അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 26:1-32

26  അഗ്രിപ്പ+ പൗലോ​സി​നോട്‌, “പറയൂ, എന്താണു നിനക്കു പറയാ​നു​ള്ളത്‌” എന്നു ചോദി​ച്ചു. അപ്പോൾ പൗലോസ്‌ കൈ നീട്ടി​ക്കൊണ്ട്‌ പ്രതി​വാ​ദം ആരംഭി​ച്ചു: 2  “അഗ്രിപ്പ രാജാവേ, ജൂതന്മാർ എനിക്ക്‌ എതിരെ കൊണ്ടു​വ​ന്നി​രി​ക്കുന്ന ആരോപണങ്ങൾക്കെല്ലാം+ അങ്ങയുടെ മുന്നിൽ നിന്ന്‌ മറുപടി നൽകാൻ അവസരം കിട്ടി​യ​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌. 3  ജൂതന്മാ​രു​ടെ എല്ലാ ആചാര​ങ്ങ​ളെ​യും അവർക്കി​ട​യി​ലെ തർക്കങ്ങ​ളെ​യും കുറിച്ച്‌ നല്ല അറിവുള്ള ആളാണ്‌ അങ്ങ്‌. അതു​കൊണ്ട്‌ എനിക്കു പറയാ​നു​ള്ളതു ക്ഷമയോ​ടെ കേൾക്ക​ണ​മെന്നു ഞാൻ അപേക്ഷി​ക്കു​ന്നു. 4  “ചെറു​പ്പം​മു​തൽ എന്റെ ജനത്തിന്‌ ഇടയി​ലും യരുശ​ലേ​മി​ലും ഞാൻ ജീവി​ച്ചത്‌ എങ്ങനെയാണെന്ന്‌+ 5  എന്നെ പരിച​യ​മുള്ള ജൂതന്മാർക്കെ​ല്ലാം അറിയാം. മനസ്സു​ണ്ടെ​ങ്കിൽ അവർ എനിക്കു​വേണ്ടി സാക്ഷി പറയട്ടെ. ഞങ്ങളുടെ മതത്തിൽ ഏറ്റവു​മ​ധി​കം നിഷ്‌ഠ പുലർത്തുന്ന+ വിഭാ​ഗ​മായ പരീശ​ന്മാ​രിൽപ്പെ​ട്ട​വ​നാ​യി​രു​ന്നു ഞാൻ.+ 6  എന്നാൽ ദൈവം ഞങ്ങളുടെ പൂർവി​ക​രോ​ടു ചെയ്‌ത വാഗ്‌ദാനത്തിൽ+ പ്രത്യാശ വെച്ചതി​ന്റെ പേരി​ലാണ്‌ എന്നെ ഇപ്പോൾ വിചാരണ ചെയ്യു​ന്നത്‌. 7  ഇതേ വാഗ്‌ദാ​നം നിറ​വേ​റു​ന്നതു കാണാ​മെന്ന പ്രത്യാ​ശ​യോ​ടെ​യാ​ണു ഞങ്ങളുടെ 12 ഗോ​ത്രങ്ങൾ രാവും പകലും ഉത്സാഹ​ത്തോ​ടെ ദൈവത്തെ സേവി​ക്കു​ന്നത്‌. ഈ പ്രത്യാശ കാരണ​മാ​ണു രാജാവേ, ജൂതന്മാർ എനിക്ക്‌ എതിരെ ആരോ​പ​ണങ്ങൾ ഉന്നയി​ക്കു​ന്നത്‌.+ 8  “ദൈവം മരിച്ച​വരെ ഉയിർപ്പി​ക്കു​ന്നു എന്ന കാര്യം നിങ്ങൾക്കു വിശ്വ​സി​ക്കാൻ പറ്റാത്തത്‌ എന്തു​കൊ​ണ്ടാണ്‌? 9  നസറെ​ത്തു​കാ​ര​നായ യേശു​വി​ന്റെ പേരിന്‌ എതിരാ​യി പലതും ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ ഉറച്ച്‌ വിശ്വ​സിച്ച ഒരാളാ​ണു ഞാൻ. 10  അതുത​ന്നെ​യാ​ണു ഞാൻ യരുശ​ലേ​മിൽ ചെയ്‌ത​തും. മുഖ്യ​പു​രോ​ഹി​ത​ന്മാ​രിൽനിന്ന്‌ അധികാ​രം ലഭിച്ചതിനാൽ+ വിശു​ദ്ധ​രിൽ പലരെ​യും ഞാൻ ജയിലി​ലാ​ക്കി,+ അവർക്കു മരണശിക്ഷ നൽകു​ന്ന​തി​നെ ഞാൻ അനുകൂ​ലി​ച്ചു. 11  ഞാൻ പലപ്പോ​ഴും സിന​ഗോ​ഗു​ക​ളി​ലെ​ല്ലാം ചെന്ന്‌ അവരെ ശിക്ഷി​ക്കു​ക​യും വിശ്വാ​സം തള്ളിപ്പ​റ​യാൻ നിർബ​ന്ധി​ക്കു​ക​യും ചെയ്‌തു. അവരോ​ടുള്ള കടുത്ത ദേഷ്യം കാരണം അവരെ ഉപദ്ര​വി​ക്കാൻ ഞാൻ ദൂരെ​യുള്ള നഗരങ്ങൾവരെ പോയി. 12  “അങ്ങനെ​യി​രി​ക്കെ, ഒരിക്കൽ ഞാൻ മുഖ്യ​പു​രോ​ഹി​ത​ന്മാ​രിൽനിന്ന്‌ അനുമ​തി​യും അധികാ​ര​വും വാങ്ങി ദമസ്‌കൊ​സി​ലേക്കു പോകു​ക​യാ​യി​രു​ന്നു. 13  അപ്പോൾ രാജാവേ, വഴിയിൽവെച്ച്‌ നട്ടുച്ച​നേ​രത്ത്‌ സൂര്യ​പ്ര​കാ​ശ​ത്തെ​യും വെല്ലുന്ന ഒരു വെളിച്ചം ആകാശ​ത്തു​നിന്ന്‌ എന്റെയും എന്റെകൂ​ടെ യാത്ര ചെയ്‌തി​രു​ന്ന​വ​രു​ടെ​യും ചുറ്റും മിന്നു​ന്നതു ഞാൻ കണ്ടു.+ 14  ഞങ്ങൾ എല്ലാവ​രും നിലത്ത്‌ വീണു​പോ​യി. അപ്പോൾ, ‘ശൗലേ, ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌? മുടി​ങ്കോ​ലിൽ തൊഴി​ക്കു​ന്നതു നിനക്കു ദോഷം ചെയ്യും’ എന്ന്‌ എബ്രായ ഭാഷയിൽ ഒരു ശബ്ദം എന്നോടു പറഞ്ഞു. 15  ‘പ്രഭോ, അങ്ങ്‌ ആരാണ്‌’ എന്നു ഞാൻ ചോദി​ച്ച​പ്പോൾ കർത്താവ്‌ എന്നോടു പറഞ്ഞു: ‘നീ ഉപദ്ര​വി​ക്കുന്ന യേശു​വാ​ണു ഞാൻ. 16  എഴു​ന്നേൽക്കൂ! എന്റെ ഒരു ദാസനും സാക്ഷി​യും ആയി നിന്നെ തിര​ഞ്ഞെ​ടു​ക്കാ​നാ​ണു ഞാൻ നിനക്കു പ്രത്യ​ക്ഷ​നാ​യത്‌. നീ കണ്ട കാര്യ​ങ്ങ​ളും എന്നെക്കു​റിച്ച്‌ ഞാൻ കാണി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളും നീ എല്ലാവ​രെ​യും അറിയി​ക്കണം.+ 17  ഈ ജനത്തി​ന്റെ​യും മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​യും അടു​ത്തേക്കു ഞാൻ നിന്നെ അയയ്‌ക്കാൻപോ​കു​ക​യാണ്‌.+ അവരുടെ കൈയിൽനിന്ന്‌ ഞാൻ നിന്നെ രക്ഷപ്പെ​ടു​ത്തും. 18  അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്‌+ വെളിച്ചത്തിലേക്കു+ കൊണ്ടു​വ​രാ​നും സാത്താന്റെ അധികാരത്തിൽനിന്ന്‌+ ദൈവ​ത്തി​ലേക്കു തിരി​ക്കാ​നും ആണ്‌ നിന്നെ അയയ്‌ക്കു​ന്നത്‌. അങ്ങനെ എന്നിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ അവർക്കു പാപ​മോ​ചനം ലഭിക്കുകയും+ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വർക്കി​ട​യിൽ അവർക്ക്‌ ഒരു അവകാശം കിട്ടു​ക​യും ചെയ്യും.’ 19  “അഗ്രിപ്പ രാജാവേ, സ്വർഗ​ത്തിൽനിന്ന്‌ ലഭിച്ച ആ ദർശന​ത്തോ​ടു ഞാൻ അനുസ​ര​ണ​ക്കേടു കാണി​ച്ചില്ല. 20  മാനസാ​ന്ത​ര​പ്പെ​ട​ണ​മെ​ന്നും മാനസാ​ന്ത​ര​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ലേക്കു തിരിയണമെന്നും+ ഉള്ള സന്ദേശം ഞാൻ ആദ്യം ദമസ്‌കൊസിലുള്ളവരോടും+ പിന്നെ യരുശലേമിലുള്ളവരോടും+ യഹൂദ്യ ദേശ​മെ​ങ്ങു​മു​ള്ള​വ​രോ​ടും തുടർന്ന്‌ മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും അറിയി​ച്ചു. 21  അതു​കൊ​ണ്ടാണ്‌ ജൂതന്മാർ ദേവാ​ല​യ​ത്തിൽവെച്ച്‌ എന്നെ പിടി​കൂ​ടി കൊല്ലാൻ ശ്രമി​ച്ചത്‌.+ 22  എന്നാൽ ഈ ദിവസം​വരെ ദൈവ​ത്തി​ന്റെ സഹായ​ത്താൽ, ചെറി​യ​വ​രെ​ന്നോ വലിയ​വ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ എല്ലാവ​രോ​ടും ഞാൻ സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ്രവാ​ച​ക​ന്മാ​രും മോശ​യും മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങളല്ലാതെ+ മറ്റൊ​ന്നും ഞാൻ പറയു​ന്നില്ല. 23  ക്രിസ്‌തു കഷ്ടതകൾ സഹിക്കുമെന്നും+ മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേൽക്കുന്ന ആദ്യത്തെ ആളായിരിക്കുമെന്നും*+ ഈ ജനത്തോ​ടും മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ പ്രഖ്യാ​പി​ക്കു​മെ​ന്നും അവർ പറഞ്ഞി​രു​ന്നു.”+ 24  പൗലോസ്‌ ഇങ്ങനെ സ്വന്തം ഭാഗം വാദി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഫെസ്‌തൊസ്‌ വിളി​ച്ചു​പ​റഞ്ഞു: “പൗലോ​സേ, നിനക്കു ഭ്രാന്താണ്‌! അറിവ്‌ കൂടി​പ്പോ​യി​ട്ടു നിനക്കു ഭ്രാന്തു പിടി​ച്ചി​രി​ക്കു​ന്നു!” 25  അപ്പോൾ പൗലോസ്‌ പറഞ്ഞു: “അഭിവ​ന്ദ്യ​നായ ഫെസ്‌തൊ​സേ, എനിക്കു ഭ്രാന്തില്ല. സുബോ​ധ​ത്തോ​ടെ​യാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌. ഞാൻ പറയു​ന്നതു മുഴുവൻ സത്യമാണ്‌. 26  രാജാ​വി​നു കാര്യങ്ങൾ നന്നായി അറിയാ​വു​ന്ന​തു​കൊ​ണ്ടാ​ണു ഞാൻ അദ്ദേഹ​ത്തോട്‌ ഇത്ര സ്വാത​ന്ത്ര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നത്‌. ഇവയിൽ ഒന്നു​പോ​ലും അദ്ദേഹ​ത്തി​ന്റെ ശ്രദ്ധയിൽപ്പെ​ടാ​തെ​പോ​യി​ട്ടി​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. ഒരു ഒഴിഞ്ഞ കോണിൽ രഹസ്യ​മാ​യി നടന്ന കാര്യ​ങ്ങളല്ല ഇവയൊ​ന്നും.+ 27  അഗ്രിപ്പ രാജാവേ, അങ്ങ്‌ പ്രവാ​ച​ക​ന്മാ​രിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ഉണ്ടെന്ന്‌ എനിക്ക്‌ അറിയാം.” 28  അപ്പോൾ അഗ്രിപ്പ പൗലോ​സി​നോട്‌, “അൽപ്പസ​മ​യം​കൊണ്ട്‌ നീ എന്നെ ഒരു ക്രിസ്‌ത്യാ​നി​യാ​ക്കു​മ​ല്ലോ” എന്നു പറഞ്ഞു. 29  പൗലോസ്‌ പറഞ്ഞു: “അങ്ങ്‌ മാത്രമല്ല, ഇപ്പോൾ എന്റെ സംസാരം ശ്രദ്ധി​ക്കുന്ന എല്ലാവ​രും, അൽപ്പസ​മ​യം​കൊ​ണ്ടോ അധിക​സ​മ​യം​കൊ​ണ്ടോ, ഈ ചങ്ങലയു​ടെ കാര്യ​ത്തിൽ ഒഴികെ എന്നെ​പ്പോ​ലെ​യാ​കണം എന്നാണു ദൈവ​ത്തോ​ടുള്ള എന്റെ പ്രാർഥന.” 30  രാജാ​വും ഗവർണ​റും ബർന്നീ​ക്ക​യും അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും എഴു​ന്നേറ്റു. 31  അവർ അവി​ടെ​നിന്ന്‌ പോകു​മ്പോൾ, “മരണശി​ക്ഷ​യോ ജയിൽശി​ക്ഷ​യോ അർഹി​ക്കു​ന്ന​തൊ​ന്നും ഈ മനുഷ്യൻ ചെയ്‌തി​ട്ടില്ല”+ എന്നു തമ്മിൽ പറഞ്ഞു. 32  “സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ അപേക്ഷി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇയാളെ ഇപ്പോൾ വിട്ടയ​യ്‌ക്കാ​മാ​യി​രു​ന്നു” എന്ന്‌ അഗ്രിപ്പ ഫെസ്‌തൊ​സി​നോ​ടു പറഞ്ഞു.+

അടിക്കുറിപ്പുകള്‍

അക്ഷ. “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ ഒന്നാമ​നാ​യി​രി​ക്കു​മെ​ന്നും.”

പഠനക്കുറിപ്പുകൾ

ഞങ്ങളുടെ മതത്തിൽ . . . വിഭാഗം: അഥവാ “ഞങ്ങളുടെ ആരാധ​നാ​രീ​തി​യിൽ . . . വിഭാഗം.”—പ്രവൃ 24:5-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവത്തെ സേവി​ക്കു​ന്നത്‌: ഇവിടെ കാണുന്ന ലാറ്റ്രി​യോ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അടിസ്ഥാ​നാർഥം “സേവി​ക്കുക” എന്നാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ഈ പദം, ദൈവ​ത്തി​നാ​യി ചെയ്യുന്ന സേവന​ത്തെ​യോ ദൈവ​ത്തി​ന്റെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട സേവന​ങ്ങ​ളെ​യോ കുറി​ക്കാ​നാ​ണു പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കു​റിപ്പ്‌; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലോ ദേവാ​ല​യ​ത്തി​ലോ ആരാധന അർപ്പി​ക്കു​ന്ന​തും വിശു​ദ്ധ​സേ​വനം ചെയ്യു​ന്ന​തും ഇതിൽ ഉൾപ്പെ​ടും (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). അതു​കൊ​ണ്ടു​തന്നെ ചില വാക്യ​ങ്ങ​ളിൽ ഈ പദത്തെ “ആരാധി​ക്കുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. ചില സന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും വ്യാജാ​രാ​ധ​ന​യോ​ടു ബന്ധപ്പെ​ട്ടും ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. അവിട​ങ്ങ​ളിൽ ഇതു കുറി​ക്കു​ന്നത്‌, സ്രഷ്ടാ​വി​നു പകരം സൃഷ്ടി​കൾക്കു സേവനം ചെയ്യു​ന്ന​തി​നെ​യാണ്‌, അഥവാ അവയെ ആരാധി​ക്കു​ന്ന​തി​നെ​യാണ്‌. (പ്രവൃ 7:42; റോമ 1:25) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രായ പരിഭാ​ഷ​ക​ളിൽ (അനു. സി4-ൽ J13-17 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ കാണു​ന്നത്‌ “യഹോ​വയെ സേവി​ക്കു​ന്നത്‌ (ആരാധി​ക്കു​ന്നത്‌)” എന്നാണ്‌.

നസറെ​ത്തു​കാ​രൻ: മർ 10:47-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാൻ അനുകൂ​ലി​ച്ചു: അക്ഷ. “അനുകൂ​ലിച്ച്‌ ഞാൻ എന്റെ കല്ല്‌ ഇട്ടു.” ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌, വോട്ട്‌ ചെയ്യാൻ ഉപയോ​ഗി​ച്ചി​രുന്ന കല്ലി​നെ​ക്കു​റി​ച്ചാണ്‌. ഈ വാക്യ​ത്തിൽ കാണുന്ന പ്‌സീ​ഫൊസ്‌ എന്ന ഗ്രീക്കു​പദം ചെറിയ കല്ലുക​ളെ​യാ​ണു കുറി​ക്കു​ന്നത്‌. വെളി 2:17-ൽ ആ പദത്തെ ‘കല്ല്‌’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. കോട​തി​ക​ളിൽ, ഒരാൾ നിരപ​രാ​ധി​യാ​ണോ കുറ്റവാ​ളി​യാ​ണോ എന്നു വിധി പ്രഖ്യാ​പി​ക്കാ​നും അക്കാര്യ​ത്തിൽ ഒരാൾക്കുള്ള അഭി​പ്രാ​യം അറിയി​ക്കാ​നും ഇത്തരം കല്ലുകൾ ഉപയോ​ഗി​ച്ചി​രു​ന്നു. ഒരാൾ നിരപ​രാ​ധി​യാ​ണെന്നു പ്രഖ്യാ​പി​ക്കാൻ വെള്ളക്ക​ല്ലും കുറ്റക്കാ​ര​നാ​ണെന്നു പ്രഖ്യാ​പി​ക്കാൻ കറുത്ത കല്ലും ആണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌.

മുടി​ങ്കോ​ലിൽ തൊഴി​ക്കു​ന്നത്‌: മൃഗങ്ങളെ തെളി​ക്കാൻ ഉപയോ​ഗി​ക്കുന്ന, അറ്റം കൂർത്ത വടിയാ​ണു മുടി​ങ്കോൽ. (ന്യായ 3:31) “മുടി​ങ്കോ​ലിൽ തൊഴി​ക്കുക” എന്നതു ഗ്രീക്ക്‌ സാഹി​ത്യ​കൃ​തി​ക​ളിൽ കാണുന്ന ഒരു പഴഞ്ചൊ​ല്ലാണ്‌. മുടി​ങ്കോ​ലു​കൊണ്ട്‌ തെളി​ക്കു​ന്നത്‌ ഇഷ്ടപ്പെ​ടാ​തെ അതിൽ തൊഴിച്ച്‌ മുറിവ്‌ വരുത്തി​വെ​ക്കുന്ന അനുസ​ര​ണ​മി​ല്ലാത്ത ഒരു കാളയു​ടെ ചിത്ര​മാണ്‌ അതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ ശൗൽ അതു​പോ​ലൊ​രു ആളായി​രു​ന്നു. യേശു​വി​ന്റെ അനുഗാ​മി​കൾക്കു ദൈവ​മായ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അവർക്കെ​തി​രെ പോരാ​ടു​ന്നതു പൗലോ​സി​നു​തന്നെ ഗുരു​ത​ര​മായ ഹാനി വരുത്തി​വെ​ച്ചേനേ. (പ്രവൃ 5:38, 39 താരത​മ്യം ചെയ്യുക; 1തിമ 1:13, 14) സഭ 12:11-ൽ മുടി​ങ്കോൽ എന്ന്‌ അർഥം​വ​രുന്ന “ഇടയന്റെ വടി” എന്ന പദപ്ര​യോ​ഗം, ബുദ്ധി​മാ​നായ ഒരാളു​ടെ വാക്കു​കളെ കുറി​ക്കാൻ ആലങ്കാ​രി​ക​മാ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉപദേശം സ്വീക​രി​ക്കാൻ ഒരാളെ പ്രചോ​ദി​പ്പി​ക്കു​ന്ന​തിന്‌ അത്തരം വാക്കു​കൾക്കാ​കും.

എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കു​റി​പ്പു കാണുക.

മാനസാ​ന്ത​ര​പ്പെ​ടണം: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റണം” എന്നാണ്‌. ചിന്തയി​ലോ മനോ​ഭാ​വ​ത്തി​ലോ ഉദ്ദേശ്യ​ത്തി​ലോ വരുത്തുന്ന മാറ്റ​ത്തെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. ഈ വാക്യ​ത്തിൽ ‘മാനസാ​ന്തരം’ എന്നതിനെ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​തു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, ഒരു വ്യക്തി വീണ്ടും ദൈവ​വു​മാ​യുള്ള ബന്ധത്തി​ലേക്കു വരുന്ന​തി​നെ​യാണ്‌ അതു കുറി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാം. മാനസാ​ന്തരം ആത്മാർഥ​മാ​ണെ​ങ്കിൽ ഒരാൾ മാനസാ​ന്ത​ര​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യും. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, തന്റെ മനസ്സി​ലും മനോ​ഭാ​വ​ത്തി​ലും ശരിക്കും മാറ്റം വന്നിട്ടു​ണ്ടെന്ന്‌ അദ്ദേഹ​ത്തി​ന്റെ പ്രവൃ​ത്തി​കൾ തെളി​യി​ക്കും.—മത്ത 3:2, 8 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “പശ്ചാത്താ​പം” എന്നതും കാണുക.

ക്രിസ്‌ത്യാ​നി: പ്രവൃ 11:26-ന്റെ പഠനക്കു​റി​പ്പു കാണുക.

സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി നീറോ ആയിരു​ന്നു. എ.ഡി. 54-ൽ ആരംഭിച്ച അദ്ദേഹ​ത്തി​ന്റെ ഭരണം എ.ഡി. 68-ൽ അദ്ദേഹ​ത്തി​ന്റെ മരണ​ത്തോ​ടെ അവസാ​നി​ച്ചു. ആ സമയത്ത്‌ ഏതാണ്ട്‌ 31 വയസ്സു​ണ്ടാ​യി​രുന്ന അദ്ദേഹം ആത്മഹത്യ ചെയ്യു​ക​യാ​യി​രു​ന്നു. പ്രവൃ​ത്തി​കൾ 25 മുതൽ 28 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ “സീസർ” എന്നു പറഞ്ഞി​രി​ക്കു​ന്നതു നീറോ​യെ​ക്കു​റി​ച്ചാണ്‌.—മത്ത 22:17; പ്രവൃ 17:7 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യും കാണുക.

ദൃശ്യാവിഷ്കാരം