വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെക്കുറിച്ച്‌ എഴുതിയവർ

യേശുവിനെക്കുറിച്ച്‌ എഴുതിയവർ

മക്കളെ പഠിപ്പിക്കാൻ

യേശുവിനെക്കുറിച്ച്‌ എഴുതിയവർ

യേശുവിനെക്കുറിച്ചു ബൈബിളിൽനിന്നു വായിക്കുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— * യേശു എഴുതിയ ഒരു വാക്കുപോലും ബൈബിളിൽ ഇല്ല എന്നതാണ്‌ രസകരമായ സംഗതി. എന്നിരുന്നാലും ബൈബിൾ എഴുത്തുകാരിൽ എട്ടുപേർ അവനെക്കുറിച്ച്‌ വളരെയധികം കാര്യങ്ങൾ എഴുതിയിട്ടുണ്ട്‌. യേശുവിന്റെ കാലത്ത്‌ ജീവിച്ചിരുന്നവരാണ്‌ അവർ. അവൻ പഠിപ്പിച്ച കാര്യങ്ങളാണ്‌ അവർ എഴുതിയത്‌. ആ എട്ടുപേരുടെ പേര്‌ പറയാമോ?— മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ, പത്രോസ്‌, യാക്കോബ്‌, യൂദാ, പൗലോസ്‌. ഈ എഴുത്തുകാരെക്കുറിച്ച്‌ നിങ്ങൾക്ക്‌ കൂടുതലായി എന്തെങ്കിലും അറിയാമോ?—

ആദ്യം നമുക്ക്‌ അവരിൽ മൂന്നുപേരുടെ കാര്യം നോക്കാം. അവർ യേശുവിന്റെ 12 അപ്പൊസ്‌തലന്മാരിൽപ്പെട്ടവരായിരുന്നു. ആരൊക്കെയായിരുന്നു അവർ?— പത്രോസ്‌, യോഹന്നാൻ, മത്തായി. പത്രോസ്‌ സഹക്രിസ്‌ത്യാനികൾക്ക്‌ രണ്ടുലേഖനങ്ങൾ എഴുതി. യേശു പറഞ്ഞതും പ്രവർത്തിച്ചതുമായി തനിക്കറിയാവുന്ന കാര്യങ്ങളാണ്‌ അവൻ അതിൽ എഴുതിയത്‌. നമുക്കിപ്പോൾ 2 പത്രോസ്‌ 1:16-18 നോക്കാം. യഹോവയാം ദൈവം സ്വർഗത്തിൽനിന്ന്‌ യേശുവിനോട്‌ സംസാരിച്ചതിന്റെ ദൃക്‌സാക്ഷിവിവരണമാണ്‌ പത്രോസ്‌ അവിടെ നൽകുന്നത്‌.—മത്തായി 17:5.

യോഹന്നാൻ അപ്പൊസ്‌തലൻ അഞ്ച്‌ ബൈബിൾപുസ്‌തകങ്ങൾ എഴുതി. ശിഷ്യന്മാർ യേശുവിനോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തിന്റെ സമയത്ത്‌ യേശുവിന്റെ തൊട്ടടുത്താണ്‌ അവൻ ഇരുന്നിരുന്നത്‌. യേശുവിന്റെ മരണസമയത്തും അവൻ ഒപ്പമുണ്ടായിരുന്നു. (യോഹന്നാൻ 13:23-26; 19:26) യേശുവിന്റെ ജീവിതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന നാലു സുവിശേഷങ്ങളിൽ ഒരെണ്ണം എഴുതിയത്‌ യോഹന്നാനാണ്‌. കൂടാതെ യേശു നൽകിയ വെളിപാടും സ്വന്തം പേരിലുള്ള മൂന്നുലേഖനങ്ങളും അവൻ എഴുതി. (വെളിപാട്‌ 1:1) യേശുവിന്റെ അപ്പൊസ്‌തലനായിരുന്ന മൂന്നാമത്തെ ബൈബിളെഴുത്തുകാരൻ മത്തായി ആണ്‌. അവൻ ചുങ്കം പിരിക്കുന്ന ആളായിരുന്നു.

ഇനി, മറ്റ്‌ രണ്ടു ബൈബിളെഴുത്തുകാർക്ക്‌ പ്രത്യേകമായ ഒരു വിധത്തിൽ യേശുവിനെ അറിയാമായിരുന്നു. യേശുവിന്റെ അർധസഹോദരന്മാരായിരുന്നു അവർ, അതായത്‌ യോസേഫിന്റെയും മറിയയുടെയും മക്കൾ. (മത്തായി 13:55) ആദ്യമൊന്നും അവർ യേശുവിന്റെ ശിഷ്യത്വം സ്വീകരിക്കാൻ തയ്യാറായില്ല. ഉത്സാഹപൂർവം പ്രസംഗവേലയിൽ ഏർപ്പെട്ടതുകൊണ്ട്‌ യേശുവിന്‌ ഭ്രാന്താണെന്നുപോലും അവർ വിചാരിച്ചു. (മർക്കോസ്‌ 3:21) ആരായിരുന്നു ആ സഹോദരന്മാർ?— യാക്കോബാണ്‌ ഒരാൾ. യാക്കോബ്‌ എന്ന ബൈബിൾ പുസ്‌തകം എഴുതിയത്‌ അവനാണ്‌. മറ്റേയാൾ യൂദായാണ്‌. അവൻ എഴുതിയതാണ്‌ യൂദാ എന്ന ബൈബിൾപുസ്‌തകം.—യൂദാ 1.

യേശുവിന്റെ ജീവിതത്തെക്കുറിച്ച്‌ എഴുതിയ മറ്റു രണ്ടുപേർ മർക്കോസും ലൂക്കോസുമാണ്‌. മർക്കോസിന്റെ അമ്മയായ മറിയയ്‌ക്ക്‌ യെരുശലേമിൽ ഒരു വലിയ വീടുണ്ടായിരുന്നു. പത്രോസ്‌ അപ്പൊസ്‌തലൻ ഉൾപ്പെടെ, ആദിമകാല ക്രിസ്‌ത്യാനികൾ അവിടെ കൂടിവരാറുണ്ടായിരുന്നു. (പ്രവൃത്തികൾ 12:11, 12) വർഷങ്ങൾക്കു മുമ്പ്‌, യേശു തന്റെ അപ്പൊസ്‌തലന്മാരോടൊത്ത്‌ അവസാനത്തെ പെസഹാ ആചരിച്ചശേഷം അവരോടൊപ്പം ഗെത്ത്‌ശെമന തോട്ടത്തിൽ പോയപ്പോൾ സാധ്യതയനുസരിച്ച്‌ മർക്കോസും അവരെ അനുഗമിച്ചിരിക്കണം. യേശുവിനെ അറസ്റ്റു ചെയ്‌ത സമയത്ത്‌ പടയാളികൾ മർക്കോസിനെയും പിടികൂടി. എന്നാൽ അവൻ തന്റെ വസ്‌ത്രം ഉപേക്ഷിച്ച്‌ അവിടെനിന്ന്‌ രക്ഷപ്പെട്ടു.—മർക്കോസ്‌ 14:51, 52.

വളരെ സമർഥനായ ഒരു വൈദ്യനായിരുന്നു ലൂക്കോസ്‌. സാധ്യതയനുസരിച്ച്‌ യേശുവിന്റെ മരണശേഷമാണ്‌ അവൻ ശിഷ്യനായിത്തീരുന്നത്‌. യേശുവിന്റെ ജീവിതത്തെക്കുറിച്ച്‌ ശ്രദ്ധാപൂർവം പഠിച്ച അവൻ അതേപ്പറ്റി വ്യക്തവും കൃത്യവുമായ വിവരണം എഴുതുകയുണ്ടായി. പിന്നീട്‌ ലൂക്കോസ്‌ പൗലോസിന്റെ സഞ്ചാര കൂട്ടാളിയായിത്തീരുകയും പ്രവൃത്തികളുടെ പുസ്‌തകം എഴുതുകയും ചെയ്‌തു.—ലൂക്കോസ്‌ 1:1-3; പ്രവൃത്തികൾ 1:1.

യേശുവിനെക്കുറിച്ചെഴുതിയ എട്ടാമത്തെ ബൈബിളെഴുത്തുകാരൻ പൗലോസാണ്‌. പ്രശസ്‌ത നിയമോപദേഷ്ടാവായ ഗമാലിയേലിന്റെ കാൽക്കലിരുന്ന്‌ പഠിച്ചവനാണ്‌ അവൻ. പരീശകുടുംബത്തിൽ വളർന്ന്‌ പരീശന്മാരാൽ പഠിപ്പിക്കപ്പെട്ട പൗലോസ്‌—അന്ന്‌ അവന്റെ പേര്‌ ശൗൽ എന്നായിരുന്നു—യേശുവിന്റെ ശിഷ്യന്മാരെ വെറുക്കുകയും അവരെ വധിക്കുന്നതിനു കൂട്ടുനിൽക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 7:58–8:3; 22:1-5; 26:4, 5) പൗലോസ്‌ എങ്ങനെയാണ്‌ യേശുവിനെക്കുറിച്ചുള്ള സത്യം പഠിക്കാൻ ഇടയായതെന്ന്‌ നിങ്ങൾക്കറിയാമോ?—

യേശുവിന്റെ ശിഷ്യന്മാരെ അറസ്റ്റുചെയ്യുന്നതിനുവേണ്ടി പൗലോസ്‌ ദമസ്‌കൊസിലേക്കു പോകുകയായിരുന്നു. പെട്ടെന്ന്‌ സ്വർഗത്തിൽനിന്നുള്ള തീവ്രമായ ഒരു വെളിച്ചം അവനെ അന്ധനാക്കിത്തീർത്തു. തുടർന്ന്‌ “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്‌?” എന്നു ചോദിക്കുന്ന ശബ്ദവും അവൻ കേട്ടു. അത്‌ യേശുവിന്റെ ശബ്ദമായിരുന്നു! ദമസ്‌കൊസിലേക്കു പോകാൻ അവൻ പൗലോസിനോടു പറഞ്ഞു. എന്നിട്ട്‌ പൗലോസിനോടു സംസാരിക്കാൻ അനന്യാസ്‌ എന്ന ശിഷ്യന്‌ നിർദേശം നൽകി. അങ്ങനെ പൗലോസ്‌ യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നു. (പ്രവൃത്തികൾ 9:1-18) പൗലോസ്‌ ബൈബിളിലെ 14 പുസ്‌തകങ്ങൾ എഴുതി, റോമർമുതൽ എബ്രായർവരെയുള്ളവ.

യേശുവിനെക്കുറിച്ചുള്ള ബൈബിൾ പുസ്‌തകങ്ങൾ നിങ്ങൾ വായിക്കാൻ തുടങ്ങിയോ? അതല്ലെങ്കിൽ അവ ആരെങ്കിലും നിങ്ങളെ വായിച്ചുകേൾപ്പിക്കുന്നുണ്ടോ?— ഇപ്പോൾ, ഈ ചെറുപ്രായത്തിൽ നിങ്ങൾക്കു ചെയ്യാനാകുന്ന ഒരു നല്ല കാര്യമുണ്ട്‌: യേശുവിനെക്കുറിച്ചു ബൈബിൾ പറയുന്നതു പഠിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്‌, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

ചോദ്യങ്ങൾ:

▪ യേശുവിന്റെ അപ്പൊസ്‌തലന്മാരിൽ ബൈബിൾ എഴുത്തുകാർ ആയിത്തീർന്നത്‌ ആരെല്ലാമാണ്‌?

▪ യേശുവിന്റെ അർധസഹോദരന്മാരായിരുന്ന രണ്ടു ബൈബിളെഴുത്തുകാർ ആരെല്ലാമാണ്‌?

▪ സാധ്യതയനുസരിച്ച്‌ മർക്കോസിന്‌ യേശുവിനെ അറിയാമായിരുന്നു എന്നും ലൂക്കോസിന്‌ അറിയില്ലായിരുന്നു എന്നും പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

▪ പൗലോസ്‌ എങ്ങനെയാണ്‌ യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നത്‌?

[29-ാം പേജിലെ ചിത്രങ്ങൾ]

യൂദാ

മർക്കോസ്‌

പത്രോസ്‌

മത്തായി

പൗലോസ്‌

യാക്കോബ്‌

ലൂക്കോസ്‌

യോഹന്നാൻ