മത്തായി എഴുതിയത് 3:1-17
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
സ്നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.” ഈ വാക്യത്തിൽ “സ്നാപകയോഹന്നാൻ” എന്നാണു കാണുന്നതെങ്കിലും മർ 1:4; 6:14, 24 വാക്യങ്ങളിൽ “യോഹന്നാൻ സ്നാപകൻ” എന്നു വിളിച്ചിരിക്കുന്നു. വെള്ളത്തിൽ മുക്കി സ്നാനപ്പെടുത്തുന്നതു യോഹന്നാന്റെ പ്രത്യേകതയായിരുന്നെന്നു സൂചിപ്പിക്കുന്ന ഒരു വിളിപ്പേരായിരിക്കാം “സ്നാപകൻ.” ‘സ്നാപകൻ എന്നു വിളിപ്പേരുള്ള യോഹന്നാനെ’ക്കുറിച്ച് ജൂതചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസും എഴുതിയിട്ടുണ്ട്.
യോഹന്നാൻ: യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിന്റെ മലയാളരൂപം. അർഥം: “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു.”
യഹൂദ്യ വിജനഭൂമി: പൊതുവേ ആൾപ്പാർപ്പില്ലാത്ത തരിശുഭൂമി. യഹൂദ്യ മലനിരകളിൽനിന്ന് കിഴക്കോട്ട് യോർദാൻ നദിയുടെയും ചാവുകടലിന്റെയും പടിഞ്ഞാറൻതീരം വരെ [മുകളിൽനിന്ന് താഴെവരെ ഏകദേശം 1,200 മീറ്റർ (3,900 അടി).] വ്യാപിച്ചുകിടക്കുന്ന പ്രദേശം. ഈ പ്രദേശത്ത്, ചാവുകടലിന്റെ വടക്കുള്ള ഒരു ഭാഗത്താണ് യോഹന്നാൻ ശശ്രൂഷ തുടങ്ങിയത്.—പദാവലിയിൽ “വിജനഭൂമി” കാണുക.
സ്വർഗരാജ്യം: ഈ പദപ്രയോഗം 30-ലേറെ തവണ ബൈബിളിൽ കാണുന്നുണ്ട്, എല്ലാം മത്തായിയുടെ സുവിശേഷത്തിലാണ്. മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ ഇതിനോടു സമാനമായ “ദൈവരാജ്യം” എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. “ദൈവരാജ്യ”ത്തിന്റെ ഭരണകേന്ദ്രം സ്വർഗമായിരിക്കുമെന്നും അത് അവിടെനിന്നായിരിക്കും ഭരണം നടത്തുന്നതെന്നും ഇതു സൂചിപ്പിക്കുന്നു.—മത്ത 21:43; മർ 1:15; ലൂക്ക 4:43; ദാനി 2:44; 2തിമ 4:18.
രാജ്യം: ബസിലേയ എന്ന ഗ്രീക്കുപദം ആദ്യമായി വരുന്നിടം. ഒരു രാജാവിന്റെ ഭരണകൂടത്തെയോ രാജഭരണത്തിൻകീഴിലുള്ള പ്രദേശം, ജനങ്ങൾ എന്നിവയെയോ ഇതിന് അർഥമാക്കാനാകും. ഗ്രീക്കുതിരുവെഴുത്തുകളിൽ 162 പ്രാവശ്യം ഈ പദം കാണാം. അതിൽ 55-ഉം മത്തായിയുടെ വിവരണത്തിലാണ്. ദൈവത്തിന്റെ സ്വർഗീയഭരണത്തെ കുറിക്കുന്നതാണ് അതിൽ മിക്കവയും. മത്തായി ഈ പദം ഇത്രയധികമായി ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് മത്തായിയുടെ സുവിശേഷത്തെ ‘രാജ്യ സുവിശേഷം’ എന്നും വിളിക്കാം.—പദാവലിയിൽ “ദൈവരാജ്യം” കാണുക.
സമീപിച്ചിരിക്കുന്നു: സ്വർഗരാജ്യത്തിന്റെ ഭാവിഭരണാധികാരി പ്രത്യക്ഷപ്പെടാറായി എന്ന അർഥത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
മാനസാന്തരപ്പെടുക: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെ ഇത് അർഥമാക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനും ദൈവവുമായി ഒരു ബന്ധത്തിലേക്കു വരാനും ഒരു വ്യക്തി മാറ്റങ്ങൾ വരുത്തണം എന്നാണു ‘മാനസാന്തരപ്പെടുക’ എന്ന പദം ഇവിടെ അർഥമാക്കുന്നത്.—മത്ത 3:8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “മാനസാന്തരം” എന്നതും കാണുക.
പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട് അതു ഘോഷിക്കുക” എന്നാണ്. സന്ദേശം അറിയിക്കുന്ന രീതിക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ് ഇതു പൊതുവേ അർഥമാക്കുന്നത്.
യഹോവ: ഇത് യശ 40:3-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. (അനു. സി കാണുക.) യേശുവിനു വഴി ഒരുക്കാനായി സ്നാപകയോഹന്നാൻ ചെയ്ത കാര്യങ്ങളുമായി മത്തായി ഈ പ്രവചനത്തെ ബന്ധിപ്പിക്കുന്നു. ഈ പ്രവചനം തനിക്കുതന്നെ ബാധകമാകുന്നതായി സ്നാപകയോഹന്നാൻ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നുണ്ട്.—യോഹ 1:23.
ദൈവത്തിന്റെ പാതകൾ നേരെയാക്കുക: പണ്ട് വഴിയിൽനിന്ന് വലിയ കല്ലുകൾ നീക്കിയും വെള്ളത്തിനു നടുവിലൂടെ പാതകൾ നിർമിച്ചും കുന്നുകൾ നിരപ്പാക്കിയും രാജരഥത്തിനു വഴി ഒരുക്കിയിരുന്ന രീതി ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം.
ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം: യോഹന്നാൻ ധരിച്ചിരുന്ന ഒട്ടകരോമംകൊണ്ട് നെയ്ത വസ്ത്രവും തുകൽകൊണ്ടുള്ള അരപ്പട്ടയും ഏലിയ പ്രവാചകന്റെ വേഷവിധാനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.—2രാജ 1:8; യോഹ 1:21.
വെട്ടുക്കിളികൾ: മാംസ്യം അഥവാ പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടം. ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ഇവയെ ഭക്ഷ്യയോഗ്യമായി വേർതിരിച്ചിരുന്നു.—ലേവ 11:21, 22.
കാട്ടുതേൻ: ഇതു കൃത്രിമമായ തേനീച്ചക്കൂടുകളിൽനിന്നുള്ള തേനല്ല, മറിച്ച് വിജനമേഖലയിലെ തേനീച്ചക്കൂടുകളിൽനിന്ന് കിട്ടുന്ന തേനാണ്. വിജനഭൂമിയിൽ താമസിക്കുന്നവർ വെട്ടുക്കിളികൾ, കാട്ടുതേൻ എന്നിവ ഭക്ഷിക്കുന്നതു സാധാരണമായിരുന്നു.
പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു: നിയമ ഉടമ്പടിക്കെതിരെ ചെയ്ത പാപങ്ങൾ പരസ്യമായി തുറന്നുസമ്മതിക്കുന്നതിനെ കുറിക്കുന്നു.
സ്നാനപ്പെടുത്തി: അഥവാ “നിമജ്ജനം ചെയ്തു; മുക്കി.”—മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.
പരീശന്മാർ: പദാവലി കാണുക.
സദൂക്യർ: പദാവലി കാണുക.
അണലിസന്തതികളേ: അവരുടെ കുടിലതയും അവർ വരുത്തിയ ഗുരുതരമായ ആത്മീയഹാനിയും, അവരെ കണ്ണുമടച്ച് വിശ്വസിച്ചവരെ വിഷംപോലെ ബാധിച്ചതുകൊണ്ടാണ് അങ്ങനെ വിളിച്ചത്.
മാനസാന്തരത്തിനു യോജിച്ച ഫലം: യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവരുടെ മനസ്സിനോ മനോഭാവത്തിനോ വരുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന തെളിവുകളെയും പ്രവൃത്തികളെയും കുറിക്കുന്നു.—ലൂക്ക 3:8; പ്രവൃ 26:20; മത്ത 3:2, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “മാനസാന്തരം” എന്നതും കാണുക.
മാനസാന്തരം: അക്ഷ. “മനസ്സുമാറ്റം.”—മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.
നിങ്ങളെ . . . സ്നാനപ്പെടുത്തുന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്ന ആളെ പൂർണമായി മുക്കണമെന്നു മറ്റു ബൈബിൾഭാഗങ്ങളും സൂചിപ്പിക്കുന്നു. ഒരിക്കൽ യോർദാൻ താഴ്വരയിലെ ശലേമിന് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിയത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ് ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെ സ്നാനപ്പെടുത്തിയപ്പോൾ രണ്ടുപേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്റ്റുവജിന്റിൽ കാണുന്നതും ഇതേ പദംതന്നെയാണ്.
എന്നെക്കാൾ ശക്തനാണ്: “കൂടുതൽ അധികാരം” ഉണ്ടെന്നു സൂചിപ്പിക്കുന്നു.
ചെരിപ്പ്: മറ്റൊരാളുടെ ചെരിപ്പിന്റെ കെട്ട് അഴിച്ചുകൊടുക്കുന്നതും (മർ 1:7; ലൂക്ക 3:16; യോഹ 1:27) അത് എടുത്തുകൊണ്ട് നടക്കുന്നതും തരംതാഴ്ന്ന പണിയായിട്ടാണു കണക്കാക്കിയിരുന്നത്. മിക്കപ്പോഴും അടിമകളാണ് അതു ചെയ്തിരുന്നത്.
പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനപ്പെടുത്തും: പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം പരിശുദ്ധാത്മാവിനാലുള്ള അഭിഷേകത്തെയും തീകൊണ്ടുള്ള സ്നാനം നാശത്തെയും അർഥമാക്കുന്നു. പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം എ.ഡി. 33-ലെ പെന്തിക്കോസ്തിൽ തുടങ്ങി. തീകൊണ്ടുള്ള സ്നാനം നടന്നതു റോമൻ സൈന്യം എ.ഡി. 70-ൽ യരുശലേം നശിപ്പിച്ച് അവിടെയുള്ള ദേവാലയം ചുട്ടെരിച്ചപ്പോഴാണ്.
പാറ്റാനുള്ള കോരിക: സാധ്യതയനുസരിച്ച് തടികൊണ്ട് ഉണ്ടാക്കിയത്. മെതിച്ച ധാന്യം ഇത് ഉപയോഗിച്ച് വായുവിലേക്ക് എറിയുമ്പോൾ വയ്ക്കോൽക്കഷണങ്ങളും പതിരും കാറ്റത്ത് പറന്നുപോകുമായിരുന്നു.
പതിര്: അകത്ത് മണിയില്ലാത്ത ധാന്യത്തെയാണു പൊതുവേ പതിരെന്നു പറയുന്നതെങ്കിലും ഇവിടെ കാണുന്ന മൂലഭാഷാപദം ബാർലിയും ഗോതമ്പും പോലുള്ള ധാന്യങ്ങളുടെ ആവരണത്തെ അഥവാ ഉമിയെ ആണ് കുറിക്കുന്നത്. കാറ്റത്ത് ഉമിയും പതിരും വീണ്ടും ധാന്യക്കൂമ്പാരവുമായി ഇടകലരാതിരിക്കാൻ പൊതുവേ അതു ശേഖരിച്ച് കത്തിച്ചുകളഞ്ഞിരുന്നു. പാറ്റുന്നതിനെക്കുറിച്ച് യോഹന്നാൻ ഇവിടെ പറഞ്ഞത്, മിശിഹ ആലങ്കാരികമായ ഗോതമ്പിൽനിന്ന് പതിരും ഉമിയും മറ്റും വേർതിരിക്കുന്നതിനെ കുറിക്കാനാണ്.
കെടുത്താൻ പറ്റാത്ത തീ: ജൂതവ്യവസ്ഥിതി സമ്പൂർണമായി നശിപ്പിക്കപ്പെടാനിരിക്കുകയാണെന്ന് ഇതു സൂചിപ്പിച്ചു.
നീതിയായതു ചെയ്യുന്നത്: യേശുവിന്റെ സ്നാനം മാനസാന്തരത്തിന്റെ പ്രതീകമായിരുന്നില്ല. കാരണം യേശു പാപമില്ലാത്തവനും ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾ കുറ്റമറ്റ രീതിയിൽ പാലിച്ചവനും ആയിരുന്നു. ആ സ്നാനം സമർപ്പണത്തിന്റെ പ്രതീകവുമായിരുന്നില്ല. കാരണം യേശു അപ്പോൾത്തന്നെ ഒരു സമർപ്പിതജനതയിലെ അംഗമായിരുന്നു. യേശുവിന്റെ സ്നാനം, മിശിഹയെക്കുറിച്ചുള്ള യഹോവയുടെ നീതിയുള്ള ഹിതം ചെയ്യാൻ സ്വയം വിട്ടുകൊടുക്കുന്നതിന്റെ പ്രതീകമായിരുന്നു. അതിൽ തന്നെത്തന്നെ ഒരു മോചനവിലയായി അർപ്പിക്കുന്നതും ഉൾപ്പെട്ടിരുന്നു. അങ്ങനെ, തന്നെക്കുറിച്ച് സങ്ക 40:7, 8-ൽ പറഞ്ഞിരിക്കുന്ന പ്രവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു യേശു. ആ പ്രവചനം എബ്ര 10:5-9-ൽ വിശദീകരിച്ചിട്ടുണ്ട്.
ആകാശം: ഇതിന് ആകാശത്തെയോ ആത്മവ്യക്തികൾ വസിക്കുന്ന സ്വർഗത്തെയോ അർഥമാക്കാനാകും.
ആകാശം തുറന്നു: സാധ്യതയനുസരിച്ച് അപ്പോൾ, യേശു സ്വർഗത്തിലെ കാര്യങ്ങൾ അറിയാനും അവ മനസ്സിലാക്കാനും ദൈവം ഇടയാക്കി. മനുഷ്യനായി വരുന്നതിനു മുമ്പ് സ്വർഗത്തിലുണ്ടായിരുന്ന ജീവിതത്തെക്കുറിച്ചുള്ള ഓർമകളും ഇതിൽ ഉൾപ്പെട്ടിരുന്നിരിക്കാം.
പ്രാവുപോലെ: പ്രാവുകളെ ബലിയായി അർപ്പിച്ചുകൊണ്ട് വിശുദ്ധകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീകമായും അവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; നിഷ്കളങ്കതയുടെയും നൈർമല്യത്തിന്റെയും പ്രതീകമായിരുന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ് ഒലിവിലയുമായി പെട്ടകത്തിലേക്കു മടങ്ങിവന്നതു പ്രളയജലം ഇറങ്ങിത്തുടങ്ങിയെന്നും (ഉൽ 8:11) സ്വസ്ഥതയുടെയും സമാധാനത്തിന്റെയും നാളുകൾ സമീപിച്ചിരിക്കുന്നെന്നും സൂചിപ്പിച്ചു. (ഉൽ 5:29) യേശുവിന്റെ സ്നാനസമയത്ത് യഹോവ പ്രാവിനെ ഉപയോഗിച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോകുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനായിരിക്കാം. കാരണം നിർമലനും പാപരഹിതനും ആയ ദൈവപുത്രൻ മനുഷ്യകുലത്തിനുവേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുകയും അങ്ങനെ തന്റെ ഭരണത്തിൻകീഴിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞ കാലം വരുന്നതിന് അടിസ്ഥാനമിടുകയും ചെയ്യുമായിരുന്നു. ദൈവത്തിന്റെ ആത്മാവ് അഥവാ ചലനാത്മകശക്തി സ്നാനസമയത്ത് യേശുവിന്റെ മേൽ ഇറങ്ങിയപ്പോൾ, വേഗത്തിൽ ചിറകടിച്ച് കൂടണയുന്ന പ്രാവിനെപ്പോലെ കാണപ്പെട്ടിരിക്കാം.
ഇവൻ എന്റെ പ്രിയപുത്രൻ: ഒരു ആത്മജീവിയായിരുന്നപ്പോൾ യേശു ദൈവത്തിന്റെ പുത്രനായിരുന്നു. (യോഹ 3:16) മനുഷ്യനായി ജനിച്ചശേഷവും യേശു, പൂർണനായിരുന്ന ആദാമിനെപ്പോലെ, ‘ദൈവത്തിന്റെ മകനായിരുന്നു.’ (ലൂക്ക 1:35; 3:38) എന്നാൽ ഇവിടെ യേശു ആരാണെന്നു തിരിച്ചറിയിക്കാൻവേണ്ടി മാത്രം ദൈവം പറഞ്ഞ വാക്കുകളാണ് ഇതെന്നു തോന്നുന്നില്ല. സാധ്യതയനുസരിച്ച്, ഈ പ്രസ്താവന നടത്തുകയും ഒപ്പം പരിശുദ്ധാത്മാവിനെ പകരുകയും ചെയ്തതിലൂടെ യേശു എന്ന മനുഷ്യനെ തന്റെ ആത്മീയമകനായി ജനിപ്പിച്ചെന്നു സൂചിപ്പിക്കുകയായിരുന്നു ദൈവം. അങ്ങനെ ‘വീണ്ടും ജനിച്ച’ യേശുവിനു സ്വർഗത്തിലെ ജീവനിലേക്കു മടങ്ങാനുള്ള പ്രത്യാശ ലഭിച്ചെന്നും ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതോടെ യേശു ദൈവത്തിന്റെ നിയുക്ത രാജാവും മഹാപുരോഹിതനും ആയെന്നും സൂചിപ്പിക്കുകയായിരുന്നിരിക്കാം ദൈവം.—യോഹ 3:3-6; 6:51; ലൂക്ക 1:31-33; എബ്ര 2:17; 5:1, 4-10; 7:1-3 എന്നിവ താരതമ്യം ചെയ്യുക.
ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: അഥവാ “ഇവനെ ഞാൻ അംഗീകരിച്ചിരിക്കുന്നു; ഇവനിൽ ഞാൻ വളരെ സംപ്രീതനാണ്.” മത്ത 12:18-ലും ഇതേ പദപ്രയോഗമാണു കാണുന്നത്. അതാകട്ടെ, വാഗ്ദത്തമിശിഹയെക്കുറിച്ച് അഥവാ ക്രിസ്തുവിനെക്കുറിച്ച് പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണിയാണ്. പരിശുദ്ധാത്മാവിനെ പകർന്നതും പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്താവനയും യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം വ്യക്തമായി തിരിച്ചറിയിച്ചു.—മത്ത 12:18-ന്റെ പഠനക്കുറിപ്പു കാണുക.
ആകാശത്തുനിന്ന് ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാവുന്ന രീതിയിൽ യഹോവ സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്.—മത്ത 17:5; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൃശ്യാവിഷ്കാരം

യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷ ആരംഭിച്ചതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഈ തരിശുഭൂമിയിൽവെച്ചാണ്.

ബൈബിളിൽ വിജനഭൂമി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ (എബ്രായയിൽ മിദ്ബാർ; ഗ്രീക്കിൽ എറേമൊസ്) പൊതുവേ സൂചിപ്പിക്കുന്നത് അധികം ജനവാസമില്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങളെയാണ്. മരങ്ങളൊന്നും ഇല്ലാതെ കുറ്റിച്ചെടികളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്തകിടികൾപോലും ഇതിൽപ്പെടും. ഉണങ്ങിവരണ്ട മരുഭൂമികളെ കുറിക്കാനും ഈ പദത്തിനാകും. സുവിശേഷങ്ങളിൽ പൊതുവേ വിജനഭൂമി എന്നു വിളിച്ചിരിക്കുന്നത് യഹൂദ്യ വിജനഭൂമിയെ ആണ്. യോഹന്നാൻ സ്നാപകൻ ജീവിച്ചതും പ്രസംഗപ്രവർത്തനം നടത്തിയതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഇവിടെവെച്ചാണ്.—മർ 1:12.

കാട്ടുതേനീച്ചയുടെ കൂടും (1) തേൻ ഇറ്റിറ്റുവീഴുന്ന ഒരു തേനടയും (2) ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. യോഹന്നാൻ കഴിച്ച തേൻ ആ പ്രദേശങ്ങളിൽ പൊതുവേയുള്ള ഏപിസ് മെലിഫറ സിറിയക എന്ന കാട്ടുതേനീച്ചയുടേതായിരിക്കാം. യഹൂദ്യവിജനഭൂമിയിലെ ചൂടുള്ള, വരണ്ട കാലാവസ്ഥയുമായി ഇണങ്ങിക്കഴിയുന്ന ഈ വർഗം ആക്രമണകാരികളായതുകൊണ്ട് മനുഷ്യർക്ക് ഇവയെ വളർത്താൻ സാധിക്കില്ല. എന്നാൽ ബി.സി. 9-ാം നൂറ്റാണ്ടുമുതൽതന്നെ ഇസ്രായേലിലുള്ളവർ തേനീച്ചകളെ കളിമൺകുഴലുകളിൽ വളർത്തിയിരുന്നു. പണ്ട് യോർദാൻ താഴ്വരയിലുണ്ടായിരുന്ന ഒരു നഗരപ്രദേശത്തുനിന്ന് (ഇന്നത്തെ ടേൽ രഹോവ്) ഇത്തരം തേനീച്ചക്കൂടുകളുടെ അവശിഷ്ടങ്ങൾ ധാരാളമായി കണ്ടെടുത്തിട്ടുണ്ട്. ഇന്ന് തുർക്കി എന്ന് അറിയപ്പെടുന്ന സ്ഥലത്തുനിന്ന് കൊണ്ടുവന്ന ഒരിനം തേനീച്ചയെയായിരുന്നു സാധ്യതയനുസരിച്ച് ഇതിൽ വളർത്തിയിരുന്നത്.

ബൈബിളിൽ “വെട്ടുക്കിളി” എന്ന പദത്തിനു ചെറിയ സ്പർശനികൾ അഥവാ കൊമ്പുകൾ ഉള്ള, പുൽച്ചാടിവർഗത്തിൽപ്പെട്ട ഏതൊരു ജീവിയെയും കുറിക്കാനാകും. പ്രത്യേകിച്ച്, വലിയ കൂട്ടങ്ങളായി ദേശാന്തരഗമനം നടത്തുന്നവയെയാണ് ഇങ്ങനെ വിളിച്ചിരിക്കുന്നത്. യരുശലേമിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, മരുഭൂമിയിലെ വെട്ടുക്കിളികളുടെ 75 ശതമാനവും പ്രോട്ടീൻ അഥവാ മാംസ്യം ആണെന്നാണ്. ഇന്ന് ആളുകൾ ഇവയുടെ തലയും കാലും ചിറകും വയറും കളഞ്ഞിട്ട് നെഞ്ചുഭാഗം പച്ചയ്ക്കോ പാകംചെയ്തോ കഴിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഈ പ്രാണികൾക്കു ചെമ്മീന്റെയോ ഞണ്ടിന്റെയോ രുചിയാണെന്നാണു പറയപ്പെടുന്നത്.

ഒട്ടകരോമംകൊണ്ട് നെയ്ത വസ്ത്രമാണു യോഹന്നാൻ ധരിച്ചിരുന്നത്. അത് ഒരു അരപ്പട്ടകൊണ്ട് മുറുക്കി കെട്ടുകയും ചെയ്തിരുന്നു. ചില ചെറിയ വസ്തുക്കളൊക്കെ ആ അരപ്പട്ടയിൽ വെച്ച് കൊണ്ടുപോകാമായിരുന്നു. ഏലിയ പ്രവാചകന്റെ വസ്ത്രവും ഏതാണ്ട് ഇതുപോലെയായിരുന്നു. (2രാജ 1:8) ഒട്ടകരോമംകൊണ്ടുള്ള പരുപരുത്ത ഇത്തരം വസ്ത്രങ്ങൾ സാധാരണയായി പാവപ്പെട്ടവരാണു ധരിച്ചിരുന്നത്. സമ്പന്നരാകട്ടെ, ലിനനോ പട്ടോ കൊണ്ട് ഉണ്ടാക്കിയ മിനുസവും മാർദവവും ഉള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. (മത്ത 11:7-9) ജനിച്ചപ്പോൾമുതലേ യോഹന്നാൻ ഒരു നാസീരായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മുടി ഒരിക്കലും മുറിച്ചുകാണില്ല. അദ്ദേഹം പൂർണമായും ദൈവേഷ്ടം ചെയ്യാൻ സമർപ്പിച്ച, ലളിതജീവിതം നയിക്കുന്ന ഒരാളാണെന്ന് ഒരുപക്ഷേ ആ വസ്ത്രധാരണവും രൂപവും കണ്ടാൽത്തന്നെ ആർക്കും മനസ്സിലാകുമായിരുന്നു.

ആവ 6:6-8-ലെയും11:18-ലെയും വാക്കുകൾ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടതാണെന്നു പരീശന്മാർ കരുതി. സ്വയനീതിക്കാരും അന്ധവിശ്വാസികളും ആയിരുന്നതുകൊണ്ട് അവർ ഇടത്തെ കൈയിലും ചിലപ്പോഴൊക്കെ നെറ്റിയിലും ഒരു വേദവാക്യച്ചെപ്പ് അണിഞ്ഞിരുന്നു. ഇനി, നിയമം ആവശ്യപ്പെട്ടിരുന്നതുപോലുള്ള തൊങ്ങലുകൾ പരീശന്മാരുടെ വസ്ത്രത്തിലുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി അവർ അവയുടെ നീളം കൂട്ടിയിരുന്നു.—സംഖ 15:38; മത്ത 23:5

സ്നാപകയോഹന്നാനും യേശുവും ശാസ്ത്രിമാരെയും പരീശന്മാരെയും “അണലിസന്തതികളേ” എന്നു വിളിച്ചു. കാരണം അവരെ കണ്ണുമടച്ച് വിശ്വസിച്ചവർക്ക് അവർ വരുത്തിയ ഗുരുതരമായ ആത്മീയഹാനി മാരകമായ വിഷബാധപോലെയായിരുന്നു. (മത്ത 3:7; 12:34) ഇവിടെ കാണിച്ചിരിക്കുന്ന കൊമ്പൻ അണലിയുടെ പ്രത്യേകത അവയുടെ ഓരോ കണ്ണിന്റെയും മുകളിലായുള്ള കൂർത്ത, ചെറിയ കൊമ്പുകളാണ്. ഇസ്രായേലിൽ കാണപ്പെടുന്ന അപകടകാരികളായ മറ്റു ചില അണലികളാണ്, യോർദാൻ താഴ്വരയിൽ കാണുന്ന മണൽ അണലിയും (വൈപ്പെറ അമ്മോഡൈറ്റ്സ്) പലസ്തീൻ അണലിയും (വൈപ്പെറ പലസ്തീന).

ബൈബിൾക്കാലങ്ങളിൽ ആളുകൾ പരന്ന ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. തുകലോ തടിയോ കടുപ്പവും വഴക്കവും ഉള്ള മറ്റു വസ്തുക്കളോ ഉപയോഗിച്ചുണ്ടാക്കിയിരുന്ന ഈ ചെരുപ്പുകൾ തോൽവാറുകൊണ്ട് കാലിൽ കെട്ടും. ചെരിപ്പ്, ചിലതരം ഇടപാടുകളിൽ ഒരു പ്രതീകമായും ചിലപ്പോൾ ഒരു വാങ്മയചിത്രമായും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വിധവയെ ഭർത്തൃസഹോദരധർമമനുസരിച്ച് വിവാഹം കഴിക്കാൻ ഒരാൾ വിസമ്മതിച്ചാൽ ആ വിധവ അദ്ദേഹത്തിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരാൻ മോശയുടെ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ നിന്ദയോടെ, “ചെരിപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം” എന്നാണു പറഞ്ഞിരുന്നത്. (ആവ 25:9, 10) ഒരാൾ വസ്തുവകകളും വീണ്ടെടുപ്പവകാശവും മറ്റൊരാൾക്കു കൈമാറുമ്പോൾ അതിന്റെ പ്രതീകമായി സ്വന്തം ചെരിപ്പ് ഊരി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു. (രൂത്ത് 4:7) ഒരാളുടെ ചെരുപ്പിന്റെ കെട്ട് അഴിക്കുന്നതും ചെരുപ്പ് എടുത്തുകൊണ്ട് കൂടെ ചെല്ലുന്നതും പൊതുവേ അടിമകൾ ചെയ്യുന്ന തരംതാഴ്ന്ന പണിയായിട്ടാണു കണ്ടിരുന്നത്. യോഹന്നാൻ സ്നാപകൻ ഈ രീതിയെക്കുറിച്ച് പരാമർശിച്ചത്, താൻ യേശുവിനെക്കാൾ എത്ര താഴ്ന്നവനാണെന്നു സൂചിപ്പിക്കാനായിരുന്നു.

മെതിച്ചെടുത്ത ധാന്യം, പാറ്റാനുള്ള കോരിക ഉപയോഗിച്ച് വായുവിലേക്ക് ഉയർത്തി എറിയും. താരതമ്യേന ഭാരമുള്ള ധാന്യമണികൾ നിലത്തേക്കു വീഴുകയും ഭാരം കുറഞ്ഞ ഉമിയും പതിരും കാറ്റത്ത് പറന്നുപോകുകയും ചെയ്യും. ധാന്യത്തിൽനിന്ന് ഉമിയും പതിരും പൂർണമായി നീക്കം ചെയ്യുന്നതുവരെ ഇതു പല പ്രാവശ്യം ആവർത്തിച്ചിരുന്നു.

രണ്ടു മെതിവണ്ടികളുടെ (1) തനിപ്പകർപ്പാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അവ മറിച്ച് ഇട്ടിരിക്കുന്നതുകൊണ്ട് അതിന്റെ അടിവശത്ത് പിടിപ്പിച്ചിരിക്കുന്ന മൂർച്ചയുള്ള കല്ലുകൾ കാണാം. (യശ 41:15) ഒരു കൃഷിക്കാരൻ മെതിവണ്ടികൊണ്ട് ധാന്യം മെതിക്കുന്നതാണു രണ്ടാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് (2). അയാൾ കറ്റ മെതിക്കളത്തിൽ അഴിച്ച് നിരത്തിയിട്ട് മെതിവണ്ടിയുടെ മുകളിൽ കയറിനിൽക്കും. എന്നിട്ട് കാളയെക്കൊണ്ടോ മറ്റോ കതിരുകളുടെ മുകളിലൂടെ വണ്ടി വലിപ്പിക്കും. മൃഗത്തിന്റെ കുളമ്പും മെതിവണ്ടിയുടെ അടിയിലെ മൂർച്ചയുള്ള കല്ലുകളും മുകളിലൂടെ കയറുമ്പോൾ കതിരിൽനിന്ന് ധ്യാനം വേർപെടും. തുടർന്ന് കർഷകൻ പാറ്റാനുള്ള കോരികയോ മുൾക്കരണ്ടിയോ (3) ഉപയോഗിച്ച്, മെതിച്ച ധാന്യം വായുവിലേക്ക് ഉയർത്തി എറിയുമ്പോൾ പതിരും ഉമിയും കാറ്റത്ത് പറന്നുപോകുകയും താരതമ്യേന ഭാരം കൂടിയ ധാന്യമണികൾ നിലത്ത് വീഴുകയും ചെയ്യും. യഹോവയുടെ ശത്രുക്കളെ പരാജയപ്പെടുത്തി തകർത്ത് തരിപ്പണമാക്കുന്നതിന്റെ പ്രതീകമായി ബൈബിളിൽ മെതിക്കുക എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. (യിര 51:33; മീഖ 4:12, 13) നീതിമാന്മാരെയും ദുഷ്ടന്മാരെയും തമ്മിൽ വേർതിരിക്കുന്നതിനെ, മെതിക്കുന്നതിനോടു യോഹന്നാൻ സ്നാപകൻ താരതമ്യപ്പെടുത്തിയിട്ടുണ്ട്.

യോഹന്നാൻ സ്നാപകൻ യേശുവിനെ യോർദാൻ നദിയിലാണു സ്നാനപ്പെടുത്തിയത്. എന്നാൽ അതു കൃത്യമായി എവിടെയായിരുന്നെന്നു വ്യക്തമല്ല.