2 തെസ്സലോനിക്യർ 2:1-17
2 എങ്കിലും സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചും+ യേശുവിന്റെ അടുത്തേക്കു നമ്മളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും+ ഞങ്ങൾക്കു പറയാനുള്ളത് ഇതാണ്:
2 യഹോവയുടെ* ദിവസം+ എത്തിക്കഴിഞ്ഞെന്ന് അറിയിക്കുന്ന ഒരു അരുളപ്പാടോ*+ പറഞ്ഞുകേട്ട ഒരു സന്ദേശമോ ഞങ്ങളുടേതെന്നു തോന്നിക്കുന്ന ഒരു കത്തോ കാരണം നിങ്ങൾ പെട്ടെന്നു സുബോധം നഷ്ടപ്പെട്ട് ആശയക്കുഴപ്പത്തിലാകുകയോ അസ്വസ്ഥരാകുകയോ അരുത്.
3 ആരും ഒരു വിധത്തിലും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.* കാരണം ആ ദിവസത്തിനു മുമ്പ് വിശ്വാസത്യാഗം+ സംഭവിക്കുകയും നാശപുത്രനായ+ നിയമനിഷേധി+ വെളിപ്പെടുകയും വേണം.
4 മനുഷ്യർ ദൈവം എന്നു വിളിക്കുന്നതോ ആരാധിക്കുന്നതോ* ആയ എല്ലാത്തിനെക്കാളും തന്നെത്തന്നെ ഉയർത്തി, എല്ലാവരുടെയും മുന്നിൽ ദൈവമാണെന്നു നടിച്ചുകൊണ്ട് ദൈവത്തിന്റെ ആലയത്തിൽ ഇരിക്കുന്ന ഒരു എതിരാളിയാണ് അയാൾ.
5 നിങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾത്തന്നെ ഈ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നതു നിങ്ങൾ ഓർക്കുന്നില്ലേ?
6 സമയത്തിനു മുമ്പ് അയാൾ വെളിപ്പെടാതിരിക്കാൻ ഒരു തടസ്സമായി നിൽക്കുന്നത് എന്താണെന്നു നിങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ.
7 നിയമലംഘനത്തിന്റെ ആ ശക്തി ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തിക്കുന്നുണ്ട്.+ പക്ഷേ ഇപ്പോൾ തടസ്സമായി നിൽക്കുന്നവൻ വഴിയിൽനിന്ന് മാറുന്നതുവരെ മാത്രമേ അതു നിഗൂഢമായിരിക്കൂ.
8 തടസ്സം മാറുമ്പോൾ ആ നിയമനിഷേധി വെളിച്ചത്ത് വരും. അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ*+ നിഗ്രഹിക്കും, തന്റെ സാന്നിധ്യം വ്യക്തമാകുന്ന സമയത്ത്+ ഒടുക്കിക്കളയും.
9 ആ നിയമനിഷേധിയുടെ സാന്നിധ്യം സാത്താന്റെ സ്വാധീനത്തിൽ+ ചെയ്യുന്ന എല്ലാ തരം വിസ്മയപ്രവൃത്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും+
10 അനീതി നിറഞ്ഞ എല്ലാ തരം വഞ്ചനയോടും+ കൂടെയായിരിക്കും. ഇതെല്ലാം, നശിക്കാനിരിക്കുന്നവരെ ലക്ഷ്യമാക്കിയുള്ളതാണ്. അത് അവർക്കുള്ള ശിക്ഷയായിരിക്കും. കാരണം രക്ഷ നേടാൻവേണ്ടി അവർ സത്യത്തെ സ്നേഹിച്ച് അതു സ്വീകരിച്ചില്ലല്ലോ.
11 അതുകൊണ്ടാണ് ഒരു തെറ്റായ സ്വാധീനം അവരെ വശീകരിക്കാനും അങ്ങനെ അവർ നുണ വിശ്വസിക്കാനും+ ദൈവം അനുവദിക്കുന്നത്.
12 അവർ സത്യം വിശ്വസിക്കാതെ അനീതിയിൽ രസിച്ചതിന്റെ പേരിൽ അവരെയെല്ലാം ന്യായം വിധിക്കാനാണു ദൈവം അത് അനുവദിക്കുന്നത്.
13 എന്നാൽ യഹോവയ്ക്കു* പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും നന്ദി കൊടുക്കാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കാരണം തന്റെ ആത്മാവിനാലുള്ള വിശുദ്ധീകരണത്താലും+ സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസത്താലും രക്ഷയ്ക്കുവേണ്ടി ദൈവം നിങ്ങളെ തുടക്കത്തിൽത്തന്നെ തിരഞ്ഞെടുത്തല്ലോ.+
14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം+ നിങ്ങളും നേടാൻവേണ്ടിയാണു ഞങ്ങൾ അറിയിക്കുന്ന സന്തോഷവാർത്തയിലൂടെ ദൈവം നിങ്ങളെ രക്ഷയിലേക്കു വിളിച്ചത്.
15 അതുകൊണ്ട് സഹോദരങ്ങളേ, വാക്കിലൂടെയോ കത്തിലൂടെയോ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ച പാരമ്പര്യം മുറുകെ പിടിക്കുകയും+ ഉറച്ചുനിൽക്കുകയും ചെയ്യുക.+
16 നമ്മുടെ കർത്താവായ യേശുക്രിസ്തുവും, നമ്മളെ സ്നേഹിച്ച്+ തന്റെ അനർഹദയയാൽ നമുക്കു നിത്യാശ്വാസവും നല്ല ഒരു പ്രത്യാശയും+ തന്ന നമ്മുടെ പിതാവായ ദൈവവും
17 നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും നിങ്ങളെ ശക്തരാക്കട്ടെ.*
അടിക്കുറിപ്പുകള്
^ അഥവാ “വശീകരിക്കാതിരിക്കട്ടെ.”
^ അഥവാ “ഭയഭക്തിയോടെ വീക്ഷിക്കുന്നതോ.”
^ അഥവാ “ആത്മാവിനാൽ.”
^ അഥവാ “ഉറപ്പുള്ളവരാക്കട്ടെ.”