ദൈവത്തിന്റെ പേര് എന്താണ്?
നമ്മൾ ആരെയെങ്കിലും പരിചയപ്പെടുമ്പോൾ ആദ്യം എന്തായിരിക്കും ചോദിക്കുക? “പേര് എന്താണ്” എന്ന്. ഇതേ ചോദ്യം ദൈവത്തോടു ചോദിച്ചാൽ എന്തായിരിക്കും മറുപടി?
“യഹോവ! അതാണ് എന്റെ പേര്.”—യശയ്യ 42:8.
ഈ പേര് നിങ്ങൾ ആദ്യമായിട്ടാണോ കേൾക്കുന്നത്? ചിലപ്പോൾ ആയിരിക്കാം. കാരണം പല ബൈബിൾപരിഭാഷകരും ദൈവത്തിന്റെ പേര് വളരെ ചുരുക്കമായേ ഉപയോഗിക്കുന്നുള്ളൂ. ചിലർ അത് ഒട്ടുംതന്നെ ഉപയോഗിക്കുന്നില്ല. “കർത്താവ്” എന്ന സ്ഥാനപ്പേരാണ് മിക്കപ്പോഴും അവർ ഉപയോഗിക്കുന്നത്. ബൈബിൾ ആദ്യം എഴുതിയ ഭാഷയിൽ 7,000-ത്തിലധികം തവണ ദൈവത്തിന്റെ പേരുണ്ടായിരുന്നു. യ്, ഹ്, വ്, ഹ് എന്നതിനു തത്തുല്യമായ നാല് എബ്രായവ്യഞ്ജനങ്ങളാണ് ഈ പേരിലുള്ളത്. ഇംഗ്ലീഷിൽ “ജെഹോവ” എന്നാണു കാലങ്ങളായി പരിഭാഷപ്പെടുത്തുന്നത്.
സങ്കീർത്തനങ്ങളുടെ ചാവുകടൽ ചുരുൾ ഒന്നാം നൂറ്റാണ്ട്, എബ്രായ
ടിൻഡെയ്ലിന്റെ പരിഭാഷ 1530, ഇംഗ്ലീഷ്
റെയ്ന-വാലെറ പതിപ്പ് 1602, സ്പാനിഷ്
യൂണിയൻ വേർഷൻ 1919, ചൈനീസ്
ദൈവത്തിന്റെ പേര് എബ്രായപാഠങ്ങളിലും പല ബൈബിൾപരിഭാഷകളിലും കാണാം.
ദൈവത്തിന്റെ പേര്—അത് എത്ര പ്രധാനമാണ്?
ദൈവം തന്റെ പേരിനു വില കല്പിക്കുന്നു. ദൈവത്തിനു പേരിട്ടതു ദൈവംതന്നെയാണ്. യഹോവ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്: “ഇത് എന്നേക്കുമുള്ള എന്റെ പേരാണ്. തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്.” (പുറപ്പാട് 3:15) ഏതൊരു പേരിനെക്കാളും അധികം തവണ ദൈവത്തിന്റെ പേരാണു ബൈബിളിലുള്ളത്. സർവശക്തൻ, പിതാവ്, കർത്താവ്, ദൈവം തുടങ്ങിയ ദൈവത്തിന്റെ സ്ഥാനപ്പേരുകളെക്കാളും അബ്രാഹാം, മോശ, ദാവീദ്, യേശു തുടങ്ങിയ വ്യക്തിനാമങ്ങളെക്കാളും അധികം ദൈവത്തിന്റെ പേരാണു കാണുന്നത്. കൂടാതെ തന്റെ പേര് മറ്റുള്ളവർ അറിയാൻ യഹോവ ആഗ്രഹിക്കുന്നുമുണ്ട്. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”—സങ്കീർത്തനം 83:18.
യേശു ദൈവത്തിന്റെ പേരിനു വില കല്പിക്കുന്നു. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നോ ‘കർത്താവിന്റെ പ്രാർഥന’ എന്നോ അറിയപ്പെടുന്ന പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ അപേക്ഷിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു: “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.” (മത്തായി 6:9) യേശുതന്നെ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” (യോഹന്നാൻ 12:28) ദൈവത്തിന്റെ പേര് മഹത്ത്വപ്പെടുത്തുക എന്നതായിരുന്നു യേശു ജീവിതത്തിൽ പ്രാധാന്യം കൊടുത്ത കാര്യങ്ങളിൽ ഒന്ന്. അതുകൊണ്ടാണ് യേശു പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞത്: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.”—യോഹന്നാൻ 17:26.
ദൈവത്തെ അറിയുന്നവർ ഈ പേരിനു വില കല്പിക്കുന്നു. തങ്ങളുടെ സംരക്ഷണവും രക്ഷയും ദൈവത്തിന്റെ അതുല്യമായ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം പണ്ടത്തെ ദൈവജനം മനസ്സിലാക്കി. “യഹോവയുടെ പേര് ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.” (സുഭാഷിതങ്ങൾ 18:10) “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (യോവേൽ 2:32) ദൈവത്തിന്റെ പേര്, ദൈവത്തെ സേവിക്കുന്നവരെ വേർതിരിച്ചുകാണിക്കുമെന്നു ബൈബിൾ പറയുന്നു. “ആളുകളെല്ലാം അവരവരുടെ ദൈവത്തിന്റെ നാമത്തിൽ നടക്കും; എന്നാൽ നമ്മൾ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.”—മീഖ 4:5; പ്രവൃത്തികൾ 15:14.
ദൈവത്തിന്റെ പേര് വെളിപ്പെടുത്തുന്നത്
ഈ പേര് ദൈവത്തെ അതുല്യനാക്കുന്നു. പല പണ്ഡിതന്മാരും യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്ന് അഭിപ്രായപ്പെടുന്നു. താൻ ആരാണെന്നു മോശയോടു പറഞ്ഞപ്പോൾ യഹോവ തന്റെ പേരിന്റെ അർഥത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകി. യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും.” (പുറപ്പാട് 3:14) അങ്ങനെ നോക്കുമ്പോൾ ദൈവത്തിന്റെ പേര്, സകലവും അസ്തിത്വത്തിൽ വരാൻ ഇടയാക്കിയ സ്രഷ്ടാവ് എന്ന സ്ഥാനത്തെ മാത്രമല്ല അർഥമാക്കുന്നത്. ദൈവം തന്റെ ലക്ഷ്യം സാധിക്കാൻ എന്തായിത്തീരണമോ അതായിത്തീരുകയും തന്റെ സൃഷ്ടികൾ എന്തായിത്തീരണമോ അങ്ങനെ ആക്കിത്തീർക്കുകയും ചെയ്യുന്നു. സ്ഥാനപ്പേരുകൾ ദൈവത്തിന്റെ സ്ഥാനവും അധികാരവും ശക്തിയും വെളിപ്പെടുത്തുമ്പോൾ യഹോവ എന്ന പേര് ദൈവം ആരാണെന്നും ദൈവത്തിന് ആരാകാമെന്നും കാണിക്കുന്നു.
ഈ പേര് ദൈവത്തിനു നമ്മളോടുള്ള താത്പര്യം വെളിപ്പെടുത്തുന്നു. നമ്മളോടും മറ്റെല്ലാ സൃഷ്ടികളോടും ദൈവത്തിന് എത്ര അടുപ്പമുണ്ടെന്നു ദൈവത്തിന്റെ പേരിന്റെ അർഥം വ്യക്തമാക്കുന്നു. കൂടാതെ, ദൈവം തന്റെ പേര് അറിയിച്ചതു നമ്മൾ ദൈവത്തെ അറിയാൻ ദൈവം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. മാത്രമല്ല, നമ്മൾ ചോദിക്കുന്നതിനു മുമ്പേ ദൈവംതന്നെ മുൻകൈയെടുത്ത് തന്റെ പേര് നമ്മളെ അറിയിച്ചു. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത വിധം ദൂരെയെങ്ങോ സ്ഥിതി ചെയ്യുന്ന ഒരു ദേവനായല്ല, അടുക്കാൻ കഴിയുന്ന ഒരു യഥാർഥവ്യക്തിയായി നമ്മൾ ദൈവത്തെ കാണാനാണു ദൈവം ആഗ്രഹിക്കുന്നത്.—സങ്കീർത്തനം 73:28.
ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നതു ദൈവത്തോടുള്ള നമ്മുടെ താത്പര്യത്തെയാണു കാണിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ കൂട്ടുകാരനാക്കാൻ ആഗ്രഹിക്കുന്നയാളോടു നിങ്ങളുടെ പേര് വിളിച്ചുകൊള്ളാൻ നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ അയാൾ നിങ്ങളുടെ പേര് മനഃപൂർവം ഉപയോഗിക്കുന്നില്ലെങ്കിലോ? നിങ്ങൾക്ക് എന്തു തോന്നും? നിങ്ങളെ കൂട്ടുകാരനാക്കാൻ അയാൾക്കു ശരിക്കും ആഗ്രഹമുണ്ടോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ദൈവത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. യഹോവ മനുഷ്യരോടു തന്റെ പേരു പറയുകയും അത് ഉപയോഗിക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ പേര് ഉപയോഗിക്കുമ്പോൾ ദൈവത്തോട് അടുക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്നു കാണിക്കുകയാണ്. ‘ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുന്നവരെപ്പോലും (അഥവാ ‘ചിന്തിക്കുന്നവരെപ്പോലും,’ അടിക്കുറിപ്പ്)’ ദൈവം ശ്രദ്ധിക്കുന്നു.—മലാഖി 3:16.
ദൈവത്തെ അറിയുന്നതിന്റെ ആദ്യപടിയാണു ദൈവത്തിന്റെ പേര് അറിയുന്നത്. പക്ഷേ അവിടംകൊണ്ട് നിറുത്തരുത്. ആ പേരിന്റെ ഉടമയെക്കുറിച്ച് നമ്മൾ കൂടുതൽ മനസ്സിലാക്കണം. ദൈവം എങ്ങനെയുള്ളവനാണെന്നു നമ്മൾ അറിയണം.
ദൈവത്തിന്റെ പേര് എന്താണ്? യഹോവ എന്നാണു ദൈവത്തിന്റെ പേര്. ആ പേര് തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ കഴിവുള്ള ഒരു വ്യക്തിയായി ദൈവത്തെ തിരിച്ചറിയിക്കുന്നു.