വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതൃകായോഗ്യർ​—⁠നിങ്ങൾ അവരിൽനിന്നു പ്രയോജനം അനുഭവിക്കുന്നുവോ?

മാതൃകായോഗ്യർ​—⁠നിങ്ങൾ അവരിൽനിന്നു പ്രയോജനം അനുഭവിക്കുന്നുവോ?

മാതൃകായോഗ്യർ​—⁠നിങ്ങൾ അവരിൽനിന്നു പ്രയോജനം അനുഭവിക്കുന്നുവോ?

“നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു.” തെസ്സലൊനീക്യയിലെ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതിയ വാക്കുകളാണ്‌ അവ. സഹവിശ്വാസികൾക്കായി അവർ വെച്ച മാതൃക തികച്ചും അഭിനന്ദനാർഹമായിരുന്നു. തെസ്സലൊനീക്യരാകട്ടെ, പൗലൊസിന്റെയും സഹകാരികളുടെയും മാതൃകയെ അനുകരിക്കുകയായിരുന്നു. പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെനിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ. . . . [നിങ്ങൾ] ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.”—1 തെസ്സലൊനീക്യർ 1:5-7.

പൗലൊസ്‌ ദൈവിക കാര്യങ്ങൾ പ്രസംഗിക്കുക മാത്രമല്ല, അവ ബാധകമാക്കാൻ സ്വജീവിതത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്‌തു. അതേ, വിശ്വാസത്തിന്റെയും സഹിഷ്‌ണുതയുടെയും ആത്മത്യാഗത്തിന്റെയും ഒരു മാതൃകയായിരുന്നു അവന്റെ ജീവിതം. അതുകൊണ്ട്‌ പൗലൊസിന്റെയും സഹകാരികളുടെയും വ്യക്തിത്വം തെസ്സലൊനീക്യരുടെ ജീവിതത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്തി. “ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും” സത്യം സ്വീകരിക്കാൻ അത്‌ അവരെ പ്രേരിപ്പിച്ചു. എന്നാൽ തീർച്ചയായും, ആ വിശ്വാസികളുടെമേൽ ക്രിയാത്മക സ്വാധീനം ചെലുത്തിയത്‌ പൗലൊസും സഹപ്രവർത്തകരും മാത്രമായിരുന്നില്ല. കഷ്ടപ്പാടുകൾ സഹിച്ച മറ്റുള്ളവരുടെ ദൃഷ്ടാന്തങ്ങളും അവർക്ക്‌ പ്രോത്സാഹനമേകി. പൗലൊസ്‌ തെസ്സലൊനീക്യർക്ക്‌ ഇങ്ങനെ എഴുതി: “സഹോദരരേ, നിങ്ങൾ യെഹൂദായിലെ യേശുക്രിസ്‌തുവിലുള്ള ദൈവത്തിന്റെ സഭകളെ അനുകരിച്ചിരിക്കുന്നു. അവർ യെഹൂദരിൽനിന്നു സഹിച്ചവ നിങ്ങൾ നിങ്ങളുടെ നാട്ടുകാരിൽനിന്നു സഹിച്ചു.”—1 തെസ്സലൊനീക്യർ 2:14, ഓശാന ബൈബിൾ.

യേശുക്രിസ്‌തു—അത്യുത്തമ മാതൃക

പൗലൊസ്‌ അനുകരണാർഹമായ മാതൃക വെച്ചെങ്കിലും, ക്രിസ്‌ത്യാനികൾ പിന്തുടരേണ്ട അടിസ്ഥാന മാതൃക ക്രിസ്‌തുവിന്റേതാണെന്ന്‌ അവൻ വ്യക്തമാക്കി. (1 തെസ്സലൊനീക്യർ 1:6) ക്രിസ്‌തുവാണ്‌ എക്കാലത്തും നമ്മുടെ അത്യുത്തമ മാതൃകാപുരുഷൻ. പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.”—1 പത്രൊസ്‌ 2:21.

എന്നാൽ, യേശു തന്റെ മനുഷ്യജീവിതം പൂർത്തിയാക്കിയിട്ട്‌ ഏതാണ്ട്‌ 2,000 വർഷം കഴിഞ്ഞിരിക്കുന്നു. ഒരു അമർത്യ ആത്മസൃഷ്ടി എന്ന നിലയിൽ അവൻ ഇപ്പോൾ ‘അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നു.’ ആ സ്ഥിതിക്ക്‌ “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനു”മാണ്‌ അവൻ ഇപ്പോൾ. (1 തിമൊഥെയൊസ്‌ 6:16) അപ്പോൾ നമുക്ക്‌ എങ്ങനെയാണ്‌ അവനെ അനുകരിക്കാൻ കഴിയുക? യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള നാലു ബൈബിൾ വിവരണങ്ങൾ പഠിക്കുന്നതാണ്‌ ഒരു മാർഗം. സുവിശേഷങ്ങൾ അവന്റെ വ്യക്തിത്വത്തെയും ജീവിത ഗതിയെയും മാനസിക “ഭാവ”ത്തെയും കുറിച്ചു നമുക്ക്‌ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നു. (ഫിലിപ്പിയർ 2:5-8) ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തിന്റെ ശ്രദ്ധാപൂർവകമായ പഠനം ഇതു സംബന്ധിച്ചു കൂടുതലായ ഉൾക്കാഴ്‌ച നേടാൻ നമ്മെ സഹായിക്കും. * ആ പുസ്‌തകം യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ, അവ നടന്ന ക്രമത്തിൽ വളരെ വിശദമായി വിവരിക്കുന്നു.

യേശുവിന്റെ ആത്മത്യാഗപരമായ മാതൃകയ്‌ക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു. കൊരിന്ത്യ ക്രിസ്‌ത്യാനികളോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്‌പോകയും ചെയ്യും.” (2 കൊരിന്ത്യർ 12:15) ക്രിസ്‌തുതുല്യമായ എത്ര നല്ല ഒരു മനോഭാവം! ക്രിസ്‌തുവിന്റെ പൂർണതയുള്ള മാതൃകയെ കുറിച്ചു ചിന്തിക്കുമ്പോൾ അവനെ അനുകരിക്കാൻ നാമും പ്രേരിതരായിത്തീരണം.

ദൃഷ്ടാന്തത്തിന്‌, നമുക്കു വേണ്ടി ഭൗതികമായി കരുതുമെന്നുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തിൽ ആശ്രയിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ അവൻ അതു പഠിപ്പിക്കുക മാത്രമല്ല ചെയ്‌തത്‌. അവൻ യഹോവയിൽ അത്തരം വിശ്വാസവും ആശ്രയവും അനുദിനം പ്രകടമാക്കുകയും ചെയ്‌തു. യേശു ഇങ്ങനെ പറഞ്ഞു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ ഇടം ഇല്ല.” (മത്തായി 6:25; 8:20) ഭൗതിക കാര്യങ്ങളാണോ നിങ്ങളുടെ ചിന്താഗതിയെയും പ്രവർത്തനങ്ങളെയും ഭരിക്കുന്നത്‌? അതോ, നിങ്ങൾ രാജ്യം ഒന്നാമത്‌ അന്വേഷിക്കുന്നുവെന്ന്‌ നിങ്ങളുടെ ജീവിതം തെളിയിക്കുന്നുവോ? യഹോവയുടെ സേവനത്തെ കുറിച്ചുള്ള നിങ്ങളുടെ മനോഭാവം എന്താണ്‌? അതു നമ്മുടെ മാതൃകാപുരുഷനായ യേശുവിന്റെ മനോഭാവം പോലെയാണോ? ബൈബിൾ വ്യക്തമാക്കുന്നത്‌ അനുസരിച്ച്‌ യേശു തീക്ഷ്‌ണതയെ കുറിച്ചു പ്രസംഗിക്കുക മാത്രമല്ല ചെയ്‌തത്‌, പകരം നിരവധി അവസരങ്ങളിൽ അവൻ ജ്വലിക്കുന്ന തീക്ഷ്‌ണത പ്രകടമാക്കുകയും ചെയ്‌തു. (യോഹന്നാൻ 2:14-17) കൂടാതെ, സ്‌നേഹത്തിന്റെ കാര്യത്തിൽ അവൻ എത്ര ഉദാത്തമായ മാതൃകയാണു വെച്ചത്‌! തന്റെ ശിഷ്യന്മാർക്കായി അവൻ സ്വന്തജീവൻ പോലും ബലികഴിച്ചു! (യോഹന്നാൻ 15:13, 14) ക്രിസ്‌തീയ സഹോദരന്മാരോടു സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ നിങ്ങൾ യേശുവിനെ അനുകരിക്കുന്നുവോ? അതോ, ചിലരുടെ അപൂർണതകൾ നിമിത്തം നിങ്ങൾ അവരോടു സ്‌നേഹം പ്രകടമാക്കാതിരിക്കുന്നുവോ?

ക്രിസ്‌തു വെച്ച മാതൃക പിൻപറ്റാൻ നാം ചിലപ്പോഴൊക്കെ പരാജയപ്പെട്ടേക്കോമെങ്കിലും ‘കർത്താവായ യേശുക്രിസ്‌തുവിനെ ധരിക്കാനുള്ള’ നമ്മുടെ ശ്രമങ്ങളിൽ യഹോവ തീർച്ചയായും സംപ്രീതനാണ്‌.—റോമർ 13:14.

‘ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീരുക’

നമുക്ക്‌ അനുകരിക്കാൻ കഴിയുന്ന മാതൃകാ വ്യക്തികൾ ഇന്നു സഭയിലുണ്ടോ? തീർച്ചയായും ഉണ്ട്‌! ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള സഹോദരന്മാർ വിശേഷാൽ നല്ല ദൃഷ്ടാന്തം വെക്കണം. ക്രേത്തയിലെ സഭകളെ സേവിക്കുകയും മേൽവിചാരകന്മാരെ നിയമിക്കുകയും ചെയ്‌തിരുന്ന തീത്തൊസിനോട്‌, ഓരോ നിയമിത മൂപ്പനും “ആരോപണ വിമുക്തൻ” ആയിരിക്കണമെന്ന്‌ പൗലൊസ്‌ പറഞ്ഞു. (തീത്തൊസ്‌ 1:5, 6, NW) സമാനമായി, പത്രൊസ്‌ അപ്പൊസ്‌തലനും “മൂപ്പന്മാരെ” “ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീ”രാൻ ഉദ്‌ബോധിപ്പിച്ചു. (1 പത്രൊസ്‌ 5:1-3) ശുശ്രൂഷാദാസന്മാരായി സേവിക്കുന്നവരുടെ കാര്യമോ? അവരും ‘നന്നായി ശുശ്രൂഷ ചെയ്യുന്നവർ’ ആയിരിക്കണം.—1 തിമൊഥെയൊസ്‌ 3:13.

മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ക്രിസ്‌തീയ ശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും മികച്ചുനിൽക്കണമെന്നു പ്രതീക്ഷിക്കുന്നതു ന്യായമല്ല. റോമിലെ ക്രിസ്‌ത്യാനികളോട്‌ പൗലൊസ്‌ പറഞ്ഞു: ‘നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരങ്ങളാണ്‌ നമുക്കുള്ളത്‌.’ (റോമർ 12:6) വ്യത്യസ്‌ത സഹോദരന്മാർ വ്യത്യസ്‌ത മണ്ഡലങ്ങളിൽ മികച്ചുനിൽക്കുന്നു. മൂപ്പന്മാരുടെ എല്ലാ ചെയ്‌തികളും വാക്കുകളും പൂർണതയുള്ളത്‌ ആയിരിക്കണമെന്നു പ്രതീക്ഷിക്കുന്നതു ന്യായമല്ല. “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്ന്‌ യാക്കോബ്‌ 3:2-ൽ ബൈബിൾ പറയുന്നു. “ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ [“പൂർണ മനുഷ്യൻ,” NW] ആകുന്നു.” എന്നാൽ, അപൂർണതകൾ ഉണ്ടെങ്കിലും മൂപ്പന്മാർക്ക്‌ തിമൊഥെയൊസിനെപ്പോലെ “വാക്കിലും നടപ്പിലും സ്‌നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരി”ക്കാൻ കഴിയും. (1 തിമൊഥെയൊസ്‌ 4:12) മൂപ്പന്മാർ അപ്രകാരം ചെയ്യുമ്പോൾ ആട്ടിൻകൂട്ടത്തിലുള്ളവർ എബ്രായർ 13:7-ലെ (NW) ഉദ്‌ബോധനം മനസ്സോടെ ബാധകമാക്കും: “നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർക്കുവിൻ. [അവരുടെ] നടത്ത എങ്ങനെയുള്ളതെന്ന്‌ വിചിന്തനം ചെയ്‌തുകൊണ്ട്‌ [അവരുടെ] വിശ്വാസം അനുകരിക്കുവിൻ.”

മറ്റ്‌ ആധുനികകാല മാതൃകകൾ

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ, തങ്ങൾ മാതൃകായോഗ്യരാണെന്ന്‌ മറ്റ്‌ അസംഖ്യം ആളുകൾ പ്രകടമാക്കിയിട്ടുണ്ട്‌. വിദേശ വയലുകളിൽ സേവിക്കാനായി തങ്ങളുടെ “വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞ” ആത്മത്യാഗികളായ ആയിരക്കണക്കിനു മിഷനറിമാരുടെ കാര്യമോ? (മത്തായി 19:29) സഞ്ചാര മേൽവിചാരകന്മാരുടെയും ഭാര്യമാരുടെയും വാച്ച്‌ടവർ സൊസൈറ്റിയുടെ ബ്രാഞ്ചുകളിൽ സ്വമേധയാ സേവിക്കുന്ന സ്‌ത്രീപുരുഷന്മാരുടെയും സഭകളിൽ സേവിക്കുന്ന പയനിയർമാരുടെയും കാര്യം പരിചിന്തിക്കുക. അവരുടെ മാതൃക മറ്റുള്ളവർക്കു പ്രചോദനമല്ലേ? വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ എട്ടാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഒരു മിഷനറിയെ കുറിച്ച്‌ ഏഷ്യയിലെ ഒരു ക്രിസ്‌തീയ സുവിശേഷകൻ ഓർമിക്കുന്നു. “കൊതുകുകടിയും അന്തരീക്ഷ ഈർപ്പവും അസഹ്യമായിരുന്നെങ്കിലും” വിശ്വസ്‌തനായ ആ മിഷനറി സഹോദരൻ “അതൊക്കെ സഹിക്കാൻ സന്നദ്ധ”നായിരുന്നെന്ന്‌ അദ്ദേഹം പറഞ്ഞു. “ഒരു ഇംഗ്ലീഷുകാരനായ ആ സഹോദരന്‌ ചൈനീസ്‌-മലെയ്‌ ഭാഷകളിൽ സുവാർത്ത അവതരിപ്പിക്കാനുള്ള കഴിവ്‌ അപാരമായിരുന്നു.” ഈ നല്ല മാതൃകയുടെ ഫലം എന്തായിരുന്നു? സഹോദരൻ ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ ശാന്തതയും ആത്മവിശ്വാസവും, മുതിർന്നുകഴിയുമ്പോൾ ഒരു മിഷനറിയായിത്തീരാനുള്ള അദമ്യമായ ആഗ്രഹം എന്നിലുളവാക്കി.” പിൽക്കാലത്ത്‌ അദ്ദേഹം ഒരു മിഷനറി ആയിത്തീരുകതന്നെ ചെയ്‌തു.

വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അസംഖ്യം ജീവിത കഥകളുടെ ഒരു പട്ടിക വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്‌) ഉണ്ട്‌. ലൗകിക തൊഴിലുകളും ലക്ഷ്യങ്ങളും തള്ളിക്കളഞ്ഞ, ദൗർബല്യങ്ങളെ കീഴടക്കിയ, വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ, പ്രയാസങ്ങളുടെ മുന്നിൽ ക്രിയാത്മക മനോഭാവം നിലനിറുത്തിയ, ഉത്സാഹവും സഹിഷ്‌ണുതയും വിശ്വസ്‌തതയും താഴ്‌മയും ആത്മത്യാഗ മനോഭാവവും പ്രകടമാക്കിയ അനേകം ആളുകളെ കുറിച്ചുള്ളവയാണ്‌ അവ. അവയെ കുറിച്ച്‌ ഒരു വായനക്കാരി ഇങ്ങനെ എഴുതി: “അവർ അനുഭവിച്ച കാര്യങ്ങളെ കുറിച്ചു വായിക്കുമ്പോൾ അത്‌ എന്നെ കൂടുതൽ താഴ്‌മയും നന്ദിയുമുള്ള ഒരു ക്രിസ്‌ത്യാനിയാക്കുന്നു. ഞാൻ വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നു ചിന്തിക്കുന്നതും സ്വാർഥത കാട്ടുന്നതും ഒഴിവാക്കാൻ അത്‌ എന്നെ സഹായിച്ചു.”

നിങ്ങളുടെ സ്വന്തം സഭയിലെ മാതൃകാ വ്യക്തികളെ ഒരിക്കലും വിസ്‌മരിക്കരുത്‌: കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ക്ഷേമത്തിനു വേണ്ടി നിരന്തരം കരുതുന്ന കുടുംബത്തലവന്മാർ, ശുശ്രൂഷയിൽ സജീവമായി പങ്കെടുക്കുമ്പോൾത്തന്നെ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിന്റെ സമ്മർദം അനുഭവിക്കുന്ന ഏകാകികളായ അമ്മമാർ ഉൾപ്പെടെയുള്ള സഹോദരിമാർ, ബലഹീനതയും അനാരോഗ്യവും വർധിച്ചുവന്നിട്ടും വിശ്വസ്‌തരായി തുടരുന്ന പ്രായമായവരും രോഗഗ്രസ്‌തരുമായ സഹോദരങ്ങൾ. ഇവരുടെ മാതൃക നിങ്ങൾക്ക്‌ ഒരു പ്രചോദനമല്ലേ?

ലോകം ദുഷിച്ച മാതൃകകൾകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നതു ശരിതന്നെ. (2 തിമൊഥെയൊസ്‌ 3:13) എന്നിരുന്നാലും, യഹൂദയിലെ ക്രിസ്‌ത്യാനികൾക്കുള്ള പൗലൊസിന്റെ ഉദ്‌ബോധനം പരിചിന്തിക്കുക. പുരാതനകാലത്തെ അനേകം വിശ്വസ്‌ത സ്‌ത്രീ-പുരുഷന്മാരുടെ മാതൃകായോഗ്യമായ പെരുമാറ്റത്തെ കുറിച്ചു വിവരിച്ച ശേഷം പൗലൊസ്‌ അപ്പൊസ്‌തലൻ യഹൂദ്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ ഈ ഉദ്‌ബോധനം നൽകി: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്‌ക്കുന്നതുകൊണ്ടു . . . മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.” (എബ്രായർ 12:1, 2) ക്രിസ്‌ത്യാനികൾ ഇന്നും മാതൃകാ വ്യക്തികളുടെ “വലിയൊരു സമൂഹ”ത്താൽ—പുരാതന കാലത്തെയും ആധുനിക കാലത്തെയും—ചുറ്റപ്പെട്ടിരിക്കുകയാണ്‌. നിങ്ങൾ അവരെ അനുകരിക്കുന്നുവോ? ‘തിന്മയെ അനുകരിക്കാതെ നന്മയെ’ അനുകരിക്കാൻ നിങ്ങൾ ദൃഢനിശ്ചയമുള്ളവർ ആണെങ്കിൽ നിങ്ങൾക്ക്‌ അതിനു സാധിക്കും.—3 യോഹന്നാൻ 11.

[അടിക്കുറിപ്പുകൾ]

^ ഖ. 6 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യപ്രസിദ്ധീകരിച്ചത്‌.

[20-ാം പേജിലെ ആകർഷക വാക്യം]

മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ക്രിസ്‌തീയ ശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും മികച്ചുനിൽക്കണമെന്നു പ്രതീക്ഷിക്കുന്നതു ന്യായമല്ല

[21-ാം പേജിലെ ചിത്രങ്ങൾ]

മൂപ്പന്മാർ “ആട്ടിൻകൂട്ടത്തിന്നു മാതൃകകളായി”രിക്കണം