വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും?

യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും?

യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും?

“ചൂളപോലെ കത്തുന്ന ഒരു ദിവസം വരും.”​—⁠മലാഖി 4:⁠1.

1. ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തെ മലാഖി വർണിക്കുന്നത്‌ എങ്ങനെ?

സമീപ ഭാവിയിൽ അരങ്ങേറാൻ പോകുന്ന ഭയജനകമായ സംഭവങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ രേഖപ്പെടുത്താൻ മലാഖി പ്രവാചകനെ ദൈവം നിശ്വസ്‌തനാക്കി. ആ സംഭവങ്ങൾ ഭൂമുഖത്തുള്ള ഓരോ വ്യക്തിയെയും ബാധിക്കും. മലാഖി 4:1 ഇങ്ങനെ മുൻകൂട്ടി പറയുന്നു: “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകലദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” ഈ ദുഷ്ട വ്യവസ്ഥിതിയുടെ നാശം എത്ര സമ്പൂർണമായിരിക്കും? ഒരു വൃക്ഷം വീണ്ടുമൊരിക്കലും വളരാതിരിക്കേണ്ടതിന്‌ അതിന്റെ വേര്‌ പൂർണമായി നശിപ്പിക്കുന്നതുപോലെ ആയിരിക്കും അത്‌.

2. ചില തിരുവെഴുത്തുകൾ യഹോവയുടെ ദിവസത്തെ വർണിക്കുന്നത്‌ എങ്ങനെ?

2 ‘ഏത്‌ “ദിവസ”ത്തെ കുറിച്ചാണ്‌ മലാഖി പ്രവാചകൻ മുൻകൂട്ടി പറയുന്നത്‌?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അത്‌ യെശയ്യാവു 13:​9-ൽ പറയുന്ന ദിവസം തന്നെയാണ്‌. ആ വാക്യം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടുംകൂടെ വരുന്നു.” സെഫന്യാവു 1:15 ആ ദിവസത്തെ ഇപ്രകാരം വർണിക്കുന്നു: “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം.”

“മഹോപദ്രവം”

3. “യഹോവയുടെ ദിവസം” എന്താണ്‌?

3 മലാഖിയുടെ പ്രവചനത്തിന്റെ വലിയ നിവൃത്തിയിൽ, ‘യഹോവയുടെ ദിവസം’ “മഹോപദ്രവം” എന്നു വിളിക്കപ്പെടുന്ന കാലഘട്ടമാണ്‌. യേശു ഇപ്രകാരം മുൻകൂട്ടി പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം [“മഹോപദ്രവം,” NW] അന്നു ഉണ്ടാകും.” (മത്തായി 24:21) വിശേഷിച്ചും 1914 മുതൽ ലോകം എത്രയധികം ക്ലേശങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു എന്നു ചിന്തിക്കുക. (മത്തായി 24:7-12) എന്തിന്‌, രണ്ടാം ലോകമഹായുദ്ധം മാത്രം അഞ്ചു കോടിയിലധികം പേരുടെ ജീവനാണ്‌ അപഹരിച്ചത്‌! എന്നാൽ, “മഹോപദ്രവ”ത്തിൽ അതിനെ പോലും നിഷ്‌പ്രഭമാക്കുന്ന ദുരന്തങ്ങൾ സംഭവിക്കും. മഹോപദ്രവം, അതായത്‌ യഹോവയുടെ ദിവസമാകുന്ന കാലഘട്ടം, അർമഗെദോനിൽ അവസാനിക്കും. അങ്ങനെ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യനാളുകൾക്കു തിരശ്ശീല വീഴും.​—⁠2 തിമൊഥെയൊസ്‌ 3:1-5, 13; വെളിപ്പാടു 7:​14, NW; 16:14, 16.

4. യഹോവയുടെ ദിവസത്തിന്റെ സമാപനത്തിൽ എന്തു സംഭവിച്ചു കഴിഞ്ഞിരിക്കും?

4 യഹോവയുടെ ആ ദിവസത്തിന്റെ അവസാനത്തിൽ സാത്താന്റെ ലോകവും അതിനെ പിന്തുണയ്‌ക്കുന്നവരും നിർമൂലമാക്കപ്പെട്ടിരിക്കും. മുഴു വ്യാജമതങ്ങളും ആയിരിക്കും ആദ്യം നശിപ്പിക്കപ്പെടുക. അടുത്തതായി, സാത്താന്റെ സാമ്പത്തിക, രാഷ്‌ട്രീയ വ്യവസ്ഥകളുടെ മേൽ യഹോവയുടെ ന്യായവിധി നടപ്പാക്കപ്പെടും. (വെളിപ്പാടു 17:12-14; 19:17, 18) യെഹെസ്‌കേൽ ഇങ്ങനെ പ്രവചിക്കുന്നു: “അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല.” (യെഹെസ്‌കേൽ 7:19) ആ ദിവസത്തെ കുറിച്ച്‌ സെഫന്യാവു 1:14 ഇപ്രകാരം പറയുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” യഹോവയുടെ ദിവസത്തെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങളുടെ വീക്ഷണത്തിൽ, ദൈവത്തിന്റെ നീതിനിഷ്‌ഠമായ വ്യവസ്ഥകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നാം ദൃഢചിത്തരായിരിക്കണം.

5. യഹോവയുടെ നാമത്തെ ഭയപ്പെടുന്നവർ എന്ത്‌ അനുഭവിച്ചറിയുന്നു?

5 യഹോവയുടെ ദിവസം സാത്താന്റെ ലോകത്തിനെതിരെ എന്തു ചെയ്യുമെന്ന്‌ മുൻകൂട്ടി പറഞ്ഞശേഷം, മലാഖി 4:2 യഹോവയുടെ ഈ വാക്കുകൾ രേഖപ്പെടുത്തുന്നു: “എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.” “നീതിസൂര്യൻ” യേശുക്രിസ്‌തുവാണ്‌. അവൻ ‘ലോകത്തിന്റെ [ആത്മീയ] വെളിച്ചം’ ആണ്‌. (യോഹന്നാൻ 8:12) യേശു രോഗോപശാന്തിയോടു കൂടെ ഉദിക്കുന്നു. ആദ്യം ആത്മീയ രോഗശാന്തി, അത്‌ നാം ഇന്ന്‌ അനുഭവിച്ചറിയുന്നു. തുടർന്ന്‌, പുതിയ ലോകത്തിൽ സമ്പൂർണ ശാരീരിക രോഗശാന്തി. യഹോവ പറയുന്നപ്രകാരം, സൗഖ്യമാക്കപ്പെട്ടവർ “പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാങ്ങളെപ്പോലെ” സ്വതന്ത്രമാക്കപ്പെട്ടതിന്റെ ആവേശത്തിമിർപ്പിൽ “തുള്ളിച്ചാടും.”

6. യഹോവയുടെ ദാസർ എന്തു വിജയാഘോഷമാണ്‌ കൊണ്ടാടാൻ പോകുന്നത്‌?

6 യഹോവയുടെ വ്യവസ്ഥകൾ അവഗണിക്കുന്നവരുടെ കാര്യമോ? മലാഖി 4:3 പറയുന്നു: ‘ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ [ദൈവദാസന്മാർ] അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’ സാത്താന്റെ ലോകത്തെ നശിപ്പിക്കുന്നതിൽ ദൈവത്തിന്റെ മാനുഷ ആരാധകർക്കു പങ്കുണ്ടായിരിക്കുകയില്ല. എന്നാൽ, യഹോവയുടെ ദിവസത്തെ തുടർന്നുവരുന്ന വിജയാഘോഷത്തിൽ പങ്കുചേർന്നുകൊണ്ട്‌ അവർ ആലങ്കാരികമായി ‘ദുഷ്ടന്മാരെ ചവിട്ടിക്കളയും.’ ഫറവോന്റെ സൈന്യം ചെങ്കടലിൽവെച്ച്‌ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന്‌ അത്തരമൊരു വലിയ ആഘോഷം അരങ്ങേറി. (പുറപ്പാടു 15:1-21) മഹോപദ്രവത്തിൽ സാത്താനും അവന്റെ ലോകവും നീക്കം ചെയ്യപ്പെട്ട ശേഷം സമാനമായ ഒരു വിജയാഘോഷം നടക്കും. യഹോവയുടെ ദിവസത്തെ അതിജീവിക്കുന്ന വിശ്വസ്‌തർ ഇങ്ങനെ ഉദ്‌ഘോഷിക്കും: “അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ച്‌ സന്തോഷിക്കാം.” (യെശയ്യാവു 25:9) യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കപ്പെടുകയും സമാധാനപൂർണമായ മനുഷ്യവാസത്തിനായി ഭൂമി ശുദ്ധീകരിക്കപ്പെടുകയും ചെയ്യുമ്പോൾ എത്ര വലിയ ആഹ്ലാദമായിരിക്കും ഉണ്ടാകുക!

ക്രൈസ്‌തവലോകം ഇസ്രായേലിനെ അനുകരിക്കുന്നു

7, 8. മലാഖിയുടെ കാലത്തെ ആത്മീയ അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്നു വിവരിക്കുക.

7 യഹോവയെ സേവിക്കുന്നവരാണ്‌ അവനുമായി ഒരു അനുഗൃഹീത ബന്ധത്തിലേക്കു വരുന്നത്‌. എന്നാൽ അവനെ സേവിക്കാത്തവർക്ക്‌ ആ പദവി ലഭിക്കുന്നില്ല. മലാഖി തന്റെ പുസ്‌തകം എഴുതുമ്പോഴും അതു സത്യമായിരുന്നു. 70 വർഷത്തെ ബാബിലോണിയൻ പ്രവാസത്തിനു ശേഷം പൊ.യു.മു. 537-ൽ ഇസ്രായേൽ ജനതയുടെ ഒരു ശേഷിപ്പ്‌ പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ, തുടർന്നുവന്ന നൂറ്റാണ്ടിൽ, പുനഃസ്ഥിതീകരിക്കപ്പെട്ട ജനത വിശ്വാസത്യാഗത്തിലേക്കും ദുഷ്ടതയിലേക്കും വഴുതിപ്പോകാൻ തുടങ്ങി. ജനത്തിൽ പലരും യഹോവയുടെ നാമത്തെ നിന്ദിക്കുകയും അവന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾ അവഗണിക്കുകയും ചെയ്‌തുകൊണ്ടിരുന്നു; കണ്ണുപൊട്ടിയ, മുടന്തും ദീനവുമുള്ള മൃഗങ്ങളെ യാഗാർപ്പണത്തിനായി കൊണ്ടുവരികവഴി അവരിൽ മിക്കവരും ദൈവത്തിന്റെ ആലയത്തെ മലിനമാക്കുകയുമായിരുന്നു; മാത്രമല്ല, അവർ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്‌തു.

8 തന്നിമിത്തം യഹോവ അവരോടു പറഞ്ഞു: “ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും . . . യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:5, 6എ) എന്നിരുന്നാലും, മോശമായ വഴി ഉപേക്ഷിക്കുന്നവർക്ക്‌ അവൻ ഈ ക്ഷണം നൽകി: “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.”​—⁠മലാഖി 3:⁠7.

9. മലാഖിയുടെ പ്രവചനങ്ങൾക്ക്‌ ഒരു പ്രാരംഭ നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

9 പൊ.യു. ഒന്നാം നൂറ്റാണ്ടിലും ആ വാക്കുകൾക്ക്‌ ഒരു നിവൃത്തി ഉണ്ടായിരുന്നു. യഹൂദന്മാരുടെ ഒരു ശേഷിപ്പ്‌ യഹോവയെ സേവിക്കുകയും ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ ചേർന്നുണ്ടായ ഒരു പുതിയ “ജനത”യുടെ (NW) ഭാഗമായിത്തീരുകയും ചെയ്‌തു. കാലാന്തരത്തിൽ ആ പുതിയ ജനതയിൽ വിജാതീയരും ഉൾപ്പെട്ടു. എന്നാൽ ജഡിക ഇസ്രായേലിൽ ബഹുഭൂരിഭാഗവും യേശുവിനെ തള്ളിക്കളഞ്ഞു. അതുകൊണ്ട്‌, “നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും” എന്ന്‌ യേശു ആ ജനതയോടു പറഞ്ഞു. (മത്തായി 23:38; 1 കൊരിന്ത്യർ 16:22) മലാഖി 4:​1-ൽ മുൻകൂട്ടി പറഞ്ഞപ്രകാരം, ‘ചൂളപോലെ കത്തുന്ന ഒരു ദിവസം’ പൊ.യു. 70-ൽ ജഡിക ഇസ്രായേലിന്റെമേൽ വന്നു. യെരൂശലേമും അവളുടെ ആലയവും നശിപ്പിക്കപ്പെട്ടു. കൂടാതെ, ക്ഷാമവും അധികാരത്തിനു വേണ്ടിയുള്ള പോരാട്ടവും റോമൻ സൈന്യത്തിന്റെ ആക്രമണവും നിമിത്തം പത്തു ലക്ഷത്തിൽപ്പരം ആളുകൾ മരണമടഞ്ഞതായും റിപ്പോർട്ടു ചെയ്യപ്പെടുന്നു. എന്നാൽ, യഹോവയെ സേവിച്ചവർ ആ കഷ്ടത്തെ അതിജീവിച്ചു.​—⁠മർക്കൊസ്‌ 13:14-20.

10. പുരോഹിതവർഗവും സാധാരണ ജനങ്ങളും ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേൽ ജനതയെ അനുകരിക്കുന്നത്‌ ഏതു വിധത്തിൽ?

10 മനുഷ്യവർഗം, വിശേഷിച്ചും ക്രൈസ്‌തവലോകം, ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേൽ ജനതയെ അനുകരിച്ചിരിക്കുന്നു. ക്രൈസ്‌തവലോകത്തിലെ നേതാക്കന്മാരും സാധാരണ ജനങ്ങളും ദൈവത്തെ കുറിച്ച്‌ യേശു പഠിപ്പിച്ച സത്യങ്ങളെക്കാൾ സ്വന്തം മതാനുഷ്‌ഠാനങ്ങളെ പ്രിയപ്പെടുന്നു. പുരോഹിതവർഗമാണ്‌ വിശേഷിച്ചും കുറ്റക്കാർ. അവർ യഹോവയുടെ നാമം ഉപയോഗിക്കാൻ വിസമ്മതിക്കുന്നു, എന്തിന്‌, അവർ അതു തങ്ങളുടെ ബൈബിൾ ഭാഷാന്തരങ്ങളിൽനിന്നുതന്നെ നീക്കം ചെയ്‌തിരിക്കുകയാണ്‌. നരകാഗ്നിയിലെ നിത്യദണ്ഡനം, ത്രിത്വം, ആത്മാവിന്റെ അമർത്യത, പരിണാമം തുടങ്ങിയ തിരുവെഴുത്തു വിരുദ്ധവും പുറജാതീയവുമായ പഠിപ്പിക്കലുകളാൽ അവർ യഹോവയെ നിന്ദിക്കുന്നു. അതുവഴി അവർ, മലാഖിയുടെ നാളിലെ പുരോഹിതന്മാരെ പോലെ, യഹോവയ്‌ക്ക്‌ അർഹമായ സ്‌തുതി കവർന്നെടുക്കുന്നു.

11. തങ്ങൾ ആരെയാണ്‌ സേവിക്കുന്നത്‌ എന്ന്‌ ലോകത്തിലെ മതങ്ങൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

11 ആയിരത്തിത്തൊള്ളായിരത്തി പതിന്നാലിൽ, അന്ത്യനാളുകൾ ആരംഭിച്ചപ്പോൾ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവർ നയിക്കുന്ന ഈ ലോകത്തിലെ മതങ്ങൾ തങ്ങൾ ആരെയാണു വാസ്‌തവത്തിൽ സേവിക്കുന്നത്‌ എന്നു പ്രകടമാക്കി. രണ്ടു ലോകയുദ്ധങ്ങളുടെ സമയത്തും, മറ്റു ദേശക്കാരോടു യുദ്ധം ചെയ്യാനും സ്വന്തം മതത്തിൽ പെട്ടവരെ പോലും വധിക്കാനും അവർ തങ്ങളുടെ അണികളെ പ്രോത്സാഹിപ്പിച്ചു. യഹോവയെ അനുസരിക്കുന്നവരെയും അല്ലാത്തവരെയും ദൈവവചനം വ്യക്തമായി തിരിച്ചറിയിക്കുന്നു: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്‌നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്‌നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല.”​—⁠1 യോഹന്നാൻ 3:10-12.

പ്രവചനം നിവർത്തിക്കുന്നു

12, 13. ദൈവത്തിന്റെ ദാസർ നമ്മുടെ നാളിൽ ഏതു പ്രവചനങ്ങൾ നിവർത്തിച്ചിട്ടുണ്ട്‌?

12 ദൈവം ക്രൈസ്‌തവലോകത്തെയും ശേഷിച്ച എല്ലാ വ്യാജമതങ്ങളെയും കുറ്റം വിധിച്ചിരിക്കുന്നെന്ന്‌ 1918-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ യഹോവയുടെ ദാസർക്കു കാണാൻ കഴിഞ്ഞു. അന്നു മുതൽ, നീതിഹൃദയർക്ക്‌ ഈ ക്ഷണം നൽകപ്പെട്ടു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു.” (വെളിപ്പാടു 18:4, 5) യഹോവയെ സേവിക്കാൻ ആഗ്രഹിച്ചവർ വ്യാജമതത്തിന്റെ സകല കണികകളിൽനിന്നും ശുദ്ധീകരിക്കപ്പെട്ടു തുടങ്ങി. തുടർന്ന്‌ അവർ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തിനു മുമ്പ്‌ പൂർത്തീകരിക്കപ്പെടേണ്ട, രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുക എന്ന വേല ലോകവ്യാപകമായി നിർവഹിക്കാൻ തുടങ്ങി.​—⁠മത്തായി 24:⁠14.

13 മലാഖി 4:​5-ൽ യഹോവ പറഞ്ഞിരിക്കുന്ന ഈ പ്രവചനം നിവർത്തിക്കപ്പെടാൻ അത്‌ ഇടയാക്കി: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” ഏലീയാവ്‌ മുൻനിഴലാക്കിയ യോഹന്നാൻ സ്‌നാപകന്റെ വേലയിൽ ആ പ്രവചനത്തിനു പ്രാരംഭ നിവൃത്തി ഉണ്ടായി. ന്യായപ്രമാണ ഉടമ്പടിക്ക്‌ എതിരെ തങ്ങൾ ചെയ്‌ത പാപങ്ങൾ സംബന്ധിച്ച്‌ അനുതപിച്ച യഹൂദരെ സ്‌നാപനപ്പെടുത്തിക്കൊണ്ട്‌ യോഹന്നാൻ ഏലീയാവിന്റേതിനു സമാനമായ ഒരു വേല ചെയ്‌തു. യോഹന്നാൻ മിശിഹായുടെ മുന്നോടി ആയിരുന്നു എന്നതാണ്‌ അതിലുമേറെ പ്രധാനം. എന്നിരുന്നാലും, യോഹന്നാന്റെ വേല മലാഖിയുടെ പ്രവചനത്തിന്റെ പ്രാരംഭ നിവൃത്തി മാത്രമായിരുന്നു. യോഹന്നാനെ രണ്ടാമത്തെ ഏലീയാവായി തിരിച്ചറിയിക്കവേ, ഒരു ‘ഏലീയാവ്‌’ വേല ഭാവിയിലും ചെയ്യപ്പെടുമെന്നു യേശു സൂചിപ്പിച്ചു.​—⁠മത്തായി 17:11, 12.

14. ഈ വ്യവസ്ഥിതി സമാപിക്കുന്നതിനു മുമ്പ്‌ ഏതു മർമപ്രധാന വേല നിർവഹിക്കപ്പെടണം?

14 “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ” വരുന്നതിനു മുമ്പായിരിക്കും ഈ വലിയ ഏലീയാവ്‌ വേല നടക്കുകയെന്ന്‌ മലാഖിയുടെ പ്രവചനം വ്യക്തമാക്കി. അതിശീഘ്രം സമീപിച്ചുകൊണ്ടിരിക്കുന്ന, സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ അർമഗെദോനിൽ ആയിരിക്കും ആ നാൾ അവസാനിക്കുക. ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തിനും സിംഹാസനസ്ഥനാക്കപ്പെട്ട യേശുക്രിസ്‌തുവിൻ കീഴിലെ, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ സഹസ്രാബ്ദ വാഴ്‌ചയുടെ ആരംഭത്തിനും മുമ്പായി ഏലീയാവിന്റെ പ്രവർത്തനത്തിനു തത്തുല്യമായ ഒരു വേല നിർവഹിക്കപ്പെടും എന്നാണ്‌ അതിന്റെ അർഥം. ആ പ്രവചനത്തിനു ചേർച്ചയിൽ, യഹോവ ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു മുമ്പ്‌, ആധുനികകാല ഏലീയാവു വർഗം ഭൗമിക പ്രത്യാശയുള്ള ദശലക്ഷക്കണക്കിനു സഹക്രിസ്‌ത്യാനികളുടെ പിന്തുണയോടെ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുകയും ചെമ്മരിയാടുതുല്യരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ നിർമലാരാധന പുനഃസ്ഥാപിക്കുന്ന വേല ഉത്സാഹപൂർവം നിർവഹിക്കുന്നു.

യഹോവ തന്റെ ദാസരെ അനുഗ്രഹിക്കുന്നു

15. യഹോവ തന്റെ ദാസരെ സ്‌മരിക്കുന്നത്‌ എങ്ങനെ?

15 യഹോവ തന്നെ സേവിക്കുന്നവരെ അനുഗ്രഹിക്കുന്നു. മലാഖി 3:16 ഇപ്രകാരം പറയുന്നു: “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.” ഹാബേലിന്റെ കാലം മുതൽ, നിത്യജീവന്‌ അർഹതയുള്ളവരുടെ പേരുകൾ ഒരു പുസ്‌തകത്തിൽ എന്നപോലെ ദൈവം തന്റെ സ്‌മരണയിൽ കുറിച്ചുവെച്ചുകൊണ്ടിരിക്കുകയാണ്‌. അവരോട്‌ യഹോവ ഇപ്രകാരം പറയുന്നു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ.”​—⁠മലാഖി 3:⁠10.

16, 17. യഹോവ തന്റെ ജനത്തെയും അവരുടെ വേലയെയും അനുഗ്രഹിച്ചിരിക്കുന്നത്‌ എങ്ങനെ?

16 തന്നെ സേവിക്കുന്നവരെ യഹോവ തീർച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. എങ്ങനെ? ഒന്നാമതായി, തന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചു കൂടുതലായ ഗ്രാഹ്യം നൽകിക്കൊണ്ട്‌. (സദൃശവാക്യങ്ങൾ 4:18; ദാനീയേൽ 12:10) രണ്ടാമതായി, അവരുടെ പ്രസംഗവേലയിൽ അത്ഭുതകരമായ ഫലങ്ങൾ നൽകിക്കൊണ്ട്‌. പരമാർഥഹൃദയരായ അസംഖ്യം ആളുകൾ സത്യാരാധനയിൽ അവരോടൊപ്പം ചേർന്നിരിക്കുന്നു, അങ്ങനെ അവരെല്ലാം കൂടെ ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായ ഒരു മഹാപുരുഷാരം’ ആയിത്തീർന്നിരിക്കുന്നു. “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.” (വെളിപ്പാടു 7:9, 10) ഈ മഹാപുരുഷാരം വിസ്‌മയാവഹമായ ഒരു വിധത്തിൽ രംഗത്തേക്കു വന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള 93,000-ത്തിലധികം സഭകളിലായി 60 ലക്ഷത്തിൽപ്പരം ആളുകൾ ഇന്ന്‌ യഹോവയെ സജീവമായി സേവിക്കുന്നു!

17 യഹോവയുടെ അനുഗ്രഹം മറ്റൊരു വിധത്തിലും ദൃശ്യമായിരിക്കുന്നു. ചരിത്രത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ ഓരോ മാസവും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 9 കോടി പ്രതികളാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌; വീക്ഷാഗോപുരം 144 ഭാഷകളിലും ഉണരുക! 87 ഭാഷകളിലും. 1968-ൽ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന ബൈബിൾ പഠന സഹായിയുടെ 10 കോടി 70 ലക്ഷത്തിലധികം പ്രതികൾ 117 ഭാഷകളിലായി വിതരണം ചെയ്യപ്പെട്ടു. 1982-ൽ പ്രകാശനം ചെയ്‌ത നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകത്തിന്റെ 8 കോടി 10 ലക്ഷത്തിലധികം പ്രതികൾ 131 ഭാഷകളിലായി അച്ചടിക്കപ്പെട്ടു. 1995-ൽ പ്രകാശനം ചെയ്‌ത നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 8 കോടി 50 ലക്ഷത്തിലധികം പ്രതികൾ 154 ഭാഷകളിലായി ഇതുവരെ അച്ചടിച്ചിരിക്കുന്നു. 1996-ൽ പ്രസിദ്ധീകരിച്ച ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ 15 കോടി പ്രതികൾ 244 ഭാഷകളിലായി ഇതിനോടകം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.

18. എതിർപ്പിൻ മധ്യേയും നാം ആത്മീയ സമൃദ്ധി ആസ്വദിക്കുന്നത്‌ എന്തുകൊണ്ട്‌?

18 സാത്താന്റെ ലോകത്തിൽനിന്നുള്ള നിരന്തരവും അതികഠിനവുമായ എതിർപ്പിൻ മധ്യേയാണ്‌ നാം ഈ ആത്മീയ സമൃദ്ധി ആസ്വദിച്ചിരിക്കുന്നത്‌. യെശയ്യാവു 54:​17-ലെ ഈ വാക്കുകളുടെ സത്യതയ്‌ക്ക്‌ അത്‌ അടിവരയിടുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നീ കുററം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” മലാഖി 3:​17-ലെ വാക്കുകൾ തങ്ങളുടെമേൽ പ്രമുഖമായ ഒരു വിധത്തിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു എന്ന്‌ അറിയുന്നത്‌ യഹോവയുടെ ദാസർക്ക്‌ എത്ര ആശ്വാസം പകരുന്നു! അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”

സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു

19. യഹോവയെ സേവിക്കുന്നവർ അവനെ സേവിക്കാത്തവരിൽനിന്ന്‌ വ്യത്യസ്‌തർ ആയിരിക്കുന്നത്‌ എങ്ങനെ?

19 യഹോവയുടെ വിശ്വസ്‌ത ദാസരും സാത്താന്റെ ലോകത്തിലുള്ളവരും തമ്മിലുള്ള അന്തരം ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌. “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും” എന്ന്‌ മലാഖി 3:18 മുൻകൂട്ടി പറഞ്ഞിരിക്കുന്നു. അനേക വ്യത്യാസങ്ങളിൽ ഒന്ന്‌, യഹോവയെ സേവിക്കുന്നവർ അതിരറ്റ ആഹ്ലാദത്തോടെയാണ്‌ അതു ചെയ്യുന്നത്‌ എന്നതാണ്‌. അവർക്കുള്ള അത്ഭുതകരമായ പ്രത്യാശയാണ്‌ അതിനുള്ള ഒരു കാരണം. യഹോവയുടെ ഈ വാഗ്‌ദാനത്തിൽ അവർക്കു പൂർണ വിശ്വാസം ഉണ്ട്‌: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.”​—⁠യെശയ്യാവു 65:17, 18; സങ്കീർത്തനം 37:10, 11, 29; വെളിപ്പാടു 21:4, 5.

20. നാം ഒരു സന്തുഷ്ട ജനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 യഹോവയുടെ വിശ്വസ്‌ത ജനം അവന്റെ മഹാദിവസത്തെ അതിജീവിച്ച്‌ പുതിയ ലോകത്തിലേക്ക്‌ ആനയിക്കപ്പെടും എന്ന അവന്റെ വാഗ്‌ദാനത്തിൽ നാം വിശ്വസിക്കുന്നു. (സെഫന്യാവു 2:3; വെളിപ്പാടു 7:13, 14) പ്രായാധിക്യമോ രോഗമോ അത്യാഹിതമോ മൂലം ചിലർ അതിനു മുമ്പ്‌ മരണമടഞ്ഞേക്കാമെങ്കിൽ പോലും, നിത്യജീവന്റെ കാഴ്‌ചപ്പാടോടെ താൻ അവരെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരുമെന്ന്‌ യഹോവ വാക്കുതരുന്നു. (യോഹന്നാൻ 5:28, 29; തീത്തൊസ്‌ 1:2) അതുകൊണ്ട്‌ നമുക്കെല്ലാം നമ്മുടേതായ പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടെങ്കിലും, യഹോവയുടെ ദിവസം അടുത്തുവരുന്തോറും, ഭൂമുഖത്തെ ഏറ്റവും സന്തുഷ്ട ജനമായിരിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• “യഹോവയുടെ ദിവസം” എന്താണ്‌?

• ലോകത്തിലെ മതങ്ങൾ പുരാതന ഇസ്രായേലിനെ അനുകരിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ ദാസർ ഏതു പ്രവചനങ്ങൾ നിവർത്തിക്കുന്നു?

• യഹോവ തന്റെ ജനത്തെ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

ഒന്നാം നൂറ്റാണ്ടിലെ യെരൂശലേം ‘ചൂളപോലെ കത്തി’

[23-ാം പേജിലെ ചിത്രങ്ങൾ]

തന്നെ സേവിക്കുന്നവരുടെ ആവശ്യങ്ങൾ യഹോവ നിറവേറ്റുന്നു

[24-ാം പേജിലെ ചിത്രങ്ങൾ]

തങ്ങളുടെ അത്ഭുതകരമായ പ്രത്യാശ നിമിത്തം യഹോവയുടെ ദാസർ വാസ്‌തവമായും സന്തുഷ്ടരാണ്‌