വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ അങ്ങേയറ്റം കർക്കശമാണോ?

ബൈബിൾ അങ്ങേയറ്റം കർക്കശമാണോ?

ബൈബിൾ അങ്ങേയറ്റം കർക്കശമാണോ?

“കുട്ടിക്കാലത്ത്‌ ബൈബിൾ നിലവാരങ്ങളെക്കുറിച്ച്‌ യാതൊന്നും എന്നെ പഠിപ്പിച്ചിട്ടില്ല. ദൈവത്തെക്കുറിച്ചാകട്ടെ പരാമർശിച്ചിട്ടുപോലുമില്ല,” ഫിൻലൻഡിൽനിന്നുള്ളൊരു ചെറുപ്പക്കാരന്റെ വാക്കുകളാണിവ. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇന്നു സർവസാധാരണമാണ്‌. അനേകർ, പ്രത്യേകിച്ച്‌ ചെറുപ്പക്കാർ, ബൈബിൾ അറുപഴഞ്ചനാണെന്നും അതിന്റെ നിർദേശങ്ങൾ അത്യന്തം കർക്കശമാണെന്നും കരുതുന്നു. ബൈബിൾ അനുസരിച്ച്‌ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ, വിലക്കുകളാലും നിയമങ്ങളാലും വീർപ്പുമുട്ടിയ ജീവിതം നയിക്കുന്ന അടിച്ചമർത്തപ്പെട്ട ജനവിഭാഗമായി മറ്റുള്ളവർ വീക്ഷിക്കുന്നു. അതുകൊണ്ട്‌ ബൈബിൾ മാറ്റിവെച്ചിട്ട്‌ മറ്റെവിടെനിന്നെങ്കിലും നിർദേശങ്ങൾ ആരായുന്നതാണു മെച്ചമെന്ന്‌ അനേകർക്കും തോന്നുന്നു.

ബൈബിളിനെക്കുറിച്ചുള്ള അത്തരം വീക്ഷണത്തിനു കാരണം എന്താണ്‌? മുഖ്യമായും ക്രൈസ്‌തവ സഭകളുടെ ദീർഘനാളത്തെ അടിച്ചമർത്തൽ നിമിത്തമാണത്‌. ഉദാഹരണത്തിന്‌ ഇരുണ്ട യുഗം എന്ന്‌ ചില ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരിക്കുന്ന കാലഘട്ടത്തിൽ യൂറോപ്പിലെ കത്തോലിക്ക സഭകൾ ജനങ്ങളുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളിലും കൈകടത്തിയിരുന്നു. ആരെങ്കിലും അതിനെ എതിർക്കാൻ ധൈര്യപ്പെട്ടാൽ പീഡനവും വധശിക്ഷപോലുമായിരുന്നു ഫലം. പിന്നീടു വന്ന പ്രൊട്ടസ്റ്റന്റ്‌ സഭകളും വ്യക്തിസ്വാതന്ത്ര്യത്തിൽ തലയിട്ടിരുന്നു. “കാൽവിനിസ്റ്റുകൾ” അല്ലെങ്കിൽ “പ്യൂരിറ്റന്മാർ” എന്നീ പദങ്ങൾ കേൾക്കുന്ന ഏതൊരാളിന്റെയും മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ ഒരു പ്രത്യേക മതവിശ്വാസം പിൻപറ്റിയിരുന്ന ജനവിഭാഗമല്ല, മറിച്ച്‌ അവർക്കിടയിൽ നിലനിന്നിരുന്ന അങ്ങേയറ്റം പരുഷമായ ശിക്ഷണമുറകളാണ്‌. അങ്ങനെ, സഭകൾ ആളുകളെ അടിച്ചമർത്തിയിരുന്നതിനാൽ ബൈബിളിന്റെ പഠിപ്പിക്കലും അടിച്ചമർത്തുന്ന തരത്തിലുള്ളതായിരിക്കുമെന്ന്‌ ആളുകൾ തെറ്റായി നിഗമനം ചെയ്‌തു.

സമീപ നൂറ്റാണ്ടുകളിൽ സഭകൾക്ക്‌ ജനജീവിതത്തിൽ ഉണ്ടായിരുന്ന പിടി നഷ്ടമായിരിക്കുന്നു, കുറഞ്ഞപക്ഷം ചില രാജ്യങ്ങളിലെങ്കിലും. പരമ്പരാഗത വിശ്വാസങ്ങളെ അനേകരും തള്ളിക്കളഞ്ഞതോടെ ശരിയും തെറ്റും സ്വന്തമായി തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ചിന്താഗതി പലരിലും കടന്നുകൂടി. അതിന്റെ ഫലമെന്താണ്‌? കുറ്റകൃത്യശാസ്‌ത്രത്തിന്റെയും ജുഡീഷ്യൽ സോഷ്യോളജിയുടെയും പ്രൊഫസറായ അഹ്‌റ്റി ലെയ്‌റ്റിനെൻ ഇപ്രകാരം വിശദീകരിക്കുന്നു: “അധികാരത്തോടുള്ള ആദരവ്‌ കുറഞ്ഞിരിക്കുന്നു, മാത്രമല്ല സ്വീകാര്യമായതും അല്ലാത്തതുമായ കാര്യങ്ങൾ സംബന്ധിച്ച ആളുകളുടെ കാഴ്‌ചപ്പാട്‌ ഒന്നിനൊന്ന്‌ അവ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌.” വിരോധാഭാസമെന്നു പറയട്ടെ, സഭാ നേതാക്കൾപോലും ഇത്തരമൊരു ചിന്താഗതിക്കു വശംവദരായിട്ടുണ്ട്‌. ഒരു പ്രമുഖ ലൂഥറൻ ബിഷപ്പ്‌ ഇപ്രകാരം പ്രസ്‌താവിക്കുകയുണ്ടായി: “ബൈബിളിൽനിന്നോ മതപരമായ ആധികാരിക ഉറവുകളിൽനിന്നോ ധാർമിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനാകുമെന്ന അഭിപ്രായം എനിക്ക്‌ ഒട്ടും ദഹിക്കുന്നില്ല.”

അതിരുകവിഞ്ഞ സ്വാതന്ത്ര്യം അഭികാമ്യമോ?

അതിരുകവിഞ്ഞ സ്വാതന്ത്ര്യം എന്ന ആശയം വളരെ ആകർഷകമായി തോന്നിയേക്കാം, വിശേഷിച്ചും യുവജനങ്ങൾക്ക്‌. അനേകർക്കും, തങ്ങളുടെമേൽ മറ്റാരെങ്കിലും അധികാരം ചെലുത്തുന്നതോ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റുമായി ജീവിക്കുന്നതോ ഇഷ്ടമല്ല. എന്നാൽ, തങ്ങൾക്കു ബോധിച്ചവിധം പ്രവർത്തിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതല്ലേ? ഇതിനുള്ള ഉത്തരത്തിനായി പിൻവരുന്ന ദൃഷ്ടാന്തം പരിചിന്തിക്കുക. യാതൊരു ഗതാഗത നിയമങ്ങളുമില്ലാത്ത ഒരു നഗരം. ഒരു ഡ്രൈവിങ്‌ ടെസ്റ്റോ ഡ്രൈവിങ്‌ ലൈസൻസോ ആവശ്യമില്ല. ആളുകൾക്ക്‌ എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാം, മദ്യപിച്ചിട്ടുപോലും. വേഗപരിധികളോ നിറുത്തൽ ചിഹ്നങ്ങളോ ട്രാഫിക്‌ ലൈറ്റുകളോ വൺവേ തെരുവുകളോ സീബ്രാ ലൈനുകളോ ഒന്നും കൂട്ടാക്കേണ്ടതുമില്ല. അത്തരം “സ്വാതന്ത്ര്യം” അഭികാമ്യമാണോ? തീർച്ചയായും അല്ല! ആകെപ്പാടെ കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥയും ദുരന്തങ്ങളുമായിരിക്കും അനന്തരഫലം. ഗതാഗത നിയമങ്ങൾ ആളുകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും വാസ്‌തവത്തിൽ അത്തരം നിയമങ്ങൾ ഡ്രൈവർമാർക്കും കാൽനടക്കാർക്കും ഒരു സംരക്ഷണമാണ്‌.

സമാനമായി, നാം എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച്‌ യഹോവ നമുക്കു നിർദേശങ്ങൾ നൽകുന്നു. അവ നമ്മുടെ പ്രയോജനത്തിൽ കലാശിക്കുന്നു. അത്തരം നിർദേശങ്ങൾ ഇല്ലെങ്കിൽ നാം കാര്യങ്ങൾ സ്വന്തം പരീക്ഷണനിരീക്ഷണങ്ങളിലൂടെ പഠിക്കേണ്ടി വരും. അത്‌ നമുക്കും മറ്റുള്ളവർക്കും ഹാനികരമായി ഭവിക്കുകയും ചെയ്യും. ധാർമിക അരാജകത്വത്തിന്റെ അത്തരമൊരു സ്ഥിതിവിശേഷം തീർത്തും അനഭിലഷണീയവും അപകടകരവും ആയിരിക്കും, ഗതാഗതനിയമങ്ങളൊന്നുമില്ലാതെ നഗരത്തിൽ വാഹനമോടിക്കുന്നതുപോലെതന്നെ. അതുകൊണ്ട്‌ ഏതെങ്കിലും വിധത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും നമുക്ക്‌ ആവശ്യമാണ്‌ എന്നതാണു വസ്‌തുത. ഇതിനോടു മിക്കവരും യോജിക്കും.

“എന്റെ ചുമടു ലഘുവാകുന്നു”

വിശദമായ നിയമവ്യവസ്ഥകളുടെ ഒരു നീണ്ട പട്ടിക ഉൾക്കൊള്ളുന്നതായിരിക്കാം ഗതാഗത നിയമങ്ങൾ, ചിലയിടങ്ങളിലെ പാർക്കിങ്‌ നിയമങ്ങളുടെ മാത്രം എണ്ണം കണ്ടാൽമതി കണ്ണുതള്ളാൻ. എന്നാൽ ബൈബിൾ, നിയമങ്ങളുടെ ഒരു നീണ്ട പട്ടിക നൽകുന്നില്ല. പകരം അത്‌ ചില അടിസ്ഥാന തത്ത്വങ്ങൾ പ്രദാനം ചെയ്യുന്നു. അവയാകട്ടെ ഭാരപ്പെടുത്തുന്നവയോ അടിച്ചമർത്തുന്നവയോ അല്ലതാനും. യേശുക്രിസ്‌തു തന്റെ കാലത്തുണ്ടായിരുന്നവർക്ക്‌ പിൻവരുന്ന ആകർഷകമായ ക്ഷണം വെച്ചുനീട്ടുകയുണ്ടായി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28, 30) അപ്പൊസ്‌തലനായ പൗലൊസ്‌, കൊരിന്ത്യ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ എഴുതി: “കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.”​—⁠2 കൊരിന്ത്യർ 3:17.

എന്നാൽ പ്രസ്‌തുത സ്വാതന്ത്ര്യം യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തതല്ല. ദൈവിക വ്യവസ്ഥകളിൽ ലളിതമായ ചില നിയമങ്ങൾ അടങ്ങുന്നതായി യേശു വ്യക്തമാക്കി. ഉദാഹരണത്തിന്‌, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‌പന.” (യോഹന്നാൻ 15:12) എല്ലാവരും ആ കൽപ്പന അനുസരിച്ചിരുന്നെങ്കിൽ ജീവിതം എങ്ങനെ ആയിരിക്കുമായിരുന്നെന്നു ചിന്തിക്കുക! അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യം പരിധികളില്ലാത്തതല്ല. അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.”​—⁠1 പത്രൊസ്‌ 2:16.

അങ്ങനെ, ക്രിസ്‌ത്യാനികൾ ഒരു നീണ്ട നിയമാവലിയാൽ ബന്ധിതരല്ലെങ്കിലും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. ശരിയും തെറ്റും സംബന്ധിച്ച സ്വന്തം ആശയങ്ങൾക്കനുസരിച്ചല്ല അവർ പ്രവർത്തിക്കുന്നത്‌. മനുഷ്യർക്കു നിയമങ്ങൾ ആവശ്യമാണ്‌, ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന നിയമങ്ങൾ. ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “മനുഷ്യന്നു . . . തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) നാം ദൈവിക നിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ പ്രയോജനങ്ങൾ അസംഖ്യമായിരിക്കും.​—⁠സങ്കീർത്തനം 19:​11.

ഒരു പ്രയോജനം സന്തുഷ്ടിയാണ്‌. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ചെറുപ്പക്കാരന്റെ കാര്യംതന്നെ ഒരുദാഹരണം. അയാൾ ഒരു കള്ളനും നുണയനും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നവനും ആയിരുന്നു. ബൈബിളിന്റെ ഉയർന്ന നിലവാരങ്ങളെക്കുറിച്ചു പഠിച്ച അയാൾ, അതിനു ചേർച്ചയിൽ തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. അയാൾ ഇപ്രകാരം പറഞ്ഞു: “ബൈബിൾ നിലവാരങ്ങളത്രയും ഒറ്റയടിക്കു ബാധകമാക്കാൻ എനിക്കായില്ലെങ്കിലും ഞാൻ അതിന്റെ മൂല്യം മനസ്സിലാക്കുകതന്നെ ചെയ്‌തു. ഞാൻ ഇപ്പോൾ ആസ്വദിക്കുന്ന സന്തോഷം എന്റെ പഴയ ജീവിതരീതിയിൽനിന്ന്‌ എനിക്കു ലഭിച്ചിരുന്നില്ല.” ബൈബിൾ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കുന്നത്‌ നിങ്ങളുടെ ജീവിതം ലളിതമാക്കാൻ സഹായിക്കും. കൂടാതെ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യം കൈവരുന്നു, ഒപ്പം ശരിയും തെറ്റും സംബന്ധിച്ച്‌ വ്യക്തമായ ഗ്രാഹ്യവും നേടാനാകുന്നു.

ദശലക്ഷങ്ങൾക്ക്‌ സമാനമായ അനുഭവം ആസ്വദിക്കാനായിട്ടുണ്ട്‌. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതുകൊണ്ട്‌ അവർക്കു ലഭിച്ചിട്ടുള്ള പ്രയോജനങ്ങളിൽ ചിലതാണ്‌ മെച്ചപ്പെട്ട മാനുഷിക ബന്ധങ്ങൾ, ജോലി സംബന്ധിച്ച ഒരു സന്തുലിത വീക്ഷണം, ഹാനികരമായ ശീലങ്ങൾ ഒഴിവാക്കൽ, സന്തുഷ്ടിദായകമായ ഒരു ജീവിതം എന്നിവ. ബൈബിൾ തത്ത്വങ്ങൾക്കനുസൃതമായും അല്ലാതെയും ജീവിതം നയിച്ചിട്ടുള്ള മാർക്കൂസ്‌ * എന്ന യുവാവ്‌ തന്റെ സ്വന്തം ജീവിതത്തെക്കുറിച്ചു പറയുന്നത്‌ ഇങ്ങനെയാണ്‌: “ബൈബിളനുസരിച്ച്‌ ജീവിക്കുന്നതിലൂടെ എന്റെ ആത്മാഭിമാനം ഒരളവുവരെ വീണ്ടെടുക്കാൻ എനിക്കു കഴിഞ്ഞു.” *

നിങ്ങളുടെ തിരഞ്ഞെടുപ്പ്‌ എന്താണ്‌?

ബൈബിൾ നമുക്ക്‌ അതിർവരമ്പുകൾ വെക്കുന്നുണ്ടോ? ഉവ്വ്‌, നമ്മുടെയെല്ലാം പ്രയോജനത്തിനുവേണ്ടി. എന്നാൽ ബൈബിൾ അങ്ങേയറ്റം കർക്കശമാണോ? അല്ലേയല്ല. അതിരുകവിഞ്ഞ സ്വാതന്ത്ര്യം പ്രശ്‌നങ്ങളിലേക്കേ നയിക്കൂ. ബൈബിൾ നിലവാരങ്ങൾ സന്തുലിതമാണ്‌, അവ ഏറെ പ്രയോജനവും സന്തുഷ്ടിയും കൈവരുത്തുന്നു. മാർക്കൂസ്‌ പറയുന്നു: “ദൈവവചനം ജീവിതത്തിൽ ബാധകമാക്കുന്നത്‌ എത്ര ജ്ഞാനമാർഗമാണെന്ന്‌ കാലം എന്നെ പഠിപ്പിച്ചു. ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽനിന്ന്‌ എന്റെ ജീവിതം പല വിധത്തിലും വ്യത്യസ്‌തമാണെങ്കിലും മൂല്യവത്തായ എന്തെങ്കിലും ജീവിതത്തിൽ നഷ്ടപ്പെട്ടതായി എനിക്കൊരിക്കലും തോന്നിയിട്ടില്ല.”

ബൈബിൾ നിലവാരങ്ങൾ അനുസരിക്കുന്നതുകൊണ്ടുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കാൻ തുടങ്ങുമ്പോൾ ദൈവവചനത്തോടുള്ള നിങ്ങളുടെ വിലമതിപ്പ്‌ വർധിക്കും. അത്‌ ഏറെ മെച്ചമായ ഒരനുഗ്രഹം ആസ്വദിക്കുന്നതിലേക്കു നിങ്ങളെ നയിക്കും​—⁠നിങ്ങൾ അതിന്റെ ദിവ്യ ഉറവായ യഹോവയാം ദൈവത്തെ സ്‌നേഹിക്കാൻ ഇടയാകും. “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.”​—⁠1 യോഹന്നാൻ 5:⁠3.

യഹോവ നമ്മുടെ സ്രഷ്ടാവും സ്വർഗീയ പിതാവുമാണ്‌. നമുക്ക്‌ ഏറ്റവും മെച്ചമായതെന്തെന്ന്‌ അവന്‌ അറിയാം. നമ്മുടെമേൽ അനാവശ്യ നിയന്ത്രണങ്ങൾ വെക്കുന്നതിനു പകരം നമുക്കു പ്രയോജനം ചെയ്യുന്ന സ്‌നേഹപുരസ്സരമായ നിർദേശങ്ങൾ അവൻ നൽകുന്നു. കാവ്യാത്മകഭാഷയിൽ യഹോവ നമ്മെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”​—⁠യെശയ്യാവു 48:18.

[അടിക്കുറിപ്പുകൾ]

^ ഖ. 13 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 13 ബൈബിൾ പറയുന്നപ്രകാരമുള്ള ജീവിതരീതിയെക്കുറിച്ചു കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 12-ാം അധ്യായം കാണുക.

[9-ാം പേജിലെ ചിത്രം]

ദിവ്യവ്യവസ്ഥകൾ നവോന്മേഷപ്രദമാണെന്ന്‌ യേശു പറഞ്ഞു

[10-ാം പേജിലെ ചിത്രം]

ദൈവിക നിർദേശങ്ങൾ അനുസരിക്കുന്നത്‌ സന്തുഷ്ടിയും ആത്മാഭിമാനവും കൈവരുത്തുന്നു