വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ ജീവിതവിജയം കൈവരിക്കുക!

യഥാർഥ ജീവിതവിജയം കൈവരിക്കുക!

യഥാർഥ ജീവിതവിജയം കൈവരിക്കുക!

“നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.”—യോശു. 1:8, പി.ഒ.സി. ബൈബിൾ.

ഉത്തരം പറയാമോ?

ശലോമോൻ എത്രകണ്ട്‌ വിജയം വരിച്ചു?

പൗലോസ്‌ യഥാർഥ വിജയം നേടിയത്‌ എങ്ങനെ?

നിലനിൽക്കുന്ന വിജയത്തിന്‌ ഉടമയാകാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

1, 2. (എ) പലരും ജീവിതവിജയം അളക്കുന്നത്‌ എങ്ങനെയാണ്‌? (ബി) നിങ്ങൾ വിജയത്തെ അളക്കുന്ന വിധം എങ്ങനെ മനസ്സിലാക്കാം?

 ജീവിതത്തിൽ വിജയം വരിച്ചുവെന്ന്‌ പറയാനാകുന്നത്‌ എപ്പോഴാണ്‌? ഈ ചോദ്യത്തിന്‌ പല ഉത്തരങ്ങളായിരിക്കും പലരിൽനിന്നും ലഭിക്കുക. അനേകരും ജീവിതവിജയം അളക്കുന്നത്‌ സമ്പത്ത്‌, ജോലി, വിദ്യാഭ്യാസം എന്നിവയിൽ കൈവരിച്ച അസാധാരണ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ്‌. മറ്റു ചിലർ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹജോലിക്കാരും ആയി തങ്ങൾക്കുള്ള നല്ല ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അത്‌ അളക്കുന്നത്‌. ദൈവത്തെ സേവിക്കുന്നവർപോലും സഭയിലെ ഉത്തരവാദിത്വസ്ഥാനങ്ങളോടും ശുശ്രൂഷയിലെ നേട്ടങ്ങളോടും വിജയത്തെ ബന്ധപ്പെടുത്തിയേക്കാം.

2 ഇക്കാര്യത്തിൽ നിങ്ങളുടെ വീക്ഷണം മനസ്സിലാക്കണമെങ്കിൽ, ജീവിതത്തിൽ വിജയം വരിച്ചു എന്നു നിങ്ങൾ കരുതുന്ന, നിങ്ങൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചിലരുടെ പേരുകൾ എഴുതുക. അവർക്കെല്ലാം പൊതുവായുള്ള പ്രത്യേകത എന്താണ്‌? അവർ പ്രശസ്‌തരോ സമ്പന്നരോ പ്രബലരോ ആണോ? നിങ്ങളുടെ ഉള്ളിലുള്ളത്‌ എന്താണെന്ന്‌ ഇതിന്റെ ഉത്തരങ്ങളിൽനിന്നു മനസ്സിലാക്കാനാകും. അത്‌ ജീവിതത്തിൽ നിങ്ങളെടുക്കുന്ന തീരുമാനങ്ങളെയും നിങ്ങൾ വെക്കുന്ന ലക്ഷ്യങ്ങളെയും കാര്യമായി സ്വാധീനിക്കും.—ലൂക്കോ. 6:45.

3. (എ) വിജയം വരിക്കാൻ യോശുവ എന്തു ചെയ്യേണ്ടിയിരുന്നു? (ബി) നാം ഇപ്പോൾ എന്തു പരിചിന്തിക്കും?

3 യഹോവ നമ്മളെ വിജയികളായി കാണുന്നുണ്ടോ എന്നതാണ്‌ പ്രധാനം. കാരണം നമ്മുടെ ജീവൻ അവന്റെ അംഗീകാരത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. വാഗ്‌ദത്തദേശത്തേക്ക്‌ ഇസ്രായേല്യരെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം യോശുവയ്‌ക്കു നൽകിയപ്പോൾ, “രാവും പകലും” ന്യായപ്രമാണം വായിക്കാനും അതിൽ എഴുതിയിരിക്കുന്നത്‌ ശ്രദ്ധാപൂർവം പാലിക്കാനും യഹോവ അവനോടു പറഞ്ഞു. അങ്ങനെ ചെയ്‌താൽ, “നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും” എന്ന്‌ ദൈവം അവന്‌ ഉറപ്പുനൽകി. (യോശു. 1:7, 8, പി.ഒ.സി.) യോശുവ വിജയം വരിച്ചു. നമ്മുടെ കാര്യമോ? വിജയത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം ദൈവത്തിന്റേതുമായി യോജിക്കുന്നുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാക്കാം? നമുക്കിപ്പോൾ രണ്ടു ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം ഒന്ന്‌ അടുത്തു പരിശോധിക്കാം.

ശലോമോന്റെ ജീവിതം വിജയമായിരുന്നോ?

4. ശലോമോൻ വിജയം വരിച്ചു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 പല മേഖലകളിലും ശലോമോൻ അസാധാരണവിജയം കൈവരിച്ചിരുന്നു. അവന്‌ അതു സാധിച്ചത്‌ എന്തുകൊണ്ടാണ്‌? വർഷങ്ങളോളം അവൻ യഹോവയെ ഭയപ്പെടുകയും അനുസരിക്കുകയും ചെയ്‌തു; അതിനാൽ യഹോവ അവനെ വളരെയധികം അനുഗ്രഹിച്ചു. ഒരു വരം ചോദിച്ചുകൊള്ളാൻ യഹോവ അവനോടു പറഞ്ഞപ്പോൾ ദൈവജനത്തെ നയിക്കാൻ ആവശ്യമായ ജ്ഞാനമാണ്‌ അവൻ ചോദിച്ചതെന്ന്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. അവനിൽ സംപ്രീതനായ യഹോവ ജ്ഞാനവും സമ്പത്തും നൽകി അവനെ അനുഗ്രഹിച്ചു. (1 രാജാക്കന്മാർ 3:10-14 വായിക്കുക.) “സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്‌ഠമായിരുന്നു.” അവന്റെ “കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.” (1 രാജാ. 4:30, 31) സമ്പത്തിന്റെ കാര്യമോ? അവന്‌ വാർഷികവരുമാനമായി വന്നുചേരുന്ന സ്വർണത്തിന്റെ മാത്രം തൂക്കം ഏതാണ്ട്‌ 25 ടൺ ആയിരുന്നു! (2 ദിന. 9:13) സമർഥനായ ഒരു നയതന്ത്രജ്ഞനായിരുന്നു അവൻ; നിർമാണപ്രവർത്തനത്തിലും വാണിജ്യത്തിലും അവൻ തന്റെ വിരുതുകാട്ടി. യഹോവയുമായി ഒരു ബന്ധം കാത്തുസൂക്ഷിച്ച കാലത്തെല്ലാം ശലോമോന്റെ ജീവിതം വിജയമായിരുന്നു.—2 ദിന. 9:22-24.

5. ദൈവദൃഷ്ടിയിൽ വിജയം വരിക്കുന്നവരെക്കുറിച്ച്‌ ശലോമോൻ എന്താണു പറഞ്ഞത്‌?

5 പണവും പദവിയും ഉള്ളവർക്കു മാത്രമേ നേട്ടങ്ങളും സന്തോഷവും അനുഭവിക്കാനാകൂ എന്ന തെറ്റിദ്ധാരണ ശലോമോന്‌ ഇല്ലായിരുന്നുവെന്ന്‌ സഭാപ്രസംഗി എന്ന പുസ്‌തകത്തിലെ അവന്റെ വാക്കുകൾ തെളിയിക്കുന്നു. അവൻ എഴുതി: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാ. 3:12, 13) ദൈവത്തിന്റെ അംഗീകാരമുള്ള, അവനുമായി ഒരു ഉറ്റ ബന്ധമുള്ള, ആളുകൾക്ക്‌ ഇത്തരം സന്തോഷവേളകൾ കൂടുതൽ ആനന്ദകരമായിരിക്കുമെന്നും അവൻ മനസ്സിലാക്കി. അതുകൊണ്ട്‌ അവൻ തുടർന്ന്‌ ഇങ്ങനെ എഴുതി: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”—സഭാ. 12:13.

6. യഥാർഥ വിജയം എന്താണെന്നു മനസ്സിലാക്കാൻ ശലോമോന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

6 വർഷങ്ങളോളം ശലോമോൻ ദൈവഭയമുള്ളവനായിരുന്നു. അവൻ “യഹോവയെ സ്‌നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു” എന്നു നാം വായിക്കുന്നു. (1 രാജാ. 3:3) അത്‌ യഥാർഥ വിജയം ആണെന്ന്‌ നിങ്ങൾ കരുതുന്നില്ലേ? ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ ശലോമോൻ സത്യാരാധനയ്‌ക്കായി മഹനീയമായ ഒരു ആലയം പണിയുകയും മൂന്നു ബൈബിൾ പുസ്‌തകങ്ങൾ എഴുതുകയും ചെയ്‌തു. ഇക്കാര്യങ്ങളൊന്നും ചെയ്യാനുള്ള അവസരം നമുക്ക്‌ ലഭിക്കില്ലെങ്കിലും യഥാർഥ വിജയം എന്താണെന്നു മനസ്സിലാക്കാനും അതു നേടാനും ദൈവത്തോടു വിശ്വസ്‌തനായിരുന്നപ്പോഴത്തെ ശലോമോന്റെ ജീവിതം നമ്മെ സഹായിക്കുന്നു. മിക്ക ആളുകളെയുംപോലെ സമ്പത്ത്‌, അറിവ്‌, പ്രശസ്‌തി, അധികാരം എന്നിവയെ വിജയത്തിന്റെ മാനദണ്ഡമായി കാണുന്നത്‌ മൗഢ്യമാണെന്ന്‌ നിശ്വസ്‌തതയിൽ ശലോമോൻ എഴുതി. ഇക്കാര്യങ്ങൾക്കു പിന്നാലെ പോകുന്നത്‌ “മായയും വൃഥാപ്രയത്‌നവും” ആണ്‌. സമ്പത്തിനോടു ഭ്രമമുള്ളവർ വീണ്ടും വീണ്ടും സമ്പാദിച്ചുകൂട്ടാൻ ശ്രമിക്കുന്നത്‌ നിങ്ങൾ കണ്ടിട്ടില്ലേ? ഉള്ള സമ്പത്തിനെക്കുറിച്ചും അവർക്ക്‌ എപ്പോഴും ഉത്‌കണ്‌ഠയായിരിക്കും. തന്നെയുമല്ല, അവരുടെ സമ്പത്ത്‌ ഒരുനാൾ മറ്റൊരുവനു ചെന്നുചേരുകയും ചെയ്യും.—സഭാപ്രസംഗി 2:8-11, 17; 5:10-12 വായിക്കുക.

7, 8.  ശലോമോൻ അവിശ്വസ്‌തനായിത്തീർന്നത്‌ എങ്ങനെ, എന്തായിരുന്നു അതിന്റെ ഫലം?

7 കാലാന്തരത്തിൽ ശലോമോൻ വിശ്വസ്‌തഗതിയിൽനിന്നു വ്യതിചലിച്ചുപോയെന്ന കാര്യം നിങ്ങൾക്ക്‌ അറിയാമായിരിക്കും. “ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. . . . ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു” എന്ന്‌ ദൈവവചനം പറയുന്നു.—1 രാജാ. 11:4-6.

8 അവന്റെ ചെയ്‌തി യഹോവയെ കോപിപ്പിച്ചു. ദൈവം ശലോമോനോടു പറഞ്ഞു: ‘എന്റെ നിയമവും ഞാൻ നിന്നോടു കൽപ്പിച്ച കൽപ്പനകളും നീ പ്രമാണിച്ചില്ല എന്നതുകൊണ്ട്‌ ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസനു കൊടുക്കും.’ (1 രാജാ. 11:11) എത്ര ശോചനീയം! പല മേഖലയിലും വിജയിച്ചെങ്കിലും പിന്നീട്‌ ശലോമോൻ യഹോവയെ നിരാശപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ, ദൈവത്തോടുള്ള വിശ്വസ്‌തതയുടെ കാര്യത്തിൽ അവൻ പരാജിതനായി. നമുക്ക്‌ ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാം: ‘ശലോമോന്റെ അനുഭവത്തിൽനിന്നു പാഠം ഉൾക്കൊണ്ട്‌ ജീവിതത്തിൽ വിജയം വരിക്കാൻ ഞാൻ നിശ്ചയിച്ചുറച്ചിട്ടുണ്ടോ?’

തികഞ്ഞ വിജയമായിത്തീർന്ന ഒരു ജീവിതം

9. ലോകപ്രകാരം നോക്കിയാൽ പൗലോസിന്റെ ജീവിതം വിജയമായിരുന്നോ? വിശദീകരിക്കുക.

9 ശലോമോന്റേതിൽനിന്നു തികച്ചും വ്യത്യസ്‌തമായൊരു ജീവിതമായിരുന്നു പൗലോസ്‌ അപ്പൊസ്‌തലന്റേത്‌. അവൻ ദന്തസിംഹാസനത്തിൽ ഉപവിഷ്ടനാകുകയോ രാജാക്കന്മാരോടൊത്തു വിരുന്നു കഴിക്കുകയോ ചെയ്‌തില്ല. പലപ്പോഴും വിശപ്പും ദാഹവും ശൈത്യവും നഗ്നതയും അവന്‌ അനുഭവിക്കേണ്ടിവന്നു. (2 കൊരി. 11:24-27) യേശുവിനെ മിശിഹായായി സ്വീകരിച്ചശേഷം യഹൂദമതത്തിൽ പൗലോസിനു പിന്നെ യാതൊരു സ്ഥാനമാനങ്ങളും ഉണ്ടായിരുന്നില്ല; യഹൂദമതനേതാക്കൾ അവനെ ദ്വേഷിച്ചു. അവൻ തടവിലായി, ചാട്ടയടികൊണ്ടു, കോലിനാലുള്ള പ്രഹരമേറ്റു, കല്ലേറുകൊണ്ടു. അവനും സഹക്രിസ്‌ത്യാനികളും അധിക്ഷേപിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ദുഷിക്കപ്പെടുകയും ചെയ്‌തു. “ഇന്നുവരെയും ഞങ്ങൾ ലോകത്തിന്റെ ചവറും സകലത്തിന്റെയും ഉച്ഛിഷ്ടവും ആയിരിക്കുന്നു,” അവൻ എഴുതി.—1 കൊരി. 4:11-13.

10. ജീവിതവിജയം നേടാനുള്ള അവസരം പൗലോസ്‌ തട്ടിത്തെറിപ്പിച്ചതായി തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

10 ശൗൽ എന്ന ചെറുപ്പക്കാരന്‌ നേട്ടങ്ങൾ പലതായിരുന്നു. ലോകപ്രകാരം കുലീനകുടുംബത്തിൽ ജനനം; ഗമാലിയേൽ എന്ന ആദരണീയനായ അധ്യാപകന്റെ കീഴിൽ വിദ്യാഭ്യാസം. പിന്നീട്‌ പൗലോസ്‌ ആയിത്തീർന്ന അവൻ ഇങ്ങനെ എഴുതി: “ഞാൻ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യഹൂദമതകാര്യങ്ങളിൽ മുന്നിട്ടുനിന്നിരുന്നു.” (ഗലാ. 1:14) എബ്രായയിലും ഗ്രീക്കിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന ശൗലിന്‌ റോമൻ പൗരത്വവുമുണ്ടായിരുന്നു, അത്‌ അവന്‌ അസൂയാവഹമായ ചില പദവികളും അവകാശങ്ങളും നൽകി. ലോകപ്രകാരമുള്ള വിജയത്തിനുപിന്നാലെ പോയിരുന്നെങ്കിൽ വലിയ പദവികളും സാമ്പത്തികഭദ്രതയും കൈവരിക്കാൻ അവനാകുമായിരുന്നു. എന്നാൽ മറ്റുള്ളവർക്ക്‌, ഒരുപക്ഷേ കുടുംബാംഗങ്ങൾക്കുപോലും, വെറും ഭോഷത്തമെന്നു തോന്നുന്ന ഒരു ജീവിതഗതിയാണ്‌ അവൻ തിരഞ്ഞെടുത്തത്‌. എന്തുകൊണ്ടാണ്‌ അവൻ അങ്ങനെയൊരു തീരുമാനമെടുത്തത്‌?

11. ഏതു ലക്ഷ്യവും മൂല്യങ്ങളും പൗലോസ്‌ പ്രിയങ്കരമായി കരുതി, എന്തുകൊണ്ട്‌?

11 യഹോവയെ സ്‌നേഹിച്ചതിനാൽ സമ്പത്തിനെക്കാളും സമൂഹത്തിലെ സ്ഥാനമാനങ്ങളെക്കാളും അവന്റെ അംഗീകാരമാണ്‌ പൗലോസ്‌ ആഗ്രഹിച്ചത്‌. സത്യത്തിന്റെ പരിജ്ഞാനം സമ്പാദിച്ച പൗലോസ്‌, ലോകം പൊതുവെ അവഗണിച്ചുകളയുന്ന മറുവിലയെയും ക്രിസ്‌തീയശുശ്രൂഷയെയും സ്വർഗീയജീവന്റെ പ്രത്യാശയെയും അതിയായി വിലമതിച്ചു. തീർപ്പുകൽപ്പിക്കേണ്ട ഒരു വിവാദവിഷയം ഉണ്ടെന്ന്‌ പൗലോസ്‌ തിരിച്ചറിഞ്ഞു. ദൈവത്തെ സേവിക്കുന്നതിൽനിന്ന്‌ മനുഷ്യരെ പിന്തിരിപ്പിക്കാനാകുമെന്ന്‌ സാത്താൻ വെല്ലുവിളിച്ചിരുന്നല്ലോ. (ഇയ്യോ. 1:9-11; 2:3-5) എന്തു പരിശോധനകൾ നേരിട്ടാലും ദൈവത്തോടു വിശ്വസ്‌തനായിരിക്കാനും സത്യാരാധനയിൽ പിടിച്ചുനിൽക്കാനും പൗലോസ്‌ നിശ്ചയിച്ചുറച്ചിരുന്നു. ലോകത്തിന്റെ വിജയസമവാക്യങ്ങളിൽ ഇല്ലാത്ത ഒരു കാര്യമാണ്‌ അത്‌.

12. ദൈവത്തിൽ പ്രത്യാശവെക്കാൻ നിങ്ങൾ തീരുമാനിച്ചത്‌ എന്തുകൊണ്ട്‌?

12 നിങ്ങൾക്കും പൗലോസിന്റെ അതേ നിശ്ചയദാർഢ്യമുണ്ടോ? വിശ്വസ്‌തരായി ജീവിക്കുകയെന്നത്‌ എപ്പോഴും എളുപ്പമല്ലെങ്കിലും അത്തരമൊരു ജീവിതഗതി യഹോവയുടെ അനുഗ്രഹവും അംഗീകാരവും നേടിത്തരുമെന്നു നമുക്ക്‌ അറിയാം; അതാണ്‌ ഒരുവനെ യഥാർഥ വിജയിയാക്കുന്നത്‌. (സദൃ. 10:22) അങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തതിന്റെ അനുഗ്രഹങ്ങൾ നാം ഇപ്പോൾത്തന്നെ അനുഭവിക്കുന്നു, ഭാവിയിൽ വേറെയും അനുഗ്രഹങ്ങൾ നമ്മെ കാത്തിരിപ്പുണ്ട്‌. (മർക്കോസ്‌ 10:29, 30 വായിക്കുക.) അതുകൊണ്ട്‌ “അസ്ഥിരമായ ധനത്തിലല്ല, നമുക്ക്‌ അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ” പ്രത്യാശവെക്കാൻ നമുക്ക്‌ സകലകാരണവുമുണ്ട്‌. അങ്ങനെ ചെയ്‌താൽ, ‘യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ സാധിക്കേണ്ടതിന്‌ വരുങ്കാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ പണിയുകയായിരിക്കും’ നാം. (1 തിമൊ. 6:17-19) ഒരു നൂറുവർഷത്തിനുശേഷം, എന്തിന്‌ ഒരു ആയിരംവർഷം കഴിഞ്ഞാൽപ്പോലും പിന്തിരിഞ്ഞുനോക്കുമ്പോൾ, “യഥാർഥ വിജയത്തിന്റെ പാതയാണ്‌ ഞാൻ തിരഞ്ഞെടുത്തത്‌” എന്ന്‌ ഉറപ്പോടെ പറയാൻ നമുക്കു കഴിയും!

നിങ്ങളുടെ നിക്ഷേപം എവിടെയാണ്‌?

13. നിക്ഷേപം സ്വരൂപിക്കുന്നതിനെക്കുറിച്ച്‌ യേശു എന്തു ബുദ്ധിയുപദേശം നൽകി?

13 നിക്ഷേപങ്ങളെക്കുറിച്ച്‌ യേശു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ; പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളന്മാർ തുരന്നു മോഷ്ടിക്കുകയോ ചെയ്യുകയില്ലാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുവിൻ. നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.”—മത്താ. 6:19-21.

14. ഭൂമിയിലെ നിക്ഷേപങ്ങൾ സംഭരിക്കാൻ ശ്രമിക്കുന്നത്‌ ജ്ഞാനമല്ലാത്തത്‌ എന്തുകൊണ്ട്‌?

14 ഒരു വ്യക്തിയുടെ ഭൂമിയിലെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നത്‌ പണം മാത്രമായിരിക്കില്ല; ശലോമോൻ പറഞ്ഞതുപോലെ, മനുഷ്യർ വിജയവുമായി ബന്ധപ്പെടുത്തുന്ന കാര്യങ്ങളും ഒരർഥത്തിൽ അതിൽപ്പെടും. അതായത്‌ സമൂഹത്തിലെ നിലയും വിലയും, പ്രശസ്‌തി, അധികാരം തുടങ്ങിയവ. സഭാപ്രസംഗിയുടെ പുസ്‌തകത്തിൽ ശലോമോൻ രേഖപ്പെടുത്തിയതിനു സമാനമായ ഒരു ആശയമാണ്‌ യേശുവും പറഞ്ഞത്‌: ലോകത്തിലെ നിക്ഷേപങ്ങൾ സ്ഥായിയല്ല. ചുറ്റുമുള്ള ലോകത്ത്‌ നിങ്ങൾ കണ്ടിരിക്കാനിടയുള്ളതുപോലെ, അത്തരം നിക്ഷേപങ്ങൾ നശ്വരവും എളുപ്പം നഷ്ടപ്പെടാവുന്നതും ആണ്‌. അങ്ങനെയുള്ള നിക്ഷേപങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവനയെ പരാമർശിച്ചുകൊണ്ട്‌ പ്രൊഫസർ എഫ്‌. ഡെയ്‌ൽ ബ്രൂണർ എഴുതി: ‘പ്രശസ്‌തി ക്ഷണത്തിൽ മാഞ്ഞുപോകുമെന്ന കാര്യം പരക്കെ അറിവുള്ളതാണ്‌. ഇന്നലത്തെ വീരപുരുഷൻ നാളെ വിസ്‌മൃതിയിലാകും. ഈ വർഷത്തെ സാമ്പത്തികലാഭം അടുത്ത വർഷം വൻനഷ്ടത്തിനു വഴിമാറും. ‘ഓരോ ദിവസവും ഭൂഗോളം തിരിയുമ്പോൾ മുകളിലിരുന്നവന്റെ സ്ഥാനം താഴെയാകും.’ . . . (യേശു) മനുഷ്യരെ സ്‌നേഹിക്കുന്നതിനാലാണ്‌ പ്രതാപം പെട്ടെന്നു പോയ്‌മറയുമ്പോൾ ഉണ്ടാകാവുന്ന നിരാശ ഒഴിവാക്കാനുള്ള മാർഗം അവർക്ക്‌ ഉപദേശിച്ചുകൊടുത്തത്‌. പ്രതാപം ക്ഷണികമാണ്‌. തന്റെ ശിഷ്യന്മാർ നിരാശിതരാകാൻ യേശു ആഗ്രഹിക്കുന്നില്ല.’ ഈ പറഞ്ഞ അഭിപ്രായങ്ങളോടു മിക്ക ആളുകളും യോജിക്കുമെങ്കിലും ഇവയുടെ അടിസ്ഥാനത്തിൽ ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടു മാറ്റിയെഴുതാൻ എത്രപേർ തയ്യാറാകും? നിങ്ങൾ തയ്യാറാകുമോ?

15. ഏതുതരം വിജയം കൈവരിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌?

15 വിജയത്തിന്റെ പിന്നാലെ പോകുന്നത്‌ തെറ്റാണെന്നും അതുകൊണ്ട്‌ അതിനായുള്ള പരിശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും ചില മതനേതാക്കന്മാർ പ്രസംഗിച്ചിട്ടുണ്ട്‌. എന്നാൽ യേശു അത്തരം ശ്രമങ്ങളെ അപ്പാടെ കുറ്റംവിധിച്ചില്ല. പകരം, നശിച്ചുപോകാത്ത നിക്ഷേപം ‘സ്വർഗ്ഗത്തിൽ സ്വരൂപിച്ചുകൊണ്ട്‌,’ ശരിയായ വിധത്തിലുള്ള വിജയം വരിക്കാൻ അവൻ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചു. യഹോവയുടെ ദൃഷ്ടിയിൽ വിജയികളാകുക എന്നതായിരിക്കണം നമ്മുടെ ഏറ്റവും വലിയ ആഗ്രഹം. ഏതു ജീവിതഗതി വേണമെങ്കിലും തിരഞ്ഞെടുക്കാനാകുമെന്ന്‌ യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. പക്ഷേ, നമ്മുടെ ഹൃദയം ആഗ്രഹിക്കുന്ന, മൂല്യവത്തെന്നു നാം കരുതുന്ന കാര്യങ്ങൾ നേടാനായിരിക്കും നാം ശ്രമിക്കുക.

16. ഏതു കാര്യം നമുക്ക്‌ ഉറപ്പാണ്‌?

16 യഹോവയുടെ പ്രീതി സമ്പാദിക്കുക എന്നതാണ്‌ നമ്മുടെ ഹൃദയാഭിലാഷമെങ്കിൽ നമുക്കു വേണ്ടതെല്ലാം ലഭിക്കുന്നുവെന്ന്‌ അവൻ ഉറപ്പുവരുത്തും; ഇക്കാര്യത്തിൽ തെല്ലും സംശയം വേണ്ടാ. പൗലോസ്‌ അപ്പൊസ്‌തലനെപ്പോലെ നമ്മളും താത്‌കാലികമായി വിശപ്പും ദാഹവും സഹിക്കാൻ അവൻ അനുവദിച്ചേക്കാം. (1 കൊരി. 4:11) എന്നുവരികിലും, യേശുവിന്റെ ഈ ജ്ഞാനോപദേശത്തിൽ നമുക്കു വിശ്വാസമർപ്പിക്കാം: “‘ഞങ്ങൾ എന്തു തിന്നും?’ ‘ഞങ്ങൾ എന്തു കുടിക്കും?’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും?’ എന്നിങ്ങനെ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നത്‌ ജാതികളത്രേ. ഇവയെല്ലാം നിങ്ങൾക്ക്‌ ആവശ്യമെന്ന്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ. “ആകയാൽ ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.”—മത്താ. 6:31-33.

ദൈവദൃഷ്ടിയിൽ വിജയികളാകുക

17, 18. (എ) യഥാർഥ വിജയം എന്തിനെ ആശ്രയിച്ചിരിക്കുന്നു? (ബി) വിജയത്തിന്‌ എന്തുമായി ബന്ധമില്ല?

17 സാരം ഇതാണ്‌: ലോകപ്രകാരമുള്ള സ്ഥാനമാനങ്ങളോ നേട്ടങ്ങളോ അല്ല യഥാർഥ വിജയത്തിന്റെ അളവുകോൽ. ക്രിസ്‌തീയസഭയിലെ ഏതെങ്കിലും ഉത്തരവാദിത്വസ്ഥാനങ്ങളുടെ പേരിലും അതിനെ അളക്കാനാവില്ല. എന്നാൽ ഈ അനുഗ്രഹം, അതായത്‌ ഉത്തരവാദിത്വപദവികൾ ലഭിക്കുന്നത്‌, യഥാർഥ വിജയത്തിനു നിദാനമായ, ദൈവത്തോടുള്ള നമ്മുടെ അനുസരണത്തിന്റെയും വിശ്വസ്‌തതയുടെയും ഫലമായാണ്‌. കാരണം ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: “കാര്യവിചാരകന്മാരിൽനിന്നു പ്രതീക്ഷിക്കുന്നതോ, അവർ വിശ്വസ്‌തരായിരിക്കണം എന്നത്രേ.” (1 കൊരി. 4:2) വിശ്വസ്‌തഗതിയിൽ നാം സഹിച്ചുനിൽക്കുകയും വേണം. “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും” എന്ന്‌ യേശു പറഞ്ഞു. (മത്താ. 10:22) രക്ഷപ്രാപിക്കുക എന്നത്‌ വിജയത്തിന്റെ അനിഷേധ്യമായ തെളിവാണെന്നതിനോട്‌ നിങ്ങൾ യോജിക്കുന്നില്ലേ?

18 മേൽപ്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, ദൈവത്തോടുള്ള വിശ്വസ്‌തതയ്‌ക്ക്‌ പ്രാമുഖ്യത, വിദ്യാഭ്യാസം, സാമ്പത്തികസ്ഥിതി, സമൂഹത്തിലെ സ്ഥാനം എന്നിവയുമായോ ബുദ്ധിവൈഭവം, നൈസർഗികപ്രാപ്‌തി എന്നിവയുമായോ ബന്ധമില്ലെന്ന്‌ നിങ്ങൾക്കു മനസ്സിലാക്കാനായിട്ടുണ്ടാകും. ജീവിതസാഹചര്യം എന്തായിരുന്നാലും നമുക്ക്‌ ദൈവത്തോടു വിശ്വസ്‌തരായിരിക്കാനാകും. ഒന്നാം നൂറ്റാണ്ടിലെ ദൈവദാസർക്കിടയിൽ ചിലർ ധനികരായിരുന്നു; ശേഷമുള്ളവർ ദരിദ്രരും. ആദ്യത്തെ കൂട്ടരോട്‌, “നന്മ ചെയ്യാനും സത്‌പ്രവൃത്തികളിൽ സമ്പന്നരാകാനും ഉദാരമനസ്‌കരും ദാനശീലരും ആയിരിക്കാനും” പൗലോസ്‌ ഉപദേശിച്ചത്‌ ഉചിതമായിരുന്നു. ഇരുകൂട്ടർക്കും, സമ്പന്നർക്കും ദരിദ്രർക്കും, “യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ” കഴിയുമായിരുന്നു. (1 തിമൊ. 6:17-19) ഇന്നും അതു സത്യമാണ്‌. നമുക്കെല്ലാവർക്കും ഒരേ അവസരവും ഒരേ ഉത്തരവാദിത്വവും ആണുള്ളത്‌: വിശ്വസ്‌തരായി നിലനിൽക്കുകയും ‘സത്‌പ്രവൃത്തികളിൽ സമ്പന്നരായിരിക്കുകയും’ ചെയ്യുക. നാം അങ്ങനെ ചെയ്യുന്നെങ്കിൽ സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ നാം വിജയികളായിരിക്കും; ദൈവത്തെ പ്രീതിപ്പെടുത്തുകയാണ്‌ എന്ന്‌ അറിയുന്നതിന്റെ സന്തോഷവും അനുഭവിക്കാനാകും.—സദൃ. 27:11.

19. വിജയം വരിക്കുന്നതു സംബന്ധിച്ച്‌ എന്താണ്‌ നിങ്ങളുടെ തീരുമാനം?

19 നമ്മുടെ സാഹചര്യത്തിന്മേൽ നമുക്കു പൂർണനിയന്ത്രണം ഇല്ലായിരിക്കാം. പക്ഷേ അതിനെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത്‌ പൂർണമായും നമ്മുടെ നിയന്ത്രണത്തിലാണ്‌. സാഹചര്യം എന്തുമായിക്കൊള്ളട്ടെ വിശ്വസ്‌തരായിരിക്കാൻ ശ്രമിക്കുക. ആ ശ്രമം തക്ക മൂല്യമുള്ളതാണ്‌. യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും; ഇന്നും, എന്നേക്കും. അഭിഷിക്തക്രിസ്‌ത്യാനികളോട്‌ യേശു പറഞ്ഞ വാക്കുകൾ എന്നും മനസ്സിൽ ഉറപ്പിച്ചുനിറുത്തുക: “മരണപര്യന്തം വിശ്വസ്‌തനായിരിക്കുക. എന്നാൽ ഞാൻ ജീവകിരീടം നിനക്കു നൽകും.” (വെളി. 2:10) അതാണ്‌ യഥാർഥ വിജയം!

[അധ്യയന ചോദ്യങ്ങൾ]

[6-ാം പേജിലെ ചിത്രം]

മാനുഷികവീക്ഷണത്തിൽ, ശൗൽ വിജയത്തിന്റെ പാതയിൽ മുന്നേറുകയായിരുന്നു

[7-ാം പേജിലെ ചിത്രം]

പൗലോസ്‌ യഥാർഥ വിജയം നേടി