വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടയന്മാരേ, ഇടയശ്രേഷ്‌ഠന്മാരെ മാതൃകയാക്കുക

ഇടയന്മാരേ, ഇടയശ്രേഷ്‌ഠന്മാരെ മാതൃകയാക്കുക

‘ക്രിസ്‌തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചു. നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്‌തിരിക്കുന്നു.’—1 പത്രോ. 2:21.

1, 2. (എ) ആടുകൾ നന്നായി പരിപാലിക്കപ്പെടുമ്പോൾ എന്തു ഫലമുണ്ടാകും? (ബി) യേശുവിന്റെ നാളിലെ അനേകരും ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നത്‌ എന്തുകൊണ്ട്‌?

 ആടുകളുടെ കാര്യത്തിൽ ഇടയൻ നല്ല കരുതലും താത്‌പര്യവും കാണിക്കുമ്പോൾ ആട്ടിൻകൂട്ടം പുഷ്ടിപ്പെടും. ഇതു ശരിവെച്ചുകൊണ്ട്‌ ആടുവളർത്തലിനെക്കുറിച്ചുള്ള ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “ഇടയൻ ആടുകളെ കേവലം മേച്ചിൽപ്പുറത്തു വിടുന്നതല്ലാതെ മറ്റൊരു ശ്രദ്ധയും നൽകുന്നില്ലെങ്കിൽ ഏതാനും വർഷത്തിനുള്ളിൽ അവയിൽ പലതും ദീനംപിടിച്ചും ആരോഗ്യം ക്ഷയിച്ചും പോകും. അങ്ങനെ ആ കൂട്ടം അയാൾക്ക്‌ യാതൊരു ആദായവും നൽകാത്തതായിത്തീരും.” എന്നാൽ ആടുകളെ ശരിയായി പരിപാലിക്കുന്ന ഒരു ഇടയന്റെ ആട്ടിൻപറ്റം നന്നായി അഭിവൃദ്ധിപ്പെടും.

2 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ പരിപാലനം ഏൽപ്പിച്ചിരിക്കുന്ന ഇടയന്മാർ ഓരോ ആടിനും നൽകുന്ന ശ്രദ്ധയുടെയും കരുതലിന്റെയും തോത്‌ അനുസരിച്ചായിരിക്കും മുഴുസഭയുടെയും ആത്മീയാരോഗ്യം. “ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും” ആയ ജനക്കൂട്ടത്തെ കണ്ട്‌ യേശുവിന്റെ മനസ്സലിഞ്ഞ കാര്യം നിങ്ങൾ ഓർക്കുന്നുണ്ടാകും. (മത്താ. 9:36) അവർ എന്തുകൊണ്ടാണ്‌ അങ്ങനെയൊരു ദയനീയസ്ഥിതിയിലായിപ്പോയത്‌? അവരെ ന്യായപ്രമാണം പഠിപ്പിക്കാൻ നിയുക്തരായിരുന്നവർ പരുക്കൻപ്രകൃതക്കാരും അനാവശ്യനിഷ്‌കർഷകൾ വെക്കുന്നവരും കാപട്യമുള്ളവരും ആയിരുന്നതാണ്‌ കാരണം. ഇസ്രായേലിന്റെ ആത്മീയനേതാക്കന്മാർ തങ്ങളുടെ ആടുകളെ പോറ്റിവളർത്തുകയും സഹായിക്കുകയും ചെയ്യുന്നതിനു പകരം അവരുടെ ചുമലിലേക്ക്‌ “ഭാരമുള്ള ചുമടുകൾ” വെച്ചുകൊടുത്തു.—മത്താ. 23:4.

3. സഭാമൂപ്പന്മാർ ആത്മീയയിടയന്മാർ എന്ന ഭാഗധേയം നിർവഹിക്കുമ്പോൾ എന്തു മനസ്സിൽപ്പിടിക്കണം?

3 ഇന്ന്‌ ക്രിസ്‌തീയസഭയിലെ ഇടയന്മാർക്ക്‌, അതായത്‌ നിയമിതമൂപ്പന്മാർക്ക്‌, ഗൗരവമേറിയ ഉത്തരവാദിത്വമാണുള്ളത്‌. അവരുടെ പരിപാലനയിലുള്ള ആടുകൾ യഹോവയുടെയും ‘നല്ല ഇടയനായ’ യേശുവിന്റെയും സ്വന്തമാണ്‌. (യോഹ. 10:11) അവയെ യേശു തന്റെ “വിലയേറിയ രക്തത്താൽ” “വിലയ്‌ക്കു” വാങ്ങിയിരിക്കുന്നു. (1 കൊരി. 6:20; 1 പത്രോ. 1:18, 19) ആടുകളെ അത്രയേറെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ അവയ്‌ക്കുവേണ്ടി അവൻ മനസ്സോടെ തന്റെ ജീവൻ ഒരു യാഗമായി അർപ്പിച്ചത്‌. അതുകൊണ്ട്‌ മൂപ്പന്മാർ എല്ലായ്‌പോഴും ഓർക്കേണ്ട ഒരു വസ്‌തുതയുണ്ട്‌: “ആടുകളുടെ വലിയ ഇടയ”നും ദൈവത്തിന്റ പ്രിയപുത്രനും ആയ യേശുക്രിസ്‌തുവിന്റെ മേൽവിചാരണയിലുള്ള കീഴിടയന്മാരാണ്‌ തങ്ങൾ എന്ന കാര്യം.—എബ്രാ. 13:20.

4. ഈ ലേഖനത്തിലൂടെ നാം എന്താണ്‌ കാണാൻ പോകുന്നത്‌?

4 അങ്ങനെയെങ്കിൽ, ക്രിസ്‌തീയമൂപ്പന്മാർ ആടുകളോട്‌ എങ്ങനെയാണ്‌ ഇടപെടേണ്ടത്‌? “നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്‌” നടക്കാൻ സഭാംഗങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു. അതേസമയം, “ദൈവത്തിന്‌ അവകാശപ്പെട്ടവരുടെമേൽ ആധിപത്യം” നടത്താൻ പാടില്ലെന്ന്‌ ക്രിസ്‌തീയമൂപ്പന്മാരോടും പറഞ്ഞിരിക്കുന്നു. (എബ്രാ. 13:17; 1 പത്രോസ്‌ 5:2, 3 വായിക്കുക.) ആ സ്ഥിതിക്ക്‌, നിയമിതമൂപ്പന്മാർക്ക്‌ ആട്ടിൻകൂട്ടത്തിന്റെമേൽ “ആധിപത്യം” പുലർത്താതെ നേതൃത്വമെടുക്കാൻ എങ്ങനെ കഴിയും? എന്നുവച്ചാൽ, ദൈവം മേൽവിചാരകന്മാർക്കു നൽകിയിരിക്കുന്ന അധികാരപരിധി മറികടക്കാതെ അവർക്ക്‌ എങ്ങനെ ആടുകളുടെ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കാം?

‘കുഞ്ഞാടുകളെ മാർവ്വിടത്തിൽ ചേർത്തു വഹിക്കുന്നു’

5. യെശയ്യാവു 40:11 യഹോവയെ എങ്ങനെ വർണിക്കുന്നു?

5 യഹോവയെ പ്രവാചകനായ യെശയ്യാവ്‌ ഇങ്ങനെ വർണിക്കുന്നു: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശ. 40:11) ഈ വാങ്‌മയചിത്രത്തിന്റെ പൊരുൾ എന്താണ്‌? സഭയിലെ ക്ഷീണിതരും ദുർബലരും ആയ അംഗങ്ങളുടെ ആവശ്യങ്ങൾക്കായി യഹോവ കരുതുന്നു എന്നല്ലേ? ഇടയൻ കൂട്ടത്തിലെ ഓരോ ആടിന്റെയും അപ്പപ്പോഴത്തെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവ നിറവേറ്റാൻ തയ്യാറായിരിക്കുകയും ചെയ്യുന്നു. അതുപോലെ യഹോവ സഭയിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങൾ അറിഞ്ഞ്‌ മനസ്സോടെ വേണ്ടതു ചെയ്യുന്നു. പിറന്ന്‌ അധികമാകാത്ത കുഞ്ഞാടിനെ ഇടയൻ കൈകളിലെടുത്ത്‌ മേലങ്കിയുടെ മടക്കിൽ ചേർത്തുവെച്ച്‌ കൊണ്ടുപോകുന്നതുപോലെ ‘മനസ്സലിവുള്ള പിതാവായ’ യഹോവ ക്ലേശപൂർണമായ സമയങ്ങളിൽ നമ്മെയും ചേർത്തുപിടിച്ച്‌ കൊണ്ടുപോകും. ജീവിതത്തിൽ കടുത്തപരീക്ഷണങ്ങൾ നേരിടുകയോ ഏതെങ്കിലുമൊരു പ്രത്യേകസഹായം വേണ്ടിവരുകയോ ചെയ്യുമ്പോൾ അവൻ നമ്മുടെ തുണയ്‌ക്കെത്തുകയും സാന്ത്വനിപ്പിക്കുകയും ചെയ്യും.—2 കൊരി. 1:3, 4.

6. ഒരു ഇടയനെന്ന നിലയിൽ മൂപ്പന്‌ യഹോവയുടെ മാതൃക എങ്ങനെ പിൻപറ്റാനാകും?

6 ക്രിസ്‌തീയസഭയിൽ ഇടയവേല ചെയ്യുന്നവർക്ക്‌ നമ്മുടെ സ്വർഗീയപിതാവിൽനിന്നും പകർത്താനാകുന്ന എത്ര ഉത്‌കൃഷ്ടമായ മാതൃക! ഓരോ മൂപ്പനും യഹോവയെപ്പോലെ ആടുകളുടെ ആവശ്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം. ആടുകൾ എന്തു ബുദ്ധിമുട്ടുകളാണ്‌ നേരിടുന്നത്‌, ഏതു പ്രത്യേകാവശ്യങ്ങൾക്കാണ്‌ ഉടനടി ശ്രദ്ധ കൊടുക്കേണ്ടത്‌ എന്നൊക്കെ അറിഞ്ഞിരുന്നാൽ മാത്രമേ, തക്ക പിന്തുണയും സഹായവും നൽകാൻ ഒരു ഇടയനു കഴിയൂ. (സദൃ. 27:23) സഹവിശ്വാസികളുമായി ഒരു മൂപ്പന്‌ നല്ല ആശയവിനിമയം ഉണ്ടായിരിക്കണം എന്നാണ്‌ അതിന്റെ അർഥം. ആടുകളുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാതെതന്നെ, സഭയിൽ അദ്ദേഹം നിരീക്ഷിക്കുകയും കേട്ടറിയുകയും ചെയ്യുന്ന കാര്യങ്ങളിൽ താത്‌പര്യമെടുക്കുകയും ‘ബലഹീനരെ താങ്ങുന്നതിന്‌’ മനസ്സോടെ മുമ്പോട്ട്‌ വരുകയും ചെയ്യുന്നു.—പ്രവൃ. 20:35; 1 തെസ്സ. 4:11.

7. (എ) യെഹെസ്‌കേലിന്റെയും യിരെമ്യാവിന്റെയും കാലത്ത്‌ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട്‌ ഇടയന്മാർ ഇടപെട്ടത്‌ എങ്ങനെയാണ്‌? (ബി) അവിശ്വസ്‌തരായ ഇടയന്മാർക്കുള്ള യഹോവയുടെ ശിക്ഷാവിധിയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

7 ദൈവം കുറ്റം വിധിച്ച ചില ഇടയന്മാരെക്കുറിച്ചു ചിന്തിക്കാം. യെഹെസ്‌കേലിന്റെയും യിരെമ്യാവിന്റെയും കാലത്തെ ഇടയന്മാരായിരുന്നു അവർ. വേണ്ടവിധത്തിൽ ആടുകളെ പരിപാലിക്കാൻ ചുമതലപ്പെട്ടവരായിരുന്നെങ്കിലും അവർ അങ്ങനെ ചെയ്‌തില്ല. അതുകൊണ്ട്‌ യഹോവ അവരെ തള്ളിക്കളഞ്ഞു. ആരും ശ്രദ്ധിക്കാനില്ലാതിരുന്നതിനാൽ ആട്ടിൻകൂട്ടം കാട്ടുമൃഗങ്ങൾക്ക്‌ ഇരയായിത്തീരുകയും ചിതറിപ്പോകുകയും ചെയ്‌തു. ആടുകളെ മേയ്‌ക്കുന്നതിനു പകരം ആ ഇടയന്മാർ അവയെ ചൂഷണം ചെയ്‌തുകൊണ്ട്‌ “തങ്ങളെത്തന്നേ” മേയ്‌ക്കുകയായിരുന്നു. (യെഹെ. 34:7-10; യിരെ. 23:1) ആ ഇടയന്മാർക്കുള്ള ദൈവത്തിന്റെ ശിക്ഷാവിധി ക്രൈസ്‌തവലോകത്തിലെ നേതാക്കന്മാർക്ക്‌ അതേപടി ബാധകമാകുന്നു. ക്രിസ്‌തീയമൂപ്പന്മാർ യഹോവയുടെ ആട്ടിൻകൂട്ടത്തെ കരുതലോടെ കാത്തുപാലിക്കണം എന്നതിന്‌ ഈ വസ്‌തുത അടിവരയിടുന്നു.

“ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു”

8. തെറ്റായ മനോഭാവം തിരുത്തിക്കൊടുക്കുന്നതിൽ യേശു ഉദാത്തമായൊരു മാതൃക വെച്ചത്‌ എങ്ങനെ?

8 ദൈവത്തിന്റെ ആടുകളിൽ ചിലർക്ക്‌ തങ്ങളുടെ അപൂർണതനിമിത്തം യഹോവ അവരിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ അത്ര പെട്ടെന്നു മനസ്സിലായെന്നുവരില്ല. അവർ തിരുവെഴുത്തുബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാതിരിക്കുകയോ ആത്മീയപക്വതയില്ലാത്ത വിധത്തിൽ പെരുമാറുകയോ ചെയ്‌തേക്കാം. അപ്പോൾ മൂപ്പന്മാർ എങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌? തങ്ങളിൽ ആരായിരിക്കും സ്വർഗരാജ്യത്തിൽ വലിയവൻ എന്നതു സംബന്ധിച്ച്‌ പലപ്പോഴും തർക്കിക്കുമായിരുന്ന ശിഷ്യന്മാരോട്‌ യേശു ക്ഷമയോടെ ഇടപെട്ട വിധം അവർ മാതൃകയാക്കണം. ക്ഷമ കൈവിടാതെ യേശു ശിഷ്യന്മാരെ തുടർന്നും പഠിപ്പിക്കുകയും താഴ്‌മ ശീലിക്കാനുള്ള വഴികൾ സ്‌നേഹപൂർവം ഉപദേശിച്ചുകൊടുക്കുകയും ചെയ്‌തു. (ലൂക്കോ. 9:46-48; 22:24-27) അവരുടെ കാലുകൾ കഴുകിക്കൊണ്ട്‌ യേശു താഴ്‌മയുടെ ഒരു ദൃശ്യമാതൃകയും വെച്ചു. ഇന്നുള്ള മേൽവിചാരകന്മാർ പകർത്തേണ്ട എത്ര ശ്രേഷ്‌ഠമായ ഗുണമാണ്‌ താഴ്‌മ!—യോഹന്നാൻ 13:12-15 വായിക്കുക; 1 പത്രോ. 2:21.

9. ഏതു മനോഭാവം വളർത്തിയെടുക്കാനാണ്‌ യേശു തന്റെ ശിഷ്യന്മാരോട്‌ ആവശ്യപ്പെട്ടത്‌?

9 ഒരു ആത്മീയയിടയൻ മറ്റുള്ളവരുടെ മേൽ ആധിപത്യം നടത്തുന്നവനായിരിക്കണം എന്നായിരിക്കാം യാക്കോബും യോഹന്നാനും ചിന്തിച്ചത്‌. അവർ രണ്ടുപേരും ദൈവരാജ്യത്തിൽ പ്രധാനസ്ഥാനം ഉറപ്പാക്കാൻ വഴി തേടി യേശുവിനെ സമീപിച്ചു. പക്ഷേ തികച്ചും ഭിന്നമായിരുന്നു യേശുവിന്റെ വീക്ഷണം. അവരുടെ മനോഭാവം തിരുത്തിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ജനതകളുടെ ഭരണകർത്താക്കൾ അവരുടെമേൽ ആധിപത്യം നടത്തുന്നെന്നും പ്രമാണിമാർ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾ അറിയുന്നുവല്ലോ. എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്‌; നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം.” (മത്തായി 20:25, 26) തങ്ങളുടെ കൂട്ടാളികളുടെ മേൽ ‘ആധിപത്യം നടത്താനുള്ള,’ അതായത്‌ അവരുടെ മേൽ യജമാനത്വം പുലർത്താനുള്ള, പ്രവണത ഈ അപ്പൊസ്‌തലന്മാർ ചെറുക്കേണ്ടതുണ്ടായിരുന്നു.

10. മൂപ്പന്മാർ ആട്ടിൻകൂട്ടത്തോട്‌ എങ്ങനെ ഇടപെടാനാണ്‌ യേശു ആഗ്രഹിക്കുന്നത്‌, ഇക്കാര്യത്തിൽ പൗലോസ്‌ എന്തു മാതൃക വെച്ചു?

10 താൻ ആട്ടിൻകൂട്ടത്തോട്‌ ഇടപെട്ടതുപോലെ ക്രിസ്‌തീയമൂപ്പന്മാർ ആടുകളോട്‌ ഇടപെടാൻ യേശു പ്രതീക്ഷിക്കുന്നു. സഹോദരങ്ങളുടെമേൽ യജമാനന്മാരായിട്ടല്ല പിന്നെയോ അവരുടെ ശുശ്രൂഷകരായി വർത്തിക്കാൻ മൂപ്പന്മാർ മനസ്സുള്ളവരായിരിക്കണം. പൗലോസ്‌ അപ്പൊസ്‌തലൻ അങ്ങനെയുള്ള ഒരാളായിരുന്നു. അതുകൊണ്ട്‌ എഫെസൊസ്‌ സഭയിലെ പ്രായമേറിയ പുരുഷന്മാരോട്‌ അവൻ ഇപ്രകാരം പറഞ്ഞു: “ഏഷ്യാപ്രവിശ്യയിൽ കാലുകുത്തിയ നാൾമുതൽ, നിങ്ങളോടൊപ്പം ആയിരുന്ന കാലം മുഴുവൻ ഞാൻ എങ്ങനെ ജീവിച്ചുവെന്ന്‌ നിങ്ങൾക്കു നന്നായി അറിയാമല്ലോ. അത്യധികം താഴ്‌മയോടു . . .. കൂടെ ഞാൻ കർത്താവിന്‌ അടിമവേല ചെയ്‌തു.” അതെ, ആ മൂപ്പന്മാരും തന്നെപ്പോലെ താഴ്‌മയോടും തികഞ്ഞ ആത്മാർഥതയോടും കൂടെ മറ്റുള്ളവരെ സഹായിക്കണമെന്ന്‌ അവൻ അഭിലഷിച്ചു. അതുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഇങ്ങനെ അധ്വാനിച്ചുകൊണ്ട്‌ നിങ്ങളും ബലഹീനരെ താങ്ങണമെന്ന്‌ സകലത്തിലും ഞാൻ നിങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു.” (പ്രവൃ. 20:18, 19, 35) താൻ അവരുടെ വിശ്വാസത്തിന്മേൽ യജമാനനല്ലെന്നും മറിച്ച്‌ അവരുടെ സന്തോഷം മുൻനിറുത്തിയുള്ള എളിയ കൂട്ടുവേലക്കാരൻ മാത്രമാണെന്നും കൊരിന്ത്യരോട്‌ അവൻ പറഞ്ഞു. (2 കൊരി. 1:24) താഴ്‌മയുള്ളവരും കഠിനാധ്വാനികളും ആയിരിക്കാൻ ഇന്നത്തെ മൂപ്പന്മാർക്കുള്ള നല്ല മാതൃകയാണ്‌ പൗലോസ്‌.

‘വിശ്വസ്‌തവചനത്തെ മുറുകെപ്പിടിക്കുക’

11, 12. തീരുമാനമെടുക്കാൻ ഒരു സഹവിശ്വാസിയെ മൂപ്പന്‌ എങ്ങനെയെല്ലാം സഹായിക്കാം?

11 ഒരു സഭാമൂപ്പൻ ‘തന്റെ പ്രബോധനത്തിൽ വിശ്വസ്‌തവചനത്തെ മുറുകെപ്പിടിക്കുന്നവൻ ആയിരിക്കണം.’ (തീത്തൊ. 1:9) അതേസമയം, “സൗമ്യതയുടെ ആത്മാവിലായിരിക്കണം” അദ്ദേഹം പ്രബോധിപ്പിക്കേണ്ടത്‌. (ഗലാ. 6:1) സഭയിലെ തന്റെ സഹോദരങ്ങൾ ഇന്നവിധത്തിൽ പെരുമാറണം എന്നു നിഷ്‌കർഷിക്കുന്നതിനു പകരം ഒരു നല്ല ഇടയൻ അവരുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു ചിന്തിക്കുന്നു. ഉദാഹരണത്തിന്‌, ഒരു സഹോദരൻ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാൻ പോകുകയാണെന്നിരിക്കട്ടെ. ആ വിഷയത്തിൽ കണക്കിലെടുക്കേണ്ട തിരുവെഴുത്തുതത്ത്വങ്ങൾ മൂപ്പന്‌ അദ്ദേഹത്തോടൊത്ത്‌ പരിചിന്തിക്കാനാകും. കൂടാതെ, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള വിവരങ്ങളും അവലോകനം ചെയ്യാം. ആ വിഷയത്തോടു ബന്ധപ്പെട്ട്‌ അദ്ദേഹം സ്വീകരിക്കാൻ സാധ്യതയുള്ള ഓരോ വഴിയും യഹോവയുമായുള്ള ബന്ധത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന്‌ മനസ്സിരുത്തി ചിന്തിക്കാൻ അദ്ദേഹത്തെ സഹായിക്കാം. തീരുമാനമെടുക്കുന്നതിനു മുമ്പ്‌ യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യവും മൂപ്പന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാം. (സദൃ. 3:5, 6) ഇങ്ങനെ, സഹവിശ്വാസിയുമായി കാര്യങ്ങൾ ചർച്ച ചെയ്‌തശേഷം ഒടുവിൽ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം മൂപ്പൻ അദ്ദേഹത്തിനു വിട്ടുകൊടുക്കുന്നു.—റോമ. 14:1-4.

12 തിരുവെഴുത്തുകൾ ആധാരമാക്കി മാർഗനിർദേശം നൽകാനുള്ള അധികാരമേ ക്രിസ്‌തീയമേൽവിചാരകന്മാർക്കുള്ളൂ. അതുകൊണ്ടുതന്നെ അവർ ബൈബിൾ നൈപുണ്യത്തോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും ബുദ്ധിയുപദേശങ്ങൾ എല്ലായ്‌പോഴും അതിനെ ആധാരമാക്കി നൽകാൻ ശ്രമിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അധികാരം ദുർവിനിയോഗം ചെയ്യാനുള്ള സാധ്യതയില്ലാതാകും. മൂപ്പന്മാർ കീഴിടയന്മാർ മാത്രമാണ്‌. ഓരോ സഭാംഗവും എടുക്കുന്ന തീരുമാനങ്ങൾക്ക്‌ അവരവർതന്നെ യഹോവയോടും യേശുവിനോടും കണക്കുബോധിപ്പിക്കേണ്ടതുണ്ട്‌.—ഗലാ. 6:5, 7, 8.

“അജഗണത്തിനു മാതൃകകളായി”

ശുശ്രൂഷയ്‌ക്കായി തയ്യാറാകാൻ മൂപ്പന്മാർ കുടുംബത്തെ സഹായിക്കുന്നു (13-ാം ഖണ്ഡിക കാണുക)

13, 14. ഏതെല്ലാം വിധങ്ങളിൽ ഒരു മൂപ്പൻ ആട്ടിൻകൂട്ടത്തിന്‌ മാതൃകയായിരിക്കണം?

13 “ദൈവത്തിന്‌ അവകാശപ്പെട്ടവരുടെമേൽ” ആധിപത്യം നടത്തരുതെന്ന്‌ സഭയിലെ പ്രായമേറിയ പുരുഷന്മാരോടു പറഞ്ഞശേഷം ‘അജഗണത്തിനു മാതൃകകളായിരിക്കാൻ’ പത്രോസ്‌ അപ്പൊസ്‌തലൻ അവരെ ഉദ്‌ബോധിപ്പിച്ചു. (1 പത്രോ. 5:3) ആട്ടിൻകൂട്ടത്തിന്‌ മാതൃകയായിരിക്കാൻ ഒരു മൂപ്പന്‌ എങ്ങനെ കഴിയും? “മേൽവിചാരകപദത്തിലെത്താൻ യത്‌നിക്കുന്ന” ഒരു പുരുഷൻ കൈവരിക്കേണ്ട രണ്ട്‌ യോഗ്യതകളെക്കുറിച്ചു നോക്കുക. അദ്ദേഹം “സുബോധമുള്ളവനും” കുടുംബമുണ്ടെങ്കിൽ, “കുടുംബത്തെ നന്നായി നയിക്കുന്നവനും ആയിരിക്കണം.” കാരണം, “സ്വന്തകുടുംബത്തെ നയിക്കാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?” (1 തിമൊ. 3:1, 2, 4, 5) മേൽവിചാരകപദത്തിന്‌ യോഗ്യനാകാൻ ഒരു പുരുഷൻ സുബോധമുള്ളവനായിരിക്കണമെന്നു നാം കണ്ടു. അതിന്റെ അർഥം, അദ്ദേഹം ദൈവികതത്ത്വങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളവനും സ്വന്തം ജീവിതത്തിൽ അത്‌ എങ്ങനെ ബാധകമാക്കാമെന്ന്‌ അറിയാവുന്നവനും ആയിരിക്കണമെന്നാണ്‌. അതുപോലെ, അദ്ദേഹം സമചിത്തതയുള്ളവനും എടുത്തുചാടി തീരുമാനങ്ങളെടുക്കാത്തവനും ആയിരിക്കണം. ഈ ഗുണങ്ങൾ ഒരു മൂപ്പനിൽ കാണുമ്പോൾ സഹോദരങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യും.

14 സഹോദരങ്ങൾക്കു മാതൃകയാകാൻ മൂപ്പന്മാർക്കു കഴിയുന്ന മറ്റൊരു മണ്ഡലമാണ്‌ വയൽശുശ്രൂഷ. പ്രസംഗവേലയ്‌ക്കായി മുന്നിട്ടിറങ്ങുക. ഇക്കാര്യത്തിൽ യേശു മേൽവിചാരകന്മാർക്ക്‌ മാതൃകവെച്ചു. രാജ്യസുവാർത്ത പ്രസംഗിക്കുന്നത്‌ അവന്റെ ഭൗമികശുശ്രൂഷയുടെ ഒരു പ്രധാനഭാഗമായിരുന്നു. ഈ വേല ചെയ്യേണ്ട വിധം അവൻ ശിഷ്യന്മാർക്കു കാണിച്ചുകൊടുക്കുകയും ചെയ്‌തു. (മർക്കോ. 1:38; ലൂക്കോ. 8:1) മൂപ്പന്മാരോടൊത്ത്‌ പ്രസംഗവേലയിൽ ഏർപ്പെടുന്നതും ജീവരക്ഷാകരമായ ഈ വേലയിലുള്ള അവരുടെ തീക്ഷ്‌ണത നേരിട്ടുകാണുന്നതും അവരുടെ പഠിപ്പിക്കൽരീതികൾ കണ്ടുപഠിക്കുന്നതും പ്രസാധകരെ എത്രകണ്ട്‌ ഉത്സാഹിപ്പിക്കും! മേൽവിചാരകന്മാർ വളരെ തിരക്കുള്ളവരാണ്‌. എന്നിട്ടും തങ്ങളുടെ സമയവും ഊർജവും പ്രസംഗവേലയ്‌ക്ക്‌ മടികൂടാതെ ചെലവിടാനുള്ള അവരുടെ നിശ്ചയദാർഢ്യം സമാനമായ തീക്ഷ്‌ണത കാണിക്കാൻ മുഴുസഭയെയും പ്രചോദിപ്പിക്കുന്നു. സഭായോഗങ്ങൾക്കുവേണ്ടി നന്നായി തയ്യാറായിക്കൊണ്ടും പങ്കുപറ്റിക്കൊണ്ടും മൂപ്പന്മാർക്ക്‌ നല്ല മാതൃക വെക്കാനാകും. അതുപോലെ, രാജ്യഹാൾ ശുചീകരണവും കേടുപോക്കലും പോലുള്ള പ്രവർത്തനങ്ങളിൽ മൂപ്പന്മാർ ഉൾപ്പെടുന്നതും സഹോദരങ്ങൾക്കു പ്രേരണയാകും.—എഫെ. 5:15, 16; എബ്രായർ 13:7 വായിക്കുക.

മേൽവിചാരകന്മാർ വയൽശുശ്രൂഷയിൽ മാതൃകവെക്കുന്നു (14-ാം ഖണ്ഡിക കാണുക)

“ബലഹീനരെ താങ്ങുവിൻ”

15. മൂപ്പന്മാർ ഇടയസന്ദർശനം നടത്തുന്നതിന്റെ ചില കാരണങ്ങൾ ഏവ?

15 ഒരു ആടിന്‌ മുറിവേൽക്കുകയോ ദീനം പിടിക്കുകയോ ചെയ്‌താൽ ഒരു നല്ല ഇടയൻ അതിന്റെ സഹായത്തിനായി ഓടിയെത്തും. സമാനമായി സഭയിൽ ആരെങ്കിലും കഷ്ടത്തിലാകുകയോ ആർക്കെങ്കിലും ആത്മീയസഹായം വേണ്ടിവരുകയോ ചെയ്‌താൽ മൂപ്പന്മാർ സത്വരശ്രദ്ധ നൽകേണ്ടതുണ്ട്‌. പ്രായമായവർക്കും രോഗികൾക്കും അവരുടെ പല ആവശ്യങ്ങളോടും ബന്ധപ്പെട്ട്‌ സഹായം വേണ്ടിവരും. ആത്മീയസഹായവും പ്രോത്സാഹനവും ഈ സന്ദർഭങ്ങളിൽ അവർക്കു വിശേഷാൽ ആവശ്യമാണ്‌. (1 തെസ്സ. 5:14) സഭയിലെ യുവപ്രായക്കാർ ‘യൗവനമോഹങ്ങളോട്‌’ പോരാടുന്നതുൾപ്പെടെ പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടാകാം. (2 തിമൊ. 2:22) സഹോദരങ്ങൾ നേരിടുന്ന ക്ലേശസാഹചര്യങ്ങൾ മനസ്സിലാക്കാനും ആശ്വാസദായകമായ തിരുവെഴുത്തുബുദ്ധിയുപദേശം നൽകി പ്രോത്സാഹിപ്പിക്കാനും ഉള്ള ലക്ഷ്യത്തിൽ അവരെ ക്രമമായി സന്ദർശിക്കുന്നത്‌ ഇടയവേലയിൽ ഉൾപ്പെടുന്നു. അവരുടെ പ്രശ്‌നങ്ങൾ സമയോചിതമായി കൈകാര്യം ചെയ്യുകയാണെങ്കിൽ പലതും വഷളാകുന്നതിനു മുമ്പേ പരിഹരിക്കാൻ കഴിയും.

16. സഹോദരങ്ങളിൽ ഒരാൾക്ക്‌ ആത്മീയസഹായം വേണ്ടിവരുമ്പോൾ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാൻ കഴിയും?

16 പ്രശ്‌നങ്ങൾ വളർന്ന്‌ സഹോദരങ്ങളിൽ ഒരാളുടെ ആത്മീയാരോഗ്യത്തിന്‌ ഭീഷണിയാകുന്ന ഘട്ടത്തോളം എത്തുന്നെങ്കിലോ? യാക്കോബ്‌ തന്റെ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടെങ്കിൽ അവൻ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവർ യഹോവയുടെ നാമത്തിൽ അവന്റെമേൽ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിക്കു സൗഖ്യം നൽകും. യഹോവ അവനെ എഴുന്നേൽപ്പിക്കും. അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ അവനോടു ക്ഷമിക്കും.” (യാക്കോ. 5:14, 15) ആത്മീയമായി രോഗാതുരനായ വ്യക്തി “മൂപ്പന്മാരെ” വിളിച്ചില്ലെങ്കിൽപ്പോലും സാഹചര്യത്തെപ്പറ്റി അറിവു ലഭിച്ചാൽ ഉടൻതന്നെ അവർ അദ്ദേഹത്തിന്റെ സഹായത്തിനെത്തണം. സഹോദരങ്ങളോടൊപ്പമിരുന്ന്‌ അവർക്കുവേണ്ടി പ്രാർഥിക്കുകയും ആവശ്യഘട്ടങ്ങളിൽ പിന്തുണനൽകുകയും ചെയ്യുന്ന മൂപ്പന്മാർ തങ്ങളുടെ പരിപാലനയിലുള്ളവർക്ക്‌ ഉണർവും ഉന്മേഷവും പകരുന്ന നല്ല ഇടയന്മാരാകുകയാണ്‌.—യെശയ്യാവു 32:1, 2 വായിക്കുക.

17. മൂപ്പന്മാർ ‘വലിയ ഇടയനെ’ മാതൃകയാക്കുമ്പോൾ എന്തു സത്‌ഫലങ്ങളുണ്ടാകും?

17 യഹോവയുടെ സംഘടനയിൽ തങ്ങൾക്കു ചെയ്യാൻ കഴിയുന്ന എല്ലാക്കാര്യങ്ങളിലും ക്രിസ്‌തീയയിടയന്മാർ ‘വലിയ ഇടയനായ’ യേശുക്രിസ്‌തുവിനെ മാതൃകയാക്കാൻ ശ്രമിക്കുന്നു. ഉത്തരവാദിത്വബോധമുള്ള ഈ പുരുഷന്മാർ ആത്മീയസഹായം നൽകുമ്പോൾ ആട്ടിൻകൂട്ടം പുഷ്ടിപ്രാപിക്കും, അവർ തുടർന്നും ദൈവത്തെ വിശ്വസ്‌തമായി സേവിക്കും. ഇതിനെല്ലാം നാം കടപ്പെട്ടിരിക്കുന്നത്‌ യഹോവയോടാണ്‌. അവനെപ്പോലെ തികവുറ്റ ഒരു ഇടയൻ വേറെയില്ല. അവനു നമുക്ക്‌ സർവാത്മനാ പുകഴ്‌ചയേറ്റാം!