മർക്കൊസ്‌ എഴുതിയത്‌ 11:1-33

11  അവർ യാത്ര ചെയ്‌ത്‌ യരുശലേമിന്‌ അടുത്തുള്ള ഒലിവുമലയിലെ ബേത്ത്‌ഫാഗ, ബഥാന്യ+ എന്നീ സ്ഥലങ്ങളോട്‌ അടുത്തപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരെ വിളിച്ച്‌+  അവരോടു പറഞ്ഞു: “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾത്തന്നെ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ച്‌ കൊണ്ടുവരുക.  ‘നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌ ’ എന്ന്‌ ആരെങ്കിലും ചോദിച്ചാൽ, ‘കർത്താവിന്‌ ഇതിനെ ആവശ്യമുണ്ട്‌, ഉടൻതന്നെ ഇതിനെ തിരിച്ചെത്തിക്കാം’ എന്നു പറയുക.”  അങ്ങനെ അവർ പോയി, തെരുവിൽ ഒരു വീട്ടുവാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട്‌ അതിനെ അഴിച്ചു.+  എന്നാൽ അവിടെ നിന്നിരുന്നവരിൽ ചിലർ അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌, കഴുതക്കുട്ടിയെ അഴിക്കുന്നോ?”  യേശു പറഞ്ഞിരുന്നതുപോലെതന്നെ അവർ അവരോടു പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.  അവർ കഴുതക്കുട്ടിയെ+ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്ന്‌ അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടു. യേശു അതിന്റെ പുറത്ത്‌ കയറി ഇരുന്നു.+  പലരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ പറമ്പിൽനിന്ന്‌ പച്ചിലക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു.+  മുന്നിലും പിന്നിലും നടന്നിരുന്നവർ ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ഓശാന!*+ യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!+ 10  നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം അനുഗ്രഹിക്കപ്പെട്ടത്‌!+ അത്യുന്നതങ്ങളിൽ വസിക്കുന്നവനേ, ഓശാന!”* 11  യരുശലേമിൽ എത്തിയ യേശു ദേവാലയത്തിൽ ചെന്ന്‌ ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. പക്ഷേ നേരം വൈകിയതിനാൽ യേശു പന്ത്രണ്ടു പേരോടൊപ്പം* ബഥാന്യയിലേക്കു പോയി.+ 12  പിറ്റേന്ന്‌ അവർ ബഥാന്യ വിട്ടുപോരുമ്പോൾ യേശുവിനു വിശന്നു.+ 13  യേശു ദൂരത്തുനിന്ന്‌ നിറയെ ഇലകളുള്ള ഒരു അത്തി മരം കണ്ടു. അതിൽനിന്ന്‌ എന്തെങ്കിലും കിട്ടുമോ എന്ന്‌ അറിയാൻ അടുത്തേക്കു ചെന്നു. എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. കാരണം, അത്‌ അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. 14  യേശു അതിനോട്‌, “നിന്നിൽനിന്ന്‌ ഇനി ഒരിക്കലും ആരും പഴം കഴിക്കാതിരിക്കട്ടെ”+ എന്നു പറഞ്ഞു. യേശുവിന്റെ ശിഷ്യന്മാർ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 15  അവർ യരുശലേമിൽ എത്തി. യേശു ദേവാലയത്തിൽ ചെന്ന്‌ അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നവരെ പുറത്താക്കാൻതുടങ്ങി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 16  ദേവാലയത്തിന്‌ ഉള്ളിലൂടെ എന്തെങ്കിലും കൊണ്ടുപോകാൻ യേശു ആരെയും അനുവദിച്ചില്ല. 17  യേശു അവരെ പഠിപ്പിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കുമുള്ള പ്രാർഥനാലയം എന്ന്‌ അറിയപ്പെടും’ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ.+ നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.”+ 18  ഇതെക്കുറിച്ച്‌ കേട്ട മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴി ആലോചിച്ചുതുടങ്ങി.+ എന്നാൽ അവർക്കു യേശുവിനെ പേടിയായിരുന്നു. കാരണം, ജനമെല്ലാം യേശു പഠിപ്പിക്കുന്നതു കേട്ട്‌ ആകെ അതിശയിച്ചുപോയിരുന്നു.+ 19  സന്ധ്യയായപ്പോൾ അവർ നഗരത്തിൽനിന്ന്‌ പോയി. 20  അതിരാവിലെ അവർ ആ അത്തിയുടെ അടുത്തുകൂടെ വരുമ്പോൾ അതു വേര്‌ ഉൾപ്പെടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.+ 21  അപ്പോൾ പത്രോസിനു തലേദിവസത്തെ സംഭവം ഓർമ വന്നു. പത്രോസ്‌ പറഞ്ഞു: “റബ്ബീ കണ്ടോ, അങ്ങ്‌ ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”+ 22  അപ്പോൾ യേശു അവരോടു പറഞ്ഞു: “ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുക. 23  ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും ഈ മലയോട്‌, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 24  അതുകൊണ്ട്‌ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.+ 25  നിങ്ങൾ പ്രാർഥിച്ചുകൊണ്ട്‌ നിൽക്കുമ്പോൾ, മറ്റുള്ളവരുമായുള്ള എല്ലാ പ്രശ്‌നങ്ങളും ക്ഷമിച്ചുകളയുക. അങ്ങനെ ചെയ്‌താൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.”+ 26  —— 27  അവർ വീണ്ടും യരുശലേമിൽ എത്തി. യേശു ദേവാലയത്തിലൂടെ നടക്കുമ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും മൂപ്പന്മാരും യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദിച്ചു: 28  “നീ എന്ത്‌ അധികാരത്തിലാണ്‌ ഇതൊക്കെ ചെയ്യുന്നത്‌? ആരാണു നിനക്ക്‌ ഈ അധികാരം തന്നത്‌?”+ 29  യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട്‌ ഒരു ചോദ്യം ചോദിക്കും. അതിന്‌ ഉത്തരം പറഞ്ഞാൽ എന്ത്‌ അധികാരത്തിലാണ്‌ ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം. 30  യോഹന്നാനാലുള്ള സ്‌നാനം+ സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?* പറയൂ.”+ 31  അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്‌ ’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട്‌ യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന്‌ അവൻ ചോദിക്കും. 32  ‘മനുഷ്യരിൽനിന്ന്‌ ’ എന്നു പറയാമെന്നുവെച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹന്നാനെ ഒരു പ്രവാചകനായി ജനം കണക്കാക്കിയിരുന്നതുകൊണ്ട്‌ അവർക്ക്‌ അവരെ പേടിയായിരുന്നു.+ 33  അതുകൊണ്ട്‌ അവർ യേശുവിനോട്‌, “ഞങ്ങൾക്ക്‌ അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോട്‌, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത്‌ എന്ത്‌ അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

അർഥം: “രക്ഷിക്കേണമേ.”
അർഥം: “രക്ഷിക്കേണമേ.”
അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
അഥവാ “അതോ മനുഷ്യർ തുടങ്ങിവെച്ചതോ?”

പഠനക്കുറിപ്പുകൾ

ബഥാന്യ: ഒലിവു​മ​ല​യു​ടെ തെക്കു​കി​ഴക്കൻ ചെരി​വി​ലുള്ള ഒരു ഗ്രാമം. യരുശ​ലേ​മിൽനിന്ന്‌ ഏകദേശം 3 കി.മീ. (2 മൈ.) അകലെ​യാ​യി​രു​ന്നു ആ സ്ഥലം. (യോഹ 11:18) മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്‌ ഈ ഗ്രാമ​ത്തി​ലാ​യി​രു​ന്നു. യഹൂദ്യ​യിൽ യേശു​വി​ന്റെ താവളം ഈ വീടാ​യി​രു​ന്നി​രി​ക്കാം. (യോഹ 11:1) ഇന്ന്‌ അവിടെ ചെറിയ ഒരു ഗ്രാമ​മുണ്ട്‌. അറബി​യിൽ “ലാസറി​ന്റെ സ്ഥലം” എന്ന്‌ അർഥം​വ​രുന്ന ഒരു പേരാണ്‌ അതിന്‌.

അവർ: മർ 11:1-11-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടക്കുന്നത്‌ നീസാൻ 9-ാം തീയതി പകൽസമയത്താണ്‌.​—അനു. എ7-ഉം ബി12-ഉം കാണുക.

ബേത്ത്‌ഫാഗ: ഒലിവുമലയിലുള്ള ഈ ഗ്രാമത്തിന്റെ പേര്‌ വന്നത്‌ എബ്രായഭാഷയിൽനിന്നാണ്‌. സാധ്യതയനുസരിച്ച്‌ അതിന്റെ അർഥം “ആദ്യത്തെ അത്തിക്കായ്‌കളുടെ ഭവനം” എന്നാണ്‌. യരുശലേമിനും ബഥാന്യക്കും ഇടയ്‌ക്ക്‌, ഒലിവുമലയുടെ നെറുകയോട്‌ അടുത്ത്‌ അതിന്റെ തെക്കുകിഴക്കൻ ചെരിവിലായിരുന്നു ബേത്ത്‌ഫാഗയുടെ സ്ഥാനം എന്നു പൊതുവേ കരുതപ്പെടുന്നു. യരുശലേമിൽനിന്ന്‌ ഏകദേശം 1 കി.മീ. (1 മൈലിൽ താഴെ) ദൂരെയാണ്‌ ആ സ്ഥലം.​—മത്ത 21:1; ലൂക്ക 19:29; അനു. എ7-ലെ ഭൂപടം 6 കാണുക.

ബഥാന്യ: മത്ത 21:17-ന്റെ പഠനക്കുറിപ്പു കാണുക.

കഴുതക്കുട്ടി: മർക്കോസും ലൂക്കോസും (19:35) യോഹന്നാനും (12:14, 15) ഈ സംഭവം വിവരിക്കുന്നിടത്ത്‌ ഒരു മൃഗത്തെക്കുറിച്ച്‌, അതായത്‌ കഴുതക്കുട്ടിയെക്കുറിച്ച്‌, മാത്രമേ പറയുന്നുള്ളൂ. എന്നാൽ മത്തായിയുടെ വിവരണത്തിൽ (21:​2-7) കഴുതയും അതിന്റെ കുട്ടിയും അവിടെയുണ്ടായിരുന്നു എന്ന വിശദാംശം ഉൾപ്പെടുത്തിയിട്ടുണ്ട്‌.​—മത്ത 21:2, 5 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ഒരു കഴുത​യെ​യും അതിന്റെ കുട്ടി​യെ​യും: മത്തായി​യു​ടെ വിവര​ണ​ത്തിൽ മാത്ര​മാ​ണു കഴുത​യെ​യും അതിന്റെ കുട്ടി​യെ​യും കുറിച്ച്‌ പറയു​ന്നത്‌. (മർ 11:2-7; ലൂക്ക 19:30-35; യോഹ 12:14, 15) എന്നാൽ യേശു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ മാത്രം യാത്ര ചെയ്‌ത​തു​കൊ​ണ്ടാ​യി​രി​ക്കാം മർക്കോ​സും ലൂക്കോ​സും യോഹ​ന്നാ​നും അതി​നെ​ക്കു​റിച്ച്‌ മാത്രം പറഞ്ഞി​രി​ക്കു​ന്നത്‌.​—മത്ത 21:5-ന്റെ പഠനക്കു​റി​പ്പു കാണുക.

കഴുത​യു​ടെ പുറത്ത്‌, അതെ, ഒരു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌: മത്ത 21:2, 7 വാക്യ​ങ്ങ​ളിൽ രണ്ടു മൃഗങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നു​ണ്ടെ​ങ്കി​ലും രാജാവ്‌ ഒരു മൃഗത്തി​ന്റെ പുറത്ത്‌ മാത്രം സവാരി ചെയ്യു​ന്ന​താ​യാ​ണു സെഖ 9:9-ലെ പ്രവചനം പറയു​ന്നത്‌.​—മത്ത 21:2-ന്റെ പഠനക്കു​റി​പ്പു കാണുക.

ഓശാന!: ഈ ഗ്രീക്കുപദം വന്നിരിക്കുന്നത്‌, “രക്ഷിക്കണേ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു” എന്നോ “ദയവായി രക്ഷിക്കണേ” എന്നോ അർഥമുള്ള ഒരു എബ്രായപദപ്രയോഗത്തിൽനിന്നാണ്‌. രക്ഷയ്‌ക്കോ വിജയത്തിനോ വേണ്ടി ദൈവത്തോട്‌ ഉണർത്തിക്കുന്ന ഒരു അപേക്ഷയായിട്ടാണ്‌ ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. “രക്ഷ നൽകണേ” എന്നും അതു പരിഭാഷപ്പെടുത്താം. കാലക്രമേണ ഇതു പ്രാർഥനയിലും സ്‌തുതിയിലും ഉൾപ്പെടുത്തുന്ന ഒരു പദമായി മാറി. മേൽപ്പറഞ്ഞ എബ്രായപദപ്രയോഗം സങ്ക 118:25-ൽ കാണാം. അതാകട്ടെ പെസഹാക്കാലത്ത്‌ പതിവായി പാടിയിരുന്ന ഹല്ലേൽ സങ്കീർത്തനങ്ങളുടെ ഭാഗവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സന്ദർഭത്തിൽ ആ വാക്കുകൾ ആളുകളുടെ മനസ്സിലേക്കു പെട്ടെന്ന്‌ ഓടിയെത്തിക്കാണും. ദാവീദുപുത്രനു രക്ഷ നൽകാനുള്ള ഈ പ്രാർഥനയ്‌ക്കു ദൈവം ഉത്തരം നൽകിയ ഒരു വിധം യേശുവിനെ മരിച്ചവരിൽനിന്ന്‌ പുനരുത്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു. മർ 12:10, 11-ൽ യേശുതന്നെ സങ്ക 118:22, 23 ഉദ്ധരിക്കുകയും അതു മിശിഹയെക്കുറിച്ചാണെന്നു വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

യഹോവയുടെ: ഇതു സങ്ക 118:25, 26 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം: ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെയാണു കാണുന്നത്‌. എന്നാൽ ചുരുക്കം ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം വായിക്കുന്നതു “കർത്താവിന്റെ നാമത്തിൽ വരുന്ന, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം” എന്നാണ്‌. ബൈബിളിന്റെ ചില ഇംഗ്ലീഷ്‌ പരിഭാഷകൾ ഇതാണു സ്വീകരിച്ചിരിക്കുന്നത്‌. ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളും (അനു. സി-യിൽ J7, 8, 10-​14, 16, 17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ എബ്രായചതുരക്ഷരിയോ അതിന്റെ ചുരുക്കരൂപമോ ഉപയോഗിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ ഈ ഭാഗം “യഹോവയുടെ നാമത്തിൽ വരുന്ന, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം” എന്നു വായിക്കാം.

പിറ്റേന്ന്‌: അതായത്‌, നീസാൻ 10.​—അനു. എ7-ഉം ബി12-ഉം കാണുക.

അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല: വർഷത്തിലെ ആ സമയത്ത്‌ സാധാരണയായി അത്തിയിൽ കായ്‌കൾ കാണാറില്ല. എന്നാൽ ഈ അത്തിയിൽ ഇലകൾ വന്നിരുന്നു. സാധാരണഗതിയിൽ വർഷത്തിലെ ആദ്യവിളവ്‌ ഉണ്ടാകുമ്പോഴാണ്‌ അത്തിയിൽ ഇലകൾ വരുന്നത്‌. പക്ഷേ ആ മരത്തിൽ ഇലയല്ലാതെ കായ്‌കൾ ഇല്ലായിരുന്നതുകൊണ്ട്‌ അത്‌ ഇനി കായ്‌ക്കാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ ബാഹ്യരൂപം വഞ്ചകമാണെന്നും യേശുവിനു മനസ്സിലായി. അതുകൊണ്ടാണ്‌ അതു കായ്‌ക്കാതിരിക്കട്ടെ എന്നു യേശു ശപിച്ചതും അത്‌ ഉണങ്ങിപ്പോയതും.​—മർ 11:19-21.

ദേവാലയം: മത്ത 21:12-ന്റെ പഠനക്കുറിപ്പു കാണുക.

നാണയം മാറ്റിക്കൊടുക്കുന്നവർ: മത്ത 21:12-ന്റെ പഠനക്കുറിപ്പു കാണുക.

നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്നവർ: അക്കാലത്ത്‌ പല തരം നാണയങ്ങൾ പ്രചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. പക്ഷേ വാർഷിക ദേവാ​ല​യ​നി​കു​തി കൊടു​ക്കാ​നും ബലിമൃ​ഗ​ങ്ങളെ വാങ്ങാ​നും സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു പ്രത്യേക തരം നാണയം മാത്രമേ ഉപയോ​ഗി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. അതു​കൊ​ണ്ടു​തന്നെ മറ്റു സ്ഥലങ്ങളിൽനിന്ന്‌ യരുശ​ലേ​മിൽ എത്തുന്ന ജൂതന്മാർ തങ്ങളുടെ കൈവ​ശ​മുള്ള പണം മാറ്റി​വാ​ങ്ങി​യാൽ മാത്രമേ അതു ദേവാ​ല​യ​ത്തിൽ സ്വീക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്നവർ അന്യാ​യ​മായ ഫീസാണ്‌ ഈടാ​ക്കു​ന്ന​തെ​ന്നും അവരുടെ നടപടി പിടി​ച്ചു​പ​റി​ക്കു തുല്യ​മാ​ണെ​ന്നും യേശു​വി​നു തോന്നി​യി​രി​ക്കാം.

ദേവാ​ല​യം: ദേവാ​ല​യ​വ​ള​പ്പി​ലെ, ‘ജനതക​ളു​ടെ മുറ്റം’ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഭാഗമാ​യി​രി​ക്കാം ഇത്‌.​—അനു. ബി11 കാണുക.

ദേവാലയത്തിന്‌ ഉള്ളിലൂടെ എന്തെങ്കിലും കൊണ്ടുപോകാൻ: ദേവാലയമുറ്റത്തുകൂടെ പോയാൽ സമയം ലാഭിക്കാമെന്നതുകൊണ്ട്‌ ചിലർ സ്വന്തം ആവശ്യങ്ങൾക്കോ വാണിജ്യാവശ്യങ്ങൾക്കോ ഉള്ള സാധനങ്ങളുമായി അതുവഴി പോകാറുണ്ടായിരുന്നിരിക്കണം. എന്നാൽ അങ്ങനെ ചെയ്യുന്നതു പരിപാവനമായ ദൈവഭവനത്തെ അവമതിക്കുന്ന ഒരു കാര്യമായതുകൊണ്ട്‌ യേശു അത്‌ അനുവദിച്ചില്ല.

സകല ജനതകൾക്കുമുള്ള പ്രാർഥനാലയം: മൂന്നു സുവിശേഷയെഴുത്തുകാർ യശ 56:7 ഉദ്ധരിക്കുന്നുണ്ടെങ്കിലും മർക്കോസ്‌ മാത്രമാണു “സകല ജനതകൾക്കുമുള്ള” എന്ന പദപ്രയോഗം ഉൾപ്പെടുത്തിയിരിക്കുന്നത്‌. (മത്ത 21:13; ലൂക്ക 19:46) യരുശലേമിലെ ദേവാലയം ഇസ്രായേല്യർക്കും ദൈവഭയമുള്ള വിദേശികൾക്കും, യഹോവയെ ആരാധിക്കുന്നതിനും യഹോവയോടു പ്രാർഥിക്കുന്നതിനും ഉള്ള സ്ഥലമായിരുന്നു. (1രാജ 8:41-43) ദേവാലയം വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ച്‌ അതിനെ കള്ളന്മാരുടെ ഗുഹയാക്കിയ ജൂതന്മാരെ യേശു കുറ്റം വിധിച്ചത്‌ എന്തുകൊണ്ടും ഉചിതമായിരുന്നു. അവർ അവിടെ ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങൾ നിമിത്തം ആ പ്രാർഥനാലയത്തിൽ യഹോവയെ സമീപിക്കാൻ മറ്റു ജനതകളിൽപ്പെട്ട ആളുകൾക്കു മടുപ്പു തോന്നി. വാസ്‌തവത്തിൽ യഹോവയെ അറിയാനുള്ള അവസരമാണ്‌ ആ ജൂതന്മാർ അവർക്കു നിഷേധിച്ചത്‌.

കവർച്ചക്കാരുടെ ഗുഹ: മത്ത 21:13-ന്റെ പഠനക്കുറിപ്പു കാണുക.

കവർച്ച​ക്കാ​രു​ടെ ഗുഹ: അഥവാ “കള്ളന്മാ​രു​ടെ മാളം.” യേശു ഇവിടെ യിര 7:11-മായി ബന്ധിപ്പിച്ച്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാപാ​രി​ക​ളും നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രും, ബലിമൃ​ഗ​ങ്ങളെ വിറ്റ്‌ കൊള്ള​ലാ​ഭം ഉണ്ടാക്കി​യി​രു​ന്ന​തു​കൊ​ണ്ടും നാണയം മാറ്റി​ക്കൊ​ടു​ക്കാൻ അന്യാ​യ​മായ ഫീസ്‌ ഈടാ​ക്കി​യി​രു​ന്ന​തു​കൊ​ണ്ടും ആയിരി​ക്കാം യേശു അവരെ “കവർച്ച​ക്കാർ” എന്നു വിളി​ച്ചത്‌. യഹോ​വ​യു​ടെ പ്രാർഥ​നാ​ലയം അഥവാ ആരാധ​നാ​സ്ഥലം ഒരു വാണി​ജ്യ​കേ​ന്ദ്ര​മാ​ക്കി​യ​തും യേശു​വിൽ ധാർമി​ക​രോ​ഷം ജനിപ്പി​ച്ചു.

സന്ധ്യയായപ്പോൾ: അതായത്‌, നീസാൻ 10 അവസാനിക്കാറായപ്പോൾ. യരുശലേമിൽനിന്ന്‌ പോയ യേശുവും ശിഷ്യന്മാരും ഒലിവുമലയുടെ കിഴക്കൻ ചെരിവിലുള്ള ബഥാന്യയിലേക്കുതന്നെ മടങ്ങി. സ്‌നേഹിതരായ ലാസറിന്റെയും മറിയയുടെയും മാർത്തയുടെയും വീട്ടിലായിരിക്കാം യേശു അന്നു രാത്രി തങ്ങിയത്‌.​—അനു. എ7-ഉം ബി12-ഉം കാണുക.

അതിരാവിലെ: അതായത്‌, നീസാൻ 11-ാം തീയതി രാവിലെ. യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനദിനമായിരുന്നു അന്ന്‌. യേശുവും ശിഷ്യന്മാരും ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്‌. ഇതിനു ശേഷം യേശു പെസഹ ആഘോഷിക്കുന്നതും തന്റെ മരണത്തിന്റെ ഓർമയാചരണം ഏർപ്പെടുത്തുന്നതും വിചാരണ നേരിട്ട്‌ വധിക്കപ്പെടുന്നതും.

പ്രാർഥിച്ചുകൊണ്ട്‌ നിൽക്കുമ്പോൾ: എബ്രായരും ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റു പല ജനതകളിൽപ്പെട്ടവരും പ്രാർഥനയ്‌ക്കുവേണ്ടി പ്രത്യേകമായൊരു ശാരീരികനില സ്വീകരിച്ചിരുന്നില്ല. അവർ സ്വീകരിച്ചിരുന്ന ശാരീരികനില ഏതായിരുന്നാലും അത്‌ അങ്ങേയറ്റം ആദരവ്‌ പ്രതിഫലിപ്പിക്കുന്നതായിരുന്നു. നിന്നുകൊണ്ട്‌ പ്രാർഥിക്കുന്നത്‌ അക്കാലങ്ങളിൽ സർവസാധാരണമായിരുന്നു.

ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെ കാണുന്നു: “എന്നാൽ നിങ്ങൾ ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.” ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ ഇല്ലാത്തതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ ഇവ മർക്കോസിന്റെ സുവിശേഷത്തിന്റെ ഭാഗമല്ല. എന്നാൽ മത്ത 6:15-ൽ സമാനമായ വാക്കുകൾ കാണാം. അവ ദൈവപ്രചോദിതമായ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും.​—അനു. എ3 കാണുക.

മൂപ്പന്മാർ: മർ 8:31-ന്റെ പഠനക്കുറിപ്പു കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്‌ബൂറ്റെറൊസ്‌ എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്‌. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ്‌ അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്‌. ഇവിടെ ഈ പദംകൊണ്ട്‌ ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്‌. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൂടെയാണ്‌ ഇവരെക്കുറിച്ച്‌ പറയാറുള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.​—മർ 11:27; 14:43, 53; 15:1; മത്ത 16:21-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “മൂപ്പൻ; പ്രായേമേറിയ പുരുഷൻ” എന്നതും കാണുക.

ദൃശ്യാവിഷ്കാരം

ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം
ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

കിഴക്കു​നിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ എത്തുന്ന വഴിയാണ്‌ ഈ ഹ്രസ്വ​വീ​ഡി​യോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ഇന്ന്‌ എറ്റ്‌-റ്റർ എന്ന്‌ അറിയ​പ്പെ​ടുന്ന ഗ്രാമ​ത്തിൽനിന്ന്‌ (ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ബേത്ത്‌ഫാ​ഗ​യാണ്‌ ഇതെന്നു കരുത​പ്പെ​ടു​ന്നു.) ഒലിവു​മ​ല​യി​ലെ ഉയര​മേ​റിയ ഒരു ഭാഗം​വരെ ഈ വീഡി​യോ നമ്മളെ കൊണ്ടു​പോ​കു​ന്നു. ഒലിവു​മ​ല​യു​ടെ കിഴക്കേ ചെരി​വി​ലാ​യി ബേത്ത്‌ഫാ​ഗ​യു​ടെ കിഴക്കു​വ​ശ​ത്താ​ണു ബഥാന്യ സ്ഥിതി ചെയ്യു​ന്നത്‌. യരുശ​ലേ​മിൽ എത്തു​മ്പോ​ഴൊ​ക്കെ യേശു​വും ശിഷ്യ​ന്മാ​രും രാത്രി തങ്ങിയി​രു​ന്നതു ബഥാന്യ​യി​ലാണ്‌. ഇന്ന്‌ എൽ-അസറിയാഹ്‌ (എൽ ഐസറിയ) എന്നാണ്‌ ആ പട്ടണം അറിയ​പ്പെ​ടു​ന്നത്‌. അറബി​യി​ലുള്ള ഈ പേരിന്റെ അർഥം ‘ലാസറി​ന്റെ സ്ഥലം’ എന്നാണ്‌. യേശു അവിടെ താമസി​ച്ചി​രു​ന്നതു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്ടി​ലാണ്‌ എന്നതിനു സംശയ​മില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ യാത്ര ചെയ്‌തി​രു​ന്ന​പ്പോൾ, വീഡി​യോ​യിൽ കാണു​ന്ന​തു​പോ​ലുള്ള ഒരു വഴിയി​ലൂ​ടെ​യാ​യി​രി​ക്കാം യേശു പോയി​രു​ന്നത്‌. എ.ഡി. 33 നീസാൻ 9-ന്‌ യേശു ഒരു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി യരുശ​ലേം നഗരത്തി​ലേക്കു വന്നതു ബേത്ത്‌ഫാ​ഗ​യിൽനി​ന്നാ​യി​രി​ക്കാം. യേശു വന്നത്‌, ബേത്ത്‌ഫാ​ഗ​യിൽനിന്ന്‌ ഒലിവു​മല കടന്ന്‌ യരുശ​ലേ​മി​ലേ​ക്കുള്ള വഴിയി​ലൂ​ടെ​യാ​യി​രി​ക്കാം.

1. ബഥാന്യ​യിൽനിന്ന്‌ ബേത്ത്‌ഫാ​ഗ​യി​ലേ​ക്കുള്ള വഴി

2. ബേത്ത്‌ഫാ​ഗ

3. ഒലിവു​മല

4. കി​ദ്രോൻ താഴ്‌വര

5. ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം

കഴുത​ക്കു​ട്ടി
കഴുത​ക്കു​ട്ടി

കുതി​ര​യു​ടെ കുടും​ബ​ത്തിൽപ്പെട്ട മൃഗമാ​ണു കഴുത. നല്ല കട്ടിയുള്ള കുളമ്പു​ക​ളാണ്‌ അതി​ന്റേത്‌. കുതി​ര​യിൽനിന്ന്‌ അതിനെ വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ അതിന്റെ വലുപ്പ​ക്കു​റ​വും ചെറിയ കുഞ്ചി​രോ​മ​വും നീണ്ട ചെവി​ക​ളും താരത​മ്യേന നീളം കുറഞ്ഞ വാൽരോ​മ​വും ആണ്‌. വാലിന്റെ താഴത്തെ പകുതി​യിൽ മാത്രമേ അൽപ്പ​മെ​ങ്കി​ലും നീണ്ട രോമങ്ങൾ കാണു​ന്നു​ള്ളൂ. കഴുതയെ ബുദ്ധി​യി​ല്ലാ​യ്‌മ​യു​ടെ​യും മർക്കട​മു​ഷ്ടി​യു​ടെ​യും ഒരു പര്യാ​യ​മാ​യി പറയാ​റു​ണ്ടെ​ങ്കി​ലും അതിനു കുതി​ര​യെ​ക്കാൾ ബുദ്ധി​യു​ണ്ടെന്നു പറയ​പ്പെ​ടു​ന്നു. ഇവ പൊതു​വേ ശാന്തസ്വ​ഭാ​വി​ക​ളു​മാണ്‌. സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഇസ്രാ​യേ​ല്യ​രിൽപ്പെട്ട പ്രമു​ഖർപോ​ലും കഴുത​പ്പു​റത്ത്‌ സഞ്ചരി​ച്ചി​ട്ടുണ്ട്‌. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീ​ദി​ന്റെ മകനായ ശലോ​മോൻ അഭി​ഷേ​ക​ത്തിന്‌ എത്തിയത്‌ പിതാ​വി​ന്റെ കോവർക​ഴു​ത​പ്പു​റത്ത്‌ (ആൺകഴു​ത​യ്‌ക്കു പെൺകു​തി​ര​യിൽ ഉണ്ടാകുന്ന സങ്കരസ​ന്താ​നം) ആയിരു​ന്നു. (1രാജ 1:33-40) അതു​കൊ​ണ്ടു​തന്നെ ശലോ​മോ​നെ​ക്കാൾ വലിയ​വ​നായ യേശു സെഖ 9:9-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി, കുതി​ര​പ്പു​റത്ത്‌ വരാതെ കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ വന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാ​യി​രു​ന്നു.