വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജയത്തിലേക്കുള്ള ആറു പടികൾ

വിജയത്തിലേക്കുള്ള ആറു പടികൾ

വിജയത്തിലേക്കുള്ള ആറു പടികൾ

ദൈവത്തിന്റെ നിലവാരങ്ങൾക്കും നമ്മെ സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യത്തിനും ചേർച്ചയിൽ അത്യുത്തമമായ ഒരു ജീവിതം നയിക്കുമ്പോഴാണ്‌ യഥാർഥ വിജയം കൈവരിച്ചു എന്നു പറയാനാകുന്നത്‌. അത്തരം ജീവിതം നയിക്കുന്ന ഒരു വ്യക്തി “ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും” എന്നു ബൈബിൾ പറയുന്നു.​—⁠സങ്കീർത്തനം 1:⁠3.

നാം അപൂർണരും തെറ്റുകുറ്റങ്ങൾ ഉള്ളവരും ആണെന്നതു ശരിതന്നെ, എങ്കിലും ജീവിതത്തിൽ നമുക്കു വിജയിക്കാനാകും. നിങ്ങൾ ആഗ്രഹിക്കുന്നതും അതാണോ? ആണെങ്കിൽ ആ ലക്ഷ്യത്തിലെത്താൻ പിൻവരുന്ന ആറു ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും; ബൈബിളിൽ അടങ്ങിയിരിക്കുന്നത്‌ ദൈവത്തിന്റെ ജ്ഞാനമാണെന്ന്‌ അപ്പോൾ നിങ്ങൾക്കു വ്യക്തമായി മനസ്സിലാകും.​—⁠യാക്കോബ്‌ 3:⁠17.

1 പണത്തിന്‌ അമിതപ്രധാന്യം നൽകാതിരിക്കുക

“ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:10) പണമല്ല​—⁠നമ്മുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ അതു കൂടിയേതീരൂ​—⁠പണത്തോടുള്ള സ്‌നേഹമാണ്‌ പ്രശ്‌നം എന്നതു ശ്രദ്ധിക്കുക. പണത്തെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത്‌ അയാളുടെ യജമാനനോ ദൈവമോ ആയിത്തീരുന്നു.

ഈ പരമ്പരയുടെ തുടക്കത്തിൽ കണ്ടതുപോലെ, പണം വാരിക്കൂട്ടിക്കൊണ്ട്‌ വിജയത്തിലെത്താം എന്നു ചിന്തിക്കുന്നതു മൗഢ്യമാണ്‌. അത്‌ നിരാശ മാത്രമല്ല മറ്റനവധി വേദനകളും വരുത്തിവെക്കുന്നു. ഉദാഹരണത്തിന്‌, പണം വാരിക്കൂട്ടാൻ ശ്രമിക്കുന്നവർക്ക്‌ മിക്കപ്പോഴും കുടുംബബന്ധങ്ങളും സുഹൃദ്‌ബന്ധങ്ങളും ബലികഴിക്കേണ്ടിവരുന്നു. മറ്റുചിലർക്ക്‌ നഷ്ടമാകുന്നത്‌ ഉറക്കമാണ്‌, ഒന്നുകിൽ ജോലിഭാരം നിമിത്തം അല്ലെങ്കിൽ ഉത്‌കണ്‌ഠയോ ആധിയോ നിമിത്തം. “വേലചെയ്യുന്ന മനുഷ്യൻ അല്‌പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല” എന്ന്‌ സഭാപ്രസംഗി 5:12 പറയുന്നു.

പണം ക്രൂരനായ ഒരു യജമാനൻ ആണെന്നു മാത്രമല്ല വഞ്ചകനുമാണ്‌. “ധനത്തിന്റെ വഞ്ചന”യെക്കുറിച്ച്‌ യേശുക്രിസ്‌തു പറയുകയുണ്ടായി. (മർക്കൊസ്‌ 4:19) മറ്റു വാക്കുകളിൽ പറഞ്ഞാൽ, സന്തോഷം നൽകാമെന്നുള്ള അതിന്റെ വാഗ്‌ദാനം പൊള്ളയാണ്‌. അത്‌ കൂടുതൽ പണമുണ്ടാക്കാനുള്ള ആഗ്രഹം ജനിപ്പിക്കും. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും . . . തൃപ്‌തിവരുന്നില്ല,” സഭാപ്രസംഗി 5:10 പറയുന്നു.

ചുരുക്കിപ്പറഞ്ഞാൽ, പണത്തെ സ്‌നേഹിക്കുന്നയാൾ തനിക്കുതന്നെ ഹാനിവരുത്തുന്നു; അസംതൃപ്‌തനും നിരാശനുമാകുന്നു; കുറ്റകൃത്യങ്ങളിൽപ്പോലും ഏർപ്പെട്ടെന്നുംവരാം. (സദൃശവാക്യങ്ങൾ 28:20) സന്തോഷവും വിജയവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന മറ്റു ചില കാര്യങ്ങളാണ്‌ ഔദാര്യവും ക്ഷമിക്കാനുള്ള മനസ്സൊരുക്കവും ധാർമികശുദ്ധിയും സ്‌നേഹവും ആത്മീയതയും.

2 ഉദാരമതികളായിരിക്കുക

“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.” (പ്രവൃത്തികൾ 20:​35, NW) വല്ലപ്പോഴും ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കുന്നത്‌ ആ സമയത്തു നമുക്കു സന്തോഷം പ്രദാനംചെയ്യും, എന്നാൽ ഔദാര്യം ശീലമാക്കുന്നെങ്കിൽ ആ സന്തോഷം എന്നും നമ്മോടൊപ്പം ഉണ്ടായിരിക്കും. പല വിധങ്ങളിൽ നമുക്ക്‌ ഔദാര്യം കാണിക്കാനാകും. അതിനുള്ള മുന്തിയ വിധം, തന്നെത്തന്നെ മറ്റുള്ളവർക്കായി വിട്ടുകൊടുക്കുന്നതാണ്‌. മറ്റുള്ളവർ ഏറ്റവും വിലമതിക്കുന്നതും അതായിരിക്കും.

നിസ്സ്വാർഥത, സന്തോഷം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ വിലയിരുത്തിയശേഷം ഗവേഷകനായ സ്റ്റീഫൻ ജി. പോസ്റ്റ്‌ ഈ നിഗമനത്തിലാണ്‌ എത്തിയത്‌: നിസ്സ്വാർഥരും സഹായമനസ്‌കരുമായ ആളുകളുടെ ആയുർദൈർഘ്യം കൂടുതലാണ്‌. അവർ ഏറെ സന്തുഷ്ടരും സംതൃപ്‌തരുമാണ്‌, ശാരീരികവും മാനസികവുമായി നല്ല ആരോഗ്യമുള്ളവരും. അവർക്കിടയിൽ വിഷാദരോഗം കുറവാണ്‌.

മാത്രമല്ല, തങ്ങളാലാവുന്നതുപോലെ ഔദാര്യം കാണിക്കുന്നവർക്ക്‌ ഒരിക്കലും നഷ്ടമൊന്നും ഉണ്ടാകുന്നില്ല. സദൃശവാക്യങ്ങൾ 11:25 പറയുന്നു: “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.” ഇതിനു ചേർച്ചയിൽ, തിരികെ കിട്ടുമെന്നു പ്രതീക്ഷിക്കാതെ മനസ്സോടെ കൊടുക്കുന്നവരെ ദൈവവും മറ്റുള്ളവരും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.​—⁠എബ്രായർ 13:⁠16.

3 ക്ഷമിക്കുന്നവരായിരിക്കുക

“അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.” (കൊലൊസ്സ്യർ 3:13) ഇക്കാലത്ത്‌ ആളുകൾ പൊതുവെ ക്ഷമിക്കാൻ മനസ്സൊരുക്കമുള്ളവരല്ല; കരുണ കാണിക്കാനല്ല, പകരംവീട്ടാനാണ്‌ പലരും ശ്രമിക്കുന്നത്‌. ഫലമോ? നിന്ദയ്‌ക്കു പകരം നിന്ദയും അക്രമത്തിനു പകരം അക്രമവും.

പ്രശ്‌നങ്ങൾ അവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. “18-നും 30-നും ഇടയ്‌ക്കു പ്രായമുള്ള 4,600-ലേറെ പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനത്തിൽ, വൈരാഗ്യബുദ്ധിയും അമർഷവും ദയയില്ലായ്‌മയും കൂടുന്നതനുസരിച്ച്‌” ആളുകളുടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ വർധിക്കുന്നതായി ഗവേഷകർ കണ്ടെത്തിയെന്ന്‌ കാനഡയിലെ മോൺട്രിയയിൽനിന്നുള്ള ദ ഗസ്സെറ്റ്‌ എന്ന പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. ചില പ്രശ്‌നങ്ങൾ ഒരു പുകവലിക്കാരന്റെ ശ്വാസകോശത്തിനുള്ള പ്രശ്‌നങ്ങളെക്കാൾ ഗുരുതരമായിരുന്നു! വാസ്‌തവത്തിൽ, ക്ഷമിക്കാനുള്ള മനസ്സൊരുക്കം മറ്റുള്ളവരുമായി ഒത്തുപോകുന്നത്‌ എളുപ്പമാക്കിത്തീർക്കുമെന്നു മാത്രമല്ല, നല്ലൊരു ഔഷധംകൂടെയാണ്‌!

ക്ഷമിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക്‌ എങ്ങനെ പുരോഗതി വരുത്താനാകും? സത്യസന്ധമായ ഒരു ആത്മപരിശോധനയാണ്‌ ആദ്യപടി. ചിലപ്പോഴൊക്കെ നിങ്ങളും മറ്റുള്ളവരെ വിഷമിപ്പിക്കാറില്ലേ? അവരത്‌ ക്ഷമിക്കുമ്പോൾ നിങ്ങൾക്ക്‌ സന്തോഷം തോന്നാറില്ലേ? അതുകൊണ്ട്‌ മറ്റുള്ളവരോടും ഉദാരമായി ക്ഷമിക്കരുതോ? (മത്തായി 18:​21-35) ആത്മനിയന്ത്രണം വളർത്തിയെടുക്കുന്നതും ഇതിനോടുള്ള ബന്ധത്തിൽ പ്രധാനമാണ്‌. “പത്തുവരെ എണ്ണുക” അല്ലെങ്കിൽ ദേഷ്യം തണുപ്പിക്കാനായി മറ്റെന്തെങ്കിലും ചെയ്യുക. ആത്മനിയന്ത്രണത്തെ കരുത്തിന്റെ ലക്ഷണമായി കാണുക. “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും . . . ശ്രേഷ്‌ഠൻ” എന്ന്‌ സദൃശവാക്യങ്ങൾ 16:32 പറയുന്നു. ‘യുദ്ധവീരനിലും ശ്രേഷ്‌ഠൻ’ എന്ന പ്രയോഗം വിജയത്തെയല്ലേ സൂചിപ്പിക്കുന്നത്‌?

4 ദൈവിക നിലവാരങ്ങൾ പിൻപറ്റുക

“യഹോവയുടെ കല്‌പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.” (സങ്കീർത്തനം 19:⁠8) ദൈവത്തിന്റെ നിലവാരങ്ങൾ ശാരീരികമായും മാനസികമായും വൈകാരികമായും നമുക്ക്‌ പ്രയോജനം ചെയ്യുമെന്നു സാരം. മദ്യം, മയക്കുമരുന്ന്‌, ലൈംഗിക അധാർമികത, അശ്ലീലം തുടങ്ങിയ കാര്യങ്ങളിൽനിന്ന്‌ അവ നമ്മെ സംരക്ഷിക്കുന്നു; കുറ്റകൃത്യങ്ങൾ, ദാരിദ്ര്യം, അവിശ്വാസം, കുടുംബത്തകർച്ച, മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ, രോഗം, അകാലമരണം തുടങ്ങി അതിന്റെ ഭവിഷ്യത്തുകളിൽനിന്നും.​—⁠2 കൊരിന്ത്യർ 7:1; കൊലൊസ്സ്യർ 3:⁠5.

ദൈവിക നിലവാരങ്ങൾ അനുസരിക്കുന്നവർക്ക്‌ സുദൃഢമായ ബന്ധങ്ങളും ആത്മാഭിമാനവും മനസ്സമാധാനവും ഉണ്ടായിരിക്കും. യെശയ്യാവു 48:​17, 18-ൽ ദൈവം തന്നെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” യഹോവ തുടർന്ന്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” അതേ, നമുക്കു നല്ലതുവരാൻ നമ്മുടെ സ്രഷ്ടാവ്‌ ആഗ്രഹിക്കുന്നു, നാം യഥാർഥ വിജയത്തിന്റെ ‘വഴിയിൽ നടക്കാനും.’

5 നിസ്സ്വാർഥം സ്‌നേഹിക്കുക

“സ്‌നേഹമോ ആത്മികവർദ്ധന വരുത്തുന്നു.” (1 കൊരിന്ത്യർ 8:⁠1) സ്‌നേഹമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്‌ നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? എത്ര ശൂന്യവും അസന്തുഷ്ടവുമായിരിക്കും അത്‌? “എനിക്കു . . . [മറ്റുള്ളവരോടു] സ്‌നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. . . . സ്‌നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല” എന്ന്‌ ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ്‌ ദിവ്യനിശ്വസ്‌തതയിൽ എഴുതി.​—⁠1 കൊരിന്ത്യർ 13:​2, 3.

അനുരാഗത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്‌. ദൈവികതത്ത്വങ്ങളാൽ ഭരിക്കപ്പെടുന്ന, അർഥസമ്പുഷ്ടമായ, ഏറെക്കാലം നിലനിൽക്കുന്ന സ്‌നേഹമാണിത്‌. * (മത്തായി 22:​37-39) മാത്രമല്ല, സ്‌നേഹിക്കപ്പെടുന്നതിനെക്കാൾ സ്‌നേഹിക്കുന്നതാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. ദീർഘക്ഷമയും ദയയും ഈ സ്‌നേഹത്തിന്റെ പ്രത്യേകതയാണെന്ന്‌ പൗലൊസ്‌ തുടർന്നുപറയുന്നു. അസൂയയ്‌ക്കോ പൊങ്ങച്ചത്തിനോ നിഗളത്തിനോ ഒന്നും ഇവിടെ സ്ഥാനമില്ല. നിസ്സ്വാർഥം മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്‌പര്യം കാണിക്കുന്ന ഈ സ്‌നേഹം പ്രകോപിതമാകുന്നതിനുപകരം ക്ഷമിക്കാൻ മനസ്സുകാണിക്കുന്നു. പ്രോത്സാഹനം പകരുന്നതരം സ്‌നേഹമാണത്‌. മറ്റുള്ളവരുമായി, വിശേഷാൽ കുടുംബാംഗങ്ങളുമായി നല്ല ബന്ധങ്ങൾ ആസ്വദിക്കാൻ അതു നമ്മെ സഹായിക്കുന്നു.​—⁠1 കൊരിന്ത്യർ 13:​4-8.

മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, മക്കളോടു വാത്സല്യം കാണിക്കുന്നതും ധാർമികതയോടും പെരുമാറ്റത്തോടും ബന്ധപ്പെട്ട്‌ വ്യക്തമായ ബൈബിളധിഷ്‌ഠിത നിലവാരങ്ങൾ വെക്കുന്നതുമാണ്‌ ഈ സ്‌നേഹത്തിൽ ഉൾപ്പെടുന്നത്‌. അത്തരമൊരു അന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികൾ കുടുംബത്തിന്റെ കെട്ടുറപ്പും സുരക്ഷിതത്വവും അനുഭവിച്ചറിയും. തങ്ങൾ വിലപ്പെട്ടവരാണെന്നും മറ്റു കുടുംബാംഗങ്ങൾ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നും അവർക്കു മനസ്സിലാകും.​—⁠എഫെസ്യർ 5:32–6:4; കൊലൊസ്സ്യർ 3:⁠20.

ഐക്യനാടുകളിൽനിന്നുള്ള ജാക്ക്‌ എന്ന യുവാവിന്റെ കാര്യംതന്നെയെടുക്കുക. ബൈബിൾതത്ത്വങ്ങൾക്കു വലിയ മൂല്യം കൽപ്പിച്ചിരുന്ന ഒരു കുടുംബത്തിലാണ്‌ അവൻ വളർന്നുവന്നത്‌. വീട്ടിൽനിന്ന്‌ മാറിത്താമസിച്ചതിനുശേഷം അവൻ മാതാപിതാക്കൾക്ക്‌ എഴുതിയ കത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്‌: “‘നീ നന്നായിരിപ്പാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്ന ബൈബിൾ കൽപ്പന അനുസരിക്കാൻ ഞാൻ എല്ലായ്‌പോഴും ശ്രദ്ധിച്ചിരുന്നു. (ആവർത്തനപുസ്‌തകം 5:16) അതെന്റെ നന്മയിൽ കലാശിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. എന്നെ വളർത്തുന്നതിൽ നിങ്ങൾ കാണിച്ച ആത്മാർഥതയുടെയും സ്‌നേഹത്തിന്റെയും ഫലമാണതെന്ന്‌ എനിക്ക്‌ ഇന്ന്‌ ഏറെ ബോധ്യമായിരിക്കുന്നു. പാടുപെട്ട്‌ എന്നെ വളർത്തി ഈ നിലയിലെത്തിച്ചതിന്‌ എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.” നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങൾക്ക്‌ അത്തരമൊരു കത്തു ലഭിച്ചാൽ എന്തായിരിക്കും തോന്നുക? സന്തോഷവും ചാരിതാർഥ്യവും തോന്നില്ലേ?

തത്ത്വാധിഷ്‌ഠിത സ്‌നേഹത്തിന്റെ മറ്റൊരു സവിശേഷത അത്‌ “സത്യത്തിൽ” അതായത്‌, ബൈബിളിൽ അടങ്ങിയിരിക്കുന്ന ആത്മീയസത്യത്തിൽ “സന്തോഷിക്കുന്നു” എന്നതാണ്‌. (1 കൊരിന്ത്യർ 13:6; യോഹന്നാൻ 17:17) അതിങ്ങനെ ദൃഷ്ടാന്തീകരിക്കാം. ദാമ്പത്യപ്രശ്‌നങ്ങൾ നേരിടുന്ന ഒരു ഭാര്യയും ഭർത്താവും, “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌” എന്ന മർക്കൊസ്‌ 10:​9-ലെ യേശുവിന്റെ വാക്കുകൾ ഒരുമിച്ച്‌ വായിക്കാൻ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. ഇപ്പോൾ അവർ ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. അവർ യഥാർഥത്തിൽ ‘ബൈബിൾസത്യത്തിൽ സന്തോഷിക്കുന്നുണ്ടോ’? ദൈവം വീക്ഷിക്കുന്നതുപോലെ അവർ വിവാഹത്തെ പവിത്രമായി കരുതി അതനുസരിച്ച്‌ പ്രവർത്തിക്കുമോ? സ്‌നേഹത്തിന്റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർ തയ്യാറാകുമോ? അങ്ങനെ ചെയ്യുന്നപക്ഷം ദാമ്പത്യജീവിതം ഒരു വിജയമാക്കാനും അതിൽ സന്തോഷിക്കാനും അവർക്കാകും.

6 ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ചിന്തയുള്ളവരായിരിക്കുക

“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ.” (മത്തായി 5:3, NW) മൃഗങ്ങളിൽനിന്നു വ്യത്യസ്‌തരായി, ആത്മീയ കാര്യങ്ങൾ ഗ്രഹിക്കാനും വിലമതിക്കാനും ഉള്ള പ്രാപ്‌തിയോടെയാണ്‌ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ടാണ്‌, ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്‌? ഒരു സ്രഷ്ടാവുണ്ടോ? മരിക്കുമ്പോൾ നമുക്കെന്തു സംഭവിക്കുന്നു? ഭാവി എന്തായിരിക്കും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു വരുന്നത്‌.

ഗോളമെമ്പാടുമുള്ള ആത്മാർഥഹൃദയരായ ദശലക്ഷങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിലുണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നു. അവസാനം പരാമർശിച്ച ചോദ്യം ഉദാഹരണമായെടുക്കുക. മാനവരാശിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യവുമായി അത്‌ ബന്ധപ്പെട്ടിരിക്കുന്നു. എന്താണ്‌ ആ ഉദ്ദേശ്യം? ദൈവത്തെയും അവന്റെ നിലവാരങ്ങളെയും സ്‌നേഹിക്കുന്ന മനുഷ്യർ പറുദീസാഭൂമിയിൽ നിത്യം ജീവിക്കണം എന്നതാണ്‌ അത്‌. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന്‌ സങ്കീർത്തനം 37:29 പറയുന്നു.

കേവലം 70-ഓ 80-ഓ വർഷമല്ല, അനന്തതയിലെങ്ങും നാം വിജയപ്രദമായ ജീവിതം നയിച്ചുകാണാനാണ്‌ നമ്മുടെ സ്രഷ്ടാവ്‌ ആഗ്രഹിക്കുന്നത്‌! അതുകൊണ്ട്‌ സ്രഷ്ടാവിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ പഠിക്കാനാകുന്ന സമയം ഇതാണ്‌. യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ആ അറിവു നേടി അതിനു ചേർച്ചയിൽ ജീവിക്കുന്നപക്ഷം, യഹോവയുടെ “അനുഗ്രഹം സമ്പത്തു നൽകുന്നു; അവിടുന്ന്‌ അതിൽ ദുഃഖം കലർത്തുന്നില്ല” എന്ന വാക്കുകളുടെ സത്യത നിങ്ങൾ അനുഭവിച്ചറിയും.​—⁠ സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 10:​22, പി.ഒ.സി ബൈബിൾ.

[അടിക്കുറിപ്പ്‌]

^ ഖ. 22 ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ അഥവാ “പുതിയനിയമ”ത്തിൽ സ്‌നേഹം എന്നു കാണുന്ന മിക്കവാറും എല്ലായിടത്തുംതന്നെ അത്‌ അഗാപെ എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയാണ്‌. കടമയുടെയും മര്യാദയുടെയും പേരിൽ നമ്മുടെ ഇഷ്ടത്തിനു വിരുദ്ധമായിപ്പോലും പ്രകടമാക്കുന്ന തത്ത്വാധിഷ്‌ഠിത സ്‌നേഹമാണ്‌ അഗാപെ. ഇത്തരം സ്‌നേഹത്തിൽ വികാരങ്ങൾക്കു സ്ഥാനമില്ലെന്ന്‌ അർഥമില്ല; ഊഷ്‌മളതയും അടുപ്പവും ഇവിടെയുമുണ്ട്‌.​—⁠1 പത്രൊസ്‌ 1:⁠22.

[7-ാം പേജിലെ ചതുരം]

വിജയത്തിലേക്കുള്ള മറ്റു മാർഗങ്ങൾ

ദൈവഭയമുണ്ടായിരിക്കുക. ‘യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു.’​—⁠സദൃശവാക്യങ്ങൾ 9:⁠10.

സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” ​—⁠സദൃശവാക്യങ്ങൾ 13:⁠20.

മിതത്വം പാലിക്കുക. “കുടിയനും അതിഭക്ഷകനും ദരിദ്രരായ്‌തീരും.”​—⁠സദൃശവാക്യങ്ങൾ 23:⁠21.

പ്രതികാരം ചെയ്യാതിരിക്കുക. ‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌.’​—⁠റോമർ 12:⁠17.

കഠിനാധ്വാനിയായിരിക്കുക. ‘വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത്‌.’​—⁠2 തെസ്സലൊനീക്യർ 3:⁠10.

സുവർണനിയമം ബാധകമാക്കുക. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”​—⁠മത്തായി 7:⁠12.

നാവിനെ നിയന്ത്രിക്കുക. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെ . . . അടക്കിക്കൊള്ളട്ടെ.” ​—⁠1 പത്രൊസ്‌ 3:⁠10.

[8-ാം പേജിലെ ചതുരം/ചിത്രം]

സ്‌നേഹം നല്ലൊരു ഔഷധം

ഡോക്ടറും ഗ്രന്ഥകർത്താവുമായ ഡീൻ ഓർനിഷ്‌ എഴുതുന്നു: “നമ്മെ രോഗഗ്രസ്‌തരും ആരോഗ്യവാന്മാരും ആക്കുന്നതിൽ, നമുക്ക്‌ സന്തോഷവും സന്താപവും കൈവരുത്തുന്നതിൽ, നമ്മെ ദുരിതത്തിലാഴ്‌ത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതിൽ സ്‌നേഹവും അടുപ്പവും നിർണായക പങ്കു വഹിക്കുന്നു. ഇതേ ഫലം ഉളവാക്കുന്ന ഒരു ഔഷധം കണ്ടുപിടിച്ചാൽ രാജ്യത്തെ സകല ഡോക്ടർമാരും അത്‌ രോഗികൾക്കു കുറിച്ചുകൊടുക്കും. അങ്ങനെ ചെയ്യാതിരിക്കുന്നത്‌ വലിയ തെറ്റായിരിക്കും.”

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നൈരാശ്യത്തിൽനിന്ന്‌ വിജയത്തിലേക്ക്‌

ബാൾക്കൻ പ്രദേശത്താണ്‌ മിലാങ്കോ താമസിക്കുന്നത്‌. അവിടെ യുദ്ധം ആരംഭിച്ചപ്പോൾ അദ്ദേഹവും സൈന്യത്തിൽ ചേർന്നു. വീരകൃത്യങ്ങൾ കണക്കിലെടുത്ത്‌ ആളുകൾ അദ്ദേഹത്തെ റാംബോ എന്നു വിളിക്കാൻ തുടങ്ങി. ഒരു ‘ഇടിപ്പട’ത്തിലെ നായകന്റെ പേരായിരുന്നു അത്‌. പക്ഷേ കാലം കടന്നുപോയപ്പോൾ, സൈന്യത്തിലെ അഴിമതിയും കാപട്യവും അദ്ദേഹത്തെ നിരാശയിലാഴ്‌ത്തി. “മദ്യപാനം, പുകവലി, മയക്കുമരുന്ന്‌, ചൂതാട്ടം, വ്യഭിചാരം എന്നുവേണ്ട എല്ലാ ദുശ്ശീലങ്ങളുടെയും അടിമയായിത്തീർന്നു ഞാൻ. ജീവിതം തകരുകയായിരുന്നു, എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു,” അദ്ദേഹം എഴുതുന്നു.

നിർണായകമായ ആ സമയത്താണ്‌ മിലാങ്കോ ബൈബിൾ വായിക്കാൻ തുടങ്ങിയത്‌. പിന്നീട്‌ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസിക കാണാനിടയായി. അതിലെ വിവരങ്ങളിൽ താത്‌പര്യം തോന്നിയ അദ്ദേഹം താമസിയാതെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. സന്തോഷവും യഥാർഥ വിജയവും കൈവരിക്കാൻ ബൈബിൾസത്യം അദ്ദേഹത്തെ സഹായിച്ചു. മിലാങ്കോ പറയുന്നതു ശ്രദ്ധിക്കുക: “അതെനിക്കു ശക്തി പകർന്നു. എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിച്ച്‌ പുതിയൊരു വ്യക്തിയായിത്തീർന്ന ഞാൻ സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷിയായി. റാംബോ എന്നു വിളിച്ചിരുന്നവർ എന്റെ ശാന്തമായ പ്രകൃതം കണ്ട്‌ ഇപ്പോഴെന്നെ ബനി എന്നാണ്‌ വിളിക്കുന്നത്‌​—⁠കുട്ടിക്കാലത്തെ എന്റെ ചെല്ലപ്പേര്‌.”