ മകനു വലിയ മതിപ്പായി. അദ്ദേഹം ഇങ്ങനെ എഴുതി: “സാക്ഷികൾക്ക് എന്‍റെ കൂപ്പുകൈ. അവർ വെറുതേ പ്രസംഗിക്കുന്നവർ മാത്രമല്ല, അങ്ങനെതന്നെ പ്രവർത്തിക്കുന്നവരുമാണ്‌.” രോഗികൾക്കും പ്രായമുള്ളവർക്കും അനുകമ്പയോടെ കൈത്താങ്ങേകാൻ നിങ്ങളും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടോ?—ഫിലി. 2:3, 4.

15. നമ്മുടെ പ്രസംഗപ്രവർത്തനം മറ്റുള്ളവരെ എങ്ങനെയാണു സഹായിക്കുന്നത്‌?

15 ആളുകൾക്ക് ആത്മീയസഹായം കൊടുക്കുക. ആളുകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വിഷമങ്ങളും കാണുമ്പോൾ അവരെ ആത്മീയമായി സഹായിക്കാൻ നമുക്ക് ആഗ്രഹം തോന്നും. ദൈവത്തെക്കുറിച്ചും ഭാവിയിൽ ദൈവരാജ്യം മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുന്നതാണ്‌ അതിനുള്ള ഏറ്റവും നല്ല വഴി. ഇപ്പോൾ ദൈവികനിലവാരങ്ങളനുസരിച്ച് ജീവിക്കുന്നതിന്‍റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതാണു മറ്റൊരു വിധം. (യശ. 48:17, 18) യഹോവയെ ബഹുമാനിക്കാനും മറ്റുള്ളവരോട്‌ അനുകമ്പ കാണിക്കാനും ഉള്ള നല്ലൊരു വിധമാണു ശുശ്രൂഷ. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാനാകുമോ?—1 തിമൊ. 2:3, 4.

അനുകമ്പ നിങ്ങൾക്കും പ്രയോജനം ചെയ്യും

16. അനുകമ്പ കാണിക്കുന്നതു നമുക്കുതന്നെ പ്രയോജനപ്പെടുന്നത്‌ എങ്ങനെ?

16 അനുകമ്പ കാണിക്കുന്നതു മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിനു നല്ലതാണെന്നും നല്ല വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാൻ അതു സഹായിക്കുമെന്നും മാനസികാരോഗ്യവിദഗ്‌ധർ പറയുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കുറയ്‌ക്കാൻ എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്കു കൂടുതൽ സന്തോഷം തോന്നും, നാളെയെക്കുറിച്ച് നല്ല ചിന്തയുള്ളവരായിരിക്കും, ഏകാന്തതാബോധം കുറയും, അശുഭചിന്തകൾ മനസ്സിലേക്ക് അധികം വരുകയുമില്ല. അതെ, മറ്റുള്ളവരോട്‌ അനുകമ്പ കാണിക്കുന്നതുകൊണ്ട് നിങ്ങൾക്കും പ്രയോജനമുണ്ട്. (എഫെ. 4:31, 32) സ്‌നേഹത്തോടെ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ യഹോവയുടെ ഇഷ്ടമാണു ചെയ്യുന്നതെന്ന് അറിയാവുന്നതുകൊണ്ട് ക്രിസ്‌ത്യാനികൾക്ക് ഒരു നല്ല മനസ്സാക്ഷിയുണ്ടായിരിക്കും. ഒരു നല്ല പിതാവ്‌ അല്ലെങ്കിൽ മാതാവ്‌, ഒരു നല്ല ഇണ, ഒരു നല്ല സുഹൃത്ത്‌ ഒക്കെയായിത്തീരാൻ അനുകമ്പയുണ്ടെങ്കിൽ നിങ്ങൾക്കു കഴിയും. മറ്റുള്ളവരോടു നിർലോഭമായി അനുകമ്പ കാണിച്ചാൽ, ഒരു അവശ്യഘട്ടത്തിൽ നിങ്ങൾക്കും സഹായം ലഭിക്കാൻ സാധ്യത കൂടുതലാണ്‌.—മത്തായി 5:7; ലൂക്കോസ്‌ 6:38 വായിക്കുക.

17. അനുകമ്പയുള്ളവരായിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

17 അനുകമ്പ കാണിക്കുന്നതുകൊണ്ട് നമുക്കു പ്രയോജനമുണ്ട് എന്നതു ശരിയാണ്‌. പക്ഷേ അനുകമ്പ നട്ടുവളർത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്ന മുഖ്യകാരണം അതായിരിക്കരുത്‌. സ്‌നേഹത്തിന്‍റെയും അനുകമ്പയുടെയും ഉറവായ യഹോവയെ അനുകരിക്കാനും മഹത്ത്വപ്പെടുത്താനും ഉള്ള ആഗ്രഹമായിരിക്കണം നിങ്ങളെ അതിനു പ്രചോദിപ്പിക്കേണ്ടത്‌. (സുഭാ. 14:31) യഹോവയാണു നമുക്ക് ഏറ്റവും നല്ല മാതൃക. അതുകൊണ്ട് അനുകമ്പ കാണിക്കുന്നതിൽ യഹോവയെ അനുകരിക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം നമുക്കു ചെയ്യാം. എങ്കിൽ സഹോദരങ്ങളുമായുള്ള സ്‌നേഹബന്ധം ആഴമുള്ളതാക്കാനും അയൽക്കാരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും നമുക്കു കഴിയും.—ഗലാ. 6:10; 1 യോഹ. 4:16.