ഞാൻ പ്രാർഥിച്ചാൽ ദൈവം എന്നെ സഹായിക്കുമോ?
ബൈബിളിന്റെ ഉത്തരം
തീർച്ചയായും, ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ആത്മാർഥതയോടെ പ്രാർഥിക്കുന്നവരെ ദൈവം സഹായിക്കും. നമ്മൾ മുമ്പ് പ്രാർഥിച്ചിട്ടില്ലെങ്കിൽപ്പോലും “ദൈവമേ, എന്നെ സഹായിക്കേണമേ” എന്നു പ്രാർഥിച്ച വ്യക്തികളുടെ മാതൃക നമുക്കു പ്രോത്സാഹനമാണ്. ഉദാഹരണത്തിന്:
“യഹോവേ, എന്റെ ദൈവമേ, എന്നെ സഹായിക്കേണമേ; അങ്ങയുടെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കേണമേ.”—സങ്കീർത്തനം 109:26.
“ഞാനോ നിസ്സഹായനും പാവപ്പെട്ടവനും ആണ്; യഹോവ എന്നെ ശ്രദ്ധിക്കട്ടെ.”—സങ്കീർത്തനം 40:17
ഇങ്ങനെ പ്രാർഥിച്ച സങ്കീർത്തനത്തിന്റെ എഴുത്തുകാരന് ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു. ‘ഹൃദയം തകർന്നവരോ’ ‘മനസ്സു തകർന്നവരോ’ ആയ ആളുകൾ ആത്മാർഥതയോടെ പ്രാർഥിക്കുമ്പോൾ ദൈവം അതു ശ്രദ്ധിക്കുന്നു.—സങ്കീർത്തനം 34:18.
നമ്മുടെ പ്രശ്നങ്ങളിലൊന്നും താത്പര്യമില്ലാതെ വളരെ ദൂരത്ത് കഴിയുന്ന ഒരാളായി ദൈവത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ബൈബിൾ പറയുന്നു: “യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവരെ ശ്രദ്ധിക്കുന്നു; പക്ഷേ അഹങ്കാരികളോട് അകലം പാലിക്കുന്നു.” (സങ്കീർത്തനം 138:6) ഒരിക്കൽ യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.” (മത്തായി 10:30) നമ്മളെക്കുറിച്ച്, നമുക്ക് അറിയാത്ത കാര്യങ്ങൾപോലും ദൈവം വ്യക്തമായി അറിയുന്നു. അങ്ങനെയെങ്കിൽ, മനോവേദനയോടെ സഹായത്തിനായി പ്രാർഥിക്കുമ്പോൾ യഹോവ എത്രയധികം നമ്മളെ ശ്രദ്ധിക്കും!—1 പത്രോസ് 5:7.