വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രഭാഷണകല വികസിപ്പിച്ചെടുക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?

പ്രഭാഷണകല വികസിപ്പിച്ചെടുക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

പ്രഭാ​ഷ​ണകല വികസി​പ്പി​ച്ചെ​ടു​ക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?

“ആളുകൾ എന്റെ ഓരോ കുറ്റവും കുറവും ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ ഞാൻ വിചാ​രി​ച്ചു. എനിക്ക്‌ ഏകാ​ഗ്ര​ത​യോ​ടെ പ്രസം​ഗി​ക്കാൻ കഴിഞ്ഞില്ല. അവരെ​ല്ലാം ഉള്ളിൽ ചിരി​ക്കു​ക​യാ​ണെന്ന്‌ എനിക്കു തോന്നി.”—സാൻഡി. a

തിങ്ങി​നി​റഞ്ഞ സ്‌കൂൾ ഓഡി​റ്റോ​റി​യം. ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ നിങ്ങളു​ടെ പേരു വിളി​ക്കു​ന്നതു നിങ്ങൾ കേൾക്കു​ന്നു, പൊടു​ന്നനെ എല്ലാ കണ്ണുക​ളും നിങ്ങളു​ടെ​മേൽ പതിയു​ന്നു. ഏതാനും ചുവടു മാത്രം അകലെ​യുള്ള പ്രസം​ഗ​പീ​ഠം മൈലു​കൾക്ക്‌ അപ്പുറ​മാ​ണെന്ന തോന്നൽ . . . കൈകൾ വിയർക്കു​ന്നു, കാലുകൾ കുഴയു​ന്നു, വായ്‌ വല്ലാതെ വരളുന്നു. തുടയ്‌ക്കാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ വിയർപ്പു ചാൽ കവിളി​ലേക്ക്‌ ഒലിച്ചി​റ​ങ്ങു​ന്നു. എന്തൊരു നാണ​ക്കേട്‌! ഫയറിങ്‌ സ്‌ക്വാ​ഡി​നെ അഭിമു​ഖീ​ക​രി​ക്കാ​നൊ​ന്നും പോവു​ക​യ​ല്ലെന്ന്‌ അറിയാം, എന്നിട്ടും ഫലത്തിൽ അങ്ങനെ തോന്നു​ന്നു.

ഇതു നാം അംഗീ​ക​രി​ച്ചേ മതിയാ​വൂ: മറ്റുള്ള​വ​രു​ടെ മുമ്പാകെ സംസാ​രി​ക്കുക എന്ന ചിന്തതന്നെ നമ്മിൽ പലർക്കും ഭീതി​ദ​മാണ്‌. (യിരെ​മ്യാ​വു 1:5, 6) സദസ്സിനെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നുള്ള ചിലരു​ടെ ഭയം മരണഭീ​തി​യെ​യും കവിയു​ന്ന​താ​ണ​ത്രേ! എന്നാൽ വ്യക്തി​പ​ര​മായ അനുഭവം എന്തുതന്നെ ആയിരു​ന്നാ​ലും പ്രഭാ​ഷ​ണകല വളർത്തി​യെ​ടു​ക്കു​ന്ന​തിൽ നിങ്ങൾ താത്‌പ​ര്യം പ്രകടി​പ്പി​ക്കു​ന്ന​തിന്‌ മൂല്യ​വ​ത്തായ കാരണ​ങ്ങ​ളുണ്ട്‌. അവയിൽ ചിലതു പരി​ശോ​ധി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രഭാ​ഷ​ണകല വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിൽ വിജയി​ക്കാ​നാ​കും എന്നു പരിചി​ന്തി​ക്കാം.

പ്രഭാ​ഷണം നടത്താൻ ക്ഷണിക്ക​പ്പെ​ടു​മ്പോൾ

“എല്ലാവർക്കും ആവശ്യ​മായ ഒരു വൈദ​ഗ്‌ധ്യ​മാണ്‌ പ്രഭാ​ഷ​ണകല.” ഇത്‌ ഒരു പ്രഭാഷണ പരിശീ​ലന പരിപാ​ടി​യു​ടെ പരസ്യ​വാ​ച​ക​മാണ്‌. ശരിയാണ്‌, ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങളും ഒരു സദസ്സിനെ അഭിമു​ഖീ​ക​രി​ച്ചേ​ക്കാം. പല വിദ്യാ​ല​യ​ങ്ങ​ളി​ലും പ്രഭാ​ഷ​ണകല അഭ്യസി​പ്പി​ക്കു​ന്നുണ്ട്‌. റ്റാറ്റ്യാന എന്നു പേരായ ഒരു ചെറു​പ്പ​ക്കാ​രി അനുസ്‌മ​രി​ക്കു​ന്നു: “സ്‌കൂ​ളിൽ എനിക്കു പല തവണ സഹപാ​ഠി​ക​ളു​ടെ മുമ്പാകെ സംസാ​രി​ക്കേണ്ടി വന്നിട്ടുണ്ട്‌.” വാചിക റിപ്പോർട്ടു​കൾ, പുസ്‌ത​കാ​വ​ലോ​ക​നങ്ങൾ, ദൃശ്യ-ശ്രാവ്യ മാധ്യ​മങ്ങൾ ഉപയോ​ഗി​ച്ചുള്ള അവതര​ണങ്ങൾ, സംവാ​ദങ്ങൾ എന്നീ വിധങ്ങ​ളി​ലെ​ല്ലാം വിദ്യാർഥി​കൾക്കു ഭാഷണ​പാ​ടവം പ്രയോ​ഗി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

വിദ്യാ​ഭ്യാ​സാ​ന​ന്തരം നിങ്ങൾക്ക്‌ ഒരു ജോലി കിട്ടു​മ്പോൾ ചില​പ്പോൾ സഹജോ​ലി​ക്കാർക്ക്‌ ക്ലാസ്‌ എടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം, ഇടപാ​ടു​കാർക്കു മുമ്പാകെ ചില നിർദേ​ശങ്ങൾ അവതരി​പ്പി​ക്കേ​ണ്ടി​വ​ന്നേ​ക്കാം, അതുമ​ല്ലെ​ങ്കിൽ എക്‌സി​ക്യൂ​ട്ടിവ്‌ കമ്മിറ്റി​യോട്‌ ഒരു സാമ്പത്തിക റിപ്പോർട്ട്‌ വിശദീ​ക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. വാസ്‌ത​വ​ത്തിൽ പത്ര​പ്ര​വർത്തനം, മാനേ​ജ്‌മെന്റ്‌, പബ്ലിക്‌ റിലേ​ഷൻസ്‌, വിൽപ്പന എന്നീ മേഖല​ക​ളി​ലെ​ല്ലാം ഉപയു​ക്ത​മാണ്‌ ഭാഷണ​വൈ​ദ​ഗ്‌ധ്യം.

എന്നാൽ, നിങ്ങൾ കായി​കാ​ധ്വാ​നം ഉൾപ്പെ​ട്ടി​രി​ക്കുന്ന പണിക്കോ ഓഫീസ്‌ ക്ലാർക്കി​ന്റെ ജോലി​ക്കോ ആണു പോകാൻ തീരു​മാ​നി​ക്കു​ന്ന​തെ​ങ്കി​ലോ? ഇന്റർവ്യൂ​വി​നു ചെല്ലു​മ്പോൾ നിങ്ങൾ സംസാ​രി​ക്കുന്ന വിധമാണ്‌ മിക്ക​പ്പോ​ഴും ജോലി സാധ്യത നിർണ​യി​ക്കു​ന്നത്‌. മാത്രമല്ല, ജോലി ലഭിച്ചു​ക​ഴി​ഞ്ഞാ​ലും ഭാഷണ​വൈ​ദ​ഗ്‌ധ്യം ഒരു മുതൽക്കൂ​ട്ടാ​യി​രി​ക്കും. കോറിൻ വിദ്യാ​ഭ്യാ​സാ​ന​ന്തരം മൂന്നു വർഷം വെയ്‌റ്റ്‌റ​സാ​യി ജോലി ചെയ്‌തു. അവൾ പറയുന്നു: “സംഭാഷണ ചാതു​ര്യം, നിങ്ങൾക്കു നല്ല പക്വത​യും കൂടുതൽ ചുമത​ലകൾ നിർവ​ഹി​ക്കാ​നുള്ള പ്രാപ്‌തി​യും ഉണ്ടെന്നു മറ്റുള്ള​വർക്കു തോന്നാൻ ഇടയാ​ക്കും. അത്‌ മെച്ചപ്പെട്ട ജോലി​യും ഉയർന്ന ശമ്പളവും ലഭ്യമാ​ക്കി​യേ​ക്കാം; കുറഞ്ഞ​പക്ഷം കൂടുതൽ ആദര​വെ​ങ്കി​ലും.”

കൂടു​ത​ലാ​യി, യുവ ക്രിസ്‌ത്യാ​നി​കൾക്ക്‌ മിക്ക​പ്പോ​ഴും തങ്ങളുടെ പ്രത്യാ​ശ​യെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കേ​ണ്ട​തുണ്ട്‌. (എബ്രായർ 10:23) “നിങ്ങളു​ടെ ഉള്ളിലു​ള്ളത്‌ വ്യക്തമാ​യി പ്രകടി​പ്പി​ക്കാൻ പ്രാപ്‌തി​യു​ണ്ടാ​യി​രി​ക്കു​ന്നതു പ്രധാ​ന​മാണ്‌,” റ്റാനീഷ പറയുന്നു. “നമുക്കു ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കു​ക​യെന്ന വിശിഷ്‌ട പദവി​യുണ്ട്‌.” (മത്തായി 24:14; 28:19, 20) സഭയി​ലും വയൽശു​ശ്രൂ​ഷ​യി​ലും “തങ്ങൾ കണ്ടും കേട്ടു​മി​രി​ക്കു​ന്നതു പ്രസ്‌താ​വി​പ്പാ​തി​രി​പ്പാൻ” യുവജ​ന​ങ്ങൾക്കു കഴിയില്ല.—പ്രവൃ​ത്തി​കൾ 4:20; എബ്രായർ 13:15.

പ്രഭാ​ഷ​ണ​കല വികസി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ അങ്ങനെ പല പ്രയോ​ജ​ന​ങ്ങ​ളും ഉണ്ട്‌. എന്നിരു​ന്നാ​ലും, സദസ്സിനെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ ആശങ്ക തോന്നി​യേ​ക്കാം. സഭാക​മ്പത്തെ അതിജീ​വി​ക്കാൻ നിങ്ങൾക്ക്‌ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ? തീർച്ച​യാ​യും.

നിങ്ങളു​ടെ ഭയം തരണം​ചെ​യ്യൽ

“വിജയി​ക്കു​ന്ന​തിന്‌ നിങ്ങൾ അതിസ​മർഥ​നോ പരിപൂർണ​നോ ആയിരി​ക്ക​ണ​മെ​ന്നില്ല,” സമ്മർദ ലഘൂകരണ വിദഗ്‌ധ​നും പ്രഗത്ഭ പ്രഭാ​ഷ​ക​നു​മായ ഡോ. മോർട്ടൻ സി. ഓർമൻ പറയുന്നു. “പ്രഭാ​ഷ​ണ​ക​ല​യു​ടെ മുഖ്യ ഉദ്ദേശ്യം ഇതാണ്‌: നിങ്ങളു​ടെ സദസ്സിന്‌ മൂല്യ​വ​ത്തായ എന്തെങ്കി​ലും നൽകുക.” മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ, നിങ്ങളി​ലോ നിങ്ങളു​ടെ ഉത്‌ക​ണ്‌ഠ​ക​ളി​ലോ അല്ല, നൽകാ​നുള്ള സന്ദേശ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ഒന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ചിലർ പൗലൊ​സി​നെ അത്ര വാക്‌സാ​മർഥ്യ​മു​ള്ള​വ​നാ​യി ഗണിച്ചി​രു​ന്നില്ല. പക്ഷേ, എല്ലായ്‌പോ​ഴും അവനു മൂല്യ​വ​ത്തായ ചിലതു പറയാ​നു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അവന്റെ പ്രഭാ​ഷണം ഫലപ്ര​ദ​മാ​യി​രു​ന്നു. (2 കൊരി​ന്ത്യർ 11:6) അതേ വിധം, നിങ്ങൾ തികഞ്ഞ ബോധ്യ​ത്തോ​ടെ വിശ്വ​സി​ക്കുന്ന പ്രാധാ​ന്യ​മുള്ള വിവരങ്ങൾ അവതരി​പ്പി​ക്കുക. നിങ്ങളു​ടെ ഭയം ശമിക്കാൻ അതു സഹായി​ക്കും.

മറ്റൊരു പ്രമുഖ പ്രസം​ഗ​ക​നും പരിശീ​ല​ക​നു​മായ റോൺ സാറ്റ്‌ഹോഫ്‌ ഈ നിർദേശം നൽകുന്നു: നിങ്ങളു​ടെ പ്രസം​ഗത്തെ ഔപചാ​രിക അവതര​ണ​മാ​യി വീക്ഷി​ക്കാ​തെ ഒരു സംഭാ​ഷ​ണ​മെ​ന്ന​പോ​ലെ കൈകാ​ര്യം ചെയ്യുക. അതേ, മുഴു സദസ്സി​നോ​ടാ​യി​ട്ട​ല്ലാ​തെ നിങ്ങൾ സാധാരണ സംഭാ​ഷ​ണ​ത്തിൽ ചെയ്യാ​റു​ള്ള​തു​പോ​ലെ, വ്യക്തി​ക​ളോ​ടു സംസാ​രി​ക്കുക. നിങ്ങളു​ടെ സദസ്സി​നോട്‌ യഥാർഥ വ്യക്തിഗത താത്‌പ​ര്യം പ്രകട​മാ​ക്കി​ക്കൊണ്ട്‌ നിങ്ങളു​ടെ തനതു രീതി​യിൽ സംസാ​രി​ക്കുക. (ഫിലി​പ്പി​യർ 2:3, 4) സംഭാ​ഷ​ണ​ഗു​ണം മെച്ച​പ്പെ​ടു​ന്തോ​റും നിങ്ങളു​ടെ പിരി​മു​റു​ക്കം കുറഞ്ഞു​വ​രും.

ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള മറ്റൊരു കാരണം മറ്റുള്ള​വ​രു​ടെ മുമ്പിൽ നാണം​കെ​ടു​മെന്ന ഭീതി​യോ മറ്റുള്ളവർ വിമർശി​ക്കു​മെന്ന ഭയമോ ആണ്‌. പരിച​യ​സ​മ്പ​ന്ന​നായ പ്രസം​ഗ​ക​നും പ്രസംഗ പരിശീ​ല​ക​നു​മായ ലെന്നി ലാസ്‌കോ​വ്‌സ്‌കി പറയു​ന്നത്‌ സദസ്സ്‌ ഓരോ അവതര​ണ​ത്തോ​ടും ക്രിയാ​ത്മ​ക​മാ​യി പ്രതി​ക​രി​ക്കാൻ പ്രവണത കാട്ടുന്നു എന്നാണ്‌. “നിങ്ങൾ വിജയി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌—പരാജ​യ​പ്പെ​ടാ​നല്ല,” ലാസ്‌കോ​വ്‌സ്‌കി പറയുന്നു. അതു​കൊണ്ട്‌ ക്രിയാ​ത്മക മനോ​ഭാ​വം ഉള്ളവരാ​യി​രി​ക്കുക. സാധ്യ​മെ​ങ്കിൽ, സ്റ്റേജിൽ കയറു​ന്ന​തി​നു മുമ്പ്‌ സദസ്യ​രിൽ ചില​രെ​യെ​ങ്കി​ലും പരിച​യ​പ്പെ​ടുക. അവരെ സുഹൃ​ത്തു​ക്ക​ളാ​യി കാണാൻ ശ്രമി​ക്കുക, ശത്രു​ക്ക​ളാ​യല്ല.

ഭയം പൂർണ​മാ​യും അനഭി​കാ​മ്യ​മായ ഒന്നല്ല എന്നതും ഓർമി​ക്കുക. “പൊതു വിശ്വാ​സ​ത്തി​നു വിരു​ദ്ധ​മാ​യി, ഭയം നിങ്ങൾക്കും നിങ്ങളു​ടെ അവതര​ണ​ത്തി​നും ഗുണം ചെയ്യും,” ഒരു വിദഗ്‌ധൻ പറയുന്നു. എങ്ങനെ? ഒരള​വോ​ളം ഭയം എളിമയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു, അത്‌ അമിത ആത്മവി​ശ്വാ​സം ഒഴിവാ​ക്കാൻ നിങ്ങളെ സഹായി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 11:2) നേരിയ ഭയം മെച്ചപ്പെട്ട പ്രകട​ന​ത്തിൽ കലാശി​ക്കു​ന്ന​താ​യി പല കായിക താരങ്ങ​ളും സംഗീ​ത​ജ്ഞ​രും അഭി​നേ​താ​ക്ക​ളും സമ്മതി​ക്കു​ന്നു, പ്രഭാ​ഷ​ണ​ക​ലയെ സംബന്ധി​ച്ചും ഇതു സത്യമാണ്‌.

വിജയ​ത്തിന്‌ സഹായ​ക​മായ ചില നിർദേ​ശ​ങ്ങൾ

തുടർന്നു നാം പരിചി​ന്തി​ക്കുന്ന ആശയങ്ങ​ളും സമാന​മായ മറ്റു വിവര​ങ്ങ​ളും ബാധക​മാ​ക്കുക വഴി ചില യുവ​ക്രി​സ്‌ത്യാ​നി​കൾ സ്‌കൂ​ളി​ലും ജോലി​സ്ഥ​ല​ത്തും സഭയി​ലും പ്രഭാ​ഷ​ണ​ക​ല​യിൽ ഒരള​വോ​ളം അനുഭവ സമ്പത്തും വിജയ​വും നേടി​യെ​ടു​ത്തി​ട്ടുണ്ട്‌. അവരുടെ നിർദേ​ശങ്ങൾ നിങ്ങൾക്കു സഹായ​ക​മാ​യി​രു​ന്നേ​ക്കാം.

ജെയ്‌ഡ്‌: “സ്വന്തം വാക്കു​ക​ളിൽ കാര്യങ്ങൾ അവതരി​പ്പി​ക്കുക. പ്രതി​പാ​ദ്യ​ത്തി​ന്റെ പ്രയോ​ജനം സ്വയം ബോധ്യ​പ്പെ​ടുക. പറയാ​നു​ള്ളത്‌ പ്രാധാ​ന്യ​മു​ള്ള​താ​ണെന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ സദസ്സി​നും അങ്ങനെ​തന്നെ അനുഭ​വ​പ്പെ​ടും.”

റോഷെൽ: “എന്റെ പ്രസംഗം വീഡി​യോ ടേപ്പു ചെയ്യു​ന്നതു സഹായ​ക​മാ​ണെന്ന്‌ ഞാൻ കണ്ടെത്തി. അതു കുറവു​കൾ തുറന്നു​കാ​ട്ടു​മെ​ങ്കി​ലും പ്രയോ​ജ​ന​ക​ര​മാണ്‌. നിങ്ങൾക്ക്‌ ആസ്വാ​ദ്യ​മായ ഒരു വിഷയം തിര​ഞ്ഞെ​ടു​ക്കുക. അത്‌ നിങ്ങളു​ടെ പ്രസം​ഗ​ത്തിൽ പ്രതി​ഫ​ലി​ക്കും.”

മാർഗ്രറ്റ്‌: “പദാനു​പദം എഴുതിയ നോട്ട്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം ഹ്രസ്വ​മായ കുറിപ്പ്‌ ഉപയോ​ഗി​ക്കു​മ്പോൾ ഞാൻ കൂടുതൽ സ്വാഭാ​വി​ക​മാ​യി, സംഭാ​ഷ​ണ​ശൈ​ലി​യിൽ കാര്യങ്ങൾ അവതരി​പ്പി​ക്കു​ന്നു. കൂടാതെ, തുടങ്ങു​ന്ന​തി​നു​മുമ്പ്‌ ദീർഘ​ശ്വാ​സം എടുക്കു​ന്നത്‌ ശാന്തത കൈവ​രി​ക്കാൻ എന്നെ സഹായി​ക്കു​ന്നു.”

കോറിൻ: “സ്വന്തം പിഴവു​കൾ നർമ​ബോ​ധ​ത്തോ​ടെ വീക്ഷി​ക്കുക. എല്ലാവർക്കും തെറ്റ്‌ സംഭവി​ക്കു​ന്നു. നിങ്ങളു​ടെ പരമാ​വധി ശ്രമി​ക്കുക എന്നതാണ്‌ പ്രധാനം.”

ഏതു മേഖല​യി​ലും, കായി​ക​രം​ഗ​മോ സംഗീതം പോലുള്ള ഒരു കലയോ ഏതുമാ​യി​ക്കൊ​ള്ളട്ടെ, അനുഭവ പരിച​യ​ത്തി​നും നിരന്ത​ര​മായ പരിശീ​ല​ന​ത്തി​നും പകരം മറ്റൊ​ന്നു​മില്ല. പരിശീ​ലി​ക്കാൻ മതിയായ സമയം ലഭിക്കു​ന്ന​തിന്‌ പ്രഭാ​ഷണം കഴിയു​ന്നത്ര നേരത്തേ തയ്യാറാ​കാ​നാണ്‌ റ്റാറ്റ്യാന ശുപാർശ ചെയ്യു​ന്നത്‌. ഒരിക്ക​ലും ശ്രമം ഉപേക്ഷി​ക്കാ​തി​രി​ക്കുക. “മറ്റുള്ള​വ​രു​ടെ മുമ്പാകെ ഞാൻ എത്രയ​ധി​കം സംഭാ​ഷി​ക്കു​ന്നു​വോ, അത്രയ​ധി​കം ആത്മവി​ശ്വാ​സം എനിക്കു കൈവ​രു​ന്നു,” അവൾ പറയുന്നു. നാം ഒരിക്ക​ലും വിസ്‌മ​രി​ക്ക​രു​താത്ത സഹായ​ത്തി​ന്റെ മറ്റൊരു ഉറവ്‌ കൂടെ ഉണ്ട്‌, വിശേ​ഷി​ച്ചും നമ്മുടെ ഭാഷണം സത്യാ​രാ​ധ​ന​യു​ടെ ഉന്നമനം ലാക്കാ​ക്കി​യു​ള്ളത്‌ ആയിരി​ക്കു​മ്പോൾ.

വലിയ ആശയസം​വേ​ദ​ക​നിൽ നിന്നുള്ള സഹായം

ഒരു യുവാവ്‌ ആയിരി​ക്കു​മ്പോൾ തന്നെ, ഇസ്രാ​യേ​ലി​ന്റെ ഭാവി രാജാ​വാ​യി​രുന്ന ദാവീദ്‌ ‘വാക്‌ചാ​തു​ര്യ​മു​ള്ളവൻ’ എന്ന ഖ്യാതി സമ്പാദി​ച്ചി​രു​ന്നു. (1 ശമൂവേൽ 16:18) എങ്ങനെ? ഒരു ഇടയബാ​ല​നെന്ന നിലയിൽ ആടുകളെ മേയ്‌ച്ചു​കൊണ്ട്‌ തുറസ്സായ സ്ഥലങ്ങളിൽ പാർത്തി​രുന്ന നാളു​ക​ളിൽ, വലിയ ആശയസം​വേ​ദ​ക​നായ യഹോ​വ​യാം ദൈവ​ത്തോട്‌, പ്രാർഥ​ന​യി​ലൂ​ടെ അവൻ ഉറ്റ ബന്ധം വികസി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു. (സങ്കീർത്തനം 65:2) ക്രമത്തിൽ, ഈ ബന്ധം പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൻകീ​ഴിൽ പോലും വ്യക്തമാ​യി, ശക്തി​യോ​ടെ, ബോധ്യ​പ്പെ​ടു​ത്തും​വി​ധം സംസാ​രി​ക്കാൻ അവനെ സജ്ജനാക്കി.—1 ശമൂവേൽ 17:34-37, 45-47.

ദാവീ​ദി​നെ സഹായി​ച്ച​തു​പോ​ലെ, സത്യാ​രാ​ധ​ന​യോ​ടുള്ള ബന്ധത്തിൽ ബോധ്യം വരുത്തും​വി​ധം സംസാ​രി​ക്കു​ന്ന​തിന്‌ “പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ നാവു” തന്ന്‌ ദൈവം നിങ്ങ​ളെ​യും സഹായി​ക്കു​മെന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക. (യെശയ്യാ​വു 50:4, NW; മത്തായി 10:18-20) നിങ്ങളു​ടെ പ്രഭാ​ഷ​ണകല മെച്ച​പ്പെ​ടു​ത്താൻ ലഭ്യമായ എല്ലാ അവസര​ങ്ങ​ളും ഇപ്പോൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നിങ്ങൾക്കും ഫലപ്ര​ദ​നായ പ്രഭാ​ഷ​ക​നാ​യി​ത്തീ​രാൻ സാധി​ക്കും. (g03 12/22)

[അടിക്കു​റിപ്പ്‌]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[18-ാം പേജിലെ ചതുരം]

പ്രഭാഷകരെന്ന നിലയിൽ പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്നു

ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ എന്നു പേരായ പ്രതി​വാര ബൈബി​ള​ധി​ഷ്‌ഠിത പരിശീ​ലന പരിപാ​ടി​യുണ്ട്‌. വിദ്യാർഥി​കൾ ചർച്ചക​ളിൽ പങ്കെടു​ക്കു​ന്നു, സഭയ്‌ക്കു മുമ്പാകെ അവതര​ണങ്ങൾ നടത്തുന്നു, പുരോ​ഗതി കൈവ​രി​ക്കാൻ വ്യക്തി​പ​ര​മായ സഹായം സ്വീക​രി​ക്കു​ന്നു. ഇതു പ്രയോ​ജ​ന​പ്ര​ദ​മാ​ണോ? 19 വയസ്സു പ്രായ​മുള്ള ക്രിസി​ന്റെ അനുഭവം ഉത്തരം നൽകുന്നു.

“ഈ സ്‌കൂ​ളിൽ ചേരു​ന്ന​തി​നു മുമ്പ്‌, ആളുക​ളു​ടെ സാന്നി​ധ്യം എനിക്ക്‌ അസുഖ​ക​ര​മാ​യി​രു​ന്നു,” അവൻ പറയുന്നു. “ഒരു സദസ്സിനു മുമ്പാകെ സ്റ്റേജിൽ നിൽക്കു​ന്ന​തി​നെ കുറിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ സഭാം​ഗ​ങ്ങ​ളിൽ ചിലർ, സദസ്സിനെ അഭിമു​ഖീ​ക​രി​ക്കാ​നുള്ള എന്റെ പ്രയാസം അവർ തിരി​ച്ച​റി​യു​ന്നു​വെ​ന്നും മുഴു സമയവും ഞാൻ നിന്നു വിക്കി​യാ​ലും തങ്ങൾ പരിപാ​ടി ആസ്വദി​ക്കും എന്നും പറഞ്ഞു​കൊണ്ട്‌ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഓരോ പ്രസം​ഗ​ത്തി​നും ശേഷം അവർ എന്നെ അഭിന​ന്ദി​ച്ചു. അതൊരു വലിയ സഹായ​മാ​യി​രു​ന്നു.”

ഇന്ന്‌, സ്‌കൂ​ളിൽ അഞ്ചു വർഷത്തെ പരിശീ​ല​ന​ത്തി​നു ശേഷം, ക്രിസ്‌ 45 മിനിട്ടു ദൈർഘ്യ​മുള്ള തന്റെ ആദ്യ പ്രഭാ​ഷ​ണ​ത്തി​നാ​യി തയ്യാ​റെ​ടു​ക്കു​ക​യാണ്‌. നിങ്ങൾ ഈ കരുത​ലിൽ നിന്നു പ്രയോ​ജനം നേടു​ന്നു​ണ്ടോ?

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

പ്രഭാ​ഷ​ണ​ക​ല​യിൽ നൈപു​ണ്യം നേടു​ന്നത്‌ ജീവി​ത​ത്തി​ന്റെ എല്ലാ തുറക​ളി​ലും സഹായ​ക​മാണ്‌