അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 22:1-30

22  “സഹോ​ദ​ര​ന്മാ​രേ, പിതാ​ക്ക​ന്മാ​രേ, നിങ്ങ​ളോട്‌ എനിക്കു പറയാ​നു​ള്ളതു കേട്ടു​കൊ​ള്ളുക.”+  പൗലോസ്‌ എബ്രായ ഭാഷയിൽ സംസാ​രി​ക്കു​ന്നതു കേട്ട്‌ എല്ലാവ​രും നിശ്ശബ്ദ​രാ​യി. പൗലോസ്‌ പറഞ്ഞു:  “ഞാൻ ഒരു ജൂതനാണ്‌,+ കിലി​ക്യ​യി​ലെ തർസൊസിൽ+ ജനിച്ചവൻ. ഈ നഗരത്തിൽ ഗമാലിയേലിന്റെ+ കാൽക്ക​ലി​രു​ന്നാ​ണു ഞാൻ പഠിച്ചത്‌. പൂർവി​ക​രു​ടെ നിയമം കണിശ​മാ​യി പാലി​ക്കാൻ എന്നെ അഭ്യസി​പ്പി​ച്ചു.+ ദൈവ​ത്തി​നു​വേണ്ടി ഇന്നു നിങ്ങ​ളെ​ല്ലാം കാണി​ക്കുന്ന ഇതേ തീക്ഷ്‌ണത എനിക്കു​മു​ണ്ടാ​യി​രു​ന്നു.+  ഈ മാർഗത്തിൽപ്പെട്ട* സ്‌ത്രീ​പു​രു​ഷ​ന്മാ​രെ പിടി​ച്ചു​കെട്ടി ജയിലി​ലാ​ക്കാ​നും അവരെ ഉപദ്ര​വിച്ച്‌ ഇല്ലാതാ​ക്കാ​നും ശ്രമി​ച്ച​വ​നാ​ണു ഞാൻ.+  മഹാപു​രോ​ഹി​ത​നും മൂപ്പന്മാ​രു​ടെ സഭയ്‌ക്കും ഇക്കാര്യം അറിയാം. അവരിൽനിന്ന്‌ ദമസ്‌കൊ​സി​ലുള്ള സഹോ​ദ​ര​ന്മാർക്കു നൽകാൻ കത്തുക​ളും തരപ്പെ​ടു​ത്തി ഞാൻ പുറ​പ്പെട്ടു. അവി​ടെ​യു​ള്ള​വരെ പിടി​ച്ചു​കെട്ടി യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്ന്‌ ശിക്ഷി​ക്കാ​നാ​യി​രു​ന്നു എന്റെ പദ്ധതി.  “ഞാൻ യാത്ര ചെയ്‌ത്‌ നട്ടുച്ച​യോ​ടെ ദമസ്‌കൊ​സിൽ എത്താറാ​യ​പ്പോൾ, പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ വലി​യൊ​രു വെളിച്ചം എനിക്കു ചുറ്റും മിന്നി.+  ഞാൻ നിലത്ത്‌ വീണു. ‘ശൗലേ, ശൗലേ, എന്തിനാ​ണു നീ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌’ എന്നു ചോദി​ക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു.  ‘പ്രഭോ, അങ്ങ്‌ ആരാണ്‌’ എന്നു ഞാൻ ചോദി​ച്ച​പ്പോൾ, ‘നീ ഉപദ്ര​വി​ക്കുന്ന നസറെ​ത്തു​കാ​ര​നായ യേശു​വാ​ണു ഞാൻ’ എന്ന്‌ ആ ശബ്ദം എന്നോടു പറഞ്ഞു.  എന്റെകൂ​ടെ​യു​ണ്ടാ​യി​രു​ന്നവർ വെളിച്ചം കണ്ടെങ്കി​ലും എന്നോടു സംസാ​രി​ക്കു​ന്ന​യാ​ളു​ടെ ശബ്ദം കേട്ടില്ല.+ 10  ‘കർത്താവേ, ഞാൻ എന്താണു ചെയ്യേ​ണ്ടത്‌’ എന്നു ഞാൻ ചോദി​ച്ചു. കർത്താവ്‌ എന്നോട്‌, ‘എഴു​ന്നേറ്റ്‌ ദമസ്‌കൊ​സി​ലേക്കു പോകുക. നീ ചെയ്യേ​ണ്ട​തെ​ല്ലാം അവി​ടെ​വെച്ച്‌ നിനക്കു പറഞ്ഞു​ത​രും’+ എന്നു പറഞ്ഞു. 11  ആ ഉജ്ജ്വല​പ്ര​കാ​ശം കാരണം എനിക്കു കണ്ണു കാണാൻ കഴിയാ​താ​യി. കൂടെ​യു​ള്ളവർ എന്നെ കൈപി​ടിച്ച്‌ നടത്തി ദമസ്‌കൊ​സിൽ എത്തിച്ചു. 12  “അവി​ടെ​വെച്ച്‌ അനന്യാസ്‌+ എന്നൊ​രാൾ എന്റെ അടുത്ത്‌ വന്നു. വളരെ ഭയഭക്തി​യോ​ടെ നിയമം പാലി​ച്ചു​പോന്ന അനന്യാ​സി​നെ​ക്കു​റിച്ച്‌ അവിടെ താമസി​ക്കുന്ന ജൂതന്മാർക്കൊ​ക്കെ വളരെ നല്ല അഭി​പ്രാ​യ​മാ​യി​രു​ന്നു. 13  അനന്യാസ്‌ എന്റെ അരികെ നിന്ന്‌ എന്നോട്‌, ‘ശൗലേ, സഹോ​ദരാ, നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടട്ടെ’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടി; ഞാൻ അനന്യാ​സി​നെ കണ്ടു.+ 14  അനന്യാസ്‌ എന്നോടു പറഞ്ഞു: ‘നീ ദൈവ​ത്തി​ന്റെ ഇഷ്ടം അറിയാ​നും നീതി​മാ​നാ​യ​വനെ കാണാനും+ അവന്റെ ശബ്ദം കേൾക്കാ​നും വേണ്ടി നമ്മുടെ പിതാ​ക്ക​ന്മാ​രു​ടെ ദൈവം നിന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. 15  കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നീ യേശു​വി​നു​വേണ്ടി എല്ലാ മനുഷ്യ​രു​ടെ​യും മുമ്പാകെ സാക്ഷി പറയേ​ണ്ട​തുണ്ട്‌.+ 16  ഇനി എന്തിനാ​ണു വൈകു​ന്നത്‌? എഴു​ന്നേറ്റ്‌ സ്‌നാ​ന​മേൽക്കുക. യേശു​വി​ന്റെ പേര്‌ വിളിച്ച്‌+ നിന്റെ പാപങ്ങൾ കഴുകി​ക്ക​ള​യുക.’+ 17  “പിന്നെ യരുശ​ലേ​മിൽ തിരിച്ചെത്തി+ ദേവാ​ല​യ​ത്തിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഞാൻ സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി. 18  ഞാൻ കർത്താ​വി​നെ കണ്ടു. കർത്താവ്‌ എന്നോടു പറഞ്ഞു: ‘പെട്ടെ​ന്നു​തന്നെ യരുശ​ലേ​മിൽനിന്ന്‌ പുറത്ത്‌ കടക്കുക, വേഗമാ​കട്ടെ! എന്നെക്കു​റി​ച്ചുള്ള നിന്റെ വാക്കുകൾ അവർ സ്വീക​രി​ക്കില്ല.’+ 19  അപ്പോൾ ഞാൻ പറഞ്ഞു: ‘കർത്താവേ, ഞാൻ സിന​ഗോ​ഗു​കൾതോ​റും ചെന്ന്‌ അങ്ങയിൽ വിശ്വ​സി​ക്കു​ന്ന​വരെ അടിക്കു​ക​യും ജയിലി​ലാ​ക്കു​ക​യും ചെയ്‌തി​രു​ന്ന​തൊ​ക്കെ അവർക്കു നന്നായി അറിയാം.+ 20  അങ്ങയുടെ സാക്ഷി​യായ സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെട്ട സമയത്ത്‌ ഞാനും അടുത്തു​നിന്ന്‌ അതിനെ അനുകൂ​ലി​ക്കു​ക​യും സ്‌തെ​ഫാ​നൊ​സി​നെ കൊന്ന​വ​രു​ടെ പുറങ്കു​പ്പാ​യങ്ങൾ സൂക്ഷി​ക്കു​ക​യും ചെയ്‌ത​തല്ലേ?’+ 21  എന്നാൽ കർത്താവ്‌ എന്നോട്‌, ‘പോകൂ, ഞാൻ നിന്നെ ദൂരെ ജനതക​ളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും’+ എന്നു പറഞ്ഞു.” 22  അത്രയും നേരം അവർ ശ്രദ്ധി​ച്ചു​കേ​ട്ടു​കൊ​ണ്ടി​രു​ന്നു. എന്നാൽ ഇതു കേട്ട​പ്പോൾ അവർ ഉറക്കെ, “ഇങ്ങനെ​യു​ള്ള​വനെ ഈ ഭൂമി​യിൽ വെച്ചേ​ക്ക​രുത്‌, ഇവൻ ജീവ​നോ​ടി​രി​ക്കാൻ പാടില്ല” എന്നു വിളി​ച്ചു​പ​റഞ്ഞു. 23  അവർ ഇങ്ങനെ അലറു​ക​യും പുറങ്കു​പ്പാ​യങ്ങൾ ഊരി​യെ​റി​യു​ക​യും മണ്ണു വാരി​യെ​റി​യു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ 24  അതു​കൊണ്ട്‌ പൗലോ​സി​നെ പടയാ​ളി​ക​ളു​ടെ താമസ​സ്ഥ​ല​ത്തേക്കു കൊണ്ടു​വന്ന്‌ ചാട്ടയ്‌ക്ക്‌ അടിച്ച്‌ ചോദ്യം ചെയ്യാൻ സൈന്യാ​ധി​പൻ ആജ്ഞാപി​ച്ചു. എന്തിനാണ്‌ ആളുകൾ ഇങ്ങനെ പൗലോ​സി​നു നേരെ അലറു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നാ​യി​രു​ന്നു അത്‌. 25  ചാട്ടയ്‌ക്ക്‌ അടിക്കാ​നാ​യി അവർ പിടി​ച്ചു​കെ​ട്ടി​യ​പ്പോൾ പൗലോസ്‌ അടുത്തു​നിന്ന സൈനി​കോ​ദ്യോ​ഗ​സ്ഥ​നോട്‌, “വിചാരണ ചെയ്യാതെ* ഒരു റോമാ​ക്കാ​രനെ ചാട്ടയ്‌ക്ക​ടി​ക്കു​ന്നതു നിയമാ​നു​സൃ​ത​മാ​ണോ”+ എന്നു ചോദി​ച്ചു. 26  ഇതു കേട്ട സൈനി​കോ​ദ്യോ​ഗസ്ഥൻ സൈന്യാ​ധി​പന്റെ അടുത്ത്‌ ചെന്ന്‌, “അങ്ങ്‌ എന്താണു ചെയ്യാൻപോ​കു​ന്നത്‌? ഈ മനുഷ്യൻ റോമാ​ക്കാ​ര​നാണ്‌” എന്നു പറഞ്ഞു. 27  അപ്പോൾ സൈന്യാ​ധി​പൻ പൗലോ​സി​ന്റെ അടുത്ത്‌ വന്ന്‌, “പറയൂ, നീ ഒരു റോമാ​ക്കാ​ര​നാ​ണോ” എന്നു ചോദി​ച്ചു. “അതെ” എന്നു പൗലോസ്‌ പറഞ്ഞു. 28  അപ്പോൾ സൈന്യാ​ധി​പൻ പറഞ്ഞു: “ഞാൻ ഒരു വലിയ തുക കൊടു​ത്തി​ട്ടാണ്‌ ഈ പൗരത്വം നേടി​യത്‌.” പൗലോസ്‌ പറഞ്ഞു: “ഞാൻ ജനിച്ച​തു​തന്നെ റോമൻ പൗരനാ​യി​ട്ടാണ്‌.”+ 29  പൗലോ​സി​നെ ഉപദ്ര​വിച്ച്‌ ചോദ്യം ചെയ്യാൻ നിന്നവർ ഉടനെ പിന്മാറി. പൗലോസ്‌ റോമാ​ക്കാ​ര​നാ​ണെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ പൗലോ​സി​നെ ചങ്ങലയിട്ട്‌ ബന്ധിച്ചത്‌ ഓർത്ത്‌ സൈന്യാ​ധി​പനു ഭയം തോന്നി.+ 30  ജൂതന്മാർ പൗലോ​സി​ന്റെ മേൽ കുറ്റം ആരോ​പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു വ്യക്തമാ​യി അറിയാൻ സൈന്യാ​ധി​പൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ പിറ്റേന്നു മുഖ്യ​പു​രോ​ഹി​ത​ന്മാ​രും സൻഹെ​ദ്രിൻ മുഴു​വ​നും കൂടി​വ​രാൻ സൈന്യാ​ധി​പൻ കല്‌പി​ച്ചു. എന്നിട്ട്‌ പൗലോ​സി​നെ സ്വത​ന്ത്ര​നാ​ക്കി അവരുടെ മധ്യേ നിറുത്തി.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “കുറ്റക്കാ​ര​നെന്നു വിധി​ക്കാ​തെ.”

പഠനക്കുറിപ്പുകൾ

എബ്രായ ഭാഷ: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​പ്ര​ചോ​ദി​ത​രായ ബൈബി​ളെ​ഴു​ത്തു​കാർ, ജൂതന്മാർ സംസാ​രി​ച്ചി​രുന്ന ഭാഷ​യെ​യും (യോഹ 19:13, 17, 20; പ്രവൃ 21:40; 22:2; വെളി 9:11; 16:16) പുനരു​ത്ഥാ​നം പ്രാപിച്ച്‌, മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു തർസൊ​സി​ലെ ശൗലി​നോ​ടു സംസാ​രിച്ച ഭാഷ​യെ​യും (പ്രവൃ 26:14, 15) “എബ്രായ ഭാഷ” എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഇനി, പ്രവൃ 6:1-ൽ ‘എബ്രായ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാ​രെ’ ‘ഗ്രീക്കു ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാ​രിൽനിന്ന്‌’ വേർതി​രി​ച്ചു​കാ​ണി​ച്ചി​ട്ടു​മുണ്ട്‌. ഈ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളിൽ കാണുന്ന പദപ്ര​യോ​ഗത്തെ “എബ്രായ ഭാഷ” എന്നല്ല “അരമായ ഭാഷ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തേ​ണ്ട​തെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നെ​ങ്കി​ലും അതു വാസ്‌ത​വ​ത്തിൽ എബ്രായ ഭാഷ​യെ​ത്ത​ന്നെ​യാ​ണു കുറി​ക്കു​ന്ന​തെന്നു വിശ്വ​സി​ക്കാൻ ന്യായ​മായ കാരണ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യരുശ​ലേം​കാ​രോ​ടു പൗലോസ്‌ “എബ്രായ ഭാഷയിൽ” സംസാ​രി​ച്ച​താ​യി വൈദ്യ​നായ ലൂക്കോസ്‌ പറയുന്ന ഭാഗ​മെ​ടു​ക്കുക. ആ യരുശ​ലേം​കാർ ഉത്സാഹ​ത്തോ​ടെ പഠിച്ചി​രുന്ന മോ​ശൈ​ക​നി​യമം എബ്രായ ഭാഷയി​ലു​ള്ള​താ​യി​രു​ന്നു. ഇനി ചാവു​കടൽ ചുരു​ളു​ക​ളു​ടെ ഭാഗമായ അനേകം ശകലങ്ങ​ളു​ടെ​യും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ​യും ഭൂരി​ഭാ​ഗ​വും (ഇതിൽ ബൈബിൾഭാ​ഗ​ങ്ങ​ളും അല്ലാത്ത​വ​യും ഉണ്ട്‌.) എബ്രായ ഭാഷയി​ലാണ്‌. ആളുകൾ പൊതു​വേ ഉപയോ​ഗി​ച്ചി​രുന്ന ഒരു ഭാഷയാ​യി​രു​ന്നു എബ്രാ​യ​യെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. ചാവു​കടൽ ചുരു​ളു​ക​ളിൽ അരമായ ഭാഷയി​ലുള്ള ഏതാനും ചില ശകലങ്ങ​ളു​മുണ്ട്‌. എബ്രായ ഭാഷയ്‌ക്കു പുറമേ അരമായ ഭാഷയും ആളുകൾ ഉപയോ​ഗി​ച്ചി​രു​ന്നെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ “എബ്രായ ഭാഷ” എന്നു പറഞ്ഞ​പ്പോൾ ബൈബി​ളെ​ഴു​ത്തു​കാർ ഉദ്ദേശി​ച്ചത്‌ അരമായ ഭാഷ (അഥവാ സിറിയൻ ഭാഷ) ആയിരി​ക്കാൻ തീരെ സാധ്യ​ത​യില്ല. (പ്രവൃ 21:40; 22:2; പ്രവൃ 26:14 താരത​മ്യം ചെയ്യുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും ‘അരമായ ഭാഷ​യെ​യും’ ‘ജൂതന്മാ​രു​ടെ ഭാഷ​യെ​യും’ രണ്ടായി പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. (2രാജ 18:26) 2രാജ 18-ാം അധ്യാ​യ​ത്തി​ലെ ആ ബൈബിൾഭാ​ഗ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കു​മ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂത ചരി​ത്ര​കാ​ര​നായ ജോസീ​ഫ​സും “അരമായ,” “എബ്രായ” ഭാഷകളെ രണ്ടായി​ട്ടാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. (യഹൂദ​പു​രാ​വൃ​ത്തങ്ങൾ (ഇംഗ്ലീഷ്‌), X, 8 [i, 2]) എബ്രാ​യ​യി​ലുള്ള ചില പദങ്ങ​ളോ​ടു സമാന​മായ പദങ്ങൾ അരമാ​യ​യി​ലു​മുണ്ട്‌ എന്നതു ശരിയാണ്‌. കൂടാതെ, സാധ്യ​ത​യ​നു​സ​രിച്ച്‌ അരമാ​യ​യിൽനിന്ന്‌ എബ്രാ​യ​യി​ലേക്കു കടമെ​ടുത്ത ചില പദങ്ങളു​മുണ്ട്‌. പക്ഷേ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ “എബ്രായ ഭാഷ” എന്നു പറഞ്ഞത്‌ അരമായ ഭാഷയെ ഉദ്ദേശി​ച്ചാ​ണെന്നു ചിന്തി​ക്കാൻ ഒരു ന്യായ​വു​മില്ല.

എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗമാലി​യേൽ: മോശ​യു​ടെ നിയമം പഠിപ്പി​ച്ചി​രുന്ന ഇദ്ദേഹ​ത്തെ​ക്കു​റിച്ച്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ ഈ അധ്യാ​യ​ത്തി​ലും പ്രവൃ 22:3-ലും പറയു​ന്നുണ്ട്‌. മറ്റു ഗ്രന്ഥങ്ങ​ളിൽ “ഗമാലി​യേൽ മൂപ്പൻ” എന്നു പറഞ്ഞി​രി​ക്കു​ന്ന​തും ഇദ്ദേഹ​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെന്നു കരുത​പ്പെ​ടു​ന്നു. പരീശ​ന്മാ​രു​ടെ ഇടയിൽ വിശാ​ല​മായ ഒരു ചിന്താ​ഗ​തി​ക്കു തുടക്ക​മിട്ട ഹില്ലേൽ മൂപ്പന്റെ കൊച്ചു​മ​ക​നോ ഒരുപക്ഷേ മകൻത​ന്നെ​യോ ആയിരു​ന്നു ഇദ്ദേഹം. ആളുകൾ “റബ്ബാൻ” എന്ന ബഹുമാ​ന​സൂ​ച​ക​മായ സ്ഥാന​പ്പേര്‌ ആദ്യമാ​യി നൽകി​യത്‌ ഗമാലി​യേ​ലി​നാ​ണെന്നു കരുത​പ്പെ​ടു​ന്നു. അവർ അദ്ദേഹത്തെ അത്രമാ​ത്രം ആദരി​ച്ചി​രു​ന്നു എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. തർസൊ​സി​ലെ ശൗൽ ഉൾപ്പെടെ പരീശ​കു​ടും​ബ​ത്തിൽപ്പെട്ട പലരെ​യും പഠിപ്പിച്ച അദ്ദേഹം അക്കാലത്തെ ജൂതസ​മൂ​ഹത്തെ അങ്ങനെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചു. (പ്രവൃ 22:3; 23:6; 26:4, 5; ഗല 1:13, 14) പലപ്പോ​ഴും മോശ​യു​ടെ നിയമ​ത്തി​നും ജൂതപാ​ര​മ്പ​ര്യ​ങ്ങൾക്കും അദ്ദേഹം നൽകിയ വ്യാഖ്യാ​നങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌, സമകാ​ലി​ക​രായ മറ്റു പലരെ​ക്കാ​ളും വിശാ​ല​മാ​യി അദ്ദേഹം ചിന്തി​ച്ചി​രു​ന്നു എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, വഷളന്മാ​രായ ഭർത്താ​ക്ക​ന്മാ​രിൽനിന്ന്‌ ഭാര്യ​മാ​രെ​യും, താന്തോ​ന്നി​ക​ളായ മക്കളിൽനിന്ന്‌ വിധവ​മാ​രെ​യും സംരക്ഷി​ക്കുന്ന നിയമങ്ങൾ കൊണ്ടു​വ​ന്നത്‌ ഇദ്ദേഹ​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. കാലാ പെറു​ക്കാൻ ദരി​ദ്ര​രായ ജൂതന്മാർക്കു​ണ്ടാ​യി​രുന്ന അതേ അവകാ​ശങ്ങൾ ജൂതന്മാ​ര​ല്ലാ​ത്ത​വർക്കും നൽകണ​മെന്നു വാദി​ച്ച​തും അദ്ദേഹ​മാ​ണെന്ന്‌ അഭി​പ്രാ​യ​മുണ്ട്‌. ഇനി, പത്രോ​സി​നോ​ടും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടും ഗമാലി​യേൽ ഇടപെട്ട രീതി​യും അദ്ദേഹ​ത്തി​ന്റെ തുറന്ന ചിന്താ​ഗ​തി​യു​ടെ മറ്റൊരു തെളി​വാണ്‌. (പ്രവൃ 5:35-39) എന്നാൽ അദ്ദേഹം തിരു​വെ​ഴു​ത്തു​ക​ളെ​ക്കാൾ പ്രാധാ​ന്യം നൽകി​യതു റബ്ബിമാ​രു​ടെ പാരമ്പ​ര്യ​ത്തി​നാ​ണെന്നു ജൂതറ​ബ്ബി​മാ​രു​ടെ രേഖകൾ സൂചി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അദ്ദേഹ​ത്തി​ന്റെ ഉപദേ​ശങ്ങൾ ഏറെക്കു​റെ, അക്കാലത്തെ മതനേ​താ​ക്ക​ന്മാ​രു​ടെ​യും റബ്ബിമാ​രായ പൂർവ​പി​താ​ക്ക​ന്മാ​രു​ടെ​യും ഉപദേ​ശ​ങ്ങൾപോ​ലെ​തന്നെ ആയിരു​ന്നെന്നു പറയാം.—മത്ത 15:3-9; 2തിമ 3:16, 17; പദാവ​ലി​യിൽ “പരീശ​ന്മാർ;” “സൻഹെ​ദ്രിൻ” എന്നിവ കാണുക.

ഗമാലി​യേൽ: മോശ​യു​ടെ നിയമം പഠിപ്പി​ച്ചി​രുന്ന ഇദ്ദേഹ​ത്തെ​ക്കു​റിച്ച്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ ഈ വാക്യ​ത്തി​നു പുറമേ 5-ാം അധ്യാ​യ​ത്തി​ലും പറയു​ന്നുണ്ട്‌.—പ്രവൃ 5:34-ന്റെ പഠനക്കു​റി​പ്പു കാണുക.

സൻഹെ​ദ്രിൻ ഹാൾ: അഥവാ “സൻഹെ​ദ്രിൻ.” യരുശ​ലേ​മിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യാ​യി​രു​ന്നു സൻഹെ​ദ്രിൻ. “സൻഹെ​ദ്രിൻ ഹാൾ,” “സൻഹെ​ദ്രിൻ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേ​ദ്രി​ഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്‌. കൂടി​വ​രവ്‌ അല്ലെങ്കിൽ യോഗം എന്ന വിശാ​ല​മായ അർഥമുള്ള പദമാ​യി​രു​ന്നു ഇതെങ്കി​ലും ഇസ്രാ​യേ​ലിൽ അതിനു മതപര​മായ ന്യായാ​ധി​പ​സം​ഘത്തെ അഥവാ കോട​തി​യെ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു. ആ ഗ്രീക്കു​പ​ദ​ത്തി​നു സൻഹെ​ദ്രി​നി​ലെ ന്യായാ​ധി​പ​ന്മാ​രെ​യോ ആ കെട്ടി​ട​ത്തെ​യോ അതു സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലത്തെ​യോ കുറി​ക്കാ​നാ​കും.​—മത്ത 5:22-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” എന്നതും കാണുക; സൻഹെ​ദ്രിൻ ഹാൾ സ്ഥിതി​ചെ​യ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12-ഉം കാണുക.

മൂപ്പന്മാ​രു​ടെ സഭ: അഥവാ “മൂപ്പന്മാ​രു​ടെ സമിതി (സംഘം).” ഇവിടെ കാണുന്ന പ്രെസ്‌ബൂ​റ്റെ​റി​യോൻ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ പ്രെസ്‌ബൂ​റ്റെ​റൊസ്‌ (അക്ഷ. “പ്രായ​മേ​റിയ പുരുഷൻ.”) എന്ന പദവു​മാ​യി ബന്ധമുണ്ട്‌. ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന പദം പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌, ഒരു സമൂഹ​ത്തി​ലോ രാഷ്‌ട്ര​ത്തി​ലോ അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാണ്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ഇവിടെ “മൂപ്പന്മാ​രു​ടെ സംഘം” എന്നു പറഞ്ഞി​രി​ക്കു​ന്നതു ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നെ​ക്കു​റി​ച്ചാണ്‌. യരുശ​ലേ​മിൽ സ്ഥിതി​ചെ​യ്‌തി​രുന്ന ആ കോടതി മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മൂപ്പന്മാ​രും ചേർന്ന​താ​യി​രു​ന്നു. ബൈബി​ളിൽ പലപ്പോ​ഴും ഈ മൂന്നു കൂട്ട​രെ​യും​കു​റിച്ച്‌ ഒന്നിച്ചാ​ണു പറഞ്ഞി​ട്ടു​ള്ളത്‌.—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; ലൂക്ക 22:66-ന്റെ പഠനക്കു​റി​പ്പു കാണുക.

നസറെ​ത്തു​കാ​രൻ: മർ 10:47-ന്റെ പഠനക്കു​റി​പ്പു കാണുക.

നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്‌. പിന്നീട്‌ യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട്‌ ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത്‌ അക്കാലത്ത്‌ സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര്‌ ചേർത്ത്‌ വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത്‌ എന്ന പട്ടണത്തിലായിരുന്നതുകൊണ്ട്‌ യേശുവിനെ തിരിച്ചറിയാൻ ആ പേര്‌ ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്‌. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര്‌ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്‌തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്‌തംഭത്തിൽ പീലാത്തൊസ്‌ സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക്‌ ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്‌ ” എന്ന്‌ എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്‌ത്‌ മുതൽ അപ്പോസ്‌തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്‌.​—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:​23-ന്റെ പഠനക്കുറിപ്പും കാണുക.

ശബ്ദം കേട്ടില്ല: അഥവാ “വാക്കുകൾ മനസ്സി​ലാ​യില്ല.” ദമസ്‌കൊ​സി​ലേ​ക്കുള്ള വഴിയിൽവെച്ച്‌ പൗലോ​സി​നു​ണ്ടായ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പ്രവൃ 9:3-9-ൽ ലൂക്കോസ്‌ വിവരി​ക്കു​ന്നുണ്ട്‌. പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ ‘ശബ്ദം കേട്ടു’ എന്നാണ്‌ അവിടെ പറയു​ന്ന​തെ​ങ്കി​ലും ഈ വാക്യ​ത്തിൽ പറയു​ന്നത്‌ അവർ “ശബ്ദം കേട്ടില്ല” എന്നാണ്‌. ഇങ്ങനെ​യൊ​രു വ്യത്യാ​സ​ത്തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ പ്രവൃ 9:7-ന്റെ പഠനക്കു​റി​പ്പിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. അവിടെ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ എന്തോ ഒരു “ശബ്ദം കേട്ടെ​ങ്കി​ലും” അവർക്ക്‌ അതിലെ വാക്കുകൾ മനസ്സി​ലാ​യി​ക്കാ​ണില്ല. അതായത്‌, പൗലോസ്‌ കേട്ടതു​പോ​ലെയല്ല അവർ ആ ശബ്ദം കേട്ടത്‌. പ്രവൃ 22:7-ൽ “കേട്ടു” എന്നതിന്റെ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭം നോക്കി​യാൽ ഇക്കാര്യം വ്യക്തമാ​കും. അവിടെ, താൻ “ഒരു ശബ്ദം . . . കേട്ടു” എന്നു പൗലോസ്‌ പറഞ്ഞത്‌ അദ്ദേഹ​ത്തിന്‌ ആ വാക്കുകൾ കേൾക്കാൻ മാത്രമല്ല മനസ്സി​ലാ​ക്കാ​നും കഴിഞ്ഞു എന്ന അർഥത്തി​ലാണ്‌. എന്നാൽ പൗലോ​സി​നോ​ടൊ​പ്പം യാത്ര ചെയ്‌തി​രു​ന്ന​വർക്ക്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞത്‌ എന്താ​ണെന്നു മനസ്സി​ലാ​യി​ക്കാ​ണില്ല. ഒരുപക്ഷേ വാക്കുകൾ വ്യക്തമാ​കാ​തി​രു​ന്ന​താ​യി​രി​ക്കാം അതിന്റെ കാരണം. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ അർഥത്തി​ലാണ്‌ അവർ “ശബ്ദം കേട്ടില്ല” എന്ന്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌.—‘കേൾക്കുക’ എന്നതിന്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം ‘ഗ്രഹി​ക്കുക,’ ‘മനസ്സി​ലാ​ക്കുക’ എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മർ 4:33; 1കൊ 14:2 എന്നിവ താരത​മ്യം ചെയ്യുക.

ശബ്ദം കേട്ടെ​ങ്കി​ലും: ദമസ്‌കൊ​സി​ലേ​ക്കുള്ള വഴിയിൽവെച്ച്‌ തനിക്കു​ണ്ടായ ഈ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പൗലോ​സു​തന്നെ പ്രവൃ 22:6-11-ൽ വിവരി​ക്കു​ന്നുണ്ട്‌. പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ “ശബ്ദം കേട്ടില്ല” എന്നാണ്‌ അവിടെ പറയു​ന്ന​തെ​ങ്കി​ലും ഇവിടെ പറയു​ന്നത്‌ അവർ ‘ആ ശബ്ദം കേട്ടു’ എന്നാണ്‌. രണ്ടു വിവര​ണ​ത്തി​ലും ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം ഒന്നാ​ണെ​ങ്കി​ലും അതിന്റെ വ്യാക​ര​ണ​രൂ​പം രണ്ടിട​ത്തും രണ്ടാണ്‌. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഫൊണേ എന്ന ഗ്രീക്കു​പ​ദ​ത്തി​നു വെറു​മൊ​രു ശബ്ദം കേൾക്കു​ന്ന​തി​നെ​യും വാക്കുകൾ വ്യക്തമാ​യി കേൾക്കു​ന്ന​തി​നെ​യും കുറി​ക്കാ​നാ​കും. ഈ വാക്യ​ത്തി​ലെ വ്യാക​ര​ണ​രൂ​പം​വെച്ച്‌ ആ പദത്തിന്‌ വെറു​മൊ​രു ശബ്ദം കേൾക്കുക എന്നാണ്‌ അർഥം. (എന്നാൽ പ്രവൃ 22:9-ൽ ആ പദത്തിന്റെ വ്യാക​ര​ണ​രൂ​പം മറ്റൊ​ന്നാണ്‌. “സംസാ​രി​ച്ച​യാ​ളു​ടെ വാക്കുകൾ വ്യക്തമാ​യി കേട്ടില്ല” എന്നൊരു അർഥമാണ്‌ അവിടെ ആ പദത്തി​നു​ള്ളത്‌.) അതു​കൊണ്ട്‌ പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ എന്തോ ഒരു ശബ്ദം കേട്ടെ​ങ്കി​ലും അവർക്ക്‌ അതിലെ വാക്കുകൾ വ്യക്തമാ​കാ​ഞ്ഞ​തു​കൊണ്ട്‌ അതു മനസ്സി​ലാ​യി​ക്കാ​ണില്ല. ചുരു​ക്ക​ത്തിൽ, പൗലോസ്‌ കേട്ടതു​പോ​ലെയല്ല അവർ ആ ശബ്ദം കേട്ടത്‌.—പ്രവൃ 26:14; പ്രവൃ 22:9-ന്റെ പഠനക്കു​റി​പ്പു കാണുക.

നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടട്ടെ: അക്ഷ. “മുകളി​ലേക്കു നോക്കുക!” ഇവിടെ കാണുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അടിസ്ഥാ​നാർഥം “ഒരാ​ളെ​ക്കൊണ്ട്‌ മുകളി​ലേക്കു നോക്കി​ക്കുക” എന്നാ​ണെ​ങ്കി​ലും (മത്ത 14:19; ലൂക്ക 19:5) ഈ പദത്തിന്‌, ഒരാൾക്ക്‌ ആദ്യമാ​യി കാഴ്‌ച കിട്ടു​ന്ന​തി​നെ​യും (യോഹ 9:11, 15, 18) ഒരാൾക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടു​ന്ന​തി​നെ​യും (മർ 10:52; ലൂക്ക 18:42; പ്രവൃ 9:12) കുറി​ക്കാ​നാ​കും.

യേശു​വി​ന്റെ പേര്‌ വിളിച്ച്‌ നിന്റെ പാപങ്ങൾ കഴുകി​ക്ക​ള​യുക: ഒരാൾ സ്‌നാ​ന​മേൽക്കുന്ന ജലത്തിന്‌ അയാളു​ടെ പാപങ്ങൾ കഴുകി​ക്ക​ള​യാ​നാ​കില്ല. യേശു​വി​ന്റെ പേര്‌ വിളി​ക്കു​മ്പോ​ഴാണ്‌ അയാളു​ടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്നത്‌. യേശു​വിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തും ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളി​ലൂ​ടെ ആ വിശ്വാ​സം തെളി​യി​ക്കു​ന്ന​തും ആണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.—പ്രവൃ 10:43; യാക്ക 2:14, 18; റോമ 10:13-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാൻ സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി: ഇവിടെ “സ്വപ്‌നാ​വസ്ഥ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എക്‌സ്റ്റാ​സിസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ പ്രവൃ 10:10-ന്റെ പഠനക്കു​റി​പ്പു കാണുക. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷ​ക​ളിൽ (അനു. സി4-ൽ J13, 14, 17, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ കാണു​ന്നത്‌ “യഹോ​വ​യു​ടെ കൈ എന്റെ മേൽ ഉണ്ടായി​രു​ന്നു” എന്നാണ്‌. മറ്റൊരു പരിഭാ​ഷ​യിൽ (J18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) “യഹോ​വ​യു​ടെ ആത്മാവ്‌ എന്നെ പൊതി​ഞ്ഞു” എന്നും കാണുന്നു.

ഒരു സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി: ഇവിടെ എക്‌സ്റ്റാ​സിസ്‌ [എക്‌ (“വ്യത്യ​സ്‌ത​മാ​യി”) എന്നും സ്റ്റാസിസ്‌ (“നിൽക്കുന്ന”) എന്നും ഉള്ള രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌.] എന്ന ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. അത്ഭുത​വും അമ്പരപ്പും കാരണ​മോ ദൈവ​ത്തിൽനി​ന്നുള്ള ഒരു ദർശനം കണ്ടിട്ടോ ഒരാൾ പ്രത്യേ​ക​മാ​യൊ​രു മാനസി​കാ​വ​സ്ഥ​യി​ലാ​കു​ന്ന​തി​നെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ഇതേ ഗ്രീക്കു​പ​ദത്തെ “സന്തോ​ഷം​കൊണ്ട്‌ മതിമ​റന്നു” (മർ 5:42), ‘വിസ്‌മ​യി​ച്ചു’ (ലൂക്ക 5:26), “അമ്പരന്നു” (മർ 16:8) എന്നെല്ലാം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​മാ​യി ബന്ധപ്പെ​ടു​ത്തി​യാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്തരം സന്ദർഭ​ങ്ങ​ളിൽ പരിശു​ദ്ധാ​ത്മാവ്‌ ഒരാളു​ടെ മനസ്സി​ലേക്ക്‌ ഒരു ദർശന​മോ ദൈ​വോ​ദ്ദേ​ശ്യ​വു​മാ​യി ബന്ധപ്പെട്ട ഒരു ചിത്ര​മോ നൽകും. ആ സമയത്ത്‌ അയാൾ അങ്ങേയറ്റം ഏകാ​ഗ്ര​ത​യി​ലോ നിദ്രാ​സ​മാ​ന​മായ ഒരു അവസ്ഥയി​ലോ ആയിരി​ക്കും. ഇത്തരത്തിൽ ദർശനം കാണു​ന്ന​യാൾ ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ബോധ​വാ​നാ​യി​രി​ക്കില്ല.—പ്രവൃ 22:17-ന്റെ പഠനക്കു​റി​പ്പു കാണുക.

അങ്ങയുടെ സാക്ഷി: ഇവിടെ “സാക്ഷി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മാർട്ടുസ്‌ എന്ന ഗ്രീക്കു​പദം ഒരു പ്രവൃ​ത്തി​യോ സംഭവ​മോ നേരിൽ കണ്ട വ്യക്തി​യെ​യാ​ണു കുറി​ക്കു​ന്നത്‌. യേശു​വി​ന്റെ ജീവിതം, മരണം, പുനരു​ത്ഥാ​നം എന്നിവ​യു​മാ​യി ബന്ധപ്പെട്ട ചില ചരി​ത്ര​വ​സ്‌തു​ത​കൾക്കു ദൃക്‌സാ​ക്ഷി​ക​ളായ ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾ, അക്കാര്യ​ങ്ങൾ യഥാർഥ​ത്തിൽ സംഭവി​ച്ച​താ​ണെന്നു സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞു. (പ്രവൃ 1:21, 22; 10:40, 41) പിൽക്കാ​ലത്ത്‌ യേശു​വിൽ വിശ്വ​സി​ച്ച​വ​രാ​കട്ടെ യേശു​വി​ന്റെ ജീവിതം, മരണം, പുനരു​ത്ഥാ​നം എന്നിവ​യു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ അറിയി​ച്ചു​കൊ​ണ്ടാ​ണു യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞത്‌. (പ്രവൃ 22:15) യേശു​വി​നോ​ടു സംസാ​രി​ച്ച​പ്പോൾ പൗലോസ്‌ സ്‌തെ​ഫാ​നൊ​സി​നെ “അങ്ങയുടെ സാക്ഷി” എന്നു വിളി​ച്ചത്‌ ഈ അർഥത്തി​ലാണ്‌. കാരണം, സൻഹെ​ദ്രി​നു മുമ്പാകെ സ്‌തെ​ഫാ​നൊസ്‌ യേശു​വി​നെ​ക്കു​റിച്ച്‌ ശക്തമായ ഒരു സാക്ഷ്യം നൽകി​യി​രു​ന്നു. യേശു സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ നിൽക്കു​ന്ന​താ​യി (സങ്ക 110:1-ൽ ഇതു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.) ഒരു ദിവ്യ​ദർശ​ന​ത്തിൽ കണ്ടെന്ന്‌ ആദ്യമാ​യി സാക്ഷ്യ​പ്പെ​ടു​ത്തി​യ​തും സ്‌തെ​ഫാ​നൊ​സാണ്‌. (പ്രവൃ 7:55, 56) തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ സാക്ഷി പറയുന്ന ക്രിസ്‌ത്യാ​നി​കൾക്കു മിക്ക​പ്പോ​ഴും എതിർപ്പും അറസ്റ്റും അടിയും ചില​പ്പോ​ഴൊ​ക്കെ മരണം​പോ​ലും നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അതിന്‌ ഉദാഹ​ര​ണ​മാ​ണു സ്‌തെ​ഫാ​നൊ​സി​നെ​യും യാക്കോ​ബി​നെ​യും പോലുള്ള പലരും. പിന്നീട്‌ മാർട്ടുസ്‌ എന്ന ഗ്രീക്കു​പദം, “സ്വന്തം ജീവൻ ത്യജി​ച്ചു​കൊ​ണ്ടു​പോ​ലും സാക്ഷി പറയുന്ന ഒരാളെ, രക്തസാ​ക്ഷി​യെ” കുറി​ക്കാൻ ഉപയോ​ഗി​ച്ചു​തു​ടങ്ങി. മരി​ക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും വിശ്വാ​സം തള്ളിപ്പ​റ​യാത്ത ഒരാളാണ്‌ അത്‌. ഈ അർഥത്തിൽ, സ്‌തെ​ഫാ​നൊ​സി​നെ ആദ്യത്തെ ക്രിസ്‌തീയ രക്തസാക്ഷി എന്നു വിളി​ക്കാം. കാരണം, ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞതു​കൊ​ണ്ടാണ്‌ അദ്ദേഹം കൊല്ല​പ്പെ​ട്ടത്‌.പ്രവൃ 1:8-ന്റെ പഠനക്കു​റി​പ്പു കാണുക.

എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും: യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാ​രെ​ല്ലാം വിശ്വ​സ്‌ത​രായ ജൂതന്മാ​രാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ അപ്പോൾത്തന്നെ യഹോ​വ​യു​ടെ സാക്ഷികൾ ആയിരു​ന്നു. യഹോവ മാത്ര​മാ​ണു സത്യ​ദൈ​വ​മെന്ന്‌ അവർ സാക്ഷ്യ​പ്പെ​ടു​ത്തി. (യശ 43:10-12; 44:8) എന്നാൽ ഇപ്പോൾ അവർ യഹോ​വ​യു​ടെ മാത്രമല്ല യേശു​വി​ന്റെ​യും​കൂ​ടെ സാക്ഷി​ക​ളാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. മിശി​ഹൈ​ക​രാ​ജ്യ​ത്തി​ലൂ​ടെ യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ യേശു​വി​നു വലി​യൊ​രു പങ്കുണ്ടെന്ന കാര്യം അവർ എല്ലാവ​രെ​യും അറിയി​ക്കേ​ണ്ടി​യി​രു​ന്നു. പുതു​താ​യി ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്ന ഒന്നായി​രു​ന്നു ആ മിശി​ഹൈ​ക​രാ​ജ്യം. “സാക്ഷി” (മാർട്ടുസ്‌), “സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു” (മാർട്ടു​റേഓ), “സമഗ്ര​മാ​യി അറിയി​ക്കു​ന്നു” (ഡിയാ​മാർട്ടു​റോ​മായ്‌) എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ങ്ങ​ളും അവയോ​ടു ബന്ധപ്പെട്ട പദങ്ങളും, യോഹ​ന്നാ​ന്റെ സുവി​ശേഷം കഴിഞ്ഞാൽ ഏറ്റവും അധികം കാണു​ന്നത്‌ ഈ ബൈബിൾപു​സ്‌ത​ക​ത്തി​ലാണ്‌. (യോഹ 1:7-ന്റെ പഠനക്കു​റി​പ്പു കാണുക.) ദൈവ​രാ​ജ്യം, യേശു വഹിക്കുന്ന സുപ്ര​ധാ​ന​മായ പങ്ക്‌ എന്നിവ ഉൾപ്പെടെ ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമായ കാര്യങ്ങൾ ഒരു സാക്ഷി​യെന്ന നിലയിൽ സമഗ്ര​മാ​യി മറ്റുള്ള​വരെ അറിയി​ക്കുക എന്നൊരു കേന്ദ്ര​വി​ഷയം പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ ഉടനീളം കാണാം. (പ്രവൃ 2:32, 40; 3:15; 4:33; 5:32; 8:25; 10:39; 13:31; 18:5; 20:21, 24; 22:20; 23:11; 26:16; 28:23) യേശു​വി​ന്റെ ജീവിതം, മരണം, പുനരു​ത്ഥാ​നം എന്നിവ​യു​മാ​യി ബന്ധപ്പെട്ട ചില ചരി​ത്ര​വ​സ്‌തു​ത​കൾക്കു ദൃക്‌സാ​ക്ഷി​ക​ളായ ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾ, അക്കാര്യ​ങ്ങൾ യഥാർഥ​ത്തിൽ സംഭവി​ച്ച​താ​ണെന്നു സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞു. (പ്രവൃ 1:21, 22; 10:40, 41) പിൽക്കാ​ലത്ത്‌ യേശു​വിൽ വിശ്വ​സി​ച്ച​വ​രാ​കട്ടെ യേശു​വി​ന്റെ ജീവിതം, മരണം, പുനരു​ത്ഥാ​നം എന്നിവ​യു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ അറിയി​ച്ചു​കൊ​ണ്ടാണ്‌ യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞത്‌.—പ്രവൃ 22:15; യോഹ 18:37-ന്റെ പഠനക്കു​റി​പ്പു കാണുക.

സൈന്യാ​ധി​പൻ: ഖിലി​യാർഖോസ്‌ (സഹസ്രാ​ധി​പൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്‌, ആയിരം പടയാ​ളി​ക​ളു​ടെ) അധിപൻ” എന്നാണ്‌. അത്‌ ഒരു റോമൻ സൈന്യാ​ധി​പനെ കുറി​ക്കുന്ന പദപ്ര​യോ​ഗ​മാ​യി​രു​ന്നു. (യോഹ 18:12-ന്റെ പഠനക്കു​റി​പ്പു കാണുക.) ഏതാണ്ട്‌ എ.ഡി. 56-ൽ ക്ലൗദ്യൊസ്‌ ലുസി​യാസ്‌ ആയിരു​ന്നു യരുശ​ലേ​മി​ലെ കാവൽസേ​നാ​കേ​ന്ദ്ര​ത്തി​ന്റെ അധിപൻ. (പ്രവൃ 23:22, 26) പ്രവൃ​ത്തി​കൾ 21 മുതൽ 24 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ അദ്ദേഹ​മാ​ണു തെരു​വി​ലെ ജനക്കൂ​ട്ട​ത്തിൽനി​ന്നും സൻഹെ​ദ്രി​നി​ലു​ണ്ടായ ലഹളയിൽനി​ന്നും പൗലോ​സി​നെ സംരക്ഷി​ച്ചത്‌. ഇനി, പൗലോ​സി​നെ കൈസ​ര്യ​യി​ലേക്കു രഹസ്യ​മാ​യി കൊണ്ടു​പോ​യ​പ്പോൾ വസ്‌തു​തകൾ വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഗവർണ​റായ ഫേലി​ക്‌സി​നു കത്ത്‌ അയച്ചതും അദ്ദേഹ​മാ​യി​രു​ന്നു.

സൈന്യാ​ധി​പൻ: ഖിലി​യാർഖോസ്‌ (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്‌, ആയിരം പടയാ​ളി​ക​ളു​ടെ) അധിപൻ” എന്നാണ്‌. അത്‌ ഒരു റോമൻ സൈന്യാ​ധി​പനെ കുറി​ക്കുന്ന പദപ്ര​യോ​ഗ​മാ​യി​രു​ന്നു. ഒരു റോമൻ ലഗ്യോ​നിൽ അത്തരം ആറു സൈന്യാ​ധി​പ​ന്മാർ ഉണ്ടായി​രു​ന്നു. എന്നാൽ ഒരു റോമൻ ലഗ്യോ​നി​ലെ ആറു സൈനി​ക​ഗ​ണങ്ങൾ ഓരോ​ന്നും സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നു പകരം അവയിൽ ഓരോന്നിന്റെയും സൈന്യാ​ധി​പൻ ഊഴം​വെച്ച്‌ നിശ്ചി​ത​കാ​ല​ത്തേക്ക്‌ ഒരു ലഗ്യോ​നെ മുഴു​വ​നും നിയ​ന്ത്രി​ക്കു​ന്ന​താ​യി​രു​ന്നു രീതി. ഈ കാലയ​ളവ്‌ ആറു സൈന്യാ​ധി​പ​ന്മാർക്കും തുല്യ​മാ​യാ​ണു വീതി​ച്ചി​രു​ന്നത്‌. ഇത്തരം ഒരു സൈന്യാ​ധി​പന്‌, ശതാധി​പ​ന്മാ​രെ നാമനിർദേശം ചെയ്യു​ന്ന​തും നിയമി​ക്കു​ന്ന​തും പോലുള്ള വലിയ അധികാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇനി ഈ പദം, ഉന്നതപ​ദ​വി​യി​ലുള്ള മറ്റു സൈനി​കോ​ദ്യോ​ഗ​സ്ഥരെ കുറി​ക്കാ​നും പൊതു​വേ ഉപയോ​ഗി​ച്ചി​രു​ന്നു. യേശു​വി​നെ അറസ്റ്റ്‌ ചെയ്‌തു​കൊ​ണ്ടു​പോയ പടയാ​ളി​ക​ളോ​ടൊ​പ്പം ഒരു റോമൻ സൈന്യാ​ധി​പ​നു​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

സൈനി​കോ​ദ്യോ​ഗസ്ഥൻ: അഥവാ “ശതാധി​പൻ.” റോമൻ സൈന്യ​ത്തി​ലെ ഏകദേശം 100 പടയാ​ളി​ക​ളു​ടെ മേധാ​വി​യാ​യി​രു​ന്നു ശതാധി​പൻ.

ഒരു റോമാ​ക്കാ​രൻ: അതായത്‌, ഒരു റോമൻ പൗരൻ. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാ​ശങ്ങൾ പൗലോസ്‌ മൂന്നു സന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും ഉപയോ​ഗ​പ്പെ​ടു​ത്തി​യ​താ​യി രേഖയുണ്ട്‌. അതിൽ രണ്ടാമ​ത്തേ​താണ്‌ ഈ സംഭവം. സാധാ​ര​ണ​യാ​യി റോമൻ അധികാ​രി​കൾ ജൂതന്മാ​രു​ടെ കാര്യാ​ദി​ക​ളിൽ കാര്യ​മാ​യി ഇടപെ​ടാ​റി​ല്ലാ​യി​രു​ന്നു. എന്നാൽ റോമാ​ക്കാർ ഇവിടെ പൗലോ​സി​ന്റെ കാര്യ​ത്തിൽ ഇടപെ​ട്ടത്‌ അദ്ദേഹം ദേവാ​ല​യ​ത്തിൽ വന്നപ്പോൾ ഒരു ലഹളയു​ണ്ടാ​യ​തു​കൊണ്ട്‌ മാത്രമല്ല, അദ്ദേഹം ഒരു റോമൻ പൗരനാ​യി​രു​ന്ന​തു​കൊ​ണ്ടും​കൂ​ടി​യാണ്‌. റോമാ​സാ​മ്രാ​ജ്യ​ത്തിൽ എവി​ടെ​പ്പോ​യാ​ലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാ​ശ​ങ്ങ​ളും ആനുകൂ​ല്യ​ങ്ങ​ളും ഒക്കെ ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കുറ്റം തെളി​യി​ക്ക​പ്പെ​ടാ​തെ ഒരു റോമാ​ക്കാ​രനെ പിടി​ച്ചു​കെ​ട്ടു​ന്ന​തും അടിക്കു​ന്ന​തും നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നു. അടിമ​ക​ളോ​ടു മാത്ര​മാ​ണു പൊതു​വേ ആ രീതി​യിൽ പെരു​മാ​റി​യി​രു​ന്നത്‌.—മറ്റു രണ്ടു സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ പ്രവൃ 16:37; 25:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

റോമാ​ക്കാ​രായ ഞങ്ങൾ: അവർ റോമൻ പൗരന്മാ​രാണ്‌ എന്നാണ്‌ ഈ വാക്കുകൾ സൂചി​പ്പി​ച്ചത്‌. പൗലോ​സും സാധ്യ​ത​യ​നു​സ​രിച്ച്‌ ശീലാ​സും റോമൻ പൗരന്മാ​രാ​യി​രു​ന്നു. ഒരു റോമൻ പൗരന്‌ എപ്പോ​ഴും ന്യായ​മായ വിചാരണ ലഭിക്കാൻ അർഹത​യു​ണ്ടെ​ന്നും അയാളു​ടെ കുറ്റം തെളി​യി​ക്ക​പ്പെ​ടാ​തെ അയാളെ ഒരിക്ക​ലും പരസ്യ​മാ​യി ശിക്ഷി​ക്ക​രു​തെ​ന്നും റോമൻ നിയമം വ്യവസ്ഥ ചെയ്‌തി​രു​ന്നു. റോമാ​സാ​മ്രാ​ജ്യ​ത്തിൽ എവി​ടെ​പ്പോ​യാ​ലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാ​ശ​ങ്ങ​ളും ആനുകൂ​ല്യ​ങ്ങ​ളും ഒക്കെ ഉണ്ടായി​രു​ന്നു. ആ സാമ്രാ​ജ്യ​ത്തി​ലെ ഓരോ സംസ്ഥാ​ന​ത്തി​ലെ​യും നഗരങ്ങൾക്ക്‌ അവയു​ടേ​തായ നിയമ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒരു റോമൻ പൗരൻ എപ്പോ​ഴും റോമൻ നിയമ​ത്തി​ന്റെ കീഴി​ലാ​യി​രു​ന്നു. തനിക്ക്‌ എതിരെ ഒരു ആരോ​പ​ണ​മു​ണ്ടാ​യാൽ, പ്രാ​ദേ​ശി​ക​നി​യ​മ​മ​നു​സ​രി​ച്ചുള്ള വിചാ​ര​ണ​യ്‌ക്കു വിധേ​യ​നാ​ക​ണോ വേണ്ടയോ എന്ന്‌ അയാൾക്കു തീരു​മാ​നി​ക്കാ​മാ​യി​രു​ന്നു. അങ്ങനെ വിചാരണ ചെയ്യ​പ്പെ​ട്ടാൽപ്പോ​ലും അയാൾക്ക്‌ ഒരു റോമൻ കോട​തി​യെ സമീപി​ക്കാ​നുള്ള അവകാ​ശ​മു​ണ്ടാ​യി​രു​ന്നു. വധശിക്ഷ കിട്ടി​യേ​ക്കാ​വുന്ന കേസു​ക​ളിൽ അയാൾക്കു വേണ​മെ​ങ്കിൽ റോമൻ ചക്രവർത്തി​യു​ടെ മുമ്പാകെ അപ്പീലി​നു പോകാ​നും അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു. റോമൻ സാമ്രാ​ജ്യ​ത്തിൽ അങ്ങോ​ള​മി​ങ്ങോ​ളം പ്രസം​ഗ​പ്ര​വർത്തനം നടത്തിയ ആളായി​രു​ന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാ​ശങ്ങൾ പൗലോസ്‌ മൂന്നു സന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും ഉപയോ​ഗ​പ്പെ​ടു​ത്തി​യ​താ​യി രേഖയുണ്ട്‌. അതിൽ ആദ്യ​ത്തേ​താ​ണു ഫിലി​പ്പി​യിൽവെച്ച്‌ നടന്ന ഈ സംഭവം. തന്നെ അടിപ്പി​ച്ച​തി​ലൂ​ടെ ഫിലി​പ്പി​യി​ലെ മജിസ്‌​റ്റ്രേ​ട്ടു​മാർ തന്റെ അവകാ​ശ​ങ്ങ​ളിൽ കൈ കടത്തി​യെന്ന്‌ അവരെ അറിയി​ച്ചു​കൊണ്ട്‌ ആ സന്ദർഭ​ത്തിൽ പൗലോസ്‌ തന്റെ അവകാശം ഉപയോ​ഗി​ച്ചു.—മറ്റു രണ്ടു സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ പ്രവൃ 22:25; 25:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഞാൻ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ആഗ്രഹി​ക്കു​ന്നു!: ബൈബിൾ രേഖക​ള​നു​സ​രിച്ച്‌, ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാ​ശങ്ങൾ പൗലോസ്‌ ഉപയോ​ഗ​പ്പെ​ടു​ത്തുന്ന മൂന്നാ​മത്തെ സന്ദർഭ​മാണ്‌ ഇത്‌. (മറ്റു രണ്ടു സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ പ്രവൃ 16:37; 22:25 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) തനി​ക്കെ​തി​രെ​യുള്ള വിധി വന്നശേ​ഷ​മോ വിചാ​ര​ണ​യ്‌ക്കി​ട​യിൽത്ത​ന്നെ​യോ ഒരാൾക്കു സീസറിന്‌ അപ്പീൽ നൽകാ​മാ​യി​രു​ന്നു. പൗലോ​സി​ന്റെ കാര്യ​ത്തിൽ ഒറ്റയ്‌ക്കു തീരു​മാ​ന​മെ​ടു​ക്കാൻ താത്‌പ​ര്യ​മി​ല്ലെ​ന്നും യരുശ​ലേ​മിൽവെച്ച്‌ വിചാരണ നടത്താ​മെ​ന്നും ഫെസ്‌തൊസ്‌ സൂചി​പ്പി​ക്കു​ന്നുണ്ട്‌. എന്നാൽ അവി​ടെ​വെച്ച്‌ നീതി ലഭിക്കാൻ ഒരു സാധ്യ​ത​യു​മി​ല്ലാ​ഞ്ഞ​തു​കൊ​ണ്ടാണ്‌ പൗലോസ്‌ റോമൻ സാമ്രാ​ജ്യ​ത്തി​ലെ പരമോ​ന്ന​ത​കോ​ട​തി​യിൽ വിചാ​ര​ണ​യ്‌ക്കാ​യി അപ്പീൽ നൽകി​യത്‌. പക്ഷേ ഇത്തരം അപ്പീലു​കൾ തള്ളിക്ക​ള​യുന്ന കേസു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു കള്ളനെ​യോ കടൽക്കൊ​ള്ള​ക്കാ​ര​നെ​യോ കലാപം ഇളക്കി​വി​ടു​ന്ന​വ​നെ​യോ ഒക്കെ കൈ​യോ​ടെ പിടി​കൂ​ടി​യാൽ അവർക്ക്‌ അപ്പീൽ നൽകാ​നാ​കി​ല്ലാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു​കൊ​ണ്ടാ​യി​രി​ക്കാം പൗലോ​സി​ന്റെ അപ്പീലിന്‌ അനുമതി നൽകു​ന്ന​തി​നു മുമ്പ്‌ ഫെസ്‌തൊസ്‌ “ഉപദേ​ശ​ക​സ​മി​തി​യു​മാ​യി” കൂടി​യാ​ലോ​ചി​ച്ചത്‌. (പ്രവൃ 25:12) പിന്നീട്‌, ഹെരോദ്‌ അഗ്രിപ്പ രണ്ടാമൻ കൈസര്യ സന്ദർശി​ച്ച​പ്പോൾ ഫെസ്‌തൊസ്‌ പൗലോ​സി​നെ വീണ്ടും വിചാരണ ചെയ്‌തു. ‘ചക്രവർത്തി​യായ’ നീറോ​യ്‌ക്കു പൗലോ​സി​ന്റെ കേസ്‌ കൈമാ​റു​മ്പോൾ ഉൾപ്പെ​ടു​ത്തേണ്ട കൂടു​ത​ലായ വിശദാം​ശങ്ങൾ ലഭിക്കാ​നാ​യി​രു​ന്നു അത്‌. (പ്രവൃ 25:12-27; 26:32; 28:19) ഇനി, അപ്പീൽ നൽകി​യ​തു​കൊണ്ട്‌ പൗലോ​സി​നു തന്റെ ആഗ്രഹം​പോ​ലെ​തന്നെ റോമിൽ എത്താനുള്ള വഴിയു​മൊ​രു​ങ്ങി. (പ്രവൃ 19:21) യേശു പൗലോ​സി​നു കൊടുത്ത പ്രാവ​ച​നിക ഉറപ്പും പിന്നീട്‌ ഒരു ദൈവ​ദൂ​ത​നി​ലൂ​ടെ അദ്ദേഹ​ത്തി​നു ലഭിച്ച സന്ദേശ​വും സൂചി​പ്പി​ക്കു​ന്നത്‌ ഇതി​ന്റെ​യെ​ല്ലാം പിന്നിൽ ദൈവ​ത്തി​ന്റെ കരങ്ങളു​ണ്ടാ​യി​രു​ന്നു എന്നാണ്‌.—പ്രവൃ 23:11; 27:23, 24.

തുക കൊടു​ത്തി​ട്ടാണ്‌ . . . പൗരത്വം നേടി​യത്‌: അഥവാ “തുക കൊടു​ത്തി​ട്ടാണ്‌ . . . പൗരന്റെ അവകാ​ശങ്ങൾ നേടി​യെ​ടു​ത്തത്‌.” ചില സാഹച​ര്യ​ങ്ങ​ളിൽ വലി​യൊ​രു തുക കൊടു​ത്തും റോമൻ പൗരത്വം നേടാ​മാ​യി​രു​ന്നെന്ന്‌ ഈ വിവരണം കാണി​ക്കു​ന്നു. എന്നാൽ താൻ ജനിച്ച​തു​തന്നെ റോമൻ പൗരനാ​യി​ട്ടാ​ണെന്നു പൗലോസ്‌, ക്ലൗദ്യൊസ്‌ ലുസി​യാ​സി​നോ​ടു പറയു​ന്ന​താ​യി കാണാം. അതു സൂചി​പ്പി​ക്കു​ന്നതു പൗലോ​സി​ന്റെ ഒരു പൂർവി​കൻ ഈ പൗരത്വം നേടി​യെ​ടു​ത്തി​രു​ന്നി​രി​ക്കാം എന്നാണ്‌. റോമൻ പൗരത്വം ലഭിക്കാൻ മറ്റു വഴിക​ളു​മു​ണ്ടാ​യി​രു​ന്നു. ചില​പ്പോൾ റോമൻ ചക്രവർത്തി​തന്നെ ഒരു സമ്മാന​മാ​യി അതു നൽകി​യി​രു​ന്നു. വ്യക്തി​കൾക്കോ ഒരു നഗരത്തി​ലെ​യോ ജില്ലയി​ലെ​യോ സ്വത​ന്ത്ര​രായ മുഴുവൻ ആളുകൾക്കു​പോ​ലു​മോ ഇത്തരത്തിൽ ചക്രവർത്തി​യിൽനിന്ന്‌ പൗരത്വം ലഭിച്ചി​ട്ടുണ്ട്‌. ഇനി, ഒരു റോമൻ പൗരനിൽനിന്ന്‌ സ്വത​ന്ത്ര​നാ​ക്ക​പ്പെ​ടു​ക​യോ അയാളിൽനിന്ന്‌ സ്വാത​ന്ത്ര്യം പണം കൊടുത്ത്‌ വാങ്ങു​ക​യോ ചെയ്‌ത അടിമ​കൾക്കും റോമൻ പൗരത്വം ലഭിക്കു​മാ​യി​രു​ന്നു. കുറെ കാലം റോമൻ സൈന്യ​ത്തിൽ സേവിച്ച അന്യനാ​ട്ടു​കാ​രായ പടയാ​ളി​കൾക്കും വിരമി​ക്കു​മ്പോൾ റോമൻ പൗരത്വം നൽകി​യി​രു​ന്നു. പാരമ്പ​ര്യ​മാ​യും ഒരാൾക്ക്‌ ഈ പൗരത്വം ലഭിക്കു​മാ​യി​രു​ന്നു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ, റോമൻ പൗരത്വ​മുള്ള അധികം ആളുകൾ യഹൂദ്യ​യിൽ ഉണ്ടായി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യില്ല. എല്ലാ റോമൻ സംസ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള​വർക്ക്‌ ഈ പൗരത്വം നൽകാൻ തീരു​മാ​നി​ച്ചത്‌ എ.ഡി. മൂന്നാം നൂറ്റാ​ണ്ടി​ലാണ്‌.

ദൃശ്യാവിഷ്കാരം

ശൗലും ദമസ്‌കൊസും
ശൗലും ദമസ്‌കൊസും

എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ ദമസ്‌കൊസ്‌ നഗരം ഏതാണ്ട്‌ ഈ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. ഒരു പ്രധാന വാണി​ജ്യ​കേ​ന്ദ്ര​മാ​യി​രു​ന്നു അത്‌. അടുത്തുള്ള ബെരാദാ നദിയിൽനിന്ന്‌ (2രാജ 5:12-ലെ അബാന നദിയാണ്‌ ഇത്‌.) വെള്ളം ലഭിച്ചി​രു​ന്ന​തു​കൊണ്ട്‌ നഗരത്തി​നു ചുറ്റു​മുള്ള ഭാഗം സമീപ​പ്ര​ദേ​ശ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ ഒരു മരുപ്പ​ച്ച​പോ​ലെ​യാ​യി​രു​ന്നു. ധാരാളം സിന​ഗോ​ഗു​ക​ളുള്ള ഒരു സ്ഥലമാ​യി​രു​ന്നു ദമസ്‌കൊസ്‌. ശൗൽ ആ നഗരത്തി​ലേക്കു വന്നതു ‘മാർഗ​ക്കാർ’ എന്നും അറിയ​പ്പെ​ട്ടി​രുന്ന ക്രിസ്‌തു​ശി​ഷ്യ​രിൽ ആരെ​യെ​ങ്കി​ലും കണ്ടാൽ അറസ്റ്റ്‌ ചെയ്യാ​നാ​യി​രു​ന്നു. (പ്രവൃ 9:2; 19:9, 23; 22:4; 24:22) എന്നാൽ അദ്ദേഹം ദമസ്‌കൊ​സി​ലേക്കു പോകു​മ്പോൾ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു അദ്ദേഹ​ത്തി​നു പ്രത്യ​ക്ഷ​നാ​യി. തുടർന്ന്‌ കുറച്ച്‌ നാൾ അദ്ദേഹം ദമസ്‌കൊ​സി​ലെ നേർവീ​ഥി എന്ന തെരു​വി​ലുള്ള യൂദാ​സി​ന്റെ വീട്ടിൽ താമസി​ച്ചു. (പ്രവൃ 9:11) അങ്ങനെ​യി​രി​ക്കെ യേശു ഒരു ദർശന​ത്തിൽ തന്റെ ശിഷ്യ​നായ അനന്യാ​സി​നോട്‌, ആ വീട്ടിൽ ചെന്ന്‌ ശൗലിന്റെ കാഴ്‌ച തിരികെ കൊടു​ക്കാൻ ആവശ്യ​പ്പെട്ടു. പിന്നീട്‌ ശൗൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. അങ്ങനെ, ജൂത​ക്രി​സ്‌ത്യാ​നി​കളെ അറസ്റ്റ്‌ ചെയ്യാൻ ചെന്ന ശൗൽ അവരിൽ ഒരാളാ​യി​ത്തീർന്നു. മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​യി ജീവിതം ഉഴിഞ്ഞു​വെച്ച അദ്ദേഹം ആ പ്രവർത്ത​ന​ത്തി​നു തുടക്കം കുറി​ച്ചതു ദമസ്‌കൊ​സി​ലെ സിന​ഗോ​ഗു​ക​ളി​ലാണ്‌. അറേബ്യ​യി​ലേക്കു പോയിട്ട്‌ ദമസ്‌കൊ​സിൽ തിരികെ എത്തിയ ശൗൽ എ.ഡി. 36-ഓടെ യരുശ​ലേ​മി​ലേക്കു മടങ്ങി​യി​രി​ക്കാം.—പ്രവൃ 9:1-6, 19-22; ഗല 1:16, 17.

എ. ദമസ്‌കൊസ്‌

1. യരുശ​ലേ​മി​ലേ​ക്കുള്ള വഴി

2. നേർവീ​ഥി എന്ന തെരുവ്‌

3. ചന്തസ്ഥലം

4. ജൂപ്പി​റ്റ​റി​ന്റെ ക്ഷേത്രം

5. പ്രദർശ​ന​ശാ​ല

6. സംഗീ​ത​പ​രി​പാ​ടി​കൾക്കുള്ള വേദി (?)

ബി. യരുശലേം

സൻഹെ​ദ്രിൻ
സൻഹെ​ദ്രിൻ

മഹാസൻഹെ​ദ്രിൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യിൽ 71 അംഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മി​ലാ​യി​രു​ന്നു അത്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.) അതിലെ ഇരിപ്പി​ടങ്ങൾ അർധവൃ​ത്താ​കൃ​തി​യിൽ, മൂന്നു നിരയാ​യി​ട്ടാ​ണു ക്രമീ​ക​രി​ച്ചി​രു​ന്നത്‌ എന്നു മിഷ്‌ന പറയുന്നു. കോട​തി​വി​ധി​കൾ രേഖ​പ്പെ​ടു​ത്താൻ രണ്ടു ശാസ്‌ത്രി​മാ​രും കാണും. ഒന്നാം നൂറ്റാ​ണ്ടി​ലെ സൻഹെ​ദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടി​ട​ത്തി​ന്റെ (യരുശ​ലേ​മിൽനിന്ന്‌ കണ്ടെടു​ത്തത്‌) വാസ്‌തു​ശൈലി അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്ര​ത്തി​ലെ ചില ഭാഗങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.—അനുബന്ധം ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.

1. മഹാപു​രോ​ഹി​തൻ

2. സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ

3. പ്രതി

4. ഗുമസ്‌തന്മാർ