വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിലോ വൈവിധ്യങ്ങളുള്ള ഒരു വൃക്ഷകുടുംബം

വിലോ വൈവിധ്യങ്ങളുള്ള ഒരു വൃക്ഷകുടുംബം

വിലോ വൈവിധ്യങ്ങളുള്ള ഒരു വൃക്ഷകുടുംബം

ചെക്ക്‌ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ

ഒരെണ്ണം നീണ്ടുനിവർന്നു തലയെടുപ്പോടെ നിൽക്കുന്നു. മറ്റൊന്നതാ തലകുമ്പിട്ട്‌ നിൽക്കുന്നു. കാഴ്‌ചയിൽ ഭിന്നരെങ്കിലും ഇവർ യഥാർഥത്തിൽ വളരെ അടുത്ത ബന്ധുക്കളാണ്‌. ഇവയെന്താണെന്നല്ലേ ചിന്തിക്കുന്നത്‌? രണ്ടു വൃക്ഷങ്ങളെക്കുറിച്ചാണിവിടെ പറഞ്ഞത്‌​—⁠പോപ്ലറും വീപ്പിങ്‌ വിലോയും. രണ്ടും വിലോ വൃക്ഷകുടുംബത്തിലെ അംഗങ്ങളാണ്‌.

സാധാരണഗതിയിൽ വിലോ വൃക്ഷങ്ങൾ ആറ്റിറമ്പിലും അരുവികളുടെ തീരത്തുമാണു വളരുന്നത്‌. ചെക്ക്‌ റിപ്പബ്ലിക്കിൽ, ചതുപ്പുനിലങ്ങളിൽ ഇവ സമൃദ്ധമായി വളരുന്നു. ഇവയ്‌ക്ക്‌ 30-ലേറെ മീറ്റർ ഉയരം വെച്ചേക്കാം. വീതി കുറഞ്ഞ ഇവയുടെ ഇലകൾ മെലിഞ്ഞ്‌ നീളമുള്ള ശിഖരങ്ങളിൽനിന്നും തൂങ്ങിക്കിടക്കുന്നതു കാണാൻ നല്ല ചന്തമാണ്‌. എന്നാൽ താരതമ്യേന വീതി കൂടിയ ഇലകളാണു ഷൈനിങ്‌ വിലോയ്‌ക്കും പുസ്സി വിലോയ്‌ക്കും ഉള്ളത്‌.

പോപ്ലറിന്റെയും വിലോയുടെയും 350-ലേറെ ഇനങ്ങളുണ്ടെങ്കിലും വിശേഷിച്ചും നമ്മുടെ ശ്രദ്ധ പിടിച്ചുനിറുത്തുന്ന ഒന്നാണു വീപ്പിങ്‌ വിലോ. ഗോട്ട്‌ വിലോയാണ്‌ മറ്റൊരിനം. ഇലകൾക്ക്‌ മുമ്പേയുണ്ടാകുന്ന ലോമാവൃതമായ പൂക്കുലകൾകൊണ്ട്‌ ശ്രദ്ധേയമാണ്‌ ഇവ. ഈ കൊച്ചു പൂങ്കുലകൾ വന്നുതുടങ്ങുമ്പോൾ വസന്തകാലം ഇങ്ങെത്താറായി എന്നൊരു പറച്ചിലിവിടെയുണ്ട്‌.

ഒരു കൂട്ടുകുടുംബം

ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്‌ സ്ഥിതിചെയ്യുന്ന ബൊഹീമിയ പ്രദേശത്തെ ഒരു സാധാരണ കാഴ്‌ചയാണ്‌ പോപ്ലർ വൃക്ഷങ്ങൾ. ചുരുങ്ങിയത്‌ 35 ഇനം പോപ്ലറുകളുണ്ട്‌, എല്ലാം വിലോ കുടുബത്തിൽ പെട്ടവയാണ്‌. ബ്ലാക്ക്‌ പോപ്ലറായിരിക്കാം ഏറ്റവും സാധാരണം, ബൊഹീമിയയിലെ അരുവികളുടെ തീരത്തും ഈർപ്പമുള്ള വനങ്ങളിലും മിക്കപ്പോഴും ഇവയെ കാണാൻ സാധിക്കും. ഈയിനത്തിൽപ്പെട്ട ലംബാർഡി പോപ്ലർ അഥവാ ഇറ്റാലിയൻ പോപ്ലർ മരങ്ങൾക്ക്‌ വണ്ണം കുറഞ്ഞ തായ്‌ത്തടിയാണുള്ളത്‌. ഇവയുടെ ശിഖരങ്ങൾ തായ്‌ത്തടിയോടു ചേർന്ന്‌ മുകളിലേക്കാണു വളരുന്നത്‌. ഭംഗിയുള്ള ഈ മരങ്ങൾക്ക്‌ 35 മീറ്റർ വരെ ഉയരം വെക്കാനാകും അതായത്‌ ഒരു 11 നില കെട്ടിടത്തിന്റെ അത്ര ഉയരം. നാട്ടിൻപുറങ്ങൾക്ക്‌ മോടിനൽകികൊണ്ട്‌​—⁠ശരത്‌കാലത്ത്‌ ഇവയുടെ ഇലകൾ നല്ല മഞ്ഞനിറമാകുമ്പോൾ ഇത്‌ വിശിഷ്യാ സത്യമാണ്‌​—⁠പല റോഡുകളുടെയും വശങ്ങളിൽ ഇറ്റാലിയൻ പോപ്ലർ മരങ്ങൾ കാണാനാകും.

പോപ്ലറിന്റെ മറ്റൊരു ഇനമാണ്‌ ആസ്‌പൻ. ഇവയ്‌ക്കു മറ്റിനങ്ങളുടെ അത്ര ഉയരമില്ല, മാത്രമല്ല വൃക്ഷത്തലപ്പ്‌ ഏതാണ്ട്‌ ശോഷിച്ചതുമാണ്‌. ഇവയ്‌ക്ക്‌ ഇനിയൊരു വിശേഷതകൂടിയുണ്ട്‌, ഒരു മന്ദമാരുതന്റെ ആർദ്രസ്‌പർശം മതി ഇവയുടെ ഇലകൾ ഇളകിയാടാൻ തുടങ്ങും.

വിലോ വൃക്ഷകുടുംബം ബൈബിളിൽ

മധ്യപൂർവ ദേശങ്ങളിലും വിലോ കുടുംബത്തിൽപ്പെട്ട വൃക്ഷങ്ങൾ വളരുമെന്ന്‌ നിങ്ങൾ ചിന്തിച്ചേക്കില്ല. എന്നാൽ ബാബിലോണിൽ പ്രവാസികളായിരുന്ന കാലത്ത്‌ ഇസ്രായേല്യർ അവരുടെ കിന്നരങ്ങൾ പോപ്ലർ വൃക്ഷങ്ങളിൽ (സത്യവേദ പുസ്‌തകം ഇവിടെ വിലോയുടെ പരിഭാഷയായ അലരി എന്ന പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌) തൂക്കിയിട്ടിരുന്നു എന്നു ബൈബിൾ പ്രസ്‌താവിക്കുന്നുണ്ട്‌. (സങ്കീർത്തനം 137:2) എന്തുകൊണ്ടാണവർ അങ്ങനെ ചെയ്‌തത്‌? യഹോവയെ സ്‌തുതിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളായിരുന്നു കിന്നരങ്ങളെങ്കിലും ഈ ക്ലേശകാലത്ത്‌ അത്‌ ഉപയോഗിക്കാൻ ദുഃഖിതരായ ഇസ്രായേല്യർക്കു മനസ്സുവന്നില്ല. (യെശയ്യാവു 24:8, 9) ദൈവവചനം പറയുന്നതനുസരിച്ച്‌, ഫലശേഖര ഉത്സവത്തിനുള്ള കൂടാര നിർമാണത്തിൽ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്ന വൃക്ഷക്കൊമ്പുകളിൽ പോപ്ലർ മരത്തിന്റെ കൊമ്പുകളും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്‌തകം 23:40) നിർഭയനായ നീർക്കുതിരയ്‌ക്ക്‌ “തോട്ടിങ്കലെ അലരി” തണലേകുന്നതായി ബൈബിൾ പുസ്‌തകമായ ഇയ്യോബ്‌ വർണിക്കുന്നു.​—⁠ഇയ്യോബ്‌ 40:22.

ഇന്ന്‌ പോപ്ലറും അതുപോലെ വിലോയും വ്യത്യസ്‌ത വാണിജ്യ ഉത്‌പന്നങ്ങൾ ഉണ്ടാക്കാൻവേണ്ടി ഉപയോഗിക്കുന്നു. കാർഡ്‌ബോർഡ്‌ പെട്ടികൾ, വീഞ്ഞപ്പെട്ടികൾ, പ്ലൈവുഡ്‌, വെനീർ, മറ്റു പേപ്പർ ഉത്‌പന്നങ്ങൾ എന്നിവ പോപ്ലർ ഉപയോഗിച്ച്‌ ഉണ്ടാക്കുന്നു. വിലോയും അതിന്റെ ഉപയുക്തതയുടെ അടിസ്ഥാനത്തിൽ വളരെയേറെ വിലമതിക്കപ്പെടുന്നുണ്ട്‌. അതിന്റെ വഴക്കമുള്ള ചെറുചില്ലകൾ ഉപയോഗിച്ച്‌ ഫർണിച്ചറും കുട്ടകളും ഉണ്ടാക്കുന്നുണ്ട്‌. വിലോ, ശരിക്കും വൈവിധ്യങ്ങളുള്ള ഒരു വൃക്ഷകുടുംബം തന്നെ!

[10-ാം പേജിലെ ചിത്രം]

ആസ്‌പൻ ഇലകൾ

[10-ാം പേജിലെ ചിത്രം]

വീപ്പിങ്‌ വിലോ

[10-ാം പേജിലെ ചിത്രം]

ലംബാർഡി പോപ്ലർ

[10-ാം പേജിലെ ചിത്രം]

ഗോട്ട്‌ വിലോ

[10-ാം പേജിലെ ചിത്രം]

ബ്ലാക്ക്‌ പോപ്ലർ