വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വവർഗ ലൈംഗികത എനിക്കെങ്ങനെ ഒഴിവാക്കാം?

സ്വവർഗ ലൈംഗികത എനിക്കെങ്ങനെ ഒഴിവാക്കാം?

യുവജനങ്ങൾ ചോദിക്കുന്നു . . .

സ്വവർഗ ലൈംഗികത എനിക്കെങ്ങനെ ഒഴിവാക്കാം?

12 വയസ്സുള്ളപ്പോൾ സ്‌കൂളിലെ ഒരു പെൺകുട്ടിയോട്‌ എനിക്ക്‌ ആകർഷണം തോന്നി; ഞാനാകെ ആശയക്കുഴപ്പത്തിലായി. ഞാനൊരു ‘ലെസ്‌ബിയൻ’ ആയിരിക്കുമോയെന്ന ഉത്‌കണ്‌ഠയായിരുന്നു എനിക്ക്‌.”​​—⁠ അന. *

കൗമാരത്തിലായിരുന്നപ്പോൾ മറ്റ്‌ ആൺകുട്ടികളോട്‌ എനിക്കു വല്ലാത്ത ആകർഷണം തോന്നി. ഇത്തരം ചിന്തകൾ സ്വാഭാവികമല്ലെന്ന്‌ ഉള്ളിന്റെയുള്ളിൽ എനിക്ക്‌ അറിയാമായിരുന്നു.”​​—⁠ ഓലെഫ്‌.

ഞാനും എന്റെ കൂട്ടുകാരിയും ഒന്നോ രണ്ടോ തവണ ചുംബിച്ചിട്ടുണ്ട്‌; പക്ഷേ എനിക്ക്‌ അപ്പോഴും ആൺകുട്ടികളെ ഇഷ്ടമായിരുന്നു. അതുകൊണ്ട്‌ ഞാൻ ‘ബൈസെക്‌ഷ്വൽ’ ആയിരിക്കുമോ എന്നെനിക്കു സംശയംതോന്നി.”​​—⁠ സേറാ.

അധാർമികതയ്‌ക്കുനേരെ കണ്ണടയ്‌ക്കുന്ന ഇന്നത്തെ രീതി സ്വവർഗ ലൈംഗികത പരീക്ഷിച്ചുനോക്കാൻ അനേകം യുവാക്കളെയും പ്രേരിപ്പിച്ചിരിക്കുന്നു. “തങ്ങൾ ലെസ്‌ബിയനാണെന്നോ (സ്വവർഗരതിപ്രിയരായ സ്‌ത്രീകൾ) ബൈസെക്‌ഷ്വലാണെന്നോ (പുരുഷന്മാരുമായും സ്‌ത്രീകളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രവണതയുള്ളവർ) ‘ബൈക്യൂരിയസ്‌’ (അത്തരം ലൈംഗികത സംബന്ധിച്ചു ജിജ്ഞാസയുള്ളവർ) ആണെന്നോ അവകാശപ്പെടുന്നവരാണ്‌ എന്റെ സ്‌കൂളിലെ പല പെൺകുട്ടികളും” എന്ന്‌ 15 വയസ്സുള്ള ബെക്കി പറയുന്നു. 18-കാരിയായ ക്രിസ്റ്റയുടെ സാഹചര്യവും വ്യത്യസ്‌തമല്ല. “ക്ലാസ്സിലെ രണ്ടു പെൺകുട്ടികൾ, അവരുമായി സെക്‌സിലേർപ്പെടാൻ എന്നെ വിളിച്ചു,” ക്രിസ്റ്റ പറയുന്നു. “അതെങ്ങനെയിരിക്കുമെന്നു കാണാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചുകൊണ്ട്‌ അതിലൊരു കുട്ടി എനിക്ക്‌ ഒരു കുറിപ്പെഴുതി.”

സ്വവർഗ ലൈംഗികത പച്ചയായി അവതരിപ്പിക്കുന്ന ഇക്കാലത്ത്‌ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘സ്വവർഗരതി അത്ര മോശമാണോ? എന്റെ ലിംഗവർഗത്തിൽപ്പെട്ട ഒരാളോട്‌ എനിക്ക്‌ ആകർഷണം തോന്നുന്നെങ്കിലെന്ത്‌? ഞാൻ സ്വവർഗഭോഗിയാണെന്നാണോ അതിനർഥം?’

സ്വവർഗ ലൈംഗികതയെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?

ഇന്ന്‌ അനേകരും​—⁠ചില വൈദികർ പോലും​—⁠സ്വവർഗരതി അത്ര കുഴപ്പമില്ലെന്ന മനോഭാവക്കാരാണ്‌. എന്നാൽ ബൈബിളിന്റെ വീക്ഷണം പകൽപോലെ വ്യക്തമാണ്‌. യഹോവയാം ദൈവം സ്‌ത്രീയെയും പുരുഷനെയും സൃഷ്ടിച്ചുവെന്നും ലൈംഗിക ആഗ്രഹങ്ങൾ ഭാര്യാഭർതൃബന്ധത്തിനുള്ളിൽ മാത്രം തൃപ്‌തിപ്പെടുത്താൻ അവൻ ഉദ്ദേശിച്ചുവെന്നും ബൈബിൾ നമ്മോടു പറയുന്നു. (ഉല്‌പത്തി 1:27, 28; 2:24) അതുകൊണ്ടുതന്നെ, സ്വവർഗ ലൈംഗികപരമായ പ്രവൃത്തികളെ ബൈബിൾ കുറ്റംവിധിക്കുന്നതിൽ അതിശയിക്കാനില്ല.​—⁠റോമർ 1:​26, 27.

എന്നാൽ ഇക്കാലത്ത്‌ പ്രായോഗികമല്ലാത്ത ഒരു പഴഞ്ചൻ പുസ്‌തകമാണ്‌ ബൈബിളെന്ന്‌ പലരും പറയുന്നു. ഉദാഹരണത്തിന്‌ “ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില സംഗതികൾ ഇന്നത്തെ ലോകത്തിൽ ഒട്ടും പ്രസക്തമല്ല” എന്ന്‌ 14-കാരിയായ മാഗൻ ഉറപ്പിച്ചുപറയുന്നു. ചിലർ എടുത്തുചാടി ഇത്തരമൊരു നിഗമനത്തിൽ എത്തുന്നത്‌ എന്തുകൊണ്ടാണ്‌? പലപ്പോഴും ബൈബിളിന്റെ വീക്ഷണം അവരുടേതിനു നേർവിപരീതമായിരിക്കുന്നതാണ്‌ കാരണം. തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിൽനിന്നു വ്യത്യസ്‌തമായ കാര്യങ്ങൾ ബൈബിൾ പഠിപ്പിക്കുന്നു എന്നതിനാൽ ഇക്കൂട്ടർ ദൈവവചനത്തെ അവഗണിക്കുന്നു. എന്നാൽ ആ വീക്ഷണം വസ്‌തുനിഷ്‌ഠമല്ല. യുക്തിസഹമല്ലാത്ത അത്തരം ചിന്താഗതിയിൽനിന്നു പുറത്തുവരാനാണ്‌ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌! വാസ്‌തവത്തിൽ, ദൈവത്തിന്റെ കൽപ്പനകൾ നമ്മുടെ നന്മയ്‌ക്കുവേണ്ടിയുള്ളതാണെന്ന വസ്‌തുത പരിഗണിക്കാൻ തന്റെ വചനത്തിലൂടെ യഹോവയാം ദൈവം നമ്മോട്‌ ആവശ്യപ്പെടുന്നു. (യെശയ്യാവു 48:17, 18) അതു ന്യായമാണ്‌. കാരണം നമ്മുടെ സ്രഷ്ടാവിനെക്കാൾ നന്നായി നമ്മെ അറിയാവുന്ന ആരാണുള്ളത്‌?

യുവപ്രായത്തിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, പലവിധ വികാരങ്ങൾ നിങ്ങളുടെ മനസ്സിനെ മഥിക്കുന്നുണ്ടാകാം. നിങ്ങളുടെ ലിംഗവർഗത്തിൽപ്പെട്ട ഒരു വ്യക്തിയോട്‌ നിങ്ങൾക്ക്‌ ആകർഷണം തോന്നുന്നു എങ്കിലോ? നിങ്ങൾ സ്വവർഗ സംഭോഗിയാണെന്ന്‌ ഉടനെ നിഗമനം ചെയ്യേണ്ടതുണ്ടോ? ഇല്ല. ലൈംഗിക ഉത്തേജനങ്ങൾ സാധാരണമായിരിക്കുന്ന “നവയൗവന”ത്തിലാണ്‌ നിങ്ങൾ എന്ന കാര്യം ഓർക്കുക. (1 കൊരിന്ത്യർ 7:​36, NW) നിങ്ങളുടെ അതേ ലിംഗവർഗത്തിൽപ്പെട്ട ഒരാളോട്‌ നിങ്ങൾക്ക്‌ ആകർഷണം തോന്നിയെന്നു വരാം. എന്നാൽ നിങ്ങൾ സ്വവർഗ സംഭോഗിയാണെന്ന്‌ അത്‌ അർഥമാക്കുന്നില്ല. സാധാരണഗതിയിൽ അത്തരം വികാരങ്ങൾ കാലാന്തരത്തിൽ അപ്രത്യക്ഷമാകുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. എങ്കിലും നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഇത്തരം ആഗ്രഹങ്ങൾ എങ്ങനെയാണ്‌ ഉടലെടുക്കുന്നത്‌?’

സ്വവർഗ ലൈംഗികതയുടെ കാരണക്കാർ ജീനുകളാണെന്ന്‌ ചിലർ പറയുന്നു. എന്നാൽ അത്‌ ആർജിച്ചെടുക്കുന്ന ഒന്നാണെന്നാണ്‌ മറ്റുള്ളവരുടെ പക്ഷം. അത്‌ സഹജമാണോ ആർജിതമാണോ എന്നതിനെക്കുറിച്ചല്ല ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്‌. വാസ്‌തവത്തിൽ, സ്വവർഗ ലൈംഗികതയുടെ കാരണമെന്നനിലയിൽ ഒരൊറ്റ സംഗതിയിലേക്കു മാത്രം വിരൽചൂണ്ടുന്നത്‌ വസ്‌തുതകളുടെ വളച്ചൊടിക്കലായിരിക്കും എന്നു തോന്നുന്നു. സ്വവർഗ ലൈംഗികതയ്‌ക്ക്‌​—⁠മറ്റു പെരുമാറ്റങ്ങളുടെ കാര്യത്തിലെന്നപോലെ​—⁠ഒന്നിലധികം കാരണങ്ങളുള്ളതായി കാണപ്പെടുന്നു.

കാരണം എന്തുതന്നെ ആയിരുന്നാലും, സ്വവർഗ ലൈംഗികപരമായ പ്രവൃത്തികളെ ബൈബിൾ കുറ്റംവിധിക്കുന്നു എന്നതാണ്‌ തിരിച്ചറിയേണ്ട പ്രധാനപ്പെട്ട സംഗതി. അതുകൊണ്ട്‌ അത്തരം ആഗ്രഹങ്ങളുമായി മല്ലടിക്കുന്ന ഒരു വ്യക്തിക്ക്‌ വെക്കാൻ കഴിയുന്ന പ്രായോഗികമായ ഒരു ലക്ഷ്യമുണ്ട്‌​—⁠ആ മോഹങ്ങൾക്ക്‌ അനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കുക. ഒരു ഉദാഹരണം പരിചിന്തിക്കുക. ഒരു വ്യക്തി കോപിക്കുന്ന പ്രകൃതക്കാരനായിരിക്കാം. (സദൃശവാക്യങ്ങൾ 29:22) മുമ്പ്‌ അദ്ദേഹം എളുപ്പം കോപാവേശത്തിന്‌ വശംവദനാകുമായിരുന്നു. എന്നാൽ ബൈബിൾ പഠിച്ചതിനുശേഷം ആത്മനിയന്ത്രണം വളർത്തിയെടുക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിയുന്നു. പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ ഉള്ളിൽ കോപം നുരഞ്ഞുപൊന്തില്ലെന്നാണോ അതിനർഥം? അല്ല. പക്ഷേ അനിയന്ത്രിത കോപത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്ന്‌ അറിയാവുന്നതിനാൽ വികാരങ്ങൾ തന്നെ കീഴടക്കാൻ അദ്ദേഹം അനുവദിക്കില്ല. സ്വന്തം ലിംഗവർഗത്തിൽപ്പെട്ടവരോട്‌ ആകർഷണം തോന്നുകയും എന്നാൽ സ്വവർഗ ലൈംഗികതയെപ്പറ്റി ബൈബിൾ എന്താണു പറയുന്നതെന്ന്‌ ഇപ്പോൾ മനസ്സിലാക്കുകയും ചെയ്‌തിരിക്കുന്ന ഒരു വ്യക്തിയുടെ കാര്യവും സമാനമാണ്‌. ചിലപ്പോഴൊക്കെ തെറ്റായ ആഗ്രഹം മുളപൊട്ടിയേക്കാം. എന്നാൽ ബൈബിളിലെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുകവഴി അത്തരം ആഗ്രഹത്തിനു വഴങ്ങുന്നത്‌ ഒഴിവാക്കാനാകും.

സ്വവർഗ ലൈംഗികവികാരങ്ങൾ വളരെ ശക്തമായിരുന്നേക്കാം എന്നതു ശരിയാണ്‌. എങ്കിൽപ്പോലും ആഴത്തിൽ വേരുറച്ചുപോയ മോഹങ്ങളെപ്പോലും കീഴടക്കാനാകും എന്ന കാര്യത്തിൽ ഒട്ടുംതന്നെ സംശയം വേണ്ട. (1 കൊരിന്ത്യർ 9:27; എഫെസ്യർ 4:22-24) എന്തായാലും, നിങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിങ്ങളുടെ കയ്യിലാണ്‌. (മത്തായി 7:13, 14; റോമർ 12:1, 2) ‘മനുഷ്യൻ വികാരങ്ങളുടെ കയ്യിലെ കളിപ്പാവയാണ്‌’ എന്ന്‌ ആളുകൾ പറയാറുണ്ടെങ്കിലും, വികാരങ്ങളെ നിയന്ത്രിക്കാൻ, കുറഞ്ഞപക്ഷം അതിനനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കാനെങ്കിലും നിങ്ങൾക്കു കഴിയും എന്നതാണു വാസ്‌തവം.

തെറ്റായ പ്രവർത്തനങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുക

സ്വവർഗ ലൈംഗികപരമായ പ്രവർത്തനങ്ങളിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ വിട്ടുനിൽക്കാനാകും?

ഒന്നാമതായി, യഹോവ “നിങ്ങൾക്കായി കരുതു”ന്നുവെന്ന ഉറച്ച വിശ്വാസത്തോടെ പ്രാർഥനയിൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇടുക. (1 പത്രൊസ്‌ 5:7; സങ്കീർത്തനം 55:22) “സകലബുദ്ധിയേയും [“ചിന്തയെയും,” NW] കവിയുന്ന” സമാധാനം നൽകിക്കൊണ്ട്‌ നിങ്ങളെ ശക്തിപ്പെടുത്താൻ യഹോവയ്‌ക്കു കഴിയും. ഇത്‌ “നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കു”കയും തെറ്റായ മോഹങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കുന്നത്‌ ഒഴിവാക്കാനുള്ള “അത്യന്തശക്തി” നൽകുകയും ചെയ്യും. (ഫിലിപ്പിയർ 4:7; 2 കൊരിന്ത്യർ 4:7) താൻ ബൈസെക്‌ഷ്വലായിരിക്കുമോ എന്ന ഭയവുമായി മല്ലടിച്ചുകൊണ്ടിരുന്ന സേറാ പറയുന്നു: “എന്റെ ചിന്തകൾ എന്നെ വരിഞ്ഞുമുറുക്കുമ്പോഴൊക്കെ ഞാൻ പ്രാർഥിക്കും; യഹോവ എന്നെ താങ്ങും. അവന്റെ സഹായമില്ലായിരുന്നെങ്കിൽ എനിക്ക്‌ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല. പ്രാർഥനയാണ്‌ എന്റെ ‘ലൈഫ്‌ലൈൻ!’”​—⁠സങ്കീർത്തനം 94:18, 19; എഫെസ്യർ 3:20.

രണ്ടാമതായി, നല്ല ആത്മീയ ചിന്തകൾകൊണ്ടു മനസ്സു നിറയ്‌ക്കുക. (ഫിലിപ്പിയർ 4:8) ദിവസവും ബൈബിൾ വായിക്കുക. നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ശരിയായ ദിശയിൽ തിരിച്ചുവിടാനുള്ള അതിന്റെ ശക്തിയെ നിസ്സാരമായി കാണരുത്‌. (എബ്രായർ 4:12) കൗമാരപ്രായത്തിലായിരിക്കുന്ന ജേസൺ പറയുന്നതു ശ്രദ്ധിക്കുക: “ബൈബിൾ​—⁠1 കൊരിന്ത്യർ 6:9, 10-ഉം എഫെസ്യർ 5:​3-ഉം പോലുള്ള തിരുവെഴുത്തുകൾ ഉൾപ്പെടെ​—⁠എന്നിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. തെറ്റായ മോഹങ്ങൾ തലപൊക്കുമ്പോഴൊക്കെ ഞാൻ ഈ തിരുവെഴുത്തുകൾ വായിക്കും.”

മൂന്നാമതായി, അശ്ലീലചിത്രങ്ങളും സ്വവർഗ ലൈംഗികതയ്‌ക്കു വളംവെക്കുന്ന എല്ലാ സംഗതികളും ഒഴിവാക്കുക; കാരണം അവ തെറ്റായ ചിന്തകൾ ആളിക്കത്താനേ ഇടയാക്കൂ. * (സങ്കീർത്തനം 119:37; കൊലൊസ്സ്യർ 3:5, 6) ചില ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും, സ്വവർഗ ലൈംഗികത ഒരു ‘ബദൽ ജീവിതരീതി’ മാത്രമാണ്‌ എന്ന ധാരണ പടച്ചുവിടുന്നുണ്ട്‌. “ലോകത്തിന്റെ തലതിരിഞ്ഞ ചിന്താഗതി എന്റെ മനസ്സിനെ ബാധിക്കുകയും സെക്‌സിനെക്കുറിച്ചുള്ള എന്റെ ആശയക്കുഴപ്പം പിന്നെയും കൂട്ടുകയും ചെയ്‌തു” എന്ന്‌ അന പറയുന്നു. “ഇപ്പോൾ, സ്വവർഗ ലൈംഗികതയ്‌ക്കു പച്ചക്കൊടി കാണിക്കുന്ന ആരെയും എന്തിനെയും ഞാൻ ഒഴിവാക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 13:20.

നാലാമതായി, നിങ്ങൾക്ക്‌ ഉള്ളുതുറന്നു സംസാരിക്കാൻ പറ്റിയ ഒരാളെ കണ്ടുപിടിക്കുക, നിങ്ങളുടെ വികാര വിചാരങ്ങളെക്കുറിച്ച്‌ ആ വ്യക്തിയോടു സംസാരിക്കുക. (സദൃശവാക്യങ്ങൾ 23:26; 31:26; 2 തിമൊഥെയൊസ്‌ 1:1, 2; 3:10, 11) ഒരു ക്രിസ്‌തീയ മൂപ്പന്റെ സഹായം തേടിയ ഓലെഫ്‌ പറയുന്നു: “അദ്ദേഹത്തിന്റെ ഉപദേശത്തിനു ഫലമുണ്ടായി; അദ്ദേഹത്തോടു നേരത്തേ സംസാരിച്ചിരുന്നെങ്കിൽ എന്ന്‌ ഞാൻ ആശിച്ചുപോയി.”

പിന്മാറരുത്‌!

‘ഇതൊക്കെ ചെയ്യുന്നതുകൊണ്ട്‌ യാതൊരു അർഥവുമില്ല, നിങ്ങളുടെ ലൈംഗിക താത്‌പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുക; നിങ്ങൾ ആയിരിക്കുന്ന വിധത്തിൽ നിങ്ങളെ അംഗീകരിക്കുക’ എന്നു ചിലർ പറഞ്ഞേക്കാം എന്നതു ശരിയാണ്‌. പക്ഷേ നിങ്ങൾക്ക്‌ അതിനെക്കാളധികം ചെയ്യാനാകുമെന്ന്‌ ബൈബിൾ പറയുന്നു! ഉദാഹരണത്തിന്‌, സ്വവർഗ സംഭോഗികളായിരുന്ന ചില ആദിമ ക്രിസ്‌ത്യാനികൾ ആ ശീലം ഉപേക്ഷിച്ചതായി ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:9-11) നിങ്ങൾക്കും വിജയം വരിക്കാൻ സാധിക്കും​—⁠അതിനെതിരെയുള്ള പോരാട്ടം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ മാത്രമേ നടക്കുന്നുള്ളു എങ്കിൽപ്പോലും.

വികാരങ്ങളുടെ വേലിയേറ്റം അവസാനിക്കുന്നില്ലെങ്കിലോ? മടുത്തു പിന്മാറരുത്‌; സ്വയം ഒരു ‘പോക്കുകേസാണെന്ന്‌’ മുദ്രകുത്തുകയുമരുത്‌. (എബ്രായർ 12:12, 13) ഇടയ്‌ക്കൊക്കെ നാമെല്ലാം തെറ്റായ പ്രവണതകളോടു പോരാടാറുണ്ട്‌. (റോമർ 3:23; 7:21-23) അത്തരം ആഗ്രഹങ്ങൾക്കു വഴങ്ങാതിരുന്നാൽ കാലാന്തരത്തിൽ അവ കെട്ടടങ്ങിയേക്കാം. (കൊലൊസ്സ്യർ 3:5-8) എല്ലാറ്റിലുമുപരി, സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക. അവൻ നിങ്ങളെ സ്‌നേഹിക്കുന്നു; നിങ്ങൾക്ക്‌ നന്മ വരുത്തുന്നത്‌ എന്താണെന്ന്‌ അവന്‌ നന്നായറിയാം. (യെശയ്യാവു 41:10) അതേ, “യഹോവയിൽ ആശ്രയിച്ചു നന്മചെയ്‌ക . . . ; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും [“അപേക്ഷ കേൾക്കും,” NW].”​—⁠സങ്കീർത്തനം 37:3, 4.

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ ദൈവം സ്വവർഗ ലൈംഗികത അംഗീകരിക്കാത്തത്‌ എന്തുകൊണ്ട്‌?

▪ സ്വന്തം ലിംഗവർഗത്തിൽപ്പെട്ടവരോട്‌ ആകർഷണം തോന്നുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

▪ സ്വവർഗ ലൈംഗിക മോഹങ്ങളുമായി പോരാടുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ ആരോടു നിങ്ങൾക്ക്‌ മനസ്സുതുറന്നു സംസാരിക്കാനാകും?

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

^ ഖ. 19 പുരുഷന്മാർ തങ്ങൾക്കുതന്നെ, വിശേഷിച്ച്‌ സ്വന്തം വസ്‌ത്രധാരണത്തിനും ചമയത്തിനും അമിത ശ്രദ്ധ നൽകുന്ന ഒരു രീതി ജനപ്രീതി ആർജിച്ചിരിക്കുന്നു. ഇത്‌ സ്വവർഗരതിക്കാർക്കും അല്ലാത്തവർക്കും ഇടയിലുള്ള അതിർവരമ്പ്‌ അവ്യക്തമായിത്തീരുന്നതിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നു. ഒരു ഉറവിടം പറയുന്നതനുസരിച്ച്‌, ഇത്തരത്തിലുള്ള ഒരു വ്യക്തി “സ്വവർഗരതിപ്രിയനോ ബൈസെക്‌ഷ്വലോ ആയിരിക്കാം; അല്ലാതെയുമിരിക്കാം. എന്നാൽ അതിനു പ്രസക്തിയില്ല; കാരണം ഇക്കൂട്ടരുടെ സ്‌നേഹഭാജനം ഇവർതന്നെയാണ്‌, മാത്രമല്ല ഇവരുടെ ലൈംഗികത എന്നു പറയുന്നത്‌ മുഖ്യമായും ഇവർക്ക്‌ ഇന്ദ്രിയസുഖം പകരുന്ന സംഗതികളാണ്‌.” ഒരു എൻസൈക്ലോപീഡിയ പറയുന്ന പ്രകാരം, “സ്വവർഗരതിപ്രിയരായ പുരുഷന്മാർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൂടുതലായി കടന്നുവരികയും അതോടൊപ്പം സ്വവർഗരതിക്കു കൽപ്പിച്ചിരുന്ന വിലക്കിന്‌ അയവുവരികയും പുരുഷത്വത്തിന്റെ നിർവചനം മാറ്റങ്ങൾക്കു വിധേയമാകുകയും ചെയ്‌തതോടെ”യാണ്‌ മേൽപ്പറഞ്ഞ രീതിക്ക്‌ പ്രചാരം സിദ്ധിച്ചത്‌.

[30-ാം പേജിലെ ചിത്രം]

പക്വതയുള്ള ഒരു മുതിർന്ന ക്രിസ്‌ത്യാനിയുടെ സഹായം തേടുക