ഇയ്യോബ് 37:1-24
37 “എന്റെ ഹൃദയമിടിപ്പ് വർധിക്കുന്നു;അതു വേഗത്തിൽ മിടിക്കുന്നു.
2 ദൈവത്തിന്റെ ശബ്ദത്തിന്റെ മുഴക്കവുംതിരുവായിൽനിന്ന് വരുന്ന ഗംഭീരസ്വരവും ശ്രദ്ധിക്കുക.
3 ആകാശത്തിനു കീഴിൽ എല്ലായിടത്തും ദൈവം അതു കേൾപ്പിക്കുന്നു;ഭൂമിയുടെ അതിരുകളോളം മിന്നലിനെ അയയ്ക്കുന്നു.+
4 അതു കഴിയുമ്പോൾ ഒരു ഗർജനം കേൾക്കുന്നു,ദൈവം ഗംഭീരസ്വരം മുഴക്കുന്നു;+തന്റെ ശബ്ദം മുഴങ്ങുമ്പോൾ ദൈവം മിന്നലിനെ പിടിച്ചുനിറുത്തുന്നില്ല.
5 ദൈവം വിസ്മയകരമായി തന്റെ ശബ്ദം മുഴക്കുന്നു;+നമുക്കു മനസ്സിലാക്കാൻ പറ്റാത്ത അത്ഭുതകാര്യങ്ങൾ+ ചെയ്യുന്നു.
6 ദൈവം മഞ്ഞിനോട്, ‘ഭൂമിയിൽ പെയ്യുക’+ എന്നും
പെരുമഴയോട്, ‘ശക്തിയായി വർഷിക്കുക’+ എന്നും പറയുന്നു.
7 സകല മനുഷ്യരും തന്റെ പ്രവൃത്തികൾ അറിയാനായിദൈവം മനുഷ്യരുടെ കൈകൾക്കു പൂട്ടിടുന്നു.*
8 വന്യമൃഗങ്ങൾ ഗുഹകളിലേക്കു പോകുന്നു;അവ അവിടെനിന്ന് പുറത്ത് ഇറങ്ങുന്നില്ല.
9 കൊടുങ്കാറ്റ് അതിന്റെ അറയിൽനിന്ന് വീശിയടിക്കുന്നു;+വടക്കൻ കാറ്റു+ തണുപ്പു കൊണ്ടുവരുന്നു.
10 ദൈവത്തിന്റെ ശ്വാസത്താൽ മഞ്ഞുകട്ടകൾ ഉണ്ടാകുന്നു;+വിശാലമായി പരന്നുകിടക്കുന്ന വെള്ളം തണുത്തുറയുന്നു.+
11 ദൈവം മേഘങ്ങളിൽ ഈർപ്പം നിറയ്ക്കുന്നു;അവയിൽ മിന്നൽപ്പിണരുകൾ ചിതറിക്കുന്നു.+
12 ദൈവം അയയ്ക്കുന്നിടത്ത് അവ ചുറ്റിത്തിരിയുന്നു;ദൈവം പറയുന്നതെല്ലാം അവ ഭൂമുഖത്ത് ചെയ്യുന്നു.+
13 ശിക്ഷിക്കാനാണെങ്കിലും+ നാടിനു നന്മ വരുത്താനാണെങ്കിലുംതന്റെ അചഞ്ചലമായ സ്നേഹം കാണിക്കാനാണെങ്കിലും, ദൈവം ഇതെല്ലാം ചെയ്യുന്നു.+
14 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകേൾക്കുക;ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഒന്ന് ഇരുന്ന് ചിന്തിക്കുക.+
15 ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും*അവയിൽനിന്ന് മിന്നൽ അയയ്ക്കുന്നതും എങ്ങനെയെന്ന് അറിയാമോ?
16 മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെയെന്ന് അറിയാമോ?+
സർവജ്ഞാനിയായ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളാണ് ഇതൊക്കെ.+
17 തെക്കൻ കാറ്റു നിമിത്തം ഭൂമി ശാന്തമായിരിക്കുമ്പോൾഇയ്യോബിന്റെ വസ്ത്രം ചൂടു പിടിക്കുന്നത് എങ്ങനെയെന്ന് അറിയാമോ?+
18 ഇയ്യോബിനു ദൈവത്തിന്റെകൂടെനിന്ന്ഉറപ്പുള്ള ഒരു ലോഹക്കണ്ണാടിപോലെ ആകാശത്തെ വിരിക്കാനാകുമോ?*+
19 ദൈവത്തോട് എന്തു മറുപടി പറയണമെന്നു പറഞ്ഞുതരുക;നമ്മൾ ഇരുട്ടിലായതുകൊണ്ട് നമുക്ക് ഉത്തരം നൽകാനാകില്ല.
20 എനിക്കു സംസാരിക്കാനുണ്ടെന്നു ദൈവത്തോട് ആരെങ്കിലും പറയണോ?
ദൈവത്തെ അറിയിക്കേണ്ട എന്തെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?+
21 ഒരു കാറ്റു വീശി മേഘങ്ങൾ നീങ്ങുന്നതുവരെആകാശത്ത് ശോഭിച്ചുനിൽക്കുന്ന പ്രകാശം* അവർക്കു കാണാനാകില്ല.
22 വടക്കുനിന്ന് സ്വർണപ്രഭ വരുന്നു;ദൈവത്തിന്റെ പ്രൗഢി+ ഭയഗംഭീരമാണ്.
23 സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല;+ദൈവത്തിന്റെ ശക്തി അപാരമാണ്,+ദൈവം ഒരിക്കലും തന്റെ ന്യായവും നീതിയും ലംഘിക്കില്ല.+
24 അതുകൊണ്ട് മനുഷ്യർ ദൈവത്തെ ഭയപ്പെടേണ്ടതാണ്;+
സ്വയം ബുദ്ധിമാന്മാരെന്നു വിചാരിക്കുന്നവരിൽ+ ദൈവം പ്രസാദിക്കില്ല.”
അടിക്കുറിപ്പുകള്
^ അഥവാ “മനുഷ്യരുടെ പ്രവൃത്തികളെല്ലാം തടയുന്നു.”
^ അഥവാ “മേഘങ്ങളോടു കല്പിക്കുന്നതും.”
^ അഥവാ “അടിച്ചുപരത്താനാകുമോ?”
^ അതായത്, സൂര്യപ്രകാശം.

