ലൂക്കോസ് എഴുതിയത് 16:1-31
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
കാര്യസ്ഥൻ: അഥവാ “വീട്ടിലെ കാര്യം നോക്കിനടത്തുന്നയാൾ.”—ലൂക്ക 12:42-ന്റെ പഠനക്കുറിപ്പു കാണുക.
ബത്ത്: ഇവിടെ ബറ്റൊസ് എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് എബ്രായരുടെ ബത്ത് എന്ന അളവാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു. പുരാതന എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് “ബത്ത്” എന്നു രേഖപ്പെടുത്തിയിരിക്കുന്ന ചില ഭരണിക്കഷണങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽനിന്ന്, ഒരു ബത്ത് ഏതാണ്ട് 22 ലി. വരുമായിരുന്നെന്നു മനസ്സിലാക്കാനായി.—പദാവലിയും അനു. ബി14-ഉം കാണുക.
കോർ: ഇവിടെ കോറൊസ് എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് എബ്രായരുടെ കോർ എന്ന അളവാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു. ഒരു കോർ പത്ത് ബത്തിനു തുല്യമായിരുന്നു. ഒരു ബത്ത് 22 ലി. ആയിരുന്നതുകൊണ്ട് ഒരു കോർ 220 ലി. വരുമായിരുന്നു.—ലൂക്ക 16:6-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ബത്ത്,” “കോർ” എന്നിവയും അനു. ബി14-ഉം കാണുക.
ബുദ്ധിപൂർവം പ്രവർത്തിച്ചതിന്: അഥവാ “പ്രായോഗികജ്ഞാനത്തോടെ (വിവേകത്തോടെ) പ്രവർത്തിച്ചതിന്.” ഫ്രോനിമൊസ് എന്ന ഗ്രീക്കുപദം ഇവിടെ “ബുദ്ധിപൂർവം” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇതിനോടു ബന്ധമുള്ള ഒരു നാമവിശേഷണത്തിന്റെ രൂപങ്ങളെ, ഈ വാക്യത്തിന്റെതന്നെ അവസാനഭാഗത്ത് ബുദ്ധിശാലികൾ എന്നും മത്ത 7:24; 24:45; 25:2; ലൂക്ക 12:42 എന്നീ വാക്യങ്ങളിൽ “വിവേകി” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.— മത്ത 24:45; ലൂക്ക 12:42 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഈ വ്യവസ്ഥിതി: ഇവിടെ കാണുന്ന ഏയോൻ എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ അത് അർഥമാക്കുന്നത്, ഇന്നത്തെ നീതികെട്ട വ്യവസ്ഥിതിയെയും ലൗകികസുഖങ്ങൾ തേടുന്ന ജീവിതരീതിയെയും ആണ്.—പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.
സ്നേഹിതർ: അതായത്, സ്വർഗത്തിലുള്ള സ്നേഹിതർ. ദൈവമായ യഹോവയെയും യേശുക്രിസ്തുവിനെയും ആണ് ഇതു കുറിക്കുന്നത്. അവർക്കു മാത്രമേ “നിത്യമായ വാസസ്ഥലങ്ങളിലേക്ക്” ആരെയെങ്കിലും സ്വീകരിക്കാൻ കഴിയൂ.
നീതികെട്ട ധനം: അക്ഷ. “അനീതിയുടെ മാമോൻ.” കാലങ്ങളായി “മാമോൻ” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള മാമ്മോനാസ് (സെമിറ്റിക്ക് ഉത്ഭവമുള്ളത്) എന്ന ഗ്രീക്കുപദം പണത്തെയോ ധനത്തെയോ ആണ് കുറിക്കുന്നതെന്നു കരുതപ്പെടുന്നു. (മത്ത 6:24-ന്റെ പഠനക്കുറിപ്പു കാണുക.) യേശു അതിനെ നീതികെട്ട ധനം എന്നു വിളിച്ചതിന് പല കാരണങ്ങളുണ്ടായിരിക്കാം. ഒന്ന്, അതു പാപികളായ മനുഷ്യരുടെ നിയന്ത്രണത്തിലാണ്. ഇനി, മിക്കപ്പോഴും അതു സ്വാർഥനേട്ടങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്; പൊതുവേ അതു സമ്പാദിക്കുന്നത്, നീതികെട്ട വഴികളിലൂടെയുമാണ്. മാത്രമല്ല, ധാരാളം പണമുണ്ടായിരിക്കുന്നതും അതു കൂടുതലായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നതും മ്ലേച്ഛമായ പ്രവൃത്തികളിലേക്കു നയിക്കാനും സാധ്യതയുണ്ട്. ധനത്തിന്റെ മൂല്യം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്നതുകൊണ്ട് അത്തരം ധനമുള്ളവർ അതിൽ ആശ്രയം വെക്കരുത്. (1 തിമൊ. 6:9, 10, 17-19) പകരം, യഹോവയെയും യേശുവിനെയും സ്നേഹിതരാക്കാൻവേണ്ടി അത് ഉപയോഗിക്കണം. കാരണം അവർക്കാണ് ഒരാളെ “നിത്യമായ വാസസ്ഥലങ്ങളിലേക്കു” സ്വീകരിക്കാൻ കഴിയുന്നത്.
നിത്യമായ വാസസ്ഥലങ്ങൾ: അക്ഷ. “നിത്യമായ കൂടാരങ്ങൾ.” സാധ്യതയനുസരിച്ച്, പുതിയ ലോകത്തിലെ നിത്യമായ ജീവിതത്തിൽ നമ്മളെ കാത്തിരിക്കുന്ന, എല്ലാം തികഞ്ഞ താമസസ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒന്നു സ്വർഗത്തിലാണ്. യേശുക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിക്കുന്നവരായിരിക്കും അവിടെ കഴിയുക. മറ്റേത് ഈ ഭൂമിയിലായിരിക്കും. സ്വർഗീയഗവണ്മെന്റിന്റെ പ്രജകൾ അന്ന് ഇവിടെ ഒരു പറുദീസയിൽ കഴിയും.
വെറുത്ത്: അതായത്, മറ്റൊരാളെ സ്നേഹിക്കുന്നത്രയും സ്നേഹിക്കാതിരിക്കുക എന്ന് അർഥം.—ലൂക്ക 14:26-ന്റെ പഠനക്കുറിപ്പു കാണുക.
സേവിക്കാൻ: മത്ത 6:24-ന്റെ പഠനക്കുറിപ്പു കാണുക.
നിയമവും പ്രവാചകവചനങ്ങളും: ഇവിടെ ‘നിയമം’ എന്നു പറഞ്ഞിരിക്കുന്നത്, ഉല്പത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്തകങ്ങളെക്കുറിച്ചാണ്. ‘പ്രവാചകവചനങ്ങൾ’ എന്ന പദപ്രയോഗം കുറിക്കുന്നത് എബ്രായതിരുവെഴുത്തുകളിലെ പ്രവചനപുസ്തകങ്ങളെയും. എന്നാൽ ഇവ രണ്ടും ഒന്നിച്ചുവരുമ്പോൾ അത് എബ്രായതിരുവെഴുത്തുകളിലെ എല്ലാ പുസ്തകങ്ങളെയും അർഥമാക്കിയേക്കാം.—മത്ത 5:17; 7:12; 22:40; മത്ത 11:13-ന്റെ പഠനക്കുറിപ്പു കാണുക.
കഠിനശ്രമം ചെയ്യുന്നു: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം, ഉത്സാഹത്തോടെ ഒരു കാര്യം ചെയ്യാൻ ശ്രമിക്കുക എന്നാണ്. ചില ബൈബിൾപരിഭാഷകർ ഈ പദത്തെ നിഷേധാർഥത്തിലാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ആക്രമിക്കുക, അക്രമപ്രവർത്തനത്തിന് ഇരയാകുക എന്നൊക്കെയുള്ള അർഥത്തിൽ.) എന്നാൽ ഈ വാക്യത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത്, ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒരു സന്തോഷവാർത്തയായി പ്രസംഗിച്ചുവരുന്നു എന്നതിനോടു ബന്ധപ്പെടുത്തിയായതുകൊണ്ട് ന്യായമായും ഇതു നിഷേധാർഥത്തിലല്ല മനസ്സിലാക്കേണ്ടതെന്നു വ്യക്തമാണ്. “ആവേശത്തോടെ ഒരു കാര്യത്തിനായി പരിശ്രമിക്കുക; ഉത്സാഹത്തോടെ അന്വേഷിക്കുക” എന്നൊക്കെയായിരിക്കണം അതിന്റെ അർഥം. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത കേൾക്കുമ്പോൾ അതിനനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ആളുകൾ നടത്തുന്ന ആത്മാർഥശ്രമത്തെക്കുറിച്ചാണു സാധ്യതയനുസരിച്ച് ഈ ബൈബിൾഭാഗം പറയുന്നത്. ഇത്തരത്തിൽ ഉത്സാഹത്തോടെ ശ്രമിക്കുന്നതുകൊണ്ട് അവർക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാൻ അവസരം തുറന്നുകിട്ടുകയും ചെയ്യുന്നു.
ഒരു വള്ളിയോ പുള്ളിയോ: യേശുവിന്റെ നാളിൽ ഉപയോഗത്തിലിരുന്ന എബ്രായ അക്ഷരമാലയിലെ, ചില അക്ഷരങ്ങളുടെ ഒരു ചെറിയ വര മാറിയാൽ ആ അക്ഷരംതന്നെ മാറിപ്പോകുമായിരുന്നു. ഈ അതിശയോക്തി അലങ്കാരം ഉപയോഗിച്ചതിലൂടെ, ദൈവവചനത്തിലെ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾപോലും നിറവേറുമെന്ന് ഊന്നിപ്പറയുകയായിരുന്നു യേശു.—മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
വ്യഭിചാരം ചെയ്യുന്നു: ഇവിടെ കാണുന്ന മൊയ്ഖ്യുവോ എന്ന ഗ്രീക്കുക്രിയ വിവാഹിതയിണയോടുള്ള ലൈംഗിക അവിശ്വസ്തതയെ കുറിക്കുന്നു. ഒരു വിവാഹിതവ്യക്തിയും ആ വ്യക്തിയുടെ ഇണയല്ലാത്ത ഒരാളും പരസ്പരസമ്മതത്തോടെ നടത്തുന്ന, ‘ലൈംഗികമായ അധാർമികപ്രവൃത്തികളെയാണു’ ബൈബിളിൽ വ്യഭിചാരം എന്നു വിളിച്ചിരിക്കുന്നത്. (പോർണിയ എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയായ “ലൈംഗിക അധാർമികത”യെക്കുറിച്ച് വിശദീകരിക്കുന്ന മത്ത 5:32-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.) മോശയിലൂടെ ദൈവം കൊടുത്ത നിയമം പ്രാബല്യത്തിലിരുന്ന കാലത്ത്, മറ്റൊരാളുടെ ഭാര്യയുമായോ, ഒരു പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയുമായോ നടത്തുന്ന ലൈംഗികവേഴ്ചയെ വ്യഭിചാരമായാണു കണക്കാക്കിയിരുന്നത്.—മത്ത 5:27; മർ 10:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വിവാഹമോചിത: അതായത്, ലൈംഗിക അധാർമികതയുടെ പേരിലല്ലാതെ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ.—മത്ത 5:32-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു യാചകൻ: അഥവാ “ഒരു ദരിദ്രൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിനു കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരെ കുറിക്കാനാകും. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ധനികനായ മനുഷ്യനോടുള്ള താരതമ്യത്തിൽ ഈ മനുഷ്യന്റെ അവസ്ഥ എത്ര പരിതാപകരമായിരുന്നു എന്ന സൂചനയാണ് ഈ പദം നൽകുന്നത്. മത്ത 5:3-ൽ “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ” എന്നു പറയുന്നിടത്ത് ആലങ്കാരികാർഥത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അക്ഷരാർഥം “ആത്മാവിൽ ദരിദ്രരായവർ (യാചകർ; പാവപ്പെട്ടവർ)” എന്നാണ്. തങ്ങൾ ആത്മീയമായി ദാരിദ്ര്യത്തിലാണെന്നും തങ്ങൾക്കു ദൈവത്തിന്റെ ആവശ്യമുണ്ടെന്നും അങ്ങേയറ്റം ബോധവാന്മാരായ ആളുകളെയാണ് ഇത് അർഥമാക്കുന്നത്.—മത്ത 5:3-ന്റെ പഠനക്കുറിപ്പു കാണുക.
ലാസർ: സാധ്യതയനുസരിച്ച്, എലെയാസർ എന്ന എബ്രായപേരിന്റെ ഗ്രീക്കുരൂപമാണ് ഇത്. “ദൈവം സഹായിച്ചിരിക്കുന്നു” എന്നാണ് ആ പേരിന്റെ അർഥം.
നായ്ക്കൾ: മോശയ്ക്കു കൊടുത്ത നിയമമനുസരിച്ച്, നായ്ക്കൾ അശുദ്ധമൃഗങ്ങളായിരുന്നു. (ലേവ്യ 11:27) ദൃഷ്ടാന്തത്തിൽ, യാചകന്റെ വ്രണങ്ങൾ നക്കിയ നായ്ക്കൾ തെരുവുനായ്ക്കളായിരുന്നിരിക്കാം. ജൂതന്മാർക്കു നായ്ക്കൾ അശുദ്ധമൃഗങ്ങളായിരുന്നതുകൊണ്ട് എബ്രായ തിരുവെഴുത്തുകളിൽ “നായ,” “പട്ടി” എന്നീ പദങ്ങൾ മിക്കപ്പോഴും മോശമായൊരു ധ്വനിയോടെയാണ് ഉപയോഗിച്ചിട്ടുള്ളത്. (ആവ. 23:18, അടിക്കുറിപ്പ്; 1 ശമു. 17:43; 24:14; 2 ശമു. 9:8; 2 രാജാ. 8:13; സുഭാ. 26:11) മത്ത 7:6-ൽ “നായ്ക്കൾ” എന്ന പദം ആത്മീയകാര്യങ്ങൾക്കു വില കല്പിക്കാത്തവരെ കുറിക്കാൻ ആലങ്കാരികാർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ജൂതന്മാർക്കു നായ്ക്കൾ അശുദ്ധമൃഗങ്ങളായിരുന്നതുകൊണ്ടും ബൈബിളിൽ അവയെക്കുറിച്ച് മോശമായ ഒരു ധ്വനിയോടെ പറഞ്ഞിട്ടുള്ളതുകൊണ്ടും ഒരു കാര്യം മനസ്സിലാക്കാം: ഈ ദൃഷ്ടാന്തകഥയിൽ ‘നായ്ക്കളെക്കുറിച്ച്’ പറഞ്ഞിരിക്കുന്നത്, ലാസർ എന്ന യാചകന്റെ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാനാണ്.—മത്ത 7:6; 15:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അബ്രാഹാമിന്റെ അടുത്ത്: അക്ഷ. “അബ്രാഹാമിന്റെ മാറോടു ചേർത്ത്.” തനിക്കു പ്രത്യേകമായ ഇഷ്ടമുള്ളവരെയോ തന്റെ അടുത്ത സുഹൃത്തുക്കളെയോ ആണ് ഒരാൾ തന്റെ മാറോടു ചേർത്ത് ഇരുത്തിയിരുന്നത്. (യോഹ 1:18-ന്റെ പഠനക്കുറിപ്പു കാണുക.) പണ്ട് ആളുകൾ ഭക്ഷണം കഴിക്കാനായി മേശയ്ക്കു ചുറ്റും ഇരിക്കുമ്പോൾ അവർ ഉറ്റസുഹൃത്തുക്കളുടെ മാറിലേക്ക് അഥവാ നെഞ്ചിലേക്കു ചാരിക്കിടക്കുമായിരുന്നു. അതിൽനിന്ന് ഉത്ഭവിച്ച ഒരു അലങ്കാരപ്രയോഗമാണ് ഇത്.—യോഹ. 13:23-25.
ശവക്കുഴി: അഥവാ “ഹേഡിസ്.” അതായത്, മനുഷ്യവർഗത്തിന്റെ ശവക്കുഴി.—പദാവലി കാണുക.
അബ്രാഹാമിന്റെ അടുത്ത്: അക്ഷ. “അബ്രാഹാമിന്റെ മാറോടു ചേർന്ന്.”—ലൂക്ക 16:22-ന്റെ പഠനക്കുറിപ്പു കാണുക.
അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ: മോശയും പ്രവാചകന്മാരും എഴുതിയ തിരുവെഴുത്തുഭാഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത് എല്ലാ ശബത്തിലും സിനഗോഗിൽ വായിച്ചുകേട്ടിരുന്നതുകൊണ്ട് (പ്രവൃ 15:21) യേശുവിനെ ദൈവത്തിന്റെ മിശിഹയും രാജാവും ആയി അവർ അംഗീകരിക്കേണ്ടതായിരുന്നു.
ദൃശ്യാവിഷ്കാരം

ബിസിനെസ്സിലെ പണമിടപാടുകൾക്കു കരാർ എഴുതിയുണ്ടാക്കുന്ന രീതിയെപ്പറ്റി, നീതികെട്ട കാര്യസ്ഥനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു പറഞ്ഞു. (ലൂക്ക 16:6, 7) ഇവിടെ കാണിച്ചിരിക്കുന്ന പപ്പൈറസ് രേഖ അത്തരത്തിലുള്ള ഒന്നാണ്. അരമായയിൽ എഴുതിയ ഈ രേഖ ഏതാണ്ട് എ.ഡി. 55-ലേതാണെന്നു കരുതപ്പെടുന്നു. യഹൂദ്യമരുഭൂമിയിലുള്ള, വരണ്ടുകിടക്കുന്ന മുറാബാത് നീർച്ചാലിലെ ഒരു ഗുഹയിൽനിന്നാണ് ഇതു കണ്ടെടുത്തത്. ഹാനിന്റെ മകനായ അബ്ശാലോം എന്നൊരാളും യഹോഹാനാന്റെ മകനായ സെഖര്യയും തമ്മിലുള്ള ഈ കരാറിൽ കടത്തെക്കുറിച്ചും തിരിച്ചടവിന്റെ വ്യവസ്ഥകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. യേശുവിന്റെ ദൃഷ്ടാന്തം കേട്ടപ്പോൾ ഇത്തരമൊരു രേഖയായിരിക്കാം ആളുകളുടെ മനസ്സിലേക്കു വന്നത്.

ഇവിടെ കാണിച്ചിരിക്കുന്ന മ്യൂറെക്സ് ട്രങ്ക്യലസ് (ഇടത്ത്), മ്യൂറെക്സ് ബ്രാൻഡെറസ് (വലത്ത്) എന്നീ കക്കകളിൽനിന്നാണു പർപ്പിൾ ചായം ലഭിച്ചിരുന്നത്. അവയുടെ തോടിന് 5 സെ.മീ. മുതൽ 8 സെ.മീ. വരെ നീളംവരും. തോടിനുള്ളിൽ കഴിയുന്ന ഈ ജീവികളുടെ കഴുത്തിലെ ചെറിയൊരു ഗ്രന്ഥിയിൽ ഫ്ലവർ എന്നു വിളിക്കുന്ന ഒരു ദ്രാവകമുണ്ട്. സാധാരണയായി അത് ഒറ്റ തുള്ളിയേ കാണാറുള്ളൂ. ആദ്യം ഇതു പാലിന്റെ ക്രീം പോലിരിക്കുമെങ്കിലും കാറ്റും വെളിച്ചവും തട്ടുമ്പോൾ അതു പതിയെ ചുവപ്പു കലർന്ന നീല (കടും വയലറ്റ്) നിറമോ ചുവപ്പു കലർന്ന പർപ്പിൾ നിറമോ ആകും. മെഡിറ്ററേനിയൻ കടലിന്റെ തീരത്തോടു ചേർന്ന് കാണപ്പെടുന്ന ഈ കക്കകളിൽനിന്ന് കിട്ടുന്ന ചായത്തിനു പ്രദേശമനുസരിച്ച് നേരിയ നിറവ്യത്യാസം വരും. കക്കകൾ വലുതാണെങ്കിൽ അവ ഓരോന്നായി തുറന്ന്, അതീവശ്രദ്ധയോടെ ദ്രാവകം ശേഖരിക്കും. എന്നാൽ കക്കകൾ ചെറുതാണെങ്കിൽ ഇടികല്ലിൽ ഇട്ട് ചതച്ചാണ് അതു ശേഖരിച്ചിരുന്നത്. ഇത്തരത്തിൽ ഓരോ കക്കയിൽനിന്നും കിട്ടുന്ന ദ്രാവകത്തിന്റെ അളവ് തീരെ കുറവായിരുന്നതുകൊണ്ട് ഗണ്യമായ ഒരളവ് ശേഖരിക്കാൻ നല്ല പണച്ചെലവുണ്ടായിരുന്നു. ഈ ചായത്തിനു വില വളരെ കൂടുതലായിരുന്നതുകൊണ്ട് പർപ്പിൾ നിറം പിടിപ്പിച്ച വസ്ത്രങ്ങൾ അതിസമ്പന്നരുടെയും ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരുടെയും ഒരു അടയാളമായി മാറി.—എസ്ഥ 8:15.