അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 23:1-35
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഞാൻ ജീവിച്ചിട്ടുള്ളത്: അഥവാ “ഞാൻ പെരുമാറിയിട്ടുള്ളത്.” ഇവിടെ കാണുന്ന പൊളിറ്റ്യുഓമായ് എന്ന ഗ്രീക്കുക്രിയയുടെ രൂപത്തെ “ഒരു പൗരനെപ്പോലെ പെരുമാറുക” (രാജ്യവരിമധ്യ ഭാഷാന്തരം) എന്നു പരിഭാഷപ്പെടുത്താം. സ്വന്തം രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്ന ഉത്തമപൗരനെന്ന നിലയിൽ താൻ ഇതുവരെ വളരെ നന്നായിട്ടാണു പെരുമാറിയിട്ടുള്ളതെന്നു സൂചിപ്പിക്കുകയായിരുന്നു പൗലോസ്. റോമൻ പൗരത്വത്തിനു പൊതുവേ വലിയ വില കല്പിച്ചിരുന്നതുകൊണ്ടും ആ പൗരത്വമുള്ളവർക്കു ചില പ്രത്യേക ഉത്തരവാദിത്വങ്ങളും ആനുകൂല്യങ്ങളും ലഭിച്ചിരുന്നതുകൊണ്ടും റോമൻ പൗരന്മാർ സാധാരണഗതിയിൽ രാജ്യത്തെ കാര്യങ്ങളിൽ സജീവമായി ഉൾപ്പെട്ടിരുന്നു. (പ്രവൃ 22:25-30) എന്നാൽ പൗലോസ് ഇവിടെ തന്റെ ‘ജീവിതത്തെക്കുറിച്ച്’ പറഞ്ഞപ്പോൾ ദൈവമുമ്പാകെ എന്ന പദംകൂടെ ഉപയോഗിച്ചത്, താൻ ഒരു റോമൻ പൗരൻ എന്നതിലുപരി ദൈവരാജ്യത്തിന്റെ ഒരു പൗരനാണെന്നു സൂചിപ്പിക്കാനായിരിക്കാം.—ഫിലി 3:20; ഇതേ ക്രിയാരൂപം ഉപയോഗിച്ചിരിക്കുന്ന ഫിലി 1:27, അടിക്കുറിപ്പ് താരതമ്യം ചെയ്യുക.
പരീശഗണത്തിൽനിന്ന് . . . ചിലർ: എന്തോ കാരണത്താൽ, ഈ ക്രിസ്ത്യാനികൾ അപ്പോഴും അവരുടെ പരീശപശ്ചാത്തലത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നതെന്നു തോന്നുന്നു.—പ്രവൃ 23:6-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ ഒരു പരീശനാണ്: അവിടെ കൂടിയിരുന്ന ചിലർക്കു പൗലോസിനെ പരിചയമുണ്ടായിരുന്നു. (പ്രവൃ 22:5) താൻ പരീശകുടുംബത്തിൽ ജനിച്ചവനാണ് എന്നു പൗലോസ് പറഞ്ഞത്, താനും മുമ്പ് അവരെപ്പോലെ ഒരു പരീശനായിരുന്നെന്നു സൂചിപ്പിക്കാൻവേണ്ടിയാണെന്ന് അവർക്കു മനസ്സിലായിക്കാണും. എന്തായാലും താൻ ഇപ്പോഴും ഒരു പരീശനാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പൗലോസിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് അവർക്ക് ഉറപ്പായും മനസ്സിലായിട്ടുണ്ടാകും. കാരണം പൗലോസ് ഇതിനകം തീക്ഷ്ണതയുള്ള ഒരു ക്രിസ്ത്യാനിയായി മാറിയെന്ന് സൻഹെദ്രിനിലെ പരീശന്മാർക്ക് അറിയാമായിരുന്നു. വാക്യത്തിന്റെ സന്ദർഭം കണക്കിലെടുക്കുമ്പോൾ, പൗലോസിന്റെ വാക്കുകളെ മറ്റൊരർഥത്തിൽ മനസ്സിലാക്കാവുന്നതാണ്. തന്നെപ്പോലെതന്നെ പരീശന്മാരും പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് താൻ സദൂക്യരെക്കാൾ യോജിക്കുന്നത് അവരോടാണെന്നായിരിക്കാം പൗലോസ് ഇവിടെ ഉദ്ദേശിച്ചത്. അങ്ങനെ അവിടെയുണ്ടായിരുന്ന പരീശന്മാരുമായി യോജിക്കാൻ പറ്റുന്ന ഒരു വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദവിഷയം എടുത്തിട്ടാൽ സൻഹെദ്രിനിലെ ചിലരെങ്കിലും തന്റെ പക്ഷത്ത് നിൽക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചുകാണും. ആ തന്ത്രം ഫലിക്കുകയും ചെയ്തു. (പ്രവൃ 23:7-9) പിന്നീട് അഗ്രിപ്പ രാജാവിന്റെ മുന്നിൽവെച്ച് തന്റെ ഭാഗം വാദിച്ചപ്പോൾ പൗലോസ് തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും, ഈ വാക്യത്തിലെ അദ്ദേഹത്തിന്റെ വാക്കുകളുമായി ചേരുന്നുണ്ട്. (പ്രവൃ 26:5) ഫിലിപ്പിയിലെ സഹക്രിസ്ത്യാനികൾക്കു റോമിൽനിന്ന് കത്ത് എഴുതിയപ്പോഴും പൗലോസ് തന്റെ പരീശപാരമ്പര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. (ഫിലി 3:5) മുമ്പ് പരീശന്മാരായിരുന്ന ക്രിസ്ത്യാനികളെ പ്രവൃ 15:5-ൽ വിശേഷിപ്പിച്ചിരിക്കുന്ന വിധവും ഇവിടെ ശ്രദ്ധേയമാണ്.—പ്രവൃ 15:5-ന്റെ പഠനക്കുറിപ്പു കാണുക.
അവർ ശപഥമെടുത്തു: അഥവാ “അവർ ശാപത്തിൻകീഴിലാകാൻ തയ്യാറായി.” ഇവിടെ കാണുന്ന അനതെമാറ്റീഡ്സോ എന്ന ഗ്രീക്കുപദം ഒരു പ്രത്യേകതരം ശപഥത്തെയാണു കുറിക്കുന്നത്. ശപഥം ചെയ്തിട്ട് അതു നിറവേറ്റാതിരിക്കുകയോ ആ ശപഥം നുണയാണെന്നു തെളിയുകയോ ചെയ്താൽ അതിന്റെ ശാപം തന്റെ മേൽ വന്നുകൊള്ളട്ടെ എന്ന് ഒരാൾ സമ്മതിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരുന്നത്.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
അവർ ശപഥമെടുത്തു: അഥവാ “അവർ ശാപത്തിൻകീഴിലാകാൻ തയ്യാറായി.” ഇവിടെ കാണുന്ന അനതെമാറ്റീഡ്സോ എന്ന ഗ്രീക്കുപദം ഒരു പ്രത്യേകതരം ശപഥത്തെയാണു കുറിക്കുന്നത്. ശപഥം ചെയ്തിട്ട് അതു നിറവേറ്റാതിരിക്കുകയോ ആ ശപഥം നുണയാണെന്നു തെളിയുകയോ ചെയ്താൽ അതിന്റെ ശാപം തന്റെ മേൽ വന്നുകൊള്ളട്ടെ എന്ന് ഒരാൾ സമ്മതിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരുന്നത്.
മൂപ്പന്മാർ: ജൂതജനതയുടെ നേതാക്കന്മാരായ ചില മൂപ്പന്മാരാണ് ഇവർ. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്.—മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
ശപഥമെടുത്തിരിക്കുകയാണ്: അഥവാ “ശാപത്തിൻകീഴിലാകാൻ തയ്യാറായിരിക്കുകയാണ്.”—പ്രവൃ 23:12-ന്റെ പഠനക്കുറിപ്പു കാണുക.
അവർ ശപഥമെടുത്തു: അഥവാ “അവർ ശാപത്തിൻകീഴിലാകാൻ തയ്യാറായി.” ഇവിടെ കാണുന്ന അനതെമാറ്റീഡ്സോ എന്ന ഗ്രീക്കുപദം ഒരു പ്രത്യേകതരം ശപഥത്തെയാണു കുറിക്കുന്നത്. ശപഥം ചെയ്തിട്ട് അതു നിറവേറ്റാതിരിക്കുകയോ ആ ശപഥം നുണയാണെന്നു തെളിയുകയോ ചെയ്താൽ അതിന്റെ ശാപം തന്റെ മേൽ വന്നുകൊള്ളട്ടെ എന്ന് ഒരാൾ സമ്മതിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരുന്നത്.
ശപഥം ചെയ്തിരിക്കുന്നു: അഥവാ “ശാപത്തിൻകീഴിലാകാൻ തയ്യാറായിരിക്കുന്നു.”—പ്രവൃ 23:12-ന്റെ പഠനക്കുറിപ്പു കാണുക.
സന്ധ്യയ്ക്കോ: ഈ വാക്യത്തിൽ രാത്രിയുടെ നാലു യാമങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് വൈകിട്ട് 6 മണിമുതൽ രാവിലെ 6 മണിവരെയുള്ള സമയം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങളായി തിരിച്ചിരുന്നു. (ഈ വാക്യത്തിലെ തുടർന്നുള്ള പഠനക്കുറിപ്പുകളും കാണുക.) എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ യേശുവിന്റെ കാലമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു. ഈ വാക്യത്തിലെ “സന്ധ്യ” എന്ന പദപ്രയോഗം രാത്രിയുടെ ആദ്യയാമത്തെ കുറിക്കുന്നു. സൂര്യാസ്തമയംമുതൽ രാത്രി ഏകദേശം 9 മണിവരെ നീളുന്നതായിരുന്നു അത്.—മത്ത 14:25-ന്റെ പഠനക്കുറിപ്പു കാണുക.
രാത്രി മൂന്നാം മണി: സൂര്യാസ്തമയംമുതലാണ് ഇത് എണ്ണേണ്ടത്. ഇതു രാത്രി ഏകദേശം 9 മണിയെ സൂചിപ്പിക്കുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ സമയം സൂചിപ്പിക്കാൻ പൊതുവേ ഉപയോഗിച്ചിരിക്കുന്നതു ‘യാമം’ എന്ന പദമാണ്. സമയത്തെ യാമങ്ങളായി തിരിക്കുന്നതു ഗ്രീക്കുകാരുടെയും റോമാക്കാരുടെയും രീതിയായിരുന്നു. (മത്ത 14:25; മർ 6:48; ലൂക്ക 12:38) എന്നാൽ യാമത്തിനു പകരം രാത്രിയിലെ (12 മണിക്കൂർ ദൈർഘ്യം.) ഒരു പ്രത്യേകമണിക്കൂറിനെക്കുറിച്ച് എടുത്തുപറഞ്ഞിരിക്കുന്നത് ഈ വാക്യത്തിൽ മാത്രമാണ്.—പ്രവൃ 16:25, 33 താരതമ്യം ചെയ്യുക; മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.
പ്രിയ സഹോദരങ്ങളേ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖായ്റൊ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സന്തോഷിക്കുക” എന്നാണ്. ഈ വാക്യത്തിൽ ഒരു അഭിവാദനമായി ഉപയോഗിച്ചിരിക്കുന്ന ആ പദം ഇവിടെ അർഥമാക്കുന്നതു “നിങ്ങൾ സുഖമായിരിക്കട്ടെ” എന്നാണ്. പരിച്ഛേദനയെക്കുറിച്ച് സഭകൾക്ക് അയച്ച ഈ കത്തിലെ ആമുഖപ്രസ്താവനകൾ, പണ്ടുള്ള കത്തുകളിൽ പൊതുവേ കണ്ടിരുന്ന അതേ രീതിയിലാണു തയ്യാറാക്കിയിരിക്കുന്നത്. എഴുതുന്നത് ആരാണെന്ന് ആദ്യം പറയും, പിന്നെ ആളെ അഭിസംബോധന ചെയ്യും, മൂന്നാമതായി അന്നു പ്രചാരത്തിലിരുന്ന ഒരു അഭിവാദനം അറിയിക്കും. (പ്രവൃ 23:26-ന്റെ പഠനക്കുറിപ്പു കാണുക.) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ധാരാളം കത്തുകളുണ്ടെങ്കിലും ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം എഴുതിയ കത്തിൽ കാണുന്ന ഖായ്റൊ എന്ന ഗ്രീക്കുപദം അതേ രീതിയിൽ ഒരു അഭിസംബോധനയായി ഉപയോഗിച്ചിരിക്കുന്നതു യാക്കോബിന്റെ കത്തിൽ മാത്രമാണ്. (യാക്ക 1:1) ഭരണസംഘത്തിന്റെ ആ കത്ത് തയ്യാറാക്കുന്നതിൽ ശിഷ്യനായ യാക്കോബ് ഉൾപ്പെട്ടിരുന്നു. യാക്കോബ് എന്ന ബൈബിൾപുസ്തകം എഴുതിയ വ്യക്തിതന്നെയാണു പ്രവൃത്തികൾ 15-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന യോഗത്തിൽ ഒരു പ്രധാനപങ്കു വഹിച്ച യാക്കോബെന്ന് ഇതിൽനിന്ന് അനുമാനിക്കാം.
അഭിവന്ദ്യനായ ഗവർണർ ഫേലിക്സിനു ക്ലൗദ്യൊസ് ലുസിയാസ് എഴുതുന്നത്: നമസ്കാരം!: പുരാതനകാലത്ത് സാധാരണയായി കത്തുകൾ എഴുതിത്തുടങ്ങിയിരുന്നത് ഇങ്ങനെയാണ്. ആരാണ് എഴുതുന്നത്, ആർക്കാണ് എഴുതുന്നത് എന്നീ വിവരങ്ങളും ഒരു അഭിവാദനവും അതിൽ അടങ്ങിയിരുന്നു. അഭിവാദനത്തിനായി പൊതുവേ ഉപയോഗിച്ചിരുന്നതു ഖായ്റൊ എന്ന ഗ്രീക്കുപദമാണ്. അതിന്റെ അക്ഷരാർഥം “സന്തോഷിക്കുക” എന്നാണെങ്കിലും ആ പദംകൊണ്ട് ഉദ്ദേശിക്കുന്നതു “നിങ്ങൾ സുഖമായിരിക്കട്ടെ” എന്നാണ്. ബൈബിളിന്റെ ഭാഗമല്ലാത്ത പപ്പൈറസ് കത്തുകളിലും ഈ പദം വ്യാപകമായി കാണാമായിരുന്നു. ഈ വാക്യത്തിൽ ആ ഗ്രീക്കുപദം “നമസ്കാരം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഉചിതമാണ്. കത്തുകളിൽ ഉപയോഗിച്ചിരുന്ന സമാനമായ ഒരു അഭിസംബോധന പ്രവൃ 15:23-ലും യാക്ക 1:1-ലും കാണാം.—പ്രവൃ 15:23-ന്റെ പഠനക്കുറിപ്പു കാണുക.
റോമാക്കാരായ ഞങ്ങൾ: അവർ റോമൻ പൗരന്മാരാണ് എന്നാണ് ഈ വാക്കുകൾ സൂചിപ്പിച്ചത്. പൗലോസും സാധ്യതയനുസരിച്ച് ശീലാസും റോമൻ പൗരന്മാരായിരുന്നു. ഒരു റോമൻ പൗരന് എപ്പോഴും ന്യായമായ വിചാരണ ലഭിക്കാൻ അർഹതയുണ്ടെന്നും അയാളുടെ കുറ്റം തെളിയിക്കപ്പെടാതെ അയാളെ ഒരിക്കലും പരസ്യമായി ശിക്ഷിക്കരുതെന്നും റോമൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആ സാമ്രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലെയും നഗരങ്ങൾക്ക് അവയുടേതായ നിയമങ്ങളുണ്ടായിരുന്നെങ്കിലും ഒരു റോമൻ പൗരൻ എപ്പോഴും റോമൻ നിയമത്തിന്റെ കീഴിലായിരുന്നു. തനിക്ക് എതിരെ ഒരു ആരോപണമുണ്ടായാൽ, പ്രാദേശികനിയമമനുസരിച്ചുള്ള വിചാരണയ്ക്കു വിധേയനാകണോ വേണ്ടയോ എന്ന് അയാൾക്കു തീരുമാനിക്കാമായിരുന്നു. അങ്ങനെ വിചാരണ ചെയ്യപ്പെട്ടാൽപ്പോലും അയാൾക്ക് ഒരു റോമൻ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടായിരുന്നു. വധശിക്ഷ കിട്ടിയേക്കാവുന്ന കേസുകളിൽ അയാൾക്കു വേണമെങ്കിൽ റോമൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാനും അനുവാദമുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം പ്രസംഗപ്രവർത്തനം നടത്തിയ ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ ആദ്യത്തേതാണു ഫിലിപ്പിയിൽവെച്ച് നടന്ന ഈ സംഭവം. തന്നെ അടിപ്പിച്ചതിലൂടെ ഫിലിപ്പിയിലെ മജിസ്റ്റ്രേട്ടുമാർ തന്റെ അവകാശങ്ങളിൽ കൈ കടത്തിയെന്ന് അവരെ അറിയിച്ചുകൊണ്ട് ആ സന്ദർഭത്തിൽ പൗലോസ് തന്റെ അവകാശം ഉപയോഗിച്ചു.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 22:25; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഒരു റോമാക്കാരൻ: അതായത്, ഒരു റോമൻ പൗരൻ. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ രണ്ടാമത്തേതാണ് ഈ സംഭവം. സാധാരണയായി റോമൻ അധികാരികൾ ജൂതന്മാരുടെ കാര്യാദികളിൽ കാര്യമായി ഇടപെടാറില്ലായിരുന്നു. എന്നാൽ റോമാക്കാർ ഇവിടെ പൗലോസിന്റെ കാര്യത്തിൽ ഇടപെട്ടത് അദ്ദേഹം ദേവാലയത്തിൽ വന്നപ്പോൾ ഒരു ലഹളയുണ്ടായതുകൊണ്ട് മാത്രമല്ല, അദ്ദേഹം ഒരു റോമൻ പൗരനായിരുന്നതുകൊണ്ടുംകൂടിയാണ്. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കുറ്റം തെളിയിക്കപ്പെടാതെ ഒരു റോമാക്കാരനെ പിടിച്ചുകെട്ടുന്നതും അടിക്കുന്നതും നിയമവിരുദ്ധമായിരുന്നു. അടിമകളോടു മാത്രമാണു പൊതുവേ ആ രീതിയിൽ പെരുമാറിയിരുന്നത്.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 16:37; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
റോമൻ പൗരൻ: പ്രവൃ 16:37; 22:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഗവർണറുടെ വസതി: പ്രായിറ്റോറിയൊൻ എന്ന ഗ്രീക്കുപദം (പ്രായ്റ്റോറിയം എന്ന ലത്തീൻ പദത്തിൽനിന്നുള്ളത്.) റോമൻ ഗവർണർമാരുടെ ഔദ്യോഗികവസതിയെയാണു കുറിക്കുന്നത്. യരുശലേമിൽ ഈ വസതി സാധ്യതയനുസരിച്ച് മഹാനായ ഹെരോദ് നിർമിച്ച കൊട്ടാരമായിരുന്നു. ഇതിന്റെ സ്ഥാനം, യരുശലേമിന്റെ തെക്കൻപകുതിയുടെ വടക്കുപടിഞ്ഞാറേ മൂലയ്ക്കായിരുന്നു. (ഇതിന്റെ സ്ഥാനം മനസ്സിലാക്കാൻ അനു. ബി12 കാണുക.) പ്രത്യേകം ചില അവസരങ്ങളിൽ മാത്രമാണു പീലാത്തൊസ് യരുശലേമിൽ താമസിച്ചിരുന്നത്. ഉത്സവങ്ങളുടെ സമയത്തും മറ്റും കുഴപ്പങ്ങളുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടായിരുന്നു ഇത്. എന്നാൽ പീലാത്തൊസിന്റെ സ്ഥിരതാമസം കൈസര്യയിലായിരുന്നു.
കൊട്ടാരം: അഥവാ “പ്രായ്റ്റോറിയം.” സുവിശേഷവിവരണങ്ങളിലും പ്രവൃത്തികളുടെ പുസ്തകത്തിലും പ്രായിറ്റോറിയൊൻ (ലത്തീനിൽനിന്ന് വന്നിരിക്കുന്നത്.) എന്ന ഗ്രീക്കുപദം ഒരു കൊട്ടാരത്തെയോ മറ്റ് ഏതെങ്കിലും താമസസ്ഥലത്തെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഒരു സൈന്യാധിപന്റെ കൂടാരത്തെ പ്രായ്റ്റോറിയം എന്നാണു വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് സംസ്ഥാനാധിപനായ ഗവർണറുടെ വസതിയെ കുറിക്കാനും അത് ഉപയോഗിച്ചുതുടങ്ങി. ഇവിടെ ആ പദം സൂചിപ്പിക്കുന്നത്, മഹാനായ ഹെരോദ് കൈസര്യയിൽ പണിതീർത്ത കൊട്ടാരത്തെയാണ്. എന്നാൽ ഈ വാക്യത്തിലെ സംഭവം നടന്ന എ.ഡി. 56 ആയപ്പോഴേക്കും ഇതു റോമൻ ഗവർണറുടെ വസതിയായി മാറിയിരുന്നു.—മത്ത 27:27-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം

സാധാരണഗതിയിൽ റോമൻ പടയാളികളുടെ കൈവശം കുത്താനോ എറിഞ്ഞുകൊള്ളിക്കാനോ പറ്റുന്ന തരം നീണ്ട ആയുധങ്ങൾ കാണുമായിരുന്നു. ആഴത്തിൽ തുളച്ചുകയറുന്ന തരം ആയുധമായിരുന്നു പൈലം (1). നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് ഇത് അധികം ദൂരേക്ക് എറിയാൻ പറ്റില്ലായിരുന്നെങ്കിലും ഇതുകൊണ്ട് കുത്തിയാൽ പടച്ചട്ടയും പരിചയും ഒക്കെ തുളഞ്ഞുപോകുമായിരുന്നു. റോമൻ ലഗ്യോനിലെ പടയാളികൾ മിക്കപ്പോഴും പൈലം കൊണ്ടുനടന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. ഇനി, റോമൻ പടയാളികളുടെ കൈവശം താരതമ്യേന ലളിതമായി രൂപകല്പന ചെയ്ത മറ്റൊരു തരം കുന്തവും (2) ഉണ്ടായിരുന്നു. അതിനു തടികൊണ്ടുള്ള നീണ്ട പിടിയും ഇരുമ്പു പഴുപ്പിച്ചുണ്ടാക്കിയ കൂർത്ത മുനയും ആണ് ഉണ്ടായിരുന്നത്. റോമൻ സഹായസേനയിലെ കാലാൾപ്പടയാളികൾ ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള ഒന്നോ അതിലധികമോ കുന്തങ്ങൾ കൊണ്ടുനടന്നിരുന്നു. യേശുവിന്റെ വിലാപ്പുറത്ത് കുത്താൻ ഉപയോഗിച്ചത് ഏതുതരം കുന്തമാണെന്നു നമുക്ക് അറിയില്ല.