ദൈവം കേൾക്കണമെങ്കിൽ എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
യഹോവ “പ്രാർഥന കേൾക്കുന്ന” ദൈവമാണ്. (സങ്കീർത്തനം 65:2) എവിടെവെച്ചും എപ്പോൾ വേണമെങ്കിലും നമുക്കു ദൈവത്തോടു പ്രാർഥിക്കാം. മനസ്സിലോ ഉറക്കെയോ പ്രാർഥിക്കാം. അതുപോലെ, നമ്മൾ ‘പിതാവ്’ എന്നു വിളിക്കുന്നതാണ് യഹോവയ്ക്ക് ഇഷ്ടം. ഇതിലും നല്ലൊരു പിതാവിനെ നമുക്ക് കിട്ടില്ല. (മത്തായി 6:9) താൻ കേൾക്കണമെങ്കിൽ എങ്ങനെയാണ് പ്രാർഥിക്കേണ്ടതെന്ന് യഹോവ സ്നേഹത്തോടെ നമ്മളെ പഠിപ്പിക്കുന്നു.
യേശുവിന്റെ നാമത്തിൽ ദൈവമായ യഹോവയോടു പ്രാർഥിക്കുക
“നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.”—യോഹന്നാൻ 16:23.
യേശുവിന്റെ ഈ വാക്കുകൾ എന്താണു വ്യക്തമാക്കുന്നത്? ദൈവം ആഗ്രഹിക്കുന്നത് നമ്മൾ ഏതെങ്കിലും രൂപം ഉപയോഗിച്ചോ പുണ്യാളന്മാരിലൂടെയോ മാലാഖമാരിലൂടെയോ മരിച്ചുപോയവരിലൂടെയോ പ്രാർഥിക്കാനല്ല. പകരം യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർഥിക്കാനാണ്. യേശുവിന്റെ നാമത്തിൽ നമ്മൾ ദൈവത്തോടു പ്രാർഥിക്കുമ്പോൾ ദൈവത്തോട് അടുക്കാൻ യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ അംഗീകരിക്കുകയാണ്. യേശു ഇങ്ങനെ പറഞ്ഞു: “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.”—യോഹന്നാൻ 14:6.
ഹൃദയത്തിൽനിന്ന് സംസാരിക്കുക
“ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ.”—സങ്കീർത്തനം 62:8.
സ്നേഹമുള്ള ഒരു പിതാവിനോടു സംസാരിക്കുന്നതുപോലെ ആയിരിക്കണം യഹോവയോടുള്ള നമ്മുടെ പ്രാർഥനകൾ. ഒരു പുസ്തകത്തിൽ നോക്കി വായിക്കുന്നതിനോ മനപ്പാഠമാക്കിയ എന്തെങ്കിലും ചൊല്ലുന്നതിനോ പകരം ഹൃദയത്തിൽനിന്ന് ആദരവോടെ നമ്മൾ സംസാരിക്കണം.
ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രാർഥിക്കുക
“ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും.”—1 യോഹന്നാൻ 5:14.
ദൈവമായ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യുമെന്നും നമ്മൾ ദൈവത്തിനുവേണ്ടി എന്തു ചെയ്യണമെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ അത് ദൈവത്തിന്റെ “ഇഷ്ടത്തിനു ചേർച്ചയിൽ” ഉള്ളതായിരിക്കണം. അതിനായി നമ്മൾ ബൈബിൾ പഠിച്ച് ദൈവത്തെ കുറിച്ച് നന്നായി അറിയണം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ പ്രാർഥനകൾ ദൈവത്തിന് ഇഷ്ടമാകും.
എന്തിനെല്ലാംവേണ്ടി പ്രാർഥിക്കാം?
നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ അനുദിനജീവിതത്തിലെ ആവശ്യങ്ങൾക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം. നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനത്തിനായും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനുള്ള ശക്തിക്കായും നമുക്കു പ്രാർഥിക്കാം. വിശ്വാസം വർധിപ്പിക്കാനും ക്ഷമ കിട്ടാനും ദൈവത്തിന്റെ സഹായം ലഭിക്കാനും നമുക്കു പ്രാർഥിക്കാനാകും.—ലൂക്കോസ് 11:3, 4, 13; യാക്കോബ് 1:5, 17.
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക. മക്കൾ പരസ്പരം സ്നേഹിക്കുന്നതു കാണാനാണു കരുതലുള്ള മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതുപോലെ ഭൂമിയിലെ തന്റെ മക്കൾ പരസ്പരം കരുതൽ കാണിക്കാനാണ് നമ്മുടെ പിതാവായ യഹോവയും ആഗ്രഹിക്കുന്നത്. ജീവിതപങ്കാളിക്കുവേണ്ടിയും മക്കൾക്കുവേണ്ടിയും കുടുംബാംഗങ്ങൾക്കുവേണ്ടിയും കൂട്ടുകാർക്കുവേണ്ടിയും ഒക്കെ നമുക്ക് പ്രാർഥിക്കാൻ കഴിയും. ശിഷ്യനായ യാക്കോബ് എഴുതി: ‘ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുക.’—യാക്കോബ് 5:16.
നന്ദി പറയുക. നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് ബൈബിൾ പറയുന്നു: “ആകാശത്തുനിന്ന് മഴയും ഫലസമൃദ്ധമായ കാലങ്ങളും നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന് നിങ്ങളോടു നന്മ കാണിച്ചു.” (പ്രവൃത്തികൾ 14:17) ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ പ്രാർഥനയിൽ ദൈവത്തോട് നന്ദി പറയാൻ നമുക്ക് തോന്നും. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതും ദൈവത്തോടു നന്ദി കാണിക്കാനുള്ള ഒരു വിധമാണ്.—കൊലോസ്യർ 3:15.
പ്രാർഥിക്കുന്നതിൽ മടുപ്പു തോന്നരുത്
ചില സമയങ്ങളിൽ ആത്മാർഥതയോടെയുള്ള നമ്മുടെ പ്രാർഥനകൾക്ക് ഉടനടി ഉത്തരം കിട്ടാത്തപ്പോൾ നമുക്ക് നിരാശ തോന്നിയേക്കാം. അതിന് അർഥം ദൈവത്തിന് നമ്മളിൽ താത്പര്യമില്ല എന്നാണോ? ഒരിക്കലുമില്ല! നമ്മൾ മടുത്തുപോകാതെ പ്രാർഥിക്കണമെന്ന് പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നു.
ആദ്യലേഖനത്തിൽ കണ്ട സ്റ്റീവ് ഇങ്ങനെ പറയുന്നു: “പ്രാർഥനയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇരുളടഞ്ഞതായേനേ.” പ്രാർഥനയോടുള്ള സ്റ്റീവിന്റെ മനോഭാവം മാറിയത് എങ്ങനെയാണ്? അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. മടുത്തുപോകാതെ പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി. സ്റ്റീവ് പറയുന്നു: “കൂട്ടുകാരിൽനിന്ന് കിട്ടിയ സ്നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞുകൊണ്ട് ഞാൻ ദൈവത്തോടു പ്രാർഥിക്കാറുണ്ട്. എനിക്ക് ഇപ്പോൾ മുമ്പത്തെക്കാളൊക്കെ സന്തോഷം തോന്നുന്നു.”
ഇനി, ജെന്നിയുടെ കാര്യമോ? തന്റെ പ്രാർഥന ദൈവം കേൾക്കില്ലെന്നും അതിനുള്ള യോഗ്യത തനിക്കില്ലെന്നും ജെന്നി വിചാരിച്ചു. ജെന്നി പറയുന്നു: “തീരെ വിലകെട്ടവളാണെന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നു ദൈവത്തോട് ചോദിച്ചു.” അതു ഗുണം ചെയ്തോ? “ദൈവത്തോടു തുറന്നുപറഞ്ഞത് കാര്യങ്ങൾ ശരിയായ വിധത്തിൽ കാണാൻ എന്നെ സഹായിച്ചു. എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തിയാലും ദൈവം അങ്ങനെ ചെയ്യില്ലെന്ന് എനിക്കു മനസ്സിലായി. തളരാതെ മുന്നോട്ടുപോകാൻ അത് എന്നെ സഹായിച്ചു.” എന്തായിരുന്നു ഫലം? “യഹോവ സ്നേഹവും കരുതലും ഉള്ള ഒരു യഥാർഥ ദൈവവും പിതാവും സുഹൃത്തും ആണെന്നു കാണാൻ പ്രാർഥന എന്നെ സഹായിച്ചു. ഞാൻ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുന്നിടത്തോളം ദൈവം എന്നോടൊപ്പം ഉണ്ടായിരിക്കുമെന്നും എന്നെ സഹായിക്കുമെന്നും ഉറപ്പാണ്.”
ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും തന്റെ മകൻ ജെറാഡ് ജീവിതം ആസ്വദിക്കുന്നതു കാണുമ്പോൾ ഇസബേൽ പറയുന്നു: “അവനാണ് എന്റെ പ്രാർഥനകൾക്കുള്ള ഏറ്റവും നല്ല ഉത്തരമെന്ന് എനിക്ക് ബോധ്യമായി”
ഇനി, ഇസബേലിന്റെ അനുഭവം നോക്കാം. ഇസബേൽ ഗർഭിണിയായപ്പോൾ, ജനിക്കാൻപോകുന്ന കുഞ്ഞിന് ഗുരുതരമായ ശാരീരികപരിമിതികൾ ഉണ്ടായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. അവൾ ആകെ തകർന്നുപോയി. ഗർഭം അലസിപ്പിക്കുന്നതാണ് നല്ലത് എന്നു പോലും ചിലർ ഉപദേശിച്ചു. “വിഷമം താങ്ങാനാകാതെ ഞാൻ മരിച്ചുപോകും എന്ന് എനിക്കു തോന്നി.” ഇസബേൽ എന്തു ചെയ്തു? “സഹായത്തിനായി ഞാൻ വീണ്ടും വീണ്ടും ദൈവത്തോടു പ്രാർഥിച്ചു” എന്ന് അവൾ പറഞ്ഞു. ഇസബേലിന് ഒരു ആൺകുഞ്ഞ് ഉണ്ടായി, ജെറാഡ്. അവൻ ജനിച്ചത് ശാരീരിക പരിമിതികളോടെയായിരുന്നു. ദൈവം തന്റെ പ്രാർഥന കേട്ടെന്ന് ഇസബേലിനു തോന്നിയോ? തീർച്ചയായും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഇസബേൽ പറയുന്നു: “ശാരീരികബുദ്ധിമുട്ട് ഒക്കെ ഉണ്ടെങ്കിലും 14 വയസ്സുള്ള എന്റെ മകൻ ജീവിതം ആസ്വദിക്കുന്നത് കാണുമ്പോൾ, അവനാണ് എന്റെ പ്രാർഥനകൾക്കുള്ള ഏറ്റവും നല്ല ഉത്തരമെന്ന് എനിക്ക് ബോധ്യമായി. ദൈവമായ യഹോവ എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ മോൻ.”
ഹൃദയസ്പർശിയായ ഇത്തരം അനുഭവങ്ങൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകളാണു നമ്മളെ ഓർമിപ്പിക്കുന്നത്: “യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും. അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും, അവരുടെ നേരെ ചെവി ചായിക്കും.” (സങ്കീർത്തനം 10:17) മടുത്തുപോകാതെ പ്രാർഥിക്കാനുള്ള എത്ര നല്ല കാരണങ്ങൾ!
ബൈബിളിൽ യേശുവിന്റെ പല പ്രാർഥനകളും കാണാം. തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയാണ് അതിൽ ഏറ്റവും അറിയപ്പെടുന്നത്. ആ പ്രാർഥനയിൽനിന്നും നമുക്ക് എന്തു പഠിക്കാം?