വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ജീവന്‌ എത്രത്തോളം വിലയുണ്ട്‌?

നിങ്ങളുടെ ജീവന്‌ എത്രത്തോളം വിലയുണ്ട്‌?

നിങ്ങളുടെ ജീവന്‌ എത്രത്തോളം വിലയുണ്ട്‌?

ഒന്നാം ലോകമഹായുദ്ധകാലത്ത്‌ യൂറോപ്പിൽ എണ്ണമറ്റ ആളുകളുടെ ജീവൻ ഹോമിക്കപ്പെടുമ്പോൾ, അന്റാർട്ടിക്കയിൽ ജീവൻ രക്ഷിക്കുന്നതിനുള്ള വിസ്‌മയകരമായ ശ്രമങ്ങൾ നടക്കുകയായിരുന്നു. ആംഗ്ലോ-ഐറിഷ്‌ പര്യവേക്ഷകനായ ഏർനസ്റ്റ്‌ ഷാക്കിൾട്ടണും സഹചാരികളും ഒരു വിപത്തിൽപ്പെട്ടു, എൻഡ്യൂറൻസ്‌ എന്ന അവരുടെ കപ്പൽ ഹിമഖണ്ഡത്തിൽത്തട്ടി തകർന്നുപോയി. സഹയാത്രികരെ തെക്കേ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ എലഫന്റ്‌ ദ്വീപിൽ എത്തിക്കാൻ ഷാക്കിൾട്ടണു കഴിഞ്ഞു. എന്നാൽ അപ്പോഴും അവർ അത്യാപത്തിനു നടുവിലായിരുന്നു.

തെക്കേ ജോർജിയ ദ്വീപിലുള്ള തിമിംഗിലവേട്ടക്കാരുടെ കേന്ദ്രത്തിലേക്ക്‌ ആരെയെങ്കിലും അയയ്‌ക്കുന്നതാണു പ്രത്യാശയ്‌ക്കുള്ള ഏക മാർഗമെന്ന്‌ ഷാക്കിൾട്ടൺ മനസ്സിലാക്കി. അത്‌ 1,100 കിലോമീറ്റർ അകലെയായിരുന്നു, അവിടേക്കു പോകാൻ അവർക്ക്‌ ആകെ ഉണ്ടായിരുന്നതോ, എൻഡ്യൂറൻസിൽനിന്നു കിട്ടിയ 7 മീറ്റർ നീളമുള്ള ഒരു ലൈഫ്‌ബോട്ടും. അവരുടെ പ്രത്യാശ ശോഭനമായിരുന്നില്ല.

എന്നാൽ കിടിലംകൊള്ളിച്ച 17 ദിവസങ്ങൾക്കുശേഷം 1916 മേയ്‌ 10-ാം തീയതി ഷാക്കിൾട്ടണും ഏതാനും നാവികരും കൂടെ തെക്കേ ജോർജിയയിലേക്കു പോയി. പക്ഷേ, കടലിന്റെ പ്രക്ഷുബ്ധാവസ്ഥമൂലം ദ്വീപിന്റെ എതിർവശത്ത്‌ അടുക്കാൻ അവർ നിർബന്ധിതരായി. തങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതിന്‌ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത, മഞ്ഞുമൂടിക്കിടക്കുന്ന മലകളിലൂടെ അവർക്കു 30 കിലോമീറ്റർ നടക്കേണ്ടിവന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച്‌ ഷാക്കിൾട്ടൺ സഹചാരികളുമൊത്തു ലക്ഷ്യത്തിൽ എത്തിച്ചേരുകയും ഒടുവിൽ, എലഫന്റ്‌ ദ്വീപിൽ കുടുങ്ങിപ്പോയ സഹപര്യവേക്ഷകരെ എല്ലാവരെയും രക്ഷപ്പെടുത്തുകയും ചെയ്‌തു. ഈ രക്ഷാപ്രവർത്തനത്തിനായി ഷാക്കിൾട്ടൺ അത്ര കഠിനമായി പരിശ്രമിച്ചത്‌ എന്തുകൊണ്ട്‌? “തന്റെ എല്ലാ സഹചാരികളെയും രക്ഷപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ലക്ഷ്യം,” ജീവചരിത്രകാരനായ റോളണ്ട്‌ ഹണ്ട്‌ഫോർഡ്‌ എഴുതുന്നു.

“അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല”

“മുപ്പതു കിലോമീറ്റർ മാത്രം വീതിയുള്ള, ശിലയും ഹിമവും നിറഞ്ഞ ആ നിർജന പ്രദേശത്ത്‌” തണുത്തുവിറച്ചു ചടഞ്ഞുകൂടിയിരുന്ന ഷാക്കിൾട്ടണിന്റെ സഹയാത്രികരെ നിരാശയിലാണ്ടുപോകാതിരിക്കാൻ സഹായിച്ചത്‌ എന്താണ്‌? തങ്ങളെ രക്ഷിക്കുമെന്ന നേതാവിന്റെ വാഗ്‌ദാനത്തിലുള്ള വിശ്വാസംതന്നെ.

എലഫന്റ്‌ ദ്വീപിൽ അകപ്പെട്ട്‌ രക്ഷപ്പെടാമെന്ന വലിയ പ്രതീക്ഷയില്ലാതെ കഴിഞ്ഞ ആ പര്യവേക്ഷകരുടേതിനു സമാനമാണ്‌ മാനവരാശിയുടെ ഇന്നത്തെ അവസ്ഥ. പലരും അവിശ്വസനീയമാംവിധം ദുർഘടമായ സാഹചര്യങ്ങളിലാണു ജീവിക്കുന്നത്‌, എന്നിരുന്നാലും അടിച്ചമർത്തലിൽനിന്നും ദുരിതങ്ങളിൽനിന്നും “ദൈവം അരിഷ്ടനെ . . . വിടുവിക്കു”മെന്ന കാര്യത്തിൽ അവർക്കു പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (ഇയ്യോബ്‌ 36:⁠15) ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ വ്യക്തിയുടെയും ജീവൻ വിലപ്പെട്ടതാണെന്ന ഉറപ്പുണ്ടായിരിക്കുക. സ്രഷ്ടാവായ യഹോവയാം ദൈവം പറയുന്നു: ‘കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കും.’​—⁠സങ്കീർത്തനം 50:⁠15.

ഭൂമിയിലെ ശതകോടിക്കണക്കിനു വ്യക്തികളിൽ ഒരാൾ മാത്രമായ നിങ്ങളെ സ്രഷ്ടാവ്‌ വ്യക്തിപരമായി വിലയേറിയതായി കരുതുന്നുവെന്നു വിശ്വസിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ പ്രപഞ്ചത്തിലെ ശതകോടിക്കണക്കിനു താരാപംക്തികളിലെ ശതകോടിക്കണക്കിനുവരുന്ന നക്ഷത്രങ്ങളെക്കുറിച്ചു പ്രവാചകനായ യെശയ്യാവ്‌ എഴുതിയതെന്തെന്നു കുറിക്കൊള്ളുക. അത്‌ ഇങ്ങനെയാണ്‌: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”​—⁠യെശയ്യാവു 40:⁠26.

അത്‌ എന്ത്‌ അർഥമാക്കുന്നുവെന്നു നിങ്ങൾക്കു മനസ്സിലായോ? നമ്മുടെ സൗരയൂഥത്തെ ഉൾക്കൊള്ളുന്ന ക്ഷീരപഥ ഗാലക്‌സിയിൽ ഏറ്റവും കുറഞ്ഞത്‌ പതിനായിരം കോടി നക്ഷത്രങ്ങളുണ്ട്‌. വേറെ എത്ര ഗാലക്‌സികളുണ്ട്‌? ആർക്കും കൃത്യമായി അറിയില്ല, 12,500 കോടി എന്നാണ്‌ ചിലരുടെ കണക്കുകൂട്ടൽ. ഇവയിലെല്ലാംകൂടെ എത്ര നക്ഷത്രങ്ങൾ ഉണ്ടായിരിക്കണം! എന്നിരുന്നാലും അഖിലാണ്ഡത്തിന്റെ സ്രഷ്ടാവിന്‌ ഓരോ നക്ഷത്രത്തെയും പേർചൊല്ലിവിളിക്കത്തക്കവണ്ണം വേറിട്ടറിയാമെന്നു ബൈബിൾ പറയുന്നു.

“നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു”

‘എന്നാൽ, ശതകോടിക്കണക്കിനു നക്ഷത്രങ്ങളുടെയോ ശതകോടിക്കണക്കിനു മനുഷ്യരുടെയോ പേരറിയുന്നു എന്നത്‌ അവരിലുള്ള വ്യക്തിപരമായ താത്‌പര്യത്തെ അർഥമാക്കുന്നില്ല’ എന്ന്‌ ചിലർ പറഞ്ഞേക്കാം. ശരിയാണ്‌, ഒരു കമ്പ്യൂട്ടറിന്‌ ശതകോടിക്കണക്കിന്‌ ആളുകളുടെ പേരുകൾ മെമ്മറിയിൽ സൂക്ഷിക്കാൻ കഴിയും. എന്നാൽ കമ്പ്യൂട്ടർ അവരിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുന്നുവെന്ന്‌ ആരും ചിന്തിക്കില്ല. എന്നാൽ യഹോവയാം ദൈവത്തിനു ശതകോടിക്കണക്കിന്‌ ആളുകളുടെ പേരറിയാം എന്നുമാത്രമല്ല, അവൻ അവരിൽ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കുകയും ചെയ്യുന്നു. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി.—⁠1 പത്രൊസ്‌ 5:⁠7.

യേശുക്രിസ്‌തു പ്രസ്‌താവിച്ചു: “കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.” (മത്തായി 10:​29-31) കുരികിലുകൾക്കും മനുഷ്യർക്കും സംഭവിക്കുന്നതു ദൈവം കേവലം അറിയുന്നു എന്നല്ല യേശു പറഞ്ഞതെന്നു ശ്രദ്ധിക്കുക. “ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ” എന്നാണ്‌ അവൻ പറഞ്ഞത്‌. നിങ്ങൾക്കു കൂടുതൽ വിശേഷത അഥവാ കൂടുതൽ മൂല്യം ഉള്ളത്‌ എന്തുകൊണ്ടാണ്‌? നിങ്ങൾ “ദൈവത്തിന്റെ സ്വരൂപത്തിൽ”​—⁠ദൈവത്തിന്റെ ഉന്നതമായ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ധാർമികവും ബൗദ്ധികവും ആത്മീയവും ആയ ഗുണങ്ങൾ നട്ടുവളർത്താനും പ്രകടിപ്പിക്കാനും ഉള്ള പ്രാപ്‌തിയോടെ​—⁠ആണു സൃഷ്ടിക്കപ്പെട്ടത്‌ എന്നതാണ്‌ അതിനു കാരണം.​—⁠ഉല്‌പത്തി 1:⁠26, 27.

ബുദ്ധിപൂർവകമായ പ്രവർത്തനത്തിന്റെ ഫലം’

സ്രഷ്ടാവിന്റെ അസ്‌തിത്വം നിഷേധിക്കുന്ന ആളുകളുടെ അവകാശവാദങ്ങളാൽ വഴിതെറ്റിക്കപ്പെടരുത്‌. അവരുടെ അഭിപ്രായത്തിൽ ആരുടെയെങ്കിലും നിയന്ത്രണത്തിലല്ലാത്ത, അമൂർത്തമായ പ്രകൃതിശക്തികളാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. നിങ്ങൾ “ദൈവത്തിന്റെ സ്വരൂപത്തി”ലുള്ളവർ അല്ലെന്നും കുരികിലുകൾ ഉൾപ്പെടെയുള്ള ഈ ഗ്രഹത്തിലെ മറ്റു ജീവികളിൽനിന്നു നിങ്ങൾക്കു യാതൊരു വ്യത്യാസവുമില്ലെന്നും അവർ അവകാശപ്പെടുന്നു.

ജീവൻ ഇവിടെ യാദൃച്ഛികമായി, ആരുടെയും നിയന്ത്രണത്തിലല്ലാത്ത ശക്തികളാൽ ഉളവായതാണെന്നുള്ള വാദത്തിൽ കഴമ്പുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? തന്മാത്രാ ജീവശാസ്‌ത്രജ്ഞനായ മൈക്കൾ ജെ. ബീഹീയുടെ അഭിപ്രായത്തിൽ ജീവനെ നിയന്ത്രിക്കുന്ന “അമ്പരപ്പുളവാക്കുംവിധം സങ്കീർണമായ ജൈവരാസപ്രക്രിയകൾ” ആ വാദത്തെ തികച്ചും യുക്തിരഹിതമാക്കിത്തീർക്കുന്നു. ജൈവരസതന്ത്രം നൽകുന്ന തെളിവുകൾ നിഷേധിക്കാനാവാത്ത ഈ നിഗമനത്തിലേക്കു നയിക്കുന്നുവെന്ന്‌ അദ്ദേഹം പറയുന്നു: “ഭൂമിയിലെ ജീവൻ അതിന്റെ ഏറ്റവും അടിസ്ഥാന തലത്തിൽ . . . ബുദ്ധിപൂർവകമായ ഒരു പ്രവർത്തനത്തിന്റെ ഫലമാണ്‌.”​—⁠ഡാർവിൻസ്‌ ബ്ലാക്‌ബോക്‌സ്‌​—⁠ദ ബയോകെമിക്കൽ ചലഞ്ച്‌ റ്റു ഇവല്യൂഷൻ.

ഭൂമിയിലെ ഏതു തലത്തിലുള്ള ജീവനും ബുദ്ധിപരമായ പ്രവർത്തനത്തിന്റെ ഫലമാണെന്ന്‌ ബൈബിൾ പറയുന്നു. ബുദ്ധിപരമായ ഈ പ്രവർത്തനങ്ങളുടെയെല്ലാം ഉറവ്‌ അഖിലാണ്ഡത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവമാണെന്നും അതു നമ്മോടു പറയുന്നു.​—⁠സങ്കീർത്തനം 36:⁠9; വെളിപ്പാടു 4:⁠11.

ഈ ലോകത്തിലെ ജീവിതം വേദനയും ദുരിതവും നിറഞ്ഞതാണെന്ന വസ്‌തുത, ഭൂമിക്കും അതിലുള്ള ജീവനും ഒരു സ്രഷ്ടാവും രൂപസംവിധായകനും ഉണ്ടെന്നു വിശ്വസിക്കുന്നതിൽനിന്നു നിങ്ങളെ തടയരുത്‌. രണ്ട്‌ അടിസ്ഥാന സത്യങ്ങൾ മനസ്സിൽപ്പിടിക്കുക. നമുക്കു ചുറ്റുമുള്ള അപൂർണത ദൈവം സൃഷ്ടിച്ചതല്ല എന്നതാണ്‌ ഒന്നാമത്തെ സംഗതി. തത്‌കാലത്തേക്ക്‌ അപൂർണത അനുവദിക്കാൻ സ്രഷ്ടാവിനു മതിയായ കാരണമുണ്ട്‌ എന്നുള്ളതാണ്‌ രണ്ടാമത്തേത്‌. ഈ മാസിക മിക്കപ്പോഴും ചർച്ച ചെയ്‌തിട്ടുള്ളതുപോലെ, യഹോവയാം ദൈവം ഒരു നിശ്ചിത കാലത്തേക്കു മാത്രമേ ദുഷ്ടത അനുവദിക്കുകയുള്ളൂ​—⁠മനുഷ്യർ ദൈവത്തിന്റെ പരമാധികാരം ആദ്യമായി നിഷേധിച്ചപ്പോൾ ഉയർന്നുവന്ന ധാർമിക പ്രശ്‌നങ്ങൾക്ക്‌ എന്നെന്നേക്കുമായി തീർപ്പു കൽപ്പിക്കുന്നതുവരെ. *​—⁠ഉല്‌പത്തി 3:⁠1-7; ആവർത്തനപുസ്‌തകം 32:⁠4, 5; സഭാപ്രസംഗി 7:⁠29; 2 പത്രൊസ്‌ 3:⁠8, 9.

‘അവൻ നിലവിളിക്കുന്ന ദരിദ്രനെ വിടുവിക്കും’

ഇന്ന്‌ ധാരാളം ആളുകൾ ദുരിതപൂർണമായ അവസ്ഥകൾ സഹിക്കേണ്ടിവരുന്നെങ്കിൽപ്പോലും ജീവിതം തീർച്ചയായും അത്ഭുതകരമായ ഒരു ദാനമാണ്‌. അതു നിലനിറുത്താൻ നമ്മാൽ സാധ്യമാകുന്നതെല്ലാം നാം ചെയ്യുന്നു. ദൈവം വാഗ്‌ദാനം ചെയ്യുന്ന ഭാവിജീവിതം, എലഫന്റ്‌ ദ്വീപിൽ അകപ്പെട്ട ഷാക്കിൾട്ടണിന്റെ സഹചാരികളുടെ അവസ്ഥയിൽനിന്നു വളരെ വിഭിന്നമായിരിക്കും. അവിടെ കേവലം അതിജീവനത്തിനുവേണ്ടി കഠിനവും വേദനാജനകവും ആയ ചുറ്റുപാടുകളോടു മല്ലടിക്കേണ്ടിവരികയില്ല. തന്റെ മനുഷ്യസൃഷ്ടിക്കുവേണ്ടി ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്ന ‘സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്‌’ വേദനാജനകവും വ്യർഥവും ആയ ഇന്നത്തെ അവസ്ഥകളിൽനിന്നു നമ്മെ രക്ഷിക്കുകയാണ്‌ അവന്റെ ഉദ്ദേശ്യം.​—⁠1 തിമൊഥെയൊസ്‌ 6:⁠19.

നാം ഓരോരുത്തരും ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയേറിയവർ ആകയാൽ അവൻ ഇതെല്ലാം ചെയ്യും. നമ്മുടെ ആദിമാതാപിതാക്കളായ ആദാമിൽനിന്നും ഹവ്വായിൽനിന്നും കൈമാറിക്കിട്ടിയ പാപം, അപൂർണത, മരണം എന്നിവയിൽനിന്നു നമ്മെ മോചിപ്പിക്കുന്നതിന്‌ ആവശ്യമായ മറുവില പ്രദാനം ചെയ്യുന്നതിന്‌ അവൻ തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ ഏർപ്പെടുത്തി. (മത്തായി 20:⁠28) “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും . . . നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്ന്‌ യേശു പറഞ്ഞു.​—⁠യോഹന്നാൻ 3:⁠16.

വേദനിക്കുന്ന, മർദിതരായ ആളുകൾക്കായി ദൈവം എന്തു ചെയ്യും? തന്റെ പുത്രനെക്കുറിച്ച്‌ ദൈവം തന്റെ നിശ്വസ്‌ത വചനത്തിൽ പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.” എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ “അവരുടെ രക്തം [അഥവാ അവരുടെ ജീവൻ] അവന്നു വിലയേറിയതായിരിക്കും.”​—⁠സങ്കീർത്തനം 72:⁠12-14.

കഠിനമായ വേദനയാലും ദുരിതത്താലും “ഞരങ്ങി”യാലെന്നപോലെ നൂറ്റാണ്ടുകളായി മാനവസമൂഹം പാപത്തിന്റെയും അപൂർണതയുടെയും ഭാണ്ഡവുംപേറി കഷ്ടപ്പെടുകയാണ്‌. സംഭവിക്കാവുന്ന ഏതൊരു കേടുപാടും പോക്കാൻ തനിക്കു കഴിയുമെന്ന്‌ അറിയാവുന്നതിനാൽ മാത്രമാണ്‌ ദൈവം അത്‌ അനുവദിച്ചിരിക്കുന്നത്‌. (റോമർ 8:⁠18-22) തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ ഭരമേൽപ്പിച്ചിരിക്കുന്ന രാജ്യ ഗവൺമെന്റ്‌ മുഖാന്തരം വളരെ പെട്ടെന്നുതന്നെ അവൻ “ഒക്കെയും യഥാസ്ഥാനത്താ”ക്കും.​—⁠പ്രവൃത്തികൾ 3:⁠21; മത്തായി 6:⁠9, 10.

അതിൽ പൂർവകാലത്ത്‌ ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്‌തിട്ടുള്ള ആളുകളുടെ പുനരുത്ഥാനം ഉൾപ്പെടുന്നു. അവർ ദൈവത്തിന്റെ സ്‌മരണയിൽ സുരക്ഷിതരാണ്‌. (യോഹന്നാൻ 5:⁠28, 29; പ്രവൃത്തികൾ 24:⁠15) വളരെ പെട്ടെന്നുതന്നെ അവർക്ക്‌ ‘സമൃദ്ധമായ’ ജീവൻ​—⁠വേദനയിൽനിന്നും ദുരിതത്തിൽനിന്നും മുക്തമായ, പറുദീസാ ഭൂമിയിലെ പൂർണതയുള്ള നിത്യജീവൻ​—⁠ലഭിക്കും. (യോഹന്നാൻ 10:⁠10; വെളിപ്പാടു 21:⁠3-5) അന്നു ജീവിക്കുന്നവരെല്ലാം ജീവിതം പരമാവധി ആസ്വദിക്കുകയും “ദൈവത്തിന്റെ സ്വരൂപത്തിൽ” സൃഷ്ടിക്കപ്പെട്ടവരെ തിരിച്ചറിയിക്കുന്ന അത്ഭുതകരമായ ഗുണങ്ങളും പ്രാപ്‌തികളും വളർത്തിയെടുക്കുകയും ചെയ്യും.

യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ജീവൻ ആസ്വദിക്കാൻ നിങ്ങൾ ജീവിച്ചിരിക്കുമോ? അതു നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ഈ അനുഗ്രഹങ്ങളെല്ലാം ലഭ്യമാക്കാൻ യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളിൽനിന്നു പ്രയോജനം നേടാൻ ഞങ്ങൾ നിങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്‌. അങ്ങനെ ചെയ്യുന്നതിൽ നിങ്ങളെ സഹായിക്കുന്നതിന്‌ ഈ മാസികയുടെ പ്രസാധകർക്കു സന്തോഷമേയുള്ളൂ.

[അടിക്കുറിപ്പ്‌]

^ ഖ. 17 ഈ ആശയത്തെക്കുറിച്ചുള്ള വിശദമായ ഒരു ചർച്ചയ്‌ക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിലെ “ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്ന 8-ാം അധ്യായം കാണുക.

[4, 5 പേജുകളിലെ ചിത്രം]

ദ്വീപിൽ കുടുങ്ങിപ്പോയ, ഷാക്കിൾട്ടണിന്റെ സംഘാംഗങ്ങൾക്ക്‌ തങ്ങളെ രക്ഷിക്കുമെന്നുള്ള അദ്ദേഹത്തിന്റെ വാഗ്‌ദാനത്തിൽ വിശ്വാസം ഉണ്ടായിരുന്നു

[കടപ്പാട്‌]

© CORBIS

[6-ാം പേജിലെ ചിത്രം]

“ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ”