വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഷാശൈലി

ഭാഷാശൈലി

തനതായ അർഥമുള്ള പദപ്രയോഗങ്ങളാണു ഭാഷാശൈലികൾ. എന്നാൽ അതിലെ ഓരോ പദത്തിന്റെയും അർഥം വെവ്വേറെ എടുത്താൽ കിട്ടുന്നതു മറ്റൊരു അർഥമായിരിക്കും.

മറ്റു ഭാഷകൾപോലെതന്നെ ബൈബിൾ എഴുതാൻ ഉപയോഗിച്ച എബ്രായ, അരമായ, ഗ്രീക്ക്‌ ഭാഷകളിലും ധാരാളം ഭാഷാശൈലികൾ പ്രചാരത്തിലുണ്ട്‌. ബൈബിളിന്റെ സന്ദേശം കൃത്യമായി മനസ്സിലാകണമെങ്കിൽ ഒരു വായനക്കാരന്‌ അതിലെ ശൈലികളുടെ അർഥവും മനസ്സിലാകേണ്ടതുണ്ട്‌. കൃത്യതയോടെ പരിഭാഷ ചെയ്യണമെങ്കിൽ പരിഭാഷകർക്കും അതിന്റെ അർഥം മനസ്സിലാകണം. ഇത്തരം ശൈലികൾ ചില ഭാഷകളിലേക്കു പദാനുപദം പരിഭാഷപ്പെടുത്തിയാൽപ്പോലും വായനക്കാർക്കു പെട്ടെന്നു കാര്യം മനസ്സിലാകും. ആളുകളുടെ സംസ്‌കാരവും പശ്ചാത്തലവും ഒക്കെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. (മത്ത 5:2; 10:27; 24:31 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ബൈബിൾ എഴുതാൻ ഉപയോഗിച്ച ഭാഷകൾ അത്ര നന്നായി അറിയില്ലാത്തവർക്കു ചില ശൈലികൾ മുഴുവനായി മനസ്സിലാകണമെങ്കിൽ അതിനു വിശദീകരണം നൽകേണ്ടിവരും. (മത്ത 26:23; മർ 5:34; 14:40 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇനി മറ്റു ചില ശൈലികൾ പദാനുപദം പരിഭാഷപ്പെടുത്താതെ അവയുടെ അർഥം പരിഭാഷപ്പെടുത്തിയിട്ട്‌ പദാനുപദ പരിഭാഷ അടിക്കുറിപ്പിലോ പഠനക്കുറിപ്പിലോ കൊടുക്കും.—മത്ത 9:15; ലൂക്ക 10:6; 12:35 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

‘നടക്കുക’ എന്നതു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ശൈലിയാണ്‌. അതിന്റെ അർഥം “ജീവിക്കുക,” “പിൻപറ്റുക” എന്നെല്ലാമാണ്‌. (സങ്ക 1:1; 25:5; 89:30) “മുഴുഭൂമിയുടെയും വഴിക്കു പോകുക” എന്ന എബ്രായശൈലിയുടെ അർഥമാകട്ടെ, “മരിക്കുക” എന്നും. (യോശ 23:14, അടിക്കുറിപ്പ്‌) “വയറ്റിലുണ്ടായിരിക്കുക” എന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അർഥം “ഗർഭിണിയായിരിക്കുക” എന്നാണ്‌. (മത്ത 1:18, 23) ഇനി, അപ്പം ബൈബിൾനാടുകളിലെ സാധാരണഭക്ഷണമായിരുന്നതുകൊണ്ട്‌ “ഭക്ഷണം കഴിക്കുക” എന്ന അർഥത്തിൽ “അപ്പം നുറുക്കുക” എന്നൊരു പ്രയോഗമുണ്ട്‌. (പ്രവൃ 20:7)—ഗ്രീക്ക്‌ തിരുവെഴുത്തുകളിൽനിന്നുള്ള ഉദാഹരണങ്ങൾ എടുത്തിരിക്കുന്നത്‌, ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരത്തിൽനിന്നാണ്‌.