വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യാത്രികർ ‘കുരുക്കിൽ’ കുരുങ്ങുമ്പോൾ

യാത്രികർ ‘കുരുക്കിൽ’ കുരുങ്ങുമ്പോൾ

യാത്രികർ ‘കുരുക്കിൽ’ കുരുങ്ങുമ്പോൾ

സ്‌പെയിനിലെ ഉണരുക! ലേഖകൻ

നിങ്ങൾ ഒരു ഡോക്ടറെ കാണാൻ പോകുകയാണ്‌. ഇനിയും ഇഷ്ടംപോലെ സമയം ഉണ്ടല്ലോ എന്നു കരുതിയാണ്‌ യാത്ര പുറപ്പെടുന്നത്‌. പക്ഷേ ഒരു ഗതാഗതക്കുരുക്കിൽ അകപ്പെടുമെന്നു നിങ്ങൾ ചിന്തിച്ചതേയില്ല. കാർ മെല്ലെ ഇഴഞ്ഞുനീങ്ങുന്നു, മിനിട്ടുകൾ ഒന്നൊന്നായി കടന്നുപോകുകയാണ്‌. അതിനനുസരിച്ച്‌ നിങ്ങളുടെ പരിഭ്രാന്തി വർധിക്കുന്നു. ഒടുവിൽ നിങ്ങൾ ഡോക്ടറുടെ ക്ലിനിക്കിൽ എത്തിച്ചേർന്നു, എത്തേണ്ടതിലും അരമണിക്കൂർ വൈകി.

നഗരജീവിതത്തിന്റെ ഏറ്റവും വലിയൊരു തലവേദനയാണ്‌ ഗതാഗതത്തിരക്ക്‌, പ്രത്യേകിച്ച്‌ റോഡുകളെ വീർപ്പുമുട്ടിക്കുകയും അന്തരീക്ഷത്തെ വിഷമയമാക്കുകയും ചെയ്‌തുകൊണ്ട്‌ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒച്ചിനെപ്പോലെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ. ലക്ഷക്കണക്കിനു വരുന്ന നഗരവാസികൾ അനുദിനം അനുഭവിക്കുന്ന ഈ യാതനയിൽനിന്ന്‌ ഉടനെയെങ്ങും കരകയറുന്നതിനുള്ള സാധ്യത കാണുന്നില്ല എന്നതാണ്‌ സങ്കടകരമായ യാഥാർഥ്യം.

ഐക്യനാടുകളിലെ സ്ഥിതിയെക്കുറിച്ച്‌ ദ ടെക്‌സസ്‌ ട്രാൻസ്‌പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “ചെറുതും വലുതുമായ നഗരങ്ങളെല്ലാം തിരക്കേറിയ ഗതാഗതത്തിന്റെ കരാളഹസ്‌തങ്ങളിലാണ്‌.” നഗരയാത്രികരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ വേണ്ടവിധം തൃപ്‌തിപ്പെടുത്താനുള്ള മാർഗം കണ്ടെത്താനാകാതെ അധികാരികൾ വലയുന്നതായി റിപ്പോർട്ട്‌ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള സ്ഥിതിവിശേഷം ഇതുതന്നെയാണ്‌. ചൈനയിൽ അടുത്തയിടെ ആയിരക്കണക്കിനു വാഹനങ്ങൾ 100 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. കുരുക്കഴിക്കാൻ പോലീസിന്‌ പല ദിവസങ്ങൾതന്നെ വേണ്ടിവന്നു. മെക്‌സിക്കോസിറ്റിയിൽ നഗരമധ്യത്തിലൂടെ 20 കിലോമീറ്റർ താണ്ടുന്നതിന്‌ നാലു മണിക്കൂറിലേറെ വേണ്ടിവന്നേക്കാം, ശരാശരി കാൽനടക്കാരന്‌ വേണ്ടിവരുന്നതിലുമധികം സമയം.

നഗരവീഥികൾ നിശ്ചലമാകുന്നതിന്റെ കാരണം കണ്ടെത്തുക പ്രയാസമല്ല. നഗരങ്ങൾ അനുദിനം വളരുകയാണ്‌, ലോകജനതയുടെ പകുതിയോളം ഇന്നു നഗരങ്ങളിലാണു ജീവിക്കുന്നത്‌. നഗരങ്ങളുടെ വളർച്ചയ്‌ക്ക്‌ അനുസൃതമായി വാഹനങ്ങളുടെ എണ്ണവും പെരുകുന്നു. ഒരു എഴുത്തുകാരൻ അതിനെ വിശേഷിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: “കൂടുതൽ ആളുകൾ, കൂടുതൽ കാറുകൾ. എല്ലാവർക്കും ഓടിക്കാനുള്ളതോ ‘ഠ’ വട്ടം മാത്രം.”

വഷളാകുന്ന പ്രശ്‌നങ്ങൾ

മനുഷ്യർ വാഹനങ്ങളെ ആശ്രയിക്കുന്നിടത്തോളംകാലം വാഹനപ്പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ തരമില്ല. ഐക്യനാടുകളിലെ ലോസാഞ്ചലസിലെ ജനസംഖ്യ 40 ലക്ഷത്തോളമാണ്‌. എന്നാൽ അവിടത്തെ കാറുകളുടെ എണ്ണമോ, അതിനെക്കാൾ ഒക്കെ ഏറെയും! മറ്റു നഗരങ്ങൾ ഈ റെക്കോർഡു ഭേദിച്ചിട്ടില്ലായിരിക്കാം. പക്ഷേ മിക്കവാറും എല്ലാ നഗരങ്ങളെയുംതന്നെ ഈ പ്രശ്‌നം വലയ്‌ക്കുന്നുണ്ട്‌. “വാഹനപ്പെരുപ്പത്തെ താങ്ങാനാകുംവിധമല്ല നഗരങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്‌,” മാഡ്രിഡ്‌ നഗര കമ്മീഷന്റെ പ്രസിഡന്റായ കാർലോസ്‌ ഗൂസ്‌മാൻ പറയുന്നു. ഇടുങ്ങിയ പാതകളോടു കൂടിയ പുരാതന നഗരങ്ങളാണ്‌ ഗതാഗതത്തെ വരുതിയിൽ നിറുത്താൻ ഏറെയും പാടുപെടുന്നത്‌. എന്നാൽ ആധുനിക മെട്രോപോളിറ്റൻ നഗരങ്ങൾപോലും ഈ ശാപത്തിൽനിന്ന്‌ മുക്തമല്ല. പ്രത്യേകിച്ച്‌ രാവിലത്തെയും വൈകുന്നേരത്തെയും തിരക്കേറിയ മണിക്കൂറുകളിൽ അവിടത്തെ വീതിയേറിയ പാതകൾപോലും സൂചികുത്താൻ ഇടമില്ലാത്തവിധം വാഹനങ്ങൾകൊണ്ടു തിങ്ങിനിറയാറുണ്ട്‌. “വൻനഗരങ്ങൾ ദിവസത്തിന്റെ ഏറിയപങ്കും ഗതാഗതത്തിരക്കിൽ നട്ടംതിരിയുന്നു. പ്രശ്‌നമാകട്ടെ അടിക്കടി വഷളായിക്കൊണ്ടിരിക്കുകയുമാണ്‌.” “നഗര ഗതാഗത പ്രശ്‌നങ്ങൾ” എന്ന തന്റെ റിപ്പോർട്ടിൽ ഡോ. റ്റ്‌സേൻ പോൾ റോഡ്രീഗ്‌ എഴുതിയതാണത്‌.

ഗവൺമെന്റുകൾക്ക്‌ ഹൈവേകൾ നിർമിക്കാനാകുന്നതിലും വേഗത്തിലാണ്‌ കാറുകൾ നിരത്തിലിറങ്ങുന്നത്‌. അക്കാരണത്താൽത്തന്നെ ഏറ്റവും കാര്യക്ഷമമായ റോഡ്‌ സംവിധാനങ്ങൾപോലും അവതാളത്തിലാകുന്നു. “കാലക്രമത്തിൽ, പുതിയ പാതകൾ നിർമിക്കുന്നതോ നിലവിലുള്ളവയുടെ വീതികൂട്ടുന്നതോ ഒന്നും തിരക്കേറിയ മണിക്കൂറുകളിലെ ഗതാഗതക്കുരുക്കിന്‌ യാതൊരുവിധ അയവും വരുത്തില്ല,” ഗതാഗതക്കുരുക്കിൽ​—⁠തിരക്കേറിയ മണിക്കൂറുകളിലെ യാത്രാക്കുരുക്കുമായി പൊരുത്തപ്പെടൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിശദീകരിക്കുന്നു.

ഗതാഗതക്കുരുക്കിനുള്ള മറ്റൊരു കാരണം പാർക്കിങ്‌ സൗകര്യങ്ങളുടെ പരിമിതിയാണ്‌. ഏതൊരു സമയത്തും നല്ലൊരു ശതമാനം കാറുകൾ പാർക്കിങ്ങിനുള്ള ഇടം കണ്ടെത്താനായി മാത്രം നഗരവീഥികളിലൂടെ ചുറ്റിത്തിരിയുന്നുണ്ടായിരിക്കാം. വാഹനങ്ങൾ ഉളവാക്കുന്ന വായു മലിനീകരണം​—⁠പ്രത്യേകിച്ചും നഗരങ്ങളിൽ​—⁠പ്രതിവർഷം നാലു ലക്ഷത്തോളം പേരുടെ ജീവൻ അപഹരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ മിലാനിലെ സ്ഥിതി എത്ര മോശമാണെന്ന്‌ ഒരു റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. അവിടുത്തെ നഗരവീഥികളിലെ വായു ഒരു ദിവസം ശ്വസിക്കുന്നത്‌ 15 സിഗരറ്റുകൾ വലിക്കുന്നതിനു തുല്യമാണത്രേ.

ഗതാഗത പ്രശ്‌നങ്ങൾ എത്ര സങ്കീർണമാണെന്നു മനസ്സിലാക്കുന്നതിന്‌ അതുമൂലം ഡ്രൈവർമാർ അനുഭവിക്കുന്ന സമ്മർദം, പാഴായിപ്പോകുന്ന സമയം എന്നിവയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. വൈകാരികമായി അതു സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ തിട്ടപ്പെടുത്താനാവില്ല. എന്നാൽ ഐക്യനാടുകളിലെ 75 വൻനഗരങ്ങളിൽ ഗതാഗതക്കുരുക്കു മൂലം വാർഷികമായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഏകദേശം 7,000 കോടി ഡോളറാണെന്ന്‌ [3,29,000 കോടി രൂപ] ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. അവസ്ഥ മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാകുമോ?

പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനായി

പല നഗരങ്ങളും ഇതിനോടകം കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നു. വാഹനപ്പെരുപ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായ സിംഗപ്പൂരിൽ, ഒരുവനു വാങ്ങാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളിൽ, നഗരമധ്യത്തിലേക്ക്‌ കാറുകൾക്കുള്ള പ്രവേശനം ദിവസത്തിലെ ഏറിയ സമയത്തും പൂർണമായി നിരോധിച്ചിരിക്കുന്നു. ഇറ്റലിയിലെ പല നഗരങ്ങളും ഇതിന്‌ ഉദാഹരണമാണ്‌.

നഗരമധ്യത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന്‌ ഒരു “ഫീസ്‌” ഈടാക്കുക എന്നതാണ്‌ മറ്റു ചില നഗരങ്ങൾ നിർദേശിച്ചിരിക്കുന്ന പരിഹാരം. ലണ്ടനിൽ ഈ പദ്ധതി നടപ്പാക്കിയതിന്റെ ഫലമായി ഗതാഗതക്കുരുക്കിൽപ്പെട്ട്‌ ഉണ്ടാകുന്ന സമയനഷ്ടം 30 ശതമാനം കണ്ട്‌ കുറയ്‌ക്കാൻ സാധിച്ചിട്ടുണ്ട്‌. ഇതേ പാത പിന്തുടരാനുള്ള താത്‌പര്യം മറ്റു നഗരങ്ങൾക്കും ഉണ്ടെന്നു തോന്നുന്നു. മെക്‌സിക്കോയിലെ മെക്‌സിക്കോ സിറ്റി പോലുള്ള സ്ഥലങ്ങളിൽ കാറുകളുടെ രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ, ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ്‌ നഗരമധ്യത്തിൽ അവയ്‌ക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്‌.

കൂടാതെ പൊതുഗതാഗത സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഹൈവേകൾ മെച്ചപ്പെടുത്തുന്നതിനും റിങ്‌റോഡുകൾ നിർമിക്കുന്നതിനും നഗരപാലകർ വൻ തുകകൾ ചെലവഴിക്കുകയും ചെയ്‌തിരിക്കുന്നു. ട്രാഫിക്‌ ലൈറ്റുകളുടെ നിയന്ത്രണത്തിനും അപകടങ്ങൾ മൂലമുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ നീക്കം ചെയ്യാൻ പോലീസിനെ വിവരം അറിയിക്കുന്നതിനും കമ്പ്യൂട്ടർവത്‌കൃത സംവിധാനങ്ങൾ അവർ ഉപയുക്തമാക്കുന്നു. റോഡുകളിൽ ബസ്സുകൾക്കു മാത്രമായി ചില വരികൾ നീക്കിവെക്കുന്നതും എല്ലായ്‌പോഴും ഒരു ദിശയിലേക്ക്‌ നിശ്ചിത എണ്ണം വരികൾ എന്നു വ്യവസ്ഥ ചെയ്യാതെ, വാഹനങ്ങളുടെ ഒഴുക്ക്‌ വർധിക്കുന്നതിന്‌ അനുസൃതമായി പ്രസ്‌തുത ദിശയിൽ കൂടുതൽ വരികൾ അനുവദിച്ചു കൊടുക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ സഹായിക്കുന്നു. എന്നാൽ വിജയം വലിയൊരു അളവുവരെ ജനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.

വ്യക്തിപരമായി നിങ്ങൾക്കു ചെയ്യാവുന്നത്‌

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ” എന്ന്‌ യേശുക്രിസ്‌തു പറയുകയുണ്ടായി. (മത്തായി 7:12) സങ്കീർണമായ ചില ഗതാഗതപ്രശ്‌നങ്ങൾപോലും ലഘൂകരിക്കാൻ ഈ ജ്ഞാനോപദേശം സഹായകമായിരിക്കും. ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നതിനു പകരം ഓരോരുത്തരും സ്വന്തം കാര്യം മാത്രമാണു നോക്കുന്നതെങ്കിൽ ഏറ്റവും നല്ല പദ്ധതികൾപോലും പാളിപ്പോയേക്കാം. നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്‌ക്കാൻ വ്യക്തിപരമായി നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ഇതാ, ചില നിർദേശങ്ങൾ.

ഹ്രസ്വദൂരം പോകുന്നതിന്‌ നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്‌. മിക്കപ്പോഴും അതായിരിക്കും എളുപ്പവും ആരോഗ്യകരവും. കൂടാതെ സമയവും ലാഭിക്കാനാകും. ദീർഘദൂര യാത്രയ്‌ക്ക്‌ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതായിരിക്കാം ഉത്തമം. കാറുകൾ വീട്ടിൽ വിട്ടിട്ട്‌ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതിന്‌ ആളുകളെ വശീകരിക്കുന്നതിനായി ചില നഗരങ്ങൾ ബസ്‌-മെട്രോ-ട്രെയിൻ സർവീസുകൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്‌ ലാഭകരവും ആയിരുന്നേക്കാം. ബസ്‌സ്റ്റോപ്പോ റെയിൽവേ സ്റ്റേഷനോ വരെ പോകുന്നതിന്‌ സ്വന്തം വാഹനത്തെ ആശ്രയിക്കേണ്ടതുണ്ടായിരുന്നേക്കാമെങ്കിലും നഗരത്തിലേക്കുള്ള യാത്രയ്‌ക്കായി പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്‌.

ഇനി, സ്വന്തം വാഹനത്തിൽ പോകാതെ വേറെ മാർഗമൊന്നുമില്ലെങ്കിൽ, മറ്റു യാത്രക്കാരെക്കൂടെ ഒപ്പം കൊണ്ടുപോകാനുള്ള സാധ്യത ആരായുക. തിരക്കേറിയ സമയങ്ങളിലെ ഗതാഗതത്തിരക്ക്‌ കുറയ്‌ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിത്‌. ഐക്യനാടുകളിലെ ജോലിക്കാരിൽ 88 ശതമാനവും ദിവസവും സ്വന്തം വാഹനത്തിലാണ്‌ ജോലിക്കു പോകുന്നത്‌, അവരിൽ ഏകദേശം മൂന്നിൽ രണ്ടു പേരും ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്നവരും. ജോലി സ്ഥലത്തേക്ക്‌ ഒരുമിച്ചു യാത്രചെയ്യാൻ നല്ലൊരു ശതമാനം ആളുകൾ തയ്യാറായാൽ “തിരക്കേറിയ സമയങ്ങളിൽ നേരിടുന്ന കാലതാമസവും ഗതാഗതക്കുരുക്കും വലിയൊരു പരിധിവരെ കുറയ്‌ക്കാനാകും,” ഗതാഗതക്കുരുക്കിൽ എന്ന പുസ്‌തകം പറയുന്നു. കൂടാതെ, പലയിടങ്ങളിലും രണ്ടോ അതിലധികമോ ആളുകൾ സഞ്ചരിക്കുന്ന കാറുകൾക്ക്‌ റോഡിൽ പ്രത്യേക വരികൾ അനുവദിച്ചിട്ടുണ്ട്‌. ഒരാൾ മാത്രമുള്ള കാറുകൾക്ക്‌ പ്രസ്‌തുത വരികളിൽ പ്രവേശനമില്ലതാനും.

തിരക്കേറിയ സമയത്തെ യാത്ര ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. ഇതു നിങ്ങൾക്കും മറ്റുള്ളവർക്കും കാര്യങ്ങൾ എളുപ്പമാക്കിത്തീർക്കും. വാഹനങ്ങൾ ശരിയായി പാർക്കു ചെയ്യുന്നെങ്കിൽ അതു ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുകയില്ല. ഇനി, എത്ര നന്നായി ആസൂത്രണം ചെയ്‌താലും ശരി, ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്‌ പൂർണമായി ഒഴിവാക്കാനാകും എന്നൊന്നും തീർത്തു പറയാനാവില്ല. അത്തരം സമയങ്ങളിൽ ഉചിതമായ മനോഭാവം ഉണ്ടായിരിക്കുന്നത്‌ സമ്മർദവും നിരാശയും ഒക്കെ കുറയ്‌ക്കാൻ ഏറെ സഹായകമായിരിക്കും.​—⁠ചതുരം കാണുക.

നിങ്ങൾ വലിയൊരു നഗരത്തിലാണോ താമസിക്കുന്നത്‌? ഗതാഗത പ്രശ്‌നങ്ങളുമായി മല്ലടിച്ചേ മതിയാകൂ. എന്നിരുന്നാലും അതുളവാക്കുന്ന സമ്മർദവുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു പഠിക്കാനാകും: നിങ്ങളുടെ ഭാഗധേയം ഉത്തരവാദിത്വത്തോടെ നിറവേറ്റുകയും ഒപ്പം മറ്റു ഡ്രൈവർമാരോട്‌ മാന്യതയും ക്ഷമയും പ്രകടമാക്കുകയും ചെയ്‌തുകൊണ്ട്‌.

[23-ാം പേജിലെ ചതുരം/ചിത്രം]

ഗതാഗതക്കുരുക്കിലും ശാന്തത കൈവിടാതെ

സ്‌പെയിനിലെ മാഡ്രിഡിലുള്ള ഒരു ടാക്‌സി ഡ്രൈവറാണ്‌ ഹൈമേ. ഗതാഗത പ്രശ്‌നങ്ങളുമായി മല്ലിടാൻ തുടങ്ങിയിട്ട്‌ 30-ലേറെ വർഷമായി. പ്രകോപനപരമായ സാഹചര്യങ്ങളിൽപ്പോലും അദ്ദേഹത്തിന്‌ ആത്മസംയമനം പാലിക്കാൻ കഴിയുന്നതിന്റെ രഹസ്യം:

▪ വായിക്കാൻ എന്തെങ്കിലും എപ്പോഴും കൂടെക്കരുതും. അങ്ങനെയാകുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ടാലും അത്‌ എന്നെ അത്ര അലട്ടാറില്ല.

▪ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന സന്ദർഭങ്ങളിൽ ഞാൻ റേഡിയോ ന്യൂസോ ബൈബിൾ റെക്കോർഡിങ്ങോ കേൾക്കും. തന്മൂലം ഗതാഗതക്കുരുക്കിൽ മനസ്സ്‌ കുരുങ്ങിക്കിടക്കില്ല.

▪ സാധാരണഗതിയിൽ ഞാൻ ഹോൺ മുഴക്കാറില്ല. അതു മറ്റുള്ളവരെ അലോസരപ്പെടുത്തുമെന്നു മാത്രമല്ല, അതുകൊണ്ട്‌ പ്രത്യേകിച്ചൊന്നും നേടാനുമില്ല. അങ്ങനെ മര്യാദ കാണിക്കുന്നതുമൂലം എനിക്കുതന്നെ സമ്മർദം ഒഴിവാക്കാനാകുന്നു, ഒപ്പം മറ്റുള്ളവരുടേതും.

▪ ആരെങ്കിലും ഇടിച്ചുകയറി വന്നാൽ ശാന്തത കൈവിടാതെ അവർക്കു വഴിമാറിക്കൊടുക്കും. അത്തരം സാഹചര്യങ്ങളിൽ ക്ഷമ പ്രകടമാക്കുന്നതാണ്‌ ഒറ്റമൂലി.

▪ ഉദ്ദിഷ്ട സ്ഥാനത്ത്‌ എത്താനുള്ള മറ്റു വഴികൾ കണ്ടെത്താൻ ശ്രമിക്കാറുണ്ടെങ്കിലും, ഗതാഗതത്തിരക്കുമൂലം ചിലപ്പോൾ ഉദ്ദേശിച്ച സമയത്ത്‌ എത്താൻ കഴിയാതെ പോയേക്കാം എന്ന്‌ ആദ്യംതന്നെ ഞാൻ യാത്രികരോടു പറയാറുണ്ട്‌. നഗരത്തിൽ യാത്രചെയ്യുമ്പോൾ സമയനിഷ്‌ഠപാലിക്കുക പലപ്പോഴും അത്ര എളുപ്പമല്ല.