വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ പണം സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

നിങ്ങൾക്ക്‌ പണം സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

നിങ്ങൾക്ക്‌ പണം സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

പണസ്‌നേഹവും സ്വത്തുക്കൾക്കായുള്ള ആഗ്രഹവും ഒരു പുതിയ സംഗതിയല്ല. അടുത്തകാലത്ത്‌ ഉടലെടുത്ത പ്രതിഭാസങ്ങൾ മാത്രമാണ്‌ എന്നതുപോലെ ബൈബിൾ ഈ വിഷയങ്ങൾ സംബന്ധിച്ചു നിശ്ശബ്ദത പാലിക്കുന്നുമില്ല. അവ വളരെ പണ്ടുതന്നെ ഉണ്ടായിരുന്നിട്ടുണ്ട്‌. ന്യായപ്രമാണത്തിൽ ദൈവം ഇസ്രായേല്യരോട്‌ ഇപ്രകാരം കൽപ്പിച്ചു: “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു . . . കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.”​—⁠പുറപ്പാടു 20:⁠17.

യേശുവിന്റെ കാലത്തും പണത്തോടും സ്വത്തുക്കളോടുമുള്ള സ്‌നേഹം സാധാരണമായിരുന്നു. വളരെ ധനികനായിരുന്ന ഒരു യുവ വ്യക്തിയുമായി യേശു നടത്തിയ സംഭാഷണത്തെ കുറിച്ചുള്ള പിൻവരുന്ന വിവരണം ശ്രദ്ധിക്കുക: “അവൻ പറഞ്ഞതു കേട്ടിട്ടു യേശു: ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു.”​—⁠ലൂക്കൊസ്‌ 18:​18-23.

പണം സംബന്ധിച്ച ഉചിതമായ വീക്ഷണം

എന്നാൽ, ബൈബിൾ പണത്തെയോ അതിന്റെ അടിസ്ഥാന ഉപയോഗങ്ങളെയോ കുറ്റം വിധിക്കുന്നു എന്നു കരുതരുത്‌. അവശ്യ വസ്‌തുക്കൾ നേടാൻ ഒരുവനെ സഹായിച്ചുകൊണ്ട്‌ പണം ദാരിദ്ര്യത്തിനും അതിന്റെ കൂട്ടു പ്രശ്‌നങ്ങൾക്കും എതിരെയുള്ള ഒരു പ്രായോഗിക സംരക്ഷണമായി ഉതകുന്നുവെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. ശലോമോൻ രാജാവ്‌ എഴുതി: “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം.” “സന്തോഷത്തിന്നായിട്ടു വിരുന്നുകഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.”​—⁠സഭാപ്രസംഗി 7:12; 10:⁠19.

പണത്തിന്റെ ഉചിതമായ ഉപയോഗത്തെ ദൈവം അംഗീകരിക്കുന്നു. ഉദാഹരണത്തിന്‌ യേശു പറഞ്ഞു: “അധാർമ്മികസമ്പത്തുകൊണ്ട്‌ നിങ്ങൾക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ.” (ലൂക്കൊസ്‌ 16:⁠9, പി.ഒ.സി. ബൈബിൾ) ദൈവം നമ്മുടെ സ്‌നേഹിതനായിരിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുമെന്നതിനാൽ ദൈവത്തിന്റെ സത്യാരാധനയ്‌ക്കായി സംഭാവന ചെയ്യുന്നത്‌ ഇതിൽ ഉൾപ്പെടുന്നു. ശലോമോൻ തന്നെ തന്റെ പിതാവായ ദാവീദിന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌ യഹോവയുടെ ആലയ നിർമാണത്തിനായി പണവും വിലപിടിപ്പുള്ള വസ്‌തുക്കളും ധാരാളമായി സംഭാവന ചെയ്‌തു. ഞെരുക്കമുള്ളവർക്കു ഭൗതിക സഹായം നൽകുക എന്നതു മറ്റൊരു ക്രിസ്‌തീയ കൽപ്പനയാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവിൻ.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതിഥിസല്‌ക്കാരത്തിൽ തല്‌പരരാകുവിൻ.” (റോമർ 12:​13, പി.ഒ.സി. ബൈ.) ഇതിൽ പലപ്പോഴും പണച്ചെലവ്‌ ഉൾപ്പെട്ടിട്ടുണ്ട്‌. എന്നാൽ പണസ്‌നേഹം സംബന്ധിച്ചെന്ത്‌?

‘പണസ്‌നേഹം’

യുവ സഹവിശ്വാസിയായ തിമൊഥെയൊസിന്‌ എഴുതിയപ്പോൾ പൗലൊസ്‌ ‘ദ്രവ്യാഗ്രഹത്തെ’ അഥവാ ‘പണസ്‌നേഹത്തെ’ കുറിച്ചു വിശദമായി ചർച്ച ചെയ്‌തു. പൗലൊസിന്റെ ബുദ്ധിയുപദേശം 1 തിമൊഥെയൊസ്‌ 6:​6-19 വരെയുള്ള വാക്യങ്ങളിൽ കാണാൻ കഴിയും. ഭൗതിക വസ്‌തുക്കളെ കുറിച്ചുള്ള വിപുലമായ ചർച്ചയുടെ ഭാഗമായാണ്‌ അവൻ ‘ദ്രവ്യാഗ്രഹത്തെ’ കുറിച്ചു പറഞ്ഞത്‌. ഇന്ന്‌ സമൂഹം പണത്തിനു നൽകുന്ന ഊന്നലിന്റെ വീക്ഷണത്തിൽ പൗലൊസിന്റെ ഈ നിശ്വസ്‌ത വാക്കുകൾ നാം അടുത്തു പരിശോധിക്കുന്നതു നല്ലതാണ്‌. “യഥാർത്ഥജീവൻ അവകാശമാക്കുന്നതി”ന്റെ രഹസ്യം വെളിപ്പെടുത്തുന്നതിനാൽ ഇത്തരമൊരു പരിശോധന തീർച്ചയായും പ്രയോജനപ്രദമാണ്‌.

പൗലൊസ്‌ മുന്നറിയിപ്പു നൽകുന്നു: “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:10) പണം അതിൽത്തന്നെ ദോഷകരമാണെന്ന്‌ ഈ തിരുവെഴുത്ത്‌ പറയുന്നില്ല. തിരുവെഴുത്തുകളിൽ വേറെ ഒരിടത്തും അങ്ങനെ പറയുന്നില്ല. അതുപോലെ “സകലവിധ ദോഷങ്ങൾക്കും” അഥവാ സകല പ്രശ്‌നങ്ങൾക്കും കാരണം പണമാണെന്നും അപ്പൊസ്‌തലൻ പറയുന്നില്ല. പകരം ദ്രവ്യാഗ്രഹത്തിന്‌ അഥവാ പണസ്‌നേഹത്തിന്‌​—⁠മറ്റു കാരണങ്ങളും ഉണ്ടായിരിക്കാം​—⁠“സകലവിധ ദോഷങ്ങൾക്കും” കാരണമായിരിക്കാൻ കഴിയും.

അത്യാഗ്രഹത്തിന്‌ എതിരെ ജാഗ്രത പാലിക്കുക

പണത്തെ ബൈബിൾ കുറ്റം വിധിക്കുന്നില്ല എന്ന വസ്‌തുത പൗലൊസിന്റെ മുന്നറിയിപ്പിന്റെ ഗൗരവത്തെ കുറച്ചു കാണാൻ ഇടയാക്കരുത്‌. പണത്തെ സ്‌നേഹിച്ചു തുടങ്ങുന്ന ക്രിസ്‌ത്യാനികൾ എല്ലാത്തരം പ്രശ്‌നങ്ങളിലും ചെന്നുപെടാനുള്ള സാധ്യതയുണ്ട്‌. അതിൽ ഏറ്റവും മോശമായത്‌ വിശ്വാസത്തിൽനിന്നു വീണുപോകാനുള്ള സാധ്യതയാണ്‌. കൊലൊസ്സ്യ ക്രിസ്‌ത്യാനികളോടുള്ള പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ ഈ സത്യത്തിന്‌ അടിവരയിടുന്നു: “ആകയാൽ . . . ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലൊസ്സ്യർ 3:⁠5) അത്യാഗ്രഹത്തിന്‌ അഥവാ ‘പണസ്‌നേഹത്തിന്‌’ എങ്ങനെയാണ്‌ വിഗ്രഹാരാധന ആയിരിക്കാൻ കഴിയുന്നത്‌? കുറേക്കൂടെ വലിയ ഒരു വീട്‌ അല്ലെങ്കിൽ പുതിയൊരു കാർ അല്ലെങ്കിൽ കുറേക്കൂടെ ശമ്പളമുള്ള ഒരു ജോലി ഇവയൊക്കെ ആഗ്രഹിക്കുന്നതു തെറ്റാണ്‌ എന്നാണോ ഇതിന്റെ അർഥം? അല്ല. ഈ സംഗതികൾ ഒന്നും അതിൽത്തന്നെ തെറ്റല്ല. എന്നാൽ ചോദ്യം ഇതാണ്‌: ഇവയൊക്കെ ആഗ്രഹിക്കുന്നതിന്‌ ഒരുവനെ പ്രേരിപ്പിക്കുന്ന ഹൃദയഭാവം എന്താണ്‌, യഥാർഥത്തിൽ അവ ആവശ്യമുള്ളവയാണോ?

ഉചിതമായ ആഗ്രഹങ്ങളും അത്യാഗ്രഹവും തമ്മിലുള്ള അന്തരം, ഭക്ഷണം പാകം ചെയ്യുന്നതിനു കൂട്ടുന്ന ചെറിയ തീയും മുഴു വനവും ദഹിപ്പിക്കാൻ ശക്തിയുള്ള ആളിപ്പടരുന്ന അഗ്നിയും തമ്മിലുള്ള അന്തരത്തിനു സമാനമാണ്‌. ആരോഗ്യാവഹവും ഉചിതവുമായ ആഗ്രഹത്തിന്‌ പ്രയോജനപ്രദമായിരിക്കാൻ കഴിയും. വേല ചെയ്യുന്നതിനും അതിൽ ഫലപ്രദരായിരിക്കുന്നതിനും ഈ ആഗ്രഹം നമ്മെ പ്രേരിപ്പിക്കും. സദൃശവാക്യങ്ങൾ 16:26 പറയുന്നു: “പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ്‌ അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.” എന്നാൽ അത്യാഗ്രഹം അപകടകരവും വിനാശകവുമാണ്‌. നിയന്ത്രണാതീതമായ ആഗ്രഹമാണ്‌ അത്‌.

പണത്തിനായുള്ള നമ്മുടെ ആഗ്രഹത്തെ നിയന്ത്രിക്കാൻ കഴിയുക എന്നതാണ്‌ പ്രധാന സംഗതി. നാം സമ്പാദിക്കുന്ന പണമോ ഭൗതിക വസ്‌തുക്കളോ നമ്മുടെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുമോ അതോ നമ്മുടെ ആവശ്യങ്ങൾ നമ്മെ പണത്തിന്റെ അടിമയാക്കുമോ? അതുകൊണ്ടാണ്‌ ‘ദ്രവ്യാഗ്രഹം വിഗ്രഹാരാധന’ ആണെന്ന്‌ പൗലൊസ്‌ പറയുന്നത്‌. (എഫെസ്യർ 5:⁠5) എന്തിനോടെങ്കിലും അത്യാർത്തി തോന്നുന്നത്‌ വാസ്‌തവത്തിൽ നമ്മുടെ മനസ്സ്‌ അതിനു കീഴ്‌പെട്ടു പോയിരിക്കുന്നുവെന്ന്‌, ഫലത്തിൽ നാം അതിനെ സേവിക്കുന്നുവെന്ന്‌, നാം അതിനെ നമ്മുടെ യജമാനൻ അഥവാ ദൈവം ആക്കിയിരിക്കുന്നു എന്ന്‌ അർഥമാക്കുന്നു. എന്നാൽ ദൈവം ഇങ്ങനെ കൽപ്പിക്കുന്നു: “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.”​—⁠പുറപ്പാട്‌ 20:⁠3.

അത്യാഗ്രഹം കാണിക്കുന്നത്‌ നമുക്കാവശ്യമുള്ളത്‌ പ്രദാനം ചെയ്യുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിൽ നമുക്കു വിശ്വാസമില്ല എന്നതിന്റെയും സൂചനയാണ്‌. (മത്തായി 6:33) അതുകൊണ്ട്‌ അത്യാഗ്രഹം പ്രകടിപ്പിക്കുമ്പോൾ ഒരു വ്യക്തി ദൈവത്തിൽനിന്ന്‌ അകന്നു മാറുകയാണ്‌. ആ അർഥത്തിലും അതിനെ “വിഗ്രഹാരാധന” എന്നു വിളിക്കാം. അപ്പോൾ പൗലൊസ്‌ അതിനെതിരെ ഇത്ര വ്യക്തമായ മുന്നറിയിപ്പു നൽകുന്നതിൽ അതിശയമില്ല!

യേശുവും അത്യാഗ്രഹത്തിന്‌ എതിരെ വളരെ വ്യക്തമായ മുന്നറിയിപ്പു നൽകി. നമുക്ക്‌ ഇല്ലാത്ത എന്തിനെങ്കിലും വേണ്ടിയുള്ള വാഞ്‌ഛയ്‌ക്കെതിരെ ജാഗ്രത പാലിക്കാൻ അവൻ കൽപ്പിച്ചു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.” (ലൂക്കൊസ്‌ 12:15) ഈ വാക്കുകളും തുടർന്ന്‌ യേശു നൽകുന്ന ദൃഷ്ടാന്തവും കാണിക്കുന്നതനുസരിച്ച്‌ ഒരു വ്യക്തിക്ക്‌ എന്തുമാത്രം സ്വത്ത്‌ ഉണ്ട്‌ എന്നതാണ്‌ ജീവിതത്തിലെ പരമപ്രധാന സംഗതി എന്ന അബദ്ധ ധാരണയിലാണ്‌ അത്യാഗ്രഹം അധിഷ്‌ഠിതമായിരിക്കുന്നത്‌. സ്വത്ത്‌ എന്നു പറയുന്നത്‌ പണമോ പദവിയോ അധികാരമോ ബന്ധപ്പെട്ട മറ്റു സംഗതികളോ ആയിരിക്കാം. നേടിയെടുക്കാനാവുന്ന ഏതൊരു സംഗതിയോടും അത്യാഗ്രഹം തോന്നുക സാധ്യമാണ്‌. ആ സംഗതി ഉണ്ടെങ്കിൽ നമുക്കു പൂർണ തൃപ്‌തി ലഭിക്കുമെന്നു നാം വിചാരിച്ചേക്കാം. എന്നാൽ ബൈബിളും മനുഷ്യ അനുഭവവും കാണിക്കുന്നതനുസരിച്ച്‌, ദൈവത്തിനു മാത്രമേ യേശു തന്റെ അനുഗാമികളോടു പറഞ്ഞതു പോലെ നമ്മുടെ യഥാർഥ ആവശ്യങ്ങളെ പൂർണമായും തൃപ്‌തിപ്പെടുത്താനാവൂ​—⁠അവൻ മാത്രമേ അതു ചെയ്യുകയും ഉള്ളൂ.​—⁠ലൂക്കൊസ്‌ 12:​22-31.

ഇന്നത്തെ ഉപഭോഗോന്മുഖമായ സംസ്‌കാരം അത്യാഗ്രഹത്തിന്റെ തീ ഊതിക്കത്തിക്കുന്നതിൽ മികവു കാട്ടുന്നു. പെട്ടെന്നൊന്നും മനസ്സിലാകുകയില്ലാത്തതും എന്നാൽ ശക്തവുമായ സ്വാധീനങ്ങളുടെ ഫലമായി ചിലയാളുകൾ തങ്ങൾക്കുള്ളതൊന്നും പോരാ എന്നു വിചാരിക്കാൻ ഇടയായിരിക്കുന്നു. വലിപ്പവും മികവുമേറിയ സാധനങ്ങൾ കൂടുതലായി നേടാൻ അവർ ആഗ്രഹിക്കുന്നു. ചുറ്റുമുള്ള ലോകത്തിനു മാറ്റം വരുത്താൻ നമുക്കു കഴിയില്ലെങ്കിലും വ്യക്തിപരമായി നമുക്ക്‌ ഈ ചായ്‌വിനെ എങ്ങനെ ചെറുത്തു നിൽക്കാൻ കഴിയും?

സംതൃപ്‌തി അത്യാഗ്രഹത്തിനു വിരുദ്ധം

അത്യാഗ്രഹികൾ ആയിരിക്കുന്നതിനു പകരം സംതൃപ്‌തരായിരിക്കാൻ പൗലൊസ്‌ ഉപദേശിക്കുന്നു. അവൻ പറയുന്നു: “ഭക്ഷണവും വസ്‌ത്രവും പാർപ്പിടവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്‌തിപ്പെടാം.” (1 തിമൊഥെയൊസ്‌ 6:⁠8, NW) നമുക്ക്‌ യഥാർഥത്തിൽ ആവശ്യമായിരിക്കുന്നതു ‘ഭക്ഷണവും വസ്‌ത്രവും പാർപ്പിടവും’ മാത്രമാണെന്ന ഈ വിവരണം കാര്യജ്ഞാനം ഇല്ലാതെ നടത്തിയ ഒരു പ്രസ്‌താവനയാണെന്നു തോന്നിയേക്കാം. ചില ടെലിവിഷൻ പരിപാടികൾ, പ്രശസ്‌ത വ്യക്തികളെ അവരുടെ ആഡംബരപൂർണമായ മണിമാളികകളിൽ സന്ദർശിക്കുന്നതിനുള്ള അവസരം പ്രേക്ഷകർക്ക്‌ ഒരുക്കി കൊടുക്കുന്നു. എന്നാൽ ഇത്തരം പരിപാടികൾ കാണുന്നത്‌ തീർച്ചയായും സംതൃപ്‌തി നേടുന്നതിനുള്ള മാർഗമായിരിക്കുകയില്ല.

തീർച്ചയായും ദൈവദാസർ സ്വയം ദാരിദ്ര്യം അടിച്ചേൽപ്പിക്കാൻ ആരും പ്രതീക്ഷിക്കുന്നില്ല. (സദൃശവാക്യങ്ങൾ 30:​8, 9) എന്നാൽ ദാരിദ്ര്യം എന്നു പറഞ്ഞാൽ യഥാർഥത്തിൽ എന്താണെന്ന്‌ പൗലൊസ്‌ നമ്മെ ഓർമിപ്പിക്കുന്നു: ഒരു വ്യക്തി ജീവിക്കുന്ന സ്ഥലത്ത്‌ അതിജീവിക്കുന്നതിന്‌ ആവശ്യമായ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവയുടെ അഭാവമാണ്‌ അത്‌. നേരെമറിച്ച്‌ നമുക്ക്‌ അവ ഉണ്ടെങ്കിൽ അത്‌ സംതൃപ്‌തരായിരിക്കുന്നതിനുള്ള അടിസ്ഥാനമാണ്‌.

പൗലൊസ്‌ ആത്മാർഥമായി തന്നെയാണോ സംതൃപ്‌തിയെ കുറിച്ചുള്ള ഇത്തരമൊരു വിവരണം നൽകിയത്‌? ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നീ അടിസ്ഥാന സംഗതികൾകൊണ്ട്‌ മാത്രം തൃപ്‌തിപ്പെടുക സാധ്യമാണോ? പൗലൊസിന്‌ അതു സംബന്ധിച്ച്‌ അറിവുണ്ടായിരുന്നിരിക്കണം. റോമൻ പൗരത്വവും യഹൂദ സമുദായത്തിൽ ഉന്നതസ്ഥാനവും ഉണ്ടായിരുന്നതിന്റെ ഫലമായി സമ്പത്തും പദവികളും അനുഭവിച്ച ഒരു വ്യക്തിയായിരുന്നു പൗലൊസ്‌. (പ്രവൃത്തികൾ 22:28; 23:6; ഫിലിപ്പിയർ 3:⁠5) മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ അവന്‌ കഠിന ബുദ്ധിമുട്ടുകളും നേരിട്ടു. (2 കൊരിന്ത്യർ 11:​23-28) ആ അനുഭവങ്ങളിലൂടെയെല്ലാം സംതൃപ്‌തി നിലനിറുത്തുന്നതിനുള്ള രഹസ്യം പൗലൊസ്‌ മനസ്സിലാക്കി. അത്‌ എന്തായിരുന്നു?

“രഹസ്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു”

തന്റെ ലേഖനങ്ങളിൽ ഒന്നിൽ പൗലൊസ്‌ ഇങ്ങനെ വിശദീകരിച്ചു: “താഴ്‌ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം [“രഹസ്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു,” NW]; തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.” (ഫിലിപ്പിയർ 4:12) എത്ര ആത്മധൈര്യവും ശുഭപ്രതീക്ഷയുമാണ്‌ പൗലൊസിന്റെ വാക്കുകളിൽ നിഴലിക്കുന്നത്‌! ഈ വാക്കുകൾ എഴുതിയ സമയത്ത്‌ പൗലൊസിന്റെ ജീവിതം വളരെ സുഗമമായി നീങ്ങുകയായിരുന്നു എന്ന്‌ അനുമാനിക്കാൻ എളുപ്പമാണ്‌. എന്നാൽ വാസ്‌തവം അതായിരുന്നില്ല. ആ സമയത്ത്‌ അവൻ റോമിൽ തടവിൽ കഴിയുകയായിരുന്നു!​—⁠ഫിലിപ്പിയർ 1:​12-14.

ഈ വസ്‌തുത കണക്കിലെടുക്കുമ്പോൾ, ഭൗതിക വസ്‌തുവകകളുടെ കാര്യത്തിൽ മാത്രമല്ല സാഹചര്യങ്ങളുടെ കാര്യത്തിലും​—⁠അത്‌ എന്തുതന്നെ ആയിരുന്നാലും⁠—⁠സംതൃപ്‌തരായിരിക്കുന്നതു സംബന്ധിച്ചുള്ള ശക്തമായ ഒരു സന്ദേശം നമുക്ക്‌ പൗലൊസിന്റെ വാക്കുകളിൽനിന്നു ലഭിക്കുന്നു. അങ്ങേയറ്റത്തെ സമ്പത്തിനും കഷ്ടപ്പാടിനും നമ്മുടെ മുൻഗണനകളെ പരിശോധനാ വിധേയമാക്കാൻ കഴിയും. ഭൗതികമായി തന്റെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും സംതൃപ്‌തനായിരിക്കാൻ തന്നെ സഹായിച്ച ആത്മീയ ധനത്തെ കുറിച്ചു പൗലൊസ്‌ പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ [ദൈവം] മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:13) കുറച്ചോ കൂടുതലോ ആയാലും തന്റെ ഭൗതിക സ്വത്തുക്കളിലേക്കോ നല്ലതോ മോശമോ ആയാലും തന്റെ സാഹചര്യങ്ങളിലേക്കോ നോക്കുന്നതിനു പകരം തന്റെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിന്‌ പൗലൊസ്‌ ദൈവത്തിലേക്കു നോക്കി. അതിന്റെ ഫലം സംതൃപ്‌തി ആയിരുന്നു.

പൗലൊസിന്റെ മാതൃക തിമൊഥെയൊസിന്‌ പ്രത്യേകിച്ചും പ്രാധാന്യം ഉള്ളതായിരുന്നു. ഭൗതിക ധനത്തെക്കാൾ ദൈവിക ഭക്തിക്കും ദൈവവുമായുള്ള അടുത്ത ബന്ധത്തിനും പ്രാധാന്യം നൽകുന്ന ഒരു ജീവിതം നയിക്കാൻ അപ്പൊസ്‌തലൻ യുവാവായ തിമൊഥെയൊസിനെ ബുദ്ധിയുപദേശിച്ചു. പൗലൊസ്‌ പറഞ്ഞു: “നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.” (1 തിമൊഥെയൊസ്‌ 6:11) അവ തിമൊഥെയൊസിനെ സംബോധന ചെയ്‌ത്‌ എഴുതിയ വാക്കുകൾ ആണെങ്കിലും ദൈവത്തെ ബഹുമാനിക്കാനും യഥാർഥത്തിൽ സന്തുഷ്ടമായ ഒരു ജീവിതം നയിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവ ബാധകമാകുന്നു.

മറ്റേതൊരു ക്രിസ്‌ത്യാനിയെയും പോലെതന്നെ തിമൊഥെയൊസും അത്യാഗ്രഹത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടായിരുന്നു. പൗലൊസ്‌ തിമൊഥെയൊസിന്‌ ഈ കത്ത്‌ എഴുതുമ്പോൾ അവൻ എഫെസൊസിൽ ആയിരുന്നു. സകല സാധ്യതയും അനുസരിച്ച്‌ അവിടത്തെ സഭയിൽ ധനികരായ ചില ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നു. (1 തിമൊഥെയൊസ്‌ 1:⁠3) സമ്പദ്‌സമൃദ്ധമായ ഈ വാണിജ്യ കേന്ദ്രത്തിൽ പൗലൊസ്‌ ക്രിസ്‌തുവിനെ കുറിച്ചുള്ള സുവിശേഷം എത്തിച്ചപ്പോൾ വളരെയധികം പേർ വിശ്വാസികളായിത്തീർന്നു. ഇവരിൽ അനേകരും ധനികരായിരുന്നു എന്നതിൽ സംശയമില്ല. ഇന്ന്‌ ക്രിസ്‌തീയ സഭയിലുള്ള ചിലരുടെ കാര്യത്തിലും ഇതു സത്യമാണ്‌.

1 തിമൊഥെയൊസ്‌ 6:​6-10 വരെയുള്ള ബുദ്ധിയുപദേശത്തിന്റെ വെളിച്ചത്തിൽ ചോദ്യം ഇതാണ്‌: ദൈവത്തെ ബഹുമാനിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ധനികരായ ആളുകൾ എന്തു ചെയ്യണം? ആദ്യംതന്നെ അവർ തങ്ങളുടെ മനോഭാവം പരിശോധിക്കേണ്ടതാണെന്ന്‌ പൗലൊസ്‌ പറയുന്നു. സ്വയം പര്യാപ്‌തതയുടേതായ വികാരങ്ങൾ ഉളവാക്കാനുള്ള ഒരു ചായ്‌വ്‌ പണത്തിനുണ്ട്‌. പൗലൊസ്‌ പറയുന്നു: “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും . . . ആജ്ഞാപിക്ക.” (1 തിമൊഥെയൊസ്‌ 6:​17-19) തങ്ങളുടെ പണത്തിലേക്കല്ല, മറിച്ച്‌ അതിനും അപ്പുറത്തേക്ക്‌, ധനത്തിന്റെ യഥാർഥ ഉറവായ ദൈവത്തിലേക്കു നോക്കാൻ ധനികർ പഠിക്കേണ്ടതുണ്ട്‌.

എന്നാൽ ശരിയായ മനോഭാവം ഉണ്ടായിരിക്കുന്നതു കൊണ്ടു മാത്രമായില്ല. ധനികരായ ക്രിസ്‌ത്യാനികൾ തങ്ങളുടെ ധനം ജ്ഞാനപൂർവകമായ വിധങ്ങളിൽ ഉപയോഗിക്കാൻ പഠിക്കുകയും വേണം. “നന്മ ചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കാനും പൗലൊസ്‌ ബുദ്ധിയുപദേശിക്കുന്നു.​—⁠1 തിമൊഥെയൊസ്‌ 6:⁠18.

‘യഥാർഥ ജീവൻ’

ഭൗതിക വസ്‌തുക്കളുടെ ആപേക്ഷിക മൂല്യത്തെ കുറിച്ച്‌ നാം നമ്മെത്തന്നെ ഓർമിപ്പിക്കണം എന്നതാണ്‌ പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്റെ സാരം. ദൈവവചനം പറയുന്നു: “ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.” (സദൃശവാക്യങ്ങൾ 18:11) അതേ, ആത്യന്തികമായി സമ്പത്ത്‌ നൽകുന്ന സുരക്ഷ ഒരു തോന്നൽ മാത്രമാണ്‌. അത്‌ യഥാർഥത്തിൽ വഞ്ചനാത്മകമാണ്‌. ദൈവാംഗീകാരം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നമ്മുടെ ജീവിതത്തെ സമ്പത്തിന്മേൽ കേന്ദ്രീകരിക്കുന്നത്‌ ശരിയല്ല.

ഭൗതിക സമ്പത്ത്‌ നശ്വരം ആയതിനാൽ നമുക്ക്‌ നമ്മുടെ പ്രത്യാശയെ അതിന്മേൽ അടിസ്ഥാനപ്പെടുത്താൻ ആവില്ല. യഥാർഥ പ്രത്യാശ ശക്തവും അർഥപൂർണവും നിലനിൽക്കുന്നതുമായ എന്തിലെങ്കിലും ഉറപ്പിച്ചു നിറുത്തണം. ക്രിസ്‌തീയ പ്രത്യാശ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിലും നിത്യജീവൻ സംബന്ധിച്ച അവന്റെ വാഗ്‌ദാനത്തിലും അധിഷ്‌ഠിതമാണ്‌. സന്തുഷ്ടി പണം കൊടുത്ത്‌ വാങ്ങാൻ കഴിയാത്തതുപോലെതന്നെ രക്ഷയും വിലയ്‌ക്കു വാങ്ങുക അസാധ്യമാണ്‌. ദൈവത്തിലുള്ള വിശ്വാസത്തിനു മാത്രമേ അത്തരമൊരു പ്രത്യാശ നമുക്ക്‌ നൽകാനാവൂ.

അതുകൊണ്ട്‌ ധനികനായാലും ദരിദ്രനായാലും ശരി, നമ്മെ ‘ദൈവസന്നിധിയിൽ സമ്പന്നനാക്കുന്ന’ ഒരു ജീവിതഗതി നമുക്കു പിന്തുടരാം. (ലൂക്കൊസ്‌ 12:​21, പി.ഒ.സി. ബൈ.) സ്രഷ്ടാവിന്റെ അംഗീകാരത്തെക്കാൾ മൂല്യമുള്ള യാതൊന്നുമില്ല. ആ അംഗീകാരം നിലനിറുത്തുന്നതിനായുള്ള എല്ലാ ശ്രമങ്ങളും ‘യഥാർഥ ജീവൻ അവകാശമാക്കുന്നതിന്‌ ഭാവിക്കു ഭദ്രമായ അടിത്തറ പണിയുന്നതിലേക്ക്‌’ സംഭാവന ചെയ്യും.​—⁠1 തിമൊഥെയൊസ്‌ 6:⁠19, പി.ഒ.സി. ബൈ.

[7-ാം പേജിലെ ചിത്രം]

പൗലൊസ്‌ സംതൃപ്‌തിയുടെ രഹസ്യം മനസ്സിലാക്കി

[8-ാം പേജിലെ ചിത്രങ്ങൾ]

ഉള്ളതുകൊണ്ട്‌ സന്തുഷ്ടരും സംതൃപ്‌തരും ആയിരിക്കാൻ നമുക്കു കഴിയും