വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ നിർമലത കാത്തുകൊള്ളുമോ?

നിങ്ങൾ നിർമലത കാത്തുകൊള്ളുമോ?

നിങ്ങൾ നിർമലത കാത്തുകൊള്ളുമോ?

ഇന്നലെ എത്ര കുരുവികൾ ചത്തു? ആർക്കും അറിയില്ല, ഒരുപക്ഷേ ആരും അതത്ര ഗൗനിക്കാറില്ല​—⁠ധാരാളം പക്ഷികൾ ഉണ്ടല്ലോ. എന്നാൽ യഹോവ അതു ശ്രദ്ധിക്കുന്നു. പ്രത്യക്ഷത്തിൽ നിസ്സാരമായ ഈ പക്ഷികളെ പരാമർശിച്ചുകൊണ്ട്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ പിതാവ്‌ അറിയാതെ അവയിൽ ഒന്നുപോലും നിലംപതിക്കയില്ല.” എന്നിട്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഭയപ്പെടേണ്ട; നിരവധി കുരുവികളെക്കാൾ വിലയുള്ളവരാണു നിങ്ങൾ.”​—⁠മത്തായി 10:29, 31, ഓശാന ബൈബിൾ.

യഹോവ തങ്ങളെ എത്ര മൂല്യമുള്ളവരായി കരുതുന്നുവെന്ന്‌ ശിഷ്യന്മാർക്കു പിന്നീട്‌ കൂടുതൽ വ്യക്തമായി. അവരിൽ ഒരാളായിരുന്ന യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്‌നേഹം പ്രത്യക്ഷമായി.” (1 യോഹന്നാൻ 4:9) യഹോവ മറുവില പ്രദാനം ചെയ്യുക മാത്രമല്ല, തന്റെ ഓരോ ദാസനും ഈ ഉറപ്പു നൽകുകയും ചെയ്യുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.”​—⁠എബ്രായർ 13:⁠5.

വ്യക്തമായും തന്റെ ജനത്തോടുള്ള യഹോവയുടെ സ്‌നേഹം അചഞ്ചലമാണ്‌. എന്നാൽ, ചോദ്യം ഇതാണ്‌: ‘ഒരിക്കലും യഹോവയെ ഉപേക്ഷിക്കാത്ത വിധം അത്ര തീവ്രമായ അടുപ്പം നമുക്ക്‌ അവനോട്‌ ഉണ്ടോ?’

നമ്മുടെ നിർമലത തകർക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ

ഇയ്യോബിന്റെ നിർമലത സംബന്ധിച്ച്‌ യഹോവ സാത്താനോടു പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പ്രതികരിച്ചു: “യാതൊരു നേട്ടവും ഇല്ലാതിരുന്നാൽ ഇയ്യോബ്‌ നിന്നെ ആരാധിക്കുമോ?” (ഇയ്യോബ്‌ 1:​9, ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) ദൈവത്തോടുള്ള മനുഷ്യരുടെ വിശ്വസ്‌തത ‘അവർക്ക്‌ അതിൽനിന്ന്‌ എന്തു നേട്ടമുണ്ടാകുന്നു’ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന്‌ അവൻ സൂചിപ്പിച്ചു. അതു സത്യമായിരുന്നെങ്കിൽ, വേണ്ടത്ര പ്രലോഭനകരമായ എന്തെങ്കിലും വെച്ചുനീട്ടപ്പെടുന്നപക്ഷം ഏതൊരു ക്രിസ്‌ത്യാനിയുടെയും നിർമലത തകരുമായിരുന്നു.

തന്റെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കൾ നഷ്ടപ്പെടുന്നപക്ഷം, ദൈവത്തോട്‌ ഇയ്യോബ്‌ വിശ്വസ്‌തനായിരിക്കില്ലെന്ന്‌ സാത്താൻ ആദ്യം അവകാശപ്പെട്ടു. (ഇയ്യോബ്‌ 1:10, 11) എന്നാൽ ആ ആരോപണം തെറ്റാണെന്നു തെളിഞ്ഞപ്പോൾ, സാത്താൻ മറ്റൊരു വാദം മുന്നോട്ടു വെച്ചു: “മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” (ഇയ്യോബ്‌ 2:4) ചിലരുടെ കാര്യത്തിൽ സാത്താന്റെ അവകാശവാദം സത്യമായിരിക്കാമെങ്കിലും, തന്റെ നിർമലത വെടിയാൻ ഇയ്യോബ്‌ കൂട്ടാക്കിയില്ല. ചരിത്രരേഖ അതിനു സാക്ഷ്യം വഹിക്കുന്നു. (ഇയ്യോബ്‌ 27:​5, NW; 42:10-17) സമാനമായ വിശ്വസ്‌തത നിങ്ങൾക്കുണ്ടോ? അതോ, സാത്താൻ നിങ്ങളുടെ നിർമലത തകർക്കാൻ നിങ്ങൾ അനുവദിക്കുമോ? ഓരോ ക്രിസ്‌ത്യാനിയും ഉൾപ്പെടുന്ന ചില സത്യങ്ങൾ പരിശോധിക്കവേ, നിങ്ങളെ കുറിച്ചുതന്നെ ചിന്തിക്കുക.

യഥാർഥ ക്രിസ്‌തീയ വിശ്വസ്‌തത വളരെ ശക്തമായിരിക്കാൻ കഴിയുമെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വിശ്വസിച്ചു. അവൻ എഴുതി: “മരണത്തിന്നോ ജീവന്നോ . . . ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ . . . മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (റോമർ 8:38, 39) യഹോവയോട്‌ നമുക്കുള്ള സ്‌നേഹം തീവ്രമാണെങ്കിൽ, സമാനമായ ഉറപ്പ്‌ നമുക്കും ഉണ്ടായിരിക്കാൻ കഴിയും. അത്തരം സ്‌നേഹം മരണത്തിനു പോലും കീഴടക്കാനാവാത്ത അനശ്വരമായ ഒരു ബന്ധമാണ്‌.

യഹോവയുമായി അത്തരമൊരു ബന്ധം നമുക്ക്‌ ഉണ്ടെങ്കിൽ, നാം ഒരിക്കലും ഇങ്ങനെ ചോദിക്കുകയില്ല: ‘കുറെ വർഷങ്ങൾ കഴിഞ്ഞാലും ഞാൻ യഹോവയെ സേവിക്കുന്നുണ്ടായിരിക്കുമോ?’ അത്തരം സംശയം, ദൈവത്തോടുള്ള നമ്മുടെ വിശ്വസ്‌തത ജീവിതത്തിൽ നമുക്ക്‌ എന്തു സംഭവിച്ചേക്കാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. യഥാർഥമായ നിർമലതയെ ബാഹ്യ ഘടകങ്ങൾ ഒരു പ്രകാരത്തിലും ബാധിക്കുന്നില്ല, അത്‌ നാം അകമേ എങ്ങനെയുള്ള മനുഷ്യൻ ആണ്‌ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. (2 കൊരിന്ത്യർ 4:16-18) യഹോവയെ മുഴുഹൃദയത്തോടെ സ്‌നേഹിക്കുന്നെങ്കിൽ, നാം ഒരിക്കലും അവനെ നിരാശപ്പെടുത്തുകയില്ല.​—⁠മത്തായി 22:37; 1 കൊരിന്ത്യർ 13:⁠8.

എന്നിരുന്നാലും, നമ്മുടെ നിർമലത തകർക്കാൻ സാത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ നാം ഓർക്കേണ്ടതുണ്ട്‌. ജഡത്തിന്റെ മോഹങ്ങൾക്കു വശംവദരാകാൻ, സമപ്രായക്കാരുടെ സമ്മർദങ്ങൾക്കു വഴങ്ങാൻ, അല്ലെങ്കിൽ ഏതെങ്കിലും പ്രയാസങ്ങൾക്കു വഴങ്ങി സത്യം ഉപേക്ഷിക്കാൻ അവൻ നമ്മെ പ്രലോഭിപ്പിച്ചേക്കാം. ഈ ആക്രമണത്തിൽ, ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട ലോകമാണു സാത്താന്റെ മുഖ്യ സഖ്യകക്ഷി. മാത്രമല്ല, നമ്മുടെ അപൂർണതകൾ അവന്‌ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. (റോമർ 7:19, 20; 1 യോഹന്നാൻ 2:16) എങ്കിലും, ഈ പോരാട്ടത്തിൽ നമുക്കു സഹായകമായ പല ഘടകങ്ങളുമുണ്ട്‌, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ സാത്താന്റെ തന്ത്രങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ്‌.​—⁠2 കൊരിന്ത്യർ 2:⁠11.

സാത്താന്റെ തന്ത്രങ്ങൾ എന്തെല്ലാമാണ്‌? എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ അവയെ ‘കുടിലതന്ത്രങ്ങൾ’ എന്നു വിവരിച്ചു. (എഫെസ്യർ 6:​11, ഓശാന ബൈ.) നമ്മുടെ നിർമലത തകർക്കാൻ സാത്താൻ നമ്മുടെ മാർഗത്തിൽ കുടിലമായ തന്ത്രങ്ങൾ പ്രതിഷ്‌ഠിക്കുന്നു. പിശാചിന്റെ രീതികൾ ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ നമുക്ക്‌ ഈ കുടിലതന്ത്രങ്ങൾ തിരിച്ചറിയാനാകും എന്നതു സന്തോഷകരമാണ്‌. യേശുവിന്റെയും ഇയ്യോബിന്റെയും നിർമലത തകർക്കാൻ സാത്താൻ നടത്തിയ ശ്രമങ്ങൾ നമ്മുടെ ക്രിസ്‌തീയ നിർമലത തകർക്കാൻ അവൻ തേടുന്ന ചില വഴികൾ വ്യക്തമാക്കുന്നു.

യേശുവിന്റെ നിർമലത തകർക്കാനായില്ല

യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ, കല്ല്‌ അപ്പമാക്കി മാറ്റാൻ ദൈവപുത്രനെ വെല്ലുവിളിച്ചുകൊണ്ട്‌ അവനെ പ്രലോഭിപ്പിക്കാൻ സാത്താനു ധൈര്യം തോന്നി. എത്ര കുടിലം! 40 ദിവസമായി യേശു ഭക്ഷണം കഴിച്ചിരുന്നില്ല, അതുകൊണ്ട്‌ അവന്‌ നിശ്ചയമായും നല്ല വിശപ്പുണ്ടായിരുന്നു. (ലൂക്കൊസ്‌ 4:​1-3) യേശു തന്റെ സ്വാഭാവികമായ ആഗ്രഹം യഹോവയുടെ ഹിതത്തിനു വിരുദ്ധമായ ഒരു വിധത്തിൽ ഉടനടി നിവർത്തിക്കണമെന്ന നിർദേശമാണു സാത്താൻ മുന്നോട്ടു വെച്ചത്‌. സമാനമായി, ഇന്നത്തെ ലോകം അനന്തരഫലങ്ങളെ കുറിച്ച്‌ ഒട്ടുംതന്നെ ചിന്തിക്കാതെയുള്ള തത്‌ക്ഷണ മോഹതൃപ്‌തിയാണു പ്രോത്സാഹിപ്പിക്കുന്നത്‌. ‘നീ ഇപ്പോൾ അത്‌ അർഹിക്കുന്നു’ അല്ലെങ്കിൽ ‘മുന്നും പിന്നും നോക്കേണ്ട, അങ്ങു ചെയ്‌തുകൊള്ളുക!’ എന്നതാണ്‌ നൽകപ്പെടുന്ന സന്ദേശം.

അനന്തരഫലങ്ങളെ കുറിച്ചു ചിന്തിക്കാതെ യേശു തന്റെ വിശപ്പ്‌ അടക്കിയിരുന്നെങ്കിൽ, അവന്റെ നിർമലത തകർക്കുന്നതിൽ സാത്താൻ വിജയിക്കുമായിരുന്നു. യേശു കാര്യങ്ങളെ ആത്മീയമായി നോക്കിക്കാണുകയും “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്ന ഉറച്ച മറുപടി നൽകുകയും ചെയ്‌തു.​—⁠ലൂക്കൊസ്‌ 4:4; മത്തായി 4:⁠4.

അപ്പോൾ സാത്താൻ തന്റെ തന്ത്രം മാറ്റി. യേശു ഏതു തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചുവോ അവ വളച്ചൊടിച്ചുകൊണ്ട്‌ പിശാച്‌, ദൈവാലയത്തിന്റെ അഗ്രത്തിൽനിന്ന്‌ താഴേക്കു ചാടാൻ യേശുവിനെ പ്രോത്സാഹിപ്പിച്ചു. ‘ഒരു ദൂതൻ നിന്നെ സംരക്ഷിക്കേണ്ടതാണ്‌’ എന്നു സാത്താൻ പറഞ്ഞു. തന്നിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കാനായി പിതാവിൽനിന്ന്‌ അത്ഭുതകരമായ സംരക്ഷണം ആവശ്യപ്പെടാൻ യേശുവിന്‌ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്ന്‌ യേശു പറഞ്ഞു.​—⁠മത്തായി 4:5-7; ലൂക്കൊസ്‌ 4:9-12.

സാത്താൻ ഉപയോഗിച്ച അവസാന തന്ത്രം ഏറെ നേരിട്ടുള്ള ഒന്നായിരുന്നു. കേവലം ഒരു ആരാധനാ ക്രിയയ്‌ക്കായി മുഴു ലോകവും അതിന്റെ മഹത്ത്വവും വെച്ചുനീട്ടിക്കൊണ്ട്‌ ഇരുകൂട്ടർക്കും നേട്ടങ്ങളുള്ള ഒരു ഇടപാടു നടത്താൻ സാത്താൻ ശ്രമിച്ചു. നൽകാനായി സാത്താന്റെ പക്കലുണ്ടായിരുന്ന ഏതാണ്ട്‌ എല്ലാംതന്നെ അതിലുണ്ടായിരുന്നു. എന്നാൽ, തന്റെ പിതാവിന്റെ മുഖ്യ ശത്രുവിന്റെ മുമ്പാകെ യേശുവിന്‌ എങ്ങനെ ഒരു ആരാധനക്രിയ ചെയ്യാൻ കഴിയുമായിരുന്നു? അചിന്തനീയം! “നിന്റെ ദൈവമായ കർത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്ന്‌ യേശു മറുപടി പറഞ്ഞു.​—⁠മത്തായി 4:8-11; ലൂക്കൊസ്‌ 4:5-8.

ആ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ സാത്താൻ ‘തക്ക ഒരവസരം ലഭിക്കുന്നതുവരെ യേശുവിനെ വിട്ടുപോയി.’ (ലൂക്കൊസ്‌ 4:​13, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) യേശുവിന്റെ നിർമലത പരിശോധിക്കാനുള്ള ഒരു അവസരത്തിനായി സാത്താൻ നിരന്തരം നോക്കിപ്പാർത്തിരിക്കുകയായിരുന്നു എന്ന്‌ ഇതു സൂചിപ്പിക്കുന്നു. ഏകദേശം രണ്ടര വർഷത്തിനു ശേഷം, തന്റെ ആസന്ന മരണത്തിനായി ശിഷ്യന്മാരെ ഒരുക്കി തുടങ്ങിയപ്പോൾ തക്ക ഒരവസരം ഉയർന്നു വന്നു. പത്രൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു: “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ.”​—⁠മത്തായി 16:21, 22.

സദുദ്ദേശ്യത്തോടെ ഉള്ളതെങ്കിലും തെറ്റായ ആ നിർദേശം, തന്റെ ശിഷ്യന്മാരിൽ ഒരുവനിൽനിന്നു വന്നതുകൊണ്ട്‌ യേശുവിന്‌ ആകർഷകമായി തോന്നിയിരിക്കുമോ? ആ വാക്കുകൾ യഹോവയുടേതല്ല, മറിച്ച്‌ സാത്താന്റെ ചിന്തകളെയാണു പ്രതിഫലിപ്പിക്കുന്നതെന്ന്‌ യേശു സത്വരം തിരിച്ചറിഞ്ഞു. ക്രിസ്‌തു ഈ ഉറച്ച മറുപടി നൽകി: “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു.”​—⁠മത്തായി 16:⁠23.

യഹോവയോടുള്ള യേശുവിന്റെ അണയാത്ത സ്‌നേഹം നിമിത്തം അവന്റെ നിർമലത തകർക്കാൻ സാത്താനു കഴിഞ്ഞില്ല. പിശാച്‌ വെച്ചുനീട്ടിയ യാതൊന്നിനും, എത്രതന്നെ കഠിനമായിരുന്നാലും കൊണ്ടുവന്ന ഒരു പരിശോധനയ്‌ക്കും, തന്റെ സ്വർഗീയ പിതാവിനോടുള്ള യേശുവിന്റെ വിശ്വസ്‌തതയെ തകർക്കാൻ കഴിഞ്ഞില്ല. സാഹചര്യങ്ങൾ, നിർമലത പാലിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുമ്പോൾ നമുക്ക്‌ അത്തരം ദൃഢനിശ്ചയം ഉണ്ടായിരിക്കുമോ? നാം അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികൾ മെച്ചമായി മനസ്സിലാക്കാൻ ഇയ്യോബിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കും.

പ്രതികൂല അവസ്ഥയിൽ വിശ്വസ്‌തത

ഇയ്യോബ്‌ മനസ്സിലാക്കിയതു പോലെ, പ്രതികൂല അവസ്ഥകൾ നമ്മുടെമേൽ എപ്പോൾ വേണമെങ്കിലും ആഞ്ഞടിക്കാം. പത്തു മക്കളുള്ള അദ്ദേഹം സന്തുഷ്ട വിവാഹജീവിതം നയിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്‌ നല്ല ആത്മീയ ദിനചര്യയുമുണ്ടായിരുന്നു. (ഇയ്യോബ്‌ 1:5) എന്നാൽ ദൈവത്തോടുള്ള തന്റെ നിർമലത സ്വർഗീയ സദസ്സിൽ ഒരു വിവാദവിഷയം ആയിത്തീർന്ന കാര്യം ഇയ്യോബ്‌ അറിഞ്ഞില്ല. എങ്ങനെയും അവന്റെ നിർമലത തകർക്കാൻ സാത്താൻ കച്ചകെട്ടിയിറങ്ങി.

വളരെ പെട്ടെന്ന്‌ ഇയ്യോബിനു തന്റെ ഭൗതിക സ്വത്തുക്കൾ നഷ്ടമായി. (ഇയ്യോബ്‌ 1:14-17) എങ്കിലും ഇയ്യോബിന്റെ നിർമലത ആ പരിശോധനയെ ചെറുത്തുനിന്നു. കാരണം, അവൻ ഒരിക്കലും തന്റെ ആശ്രയം ധനത്തിൽ അർപ്പിച്ചിരുന്നില്ല. താൻ ധനികനായിരുന്ന കാലത്തെ കുറിച്ച്‌ ഓർത്തുകൊണ്ട്‌ ഇയ്യോബ്‌ പ്രസ്‌താവിച്ചു: “ഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ, . . . എന്റെ ധനം വളരെയായിരിക്കകൊണ്ടു ഞാൻ സന്തോഷിച്ചുവെങ്കിൽ, അതു . . . കുററം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.”​—⁠ഇയ്യോബ്‌ 31:24, 25, 28.

ഇന്നും, നമുക്കുള്ള സകലതും ക്ഷണനേരംകൊണ്ട്‌ നഷ്ടപ്പെടുക സാധ്യമാണ്‌. യഹോവയുടെ സാക്ഷികളിൽ ഒരുവനായ ഒരു ബിസിനസുകാരന്‌, വഞ്ചനയ്‌ക്കിരയായി വളരെ വലിയൊരു തുക നഷ്ടപ്പെട്ടു. അദ്ദേഹം പാപ്പരാകുന്ന ഘട്ടത്തോളം എത്തി. ആ സഹോദരൻ ഇങ്ങനെ തുറന്നു പറയുന്നു: “ഞാൻ ഹൃദയാഘാതത്തിന്റെ വക്കോളം എത്തി. വാസ്‌തവത്തിൽ, ദൈവവുമായുള്ള എന്റെ ബന്ധം ഇല്ലായിരുന്നെങ്കിൽ എനിക്കു ഹൃദയാഘാതം ഉണ്ടാകുമായിരുന്നു എന്നാണു ഞാൻ കരുതുന്നത്‌. എന്നാൽ, എന്റെ ജീവിതത്തിൽ ആത്മീയ കാര്യങ്ങൾ ആയിരുന്നില്ല ഒന്നാം സ്ഥാനത്ത്‌ എന്ന്‌ ഈ അനുഭവം എന്നെ ബോധ്യപ്പെടുത്തി. പണത്തിനു പിന്നാലെയുള്ള ഓട്ടത്തിൽ മറ്റെല്ലാം രണ്ടാം സ്ഥാനത്തേക്കു തഴയപ്പെട്ടു.” ഈ സാക്ഷി അതിനുശേഷം തന്റെ ബിസിനസ്‌ പ്രവർത്തനം പരമാവധി കുറച്ചു. ഇപ്പോൾ അദ്ദേഹം ഓരോ മാസവും ക്രിസ്‌തീയ ശുശ്രൂഷയിൽ 50-ഓ അതിലധികമോ മണിക്കൂർ ചെലവഴിച്ചുകൊണ്ട്‌ ക്രമമായ അടിസ്ഥാനത്തിൽ ഒരു സഹായ പയനിയറായി സേവിക്കുന്നു. എന്നാൽ, മറ്റു ചില പ്രശ്‌നങ്ങൾ സമ്പത്തിന്റെ നഷ്ടത്തെക്കാൾ വളരെ വിനാശകമായിരുന്നേക്കാം.

തന്റെ സമ്പത്തു നഷ്ടപ്പെട്ടു എന്ന വാർത്ത ഇയ്യോബ്‌ പൂർണമായി ഉൾക്കൊള്ളുന്നതിനു മുമ്പുതന്നെ പത്തു മക്കളും മരിച്ചു എന്ന വിവരം അദ്ദേഹത്തിനു ലഭിച്ചു. അപ്പോൾപ്പോലും അവൻ ഇങ്ങനെയാണു പറഞ്ഞത്‌: “യഹോവയുടെ നാമം വാഴ്‌ത്തപ്പെടുമാറാകട്ടെ.” (ഇയ്യോബ്‌ 1:18-21) നമ്മുടെ കുടുംബത്തിലെ പല അംഗങ്ങളെ നമുക്ക്‌ ഒറ്റയടിക്കു നഷ്ടമായാൽ നാം നമ്മുടെ നിർമലത കാത്തുകൊള്ളുമോ? സ്‌പെയിനിലെ ഒരു ക്രിസ്‌തീയ മേൽവിചാരകനായ ഫ്രാൻതിസ്‌കോയ്‌ക്ക്‌ ദാരുണമായ ഒരു ബസ്‌ അപകടത്തിൽ തന്റെ രണ്ടു മക്കളെ നഷ്ടപ്പെട്ടു. യഹോവയോടു കൂടുതൽ അടുത്തുവരുകയും ക്രിസ്‌തീയ ശുശ്രൂഷയിലുള്ള തന്റെ പങ്കു വർധിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ അദ്ദേഹം ആശ്വാസം കണ്ടെത്തി.

മക്കളെ നഷ്ടമായിട്ടും ഇയ്യോബിന്‌ ഉണ്ടായ അഗ്നിപരീക്ഷ തീർന്നില്ല. അറപ്പുളവാക്കുന്ന, വേദനാകരമായ ഒരു രോഗം സാത്താൻ അവനു വരുത്തി. അപ്പോൾ സ്വന്തം ഭാര്യ അവനെ തെറ്റായി ഉപദേശിക്കുക പോലും ചെയ്‌തു. “ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക” എന്ന്‌ അവൾ പറഞ്ഞു. ഇയ്യോബ്‌ അവളുടെ ഉപദേശം ചെവിക്കൊള്ളുകയോ “അധരങ്ങളാൽ പാപം” ചെയ്യുകയോ ചെയ്‌തില്ല. (ഇയ്യോബ്‌ 2:9, 10) അവന്റെ “നിർമലത” (NW) ആശ്രയിച്ചിരുന്നത്‌ കുടുംബത്തിന്റെ പിന്തുണയിൽ ആയിരുന്നില്ല, പിന്നെയോ യഹോവയുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തിൽ ആയിരുന്നു.

ഫ്‌ളോറ എന്ന സഹോദരി ഇയ്യോബിന്റെ വികാരങ്ങൾ മനസ്സിലാക്കുന്നു. ആ സഹോദരിയുടെ ഭർത്താവും മൂത്ത പുത്രനും പത്തിലേറെ വർഷങ്ങൾക്കു മുമ്പ്‌ ക്രിസ്‌തീയ മാർഗം ഉപേക്ഷിച്ചുപോയി. “പെട്ടെന്നു കുടുംബത്തിന്റെ പിന്തുണ നഷ്ടമാകുന്നത്‌ ഒരു ഭയങ്കര അനുഭവമാണ്‌,” ആ സഹോദരി പറയുന്നു. “എന്നാൽ യഹോവയുടെ സംഘടനയ്‌ക്കു വെളിയിൽ സന്തുഷ്ടി കണ്ടെത്താനാവില്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ഞാൻ ഉറച്ചുനിൽക്കുകയും യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കുകയും ഒപ്പം ഒരു നല്ല ഭാര്യയും മാതാവും ആയിരിക്കുന്നതിൽ തുടരാൻ ശ്രമിക്കുകയും ചെയ്‌തു. ഞാൻ തുടർച്ചയായി പ്രാർഥിച്ചു, യഹോവ എന്നെ ശക്തീകരിച്ചു. ഞാൻ സന്തുഷ്ടയാണ്‌. കാരണം, ഭർത്താവിന്റെ കടുത്ത എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും, യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”

ഇയ്യോബിന്റെ നിർമലത തകർക്കാനുള്ള സാത്താന്റെ അടുത്ത തന്ത്രം അവന്റെ മൂന്ന്‌ സ്‌നേഹിതന്മാർ ഉൾപ്പെട്ടതായിരുന്നു. (ഇയ്യോബ്‌ 2:11-13) അവർ അവനെ വിമർശിക്കാൻ തുടങ്ങിയപ്പോൾ അവന്‌ എത്രയധികം ദുഃഖം തോന്നിയിരിക്കാം. അവൻ അവരുടെ വാദങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ, യഹോവയാം ദൈവത്തിലുള്ള അവന്റെ വിശ്വാസം നഷ്ടമാകുമായിരുന്നു. അവരുടെ നിരുത്സാഹപ്പെടുത്തുന്ന ബുദ്ധിയുപദേശം അവന്റെ മനസ്സിടിക്കുകയും അവന്റെ നിർമലത തകർക്കുകയും അതുവഴി സാത്താന്റെ തന്ത്രം വിജയിക്കുകയും ചെയ്യുമായിരുന്നു.

പകരം ഇയ്യോബ്‌ ഇങ്ങനെ തീർത്തു പറഞ്ഞു: “മരിക്കുവോളം ഞാൻ എന്നിൽനിന്ന്‌ എന്റെ നിർമലത എടുത്തുകളയുകയില്ല!” (ഇയ്യോബ്‌ 27:​5, NW) ‘നിങ്ങൾ എന്റെ നിർമലത എടുത്തുകളയാൻ ഞാൻ അനുവദിക്കുകയില്ല’ എന്ന്‌ അവൻ പറഞ്ഞില്ല. തന്റെ നിർമലത തന്നിലും യഹോവയോടുള്ള തന്റെ സ്‌നേഹത്തിലുമാണ്‌ ആശ്രയിച്ചിരിക്കുന്നതെന്ന്‌ ഇയ്യോബിന്‌ അറിയാമായിരുന്നു.

പുതിയ ഇരയെ കുടുക്കാൻ പഴയ തന്ത്രം

നമ്മുടെ സുഹൃത്തുക്കളുടെയും സഹവിശ്വാസികളുടെയും തെറ്റായ ബുദ്ധിയുപദേശവും ചിന്താരഹിതമായ അഭിപ്രായങ്ങളും സാത്താൻ ഇപ്പോഴും ഉപയോഗിക്കുന്നു. പുറത്തുനിന്നുള്ള പീഡനത്തെക്കാൾ സഭയ്‌ക്കുള്ളിൽ നിന്നുള്ള നിരുത്സാഹമാണു നമ്മുടെ വിശ്വാസത്തിനു തുരങ്കം വെക്കുന്നത്‌. ഒരു ക്രിസ്‌തീയ മൂപ്പൻ, മുമ്പ്‌ സൈനികനായിരുന്നപ്പോൾ കണ്ടിരുന്ന പോരാട്ടത്തെ ചില സഹക്രിസ്‌ത്യാനികളുടെ ചിന്താശൂന്യമായ വാക്കുകളും പ്രവൃത്തികളും നിമിത്തം തനിക്ക്‌ ഉണ്ടായ വേദനയുമായി വിപരീത താരതമ്യം ചെയ്‌തു. രണ്ടാമത്തേതിനെ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ അനുഭവിച്ചിട്ടുള്ള ഏറ്റവും ദുഷ്‌കരമായ സംഗതി ഇതാണ്‌.”

മറ്റൊരു തലത്തിൽനിന്നു നോക്കുമ്പോൾ, സഹവിശ്വാസികളുടെ അപൂർണതകൾ മൂലം നാം വല്ലാതെ അസ്വസ്ഥരായി നാം ചിലരോടു സംസാരിക്കാതാകുകയോ ക്രിസ്‌തീയ യോഗങ്ങൾ മുടക്കുകയോ പോലും ചെയ്‌തേക്കാം. നമ്മുടെ വ്രണിത വികാരങ്ങൾക്ക്‌ ആശ്വാസം കണ്ടെത്തുന്നത്‌ ഏറ്റവും പ്രധാനപ്പെട്ട സംഗതിയായി മാറുന്നു. എന്നാൽ അത്തരം ഹ്രസ്വദൃഷ്ടിയുള്ള വീക്ഷണം പുലർത്തുന്നതും നമ്മുടെ ഏറ്റവും അമൂല്യമായ സമ്പത്ത്‌​—⁠യഹോവയുമായുള്ള നമ്മുടെ ബന്ധം​—⁠മറ്റുള്ളവർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളാൽ ദുർബലമാകാൻ അനുവദിക്കുന്നതും എത്ര ദുഃഖകരമാണ്‌. അതു സംഭവിക്കാൻ നാം അനുവദിച്ചാൽ, സാത്താൻ പണ്ടുമുതൽ ഉപയോഗിക്കുന്ന ഒരു തന്ത്രത്തിന്‌ ഇരയാകുകയായിരിക്കും ചെയ്യുന്നത്‌.

ഉചിതമായും, ക്രിസ്‌തീയ സഭയിൽ ഉയർന്ന നിലവാരങ്ങൾ നാം പ്രതീക്ഷിക്കുന്നു. എന്നാൽ അപൂർണ മനുഷ്യരായ നമ്മുടെ സഹാരാധകരിൽനിന്നു നാം വളരെയധികം പ്രതീക്ഷിക്കുന്നെങ്കിൽ, നാം നിരാശരാകുകയേ ഉള്ളൂ. അതിൽനിന്നു ഭിന്നമായി, യഹോവ തന്റെ ദാസന്മാരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ വാസ്‌തവികബോധമുള്ളവൻ ആണ്‌. നാം അവന്റെ മാതൃക അനുകരിക്കുന്നപക്ഷം, അവരുടെ അപൂർണതകൾ പൊറുക്കാൻ നാം തയ്യാറായിരിക്കും. (എഫെസ്യർ 4:2, 32) പൗലൊസ്‌ അപ്പൊസ്‌തലൻ ഈ ബുദ്ധിയുപദേശം നൽകി: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു.”​—⁠എഫെസ്യർ 4:26, 27.

സാധിക്കുന്ന പക്ഷം, ഒരു ക്രിസ്‌ത്യാനിയുടെ നിർമലത തകർക്കാനുള്ള മാർഗം കണ്ടെത്താൻ വിവിധങ്ങളായ കുടില തന്ത്രങ്ങൾ സാത്താൻ ഉപയോഗിക്കുന്നു എന്നു ബൈബിൾ വ്യക്തമായി കാട്ടിത്തരുന്നു. അവന്റെ തന്ത്രങ്ങളിൽ ചിലത്‌ അപൂർണ ജഡത്തിന്‌ ആകർഷകവും മറ്റുള്ളവ വേദനാകരവുമാണ്‌. ചർച്ച ചെയ്‌ത ഈ വിവരങ്ങളിൽനിന്ന്‌ ജാഗ്രത കൈവെടിയാതിരിക്കേണ്ടതിന്റെ കാരണം നിങ്ങൾക്കു കാണാൻ കഴിയും. ദൈവത്തോടുള്ള സ്‌നേഹം ഹൃദയത്തിൽ ഉറപ്പിച്ചു നിറുത്തിക്കൊണ്ട്‌, പിശാച്‌ ഒരു ഭോഷ്‌കാളി ആണെന്നു തെളിയിക്കാനും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും ദൃഢനിശ്ചയം ചെയ്യുക. (സദൃശവാക്യങ്ങൾ 27:11; യോഹന്നാൻ 8:44) എന്തു പരിശോധനകൾ നേരിട്ടാലും, യഥാർഥ ക്രിസ്‌തീയ നിർമലതയിൽ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാൻ പാടില്ല എന്നോർക്കുക.