വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ സന്തോഷം കണ്ടെത്തുന്നു

ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ സന്തോഷം കണ്ടെത്തുന്നു

ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ സന്തോഷം കണ്ടെത്തുന്നു

യഹോവയുടെ സാക്ഷികളുടെ “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഒരു പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “കൂടുതലായ രാജ്യവേലയ്‌ക്കുവേണ്ടി നമ്മെ ഒരുക്കാൻ യഹോവ ചെയ്‌തിരിക്കുന്ന കരുതലുകളിൽ ഒന്നാണ്‌ ഈ കൺവെൻഷൻ എന്ന്‌ നാം അംഗീകരിക്കുന്നു.” അദ്ദേഹം തുടർന്നു: “സന്തുഷ്ട കുടുംബ ജീവിതത്തെ കുറിച്ച്‌ പഠിപ്പിക്കപ്പെടാനും യഹോവയുടെ സംഘടനയോട്‌ അടുത്തുനിൽക്കാനുള്ള പ്രോത്സാഹനം ലഭിക്കാനും രാജ്യസേവനത്തിലെ നമ്മുടെ തീക്ഷ്‌ണത നിലനിറുത്താൻ പ്രചോദിതരാകാനും എല്ലായ്‌പോഴും ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്‌ ഓർമിപ്പിക്കൽ ലഭിക്കാനും നാം നമ്മെത്തന്നെ സജ്ജരാക്കിയിരിക്കുന്നു.”

ദൈവവചനാനുസൃതം പ്രവർത്തിക്കുന്ന ദശലക്ഷക്കണക്കിനാളുകളും അവരുടെ സുഹൃത്തുക്കളും ജീവത്‌പ്രധാനമായ ഈ ബൈബിൾ വിദ്യാഭ്യാസം സ്വീകരിക്കാൻ 2000 മേയ്‌ മുതൽ ലോകമെമ്പാടുമായി ആയിരക്കണക്കിനു സ്ഥലങ്ങളിൽ കൂടിവന്നു. ഈ ത്രിദിന കൺവെൻഷനിൽനിന്ന്‌ അവർ എന്താണ്‌ പഠിച്ചത്‌?

ഒന്നാം ദിവസം​—⁠യഹോവയുടെ പ്രവൃത്തികൾ ഒന്നും മറക്കരുത്‌

പ്രാരംഭ പ്രസംഗത്തിൽ, കൺവെൻഷനുകളിൽ ഐക്യത്തോടെ യഹോവയെ ആരാധിക്കുന്നതു മുഖാന്തരം ലഭിക്കുന്ന അനുഗ്രഹങ്ങൾ അനുഭവിച്ചറിയാൻ അധ്യക്ഷൻ സദസ്യരെ ക്ഷണിക്കുകയുണ്ടായി. തങ്ങളുടെ വിശ്വാസം വർധിക്കുകയും യഹോവയുമായുള്ള തങ്ങളുടെ വ്യക്തിപരമായ ബന്ധം ബലിഷ്‌ഠമാകുകയും ചെയ്യുമെന്നതിൽ ഹാജരായവർക്കെല്ലാം പൂർണബോധ്യം ഉണ്ടായിരുന്നു.

നമ്മുടെ വ്യക്തിപരമായ സന്തോഷത്തിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നതെന്ന്‌ ‘സന്തുഷ്ട ദൈവത്തിന്‌’ അറിയാം. (1 തിമൊഥെയൊസ്‌ 1:​11, NW) അതുകൊണ്ട്‌, “ദൈവേഷ്ടം ചെയ്യുന്നത്‌ സന്തുഷ്ടി കൈവരുത്തുന്നു” എന്ന പ്രസംഗം, യഹോവയുടെ വചനമായ ബൈബിൾ അനുസരിച്ച്‌ ജീവിക്കുന്നതാണ്‌ ഏറ്റവും മെച്ചപ്പെട്ട ഗതി എന്നതിന്‌ ഊന്നൽ നൽകി. (യോഹന്നാൻ 13:17) വ്യത്യസ്‌ത സാഹചര്യങ്ങളിൽ ദൈവേഷ്ടം നമ്മുടെ ജീവിതത്തിന്‌ അർഥം പകരുന്നത്‌ എങ്ങനെയെന്ന്‌ ദീർഘകാലമായി യഹോവയുടെ സാക്ഷികളായിരിക്കുന്ന നിരവധി വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങൾ പ്രകടമാക്കി. “യഹോവയുടെ നന്മയെപ്രതി സന്തോഷിക്കുക” എന്ന അടുത്ത പ്രസംഗം, ദൈവത്തിന്റെ അനുകാരികൾ എന്ന നിലയിൽ ക്രിസ്‌ത്യാനികൾ തങ്ങളുടെ ജീവിതത്തിൽ ‘സകലവിധ നന്മയും’ പ്രകടമാക്കേണ്ടതാണെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിട്ടു. (എഫെസ്യർ 5:​1, 9) അതു ചെയ്യാനുള്ള ഒരു മുന്തിയ വിധം സുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുക എന്നതാണ്‌.​—⁠സങ്കീർത്തനം 145:⁠7.

“അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കുക” എന്ന പ്രസംഗം, അദൃശ്യ ദൈവത്തെ കാണാൻ വിശ്വാസം നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കി. നമ്മുടെ ചിന്തകൾപോലും അറിയാനുള്ള ദൈവത്തിന്റെ പ്രാപ്‌തി ഉൾപ്പെടെ അവന്റെ ഗുണങ്ങൾ സംബന്ധിച്ച്‌ ആത്മീയ മനസ്‌കരായവർ എങ്ങനെ ബോധവാന്മാരായിരിക്കുമെന്ന്‌ പ്രസംഗകൻ വിവരിച്ചു. (സദൃശവാക്യങ്ങൾ 5:21) ശക്തമായ വിശ്വാസം വളർത്തിയെടുക്കുന്നതിനും ആത്മീയ താത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കുന്നതിനുംവേണ്ടി തങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ച്‌ അഭിമുഖത്തിൽ പങ്കെടുത്തവർ വിശദീകരിച്ചു.

രാവിലത്തെ സെഷൻ അവസാനിച്ചത്‌, “വിസ്‌മയാവഹമായ കാര്യങ്ങൾ ചെയ്യുന്ന യഹോവയെ സ്‌തുതിപ്പിൻ” എന്ന മുഖ്യവിഷയ പ്രസംഗത്തോടെയാണ്‌. നാം യഹോവയെക്കുറിച്ച്‌ എന്തുമാത്രം പഠിക്കുന്നുവോ വിസ്‌മയാവഹമായ കാര്യങ്ങൾ ചെയ്യുന്നവൻ എന്ന നിലയിൽ അവനെ സ്‌തുതിക്കാൻ നാം അത്രത്തോളം കാരണങ്ങളും കണ്ടെത്തും എന്ന വസ്‌തുത വിലമതിക്കാൻ അതു സദസ്സിനെ സഹായിച്ചു. പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ അതിശയകരമായ സൃഷ്ടിക്രിയകളെയും അവൻ ഇപ്പോൾത്തന്നെ നമുക്കുവേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന വിസ്‌മയാവഹമായ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോൾ അവനെ സ്‌തുതിക്കാൻ ഹൃദയംഗമമായ വിലമതിപ്പ്‌ നമ്മെ പ്രചോദിപ്പിക്കുന്നു. തന്റെ ജനത്തിനുവേണ്ടി കഴിഞ്ഞകാലത്ത്‌ അവൻ ചെയ്‌ത അത്ഭുതകരമായ കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോൾ അവനെ സ്‌തുതിക്കാൻ നാം പ്രേരിതരാകുന്നു. യഹോവ ഇനിയും ചെയ്യാനിരിക്കുന്ന വിസ്‌മയാവഹമായ കാര്യങ്ങൾ സംബന്ധിച്ച വാഗ്‌ദാനങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോഴും നാം വിലമതിപ്പു പ്രകടമാക്കാനുള്ള മാർഗങ്ങൾ തേടുന്നു.”

“നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌” എന്ന പ്രസംഗത്തോടെയാണ്‌ ഉച്ചകഴിഞ്ഞുള്ള സെഷൻ ആരംഭിച്ചത്‌. ഈ ലോകത്തിന്റെ സമ്മർദങ്ങൾ, അതിന്റെ അന്ത്യം സമീപിച്ചിരിക്കുന്നുവെന്നു സ്ഥിരീകരിക്കുന്നതായി അത്‌ സദസ്യരെ ഓർമിപ്പിച്ചു. (2 തിമൊഥെയൊസ്‌ 3:1) മടുത്തുപോകാതിരുന്നുകൊണ്ട്‌, “ദേഹിയെ ജീവനോടെ സംരക്ഷിക്കാൻ തക്ക വിശ്വാസമുള്ള തരക്കാരാണ്‌” നാം എന്ന്‌ നമുക്കു തെളിയിക്കാം.​—⁠എബ്രായർ 10:​39, NW.

കുടുംബജീവിതം സംബന്ധിച്ച്‌ ലഭിച്ച ബുദ്ധിയുപദേശം എന്താണ്‌? “ദൈവവചനം അനുസരിക്കുക” എന്ന കൺവെൻഷന്റെ ആദ്യ സിമ്പോസിയം തുടങ്ങിയത്‌ “വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നതിൽ” എന്ന ഭാഗത്തോടെയാണ്‌. ആളുകൾ എടുക്കുന്ന സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ്‌ ഇണയെ തിരഞ്ഞെടുക്കൽ. അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾ വിവാഹത്തിനു പക്വത പ്രാപിക്കുന്നതുവരെ കാത്തിരിക്കുന്നു. കൂടാതെ അവർ ‘കർത്താവിൽ വിശ്വസിക്കുന്നവരെ മാത്രമാണ്‌’ വിവാഹം കഴിക്കുന്നത്‌. (1 കൊരിന്ത്യർ 7:39) സിമ്പോസിയത്തിന്റെ അടുത്ത ഭാഗം, എല്ലാ കുടുംബങ്ങളും ആത്മീയമായി ബലിഷ്‌ഠമായിരിക്കാനും വിജയം കൊയ്യാനുമാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌ എന്നു വ്യക്തമാക്കുകയും അത്‌ എങ്ങനെ സാധ്യമാകും എന്നതു സംബന്ധിച്ച്‌ പ്രായോഗിക നിർദേശങ്ങൾ നൽകുകയും ചെയ്‌തു. ആ പരിപാടിയുടെ അവസാന ഭാഗം, ദൈവത്തെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കണമെങ്കിൽ ആദ്യം തങ്ങൾക്കുതന്നെ ആ സ്‌നേഹം ഉണ്ടായിരിക്കണമെന്ന്‌ മാതാപിതാക്കളെ ഓർമിപ്പിച്ചു.

“കിംവദന്തികൾക്കും കുശുകുശുപ്പിനും എതിരെ ജാഗ്രത പാലിക്കുക” എന്ന പ്രസംഗത്തിലെ ആശയങ്ങൾ, ആശ്ചര്യകരമായ പലതും സംഭവിക്കുന്നുണ്ടെങ്കിലും, ഉദ്വേഗജനകമായ റിപ്പോർട്ടുകൾ കേൾക്കുമ്പോൾ അവ അതേപടി വിശ്വസിക്കുന്നതിനു പകരം ജ്ഞാനപൂർവം പ്രതികരിക്കുകയാണു വേണ്ടതെന്നു മനസ്സിലാക്കാൻ നമ്മെ സഹായിച്ചു. സത്യമെന്ന്‌ തങ്ങൾക്ക്‌ ഉറപ്പുള്ള കാര്യത്തെക്കുറിച്ച്‌​—⁠രാജ്യ സുവാർത്ത​—⁠സംസാരിക്കുന്നതാണ്‌ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രതിഫലദായകം. “‘ശരീരത്തിലെ മുള്ളിനെ’ അതിജീവിക്കൽ” എന്ന അടുത്ത പ്രസംഗം വളരെ ആശ്വാസദായകവും കെട്ടുപണി ചെയ്യുന്നതുമാണെന്നു മിക്കവരും കണ്ടെത്തി. നാം ഏതെല്ലാം പരിശോധനകളെ അഭിമുഖീകരിച്ചാലും, പരിശുദ്ധാത്മാവിനാലും തന്റെ വചനത്താലും ക്രിസ്‌തീയ സഹോദരവർഗത്താലും യഹോവയ്‌ക്കു നമ്മെ ശക്തീകരിക്കാൻ കഴിയുമെന്ന്‌ കാണാൻ ഇത്‌ അവരെ സഹായിച്ചു. ഇതു സംബന്ധിച്ച്‌, അപ്പൊസ്‌തലനായ പൗലൊസിനുണ്ടായ അനുഭവത്തിൽനിന്ന്‌ വളരെയധികം പ്രോത്സാഹനം നമുക്കു ലഭിച്ചു.​—⁠2 കൊരിന്ത്യർ 12:7-10; ഫിലിപ്പിയർ 4:11, 13.

“യഹോവയുടെ സംഘടനയോടൊത്തു നടക്കുവിൻ” എന്ന പ്രസംഗമായിരുന്നു അന്നത്തെ അവസാന ഇനം. ദൈവത്തിന്റെ സംഘടന പ്രത്യേകാൽ മുന്നേറിയിരിക്കുന്ന മൂന്നു വിധങ്ങൾ നാം പരിചിന്തിക്കുകയുണ്ടായി: (1) യഹോവയിൽനിന്നുള്ള ആത്മീയ വെളിച്ചം സംബന്ധിച്ച വർധിച്ചുവരുന്ന ഗ്രാഹ്യം, (2) ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷ, (3) സംഘടനാപരമായ നടപടിക്രമങ്ങളിലെ കാലികമായ പൊരുത്തപ്പെടുത്തലുകൾ. പ്രസംഗകൻ ഉറച്ച ബോധ്യത്തോടെ ഇങ്ങനെ പ്രസ്‌താവിച്ചു: “ഭാവി പ്രതീക്ഷകൾ സംബന്ധിച്ച്‌ നാം ആവേശഭരിതരാണ്‌.” തുടർന്ന്‌ അദ്ദേഹം ഈ ചോദ്യം ചോദിച്ചു: “ആരംഭത്തിൽ ഉണ്ടായിരുന്ന ഉറപ്പ്‌ അന്ത്യം വരെ ശക്തമായി നിലനിറുത്താൻ നമുക്കു സകല കാരണങ്ങളും ഉണ്ടെന്നുള്ളതിൽ എന്തെങ്കിലും സന്ദേഹം ഉണ്ടായിരിക്കാൻ കഴിയുമോ?” (എബ്രായർ 3:14) ഉത്തരം വ്യക്തമായിരുന്നു. അതിനെ തുടർന്ന്‌, നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാൻ കഴിയും! (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക പ്രകാശനം ചെയ്യപ്പെട്ടു. വിദ്യാഭ്യാസമോ വായനാപ്രാപ്‌തിയോ കുറവുള്ളവരെ യഹോവയെക്കുറിച്ച്‌ പഠിക്കാൻ സഹായിക്കാനുള്ള ശക്തമായ ഒരു പഠനോപകരണമാണ്‌ ഇത്‌.

രണ്ടാം ദിവസം​—⁠ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുകൊണ്ടിരിക്കുക

ദിനവാക്യ പരിചിന്തനത്തെ തുടർന്ന്‌ നടത്തിയ, “ദൈവവചനത്തിന്റെ ശുശ്രൂഷകർ” എന്ന സിമ്പോസിയമായിരുന്നു രണ്ടാം ദിവസത്തെ ആദ്യ ഇനം. നമ്മുടെ ആഗോള പ്രസംഗ വേലയുടെ ഇപ്പോഴത്തെ വിജയത്തിലേക്ക്‌ അതിന്റെ ആദ്യ ഭാഗം ശ്രദ്ധ ക്ഷണിച്ചു. എങ്കിലും, രാജ്യ സന്ദേശം തള്ളിക്കളയുന്ന ഭൂരിപക്ഷം ഈ വേലയിലെ നമ്മുടെ സഹിഷ്‌ണുതയ്‌ക്ക്‌ ഒരു വെല്ലുവിളിയാണ്‌. താത്‌പര്യക്കുറവോ എതിർപ്പോ ആകുന്ന വെല്ലുവിളികളെ നേരിടാൻ തക്കവിധം മനസ്സിനെയും ഹൃദയത്തെയും ശക്തിപ്പെടുത്തിക്കൊണ്ട്‌ ശുശ്രൂഷയിൽ എങ്ങനെ സന്തോഷം നിലനിറുത്തിയിരിക്കുന്നുവെന്ന്‌ സത്യത്തിൽ ദീർഘകാലമായുള്ള പ്രസാധകർ വിവരിക്കുകയുണ്ടായി. ഔപചാരികമായും അനൗപചാരികമായും ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നതായി രണ്ടാമത്തെ ഭാഗം സദസ്സ്യരെ ഓർമിപ്പിച്ചു. ശുശ്രൂഷയിലെ തങ്ങളുടെ വ്യക്തിപരമായ പങ്ക്‌ വർധിപ്പിക്കാനുള്ള വ്യത്യസ്‌ത മാർഗങ്ങളെ കുറിച്ച്‌ അവസാന ഭാഗം വിശദമാക്കി. വ്യക്തിപരമായ ബുദ്ധിമുട്ടും ആത്മത്യാഗവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ദൈവരാജ്യത്തിന്‌ പരമപ്രധാന സ്ഥാനം കൊടുത്തെങ്കിൽ മാത്രമേ നമുക്ക്‌ അത്‌ ചെയ്യാൻ സാധിക്കുകയുള്ളു എന്ന വസ്‌തുതയ്‌ക്ക്‌ പ്രസംഗകൻ ഊന്നൽ നൽകി.​—⁠മത്തായി 6:19-21.

നാം ജീവിക്കുന്നത്‌ ഭൗതിക വസ്‌തുക്കളോടുള്ള അത്യാർത്തിപൂണ്ട ഭക്തികെട്ട ലോകത്തിലായതിനാൽ, “സ്വയംപര്യാപ്‌തതയോടു കൂടിയ ദൈവഭക്തി നട്ടുവളർത്തുക” എന്ന പ്രസംഗം തികച്ചും കാലോചിതമായിരുന്നു. ക്രിസ്‌ത്യാനികളെ വഴിതെറ്റിക്കുകയും അനേക മനോവേദനകൾക്ക്‌ കാരണമാകുകയും ചെയ്യുന്ന പണസ്‌നേഹം ഒഴിവാക്കാൻ ദൈവഭക്തി അവരെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ 1 തിമൊഥെയൊസ്‌ 6:6-10, 18, 19-ൽനിന്ന്‌ പ്രസംഗകൻ വിശദമാക്കി. നമ്മുടെ സാമ്പത്തിക നില എന്തായിരുന്നാലും, യഹോവയുമായുള്ള നമ്മുടെ ബന്ധവും ആത്മീയ ആരോഗ്യവുമാണ്‌ സന്തുഷ്ടിക്ക്‌ അടിസ്ഥാനം എന്നതിന്‌ പ്രസംഗകൻ ഊന്നൽ നൽകി. “നമ്മെക്കുറിച്ചു ലജ്ജിക്കാൻ ദൈവത്തിനു കാരണം നൽകാതിരിക്കൽ” എന്ന പ്രസംഗത്തിലെ ആശയങ്ങൾ മിക്കവരെയും വളരെയേറെ പ്രോത്സാഹിപ്പിച്ചു. യഹോവ തന്റെ വിശ്വസ്‌ത സാക്ഷികളെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല എന്ന ആശയത്തിന്‌ ആ പ്രസംഗം ഊന്നൽ നൽകി. “ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യ”നായ യേശുക്രിസ്‌തുവിന്റെ അതുല്യ മാതൃക, സഹിഷ്‌ണുതയോടെ ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ തുടരാൻ അനേകരെ സഹായിക്കും.​—⁠എബ്രായർ 13:⁠8.

രാവിലത്തെ സെഷന്റെ അവസാനം സ്‌നാപന പ്രസംഗമായിരുന്നു. ഇത്‌ യഹോവയുടെ സാക്ഷികളുടെ വലിയ കൂടിവരവുകളുടെ ഒരു മുഖ്യ സവിശേഷതയാണ്‌. പുതുതായി സമർപ്പിക്കപ്പെട്ടവർ ജലസ്‌നാപനത്തിന്‌ വിധേയരായിക്കൊണ്ട്‌ യേശുവിന്റെ കാലടികൾ പിൻപറ്റുന്നതായി കാണുന്നത്‌ എത്ര സന്തോഷകരമാണ്‌! (മത്തായി 3:13-17) ഈ പടി സ്വീകരിക്കുന്നവർ ഇതിനോടകം ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ എന്ന നിലയിൽ വളരെയധികം വേല ചെയ്‌തിരിക്കുന്നു. മാത്രമല്ല, സ്‌നാപനമേൽക്കുന്നതോടെ അവർ സുവാർത്തയുടെ നിയമിത ശുശ്രൂഷകരായിത്തീരുന്നു. തങ്ങൾ യഹോവയുടെ നാമവിശുദ്ധീകരണത്തിൽ പങ്കുചേരുകയാണെന്ന്‌ അറിയുന്നതിൽനിന്ന്‌ അവർക്ക്‌ വളരെ സന്തോഷം ലഭിക്കുകയും ചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 27:11.

“‘നന്മതിന്മകൾ തിരിച്ചറിയാൻ’ പക്വത ആവശ്യം” എന്ന പ്രസംഗത്തിൽ ശക്തമായ ബുദ്ധിയുപദേശം നൽകപ്പെട്ടു. ശരിയും തെറ്റും സംബന്ധിച്ച ലോകത്തിന്റെ നിലവാരങ്ങൾ തീർത്തും അപര്യാപ്‌തമാണ്‌. അതുകൊണ്ട്‌ നാം യഹോവയുടെ നിലവാരങ്ങളിൽ ആശ്രയിക്കേണ്ടതുണ്ട്‌. (റോമർ 12:2) ദൈവത്തിന്റെ വഴികളെക്കുറിച്ച്‌ ഗ്രാഹ്യം നേടാനും പക്വതയിലേക്കു വളരാനും ഉള്ള പ്രോത്സാഹനം ഏവർക്കും ലഭിച്ചു. അങ്ങനെ, “നന്മതിന്മകളെ തിരിച്ചറിവാൻ” തക്കവിധം തഴക്കത്താൽ നമ്മുടെ ഗ്രഹണ പ്രാപ്‌തികൾ പരിശീലിപ്പിക്കപ്പെടും.​—⁠എബ്രായർ 5:11-14, NW

“ആത്മീയത വളർത്തിയെടുക്കാൻ കഠിനശ്രമം ചെയ്യുവിൻ” എന്ന സിമ്പോസിയമായിരുന്നു അടുത്തത്‌. ആത്മീയത വളർത്തിയെടുക്കുകയും നിലനിറുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം സത്യക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. ഇതിൽ നല്ല ശ്രമം ഉൾപ്പെട്ടിരിക്കുന്നു​—⁠വായന, പഠനം, ധ്യാനം. (മത്തായി 7:13, 14; ലൂക്കൊസ്‌ 13:24) ആത്മീയ മനസ്‌കരായവർ ‘സകലപ്രാർത്ഥനയിലും യാചനയിലും’ മുഴുകിയിരിക്കുകയും ചെയ്യുന്നു. (എഫെസ്യർ 6:18) വിശ്വാസത്തിന്റെയും ഭക്തിയുടെയും ആഴം, ഭക്തി, എത്രത്തോളം ആത്മീയതയുണ്ട്‌, ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികളായി’ നാം എന്തിനെയാണ്‌ വീക്ഷിക്കുന്നത്‌ എന്നിങ്ങനെയുള്ള സംഗതികളെ നമ്മുടെ പ്രാർഥന വെളിപ്പെടുത്തുന്നുവെന്ന്‌ നാം തിരിച്ചറിയുന്നു. (ഫിലിപ്പിയർ 1:​10, NW) അനുസരണയുള്ള ഒരു കുട്ടിക്ക്‌ തന്റെ പിതാവിനോട്‌ ഉള്ളതുപോലുള്ള സ്‌നേഹപുരസ്സരമായ ഒരു ബന്ധം യഹോവയുമായി വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകപ്പെട്ടു. കേവലം സത്യമതത്തിൽ ആയിരിക്കുകയല്ല, ദൈവത്തെ കാണുന്നതുപോലെ, ശക്തമായ വിശ്വാസം വളർത്തിയെടുക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.​—⁠എബ്രായർ 11:6, 27.

“നിങ്ങളുടെ അഭിവൃദ്ധി പ്രകടമാക്കുക” എന്ന പ്രസംഗത്തിൽ ആത്മീയ പുരോഗതിയെപ്പറ്റി കൂടുതലായി ചർച്ച ചെയ്യപ്പെട്ടു. അത്തരം പുരോഗതിയുടെ മൂന്നു വ്യത്യസ്‌ത മണ്ഡലങ്ങളെ കുറിച്ച്‌ പരിചിന്തിക്കുകയുണ്ടായി: (1) അറിവിലും ഗ്രാഹ്യത്തിലും ജ്ഞാനത്തിലും വളരൽ, (2) ദൈവാത്മാവിന്റെ ഫലങ്ങൾ ഉത്‌പാദിപ്പിക്കൽ, (3) കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റൽ.

“ദൈവവചനത്തിന്റെ ശോഭയേറിവരുന്ന വെളിച്ചത്തിൽ നടക്കൽ” എന്ന അവസാന പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ, യെശയ്യാ പ്രവചനം​—⁠മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 എന്ന പുതിയ പുസ്‌തകത്തിന്റെ പ്രകാശനം ഹാജരായിരുന്നവരെ സന്തോഷഭരിതരാക്കി. യെശയ്യാവു എന്ന ബൈബിൾ പുസ്‌തകം ഓരോ അധ്യായങ്ങളായി ചർച്ച ചെയ്യുന്ന രണ്ടു വാല്യങ്ങളിൽ ആദ്യത്തേതാണ്‌ ഇത്‌. പ്രസംഗകൻ പിൻവരുന്ന വിധം പറഞ്ഞു: “യെശയ്യാ പുസ്‌തകത്തിൽ ഇന്നു നമുക്കായുള്ള ഒരു സന്ദേശം അടങ്ങിയിരിക്കുന്നു. അതിലെ പല പ്രവചനങ്ങളും യെശയ്യാവിന്റെ നാളിൽ നിവൃത്തിയേറി എന്നതു ശരിതന്നെ. ചിലത്‌ ബാബിലോൺ ആക്രമണം നടത്തിയ സമയത്തു നിറവേറി. വേറെ ചിലതിന്‌ ഒന്നാം നൂറ്റാണ്ടിൽ നിവൃത്തി ഉണ്ടായി. എന്നിരുന്നാലും, യെശയ്യാവിന്റെ പ്രവചനങ്ങളിൽ പലതും ഇന്നും നിറവേറിക്കൊണ്ടിരിക്കുന്നു. മറ്റു ചിലത്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ നിറവേറും.”

മൂന്നാം ദിവസം​—⁠യഹോവയുടെ വചനത്തിനനുസരിച്ച്‌ പ്രവർത്തിക്കുന്നവർ ആയിരിക്കുക

കൺവെൻഷന്റെ അവസാന ദിവസം ദിനവാക്യ പരിചിന്തനത്തോടെ ആരംഭിച്ചു. അടുത്തതായി, “ദൈവേഷ്ടം ചെയ്യുന്നവർക്കായി സെഫന്യാവിന്റെ അർഥവത്തായ പ്രവചനം” എന്ന സിമ്പോസിയം ആയിരുന്നു. വഴിപിഴച്ച യഹൂദാ ജനതയുടെ നാളുകളിൽ ചെയ്‌തതുപോലെതന്നെ ഇന്നും, തന്റെ മുന്നറിയിപ്പിനു ചെവികൊടുക്കാത്തവരുടെ മേൽ യഹോവ കഷ്ടത വരുത്തുമെന്ന്‌ ഈ സിമ്പോസിയത്തിലെ മൂന്നു പ്രസംഗങ്ങൾ വ്യക്തമാക്കി. എന്തെന്നാൽ അവർ ദൈവത്തിന്‌ എതിരെ പാപം ചെയ്യുന്നു. രക്ഷാമാർഗം കണ്ടെത്താൻ കഴിയാതെ അവർ അന്ധന്മാരെപ്പോലെ നിസ്സഹായരായി ചുറ്റിത്തിരിയും. എന്നിരുന്നാലും വിശ്വസ്‌തതയോടെ യഹോവയെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സത്യക്രിസ്‌ത്യാനികൾ, അവന്റെ ക്രോധദിവസത്തിൽ മറയ്‌ക്കപ്പെടും. അതു മാത്രമല്ല, അവർ ഇപ്പോൾപ്പോലും അനേകം വിധങ്ങളിൽ അനുഗ്രഹിക്കപ്പെടുന്നു. ബൈബിൾ സത്യത്തിന്റെ “നിർമല ഭാഷ” സംസാരിക്കാനുള്ള അനുഗൃഹീത പദവി അവർക്കുണ്ട്‌. (സെഫന്യാവു 3:​9, NW) പ്രസംഗകൻ ഇപ്രകാരം പറഞ്ഞു: “നിർമല ഭാഷ സംസാരിക്കുന്നതിൽ, സത്യത്തിൽ വിശ്വസിക്കുന്നതും മറ്റുള്ളവരെ അതു പഠിപ്പിക്കുന്നതും മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. പകരം നമ്മുടെ നടത്തയെ ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ കൊണ്ടുവരുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു.”

“നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ” എന്ന നാടകത്തിനായി സദസ്സ്‌ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. യഹോവയെ മറക്കുകയും പുറജാതി സ്‌ത്രീകളാൽ വശീകരിക്കപ്പെട്ട്‌ പരസംഗത്തിലും വ്യാജാരാധനയിലും ഏർപ്പെടുകയും ചെയ്‌തതു നിമിത്തം, വാഗ്‌ദത്ത ദേശത്തിന്റെ കവാടത്തിൽ എത്തിയ ആയിരക്കണക്കിന്‌ ഇസ്രായേല്യർക്ക്‌ ജീവൻ നഷ്ടമായത്‌ എങ്ങനെയെന്ന്‌ പൂർണമായും പുരാതന വേഷവിധാനത്തോടുകൂടിയ ഈ നാടകം പ്രകടമാക്കി. അതിലെ ഒരു മുഖ്യ കഥാപാത്രം​—⁠യാമീൻ​—⁠മോവാബ്യ സ്‌ത്രീകളുടെ വശ്യതയുടെയും യഹോവയോടുള്ള തന്റെ ഭക്തിയുടെയും മധ്യേ തീരുമാനമെടുക്കാൻ ആദ്യം പാടുപെട്ടു. ദൈവഭക്തിയില്ലായിരുന്ന സിമ്രിയുടെ വക്രബുദ്ധിയും വഞ്ചകമായ ചിന്തയും അപ്പോൾ മുൻപന്തിയിലേക്ക്‌ വന്നു, ഒപ്പം ഫീനെഹാസിന്റെ ഭക്തിയും വിശ്വാസവും. യഹോവയെ സ്‌നേഹിക്കാത്തവരുമൊത്ത്‌ ഇടപഴകുന്നതിന്റെ അപകടത്തെ ആ നാടകം വ്യക്തമായി വരച്ചുകാട്ടി.

“കേട്ടു മറക്കുന്നവർ ആകാതിരിപ്പിൻ” എന്ന പ്രസംഗത്തിന്‌ ശ്രദ്ധ കൊടുക്കാൻ തക്കവിധം നാടകം നമ്മുടെ മനസ്സുകളെ സജ്ജമാക്കി. പുതിയ ലോകത്തിന്റെ അവകാശിയാകാനുള്ള യോഗ്യതയുണ്ടോ എന്നു നിർണയിക്കാൻ യഹോവ നമ്മുടെ അനുസരണം പരിശോധിക്കുന്നുണ്ടെന്ന്‌ 1 കൊരിന്ത്യർ 10:1-10-ന്റെ ഒരു അവലോകനം വ്യക്തമാക്കി. പുതിയ ലോകത്തിന്റെ കവാടത്തിൽ എത്തിനിൽക്കുന്ന ഇക്കാലത്തുപോലും, ചിലരുടെ ജഡികാഭിലാഷങ്ങൾ അവരുടെ ആത്മീയ ലക്ഷ്യങ്ങളെ നിഷ്‌പ്രഭമാക്കുന്നുണ്ട്‌. ‘യഹോവയുടെ സ്വസ്ഥതയിൽ’ പ്രവേശിക്കാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെട്ടു.​—⁠എബ്രായർ 4:⁠1.

പരസ്യ പ്രസംഗത്തിന്റെ വിഷയം, “ദൈവത്തിന്റെ വിസ്‌മയാവഹമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?” എന്നതായിരുന്നു. യഹോവയുടെ “വിസ്‌മയാവഹമായ പ്രവൃത്തികൾ,” അവന്റെ ജ്ഞാനത്തെയും നമുക്കുചുറ്റും കാണുന്ന ഭൗതിക സൃഷ്ടികളുടെമേലുള്ള അവന്റെ അധികാരത്തെയുമാണ്‌ പ്രകടമാക്കുന്നത്‌. (ഇയ്യോബ്‌ 37:14) സർവശക്തനായ സ്രഷ്ടാവിന്റെ ശക്തിയിൽ ഇയ്യോബിനു മതിപ്പുതോന്നാൻ യഹോവയിൽനിന്നുള്ള അന്വേഷണാത്മകമായ കുറെ ചോദ്യങ്ങൾ മാത്രം മതിയായിരുന്നു. തന്റെ വിശ്വസ്‌ത ദാസന്മാർക്കായും യഹോവ “വിസ്‌മയാവഹമായ പ്രവൃത്തികൾ” ചെയ്യും. പ്രസംഗകൻ ഈ വാക്കുകളോടെ ഉപസംഹരിച്ചു: “യഹോവ കഴിഞ്ഞകാലത്തു ചെയ്‌തിട്ടുള്ളതും നമുക്കു ചുറ്റുമുള്ള സൃഷ്ടിയിൽ ഇന്നു ചെയ്‌തുകൊണ്ടിരിക്കുന്നതും സമീപ ഭാവിയിൽ ചെയ്യുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുമായ അവന്റെ വിസ്‌മയാവഹമായ പ്രവൃത്തികൾക്കു ശ്രദ്ധ നൽകാൻ നമുക്കു ധാരാളം കാരണങ്ങളുണ്ട്‌.”

ആ വാരത്തിലെ വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹത്തിനുശേഷം, “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ എന്ന നിങ്ങളുടെ പദവിയെ അതിയായി വിലമതിക്കുക” എന്ന അവസാന പ്രസംഗം നിർവഹിക്കപ്പെട്ടു. പ്രോത്സാഹജനകമായ ആ പ്രസംഗം ദൈവവചനാനുസൃതം പ്രവർത്തിക്കുന്നത്‌ ഒരു ബഹുമാന്യ പദവിയാണ്‌ എന്നതിന്‌ ഊന്നൽ നൽകി. (യാക്കോബ്‌ 1:22) ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ എന്ന നിലയിലുള്ള നമ്മുടെ പദവി അമൂല്യമാണെന്നും നാം അതിൽ എത്രയധികം തുടരുന്നുവോ അത്രയധികം അതിനോടുള്ള നമ്മുടെ വിലമതിപ്പ്‌ വർധിക്കുമെന്നും ആ പ്രസംഗം സദസ്സ്യരെ ഓർമിപ്പിച്ചു. സാധ്യമാകുന്നത്ര അളവോളം ദൈവവചനാനുസൃതം പ്രവർത്തിക്കാനുള്ള ആഗ്രഹത്തിൽ, ഈ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്റെ പ്രചോദനാത്മകമായ കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കാൻ കൺവെൻഷനു സന്നിഹിതരായ എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഏറ്റവുമധികം സന്തോഷം അനുഭവിക്കാനുള്ള ഏക മാർഗമാണ്‌ അത്‌.

[25-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാൻ കഴിയും!*

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാൻ കഴിയും! എന്ന ലഘുപത്രിക പ്രകാശനം ചെയ്യപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളിലും ലളിതമായ രീതിയിലുള്ള ബൈബിൾ വിദ്യാഭ്യാസം വളരെയധികം ആവശ്യമാണ്‌, ഈ ലഘുപത്രിക ആ ഉദ്ദേശ്യം നിറവേറ്റും. പരിമിതമായ വിദ്യാഭ്യാസവും വായനാ പ്രാപ്‌തിയും ഉള്ളവർക്ക്‌ ഈ പ്രസിദ്ധീകരണം വലിയൊരു അനുഗ്രഹമായിരിക്കും.

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം

യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം എന്ന രണ്ടു വാല്യങ്ങളുള്ള പുതിയ പുസ്‌തകത്തിന്റെ ഒന്നാം വാല്യം ലഭിച്ചത്‌ കൺവെൻഷനു ഹാജരായിരുന്നവരെ സന്തോഷഭരിതരാക്കി. നമ്മുടെ നാളിൽ യെശയ്യാ പ്രവചനത്തിനുള്ള പ്രായോഗിക മൂല്യത്തിന്‌ ഈ പ്രസിദ്ധീകരണം ഊന്നൽ നൽകുന്നു.

[25-ാം പേജിലെ അടിക്കുറിപ്പ്‌]

*ഈ ലഘുപത്രിക ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല