വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതം രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട​ണോ?

മതം രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട​ണോ?

 യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ലോക​മെ​ങ്ങു​മുള്ള പലയാ​ളു​ക​ളും രാഷ്ട്രീ​യ​ത്തിൽ സജീവ​മാ​യി ഉൾപ്പെ​ടു​ന്നുണ്ട്‌. ചിലർ ചില സ്ഥാനാർഥി​ക​ളെ​യും രാഷ്ട്രീ​യ​പാർട്ടി​ക​ളെ​യും പിന്തു​ണ​ച്ചു​കൊണ്ട്‌ അവരുടെ മതവി​ശ്വാ​സ​ങ്ങ​ളും നിലവാ​ര​ങ്ങ​ളും ഉയർത്തി​ക്കാ​ട്ടാൻ ശ്രമി​ക്കു​ന്നു. സമൂഹ​ത്തിൽ വിവാ​ദ​മാ​യി നിൽക്കുന്ന പ്രശ്‌ന​ങ്ങ​ളി​ലും മറ്റും ഇടപെ​ട്ടു​കൊണ്ട്‌ രാഷ്ട്രീ​യ​ക്കാർ തിരിച്ച്‌ മതവി​ശ്വാ​സി​ക​ളു​ടെ പിന്തുണ നേടി​യെ​ടു​ക്കാ​നും ശ്രമി​ക്കു​ന്നുണ്ട്‌. അതു​പോ​ലെ മതനേ​താ​ക്കൾ തെര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അധികാ​ര​ത്തി​ലേ​റാൻ ശ്രമി​ക്കു​ന്ന​തും അത്ര അസാധാ​ര​ണമല്ല. ചില രാജ്യ​ങ്ങ​ളിൽ ഒരു “ക്രിസ്‌ത്യൻവി​ഭാ​ഗം” ഒരു സംസ്ഥാ​ന​മതം അല്ലെങ്കിൽ ദേശീ​യ​മതം എന്ന പദവി​പോ​ലും നേടി​യേ​ക്കാം.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​കൾ രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട​ണോ? യേശു​വി​ന്റെ മാതൃ​ക​യിൽ അതിനുള്ള ഉത്തരമുണ്ട്‌. യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌.” (യോഹ​ന്നാൻ 13:15) രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ യേശു വെച്ച മാതൃക എന്താണ്‌?

യേശു രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട്ടോ?

 ഇല്ല. ലോക​ത്തി​ലെ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ യേശു ഉൾപ്പെ​ട്ടില്ല.

 യേശു രാഷ്ട്രീ​യാ​ധി​കാ​രം നേടി​യെ​ടു​ക്കാൻ ശ്രമി​ച്ചില്ല. സാത്താൻ യേശു​വി​നോട്‌ “ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും,” അതായത്‌ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളു​ടെ അധികാ​രം, തരാ​മെന്നു പറഞ്ഞ​പ്പോൾ യേശു അതു തള്ളിക്ക​ള​യു​ക​യാ​ണു ചെയ്‌തത്‌. (മത്തായി 4:8-10) a മറ്റൊരു അവസര​ത്തിൽ നല്ലൊരു നേതാ​വി​നു വേണ്ട ഗുണങ്ങൾ യേശു​വിന്‌ ഉണ്ടെന്നു കണ്ട ആളുകൾ യേശു​വി​നെ രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ടു​ത്താൻ ശ്രമിച്ചു. ബൈബിൾ പറയുന്നു: “അവർ വന്ന്‌ തന്നെ പിടിച്ച്‌ രാജാ​വാ​ക്കാൻപോ​കു​ന്നെന്ന്‌ അറിഞ്ഞ യേശു തനിച്ച്‌ വീണ്ടും മലയി​ലേക്കു പോയി.” (യോഹ​ന്നാൻ 6:15) യേശു അതിന്‌ ഒട്ടും വഴങ്ങി​ക്കൊ​ടു​ത്തില്ല. രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്താ​നുള്ള ശ്രമത്തെ യേശു തള്ളിക്ക​ള​യു​ക​യാണ്‌ ചെയ്‌തത്‌.

 യേശു രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷംപി​ടി​ച്ചില്ല. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ കാലത്തെ ജൂതന്മാർക്കു റോമൻ ഗവൺമെ​ന്റി​നു നികുതി കൊടു​ക്കു​ന്നത്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നു. അവർ അത്‌ അനീതി​യാ​യാ​ണു കണ്ടിരു​ന്നത്‌. ഈ രാഷ്ട്രീ​യ​പ്ര​ശ്‌ന​ത്തിൽ യേശു​വി​നെ​ക്കൊണ്ട്‌ ഒരു പക്ഷംപി​ടി​പ്പി​ക്കാൻ അവർ ശ്രമി​ച്ചെ​ങ്കി​ലും യേശു അതിൽ ഉൾപ്പെ​ട്ടില്ല. യേശു പറഞ്ഞത്‌ ഇതാണ്‌: “സീസർക്കു​ള്ളതു സീസർക്കും ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക.” (മർക്കോസ്‌ 12:13-17) രാഷ്ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളിൽ യേശു നിഷ്‌പ​ക്ഷ​നാ​യി നിന്നു. എങ്കിലും സീസറി​നെ പ്രതി​നി​ധീ​ക​രി​ക്കുന്ന റോമൻ ഗവൺമെ​ന്റി​നു നികുതി കൊടു​ക്ക​ണ​മെന്നു യേശു പറഞ്ഞു. അതോ​ടൊ​പ്പം, നമ്മുടെ എല്ലാ കാര്യ​ത്തി​ലും മനുഷ്യ​ഗ​വൺമെ​ന്റു​കൾക്ക്‌ അധികാ​രം ഇല്ലെന്നും യേശു സൂചി​പ്പി​ച്ചു. ആരാധ​ന​യും ഭക്തിയും ഉൾപ്പെടെ ദൈവ​ത്തി​നു മാത്രം കൊടു​ക്കേണ്ട കാര്യങ്ങൾ ഒരു വ്യക്തി മനുഷ്യ​ഗ​വൺമെ​ന്റു​കൾക്കു കൊടു​ക്കില്ല.—മത്തായി 4:10; 22:37, 38.

 യേശു ദൈവ​രാ​ജ്യം എന്ന സ്വർഗീ​യ​ഗ​വൺമെ​ന്റി​നെ​യാ​ണു പിന്തു​ണ​ച്ചത്‌. (ലൂക്കോസ്‌ 4:43) യേശു രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട്ടില്ല. കാരണം മനുഷ്യ​ഗ​വൺമെ​ന്റു​കളല്ല, ദൈവ​രാ​ജ്യ​മാ​ണു ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്തായി 6:10) ദൈവ​രാ​ജ്യം ഭരിക്കു​ന്നതു മനുഷ്യ​ഗ​വൺമെ​ന്റു​ക​ളി​ലൂ​ടെയ​ല്ലെ​ന്നും അതു നീക്കി​യി​ട്ടാ​യി​രി​ക്കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.—ദാനി​യേൽ 2:44.

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട്ടോ?

 ഇല്ല. “നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യി​ലാണ്‌ അവർ ജീവി​ച്ചത്‌. (യോഹ​ന്നാൻ 15:19) അവർ യേശു​വി​ന്റെ മാതൃക പകർത്തി, ലോക​ത്തി​ലെ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽനി​ന്നും വേർപെ​ട്ടു​നി​ന്നു. (യോഹ​ന്നാൻ 17:16; 18:36) രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്ന​തി​നു പകരം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള യേശു​വി​ന്റെ കല്‌പന അവർ അനുസ​രി​ച്ചു.—മത്തായി 28:18-20; പ്രവൃ​ത്തി​കൾ 10:42.

 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ ജീവി​ത​ത്തിൽ ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നാണ്‌ ഒന്നാം സ്ഥാനം കൊടു​ത്തത്‌. എന്നാൽ അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വരെ ആദരി​ക്ക​ണ​മെ​ന്നും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 5:29; 1 പത്രോസ്‌ 2:13, 17) അവർ നിയമം അനുസ​രി​ക്കു​ക​യും നികുതി അടയ്‌ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. (റോമർ 13:1, 7) രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും ഗവൺമെന്റ്‌ നൽകി​യി​രുന്ന നിയമ​പ​ര​മായ സംരക്ഷ​ണ​വും സേവന​ങ്ങ​ളും അവർ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 25:10, 11; ഫിലി​പ്പി​യർ 1:7.

ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾ

 യേശു​വോ അക്കാലത്തെ യേശു​വി​ന്റെ അനുഗാ​മി​ക​ളോ രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട്ടി​ല്ലെന്നു ബൈബിൾ വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നുണ്ട്‌. ഈ കാരണം​കൊണ്ട്‌ ലോക​മെ​ങ്ങു​മുള്ള ക്രിസ്‌ത്യാ​നി​ക​ളായ യഹോ​വ​യു​ടെ സാക്ഷികൾ ഒരുത​ര​ത്തി​ലും രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷംപി​ടി​ക്കു​ന്നില്ല. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത’ അറിയി​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പന അവരും അനുസ​രി​ക്കു​ന്നു.—മത്തായി 24:14.

a യേശു അതു തള്ളിക്കളഞ്ഞ സമയത്ത്‌ അതു വാഗ്‌ദാ​നം ചെയ്യാൻ സാത്താന്‌ അധികാ​ര​മി​ല്ലെന്നു യേശു പറഞ്ഞില്ല. പിന്നീട്‌ ഒരിക്കൽ യേശു സാത്താനെ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി” എന്നു വിളി​ക്കു​ക​യും ചെയ്‌തു.—യോഹ​ന്നാൻ 14:30