വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനന്തമായ ജീവിതം തേടി . . .

അനന്തമായ ജീവിതം തേടി . . .

അനന്തമായ ജീവിതം തേടി . . .

എന്നേക്കും ജീവിക്കുകയെന്നത്‌ എന്നും മാനവരാശിയുടെ ഒരു സ്വപ്‌നമായിരുന്നു. പക്ഷേ അതിന്നും പൂവണിയാത്ത ഒരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു​—⁠മരണത്തെ കീഴടക്കാനുള്ള മാർഗം ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ മനുഷ്യായുസ്സ്‌ ശ്രദ്ധേയമാംവിധം ദീർഘിപ്പിക്കാൻ യഥാർഥത്തിൽ സാധിച്ചേക്കും എന്ന പ്രത്യാശയ്‌ക്ക്‌ അടുത്തയിടെ വൈദ്യശാസ്‌ത്ര ഗവേഷണങ്ങൾ പുതുജീവൻ പകർന്നിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വിവിധ ശാസ്‌ത്ര മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെക്കുറിച്ചു പരിചിന്തിക്കുക.

കോശങ്ങളുടെ വിഭജനശേഷി ദീർഘിപ്പിക്കാനുള്ള ശ്രമത്തിൽ ടെലോമറേസ്‌ എന്നറിയപ്പെടുന്ന എൻസൈം ഉപയോഗിച്ചുകൊണ്ട്‌ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌ ജീവശാസ്‌ത്രജ്ഞർ. നശിച്ചുകൊണ്ടിരിക്കുന്ന പഴയ കോശങ്ങൾ നീക്കംചെയ്യപ്പെടുകയും തത്‌സ്ഥാനത്ത്‌ പുതിയ കോശങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുവെന്ന കാര്യം ശാസ്‌ത്രജ്ഞർക്ക്‌ അറിയാം. വാസ്‌തവത്തിൽ, ഒരാളുടെ ജീവിതകാലത്ത്‌ അയാളുടെ മിക്ക കോശങ്ങളുംതന്നെ പല തവണ പുതുക്കപ്പെടുന്നു. ഈ പുതുക്കൽ പ്രക്രിയ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ, ‘മനുഷ്യശരീരത്തിന്‌ വളരെക്കാലം സ്വയം പുതുക്കാൻ സാധിക്കും, ഒരുപക്ഷേ നിത്യമായിപ്പോലും’ എന്ന്‌ ഗവേഷകർ കരുതുന്നു.

വിവാദം ഉയർത്തിയിട്ടുള്ള ഒരു ഗവേഷണ മേഖലയായ തെറാപ്യൂട്ടിക്‌ ക്ലോണിങ്ങിന്‌ അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾക്കാവശ്യമായ പുതിയതും രോഗിയുടെ ശരീരത്തിനു തികച്ചും സ്വീകാര്യവുമായ കരൾ, വൃക്കകൾ, ഹൃദയം എന്നീ അവയവങ്ങൾ പ്രദാനം ചെയ്യാനാകുമെന്ന്‌ കരുതപ്പെടുന്നു. രോഗിയുടെതന്നെ മൂലകോശങ്ങൾ (stem cells) ഉപയോഗിച്ചായിരിക്കും അത്തരം അവയവങ്ങൾ ഉണ്ടാക്കിയെടുക്കുക.

ഡോക്ടർമാർ, കാൻസർ കോശങ്ങളെയും ഹാനികരമായ ബാക്ടീരിയയെയും കണ്ടെത്തി നശിപ്പിക്കുന്നതിനായി കോശത്തിന്റെ വലുപ്പമുള്ള റോബോട്ടുകളെ രക്തപ്രവാഹത്തിലേക്കു കടത്തിവിടുന്ന സമയം നാനോടെക്‌നോളജിയിൽ ഗവേഷണം നടത്തുന്നവർ മുൻകൂട്ടിക്കാണുന്നു. കാലക്രമേണ, ഈ ശാസ്‌ത്ര മേഖലയും ജീൻ ചികിത്സയും ചേർന്ന്‌ അനന്തമായി നിലനിൽക്കാൻ മനുഷ്യശരീരത്തെ പ്രാപ്‌തമാക്കുമെന്നു ചിലർ വിശ്വസിക്കുന്നു.

ക്രയോണിക്‌സിന്റെ വക്താക്കൾ മരിച്ചവരുടെ ശരീരം മരവിപ്പിച്ചു സൂക്ഷിക്കുന്നു. രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും വാർധക്യത്തിന്റെ കെടുതികൾ ഇല്ലാതാക്കുന്നതിനും മരിച്ചവർക്ക്‌ ജീവനും ആരോഗ്യവും നൽകുന്നതിനും വൈദ്യശാസ്‌ത്ര മുന്നേറ്റങ്ങൾ ഡോക്ടർമാരെ പ്രാപ്‌തരാക്കുന്ന സമയംവരെ മൃതദേഹങ്ങൾ സൂക്ഷിച്ചുവെക്കുന്നതാണ്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. “പുരാതന ഈജിപ്‌തിൽ മൃതദേഹങ്ങൾ സുഗന്ധവർഗമിട്ടു സൂക്ഷിച്ചുവെച്ചിരുന്നതിന്‌ (mummification) സമാനമായ ഒരു ആധുനികകാല രീതി” എന്നാണ്‌ അമേരിക്കൻ ജേർണൽ ഓഫ്‌ ജെറിയാട്രിക്‌ സൈക്യാട്രി ഇതിനെ വിളിക്കുന്നത്‌.

മരണം എന്ന യാഥാർഥ്യം അംഗീകരിക്കുന്നത്‌ എത്ര ബുദ്ധിമുട്ടാണെന്നാണ്‌ അമർത്യതയ്‌ക്കുവേണ്ടിയുള്ള മനുഷ്യന്റെ നിലയ്‌ക്കാത്ത അന്വേഷണം കാണിക്കുന്നത്‌. മനുഷ്യവർഗത്തിന്‌ യഥാർഥത്തിൽ എന്നേക്കും ജീവിക്കാനാകുമോ? ഈ വിഷയത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌? അടുത്ത ലേഖനം ഇതിനുള്ള ഉത്തരങ്ങൾ നൽകും.