വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നിങ്ങളെ ഒരുനാളും കൈവിടുകയില്ല

യഹോവ നിങ്ങളെ ഒരുനാളും കൈവിടുകയില്ല

യഹോവ നിങ്ങളെ ഒരുനാളും കൈവിടുകയില്ല

യെഹൂദ്യയിലെ ക്രിസ്‌ത്യാനികൾ കടുത്ത പീഡനം നേരിട്ടുകൊണ്ടിരുന്ന സമയം. ചുറ്റുമുള്ള ജനങ്ങളുടെ ഭൗതികത്വ ചിന്താഗതികളും അവർക്കു പ്രയാസം സൃഷ്ടിച്ചിരുന്നു. വാഗ്‌ദത്ത ദേശത്തിന്റെ കവാടത്തിലായിരുന്ന ഇസ്രായേല്യരോട്‌ യഹോവ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ അവരെ ധൈര്യപ്പെടുത്തി. അവൻ ഇങ്ങനെ എഴുതി: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5; ആവർത്തനപുസ്‌തകം 31:6) ഈ വാഗ്‌ദാനം ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്‌ത്യാനികളെ ശക്തിപ്പെടുത്തി എന്നതിനു യാതൊരു സംശയവുമില്ല.

ഇടപെടാൻ പ്രയാസമായ ഈ ‘ദുർഘടസമയങ്ങളിൽ’ ജീവിക്കവേ, നാം നേരിടുന്ന ഉത്‌കണ്‌ഠകൾ തരണം ചെയ്യാൻ ആ വാഗ്‌ദാനം നമ്മെയും ശക്തരാക്കേണ്ടതാണ്‌. (2 തിമൊഥെയൊസ്‌ 3:1) നാം യഹോവയിൽ ആശ്രയിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ അങ്ങേയറ്റം ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും അവൻ നമ്മെ പുലർത്തും. ആ വാഗ്‌ദാനത്തിനു ചേർച്ചയിൽ യഹോവ പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്നു കാണാൻ, ഒരു വ്യക്തിക്കു പെട്ടെന്നു ജോലി നഷ്ടമാകുന്ന ഒരു സാഹചര്യം നമുക്കു പരിചിന്തിക്കാം.

അപ്രതീക്ഷിതമായതു സംഭവിക്കുമ്പോൾ

തൊഴിൽരഹിതരുടെ എണ്ണം ലോകമെങ്ങും വർധിച്ചുവരുകയാണ്‌. ഒരു പോളീഷ്‌ മാസിക പറയുന്നതനുസരിച്ച്‌ തൊഴിലില്ലായ്‌മ “ഏറ്റവും രൂക്ഷമായ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിൽ ഒന്ന്‌” ആയി വീക്ഷിക്കപ്പെടുന്നു. വ്യവസായവത്‌കൃത രാഷ്‌ട്രങ്ങൾപോലും ഇക്കാര്യത്തിൽ ഒഴിവുള്ളവയല്ല. 2004 ആയപ്പോഴേക്കും ‘സാമ്പത്തിക സഹകരണ വികസന സംഘടന’യിലെ അംഗരാഷ്‌ട്രങ്ങൾക്കിടയിൽപ്പോലും തൊഴിൽരഹിതരുടെ എണ്ണം, “ആഗോള സാമ്പത്തിക മാന്ദ്യം സംഭവിച്ച 1930-കളിലെ കണക്കുകളെ കടത്തിവെട്ടിക്കൊണ്ട്‌ 3.2 കോടിയിലധികം ആയിത്തീർന്നിരുന്നു.” 2003 ഡിസംബറിൽ പോളണ്ടിൽ 30 ലക്ഷം പേർ തൊഴിൽരഹിതർ ആയിരുന്നെന്ന്‌ അവിടത്തെ കേന്ദ്ര സ്ഥിതിവിവരക്കണക്ക്‌ ഓഫീസ്‌ രേഖപ്പെടുത്തി. അവരിൽ “18 ശതമാനം തൊഴിൽപ്രായത്തിലുള്ളവരായിരുന്നു.” 2002-ൽ ദക്ഷിണാഫ്രിക്കയിലെ തദ്ദേശവാസികൾക്കിടയിൽ തൊഴിലില്ലായ്‌മ നിരക്ക്‌ 47.8 ശതമാനം ആയിത്തീർന്നുവെന്ന്‌ ഒരു ഉറവിടം ചൂണ്ടിക്കാട്ടി!

പെട്ടെന്നുള്ള തൊഴിൽനഷ്ടവും അപ്രതീക്ഷിതമായ പിരിച്ചുവിടലും യഹോവയുടെ ദാസർ ഉൾപ്പെടെ അനേകർക്കും ഒരു യഥാർഥ ഭീഷണിയാണ്‌. ‘യാദൃച്ഛിക സംഭവങ്ങൾ’ ആരുടെ ജീവിതത്തെയും മാറ്റിമറിച്ചേക്കാം. (സഭാപ്രസംഗി 9:​11, പി.ഒ.സി. ബൈബിൾ) “എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ നാമും പറയാൻ ഇടയായേക്കാം. (സങ്കീർത്തനം 25:17) അത്തരം പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ നിങ്ങൾ പ്രാപ്‌തർ ആയിരിക്കുമോ? അവയ്‌ക്കു നമ്മുടെ വൈകാരികവും ആത്മീയവും ഭൗതികവും ആയ ക്ഷേമത്തെ ബാധിക്കാൻ കഴിയും. തൊഴിൽ നഷ്ടമായാൽപ്പോലും ‘സ്വന്തം കാലിൽ നിൽക്കാൻ’ നിങ്ങൾക്കാകുമോ?

വൈകാരിക സമ്മർദം തരണം ചെയ്യൽ

കുടുംബത്തെ പുലർത്തേണ്ട ചുമതല പുരുഷന്മാർക്കാണെന്നു പരമ്പരാഗതമായി കരുതപ്പെടുന്നതിനാൽ, “തൊഴിൽ നഷ്ടം ഏറെ വിഷമിപ്പിക്കുന്നത്‌” അവരെയാണെന്നു മനശ്ശാസ്‌ത്രജ്ഞനായ യാനൂഷ്‌ വീയെറ്റ്‌ഷിൻസ്‌കി വിശദീകരിക്കുന്നു. അത്‌ ഒരു പുരുഷനിൽ കോപം മുതൽ നിസ്സഹായത വരെയുള്ള “വികാര വിക്ഷുബ്ധതകൾക്കു” ജന്മം നൽകിയേക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു കുടുംബസ്ഥനെ ജോലിയിൽനിന്നു പിരിച്ചുവിടുമ്പോൾ അദ്ദേഹത്തിന്റെ ആത്മാഭിമാനം നഷ്ടമായേക്കാം, അദ്ദേഹം “കുടുംബാംഗങ്ങളുമായി വഴക്കിടുകയും” ചെയ്‌തേക്കാം.

രണ്ടു മക്കളുള്ള ക്രിസ്‌തീയ പിതാവായ ആദം, ജോലി നഷ്ടമായപ്പോൾ തനിക്കുണ്ടായ വികാരത്തെക്കുറിച്ചു വിശദീകരിക്കുന്നു: “ഞാൻ പെട്ടെന്നു ക്ഷുഭിതനാകുമായിരുന്നു; തൊട്ടതിനും പിടിച്ചതിനും ഒക്കെ ഞാൻ ദേഷ്യപ്പെട്ടു. ഞാൻ കണ്ടിരുന്ന സ്വപ്‌നങ്ങൾപോലും ജോലിയെക്കുറിച്ചുള്ളതായിരുന്നു. മക്കളെയും എന്നെപ്പോലെതന്നെ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടിരുന്ന ഭാര്യയെയും എങ്ങനെ പുലർത്തുമെന്ന ചിന്ത എന്നെ വേട്ടയാടി.” ഒരു മകളുള്ള റിഷാർഡിനും മാരിയോലയ്‌ക്കും, ഭീമമായ ഒരു ബാങ്ക്‌ കുടിശ്ശിക ഉണ്ടായിരുന്ന സമയത്താണ്‌ വരുമാന മാർഗം നഷ്ടമായത്‌. ഭാര്യ പറയുന്നു: “എനിക്ക്‌ ഒരു സ്വസ്ഥതയും ഇല്ലായിരുന്നു, ആ ലോൺ എടുക്കേണ്ടിയിരുന്നില്ലെന്നു മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എന്റെ കുറ്റമായിരുന്നെന്നു ഞാൻ ചിന്തിച്ചു.” അത്തരം സാഹചര്യങ്ങളിൽ കോപവും ഉത്‌കണ്‌ഠയും വ്യസനവും തോന്നുക എളുപ്പമാണ്‌. വികാരവിചാരങ്ങൾ നമ്മെ വീർപ്പുമുട്ടിച്ചേക്കാം. ഉള്ളിൽ തിരതള്ളിയേക്കാവുന്ന അത്തരം ചിന്തകൾ നമുക്ക്‌ എങ്ങനെ നിയന്ത്രിക്കാനാകും?

ഒരു ക്രിയാത്മക മനോഭാവം നിലനിറുത്താൻ സഹായിക്കുന്ന ഫലപ്രദമായ ബുദ്ധിയുപദേശം ബൈബിൾ നൽകുന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) യഹോവയോടു പ്രാർഥിക്കുന്നത്‌ നമുക്കു “ദൈവസമാധാനം”​—⁠ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിൽ അധിഷ്‌ഠിതമായ മനശ്ശാന്തി​—⁠കൈവരുത്തും. ആദമിന്റെ ഭാര്യ ഇറേന പറയുന്നു: “ഞങ്ങളുടെ സാഹചര്യത്തെക്കുറിച്ചും ജീവിതം ഇനിയും ലളിതമാക്കുന്നതിനായി ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ പ്രാർഥനയിൽ യഹോവയോടു പറഞ്ഞു. ഒരു പ്രശ്‌നം ഉണ്ടായാൽ പെട്ടെന്നു വിഷമിക്കുന്ന സ്വഭാവക്കാരനായിരുന്ന ഭർത്താവ്‌ കാര്യങ്ങൾക്ക്‌ ഒരു നീക്കുപോക്ക്‌ ഉണ്ടാകുമെന്നു ചിന്തിക്കാൻ തുടങ്ങി.”

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട ഒരാളാണു നിങ്ങളെങ്കിൽ, ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്‌തു നൽകിയ പിൻവരുന്ന അനുശാസനത്തിനു ചേർച്ചയിൽ നിങ്ങൾക്കു പ്രവർത്തിക്കാൻ കഴിയുന്ന ഒരു സന്ദർഭമാണിത്‌: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു . . . മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:25, 33) ഈ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ടാണ്‌ റിഷാർഡും മാരിയോലയും തങ്ങളുടെ വ്യാകുലതകൾ തരണം ചെയ്‌തത്‌. മാരിയോല അനുസ്‌മരിക്കുന്നു: “ഭർത്താവ്‌ നിരന്തരം എന്നെ ആശ്വസിപ്പിക്കുകയും യഹോവ ഞങ്ങളെ ഒരുനാളും കൈവിടുകയില്ലെന്നു തറപ്പിച്ചു പറയുകയും ചെയ്‌തു.” ഭർത്താവ്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒന്നിച്ചുള്ള നിരന്തരമായ പ്രാർഥന ഞങ്ങളെ യഹോവയോടും പരസ്‌പരവും കൂടുതൽ അടുപ്പിച്ചിരിക്കുന്നു. ആവശ്യമായ ആശ്വാസം അതു ഞങ്ങൾക്കു പ്രദാനം ചെയ്‌തിരിക്കുന്നു.”

ദൈവത്തിന്റെ പരിശുദ്ധാത്മാവും ഈ പോരാട്ടത്തിൽ നമ്മെ സഹായിക്കുന്നു. ദൈവാത്മാവിനു നമ്മിൽ ഉളവാക്കാൻ കഴിയുന്ന ആത്മനിയന്ത്രണത്തിന്‌, സമനില കാക്കാനും വികാരങ്ങളുടെമേൽ നിയന്ത്രണം നേടാനും നമ്മെ സഹായിക്കാനാകും. (ഗലാത്യർ 5:22, 23) അത്‌ എളുപ്പമല്ലായിരിക്കാം, എന്നാൽ അതു സാധ്യമാണ്‌. എന്തുകൊണ്ടെന്നാൽ യേശു ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ . . . കൊടുക്കും.”​—⁠ലൂക്കൊസ്‌ 11:13; 1 യോഹന്നാൻ 5:14, 15.

നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ അവഗണിക്കരുത്‌

അപ്രതീക്ഷിതമായ തൊഴിൽനഷ്ടം നല്ല സമനിലയുള്ള ഒരു ക്രിസ്‌ത്യാനിയെപ്പോലും ആരംഭത്തിൽ തളർത്തിക്കളഞ്ഞേക്കാം. എന്നാൽ നാം നമ്മുടെ ആത്മീയ ആവശ്യങ്ങൾ അവഗണിച്ചുകളയരുത്‌. 40 വയസ്സായിരുന്ന മോശെയുടെ കാര്യമെടുക്കുക. രാജകുടുംബത്തിൽ ഉണ്ടായിരുന്ന പദവി നഷ്ടമാകുകയും ഈജിപ്‌റ്റുകാർ നിന്ദ്യമായി കരുതിയിരുന്ന ഒരു തൊഴിലായ ആടുമേയ്‌ക്കൽ ഏറ്റെടുക്കുകയും ചെയ്യേണ്ടിവന്നപ്പോൾ അവന്റെ ജീവിതം ആകെ മാറിമറിഞ്ഞു. (ഉല്‌പത്തി 46:34) പുതിയ സാഹചര്യങ്ങളുമായി അവനു പൊരുത്തപ്പെടേണ്ടതുണ്ടായിരുന്നു. തുടർന്നുവന്ന 40 വർഷം, ലഭിക്കാനിരുന്ന പുതിയ നിയമനങ്ങൾക്കായി തന്നെ ഒരുക്കാനും വാർത്തെടുത്താനും അവൻ യഹോവയെ അനുവദിച്ചു. (പുറപ്പാടു 2:11-22; പ്രവൃത്തികൾ 7:29, 30; എബ്രായർ 11:24-26) പ്രയാസ സാഹചര്യങ്ങൾ നേരിട്ടപ്പോഴും യഹോവയുടെ പരിശീലനം സ്വീകരിക്കാനുള്ള മനസ്സോടെ തന്റെ മനസ്സിനെ അവൻ ആത്മീയ കാര്യങ്ങളിൽ കേന്ദ്രീകരിച്ചുനിറുത്തി. പ്രതികൂല സാഹചര്യങ്ങൾ നമ്മുടെ ആത്മീയ മൂല്യങ്ങളുടെമേൽ ഒരിക്കലും നിഴൽപരത്താതിരിക്കട്ടെ!

പെട്ടെന്നുള്ള ജോലിനഷ്ടം പിരിമുറുക്കം സൃഷ്ടിച്ചേക്കാമെങ്കിലും യഹോവയോടും അവന്റെ ജനത്തോടുമുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താൻ അത്‌ ഒരു നല്ല അവസരമാണ്‌. മുമ്പു പരാമർശിച്ച ആദം അങ്ങനെയാണു ചിന്തിച്ചത്‌. അദ്ദേഹം പറയുന്നു: “എനിക്കും ഭാര്യക്കും ജോലി നഷ്ടമായപ്പോൾ, ക്രിസ്‌തീയ യോഗങ്ങൾ മുടക്കുന്നതു സംബന്ധിച്ചോ സുവിശേഷ വേലയിലെ ഞങ്ങളുടെ പങ്കു പരിമിതപ്പെടുത്തുന്നതു സംബന്ധിച്ചോ ഉള്ള ചിന്ത ഒരിക്കൽപ്പോലും ഞങ്ങളുടെ മനസ്സിലേക്കു വന്നില്ല. അടുത്ത ദിവസത്തെക്കുറിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നതിൽനിന്നു ഞങ്ങളെ സംരക്ഷിച്ചത്‌ അത്തരമൊരു കാഴ്‌ചപ്പാടാണ്‌.” സമാനമായ ഒരു മനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ട്‌ റിഷാർഡ്‌ ഇങ്ങനെ പറയുന്നു: “യോഗങ്ങളും ശുശ്രൂഷയും ആണ്‌ പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചത്‌. അല്ലായിരുന്നെങ്കിൽ ഉത്‌കണ്‌ഠ ഞങ്ങളെ കാർന്നുതിന്നുമായിരുന്നു. ആത്മീയ വിഷയങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതു നമ്മെ ബലപ്പെടുത്തുന്നു, എന്തുകൊണ്ടെന്നാൽ അത്തരം സംഭാഷണങ്ങൾ നമ്മുടെ ചിന്തയെ സ്വന്തം ആവശ്യങ്ങളിൽനിന്നു മറ്റുള്ളവരുടേതിലേക്കു തിരിച്ചുവിടുന്നു.”​—⁠ ഫിലിപ്പിയർ 2:⁠4.

അതുകൊണ്ട്‌ ജോലിയെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുന്നതിനു പകരം നിങ്ങൾക്കു വീണുകിട്ടിയിരിക്കുന്ന സമയം ആത്മീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുക. വ്യക്തിപരമായ പഠനത്തിലും സഭാപരമായ പ്രവർത്തനങ്ങളിലും ഏർപ്പെടാനോ ശുശ്രൂഷ വികസിപ്പിക്കാനോ നിങ്ങൾക്കാകും. അങ്ങനെയാകുമ്പോൾ, യാതൊന്നും ചെയ്യാനില്ലാത്ത ഒരു അവസ്ഥയിൽ ആയിരിക്കുന്നതിനുപകരം “കർത്താവിന്റെ വേലയിൽ . . . അഭിവൃദ്ധി പ്രാപി”ക്കാൻ നിങ്ങൾക്കു കഴിയും. അതു നിങ്ങൾക്കും നിങ്ങൾ പ്രസംഗിക്കുന്ന രാജ്യപ്രസംഗത്തോട്‌ അനുകൂലമായി പ്രതികരിക്കുന്ന ആത്മാർഥ ഹൃദയരായവർക്കും സന്തോഷം കൈവരുത്തും.​—⁠1 കൊരിന്ത്യർ 15:⁠58, വിശുദ്ധ സത്യവേദപുസ്‌തകം, മോഡേൺ മലയാളം വേർഷൻ.

കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾക്കായി കരുതൽ

എന്നിരുന്നാലും ആത്മീയ സമൃദ്ധി വിശപ്പിനു പരിഹാരമല്ല. പിൻവരുന്ന തത്ത്വം നാം മനസ്സിൽ പിടിക്കണം: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 5:8) ആദം തുറന്നുപറയുന്നു: “നമുക്കു ഭൗതിക സഹായം നൽകാൻ സഭയിലെ സഹോദരങ്ങൾ മനസ്സൊരുക്കം ഉള്ളവർ ആണെങ്കിലും ക്രിസ്‌ത്യാനികളെന്ന നിലയിൽ ഒരു തൊഴിൽ കണ്ടെത്താൻ പരിശ്രമിക്കാനുള്ള കടപ്പാട്‌ നമുക്കുണ്ട്‌.” യഹോവയുടെയും അവന്റെ ജനത്തിന്റെയും പിന്തുണ സംബന്ധിച്ചു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്നിരുന്നാലും ജോലി കണ്ടെത്താൻ മുൻകൈയെടുക്കേണ്ടതു നമ്മൾതന്നെയാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്‌.

നിങ്ങൾക്ക്‌ എങ്ങനെ മുൻകൈയെടുക്കാൻ കഴിയും? ആദം പറയുന്നു: “ദൈവം ഒരു അത്ഭുതം പ്രവർത്തിക്കുമെന്നു പ്രതീക്ഷിച്ച്‌ കൈയും കെട്ടി കാത്തിരിക്കരുത്‌. തൊഴിൽ തേടുമ്പോൾ നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന കാര്യം വെളിപ്പെടുത്താൻ മടിക്കരുത്‌. സാധാരണഗതിയിൽ തൊഴിലുടമകൾ അതു വളരെ വിലമതിക്കും.” റിഷാർഡ്‌ ഇങ്ങനെ ഉപദേശിക്കുന്നു: “ജോലി സാധ്യത സംബന്ധിച്ചു നിങ്ങൾക്ക്‌ അറിയാവുന്നവരോടെല്ലാം ചോദിക്കുക, എംപ്ലോയ്‌മെന്റ്‌ ഓഫീസിൽ സ്ഥിരം അന്വേഷിച്ചുകൊണ്ടിരിക്കുക, കൂടാതെ, ‘ഹോം നഴ്‌സിനെ ആവശ്യമുണ്ട്‌,’ ‘സ്‌ട്രോബെറി വിളവെടുപ്പിൽ താത്‌കാലിക നിയമനം’ എന്നിങ്ങനെയുള്ള പരസ്യങ്ങൾ പരിഗണിക്കുക. തുടർച്ചയായി അന്വേഷിക്കുക! ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകാതിരിക്കുക, എളിയതോ നിങ്ങളുടെ പ്രതീക്ഷയ്‌ക്കു ചേരാത്തതോ ആയ ഒരു പണിപോലും ചെയ്യാൻ മനസ്സൊരുക്കം ഉള്ളവർ ആയിരിക്കുക.”

നിശ്ചയമായും, ‘കർത്താവു [നിങ്ങൾക്കു] തുണ’യായിട്ടുണ്ട്‌. അവൻ നിങ്ങളെ “ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5, 6) നിങ്ങൾ അമിതമായി ഉത്‌കണ്‌ഠപ്പെടേണ്ടതില്ല. സങ്കീർത്തനക്കാരനായ ദാവീദ്‌ ഇങ്ങനെ എഴുതി: “നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.” (സങ്കീർത്തനം 37:5) ‘നമ്മുടെ വഴി യഹോവയെ ഭരമേൽപ്പിക്കുക’ എന്നതിന്റെ അർഥം, സാഹചര്യം അനുകൂലമല്ലെന്നു തോന്നുമ്പോൾപ്പോലും അവനിൽ ആശ്രയിക്കുകയും അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്‌.

ആദമും ഇറേനയും അംശകാല ജോലികൾ ചെയ്യുകയും പണം ചെലവഴിക്കുന്നതിൽ വളരെ ശ്രദ്ധിക്കുകയും ചെയ്‌തു. അങ്ങനെ, പരസഹായം കൂടാതെതന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു. അവർ ക്രമമായി എംപ്ലോയ്‌മെന്റ്‌ ഓഫീസിൽ അന്വേഷിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. “സഹായം ആവശ്യമായിരുന്ന ഘട്ടങ്ങളിലെല്ലാം ഞങ്ങൾക്ക്‌ അതു ലഭിച്ചിട്ടുണ്ട്‌” എന്ന്‌ ഇറേന പറയുന്നു. അവരുടെ ഭർത്താവ്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പ്രാർഥനയിൽ ഞങ്ങൾ ദൈവത്തോട്‌ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾ എല്ലായ്‌പോഴും അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ആയിരുന്നില്ലെന്നു കാലക്രമത്തിൽ ഞങ്ങൾക്കു മനസ്സിലായി. സ്വന്ത വിവേകത്തിൽ ഊന്നാതെ ദൈവിക ജ്ഞാനത്തിൽ ആശ്രയിക്കാൻ ഇതു ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ദൈവം ഒരുക്കിത്തരുന്ന പരിഹാര മാർഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതാണ്‌ ഏറെ നല്ലത്‌.​—⁠യാക്കോബ്‌ 1:⁠4.

റിഷാർഡിനും മാരിയോലയ്‌ക്കും പല സമയങ്ങളിലായുള്ള വിവിധ ജോലികളിൽ ഏർപ്പെടേണ്ടിവന്നെങ്കിലും ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ സാക്ഷീകരിക്കുന്നതിലും അവർ വ്യാപൃതരായിരുന്നു. റിഷാർഡ്‌ പറയുന്നു: “ആഹാരത്തിനു യാതൊന്നും ബാക്കിയില്ലാത്ത ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. എന്നാൽ അപ്പോഴൊക്കെ ആവശ്യമായ ഒരു ജോലി കൃത്യമായിത്തന്നെ ഞങ്ങൾക്കു ലഭിച്ചിരുന്നു. ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു വിഘ്‌നം സൃഷ്ടിച്ചേക്കാവുന്ന ഉയർന്ന ശമ്പളമുള്ള ജോലികൾ ഞങ്ങൾ നിരസിച്ചു, മറിച്ച്‌ യഹോവയിൽ ആശ്രയിച്ചു.” വളരെ കുറഞ്ഞ നിരക്കിൽ ഒരു വീടു വാടകയ്‌ക്കെടുക്കാനും റിഷാർഡിന്‌ ഒടുവിൽ ഒരു തൊഴിൽ ലഭിക്കാനും ഇടയാക്കിയത്‌ യഹോവയാണെന്ന്‌ അവർ വിശ്വസിക്കുന്നു.

ഉപജീവന മാർഗം നഷ്ടമാകുന്നത്‌ അത്യന്തം വേദനാകരമായ ഒരു അനുഭവം ആയിരുന്നേക്കാം. എന്നാൽ യഹോവ ഒരുനാളും നിങ്ങളെ കൈവിടുകയില്ലെന്ന വസ്‌തുത അനുഭവത്തിലൂടെ മനസ്സിലാക്കാനുള്ള ഒരു അവസരമായി അതിനെ വീക്ഷിക്കരുതോ? യഹോവ നിങ്ങൾക്കായി കരുതുന്നു. (1 പത്രൊസ്‌ 5:6, 7) യെശയ്യാ പ്രവാചകനിലൂടെ അവൻ ഈ വാഗ്‌ദാനം നൽകിയിരിക്കുന്നു: “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും.” (യെശയ്യാവു 41:10) നിങ്ങളെ തളർത്തിക്കളയാൻ, തൊഴിൽനഷ്ടം ഉൾപ്പെടെയുള്ള അപ്രതീക്ഷിത സംഭവങ്ങളെ ഒരിക്കലും അനുവദിക്കരുത്‌. നിങ്ങൾക്കു കഴിയുന്ന സകലതും ചെയ്യുക, ശേഷം കാര്യങ്ങൾ യഹോവയുടെ കൈകളിൽ അർപ്പിക്കുക. അവനായി “ക്ഷമയോടെ” കാത്തിരിക്കുക. (വിലാപങ്ങൾ 3:​26, ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ) അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.​—⁠യിരെമ്യാവു 17:⁠7.

[9-ാം പേജിലെ ചിത്രം]

ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട്‌ സമയം പ്രയോജനപ്പെടുത്തുക

[10-ാം പേജിലെ ചിത്രങ്ങൾ]

പണം ശ്രദ്ധിച്ചു കൈകാര്യം ചെയ്യാൻ പഠിക്കുക, ജോലി തേടുമ്പോൾ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അമിത പ്രാധാന്യം നൽകാതിരിക്കുക