വിവരങ്ങള്‍ കാണിക്കുക

പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ദൈവം എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുമോ?

പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ദൈവം എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുമോ?

ബൈബി​ളി​ന്റെ ഉത്തരം

 തീർച്ച​യാ​യും. ബൈബി​ളും പലരു​ടെ​യും ജീവി​താ​നു​ഭ​വ​ങ്ങ​ളും ദൈവം പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം നൽകുന്നു എന്നതിനു തെളി​വാണ്‌. ബൈബിൾ പറയുന്നു: “തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുന്നു; സഹായ​ത്തി​നാ​യു​ള്ള അവരുടെ നിലവി​ളി കേട്ട്‌ അവരെ വിടുവിക്കുന്നു.” (സങ്കീർത്തനം 145:19) നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ ദൈവം ഉത്തരം തരുമോ എന്നത്‌ മുഖ്യ​മാ​യും നിങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌

  •   ദൈവ​ത്തോ​ടാണ്‌ പ്രാർഥി​ക്കേ​ണ്ടത്‌, അല്ലാതെ യേശു​വി​നോ​ടോ മറിയ​യോ​ടോ വിശു​ദ്ധ​ന്മാ​രോ​ടോ ദൂതന്മാ​രോ​ടോ പ്രതി​മ​ക​ളോ​ടോ അല്ല. ‘പ്രാർഥന കേൾക്കു​ന്ന​വൻ’ ദൈവ​മാ​യ യഹോവ മാത്ര​മാണ്‌.—സങ്കീർത്ത​നം 65:2.

  •   ദൈ​വേ​ഷ്ട​ത്തിന്‌ അഥവാ ബൈബി​ളിൽ കാണുന്ന വ്യവസ്ഥ​കൾക്ക്‌ ചേർച്ച​യിൽ പ്രാർഥി​ക്കു​ക.—1 യോഹ​ന്നാൻ 5:14.

  •   യേശു​വി​ന്റെ അധികാ​രം അംഗീ​ക​രി​ച്ചു​കൊണ്ട്‌ യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ക. “എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേ​ക്കു വരുന്നില്ല” എന്ന്‌ യേശു പറഞ്ഞു.—യോഹ​ന്നാൻ 14:6.

  •   വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​ക, ആവശ്യ​മെ​ങ്കിൽ കൂടുതൽ വിശ്വാ​സ​ത്തി​നാ​യി യാചി​ക്കു​ക.—മത്തായി 21:22; ലൂക്കോസ്‌ 17:5.

  •   താഴ്‌മ​യും ആത്മാർഥ​ത​യും ഉള്ളവരാ​യി​രി​ക്കു​ക. “യഹോവ ഉന്നത​നെ​ങ്കി​ലും താഴ്‌മ​യു​ള്ള​വ​രെ ശ്രദ്ധി​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സങ്കീർത്ത​നം 138:6.

  •   നിരന്തരം പ്രാർഥി​ക്കു​ക. “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും” എന്ന്‌ യേശു പറഞ്ഞു.—ലൂക്കോസ്‌ 11:9.

ദൈവ​ത്തിന്‌ പ്രധാ​ന​മ​ല്ലാ​ത്തത്‌

  •   നിങ്ങളു​ടെ വംശം അല്ലെങ്കിൽ ദേശം. “ദൈവം പക്ഷപാ​ത​മു​ള്ള​വ​ന​ല്ലെന്ന്‌ എനിക്ക്‌ ഇപ്പോൾ ശരിക്കും മനസ്സി​ലാ​യി. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യ​തു പ്രവർത്തിക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.”—പ്രവൃ​ത്തി​കൾ 10:34, 35.

  •   നിങ്ങളു​ടെ ശരീര​നി​ല. ഇരുന്നു​കൊ​ണ്ടോ കുമ്പി​ട്ടു​കൊ​ണ്ടോ മുട്ടു​കു​ത്തി​ക്കൊ​ണ്ടോ അല്ലെങ്കിൽ നിന്നു​കൊ​ണ്ടോ നിങ്ങൾക്ക്‌ ദൈവ​ത്തോ​ടു പ്രാർഥി​ക്കാം.—1 ദിനവൃ​ത്താ​ന്തം 17:16; നെഹമ്യ 8:6; ദാനി​യേൽ 6:10; മർക്കോസ്‌ 11:25.

  •   നിങ്ങളു​ടെ പ്രാർഥ​ന​കൾ ഉച്ചത്തി​ലാ​ണോ മൗനമാ​യാ​ണോ എന്നത്‌. മറ്റുള്ളവർ തിരി​ച്ച​റി​യാ​ത്ത നമ്മുടെ മൗനമായ പ്രാർഥ​ന​കൾക്കു​പോ​ലും ദൈവം ഉത്തരം നൽകുന്നു.—നെഹമ്യ 2:1-6.

  •   നിങ്ങളു​ടെ ആകുല​ത​കൾ ഗൗരവ​മു​ള്ള​താ​ണോ നിസ്സാ​ര​മാ​ണോ എന്നത്‌. ‘നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടാൻ’ ദൈവം പ്രോത്സാഹിപ്പിക്കുന്നു.—1 പത്രോസ്‌ 5:7.