വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്തിനെക്കുറിച്ച്‌ പ്രാർഥിക്കണം?

എന്തിനെക്കുറിച്ച്‌ പ്രാർഥിക്കണം?

ക്രിസ്‌ത്യാനികൾ ഒരുപാട്‌ ആവർത്തി​ച്ചു ചൊല്ലുന്ന ഒരു പ്രാർഥ​ന​യെ​ക്കു​റിച്ച്‌ നമുക്കു നോക്കാം. യേശു പഠിപ്പിച്ച ഈ പ്രാർഥ​നയെ കർത്താ​വി​ന്റെ പ്രാർഥ​ന​യെന്നു ചിലർ വിളി​ക്കാ​റുണ്ട്‌. “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ” എന്ന പേരി​ലും ഇത്‌ അറിയ​പ്പെ​ടു​ന്നു. യേശു​വി​ന്റെ ഈ മാതൃ​കാ​പ്രാർഥ​നയെ പലയാ​ളു​ക​ളും ശരിയാ​യി​ട്ടല്ല മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നത്‌. കോടി​ക്ക​ണ​ക്കി​നാ​ളു​കൾ ഈ പ്രാർഥ​ന​യി​ലെ വാക്കുകൾ തന്നെയും പിന്നെ​യും ആവർത്തി​ച്ചു​ചൊ​ല്ലു​ന്നു. ചില​പ്പോൾ ഒരു ദിവസ​ത്തിൽ പലപ്രാ​വ​ശ്യം. എന്നാൽ ഈ രീതി​യിൽ പ്രാർഥി​ക്കാ​നാ​ണോ യേശു ഉദ്ദേശി​ച്ചത്‌? നമുക്ക്‌ അത്‌ എങ്ങനെ അറിയാം?

ഈ പ്രാർഥന പഠിപ്പി​ക്കു​ന്ന​തിന്‌ തൊട്ടു​മുമ്പ്‌ യേശു ഇങ്ങനെ പറഞ്ഞു: ‘പ്രാർഥി​ക്കു​മ്പോൾ, ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌.’ (മത്തായി 6:7) ഇങ്ങനെ പഠിപ്പിച്ച യേശു, ഒരുകൂ​ട്ടം വാക്കുകൾ കാണാതെ പഠിച്ച്‌ വീണ്ടും വീണ്ടും ചൊല്ലാൻ നമ്മളോ​ടു പറയു​മോ? ഇല്ല, ഒരിക്ക​ലു​മില്ല. പിന്നെ എന്താണ്‌ യേശു ഉദ്ദേശി​ച്ചത്‌? പ്രധാ​ന​പ്പെട്ട എന്തൊക്കെ കാര്യങ്ങൾ പ്രാർഥ​ന​യിൽ പറയണ​മെ​ന്നാണ്‌ യേശു ഇതിലൂ​ടെ ഉദ്ദേശി​ച്ചത്‌? മത്തായി 6:9-13 വരെ പറയുന്ന യേശു​വി​ന്റെ ഈ മാതൃ​കാ​പ്രാർഥ​ന​യി​ലെ ഓരോ കാര്യ​ങ്ങ​ളും നമുക്കു നോക്കി​യാ​ലോ?

“സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.”

തന്റെ പിതാ​വായ യഹോ​വയെ വിളിച്ചു പ്രാർഥി​ക്കാ​നാണ്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞത്‌. ദൈവ​ത്തി​ന്റെ പേര്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ആ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ എന്നു പ്രാർഥി​ക്കാൻ പഠിപ്പി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മോ?

മനുഷ്യകുടുംബത്തിന്റെ തുടക്കം​മു​തലേ സാത്താൻ നുണകൾ പറഞ്ഞ്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധ​മായ നാമത്തിൻമേൽ കരിവാ​രി​ത്തേ​ച്ചി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ ശത്രു​വായ അവൻ ദൈവ​ത്തി​നെ​തി​രെ പറഞ്ഞ നുണകൾ എന്താ​ണെന്ന്‌ അറിയാ​മോ? മനുഷ്യ​മ​ക്കളെ ഭരിക്കാൻ അവകാ​ശ​മൊ​ന്നു​മി​ല്ലാത്ത, സ്വാർഥ​നും നുണയ​നും ആയ ഒരു ഭരണാ​ധി​കാ​രി​യാണ്‌ യഹോവ എന്നാണ്‌ അവൻ പറഞ്ഞു​വെ​ച്ചത്‌. (ഉൽപത്തി 3:1-6) ഒരുപാ​ടു പേർ സാത്താന്റെ കൂടെ​ച്ചേർന്നു. ചിലർ പറയു​ന്നത്‌ ഒരു സ്‌നേ​ഹ​വു​മി​ല്ലാത്ത, ക്രൂര​നായ, നമുക്ക്‌ നല്ലതൊ​ന്നും തരാത്ത ഒരു ദൈവ​മാണ്‌ യഹോവ എന്നാണ്‌. എല്ലാം ഉണ്ടാക്കിയ ഒരു ദൈവം ഇല്ലെന്നു​പോ​ലും ചിലർ പറയുന്നു. ഇനി വേറെ ചിലർ ദൈവ​ത്തി​ന്റെ പേരു​തന്നെ ഇല്ലാതാ​ക്കാൻ ശ്രമി​ക്കു​ന്നു. അതിനു​വേണ്ടി അവർ ബൈബിൾപ​രി​ഭാ​ഷ​ക​ളിൽനിന്ന്‌ ദൈവ​ത്തി​ന്റെ പേരു നീക്കുന്നു. ഇനി, അത്‌ ഉപയോ​ഗി​ക്കു​ന്നത്‌ വിലക്കു​ക​യും ചെയ്യുന്നു.

ദൈവത്തിനെതിരെ പറഞ്ഞു പരത്തി​യി​രി​ക്കുന്ന കാര്യങ്ങൾ വ്യാജ​മാ​ണെന്ന്‌ ദൈവം തെളി​യി​ക്കാൻ പോകു​ക​യാണ്‌. (യഹസ്‌കേൽ 39:7) അപ്പോൾ ദൈവം നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കും, ആവശ്യങ്ങൾ നടത്തി​ത്ത​രും. എങ്ങനെ​യാണ്‌ അത്‌ ചെയ്യാൻ പോകു​ന്നത്‌? അതിനുള്ള ഉത്തരം പ്രാർഥ​ന​യു​ടെ അടുത്ത ഭാഗത്തുണ്ട്‌.

“അങ്ങയുടെ രാജ്യം വരേണമേ.”

ഇന്നുള്ള പല മതാധ്യാ​പ​കർക്കും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പല അഭി​പ്രാ​യ​ങ്ങ​ളാണ്‌ ഉള്ളത്‌. ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ ഒരു മിശിഹാ വരു​മെന്ന്‌ യേശു​വി​നെ ശ്രദ്ധി​ച്ച​വർക്ക്‌ അറിയാ​മാ​യി​രു​ന്നു. ദൈവം തിര​ഞ്ഞെ​ടുത്ത ആ രക്ഷകൻ ഒരു രാജ്യം സ്ഥാപി​ക്കു​മെ​ന്നും ആ രാജ്യം ഭൂമി​യിൽ മാറ്റങ്ങൾ വരുത്തു​മെ​ന്നും അവർ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. (യശയ്യ 9:6, 7; ദാനി​യേൽ 2:44) ആ രാജ്യം സാത്താൻ പറഞ്ഞ എല്ലാ നുണക​ളും തുറന്നു​കാ​ണി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ നാമം പരിശു​ദ്ധ​മാ​ക്കും. പിന്നെ സാത്താനെ നീക്കി​ക്ക​ള​യും, അവൻ വരുത്തി​ക്കൂ​ട്ടിയ എല്ലാ കുഴപ്പ​ങ്ങ​ളും പരിഹ​രി​ക്കും. ദൈവ​ത്തി​ന്റെ രാജ്യം യുദ്ധം, രോഗങ്ങൾ, പട്ടിണി എന്തിന്‌ മരണം​പോ​ലും ഇല്ലാതാ​ക്കും. (സങ്കീർത്തനം 46:9; 72:12-16; യശയ്യ 25:8; 33:24) ദൈവ​ത്തി​ന്റെ രാജ്യം വരേണമേ എന്നു പ്രാർഥി​ക്കു​മ്പോൾ ഇക്കാര്യ​ങ്ങ​ളെ​ല്ലാം നടന്നു​കാ​ണാൻ നിങ്ങൾ പ്രാർഥി​ക്കു​ക​യാണ്‌.

“അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.”

ദൈവത്തിന്റെ വാസസ്ഥ​ല​മായ സ്വർഗ​ത്തി​ലെ​പ്പോ​ലെ​തന്നെ ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യി​ലും നടപ്പി​ലാ​കും എന്നാണ്‌ യേശു സൂചി​പ്പി​ച്ചത്‌. സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ ഇഷ്ടം തടുക്കാൻ ആർക്കും കഴിയില്ല. ദൈവ​ത്തി​ന്റെ പുത്ര​നായ യേശു, സാത്താ​നോ​ടും അവന്റെ അനുയാ​യി​ക​ളോ​ടും യുദ്ധം ചെയ്‌ത്‌ അവരെ തോൽപ്പിച്ച്‌ ഭൂമി​യി​ലേക്ക്‌ വലി​ച്ചെ​റി​യും. (വെളി​പാട്‌ 12:9-12) ഒന്നും രണ്ടും അപേക്ഷ​ക​ളി​ലെ​പ്പോ​ലെ​തന്നെ ഈ മൂന്നാ​മത്തെ അപേക്ഷ​യും, പ്രാർഥി​ക്കു​മ്പോൾ നമ്മൾ എന്തിനാണ്‌ പ്രാധാ​ന്യം കൊടു​ക്കേ​ണ്ട​തെന്ന്‌ വ്യക്തമാ​ക്കു​ന്നു: നമ്മുടെ ഇഷ്ടത്തിനല്ല, ദൈവ​ത്തി​ന്റെ ഇഷ്ടത്തിന്‌. ദൈവ​ത്തി​ന്റെ ഇഷ്ടമാണ്‌ എല്ലാ സൃഷ്ടി​കൾക്കും നന്മ വരുത്തു​ന്നത്‌. പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന യേശു​പോ​ലും പിതാ​വി​നോട്‌ ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”—ലൂക്കോസ്‌ 22:42.

“ഇന്നത്തേ​ക്കുള്ള ആഹാരം ഞങ്ങൾക്ക്‌ ഇന്നു തരേണമേ.”

നമ്മുടെ കാര്യ​ങ്ങൾക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാ​മെ​ന്നാണ്‌ അടുത്ത​താ​യി യേശു പറഞ്ഞത്‌. നമ്മുടെ ഓരോ ദിവസ​ത്തെ​യും കാര്യങ്ങൾ നടന്നു​പോ​കു​ന്ന​തി​നു​വേണ്ടി പ്രാർഥി​ക്കു​ന്ന​തിൽ ഒരു തെറ്റു​മില്ല. അങ്ങനെ നമ്മൾ പ്രാർഥി​ക്കു​മ്പോൾ യഹോ​വ​യാണ്‌ “എല്ലാവർക്കും ജീവനും ശ്വാസ​വും മറ്റു സകലവും നൽകു​ന്നത്‌” എന്ന്‌ നമ്മൾ അംഗീ​ക​രി​ക്കു​ക​യാണ്‌. (പ്രവൃ​ത്തി​കൾ 17:25) മക്കൾക്കു നല്ലതു​മാ​ത്രം കൊടു​ക്കുന്ന സ്‌നേ​ഹ​വാ​നായ ഒരു പിതാ​വി​നെ​പ്പോ​ലെ​യാണ്‌ യഹോവ. അവർക്കു ദോഷം​ചെ​യ്യുന്ന ഒരു അപേക്ഷ​യും ദൈവം സ്വീക​രി​ക്കില്ല.

“ഞങ്ങളുടെ കടങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ.”

നിങ്ങൾക്ക്‌ ദൈവ​ത്തോട്‌ എന്തെങ്കി​ലും കടമു​ണ്ടോ? നിങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ ക്ഷമ ആവശ്യ​മാ​ണോ? പാപം എന്താ​ണെ​ന്നോ അതിന്റെ ഗൗരവം എന്താ​ണെ​ന്നോ പലർക്കും അറിയില്ല. എന്നാൽ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ ഇന്നുള്ള എല്ലാ പ്രശ്‌ന​ങ്ങൾക്കും അടിസ്ഥാ​ന​കാ​രണം പാപമാണ്‌ എന്നാണ്‌. മനുഷ്യർ മരിക്കു​ന്ന​തി​ന്റെ കാരണ​വും അതുത​ന്നെ​യാണ്‌. പാപി​ക​ളാ​യി ജനിക്കുന്ന നമ്മൾ പലപ്പോ​ഴും തെറ്റുകൾ ചെയ്യുന്നു. പാപത്തി​ന്റെ കടക്കെ​ണി​യി​ലായ നമ്മുടെ ഭാവി ദൈവ​ത്തി​ന്റെ കൈക​ളി​ലാണ്‌. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ക്ഷമ നമുക്കു കൂടിയേ തീരൂ. (റോമർ 3:23; 5:12; 6:23) “യഹോവേ, അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.” ബൈബി​ളി​ലെ ഈ വാക്കുകൾ നമ്മളെ ശരിക്കും ആശ്വസി​പ്പി​ക്കു​ന്നി​ല്ലേ.—സങ്കീർത്തനം 86:5.

“ദുഷ്ടനിൽനിന്ന്‌ ഞങ്ങളെ വിടു​വി​ക്കേ​ണമേ.”

ദൈവത്തിന്റെ സംരക്ഷണം നിങ്ങൾക്ക്‌ എത്ര ആവശ്യ​മാ​ണെന്ന്‌ മനസ്സി​ലാ​കു​ന്നു​ണ്ടോ? ‘ദുഷ്ടൻ’ അഥവാ സാത്താൻ ഉണ്ടെന്നുള്ള കാര്യം​പോ​ലും പലരും വിശ്വ​സി​ക്കു​ന്നില്ല. എന്നാൽ സാത്താൻ ശരിക്കും ഉള്ള വ്യക്തി​യാ​ണെന്ന്‌ യേശു പഠിപ്പി​ച്ചു. “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി” എന്നു​പോ​ലും സാത്താനെ വിളിച്ചു. (യോഹ​ന്നാൻ 12:31; 16:11) ഈ ലോകം നിയ​ന്ത്രി​ക്കു​ന്നത്‌ സാത്താ​നാണ്‌. അവന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഈ ലോക​ത്തി​ലാ​കെ മോശ​മായ കാര്യ​ങ്ങ​ളാണ്‌ നടക്കു​ന്നത്‌. അവൻ നിങ്ങ​ളെ​യും വീഴി​ക്കാൻ നോക്കും. പ്രത്യേ​കിച്ച്‌ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം തകർക്കാൻ. (1 പത്രോസ്‌ 5:8) പക്ഷേ സാത്താ​നെ​ക്കാൾ വളരെ ശക്തനാണ്‌ യഹോവ. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ സംരക്ഷി​ക്കാൻ യഹോവ നോക്കി​യി​രി​ക്കു​ക​യാണ്‌, ഒരു സംശയ​വും വേണ്ട.

നമ്മൾ പ്രാർഥി​ക്കേണ്ട എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഈ പ്രാർഥ​ന​യിൽ പറയു​ന്നു​ണ്ടോ? ഇല്ല. 1 യോഹ​ന്നാൻ 5:14-ൽ ദൈവ​ത്തെ​ക്കു​റി​ച്ചു പറയുന്നു: “ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും” എന്ന്‌. അതു​കൊണ്ട്‌ നമ്മുടെ പ്രശ്‌നങ്ങൾ അത്‌ എത്ര നിസ്സാ​ര​മാ​ണെ​ങ്കി​ലും ദൈവ​ത്തോ​ടു പറയാൻ മടിക്കേണ്ട.—1 പത്രോസ്‌ 5:7.

പ്രാർഥിക്കുന്നതിന്‌ ഏതെങ്കി​ലും പ്രത്യേക സമയമോ സ്ഥലമോ നോക്ക​ണോ? ഇക്കാര്യ​ത്തിൽ എന്തെങ്കി​ലും നിബന്ധ​നകൾ ഉണ്ടോ?