വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ എന്നേക്കും ജീവിക്കാനാകും

നിങ്ങൾക്ക്‌ എന്നേക്കും ജീവിക്കാനാകും

നിങ്ങൾക്ക്‌ എന്നേക്കും ജീവിക്കാനാകും

ഏതെങ്കിലും വിധത്തിലുള്ള നിത്യജീവന്റെ പ്രതീക്ഷ മനസ്സിൽ താലോലിക്കുന്നവരാണ്‌ ബഹുഭൂരിഭാഗം മതവിശ്വാസികളും. വിശദാംശങ്ങൾ ഓരോ മതത്തിലും വ്യത്യാസപ്പെട്ടിരിക്കാം, എന്നാൽ അടിസ്ഥാനപരമായി എല്ലാവരും ഒരേ പ്രത്യാശ വെച്ചുപുലർത്തുന്നു​—⁠മരണഭീഷണിയില്ലാതെ ഉത്തമമായ ചുറ്റുപാടുകളിൽ സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള പ്രത്യാശ. നിങ്ങളും അതല്ലേ ആഗ്രഹിക്കുന്നത്‌? ഈ വിശ്വാസങ്ങൾ ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ എന്നെങ്കിലും പൂവണിയുമോ?

ആദിമുതൽത്തന്നെ, എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം മനുഷ്യന്‌ ഉണ്ടായിരുന്നു; ആദ്യ മനുഷ്യജോഡി സൃഷ്ടിക്കപ്പെട്ടതുതന്നെ ആ ആഗ്രഹത്തോടെയാണെന്നു തിരുവെഴുത്തുകൾ കാണിക്കുന്നു. ദൈവം “നിത്യത . . . മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു.​—⁠സഭാപ്രസംഗി 3:⁠11.

എന്നിരുന്നാലും, എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം സാക്ഷാത്‌കരിക്കുന്നതിന്‌, ആ ആദ്യ മനുഷ്യജോഡി ശരിയും തെറ്റും എന്തെന്നു തീരുമാനിക്കുന്നതിനുള്ള ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കേണ്ടിയിരുന്നു. അവർ അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, യഹോവ അവർക്കായി ഒരുക്കിയിരുന്ന ഏദെൻ തോട്ടത്തിൽ “എന്നേക്കും ജീവിപ്പാൻ” യോഗ്യരായി അവൻ അവരെ കണക്കാക്കുമായിരുന്നു.​—⁠ഉല്‌പത്തി 2:8; 3:⁠22.

എന്നേക്കുമുള്ള ജീവിതം നഷ്ടമാകുന്നു

ദൈവം ഏദെൻ തോട്ടത്തിൽ ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം’ നട്ടുവെന്ന്‌ ബൈബിൾ പറയുന്നു; ഈ വൃക്ഷത്തിന്റെ ഫലം കഴിക്കരുതെന്നും കഴിച്ചാൽ മരിക്കുമെന്നും ദൈവം ആദാമിനോടും ഹവ്വായോടും കൽപ്പിക്കുകയും ചെയ്‌തു. (ഉല്‌പത്തി 2:9, 17) ആദാമും ഹവ്വായും ആ ഫലം കഴിക്കാതിരിക്കുന്നത്‌ അവർ യഹോവയുടെ അധികാരത്തെ അംഗീകരിക്കുന്നുവെന്നു പ്രകടമാക്കുമായിരുന്നു. അതേസമയം, ആ വൃക്ഷഫലം കഴിക്കുന്നത്‌ അവർ ദൈവത്തിന്റെ അധികാരത്തെ തള്ളിക്കളയുന്നതിനെ സൂചിപ്പിക്കുമായിരുന്നു. ആദാമും ഹവ്വായും യഹോവയുടെ നിർദേശങ്ങളോട്‌ അനുസരണക്കേടു കാണിച്ചുകൊണ്ട്‌, ദൈവത്തിന്റെ അധികാരത്തോടു മത്സരിച്ച ഒരു ആത്മസൃഷ്ടിയായ സാത്താന്റെ പക്ഷം ചേർന്നു. തത്‌ഫലമായി, ആദാമിനും ഹവ്വായ്‌ക്കും എന്നേക്കും ജീവിക്കാനുള്ള യോഗ്യതയില്ലെന്നു ദൈവം നിശ്ചയിച്ചു, അതു തികച്ചും ഉചിതവുമായിരുന്നു.​—⁠ഉല്‌പത്തി 3:1-6.

ദൈവം അവർക്കു മുമ്പിൽ വെച്ചത്‌ ജീവനും മരണവും ആയിരുന്നു; ജീവൻ അസ്‌തിത്വത്തെയും മരണം അസ്‌തിത്വമില്ലായ്‌മയെയും അർഥമാക്കി. അനുസരണക്കേടിന്റെ ഫലം മരണവും അങ്ങനെ അസ്‌തിത്വത്തിന്റെ പരിപൂർണ പരിസമാപ്‌തിയും ആയിരുന്നു. ആദാമിനോ ഹവ്വായ്‌ക്കോ അവരുടെ സന്താനങ്ങളിൽ ആർക്കെങ്കിലുമോ ഏതെങ്കിലും മാന്ത്രിക മരുന്നിനാലോ മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവിനാലോ അസ്‌തിത്വത്തിൽ തുടരാൻ സാധിക്കുമായിരുന്നില്ല. *

ആദാമിന്റെ മത്സരം അവന്റെ സന്തതികൾക്കെല്ലാം കഷ്ടപ്പാട്‌ വരുത്തിവെച്ചു. അപ്പൊസ്‌തലനായ പൗലൊസ്‌ ആ മത്സരത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച്‌ വിശദീകരിക്കുകയുണ്ടായി. അവൻ ഇപ്രകാരം എഴുതി: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”​—⁠റോമർ 5:⁠12.

എന്നേക്കുമുള്ള ജീവിതം തിരികെക്കിട്ടുന്നു

ആദാമിന്റെ സന്തതികളുടെ അവസ്ഥയെക്കുറിച്ചു വർണിക്കവേ അപ്പൊസ്‌തലനായ പൗലൊസ്‌ അതിനെ ഒന്നാം നൂറ്റാണ്ടിലെ ഒരു അടിമയുടെ അവസ്ഥയോട്‌ ഉപമിച്ചു. പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപം നിമിത്തം ആദാമിന്റെയും ഹവ്വായുടെയും മക്കൾ മരണത്തിനു വിധിക്കപ്പെട്ട, പാപത്തിന്റെ അടിമകൾ ആയി പിറന്നു; അതിൽനിന്ന്‌ അവർക്കു രക്ഷപ്പെടാനാകില്ലായിരുന്നു. (റോമർ 5:12; 6:16, 17) അതേ, അവർക്ക്‌ രക്ഷപ്പെടാനാകില്ലായിരുന്നു​—⁠അവരെ സ്വതന്ത്രരാക്കുന്നതിന്‌ യഹോവ നിയമപരമായ ഒരു ക്രമീകരണം ചെയ്‌തില്ലായിരുന്നെങ്കിൽ. പൗലൊസ്‌ ഇങ്ങനെ വിശദീകരിച്ചു: “ഏകലംഘനത്താൽ [ആദാമിന്റെ ലംഘനത്താൽ] സകലമനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.” ആ “നീതി”പ്രവൃത്തി, യേശു തന്റെ പൂർണ മനുഷ്യജീവൻ “എല്ലാവർക്കും വേണ്ടി [തത്തുല്യ] മറുവിലയായി” അർപ്പിക്കുന്നതിലേക്കു നയിച്ചു. മനുഷ്യവർഗത്തെ “ശിക്ഷാവിധി”യിൽനിന്നു മോചിപ്പിക്കാനുള്ള മറുവിലയുടെ നിയമാധികാരം യഹോവ അംഗീകരിച്ചു.​—⁠റോമർ 5:16, 18, 19; 1 തിമൊഥെയൊസ്‌ 2:5, 6.

അതുകൊണ്ടുതന്നെ നിത്യജീവിതത്തിലേക്കുള്ള കവാടത്തിന്റെ താക്കോൽ ശാസ്‌ത്രജ്ഞർ ജനിതകരേഖയിൽ ഒരിക്കലും കണ്ടെത്തുകയില്ല. ആ താക്കോൽ മറ്റൊരിടത്താണുള്ളത്‌. ബൈബിൾ പറയുന്നതനുസരിച്ച്‌, മനുഷ്യവർഗത്തിന്റെ മരണത്തിന്റെ മൂലകാരണം ധാർമികവും നിയമപരവുമായ ഒന്നാണ്‌, ജീവശാസ്‌ത്രപരമായ ഒന്നല്ല. എന്നേക്കുമുള്ള ജീവിതം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗവും​—⁠യേശുവിന്റെ മറുവിലയാഗം​—⁠നിയമപരമാണ്‌. ദൈവത്തിന്റെ നീതിയുടെയും സ്‌നേഹദയയുടെയും ഒരു പ്രകടനം കൂടിയാണ്‌ മറുവില. അങ്ങനെയെങ്കിൽ, ആരായിരിക്കും ഈ മറുവിലയിൽനിന്നു പ്രയോജനം അനുഭവിച്ചുകൊണ്ട്‌ എന്നേക്കുമുള്ള ജീവിതം കരസ്ഥമാക്കുക?

അമർത്യതയെന്ന സമ്മാനം

യഹോവയാം ദൈവം “അനാദിയായും ശാശ്വതമായും” ഉള്ളവനാകുന്നു. അവൻ അമർത്യനാണ്‌. (സങ്കീർത്തനം 90:2) അമർത്യതയെന്ന സമ്മാനം യഹോവ ആദ്യമായി നൽകിയത്‌ യേശുക്രിസ്‌തുവിനായിരുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ വിശദീകരിക്കുന്നു: “ക്രിസ്‌തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെ മേൽ ഇനി കർത്തൃത്വമില്ല.” (റോമർ 6:9) വാസ്‌തവത്തിൽ, പുനരുത്ഥാനം പ്രാപിച്ച യേശുവും ഭൂമിയിലെ ഭരണാധികാരികളും തമ്മിലുള്ള വൈരുധ്യം വ്യക്തമാക്കിക്കൊണ്ട്‌ അവരുടെയിടയിൽ അമർത്യതയുള്ള ഒരേ ഒരാൾ യേശുവാണെന്ന്‌ പൗലൊസ്‌ പറയുന്നു. യേശു “എന്നേക്കും” ജീവിച്ചിരിക്കും. അവന്റെ ജീവൻ “അനശ്വര”മാണ്‌ (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം).​—⁠എബ്രായർ 7:15-17, 23-25; 1 തിമൊഥെയൊസ്‌ 6:15, 16.

എന്നാൽ അത്തരമൊരു സമ്മാനം യേശുവിനു മാത്രമല്ല ലഭിക്കുന്നത്‌. സ്വർഗീയ മഹത്ത്വത്തിൽ രാജാക്കന്മാരായി വാഴാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾക്കും യേശുവിനു ലഭിച്ചതുപോലെയുള്ള പുനരുത്ഥാനം ലഭിക്കുന്നു. (റോമർ 6:5) അപ്പൊസ്‌തലനായ യോഹന്നാൻ പറയുന്നതനുസരിച്ച്‌ ഈ പദവി 1,44,000 പേർക്കാണു നൽകപ്പെടുന്നത്‌. (വെളിപ്പാടു 14:1) അവർക്കും അമർത്യത ലഭിക്കുന്നു. അവരുടെ പുനരുത്ഥാനത്തെക്കുറിച്ച്‌ പൗലൊസ്‌ പറയുന്നു: “മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, . . . കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.” ഇത്തരം പുനരുത്ഥാനം ലഭിക്കുന്നവർ പിന്നീടൊരിക്കലും മരിക്കില്ല.​—⁠1 കൊരിന്ത്യർ 15:⁠50-53; വെളിപ്പാടു 20:⁠6.

ഈ ദിവ്യവെളിപ്പാട്‌ ശ്രദ്ധേയമാണ്‌ എന്നതിനു സംശയമില്ല. കാരണം ആത്മവ്യക്തികളാണെങ്കിലും ദൂതന്മാർപോലും അമർത്യരായിട്ടല്ല സൃഷ്ടിക്കപ്പെട്ടത്‌. സാത്താന്റെ മത്സരത്തിൽ അവനോടൊപ്പം ചേർന്ന ആത്മസൃഷ്ടികൾ നശിപ്പിക്കപ്പെടും എന്നതിൽനിന്ന്‌ ഈ വസ്‌തുത വ്യക്തമാണ്‌. (മത്തായി 25:41) ഇതിൽനിന്നു വ്യത്യസ്‌തമായി, യേശുവിന്റെ സഹഭരണാധികാരികൾക്ക്‌ അമർത്യതയെന്ന സമ്മാനം ലഭിക്കുന്നു. യഹോവയ്‌ക്ക്‌ അവരുടെ വിശ്വസ്‌തതയിൽ അചഞ്ചലമായ ഉറപ്പുണ്ട്‌ എന്നതിന്റെ തെളിവാണിത്‌.

ജീവിച്ചിരുന്നിട്ടുള്ള ശതകോടിക്കണക്കിന്‌ ആളുകളോടുള്ള താരതമ്യത്തിൽ ഒരു ചെറിയകൂട്ടം, അതായത്‌ 1,44,000 പേർ മാത്രമേ, എന്നേക്കും ജീവിക്കുകയുള്ളു എന്നാണോ ഇതിന്റെ അർഥം? അല്ല. അത്‌ എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.

ഒരു പറുദീസാ ഭൂമിയിൽ എന്നേക്കുമുള്ള ജീവിതം

ഒരു പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കാൻ അവസരം നൽകപ്പെട്ടിരിക്കുന്ന എണ്ണിക്കൂടാനാവാത്ത ഒരുകൂട്ടം ആളുകളെക്കുറിച്ചുള്ള മനോഹരമായ ഒരു വർണന ബൈബിളിലെ വെളിപ്പാടു പുസ്‌തകത്തിൽ നാം കാണുന്നു. പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു വരുകയും യുവത്വത്തിന്റെ ആരോഗ്യവും ഓജസ്സും തിരികെ ലഭിക്കുകയും ചെയ്‌തവരും അവരോടൊപ്പം ഉണ്ട്‌. (വെളിപ്പാടു 7:9; 20:12, 13; 21:​3-5എ) “ദൈവത്തിന്റെ . . . സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി”യിലേക്ക്‌ അവർ നയിക്കപ്പെടുന്നു. അതിന്റെ തീരങ്ങളിൽ “ജീവവൃക്ഷം ഉണ്ടു; . . . വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” യഹോവയാം ദൈവത്തിന്റെ ദയാപൂർവകമായ ക്ഷണം ഇതാണ്‌: “ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.”​—⁠വെളിപ്പാടു 22:1, 2, 17.

ഈ വൃക്ഷങ്ങളും ജലവും നൂറ്റാണ്ടുകൾക്കുമുമ്പ്‌ ആൽക്കെമിസ്റ്റുകളും പര്യവേക്ഷകരും അന്വേഷിച്ചുകൊണ്ടിരുന്നതരം ജീവാമൃതോ യുവത്വത്തിന്റെ നീരുറവയോ അല്ല. പകരം, ആരംഭത്തിൽ ഉണ്ടായിരുന്ന പൂർണതയുള്ള അവസ്ഥയിലേക്ക്‌ മനുഷ്യവർഗത്തെ തിരികെ കൊണ്ടുവരുന്നതിനുവേണ്ടി യേശുക്രിസ്‌തുവിലൂടെ ദൈവം ചെയ്‌തിരിക്കുന്ന കരുതലുകളെയാണ്‌ അവ പ്രതിനിധാനം ചെയ്യുന്നത്‌.

അനുസരണമുള്ള മനുഷ്യവർഗം ഭൂമിയിൽ നിത്യമായി ജീവിക്കണമെന്ന ദൈവത്തിന്റെ ഉദ്ദേശ്യത്തിന്‌ മാറ്റം വന്നിട്ടില്ല. ആ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടുകതന്നെ ചെയ്യും, കാരണം യഹോവ വിശ്വസ്‌തനാണ്‌. സങ്കീർത്തനം 37:29 പ്രസ്‌താവിക്കുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” ഈ വാഗ്‌ദാനം, നമ്മെയും സ്വർഗത്തിലെ അമർത്യ ജീവനായി മനുഷ്യരിൽനിന്ന്‌ തിരഞ്ഞെടുത്തിരിക്കുന്നവരെയും പിൻവരുന്നപ്രകാരം ഉദ്‌ഘോഷിക്കാൻ പ്രേരിപ്പിക്കുന്നു: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ [“നിത്യരാജാവേ,” NW], നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ.”​—⁠വെളിപ്പാടു 15:3, 4.

നിത്യജീവനെന്ന ആ വിലയേറിയ സമ്മാനം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ‘നിത്യരാജാവായ’ യഹോവയോട്‌ വിശ്വസ്‌തരും അനുസരണമുള്ളവരുമാണു നിങ്ങളെന്ന്‌ തെളിയിക്കേണ്ടിയിരിക്കുന്നു. യഹോവയെക്കുറിച്ചും ഇത്തരം ജീവിതം സാധ്യമാക്കിത്തരാൻ അവൻ ഉപയോഗിക്കുന്ന യേശുക്രിസ്‌തുവിനെക്കുറിച്ചും നിങ്ങൾ അറിയേണ്ടതുണ്ട്‌. ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ അംഗീകരിക്കാൻ മനസ്സൊരുക്കമുള്ള എല്ലാവർക്കും “നിത്യജീവൻ” എന്ന സമ്മാനം നൽകപ്പെടും.​—⁠യോഹന്നാൻ 17:⁠3.

[അടിക്കുറിപ്പ്‌]

^ ഖ. 7 മരണശേഷം എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച്‌ കൂടുതൽ അറിയുന്നതിന്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 6-ാമത്തെ അധ്യായം കാണുക.

[5-ാം പേജിലെ ചതുരം/ചിത്രം]

എക്കാലത്തെയും ഒരു സ്വപ്‌നം

പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) രണ്ടാം സഹസ്രാബ്ദത്തിലേതെന്നു കരുതപ്പെടുന്ന ഒരു മെസൊപ്പൊട്ടേമിയൻ ഇതിഹാസമായ ‘എപ്പിക്ക്‌ ഓഫ്‌ ഗിൽഗമേഷ്‌,’ നിത്യയൗവനത്തിനു വേണ്ടിയുള്ള അതിലെ നായകന്റെ അന്വേഷണത്തെക്കുറിച്ചു വർണിക്കുന്നു. മരണത്തെ അതിജീവിക്കുന്ന ഒരു ഭാഗം മനുഷ്യന്‌ ഉണ്ടെന്നു വിശ്വസിച്ചിരുന്ന പുരാതന കാലത്തെ ഈജിപ്‌തുകാർ അത്‌ ശരീരത്തിലേക്കു തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിൽ മൃതദേഹങ്ങൾ സുഗന്ധവർഗമിട്ടു സൂക്ഷിച്ചിരുന്നു. ഈജിപ്‌തിലെ ചില ശവകുടീരങ്ങളിൽ, മരിച്ചവർക്കു വേണ്ടിയുള്ള എല്ലാവിധ സാധനങ്ങളും സ്ഥാനംപിടിച്ചിരുന്നു; മരണാനന്തര ജീവിതത്തിലുള്ള ഈജിപ്‌തുകാരുടെ വിശ്വാസമായിരുന്നു ഇതിന്റെ പിന്നിലും.

ചൈനയിലെ ആൽക്കെമിസ്റ്റുകളുടെ ഇടയിലെ, ശരീരത്തിന്റെ അമർത്യതയിലുള്ള വിശ്വാസത്തിന്റെ വേരു തേടിപ്പോയാൽ പൊ.യു.മു. എട്ടാം നൂറ്റാണ്ടിലെങ്കിലും നാം എത്തിച്ചേർന്നേക്കും. മാന്ത്രിക മരുന്നിന്റെ സഹായത്തോടെ ഇതു നേടിയെടുക്കുന്നതിനുള്ള സാധ്യതയുടെ ഉത്ഭവം തേടിപ്പോയാൽ പൊ.യു.മു. നാലാം നൂറ്റാണ്ടിലായിരിക്കും നാമെത്തുക. മധ്യകാല യൂറോപ്പിലും അറേബ്യയിലും ഉണ്ടായിരുന്ന ആൽക്കെമിസ്റ്റുകളും ജീവാമൃതിനായി അന്വേഷണം നടത്തുകയും തങ്ങളുടേതായ വിധത്തിൽ അത്‌ ഉത്‌പാദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. അവർ തയ്യാറാക്കിയ ചില മിശ്രിതങ്ങളിൽ ആർസെനിക്‌, മെർക്കുറി, സൾഫർ എന്നിവയുടെ ലവണങ്ങൾ അടങ്ങിയിരുന്നു. ഈ ഔഷധക്കൂട്ടുകൾ പരീക്ഷിച്ചുനോക്കി എത്രപേർക്ക്‌ വിഷബാധയേറ്റെന്ന്‌ ആർക്കറിയാം!

യുവത്വത്തിന്റെ നീരുറവ എന്നു വിളിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഒരു കാലത്തു വ്യാപകമായിരുന്നു, ഈ നീരുവയിൽനിന്നു കുടിക്കുന്നവർക്കെല്ലാം യുവചൈതന്യം തിരികെക്കിട്ടുമെന്നു കരുതപ്പെട്ടിരുന്നു.

[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

എന്നേക്കുമുള്ള ജീവിതം വിരസമായിരിക്കുമോ?

എന്നേക്കുമുള്ള ജീവിതം അനന്തതയിലുടനീളം ആവർത്തിക്കപ്പെടുന്ന അർഥശൂന്യമായ നേരമ്പോക്കുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒന്നുമാത്രമായിരിക്കുമെന്നും അതുകൊണ്ടുതന്നെ അതു വിരസമായിരിക്കുമെന്നുമാണ്‌ ചിലരുടെ വാദം. അവരുടെ സങ്കൽപ്പത്തിലുള്ള നിത്യത, പലർക്കും വിരസവും അർഥശൂന്യവുമായി തോന്നുന്ന ഇന്നത്തെ ജീവിതരീതിയുടെയും അവസ്ഥകളുടെയും ഒരിക്കലും അവസാനിക്കാത്ത ഒരു തുടർക്കഥയായിരിക്കാം. എന്നാൽ ദൈവം പുനഃസ്ഥാപിക്കാൻ പോകുന്ന പറുദീസയിൽ മനുഷ്യർ “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കു”മെന്ന്‌ അവൻ വാഗ്‌ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:11) അത്തരമൊരു ജീവിതം യഹോവയുടെ സൃഷ്ടികളെക്കുറിച്ച്‌ അറിവു നേടാനുള്ള അവസരം മാനവരാശിക്കു പ്രദാനംചെയ്യും. മാത്രമല്ല, ഇന്ന്‌ നമുക്കു സ്വപ്‌നം കാണാൻ മാത്രം കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നതിനുള്ള സമയവും അവസരവും അതു നമുക്കു നൽകും; ഉദാഹരണത്തിന്‌, ആകർഷകമായ കഴിവുകൾ വളർത്തിയെടുക്കുക, വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുക, രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിങ്ങനെ.

ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ ജനിതകശാസ്‌ത്രജ്ഞനായ ഡോ. ഓബ്രി ഡി ഗ്രേ പറയുന്നു: “നല്ല വിദ്യാഭ്യാസവും അത്‌ വിനിയോഗിക്കാൻ സമയവുമുള്ളവർക്ക്‌ ഇന്ന്‌ വിരസത അനുഭവപ്പെടാറേയില്ല, മാത്രമല്ല അവർക്കെന്നും പുതിയ പുതിയ കാര്യങ്ങൾ ചെയ്യാനുമുണ്ടായിരിക്കും.” എന്നുവരികിലും “ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ” മനുഷ്യന്‌ ഒരിക്കലും കഴിയില്ലെന്നു ദൈവത്തിന്റെ നിശ്വസ്‌ത വചനം പറയുന്നു.​—⁠സഭാപ്രസംഗി 3:⁠11.