അവരുടെ വിശ്വാസം അനുകരിക്കുക | മിര്യാം
“യഹോവയെ പാടി സ്തുതിക്കുവിൻ!”
അൽപ്പം ദൂരെ മാറി, ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ് ആ പെൺകുട്ടി. അവൾ ഇമവെട്ടാതെ ഒരിടത്തേക്കുതന്നെ നോക്കിനിൽക്കുകയാണ്. തൊട്ടരികിലൂടെ ശാന്തമായൊഴുകുന്ന നൈൽ മഹാനദി. സമയം ഇഴഞ്ഞുനീങ്ങുകയാണ്. അതു കാര്യമാക്കാതെ, തനിക്കു ചുറ്റും വട്ടമിട്ടുപറക്കുന്ന പ്രാണികളെ വകവെക്കാതെ അവൾ ഞാങ്ങണച്ചെടികൾക്കിടയിലേക്കു നോക്കി അതേ നിൽപ്പു തുടർന്നു. അവിടെ, വെള്ളം കയറാത്ത ഒരു കൂടയിൽ അവളുടെ കുഞ്ഞാങ്ങളയെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരും കൂടെയില്ലാതെ, നിസ്സഹായനായി കിടക്കുന്ന അവനെ ഓർത്ത് അവളുടെ ഹൃദയം നുറുങ്ങി. പക്ഷേ, എന്തു ചെയ്യാൻ? അവളുടെ മാതാപിതാക്കൾക്കു മുന്നിൽ വേറെ വഴിയില്ലായിരുന്നു. ഈ ഒരു അവസ്ഥയിൽ ആ പിഞ്ചോമനയെ രക്ഷിക്കാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളൂ.
അസാമാന്യധൈര്യമാണ് ആ പെൺകുട്ടി കാണിച്ചത്. പക്ഷേ, അവളുടെ യഥാർഥധൈര്യം തെളിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസം എന്ന അമൂല്യഗുണം അവളുടെ ഹൃദയത്തിൽ നാമ്പെടുത്തുതുടങ്ങിയിരുന്നു. അതു തെളിയിക്കുന്നതായിരുന്നു തൊട്ടുപിന്നാലെ നടന്ന സംഭവങ്ങൾ. ആ ഗുണം അവളുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയെഴുതുമായിരുന്നു. വർഷങ്ങൾക്കിപ്പുറം തന്റെ ജനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയത്ത്, വാർധക്യത്തിലും, ആ ഗുണം അവൾക്കു കൈമുതലായുണ്ടായിരുന്നു. പിന്നീട്, ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചപ്പോഴും അവളുടെ തുണയ്ക്കെത്തിയത് അതേ ഗുണമാണ്. ആരായിരുന്നു അവൾ? അവളുടെ വിശ്വാസം നമുക്ക് എങ്ങനെ മാതൃകയാക്കാം?
മിര്യാം എന്ന അടിമപ്പെൺകുട്ടി
ആ പെൺകുട്ടിയുടെ പേര് ബൈബിളിന്റെ ഈ ഭാഗത്ത് പറയുന്നില്ലെങ്കിലും അവൾ ആരാണെന്ന കാര്യത്തിൽ നമുക്കു യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. അവൾ മിര്യാം ആയിരുന്നു. ഈജിപ്ത് ദേശത്തെ എബ്രായ അടിമകളായ അമ്രാമിന്റെയും യോഖേബെദിന്റെയും മൂത്ത കുട്ടി. (സംഖ്യ 26:59) അവളുടെ കുഞ്ഞനിയനാണു പിന്നീട് മോശ എന്ന് അറിയപ്പെട്ടത്. മോശയുടെ ചേട്ടനായ അഹരോന് ഇപ്പോൾ ഏതാണ്ട് മൂന്നു വയസ്സാണ്. മിര്യാമിന് അന്ന് എത്ര വയസ്സുണ്ടായിരുന്നെന്ന് ഉറപ്പിച്ചുപറയാനാകില്ലെങ്കിലും അവൾക്ക് ഏതാണ്ട് പത്തു വയസ്സു കാണുമെന്നു നമുക്കു ന്യായമായും നിഗമനം ചെയ്യാം.
ദുരിതങ്ങൾ നിറഞ്ഞ ഒരു കാലത്താണു മിര്യാം ജീവിച്ചിരുന്നത്. ഈജിപ്തുകാർ അവളുടെ ജനമായ എബ്രായരെ വലിയൊരു ഭീഷണിയായി കണ്ട് അവരെ അടിമകളാക്കി അടിച്ചമർത്തിയിരുന്ന കാലം. എന്നിട്ടും അടിമകൾ എണ്ണത്തിൽ പെരുകുന്നതു കണ്ട് ഭയന്ന ഈജിപ്തുകാർ കുറെക്കൂടെ ക്രൂരമായൊരു വഴി തേടി. എബ്രായർക്കുണ്ടാകുന്ന എല്ലാ ആൺകുഞ്ഞുങ്ങളെയും ജനിക്കുന്ന ഉടൻ കൊന്നുകളയാൻ ഫറവോൻ ഉത്തരവിട്ടു. എങ്കിലും രാജാവ് അറിയാതെ ആ കല്പന ധിക്കരിക്കാൻ ധൈര്യം കാണിച്ച ശിപ്ര, പൂവ എന്നീ എബ്രായ വയറ്റാട്ടികളുടെ വിശ്വാസം മിര്യാമിനു തീർച്ചയായും ധൈര്യം പകർന്നിരിക്കണം.—പുറപ്പാട് 1:8-22.
മാതാപിതാക്കളുടെ വിശ്വാസവും മിര്യാമിനു ധൈര്യം പകർന്നിട്ടുണ്ട്. മൂന്നാമത്തെ കുഞ്ഞു ജനിച്ചശേഷം അമ്രാമും യോഖേബെദും മൂന്നു മാസത്തോളം അവനെ ഒളിപ്പിച്ചുവെച്ചു. രാജകല്പന ഭയന്ന് സുന്ദരനായ തങ്ങളുടെ മകനെ കൊലയ്ക്കു കൊടുക്കാൻ ആ മാതാപിതാക്കൾ തയ്യാറായില്ല. (എബ്രായർ 11:23) ഒരു കുഞ്ഞിനെ ഒളിപ്പിച്ചുവെക്കുന്നത് അത്ര എളുപ്പമല്ലല്ലോ. ഒടുവിൽ, വേദനയോടെയെങ്കിലും അവർക്ക് ആ തീരുമാനമെടുക്കേണ്ടിവന്നു. അവനെ സംരക്ഷിച്ച് വളർത്താൻ തയ്യാറാകുന്ന ആരുടെയെങ്കിലും കണ്ണിൽപ്പെടാൻ പാകത്തിൽ ഒരിടത്ത് അവനെ കൊണ്ടുപോയി വെക്കാൻ അവർ തീരുമാനിച്ചു. തന്റെ ഓമനക്കുഞ്ഞിനെ കിടത്താൻ ഞാങ്ങണകൊണ്ട് ഒരു കൂടയുണ്ടാക്കിയപ്പോൾ ആ അമ്മ എത്ര തീവ്രമായി പ്രാർഥിച്ചുകാണുമെന്ന് ഒന്ന് ഓർത്തുനോക്കൂ! എന്നിട്ട് അതിൽ വെള്ളം കയറാതിരിക്കാൻ അവൾ അതിനു പുറമേ ടാറും കീലും തേച്ച് അവനെ അതിൽ കിടത്തി നൈൽ നദിയിൽ കൊണ്ടുപോയി വെച്ചു. കുഞ്ഞിന് എന്തു സംഭവിക്കുന്നെന്നു കാണാൻ മിര്യാമിനെ അവിടെ നിറുത്തിയത് അവളാണെന്നതിന് ഒരു സംശയവുമില്ല.—പുറപ്പാട് 2:1-4.
മിര്യാം എന്ന രക്ഷക
മിര്യാം അവിടെത്തന്നെ നിൽക്കുകയാണ്. പെട്ടെന്ന് അതാ ആരോ അവിടേക്കു വരുന്നു. ഒരു കൂട്ടം സ്ത്രീകളാണ്. അവർ സാധാരണക്കാരല്ല. ഫറവോന്റെ മകളും പരിചാരികമാരുമാണ്. നൈൽ നദിയിൽ കുളിക്കാനാണു വരവ്. പാവം മിര്യാമിന്റെ മനസ്സിടിഞ്ഞുകാണും. ഫറവോന്റെ സ്വന്തം മകൾതന്നെ രാജകല്പന ലംഘിച്ച് ഈ എബ്രായകുഞ്ഞിനെ രക്ഷിക്കാൻ തുനിയുമോ? ആ സമയത്ത് മിര്യാം വളരെ തീവ്രമായി യഹോവയോടു പ്രാർഥിച്ചിട്ടുണ്ട്, തീർച്ച.
ഞാങ്ങണകൾക്കിടയിലിരിക്കുന്ന ആ കൂട ആദ്യം കണ്ടത് ഫറവോന്റെ മകളാണ്. അത് എടുത്തുകൊണ്ടുവരാൻ അവൾ ഒരു ദാസിയെ പറഞ്ഞയച്ചു. തുടർന്ന് രാജകുമാരി എന്തു ചെയ്തെന്നു ബൈബിൾവിവരണം പറയുന്നു: “അവൾ അതു തുറന്നപ്പോൾ അതിൽ ഒരു കുഞ്ഞിനെ കണ്ടു. അവൻ കരയുകയായിരുന്നു.” അവൾക്ക് ഉടൻ കാര്യം മനസ്സിലായി: ഏതോ എബ്രായസ്ത്രീ തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ നോക്കുകയാണ്. പക്ഷേ സുന്ദരനായ ആ കുഞ്ഞിന്റെ ഓമനമുഖം കണ്ടപ്പോൾ ഫറവോന്റെ മകളുടെ മനസ്സ് അലിഞ്ഞു. (പുറപ്പാട് 2:5, 6) എല്ലാം നോക്കിനിൽക്കുകയായിരുന്ന മിര്യാം പെട്ടെന്ന് അവളുടെ മുഖത്തെ ഭാവം വായിച്ചെടുത്തു. ഇതാണു പറ്റിയ സന്ദർഭം! യഹോവയിലുള്ള വിശ്വാസം തെളിയിക്കേണ്ട സമയമാണ് ഇത്. ധൈര്യം സംഭരിച്ച് അവൾ അവരുടെ അടുത്തേക്കു ചെന്നു.
ഒരു എബ്രായ അടിമപ്പെൺകുട്ടി രാജകുടുംബത്തിൽപ്പെട്ട ഒരാളുടെ അടുത്ത് ചെന്ന് സംസാരിക്കാൻ മുതിർന്നാൽ എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്ക് ഊഹിക്കാൻപോലും പറ്റില്ല. എന്നിട്ടും മിര്യാം കുമാരിയുടെ മുന്നിൽ നേരെ കാര്യം അവതരിപ്പിച്ചു: “കുമാരിക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ പോയി ഒരു എബ്രായസ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടേ?” ഏറ്റവും പറ്റിയ ഒരു ചോദ്യമായിരുന്നു അത്. കാരണം, താൻ ഒരു കുഞ്ഞിനെ മുലയൂട്ടിവളർത്താൻ പറ്റിയ സ്ഥാനത്തല്ലെന്ന് ഫറവോന്റെ മകൾക്ക് അറിയാമായിരുന്നു. കൂടാതെ, ആ എബ്രായകുഞ്ഞിനെ അവന്റെ ജനത്തിൽപ്പെട്ട ആരെങ്കിലുംതന്നെ മുലയൂട്ടിവളർത്തുന്നതായിരിക്കും കൂടുതൽ ഉചിതമെന്നും അവൾക്കു തോന്നിക്കാണും. കുഞ്ഞു മുതിർന്നുകഴിയുമ്പോൾ അവനെ തന്റെ ദത്തുപുത്രനായി കൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അവനു വിദ്യാഭ്യാസം നൽകി വളർത്താമെന്ന് അവൾ ചിന്തിച്ചിരിക്കാം. “പോയി കൊണ്ടുവരൂ!” എന്ന കുമാരിയുടെ പെട്ടെന്നുള്ള മറുപടി കേട്ട് മിര്യാം സന്തോഷംകൊണ്ട് മതിമറന്നുകാണും.—പുറപ്പാട് 2:7, 8.
മിര്യാം ധൈര്യത്തോടെ തന്റെ കുഞ്ഞനുജനു കാവൽനിൽക്കുന്നു
കേട്ടപാതി കേൾക്കാത്തപാതി മിര്യാം ഉത്കണ്ഠയോടെയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് ഓടി. ആവേശത്തോടെ ഇക്കാര്യങ്ങളെല്ലാം ആ അമ്മയെ അറിയിക്കുന്ന മിര്യാമിനെ നിങ്ങൾക്കു ഭാവനയിൽ കാണാമോ? തീർച്ചയായും ഇതിനു പിന്നിൽ പ്രവർത്തിച്ചത് യഹോവയാണെന്നു മനസ്സിലാക്കിയ യോഖേബെദ് മിര്യാമിനോടൊപ്പം ഫറവോന്റെ മകളുടെ അടുത്തേക്കു പോയി. “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളർത്തുക. ഞാൻ ശമ്പളം തരാം” എന്ന കുമാരിയുടെ വാക്കുകൾ കേട്ടപ്പോൾ തനിക്കുണ്ടായ സന്തോഷവും ആശ്വാസവും മറച്ചുവെക്കാൻ യോഖേബെദ് പണിപ്പെട്ടുകാണും.—പുറപ്പാട് 2:9.
അന്നു മിര്യാം തന്റെ ദൈവമായ യഹോവയെക്കുറിച്ച് വളരെയേറെ കാര്യങ്ങൾ പഠിച്ചിരിക്കാം. ദൈവം തന്റെ ജനത്തെക്കുറിച്ച് ചിന്തയുള്ളവനാണെന്നും ദൈവം അവരുടെ പ്രാർഥനകൾ കേൾക്കുന്നവനാണെന്നും അവൾക്ക് ഉറപ്പായി. ധൈര്യം, വിശ്വാസം എന്നീ ഗുണങ്ങൾ മുതിർന്നവർക്കും പുരുഷന്മാർക്കും മാത്രമുള്ളതല്ലെന്നും അവൾ തിരിച്ചറിഞ്ഞു. യഹോവ തന്റെ എല്ലാ വിശ്വസ്തദാസരുടെയും പ്രാർഥനകൾ കേൾക്കുന്നവനാണ്. (സങ്കീർത്തനം 65:2) ബുദ്ധിമുട്ടുകൾ നിറഞ്ഞ ഇക്കാലത്ത് നമ്മൾ എല്ലാവരും ഇക്കാര്യങ്ങൾ ഓർക്കണം. നമ്മൾ ചെറുപ്പക്കാരോ പ്രായമുള്ളവരോ ആകട്ടെ, സ്ത്രീയോ പുരുഷനോ ആകട്ടെ, ദൈവം നമ്മളെ എല്ലാവരെയും ശ്രദ്ധിക്കുന്നു.
മിര്യാം—ക്ഷമയോടെ കാത്തിരുന്ന സഹോദരി
യോഖേബെദ് ആ കുഞ്ഞിനെ മുലയൂട്ടി വളർത്തി. താൻ ജീവൻ രക്ഷിക്കാൻ സഹായിച്ച തന്റെ കുഞ്ഞാങ്ങളയോടു മിര്യാമിന് എത്രമാത്രം അടുപ്പം തോന്നിക്കാണുമെന്ന് ഓർത്തുനോക്കൂ! അവൾ അവനെ സംസാരിക്കാൻ പഠിപ്പിക്കുന്നതും അവൻ ആദ്യമായി ദൈവമായ യഹോവയുടെ പേര് പറഞ്ഞപ്പോൾ അവൾ സന്തോഷംകൊണ്ട് മതിമറന്നതും ഒന്നു ഭാവനയിൽ കാണാമോ? കുട്ടി വളർന്നു. ഒടുവിൽ അവനെ ഫറവോന്റെ മകളുടെ അടുത്തേക്കു കൊണ്ടുപോകേണ്ട സമയമായി. (പുറപ്പാട് 2:10) അവനെ വേർപിരിയുന്നത് ആ കുടുംബത്തെയാകെ വേദനയിലാഴ്ത്തി എന്നതിനു സംശയമില്ല. ഫറവോന്റെ മകൾ അവനു പിന്നീടു മോശ എന്നു പേരിട്ടു. അവൻ വളർന്ന് ഒരു മുതിർന്ന പുരുഷനാകുന്നതു കാണാൻ മിര്യാം എത്ര ആഗ്രഹിച്ചുകാണും! ഈജിപ്തിലെ രാജകുടുംബാംഗങ്ങൾക്കിടയിൽ വളർന്നുവരുന്ന അവൻ യഹോവയോടുള്ള സ്നേഹം നഷ്ടമാകാതെ സൂക്ഷിക്കുമോ?
കാലം അതിന് ഉത്തരം നൽകി. ഒരു മുതിർന്ന പുരുഷനായി വളർന്ന തന്റെ അനിയൻ, ഫറവോന്റെ കൊട്ടാരം വെച്ചുനീട്ടിയ സുവർണാവസരങ്ങൾക്കു പിന്നാലെ പോകുന്നതിനു പകരം ദൈവത്തെ സേവിക്കാൻ തീരുമാനിച്ചെന്ന് അറിഞ്ഞപ്പോൾ മിര്യാമിന്റെ ഹൃദയം അഭിമാനംകൊണ്ട് തുടിച്ചുകാണും. 40 വയസ്സായപ്പോൾ മോശ തന്റെ ജനത്തിനുവേണ്ടി ഒരു നിലപാടെടുത്തു. ഒരു എബ്രായ അടിമയെ ഉപദ്രവിച്ച ഈജിപ്തുകാരനെ മോശ കൊന്നു. തന്റെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ മോശ ഈജിപ്തിൽനിന്ന് ഓടിപ്പോയി.—പുറപ്പാട് 2:11-15; പ്രവൃത്തികൾ 7:23-29; എബ്രായർ 11:24-26.
മോശ ആരോരുമറിയാതെ അങ്ങു ദൂരെ മിദ്യാനിൽ ഒരു ആട്ടിടയനായി ജീവിച്ച അടുത്ത നാലു പതിറ്റാണ്ടോളംകാലം മിര്യാം തന്റെ സഹോദരനെക്കുറിച്ച് ഒന്നും കേട്ടുകാണില്ല. (പുറപ്പാട് 3:1; പ്രവൃത്തികൾ 7:29, 30) ക്ഷമയോടെ കാത്തിരുന്ന മിര്യാം പതിയെ വാർധക്യത്തിലേക്കു കാലൂന്നി. അക്കാലയളവിൽ തന്റെ ജനത്തിന്റെ ദുരിതങ്ങൾ അടിക്കടി വർധിക്കുന്നതിന് അവൾ സാക്ഷിയായി.
മിര്യാം എന്ന പ്രവാചിക
തന്റെ ജനത്തിന്റെ വിമോചകനായി ദൈവം അയച്ച മോശ ഒടുവിൽ തിരികെ എത്തിയപ്പോൾ സാധ്യതയനുസരിച്ച് മിര്യാമിനു 90-നോട് അടുത്ത് പ്രായമുണ്ടായിരുന്നു. മോശയുടെ വക്താവായിരുന്നു അഹരോൻ. ദൈവജനത്തെ വിട്ടയയ്ക്കണമെന്ന അപേക്ഷയുമായി മിര്യാമിന്റെ ആ രണ്ടു സഹോദരന്മാർ ഫറവോനെ സമീപിച്ചു. ഫറവോൻ അവരുടെ വാക്കുകൾക്കു ചെവികൊടുക്കാതിരുന്നപ്പോഴും ദൈവം അയച്ച പത്ത് ബാധകളെക്കുറിച്ച് ഈജിപ്തുകാർക്കു മുന്നറിയിപ്പ് കൊടുക്കാൻ അവർക്കു വീണ്ടുംവീണ്ടും ഫറവോന്റെ അടുക്കൽ ചെല്ലേണ്ടിവന്നപ്പോഴും മിര്യാം അവർക്കു പ്രോത്സാഹനവും പിന്തുണയും ഏകി കൂടെ നിന്നുകാണും. ഒടുവിൽ ഈജിപ്തുകാരുടെ എല്ലാ ആദ്യജാതന്മാരും സംഹരിക്കപ്പെട്ട അവസാനത്തെ ബാധയോടെ ഇസ്രായേല്യർക്ക് ഈജിപ്തു വിട്ടുപോരാനുള്ള സമയം വന്നെത്തി. മോശയുടെ നേതൃത്വത്തിൽ അവർ അവിടം വിട്ടുപോന്നപ്പോൾ ഉത്സാഹത്തോടെ ഓടിനടന്ന് ജനത്തെ സഹായിക്കുന്ന മിര്യാമിനെ നിങ്ങൾക്കു കാണാനാകുന്നുണ്ടോ?—പുറപ്പാട് 4:14-16, 27-31; 7:1–12:51.
പിന്നീട് ഇസ്രായേല്യർ ചെങ്കടലിനും ഈജിപ്ഷ്യൻ സൈന്യത്തിനും ഇടയിൽ കുടുങ്ങിയപ്പോൾ മോശ കടലിന് അഭിമുഖമായി നിന്ന് തന്റെ വടി ഉയർത്തുന്നത് മിര്യാം സ്വന്തം കണ്ണാലെ കണ്ടു. കടൽ രണ്ടായി പിരിഞ്ഞു. മോശ കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടെ ആ ജനത്തെ നയിച്ചപ്പോൾ മിര്യാമിന് യഹോവയിലുള്ള വിശ്വാസം മുമ്പെന്നത്തേതിലും അധികം ശക്തമായിക്കാണും. എന്തും ചെയ്യാൻ കഴിയുന്ന, ഏതു വാഗ്ദാനവും നിറവേറ്റാൻ ശക്തിയുള്ള ഒരു ദൈവത്തെയാണ് താൻ സേവിക്കുന്നതെന്ന് അവൾക്കു ബോധ്യമായി!—പുറപ്പാട് 14:1-31.
ജനമെല്ലാം സുരക്ഷിതരായി അപ്പുറം കടക്കുകയും സമുദ്രജലം ഫറവോനെയും അവന്റെ സൈന്യത്തെയും മൂടിക്കളയുകയും ചെയ്തപ്പോൾ മിര്യാമിന് ഒരു കാര്യം ബോധ്യമായി—ലോകത്തെ ഏറ്റവും കരുത്തുറ്റ സേനയെക്കാൾ ശക്തനാണ് യഹോവ! ഇതു കണ്ടപ്പോൾ ജനമെല്ലാം യഹോവയെ സ്തുതിച്ച് ഒരു പാട്ട് പാടി. അതിനു പ്രതിഗാനമായി സ്ത്രീകൾ മിര്യാമിന്റെ നേതൃത്വത്തിൽ ഇങ്ങനെ പാടി: “യഹോവയെ പാടി സ്തുതിക്കുവിൻ. കാരണം നമ്മുടെ ദൈവം മഹോന്നതനായിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും കടലിലേക്കു ചുഴറ്റി എറിഞ്ഞിരിക്കുന്നു.”—പുറപ്പാട് 15:20, 21; സങ്കീർത്തനം 136:15.
മിര്യാമിന്റെ നേതൃത്വത്തിൽ ഇസ്രായേല്യസ്ത്രീകൾ ചെങ്കടലിന്റെ തീരത്തുവെച്ച് ഒരു വിജയഗീതം പാടി
എന്നും മിര്യാമിന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു അവിസ്മരണീയ മുഹൂർത്തമായിരുന്നു അത്. ബൈബിളിൽ ഇവിടെ മിര്യാമിനെ ഒരു പ്രവാചിക എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഈ വിശേഷണം ലഭിച്ച ആദ്യത്തെ സ്ത്രീയാണ് മിര്യാം. യഹോവയെ ഇങ്ങനെ ഒരു പ്രത്യേക വിധത്തിൽ സേവിക്കാനുള്ള പദവി വിരലിലെണ്ണാവുന്ന സ്ത്രീകൾക്കേ ലഭിച്ചിട്ടുള്ളൂ.—ന്യായാധിപന്മാർ 4:4; 2 രാജാക്കന്മാർ 22:14; യശയ്യ 8:3; ലൂക്കോസ് 2:36.
യഹോവ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്നും നമ്മുടെ ചെറിയചെറിയ ശ്രമങ്ങൾക്കും നമ്മൾ കാണിക്കുന്ന ക്ഷമയ്ക്കും തന്നെ സ്തുതിക്കാനുള്ള നമ്മുടെ ആഗ്രഹത്തിനും പ്രതിഫലം തരാൻ യഹോവ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണെന്നും ഈ ബൈബിൾവിവരണം നമ്മളെ ഓർമിപ്പിക്കുന്നു. ചെറുപ്പക്കാരോ പ്രായമുള്ളവരോ, സ്ത്രീയോ പുരുഷനോ ആരായാലും നമുക്ക് യഹോവയിൽ വിശ്വാസമർപ്പിക്കാനാകും. അത്തരം വിശ്വാസം ദൈവത്തിന് എന്ത് ഇഷ്ടമാണെന്നോ! ദൈവം അത് ഒരിക്കലും മറക്കില്ല. അതിനു പ്രതിഫലം തരാൻ യഹോവയ്ക്കു സന്തോഷമാണ്. (എബ്രായർ 6:10; 11:6) ഇതുകൊണ്ടുതന്നെ നമ്മൾ മിര്യാമിന്റെ വിശ്വാസം അനുകരിക്കേണ്ടതല്ലേ?
മിര്യാമിനെ അഹങ്കാരം പിടികൂടുന്നു
ഉത്തരവാദിത്വങ്ങളും പ്രാമുഖ്യതയും ലഭിക്കുമ്പോൾ അനുഗ്രഹങ്ങളോടൊപ്പം ചിലപ്പോൾ ചില അപകടങ്ങളും വന്നുചേരാം. ഇസ്രായേല്യർ അടിമത്തത്തിൽനിന്ന് മോചിതരായ സമയത്ത് ആ ജനതയിൽ ഏറ്റവും പ്രാമുഖ്യതയുള്ള സ്ത്രീ മിര്യാമായിരുന്നിരിക്കാം. അവളെ അഹങ്കാരമോ സ്ഥാനമോഹമോ പിടികൂടുമായിരുന്നോ? (സുഭാഷിതങ്ങൾ 16:18) സങ്കടകരമെന്നു പറയട്ടെ, കുറച്ച് കാലത്തേക്ക് അങ്ങനെ സംഭവിച്ചു.
ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മോശയെ കാണാൻ അങ്ങ് ദൂരെനിന്ന് ഒരു കൂട്ടം ആളുകൾ വന്നു. മോശയുടെ ഭാര്യ സിപ്പോറയെയും അവരുടെ രണ്ട് ആൺമക്കളെയും കൂട്ടി അമ്മായിയപ്പനായ യിത്രൊ അവിടേക്കു വന്നതായിരുന്നു. മിദ്യാനിലെ 40 വർഷത്തെ പരദേശവാസത്തിനിടെ മോശ വിവാഹംകഴിച്ചതായിരുന്നു സിപ്പോറയെ. മുമ്പൊരിക്കൽ സാധ്യതയനുസരിച്ച് കുടുംബാംഗങ്ങളെ കാണാൻ സിപ്പോറ മിദ്യാനിലേക്കു മടങ്ങിയിരുന്നു. ഇപ്പോൾ അപ്പൻ അവളെ ഇസ്രായേല്യപാളയത്തിൽ കൊണ്ടാക്കാൻ വന്നതാണ്. (പുറപ്പാട് 18:1-5) ആ വരവ് ഇസ്രായേല്യ പാളയത്തിൽ ആകെ ഒരു ചലനം സൃഷ്ടിച്ചുകാണും. ഈജിപ്തിൽനിന്ന് തങ്ങളെ വിടുവിച്ചു കൊണ്ടുവരാൻ ദൈവം തിരഞ്ഞെടുത്ത ആളുടെ ഭാര്യയെ ഒരുനോക്ക് കാണാൻ പലരും വെമ്പൽകൊണ്ടിരിക്കാം.
മിര്യാമിനും സന്തോഷമായോ? തുടക്കത്തിലൊക്കെ സന്തോഷമായിരുന്നിരിക്കാം. പക്ഷേ പിന്നീട് അഹങ്കാരം അവളെ പിടികൂടിയെന്നു തോന്നുന്നു. ഇപ്പോൾ സിപ്പോറ വന്നതുകൊണ്ട് ഇസ്രായേല്യർക്കിടയിൽ തനിക്കുള്ള പ്രാമുഖ്യത നഷ്ടമാകുമോ എന്നു മിര്യാം ഭയന്നിരിക്കാം. ഏതായാലും മിര്യാമിന്റെയും അഹരോന്റെയും സംസാരത്തിൽ കുറ്റംപറച്ചിൽ സ്ഥാനംപിടിച്ചു. സ്വാഭാവികമായും അവരുടെ സംസാരത്തിൽ പതിയെപ്പതിയെ വിദ്വേഷവും പകയും കലരാൻതുടങ്ങി. ആദ്യമൊക്കെ അവരുടെ സംസാരം സിപ്പോറയെക്കുറിച്ചായിരുന്നു. അവൾ ഒരു ഇസ്രായേല്യ അല്ല കൂശ്യസ്ത്രീ * ആണെന്നായിരുന്നു പരാതി. പക്ഷേ പതിയെപ്പതിയെ ആ സംസാരം മോശയ്ക്കെതിരെയുള്ള പരാതിപറച്ചിലായി. മിര്യാമും അഹരോനും പറഞ്ഞു: “മോശയിലൂടെ മാത്രമാണോ യഹോവ സംസാരിച്ചിട്ടുള്ളത്, ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ?”—സംഖ്യ 12:1, 2.
കുഷ്ഠരോഗിയായ മിര്യാം
മിര്യാമിന്റെയും അഹരോന്റെയും ഉള്ളിൽ ചില ദുർഗുണങ്ങൾ നുരഞ്ഞുപൊങ്ങുന്നതിന്റെ സൂചന നിങ്ങൾക്ക് ആ വാക്കുകളിൽ കാണാനാകുന്നുണ്ടോ? യഹോവ മോശയെ ഇങ്ങനെയൊക്കെ ഉപയോഗിക്കുന്നത് അവർക്കു രസിക്കുന്നില്ലായിരുന്നു. അവർ കൂടുതൽ അധികാരവും സ്വാധീനവും മോഹിച്ചു. മോശ അധികാരം ദുർവിനിയോഗം ചെയ്തതുകൊണ്ടോ സ്ഥാനമോഹിയായതുകൊണ്ടോ ആണോ അവർക്ക് ഇങ്ങനെ തോന്നിയത്? ചില കുറവുകളൊക്കെ ഉണ്ടായിരുന്നെങ്കിലും മോശ അധികാരമോഹമോ അഹങ്കാരമോ ഉള്ള ആളല്ലായിരുന്നു. “മോശ ഭൂമിയിലുള്ള എല്ലാ മനുഷ്യരെക്കാളും സൗമ്യനായിരുന്നു” എന്നാണു ദൈവവചനം പറയുന്നത്. എന്തായാലും മിര്യാമും അഹരോനും അതിരുകടന്നുപോയിരുന്നു, അപകടത്തിലേക്കായിരുന്നു അവരുടെ പോക്ക്. “പക്ഷേ യഹോവ അതു കേൾക്കുന്നുണ്ടായിരുന്നു” എന്നാണു വിവരണം പറയുന്നത്.—സംഖ്യ 12:2, 3.
ഉടൻതന്നെ യഹോവ ആ മൂന്നു കൂടപ്പിറപ്പുകളെയും സാന്നിധ്യകൂടാരത്തിലേക്കു വിളിപ്പിച്ചു. അപ്പോൾ യഹോവയുടെ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന ഗംഭീരമായ മേഘസ്തംഭം ഇറങ്ങിവന്ന് കൂടാരവാതിൽക്കൽ നിന്നു. യഹോവ സംസാരിച്ചു. തനിക്കു മോശയുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ചും താൻ അവനിൽ അർപ്പിച്ച വലിയ വിശ്വാസത്തെക്കുറിച്ചും മിര്യാമിനെയും അഹരോനെയും ഓർമിപ്പിച്ച യഹോവ അവരെ ശകാരിച്ചു. യഹോവ ചോദിച്ചത് ഇതായിരുന്നു: “അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?” മിര്യാമും അഹരോനും വിറച്ചുപോയിക്കാണും. മോശയോട് അവർ കാണിച്ച അനാദരവ് തനിക്കെതിരെയുള്ള അനാദരവായിട്ടാണ് യഹോവ കണ്ടത്.—സംഖ്യ 12:4-8.
സഹോദരന്റെ ഭാര്യക്കെതിരെയുള്ള ഈ നീക്കത്തിനു തന്റെ അനിയനെയും കൂട്ടുപിടിച്ച് മുന്നിട്ടിറങ്ങിയത് മിര്യാമായിരിക്കാനാണു സാധ്യത. അതുകൊണ്ടായിരിക്കാം അപ്പോൾ ശിക്ഷ മിര്യാമിനു ലഭിച്ചത്. അവൾക്കു കുഷ്ഠരോഗം ബാധിക്കാൻ യഹോവ ഇടയാക്കി. പേടിപ്പെടുത്തുന്ന ഈ രോഗംപിടിച്ച് അവളുടെ ത്വക്ക് ‘മഞ്ഞുപോലെ വെളുത്തു.’ ഉടൻതന്നെ അഹരോൻ, മിര്യാമിനുവേണ്ടി യഹോവയോട് അപേക്ഷിക്കാൻ മോശയോടു യാചിച്ചു. അഹരോൻ താഴ്മയോടെ പറഞ്ഞു: “വിഡ്ഢിത്തമാണു ഞങ്ങൾ കാണിച്ചത്.” സൗമ്യനായ മോശ അപ്പോൾ യഹോവയെ ഇങ്ങനെ വിളിച്ചപേക്ഷിച്ചു: “ദൈവമേ, ദയവായി, ദയവായി മിര്യാമിനെ സുഖപ്പെടുത്തേണമേ!” (സംഖ്യ 12:9-13) കുറവുകളൊക്കെ ഉണ്ടെങ്കിലും തങ്ങളുടെ മൂത്ത സഹോദരിയെ അവർ ഇരുവരും എത്രമാത്രം സ്നേഹിച്ചിരുന്നു എന്നാണ് അവരുടെ വേദനയും വിഷമവും സൂചിപ്പിക്കുന്നത്.
മിര്യാമിനു ക്ഷമ കിട്ടുന്നു
കരുണ കാണിച്ച യഹോവ, പശ്ചാത്തപിച്ച മിര്യാമിനോടു ക്ഷമിച്ചു. എന്നാൽ അവൾ ഇസ്രായേല്യപാളയത്തിനു പുറത്ത് ആരുമായും സമ്പർക്കം ഇല്ലാതെ ഏഴു ദിവസം കഴിച്ചുകൂട്ടണമെന്നു യഹോവ പറഞ്ഞു. ശിക്ഷണംകിട്ടി ഇസ്രായേല്യപാളയത്തിനു പുറത്തുപോകേണ്ടിവരുന്നത് വലിയ ഒരു അപമാനമായി മിര്യാമിനു തോന്നിയിരിക്കാം. പക്ഷേ വിശ്വാസം അവളെ രക്ഷിച്ചു. തന്റെ പിതാവായ യഹോവ നീതിമാനാണെന്നും തനിക്കു ശിക്ഷണം തന്നതു സ്നേഹംകൊണ്ടാണെന്നും ഉള്ളിന്റെയുള്ളിൽ അവൾക്കു നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് മിര്യാം ദൈവം പറഞ്ഞത് അനുസരിച്ചു. അങ്ങനെ ഒറ്റയ്ക്ക് ഏഴു ദിവസങ്ങൾ. ഈ സമയമത്രയും ഇസ്രായേൽപാളയത്തിലുള്ളവർ അവൾക്കുവേണ്ടി കാത്തിരുന്നു. ഒടുവിൽ മിര്യാമിന്റെ വിശ്വാസത്തിന്റെ മാറ്റ് വീണ്ടും തെളിയിക്കപ്പെട്ടു. അവൾ താഴ്മയോടെ “തിരികെ” പാളയത്തിലേക്കു പ്രവേശിക്കാൻ തയ്യാറായി.—സംഖ്യ 12:14, 15.
താൻ സ്നേഹിക്കുന്നവർക്കു യഹോവ ശിക്ഷണം കൊടുക്കും. (എബ്രായർ 12:5, 6) യഹോവ മിര്യാമിനെ അത്രമേൽ സ്നേഹിച്ചിരുന്നതുകൊണ്ട് അവളുടെ അഹങ്കാരം തിരുത്താതെ വിടാൻ യഹോവയ്ക്കായില്ല. അൽപ്പം വേദനിച്ചെങ്കിലും ആ തിരുത്തൽ അവളെ രക്ഷിച്ചു. വിശ്വാസത്തോടെ അതു സ്വീകരിച്ചതുകൊണ്ട് അവൾക്കു വീണ്ടും യഹോവയുടെ പ്രീതി ലഭിച്ചു. വിജനഭൂമിയിലെ പ്രവാസകാലം ഏതാണ്ട് അവസാനിക്കുന്നതുവരെ അവൾ ജീവിച്ചിരുന്നു. സീൻ വിജനഭൂമിയിലെ കാദേശിൽവെച്ച് മിര്യാം മരിക്കുമ്പോൾ സാധ്യതയനുസരിച്ച് അവൾക്കു 130-വയസ്സിനോട് * അടുത്ത് പ്രായമുണ്ടായിരുന്നു. (സംഖ്യ 20:1) നൂറ്റാണ്ടുകൾക്കിപ്പുറം, യഹോവ മിര്യാമിന്റെ വിശ്വസ്ത സേവനത്തെ സ്നേഹത്തോടെ ഓർക്കുകയും ആദരിക്കുകയും ചെയ്തു. മീഖ പ്രവാചകനിലൂടെ യഹോവ തന്റെ ജനത്തെ ഇങ്ങനെ ഓർമിപ്പിച്ചു: “അടിമവീട്ടിൽനിന്ന് ഞാൻ നിങ്ങളെ മോചിപ്പിച്ചു; നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.”—മീഖ 6:4.
യഹോവയിൽനിന്ന് ശിക്ഷണം കിട്ടിയപ്പോഴും താഴ്മയുള്ളവളായിരിക്കാൻ വിശ്വാസം മിര്യാമിനെ സഹായിച്ചു
മിര്യാമിന്റെ ജീവിതത്തിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. ഒരു കുട്ടിയായിരുന്നപ്പോൾ അവൾ ചെയ്തതുപോലെ നമ്മൾ നിസ്സഹായരുടെ തുണയ്ക്കെത്തുകയും ശരിയായതിനുവേണ്ടി ധൈര്യത്തോടെ സംസാരിക്കുകയും വേണം. (യാക്കോബ് 1:27) മിര്യാമിനെപ്പോലെ നമ്മളും ദൈവത്തിന്റെ പ്രഖ്യാപനങ്ങൾ സന്തോഷത്തോടെ മറ്റുള്ളവരെ അറിയിക്കണം. (റോമർ 10:15) അസൂയ, പക എന്നീ ദുർഗുണങ്ങൾ ഒഴിവാക്കാൻ പഠിക്കുന്നതിലും മിര്യാം നമുക്ക് ഒരു മാതൃകയാണ്. (സുഭാഷിതങ്ങൾ 14:30) അവളെപ്പോലെ യഹോവയിൽനിന്നുള്ള തിരുത്തൽ നമ്മൾ താഴ്മയോടെ സ്വീകരിക്കുകയും വേണം. (എബ്രായർ 12:5) ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മളും മിര്യാമിന്റെ ശക്തമായ വിശ്വാസം അനുകരിക്കുകയാണ്.
^ ഖ. 28 സിപ്പോറയുടെ കാര്യത്തിൽ, കൂശ്യസ്ത്രീ എന്ന പദം ഉപയോഗിച്ചത് അവൾ ഒരു എത്യോപ്യക്കാരി ആണെന്ന അർഥത്തിൽ ആയിരിക്കില്ല. മറ്റു മിദ്യാന്യരെപ്പോലെ അവളും അറേബ്യയിൽനിന്ന് ഉള്ളവളായിരിക്കാനാണ് സാധ്യത.
^ ഖ. 35 ആ മൂന്നു സഹോദരങ്ങൾ, ജനിച്ച അതേ ക്രമത്തിലാണു മരിച്ചതും—ആദ്യം മിര്യാം, പിന്നെ അഹരോൻ, പിന്നെ മോശ. സാധ്യതയനുസരിച്ച്, ഒരു വർഷത്തിനുള്ളിലാണ് അവർ മൂന്നു പേരും മരിച്ചത്.