2 കൊരിന്ത്യർ 2:1-17
2 ഞാൻ വീണ്ടും നിങ്ങളുടെ അടുത്ത് വരുന്നതു നിങ്ങളെ ദുഃഖിപ്പിക്കാനായിരിക്കരുത് എന്ന് എനിക്കുണ്ട്.
2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ, ഞാൻ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ എന്നെ സന്തോഷിപ്പിക്കാൻ വേറെ ആരാണുള്ളത്?
3 ഞാൻ വരുമ്പോൾ, എന്നെ സന്തോഷിപ്പിക്കേണ്ടവർ കാരണം ഞാൻ ദുഃഖിക്കാതിരിക്കാനാണു ഞാൻ അങ്ങനെയെല്ലാം എഴുതിയത്. എന്നെ സന്തോഷിപ്പിക്കുന്നതൊക്കെ നിങ്ങളെയും സന്തോഷിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
4 വലിയ വിഷമത്തോടെയും ഹൃദയവേദനയോടെയും കണ്ണീരോടെയും ആണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. അതു നിങ്ങളെ ദുഃഖിപ്പിക്കാനായിരുന്നില്ല;+ പകരം എനിക്കു നിങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം നിങ്ങൾ മനസ്സിലാക്കാൻവേണ്ടിയായിരുന്നു.
5 ദുഃഖം വരുത്തിയയാൾ+ എന്നെ മാത്രമല്ല, ഒരു അളവുവരെ നിങ്ങളെ എല്ലാവരെയുമാണു ദുഃഖിപ്പിച്ചത്. കൂടുതൽ കടുപ്പിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
6 നിങ്ങളിൽ ഭൂരിപക്ഷം പേരിൽനിന്നും കിട്ടിയ ശകാരംതന്നെ അയാൾക്കു ധാരാളം.
7 ഇനി നിങ്ങൾ ദയയോടെ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം.+ ഇല്ലെങ്കിൽ അയാൾ കടുത്ത ദുഃഖത്തിൽ ആണ്ടുപോകും.+
8 അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹത്തിന് ഉറപ്പു കൊടുക്കണമെന്നു ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.+
9 എല്ലാ കാര്യങ്ങളിലും നിങ്ങൾ അനുസരണമുള്ളവരാണോ എന്ന് ഉറപ്പാക്കാൻകൂടെയാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്.
10 നിങ്ങൾ ക്ഷമിക്കുന്നയാളോടു ഞാനും ക്ഷമിക്കും. വാസ്തവത്തിൽ, ഞാൻ ക്ഷമിച്ചിട്ടുള്ളതെല്ലാം (ഞാൻ അങ്ങനെ വല്ലതും ക്ഷമിച്ചിട്ടുണ്ടെങ്കിൽ) ക്രിസ്തുസന്നിധിയിൽ നിങ്ങളെ ഓർത്താണ്.
11 കാരണം, സാത്താൻ നമ്മളെ തോൽപ്പിക്കരുതല്ലോ.*+ നമ്മൾ സാത്താന്റെ തന്ത്രങ്ങൾ* അറിയാത്തവരല്ല.+
12 ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാൻ ത്രോവാസിൽ എത്തിയപ്പോൾ+ എനിക്ക് അവിടെ കർത്താവിന്റെ വേലയിൽ ഒരു വാതിൽ തുറന്നുകിട്ടി.
13 പക്ഷേ എന്റെ സഹോദരനായ തീത്തോസിനെ+ കാണാഞ്ഞതുകൊണ്ട് എന്റെ മനസ്സിന്* ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ അവരോടു യാത്ര പറഞ്ഞ് മാസിഡോണിയയിലേക്കു പോയി.+
14 ജയിച്ചുവരുന്നവരുടെ ഒരു ഘോഷയാത്രയിൽ എന്നപോലെ ക്രിസ്തുവിനോടൊപ്പം നമ്മളെ എല്ലായ്പോഴും നയിക്കുന്ന ദൈവത്തിനു നന്ദി! നമ്മളിലൂടെ തന്നെക്കുറിച്ചുള്ള അറിവിന്റെ സുഗന്ധം ദൈവം എല്ലായിടത്തും പരത്തുന്നല്ലോ!
15 നമ്മൾ ദൈവത്തിനു ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയുടെ സുഗന്ധമാണ്. രക്ഷ നേടുന്നവരുടെയും നശിക്കുന്നവരുടെയും ഇടയിൽ അതു പരക്കുന്നു.
16 നശിച്ചുപോകുന്നവർക്ക് അതു മരണത്തിലേക്കു നയിക്കുന്ന, മരണത്തിന്റെ ഗന്ധം.*+ എന്നാൽ രക്ഷപ്പെടുന്നവർക്ക് അതു ജീവനിലേക്കു നയിക്കുന്ന, ജീവന്റെ സുഗന്ധം. ഇതിനെല്ലാം ആർക്കാണു വേണ്ടത്ര യോഗ്യതയുള്ളത്?
17 ഞങ്ങൾക്കു യോഗ്യതയുണ്ട്. കാരണം പലരെയുംപോലെ ഞങ്ങൾ ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല.*+ പകരം ദൈവം അയച്ചവർ എന്ന നിലയിൽ ഞങ്ങൾ ദൈവസന്നിധിയിൽ തികഞ്ഞ ആത്മാർഥതയോടെ ക്രിസ്തുവിനോടു ചേർന്ന് സംസാരിക്കുന്നു.
അടിക്കുറിപ്പുകള്
^ അഥവാ “പറ്റിക്കരുതല്ലോ.”
^ അഥവാ “മനസ്സിലിരുപ്പ്; കുടിലപദ്ധതികൾ.”
^ അക്ഷ. “ആത്മാവിന്.”
^ അഥവാ “സുഗന്ധം.”
^ അഥവാ “വാണിജ്യവത്കരിക്കുന്നില്ല; ദൈവവചനം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നില്ല.”