അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 25:1-27
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
സംസ്ഥാനം: അതായത്, യഹൂദ്യ എന്ന റോമൻ സംസ്ഥാനം. അവിടെ കൈസര്യയിലായിരുന്നു ഗവർണറുടെ വസതി. ഈ വാക്യത്തിൽ, എത്തി അധികാരം ഏറ്റെടുത്ത് എന്നു പറഞ്ഞിരിക്കുന്നതു ഫെസ്തൊസ് ആ സംസ്ഥാനത്തെ ഗവർണറായി അധികാരം ഏറ്റതിനെക്കുറിച്ചായിരിക്കാം.
സീസർ: അഥവാ “ചക്രവർത്തി.” യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് തിബെര്യൊസ് ആയിരുന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തിലിരുന്ന ചക്രവർത്തിയെ മാത്രമല്ല “സീസർ” എന്ന പദം കുറിച്ചിരുന്നത്. റോമൻ ഗവൺമെന്റിനെയും അതിന്റെ നിയമിതപ്രതിനിധികളെയും അതിന് അർഥമാക്കാനാകുമായിരുന്നു. പൗലോസ് പറഞ്ഞ ‘ഉന്നതാധികാരികളും’ പത്രോസ് പറഞ്ഞ ‘രാജാവും’ ‘ഗവർണർമാരും’ ഇതിൽപ്പെടും.—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.
സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി ക്ലൗദ്യൊസ് ആയിരുന്നു. അദ്ദേഹം എ.ഡി. 41 മുതൽ എ.ഡി. 54 വരെ ഭരണം നടത്തി.—പ്രവൃ 11:28; 18:2; മത്ത 22:17-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി നീറോ ആയിരുന്നു. എ.ഡി. 54-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഭരണം എ.ഡി. 68-ൽ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു. ആ സമയത്ത് ഏതാണ്ട് 31 വയസ്സുണ്ടായിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രവൃത്തികൾ 25 മുതൽ 28 വരെയുള്ള അധ്യായങ്ങളിൽ “സീസർ” എന്നു പറഞ്ഞിരിക്കുന്നതു നീറോയെക്കുറിച്ചാണ്.—മത്ത 22:17; പ്രവൃ 17:7 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.
റോമാക്കാരായ ഞങ്ങൾ: അവർ റോമൻ പൗരന്മാരാണ് എന്നാണ് ഈ വാക്കുകൾ സൂചിപ്പിച്ചത്. പൗലോസും സാധ്യതയനുസരിച്ച് ശീലാസും റോമൻ പൗരന്മാരായിരുന്നു. ഒരു റോമൻ പൗരന് എപ്പോഴും ന്യായമായ വിചാരണ ലഭിക്കാൻ അർഹതയുണ്ടെന്നും അയാളുടെ കുറ്റം തെളിയിക്കപ്പെടാതെ അയാളെ ഒരിക്കലും പരസ്യമായി ശിക്ഷിക്കരുതെന്നും റോമൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആ സാമ്രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലെയും നഗരങ്ങൾക്ക് അവയുടേതായ നിയമങ്ങളുണ്ടായിരുന്നെങ്കിലും ഒരു റോമൻ പൗരൻ എപ്പോഴും റോമൻ നിയമത്തിന്റെ കീഴിലായിരുന്നു. തനിക്ക് എതിരെ ഒരു ആരോപണമുണ്ടായാൽ, പ്രാദേശികനിയമമനുസരിച്ചുള്ള വിചാരണയ്ക്കു വിധേയനാകണോ വേണ്ടയോ എന്ന് അയാൾക്കു തീരുമാനിക്കാമായിരുന്നു. അങ്ങനെ വിചാരണ ചെയ്യപ്പെട്ടാൽപ്പോലും അയാൾക്ക് ഒരു റോമൻ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടായിരുന്നു. വധശിക്ഷ കിട്ടിയേക്കാവുന്ന കേസുകളിൽ അയാൾക്കു വേണമെങ്കിൽ റോമൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാനും അനുവാദമുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം പ്രസംഗപ്രവർത്തനം നടത്തിയ ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ ആദ്യത്തേതാണു ഫിലിപ്പിയിൽവെച്ച് നടന്ന ഈ സംഭവം. തന്നെ അടിപ്പിച്ചതിലൂടെ ഫിലിപ്പിയിലെ മജിസ്റ്റ്രേട്ടുമാർ തന്റെ അവകാശങ്ങളിൽ കൈ കടത്തിയെന്ന് അവരെ അറിയിച്ചുകൊണ്ട് ആ സന്ദർഭത്തിൽ പൗലോസ് തന്റെ അവകാശം ഉപയോഗിച്ചു.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 22:25; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഒരു റോമാക്കാരൻ: അതായത്, ഒരു റോമൻ പൗരൻ. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ രണ്ടാമത്തേതാണ് ഈ സംഭവം. സാധാരണയായി റോമൻ അധികാരികൾ ജൂതന്മാരുടെ കാര്യാദികളിൽ കാര്യമായി ഇടപെടാറില്ലായിരുന്നു. എന്നാൽ റോമാക്കാർ ഇവിടെ പൗലോസിന്റെ കാര്യത്തിൽ ഇടപെട്ടത് അദ്ദേഹം ദേവാലയത്തിൽ വന്നപ്പോൾ ഒരു ലഹളയുണ്ടായതുകൊണ്ട് മാത്രമല്ല, അദ്ദേഹം ഒരു റോമൻ പൗരനായിരുന്നതുകൊണ്ടുംകൂടിയാണ്. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കുറ്റം തെളിയിക്കപ്പെടാതെ ഒരു റോമാക്കാരനെ പിടിച്ചുകെട്ടുന്നതും അടിക്കുന്നതും നിയമവിരുദ്ധമായിരുന്നു. അടിമകളോടു മാത്രമാണു പൊതുവേ ആ രീതിയിൽ പെരുമാറിയിരുന്നത്.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 16:37; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!: ബൈബിൾ രേഖകളനുസരിച്ച്, ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് ഉപയോഗപ്പെടുത്തുന്ന മൂന്നാമത്തെ സന്ദർഭമാണ് ഇത്. (മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 16:37; 22:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) തനിക്കെതിരെയുള്ള വിധി വന്നശേഷമോ വിചാരണയ്ക്കിടയിൽത്തന്നെയോ ഒരാൾക്കു സീസറിന് അപ്പീൽ നൽകാമായിരുന്നു. പൗലോസിന്റെ കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ താത്പര്യമില്ലെന്നും യരുശലേമിൽവെച്ച് വിചാരണ നടത്താമെന്നും ഫെസ്തൊസ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവിടെവെച്ച് നീതി ലഭിക്കാൻ ഒരു സാധ്യതയുമില്ലാഞ്ഞതുകൊണ്ടാണ് പൗലോസ് റോമൻ സാമ്രാജ്യത്തിലെ പരമോന്നതകോടതിയിൽ വിചാരണയ്ക്കായി അപ്പീൽ നൽകിയത്. പക്ഷേ ഇത്തരം അപ്പീലുകൾ തള്ളിക്കളയുന്ന കേസുകളുമുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു കള്ളനെയോ കടൽക്കൊള്ളക്കാരനെയോ കലാപം ഇളക്കിവിടുന്നവനെയോ ഒക്കെ കൈയോടെ പിടികൂടിയാൽ അവർക്ക് അപ്പീൽ നൽകാനാകില്ലായിരുന്നു. സാധ്യതയനുസരിച്ച് ഇതുകൊണ്ടായിരിക്കാം പൗലോസിന്റെ അപ്പീലിന് അനുമതി നൽകുന്നതിനു മുമ്പ് ഫെസ്തൊസ് “ഉപദേശകസമിതിയുമായി” കൂടിയാലോചിച്ചത്. (പ്രവൃ 25:12) പിന്നീട്, ഹെരോദ് അഗ്രിപ്പ രണ്ടാമൻ കൈസര്യ സന്ദർശിച്ചപ്പോൾ ഫെസ്തൊസ് പൗലോസിനെ വീണ്ടും വിചാരണ ചെയ്തു. ‘ചക്രവർത്തിയായ’ നീറോയ്ക്കു പൗലോസിന്റെ കേസ് കൈമാറുമ്പോൾ ഉൾപ്പെടുത്തേണ്ട കൂടുതലായ വിശദാംശങ്ങൾ ലഭിക്കാനായിരുന്നു അത്. (പ്രവൃ 25:12-27; 26:32; 28:19) ഇനി, അപ്പീൽ നൽകിയതുകൊണ്ട് പൗലോസിനു തന്റെ ആഗ്രഹംപോലെതന്നെ റോമിൽ എത്താനുള്ള വഴിയുമൊരുങ്ങി. (പ്രവൃ 19:21) യേശു പൗലോസിനു കൊടുത്ത പ്രാവചനിക ഉറപ്പും പിന്നീട് ഒരു ദൈവദൂതനിലൂടെ അദ്ദേഹത്തിനു ലഭിച്ച സന്ദേശവും സൂചിപ്പിക്കുന്നത് ഇതിന്റെയെല്ലാം പിന്നിൽ ദൈവത്തിന്റെ കരങ്ങളുണ്ടായിരുന്നു എന്നാണ്.—പ്രവൃ 23:11; 27:23, 24.
അഗ്രിപ്പ: അതായത് ഹെരോദ് അഗ്രിപ്പ രണ്ടാമൻ. മഹാനായ ഹെരോദിന്റെ കൊച്ചുമകന്റെ മകനായ ഇദ്ദേഹം, ഹെരോദ് അഗ്രിപ്പ ഒന്നാമനു ഭാര്യയായ സിപ്രോസിൽ ജനിച്ച മകനാണ്.—പ്രവൃ 12:1; പദാവലിയിൽ “ഹെരോദ്” കാണുക.
ബർന്നീക്ക: ഹെരോദ് അഗ്രിപ്പ രണ്ടാമന്റെ സഹോദരി. ബർന്നീക്ക അദ്ദേഹത്തിന്റെ സഹോദരിയായിരുന്നെങ്കിലും അവർ തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നു. പിൽക്കാലത്ത് ബർന്നീക്ക ടൈറ്റസിന്റെ വെപ്പാട്ടിയുമായി. ടൈറ്റസ് റോമൻ ചക്രവർത്തിയാകുന്നതിനു മുമ്പായിരുന്നു അത്.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
മൂപ്പന്മാർ: ജൂതജനതയുടെ നേതാക്കന്മാരായ ചില മൂപ്പന്മാരാണ് ഇവർ. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്.—മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
സീസർ: അഥവാ “ചക്രവർത്തി.” സീസർ എന്ന ലത്തീൻപദത്തിന്റെ തത്തുല്യമായ ഗ്രീക്കുരൂപം കൈസർ എന്നാണ്. (പദാവലി കാണുക.) ഒന്നാമത്തെ റോമൻ ചക്രവർ ത്തിയായ ഗയസ് ഒക്ടേവിയസിന് ആദ്യമായി അഗസ്റ്റസ് (“ശ്രേഷ്ഠനായവൻ” എന്ന് അർഥമുള്ള ലത്തീൻപദം) എന്ന പദവിനാമം നൽകിയത് റോമൻ ഭരണസമിതിയാണ്. ബി.സി. 27-ലായിരുന്നു അത്. അങ്ങനെ അദ്ദേഹം അഗസ്റ്റസ് സീസർ എന്ന് അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ കല്പനയാണു യേശു ബേത്ത്ലെഹെമിൽ ജനിക്കാൻ വഴിയൊരുക്കിയത്. അതിലൂടെ ഒരു ബൈബിൾപ്രവചനം നിറവേറുകയും ചെയ്തു.—ദാനി 11:20; മീഖ 5:2.
ചക്രവർത്തി: അക്ഷ. “ശ്രേഷ്ഠനായവൻ.” “ശ്രേഷ്ഠനായവൻ” എന്ന് അർഥം വരുന്ന ഒരു സ്ഥാനപ്പേര് റോമൻ ചക്രവർത്തിമാർക്കുണ്ടായിരുന്നു. ഇവിടെ കാണുന്ന സെബസ്റ്റൊസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഭയാദരവിന് അർഹൻ; ബഹുമാന്യൻ; ശ്രേഷ്ഠൻ” എന്നൊക്കെയാണ്. അഗസ്റ്റസ് എന്ന ലത്തീൻ സ്ഥാനപ്പേരിന്റെ പരിഭാഷയാണു സെബസ്റ്റൊസ്. ചില ഭാഷാന്തരങ്ങൾ ഇവിടെ ഈ പദപ്രയോഗത്തെ “ചക്രവർത്തി തിരുമനസ്സ്” എന്നതുപോലെയും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “ചക്രവർത്തി” സീസറായ നീറോയാണ് (എ.ഡി. 54-എ.ഡി. 68). ഈ സ്ഥാനപ്പേര് ലഭിച്ച നാലാമത്തെ ചക്രവർത്തിയായിരുന്നു നീറോ. ഒക്ടേവിയന് (ഒക്ടേവിയസിന്) ആയിരുന്നു ആദ്യം ഈ സ്ഥാനപ്പേര് ലഭിച്ചത്.—ലൂക്ക 2:1-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം

ഏതാണ്ട് എ.ഡി. 56-57 കാലഘട്ടത്തിൽ നിർമിച്ച ഈ സ്വർണനാണയത്തിൽ നീറോ ചക്രവർത്തിയുടെ അർധകായരൂപമാണു കാണുന്നത്. എ.ഡി. 54 മുതൽ 68 വരെ റോമൻ സാമ്രാജ്യം ഭരിച്ചത് അദ്ദേഹമാണ്. യരുശലേമിൽവെച്ച് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട്, ഏതാണ്ട് എ.ഡി. 56 മുതൽ ഏതാണ്ട് എ.ഡി. 58 വരെ കൈസര്യയിലെ തടവിൽ കഴിഞ്ഞ പൗലോസ് അപ്പീലിനു പോയത് അന്നത്തെ സീസറായ നീറോയുടെ മുമ്പാകെയായിരുന്നു. ഏതാണ്ട് എ.ഡി. 59-ൽ ആദ്യമായി റോമിൽ തടവിലായ പൗലോസിനെ സാധ്യതയനുസരിച്ച് എ.ഡി. 61-ഓടെ നിരപരാധിയായി പ്രഖ്യാപിച്ച് വിട്ടയച്ചു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറി. എ.ഡി. 64-ൽ റോമിലുണ്ടായ ഒരു തീപിടുത്തത്തിൽ നഗരത്തിന്റെ ഒരു ഭാഗം കത്തിനശിച്ചപ്പോൾ ആ ദുരന്തത്തിനു പിന്നിൽ നീറോയാണെന്നു ചിലർ ആരോപിച്ചു. ആ ആരോപണത്തിന്റെ ഗതി മാറ്റിവിടാൻ നീറോ കുറ്റം മുഴുവൻ ക്രിസ്ത്യാനികളുടെ മേൽ കെട്ടിവെച്ചു. തുടർന്ന് ഗവൺമെന്റ് അവർക്കെതിരെ ക്രൂരമായ ഉപദ്രവം അഴിച്ചുവിട്ടു. സാധ്യതയനുസരിച്ച് ഈ സമയത്താണ് (എ.ഡി. 65) പൗലോസ് രണ്ടാമതു റോമിൽ തടവിലാകുന്നത്. തുടർന്ന് അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.