വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ബലത്തിൽ ആശ്വാസം കണ്ടെത്തുക

യഹോവയുടെ ബലത്തിൽ ആശ്വാസം കണ്ടെത്തുക

യഹോവയുടെ ബലത്തിൽ ആശ്വാസം കണ്ടെത്തുക

“എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർദ്‌ധിക്കുമ്പോൾ അങ്ങ്‌ നല്‌കുന്ന ആശ്വാസം എന്നെ ഉന്‌മേഷവാനാക്കുന്നു.” —സങ്കീർത്തനം 94:19, പി.ഒ.സി ബൈബിൾ.

ആശ്വാസം തേടുന്ന ഓരോരുത്തർക്കും ബൈബിളിലെ സന്ദേശം സാന്ത്വനമേകുന്നു. ആ സ്ഥിതിക്ക്‌, ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പിൻവരുന്ന പ്രകാരം പ്രസ്‌താവിക്കുന്നതിൽ തെല്ലും അതിശയമില്ല: “അസംഖ്യം ആളുകൾ പ്രയാസ ഘട്ടങ്ങളിലും പോംവഴി കണ്ടെത്താനാകാത്ത സാഹചര്യങ്ങളിലും ആശ്വാസത്തിനും പ്രത്യാശയ്‌ക്കും മാർഗദർശനത്തിനുമായി ബൈബിളിനെ ആശ്രയിക്കുന്നു.” എന്തുകൊണ്ട്‌?

‘സർവ്വാശ്വാസവും നല്‌കുന്ന’വനും ‘കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന’ സ്‌നേഹനിധിയായ നമ്മുടെ സ്രഷ്ടാവുമായ ‘ദൈവ’മാണു ബൈബിളിനെ നിശ്വസ്‌തമാക്കിയത്‌ എന്നതാണ്‌ അതിനു കാരണം. (2 കൊരിന്ത്യർ 1:3, 4) അവൻ ‘ആശ്വാസം നൽകുന്ന ദൈവ’മാണ്‌. (റോമർ 15:6) നമുക്കെല്ലാം ആശ്വാസം ലഭിക്കുന്നതിനുള്ള മാർഗം പ്രദാനം ചെയ്‌തുകൊണ്ട്‌ യഹോവ നല്ല ഒരു മാതൃക വെച്ചിരിക്കുന്നു. നമുക്കു പ്രത്യാശയും ആശ്വാസവും ലഭിക്കേണ്ടതിന്‌ തന്റെ ഏകജാത പുത്രനെ, യേശുക്രിസ്‌തുവിനെ, അവൻ ഭൂമിയിലേക്ക്‌ അയച്ചു. അതേക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) “നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന”വനായി ബൈബിൾ യഹോവയെ വർണിക്കുന്നു. (സങ്കീർത്തനം 68:19) ദൈവഭയമുള്ള ആളുകൾക്ക്‌ ഉറപ്പോടെ ഇങ്ങനെ പറയാനാകും: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.”—സങ്കീർത്തനം 16:8.

യഹോവയാം ദൈവം മനുഷ്യവർഗത്തെ എത്ര ആഴമായി സ്‌നേഹിക്കുന്നുവെന്നു മേലുദ്ധരിച്ച ബൈബിൾ വാക്യങ്ങൾ വ്യക്തമാക്കുന്നു. നമുക്ക്‌ അളവറ്റ ആശ്വാസമേകുന്നതിനും നമ്മുടെ വേദന ലഘൂകരിക്കുന്നതിനുമുള്ള പ്രാപ്‌തിയും ഹൃദയംഗമമായ ആഗ്രഹവും അവനുണ്ട്‌ എന്നതു വ്യക്തമാണ്‌. “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.” (യെശയ്യാവു 40:29) അങ്ങനെയെങ്കിൽ, നമുക്ക്‌ യഹോവയുടെ ബലത്തിൽ എങ്ങനെ ആശ്വാസം കണ്ടെത്താം?

യഹോവയുടെ ആർദ്ര പരിപാലനം

“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 55:22) മനുഷ്യ കുടുംബത്തിൽ യഹോവയാം ദൈവം തത്‌പരനാണ്‌. “അവൻ [ദൈവം] നിങ്ങൾക്കായി കരുതുന്നു” എന്നു പത്രൊസ്‌ അപ്പൊസ്‌തലൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ഉറപ്പേകി. (1 പത്രൊസ്‌ 5:7) ദൈവം മനുഷ്യർക്ക്‌ എത്രമാത്രം വിലകൽപ്പിക്കുന്നു എന്നത്‌ യേശുവിന്റെ ഈ വാക്കുകളിൽനിന്നു വ്യക്തമാണ്‌: “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.” (ലൂക്കൊസ്‌ 12:6, 7) ദൈവദൃഷ്ടിയിൽ നാം വളരെ വിലപ്പെട്ടവരായതിനാൽ നമ്മെ കുറിച്ചുള്ള ഏറ്റവും സൂക്ഷ്‌മമായ വിശദാംശങ്ങൾ പോലും അവന്റെ ശ്രദ്ധയിൽ പെടാതെ പോകുന്നില്ല. നമ്മെ കുറിച്ചു നമുക്കുതന്നെ അറിഞ്ഞുകൂടാത്ത കാര്യങ്ങൾ പോലും അവന്‌ അറിയാം. കാരണം, അവൻ നമ്മിലോരോരുത്തരിലും അതീവ തത്‌പരനാണ്‌.

യഹോവ ഓരോ വ്യക്തിയിലുമെടുക്കുന്ന താത്‌പര്യം, മുൻ ലേഖനത്തിൽ പരാമർശിച്ച, വേശ്യാവൃത്തിയിലേക്കു വലിച്ചിഴയ്‌ക്കപ്പെട്ട സ്‌വെറ്റ്‌ലാന എന്ന യുവതിക്കു സമാശ്വാസമേകി. ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ്‌ സ്‌വെറ്റ്‌ലാന യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നത്‌. അവൾ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. തന്റെ ക്ഷേമത്തിൽ തത്‌പരനായ ഒരു യഥാർഥ വ്യക്തിയെന്ന നിലയിൽ യഹോവയോട്‌ അടുക്കാൻ അത്‌ അവളെ സഹായിച്ചു. അത്‌ അവളുടെ ഹൃദയത്തെ സ്‌പർശിച്ചു. മാത്രമല്ല, തന്റെ ജീവിതരീതിയിൽ മാറ്റം വരുത്താനും ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനും അത്‌ അവൾക്കു പ്രചോദനമേകി. പ്രശ്‌നങ്ങൾക്കു മധ്യേ പിടിച്ചു നിൽക്കാനും ജീവിതത്തെ കുറിച്ചു ക്രിയാത്മകമായ വീക്ഷണം ഉണ്ടായിരിക്കാനും ആവശ്യമായ ആത്മാഭിമാനം വളർത്തിയെടുക്കാനും അതു സ്‌വെറ്റ്‌ലാനയെ സഹായിച്ചു. അവൾ പറയുന്നു: ‘യഹോവ എന്നെ ഒരുനാളും കൈവെടിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. 1 പത്രൊസ്‌ 5:7-ൽ പറഞ്ഞിരിക്കുന്നതു വാസ്‌തവമാണെന്നു ഞാൻ കണ്ടെത്തി. അവിടെ ഇങ്ങനെ വായിക്കുന്നു: “[യഹോവ] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”’

ബൈബിളധിഷ്‌ഠിത പ്രത്യാശ ആശ്വാസമേകുന്നു

ദൈവം ആശ്വാസം പ്രദാനം ചെയ്യുന്ന ഒരു പ്രത്യേക വിധമുണ്ട്‌—തന്റെ ലിഖിത വചനത്തിലൂടെ. അതിൽ മഹത്തായ ഭാവി പ്രത്യാശ അടങ്ങിയിരിക്കുന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) യഥാർഥ പ്രത്യാശയും ആശ്വാസവും തമ്മിലുള്ള ബന്ധം പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ്‌ വ്യക്തമാക്കി: ‘നമ്മെ സ്‌നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്‌കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.’ (2 തെസ്സലൊനീക്യർ 2:16, 17) ആ “നല്ല പ്രത്യാശ”യിൽ പറുദീസാഭൂമിയിലെ സന്തുഷ്ടവും അനന്തവുമായ, പൂർണതയുള്ള ജീവിതത്തിന്റെ ഭാവിപ്രതീക്ഷ ഉൾപ്പെട്ടിരിക്കുന്നു.—2 പത്രൊസ്‌ 3:13.

ശോഭനമായ അത്തരം പ്രത്യാശയാണു മുൻ ലേഖനത്തിൽ പരാമർശിച്ച, മദ്യാസക്തനും തളർവാതരോഗിയുമായ ലൈമാനിസിനു പ്രോത്സാഹനമേകിയത്‌. യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്‌ഠിത സാഹിത്യങ്ങളിൽ നിന്ന്‌, തനിക്കു പൂർണ ആരോഗ്യം ആസ്വദിക്കാൻ കഴിയുന്ന ദൈവരാജ്യത്തിൻ കീഴിലെ പുതിയ ലോകത്തെ കുറിച്ചു പഠിച്ചത്‌ അദ്ദേഹത്തെ അതീവ സന്തുഷ്ടനാക്കി. ബൈബിളിലെ പിൻവരുന്ന ശോഭനമായ പ്രത്യാശയെ കുറിച്ച്‌ അദ്ദേഹം വായിച്ചു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും” (യെശയ്യാവു 35:5, 6) പറുദീസയിൽ ജീവിക്കാൻ യോഗ്യത നേടുന്നതിന്‌, ലൈമാനിസ്‌ തന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. മദ്യത്തോട്‌ അദ്ദേഹം വിടപറഞ്ഞു. അദ്ദേഹം വരുത്തിയ മാറ്റങ്ങൾ അയൽക്കാരും പരിചയക്കാരും ശ്രദ്ധിക്കാൻ ഇടയായി. ഇപ്പോൾ, ബൈബിളധിഷ്‌ഠിത പ്രത്യാശയിൽ നിന്നു ലഭിക്കുന്ന ആശ്വാസം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട്‌ അദ്ദേഹം നിരവധി ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുണ്ട്‌.

പ്രാർഥനയുടെ പങ്ക്‌

ഏതെങ്കിലും കാരണത്താൽ നമുക്കു ഹൃദയവേദന അനുഭവപ്പെടുമ്പോൾ യഹോവയോടു പ്രാർഥിച്ചുകൊണ്ടു നമുക്ക്‌ ആശ്വാസം കണ്ടെത്താനാകും. അത്‌ നമ്മുടെ ഹൃദയഭാരം കുറയ്‌ക്കുന്നു. ദൈവത്തോട്‌ അപേക്ഷിക്കുമ്പോൾ, ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസ്‌മരിക്കുന്നതിലൂടെ നമുക്ക്‌ ആശ്വാസം ലഭിച്ചേക്കാം. ബൈബിളിലെ ഏറ്റവും വലിയ സങ്കീർത്തനം മനോഹരമായ ഒരു പ്രാർഥനയുടെ രൂപത്തിലാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. അതിന്റെ രചയിതാവു പാടി: “യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.” (സങ്കീർത്തനം 119:52) ഏറ്റവും ദുർഘടമായ സമയത്ത്‌, പ്രത്യേകിച്ചും ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ഒറ്റമൂലിയായുള്ള ഒരു പരിഹാരമില്ല. സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നെങ്കിൽ, പരിഹാരത്തിനായി എങ്ങോട്ടു തിരിയണമെന്നു നമുക്ക്‌ ഒരെത്തുംപിടിയും കിട്ടുകയില്ല. തങ്ങളാലാകുന്നതെല്ലാം ചെയ്‌തശേഷം പ്രാർഥനയിൽ ദൈവത്തിലേക്കു തിരിയുന്നതു വലിയ ആശ്വാസത്തിൽ, ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ വിധത്തിൽ പരിഹാരം ലഭിക്കുന്നതിൽ, കലാശിച്ചിരിക്കുന്നതായി പലരും കണ്ടെത്തിയിരിക്കുന്നു.—1 കൊരിന്ത്യർ 10:13.

ആശുപത്രിയിലെ അടിയന്തിര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട പാറ്റ്‌, പ്രാർഥനയുടെ ആശ്വാസദായകമായ ഫലം അനുഭവിച്ചു. സുഖംപ്രാപിച്ചശേഷം പാറ്റ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. എന്റെ ജീവൻ തൃക്കരങ്ങളിൽ ഏൽപ്പിക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. തിരുഹിതം എന്തുതന്നെ ആണെങ്കിലും അതുതന്നെ നടക്കട്ടെ എന്നു കരുതിക്കൊണ്ടു ഞാൻ പൂർണമായി യഹോവയിൽ ആശ്രയിച്ചു. അപ്പോഴെല്ലാം എനിക്കു ശാന്തത തോന്നി; ഫിലിപ്പിയർ 4:6, 7-ൽ പറഞ്ഞിരിക്കുന്ന ദൈവസമാധാനം ഞാൻ അനുഭവിച്ചറിഞ്ഞു.” നമ്മോടുള്ള ബന്ധത്തിലും ആ വാക്യങ്ങൾ എത്രയോ ആശ്വാസപ്രദമാണ്‌! അവിടെ പൗലൊസ്‌ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”

പരിശുദ്ധാത്മാവ്‌ ആശ്വാസമേകുന്നു

തന്റെ മരണത്തിന്റെ തലേന്ന്‌ അപ്പൊസ്‌തലന്മാരോട്‌, താൻ ഉടൻതന്നെ അവരെ വിട്ടുപോകുമെന്ന്‌ യേശു പറഞ്ഞു. അതവരെ വിഷമിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌തു. (യോഹന്നാൻ 13:33, 36; 14:27-31) അവർക്ക്‌ ആശ്വാസം ആവശ്യമാണെന്നു മനസ്സിലാക്കിയ യേശു ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറെറാരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹന്നാൻ 14:16; NW അടിക്കുറിപ്പ്‌) ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയാണ്‌ അതു പറഞ്ഞപ്പോൾ യേശു അർഥമാക്കിയത്‌. മറ്റു സംഗതികളോടൊപ്പം ദൈവാത്മാവും അപ്പൊസ്‌തലന്മാരെ പീഡനങ്ങളിൽ ആശ്വസിപ്പിക്കുകയും ദൈവേഷ്ടം ചെയ്യുന്നതിൽ തുടരാൻ ശക്തരാക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 4:31.

ഇനി, മുമ്പു പറഞ്ഞ ആഞ്ചിയുടെ കാര്യമെടുക്കാം. ഗുരുതരമായ അപകടത്തിൽപ്പെട്ട്‌ ഭർത്താവു മരണവുമായി മല്ലിട്ടു കഴിയുമ്പോൾ തനിക്കുണ്ടായ ബുദ്ധിമുട്ടുകളും വേദനകളുമെല്ലാം വിജയകരമായി തരണം ചെയ്യാൻ അവൾക്കു കഴിഞ്ഞു. അതിന്‌ അവളെ സഹായിച്ചത്‌ എന്താണ്‌? “യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ ഞങ്ങൾക്ക്‌ ആ സാഹചര്യത്തെ തരണം ചെയ്യാനോ ശക്തരായി നിലകൊള്ളാനോ സാധിക്കുമായിരുന്നില്ല. ഞങ്ങളുടെ ബലഹീനതയിലൂടെ യഹോവയുടെ ബലം പ്രകടമായി. യാതനയുടെ നാളുകളിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവൻ ഒരു ദുർഗമാണെന്നു തെളിഞ്ഞിരിക്കുന്നു,” ആഞ്ചി പറയുന്നു.

ആശ്വാസമേകുന്ന സഹോദരവർഗം

ഒരു വ്യക്തി ഏതുതരം ജീവിത സാഹചര്യങ്ങളെ നേരിട്ടാലും, അവ എത്രതന്നെ വേദനാജനകം ആയിരുന്നാലും, യഹോവയുടെ ജനത്തിനിടയിൽ ആശ്വാസം കണ്ടെത്താൻ അയാൾക്കു സാധിക്കും. ക്രിസ്‌തീയ സഭയോടൊത്തു സഹവസിക്കുന്നവർക്ക്‌ ഈ സഹോദരവർഗം ആത്മീയ പിന്തുണയും സഹായവും പ്രദാനം ചെയ്യുന്നു. അവിടെ ഒരുവന്‌ സ്‌നേഹനിധികളായ, പരസ്‌പര ചിന്തയുള്ള, ആശ്വാസമേകുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ കണ്ടെത്താനാകും. ദുഷ്‌കര നാളുകളിൽ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായിരിക്കുന്ന, മനസ്സൊരുക്കമുള്ള ആളുകളാണ്‌ അവർ.—2 കൊരിന്ത്യർ 7:5-7.

‘അവസരം കിട്ടുംപോലെ എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്യാൻ’ ക്രിസ്‌തീയ സഭാംഗങ്ങൾ പഠിപ്പിക്കപ്പെടുന്നു. (ഗലാത്യർ 6:10) തങ്ങൾക്കു ലഭിക്കുന്ന ബൈബിളധിഷ്‌ഠിത വിദ്യാഭ്യാസം പരസ്‌പരം സഹോദര സ്‌നേഹവും ആർദ്രപ്രീതിയും പ്രകടിപ്പിക്കാൻ അവരെ പ്രചോദിപ്പിക്കുന്നു. (റോമർ 12:10; 1 പത്രൊസ്‌ 3:8) സഭയിലെ ആത്മീയ സഹോദരീസഹോദരന്മാർ ദയയുള്ളവരും ആശ്വാസപ്രദരും ആർദ്രാനുകമ്പയുള്ളവരും ആയിരിക്കാൻ പ്രോത്സാഹിതരാകുന്നു.—എഫെസ്യർ 4:32.

ജോയുടെയും റെബേക്കയുടെയും മകൻ മരണത്തിന്റെ കരാളഹസ്‌തങ്ങളിൽ അമർന്നപ്പോൾ അവർക്കു ക്രിസ്‌തീയ സഭാംഗങ്ങളിൽ നിന്ന്‌ അത്തരം ആശ്വാസവും പിന്തുണയും അനുഭവിക്കാൻ കഴിഞ്ഞു. അവർ പറയുന്നതു കേൾക്കൂ: “പ്രയാസകരമായിരുന്ന ആ നാളുകളെ തരണം ചെയ്യാൻ യഹോവയും അവന്റെ ജനവും ഞങ്ങളെ സഹായിച്ചു. അനുശോചനം അറിയിച്ചുകൊണ്ടുള്ള നൂറു കണക്കിനു കാർഡുകളും കത്തുകളും ടെലിഫോൺ കോളുകളും ഞങ്ങൾക്കു ലഭിച്ചു. സഹോദരവർഗം എത്രയോ അമൂല്യമാണ്‌ എന്നു മനസ്സിലാക്കാൻ അതു ഞങ്ങളെ സഹായിച്ചു. ആ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്ന ഞങ്ങളെ സഹായിക്കാൻ സ്ഥലത്തെ സഭകളിലുള്ള പല സഹോദരങ്ങളും മുന്നോട്ടുവന്നു. അവർ ഭക്ഷണം തയ്യാറാക്കി കൊണ്ടുവരികയും വീടും പരിസരവും വൃത്തിയാക്കുകയുമൊക്കെ ചെയ്‌തു.”

ധൈര്യപ്പെടുക!

നാം പ്രതികൂല സാഹചര്യങ്ങളുടെ കുത്തൊഴുക്കിൽ അകപ്പെടുമ്പോൾ, യാതനകളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുമ്പോൾ, രക്ഷപ്പെടുത്തുന്നതിനായി ആശ്വാസ കരങ്ങൾ നീട്ടാൻ ദൈവം സദാ ഒരുക്കമുള്ളവനാണ്‌. അവൻ സങ്കേതമരുളുന്നതിനെ കുറിച്ച്‌ ഒരു സങ്കീർത്തനം ഇങ്ങനെ പറയുന്നു: “തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും.” (സങ്കീർത്തനം 91:4) ഒരു കഴുകന്റെ ദൃഷ്ടാന്തമാണ്‌ ഇവിടെ പരാമർശിക്കുന്നത്‌. അപകടം മുന്നിൽക്കണ്ട്‌ തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ഒളിപ്പിക്കുന്ന ഒരു പക്ഷിയുടെ ചിത്രമാണ്‌ ഇതു വായിക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്നത്‌. കുറേക്കൂടെ വിപുലമായ അർഥത്തിൽ പറഞ്ഞാൽ, തന്നിൽ ആശ്രയം വെക്കുന്ന ഏവർക്കും യഹോവ യഥാർഥ സംരക്ഷകൻ ആയിത്തീരുന്നു.—സങ്കീർത്തനം 7:1.

ദൈവത്തെയും അവന്റെ വ്യക്തിത്വത്തെയും ഉദ്ദേശ്യങ്ങളെയും ആശ്വാസം പ്രദാനം ചെയ്യാനുള്ള അവന്റെ പ്രാപ്‌തിയെയും കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവവചനം പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. നിശ്ചയമായും, നിങ്ങൾക്കും യഹോവയുടെ ബലത്തിൽ ആശ്വാസം കണ്ടെത്താനാകും!

[7-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളധിഷ്‌ഠിത ഭാവിപ്രത്യാശ ആശ്വാസദായകമാണ്‌