ദൈവം എങ്ങനെയുള്ളവനാണ്?
ആരുടെയെങ്കിലും ഗുണങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കുമ്പോൾ ആ വ്യക്തിയെ അടുത്ത് അറിയാനും അങ്ങനെ അദ്ദേഹവുമായുള്ള നമ്മുടെ സുഹൃദ്ബന്ധം ആഴമുള്ളതാക്കാനും കഴിയും. ഇതുപോലെ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് നമ്മൾ എത്രയധികം പഠിക്കുന്നുവോ അത്ര നന്നായി, യഹോവ എങ്ങനെയുള്ളവനാണെന്നു മനസ്സിലാക്കാനും യഹോവയുമായുള്ള സുഹൃദ്ബന്ധം ആഴമുള്ളതാക്കാനും കഴിയും. ദൈവത്തിന്റെ ശ്രേഷ്ഠമായ ഗുണങ്ങളിൽ നാലെണ്ണം ഏറ്റവും മികച്ചുനിൽക്കുന്നു. അവയാണു ശക്തി, ജ്ഞാനം, നീതി, സ്നേഹം.
ദൈവം ശക്തനാണ്
“പരമാധികാരിയായ യഹോവേ, മഹാശക്തികൊണ്ടും നീട്ടിയ കരംകൊണ്ടും അങ്ങ് ആകാശവും ഭൂമിയും ഉണ്ടാക്കിയല്ലോ.”—യിരെമ്യ 32:17.
സൃഷ്ടികളിൽ ദൈവത്തിന്റെ ശക്തി കാണാം. ഉദാഹരണത്തിന് നട്ടുച്ച നേരത്ത് വെയിലത്തു നിന്നാൽ നിങ്ങൾക്ക് നല്ല ചൂടു തോന്നില്ലേ? വാസ്തവത്തിൽ യഹോവയുടെ ശക്തി അപ്പോൾ നിങ്ങൾ അനുഭവിച്ച് അറിയുകയാണ്. സൂര്യന് എത്രത്തോളം ശക്തിയുണ്ട്? സൂര്യന്റെ ഉൾക്കാമ്പിലെ ചൂട് 1,50,00,000 ഡിഗ്രി സെൽഷ്യസ് ആണെന്നു പറയപ്പെടുന്നു. ഓരോ സെക്കന്റിലും സൂര്യൻ പുറത്തു വിടുന്ന ഊർജം ശതകോടിക്കണക്കിന് അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാകുന്ന ഊർജത്തിനു തുല്യമാണ്.
എന്നാൽ എണ്ണമറ്റ നക്ഷത്രങ്ങളിൽ പലതുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യൻ തീരെ ചെറുതാണ്. ഭീമൻ നക്ഷത്രങ്ങളിൽ ഒന്നായ യുവൈ സ്കുട്ടിയുടെ വ്യാസം സൂര്യന്റേതിനെക്കാൾ 1,700 മടങ്ങാണ്. സൂര്യന്റെ സ്ഥാനത്ത് യുവൈ സ്കുട്ടിയെ വെച്ചാൽ അതു ഭൂമിയും കഴിഞ്ഞ് അങ്ങു വ്യാഴം വരെ എത്തിനിൽക്കും. യഹോവ തന്റെ മഹാശക്തി ഉപയോഗിച്ച് ആകാശവും ഭൂമിയും, അതായതു പ്രപഞ്ചം, ഉണ്ടാക്കി എന്ന യിരെമ്യയുടെ വാക്കുകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ഒരുപക്ഷേ ഇതു സഹായിച്ചേക്കും.
മത്തായി 11:5) ഇന്നോ? ബൈബിൾ പറയുന്നു: “ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു, . . . യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.” (യശയ്യ 40:29, 31) നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പരിശോധനകളും ബുദ്ധിമുട്ടുകളും സഹിച്ചുനിൽക്കാനോ നേരിടാനോ ആവശ്യമായ “അസാധാരണശക്തി” തരാൻ ദൈവത്തിനു കഴിയും. (2 കൊരിന്ത്യർ 4:7) പരിധികളില്ലാത്ത തന്റെ ശക്തി സ്നേഹപൂർവം നമുക്കുവേണ്ടി ഉപയോഗിക്കുന്ന ദൈവത്തോട് അടുക്കാൻ നിങ്ങൾക്കു തോന്നുന്നില്ലേ?
ദൈവത്തിന്റെ ശക്തിയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു? നമ്മുടെ ജീവൻ നിലനിൽക്കണമെങ്കിൽ ദൈവത്തിന്റെ സൃഷ്ടികളായ സൂര്യനും ഭൂമിയിലെ മറ്റു പ്രകൃതിവിഭവങ്ങളും ആവശ്യമാണ്. കൂടാതെ ദൈവം ഓരോ വ്യക്തികളെയും സഹായിക്കുന്നതിനുവേണ്ടി തന്റെ ശക്തി ഉപയോഗിക്കുന്നു. എങ്ങനെ? ഒന്നാം നൂറ്റാണ്ടിൽ, അത്ഭുതം ചെയ്യാനുള്ള ശക്തി ദൈവം യേശുവിനു കൊടുത്തു. ബൈബിളിൽ ഇങ്ങനെ പറയുന്നു: “അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു.” (ദൈവം ജ്ഞാനിയാണ്
“യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം! അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.”—സങ്കീർത്തനം 104:24.
ദൈവം ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ എത്രയധികം പഠിക്കുന്നുവോ, ദൈവത്തിന്റെ ജ്ഞാനം അത്രയധികം നമ്മളെ അത്ഭുതപ്പെടുത്തും. ശാസ്ത്രജ്ഞന്മാർ യഹോവയുടെ സൃഷ്ടികളെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചും പ്രകൃതിയിൽ കാണുന്ന രൂപകല്പനകൾ പകർത്തിയും അവരുടെ ഡിസൈനുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ക്യാമറയുടെ ലെൻസ് മുതൽ വിമാനം വരെ ഇതിൽപ്പെടും. ഈ പഠനമേഖലയെ ബയോമിമെറ്റിക്സ് അഥവാ ബയോമിമിക്രി എന്നാണു വിളിക്കുന്നത്.
മനുഷ്യനേത്രം സൃഷ്ടിയിലെ ഒരു അത്ഭുതമാണ്
ദൈവത്തിന്റെ ജ്ഞാനം മനസ്സിലാക്കാൻ മനുഷ്യശരീരത്തെക്കാൾ പറ്റിയ വേറൊന്നില്ല. ഉദാഹരണത്തിന് ബീജസങ്കലനം നടന്ന കോശം ഒരു കുഞ്ഞായി മാറുന്നതിനെക്കുറിച്ച് ചിന്തിക്കൂ. ആ കോശത്തിൽ, ആവശ്യമായ എല്ലാ ജനിതകനിർദേശങ്ങളും അടങ്ങിയിട്ടുണ്ട്. ആ കോശം വിഭജിച്ച് അതുപോലുള്ള മറ്റു കോശങ്ങളുണ്ടാകുന്നു. എന്നാൽ കൃത്യസമയത്ത് ആ കോശങ്ങൾ രക്തകോശങ്ങൾ, നാഡീകോശങ്ങൾ, അസ്ഥികോശങ്ങൾ എന്നിങ്ങനെ നൂറുകണക്കിനു വ്യത്യസ്തതരം കോശങ്ങളായി രൂപപ്പെടാൻ തുടങ്ങും. അധികം വൈകാതെ അവയവങ്ങൾ രൂപപ്പെടുകയും പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. വെറും ഒമ്പതു മാസംകൊണ്ട് ആ ആദ്യത്തെ കോശം വളർന്ന് കോടിക്കണക്കിനു കോശങ്ങളുള്ള ഒരു ശിശുവായി മാറും. ഇതുപോലുള്ള സൃഷ്ടിക്രിയകൾക്കു പിന്നിലെ ജ്ഞാനം തിരിച്ചറിയുന്ന പലരും, “ഭയാദരവ് തോന്നുംവിധം അതിശയകരമായി എന്നെ ഉണ്ടാക്കിയതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു” എന്നു പറഞ്ഞ ബൈബിളെഴുത്തുകാരന്റെ വാക്കുകളോടു യോജിക്കും.—സങ്കീർത്തനം 139:14.
ദൈവത്തിന്റെ ജ്ഞാനത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു? നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ എന്തു ചെയ്യണമെന്നു സ്രഷ്ടാവിന് അറിയാം. തന്റെ അപാരമായ അറിവിൽനിന്ന് അടർത്തിയെടുത്ത ജ്ഞാനോപദേശങ്ങൾ തന്റെ വചനമായ ബൈബിളിലൂടെ ദൈവം തരുന്നു. ഉദാഹരണത്തിന്, “അന്യോന്യം ഉദാരമായി ക്ഷമിക്കുക” എന്നു ബൈബിൾ പറയുന്നു. (കൊലോസ്യർ 3:13) ഇത് ഒരു ജ്ഞാനോപദേശമാണോ? അതെ. ക്ഷമിക്കുന്നതു നമ്മുടെ രക്തസമ്മർദം കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുമെന്നാണു പഠനങ്ങൾ കാണിക്കുന്നത്. കൂടാതെ, അതു വിഷാദവും മറ്റ് ആരോഗ്യപ്രശ്നങ്ങളും വരാനുള്ള സാധ്യതയും കുറച്ചേക്കാം. ദൈവം ജ്ഞാനിയായ, കരുതലുള്ള ഒരു സുഹൃത്തിനെപ്പോലെയാണ്. അതുകൊണ്ട്, നമുക്കു പ്രയോജനം ചെയ്യുന്ന, സഹായകമായ ഉപദേശങ്ങൾ എപ്പോഴും തന്നുകൊണ്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) ഇതുപോലൊരു സുഹൃത്തുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
ദൈവം നീതിമാനാണ്
“യഹോവ നീതിയെ സ്നേഹിക്കുന്നു.”—സങ്കീർത്തനം 37:28.
ദൈവം എപ്പോഴും ശരിയായതു ചെയ്യും. സത്യത്തിൽ, “ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് ദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.” (ഇയ്യോബ് 34:10) ദൈവം നീതിയോടെയേ ന്യായം വിധിക്കൂ. യഹോവയെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “അങ്ങ് ജനതകളെ നീതിയോടെ വിധിക്കുമല്ലോ.” (സങ്കീർത്തനം 67:4) “ഹൃദയത്തിന് ഉള്ളിലുള്ളതു” കാണാൻ കഴിയുന്നതുകൊണ്ട് യഹോവയെ കബളിപ്പിക്കാൻ കഴിയില്ല. സത്യാവസ്ഥ മനസ്സിലാക്കാനും കൃത്യമായി ന്യായം വിധിക്കാനും ദൈവത്തിന് എപ്പോഴും കഴിയും. (1 ശമുവേൽ 16:7) കൂടാതെ, ഭൂമിയിൽ നടക്കുന്ന എല്ലാ അഴിമതിയും അനീതിയും ദൈവത്തിന് അറിയാം. പെട്ടെന്നുതന്നെ “ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും” എന്നു ദൈവം പ്രതിജ്ഞ ചെയ്തിരിക്കുന്നു.—സുഭാഷിതങ്ങൾ 2:22.
എന്നാൽ, എപ്പോഴും ശിക്ഷിക്കാൻ നോക്കിനടക്കുന്ന ക്രൂരനായ ഒരു ന്യായാധിപനല്ല ദൈവം. വേണ്ടിടത്തു കരുണ കാണിക്കാനും ദൈവത്തിന് അറിയാം. മാനസാന്തരപ്പെടുന്ന ദുഷ്ടരോടുപോലും ‘യഹോവ കരുണയും അനുകമ്പയും’ കാണിക്കുമെന്നു ബൈബിൾ പറയുന്നു. ഇതല്ലേ ശരിയായ നീതി?—സങ്കീർത്തനം 103:8; 2 പത്രോസ് 3:9.
ദൈവത്തിന്റെ നീതിയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു? അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’ (പ്രവൃത്തികൾ 10:34, 35) ദൈവം പക്ഷപാതം കാണിക്കാത്തതുകൊണ്ട് ദൈവത്തിന്റെ നീതിയിൽനിന്ന് നമുക്ക് പ്രയോജനം കിട്ടുന്നു. നമ്മുടെ വംശമോ ദേശമോ വിദ്യാഭ്യാസമോ സാമൂഹികനിലയോ എന്തായിരുന്നാലും നമുക്കു ദൈവത്തിന്റെ അംഗീകാരം നേടാനും ദൈവത്തെ ആരാധിക്കാനും കഴിയും.
മുഖപക്ഷമില്ലാത്തതുകൊണ്ട് നമ്മുടെ വംശമോ സാമൂഹികനിലയോ ദൈവം കാര്യമാക്കുന്നില്ല
നമ്മൾ തന്റെ നീതിയെക്കുറിച്ച് മനസ്സിലാക്കാനും അതിൽനിന്ന് പ്രയോജനം നേടാനും ദൈവം ആഗ്രഹിക്കുന്നു. അതിനു ദൈവം നമുക്കു മനസ്സാക്ഷി തന്നിരിക്കുന്നു. നമ്മുടെ പെരുമാറ്റം ശരിയാണോ തെറ്റാണോ എന്നു ‘സാക്ഷി പറയുന്ന,’ ‘ഹൃദയങ്ങളിൽ എഴുതപ്പെട്ട’ നിയമം എന്നാണു മനസ്സാക്ഷിയെക്കുറിച്ച് ബൈബിൾ പറയുന്നത്. (റോമർ 2:15) ഇതു നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെയാണ്? മനസ്സാക്ഷിയെ ശരിയായി പരിശീലിപ്പിച്ചാൽ ഹാനികരമായ കാര്യങ്ങളും അനീതിയും ഒഴിവാക്കാൻ അതു നമ്മളെ സഹായിക്കും. നമ്മൾ ഒരു തെറ്റു ചെയ്താൽ പശ്ചാത്തപിക്കാനും ആ തെറ്റു തിരുത്താനും അതു പ്രേരിപ്പിക്കും. ദൈവത്തിന്റെ നീതിബോധത്തെക്കുറിച്ച് മനസ്സിലാക്കുന്നതു ദൈവത്തോട് അടുക്കാൻ നമ്മളെ സഹായിക്കും.
ദൈവം സ്നേഹമാണ്
“ദൈവം സ്നേഹമാണ്.”—1 യോഹന്നാൻ 4:8.
ദൈവത്തിനു ശക്തിയും ജ്ഞാനവും നീതിയും ഉണ്ട്. എന്നാൽ ദൈവം ശക്തിയാണ്, ജ്ഞാനമാണ്, നീതിയാണ് എന്നൊന്നും ബൈബിൾ പറയുന്നില്ല. പക്ഷേ ദൈവം സ്നേഹമാണ് എന്ന് അതു പറയുന്നു. എന്തുകൊണ്ട്? ദൈവത്തിന്റെ ശക്തി ദൈവത്തെ പ്രവർത്തിക്കാൻ പ്രാപ്തനാക്കുന്നു എന്നും നീതിയും ജ്ഞാനവും ദൈവത്തിന്റെ പ്രവൃത്തികളെ നയിക്കുന്നു എന്നും ന്യായമായും പറയാൻ കഴിയും. എന്നാൽ സ്നേഹമാണ് പ്രവർത്തിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്നത്. ദൈവത്തിന്റെ എല്ലാ പ്രവൃത്തികളിലും സ്നേഹം കാണാം.
യഹോവയ്ക്ക് ഒന്നിനും ഒരു കുറവില്ല. എങ്കിലും തന്റെ സ്നേഹത്തിൽനിന്നും പരിപാലനത്തിൽനിന്നും പ്രയോജനം നേടാൻ കഴിയുന്ന ബുദ്ധിശക്തിയുള്ള ജീവികളെ സ്വർഗത്തിലും ഭൂമിയിലും സൃഷ്ടിക്കാൻ സ്നേഹം ദൈവത്തെ പ്രേരിപ്പിച്ചു. ഒരു സ്വാർഥലക്ഷ്യവും കൂടാതെ, മനുഷ്യർക്കു താമസിക്കാൻ കഴിയുന്ന ഒരു നല്ല ഭവനമായി ദൈവം ഭൂമിയെ ഒരുക്കി. “ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും” ചെയ്തുകൊണ്ട് ദൈവം എല്ലാ മനുഷ്യരെയും ഇപ്പോഴും സ്നേഹിക്കുന്നു.—മത്തായി 5:45.
കൂടാതെ, “യഹോവ വാത്സല്യവും കരുണയും നിറഞ്ഞ” ദൈവമാണ്. (യാക്കോബ് 5:11) തന്നെക്കുറിച്ച് അറിയാനും തന്നോട് അടുക്കാനും ആത്മാർഥമായി ശ്രമിക്കുന്നവരോടു ദൈവത്തിന് അടുപ്പം തോന്നും. അവരെ ഒരു കൂട്ടമായിട്ടല്ല ദൈവം കാണുന്നത്, അവരെ ഓരോരുത്തരെയും സുഹൃത്താക്കാൻ ദൈവം ആഗ്രഹിക്കുന്നു. സത്യത്തിൽ, ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ്.’—1 പത്രോസ് 5:7.
ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു? സൂര്യാസ്തമയത്തിന്റെ ഭംഗി നമ്മൾ ആസ്വദിക്കുന്നു. ഒരു കുഞ്ഞിന്റെ ചിരി നമ്മളെ സന്തോഷിപ്പിക്കും. കുടുംബാംഗങ്ങളുടെ സ്നേഹം നമ്മൾ വിലയേറിയതായി കാണുന്നു. ജീവിക്കാൻ ഇതൊന്നും വേണ്ടെങ്കിലും നമ്മുടെ ജീവിതത്തിനു നിറം നൽകുന്ന കാര്യങ്ങളാണ് ഇവയെല്ലാം.
പ്രാർഥനയിൽ ദൈവത്തോടു സംസാരിക്കാൻ നമ്മളെ അനുവദിച്ചിരിക്കുന്നതും ദൈവസ്നേഹത്തിന്റെ തെളിവാണ്. ഇതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? ബൈബിൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.” സ്നേഹവാനായ ഒരു പിതാവിനെപ്പോലെ, തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽപ്പോലും നമ്മൾ സഹായം ചോദിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അപ്പോൾ, “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നമുക്കു തരുമെന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്.—ഫിലിപ്പിയർ 4:6, 7.
ദൈവത്തിന്റെ പ്രമുഖഗുണങ്ങളായ ശക്തി, ജ്ഞാനം, നീതി, സ്നേഹം എന്നിവയെക്കുറിച്ച് പരിശോധിച്ചപ്പോൾ ദൈവം എങ്ങനെയുള്ളവനാണെന്നു വ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞോ? ദൈവത്തോടുള്ള നിങ്ങളുടെ വിലമതിപ്പു കൂട്ടാൻ, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടി ദൈവം ഇതിനോടകം ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ചും ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
ദൈവം എങ്ങനെയുള്ളവനാണ്? യഹോവ മറ്റാരെക്കാളും ശക്തനും ജ്ഞാനിയും നീതിമാനും ആണ്. എന്നാൽ ഏറ്റവും ആകർഷകമായതു ദൈവത്തിന്റെ സ്നേഹമാണ്