വിവരങ്ങള്‍ കാണിക്കുക

തൂണി​ലും തുരു​മ്പി​ലും ദൈവമുണ്ടോ?

തൂണി​ലും തുരു​മ്പി​ലും ദൈവമുണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തിന്‌ എല്ലാം കാണാ​നും എവി​ടെ​യും എന്തും പ്രവർത്തി​ക്കാ​നും കഴിയും. (സുഭാഷിതങ്ങൾ 15:3; എബ്രായർ 4:13) എന്നാൽ ദൈവം സർവവ്യാ​പി​യാ​ണെന്ന്‌, അതായത്‌ തൂണി​ലും തുരു​മ്പി​ലും എല്ലായി​ട​ത്തും ദൈവ​മു​ണ്ടെന്ന്‌, ബൈബിൾ പഠിപ്പി​ക്കു​ന്നി​ല്ല. പകരം, ദൈവം ഒരു വ്യക്തി​യാ​ണെ​ന്നും ദൈവ​ത്തിന്‌ ഒരു വാസസ്ഥ​ല​മു​ണ്ടെ​ന്നും ആണ്‌ ബൈബിൾ പറയു​ന്നത്‌.

  •   ദൈവ​ത്തി​ന്റെ രൂപം: ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌. (യോഹന്നാൻ 4:24) മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയില്ല. (യോഹന്നാൻ 1:18) ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദർശനങ്ങൾ ദൈവ​ത്തിന്‌ ഒരു വാസസ്ഥ​ല​മു​ള്ള​താ​യി ചിത്രീ​ക​രി​ക്കു​ന്നു. ദൈവം എല്ലായി​ട​ത്തു​മു​ള്ള​താ​യി എവി​ടെ​യും പറഞ്ഞി​ട്ടി​ല്ല.—യശയ്യ 6:1, 2; വെളി​പാട്‌ 4:2, 3, 8.

  •   ദൈവ​ത്തി​ന്റെ വാസസ്ഥലം: ദൈവം ആത്മമണ്ഡ​ല​ത്തി​ലാ​ണു വസിക്കു​ന്നത്‌, അത്‌ ഭൗതി​ക​പ്ര​പ​ഞ്ച​ത്തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌. ആ ആത്മമണ്ഡ​ല​ത്തി​ലെ ‘സ്വർഗ​ത്തിൽ’ ദൈവ​ത്തിന്‌ ഒരു ‘വാസസ്ഥ​ല​മുണ്ട്‌’. (1 രാജാ​ക്ക​ന്മാർ 8:30) ആത്മവ്യ​ക്തി​ക​ളാ​യ ദൂതന്മാർ ഒരിക്കൽ “യഹോ​വ​യു​ടെ സന്നിധി​യിൽ” a ചെന്നു​നി​ന്നെന്ന്‌ ബൈബി​ളിൽ പറയു​ന്നുണ്ട്‌. അതു കാണി​ക്കു​ന്നത്‌, ദൈവ​ത്തിന്‌ ഒരു പ്രത്യേക വാസസ്ഥ​ല​മു​ണ്ടെ​ന്നാണ്‌.—ഇയ്യോബ്‌ 1:6.

ദൈവം സർവവ്യാ​പി​യ​ല്ലെ​ങ്കിൽപ്പി​ന്നെ എങ്ങനെ​യാണ്‌ ദൈവ​ത്തിന്‌ എന്നെ സഹായി​ക്കാ​നാ​കു​ക?

 സഹായി​ക്കാ​നാ​കും. കാരണം, ഓരോ​രു​ത്ത​രെ​യും​കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തയുണ്ട്‌. സ്വർഗ​ത്തി​ലാണ്‌ ദൈവ​ത്തി​ന്റെ വാസസ്ഥ​ല​മെ​ങ്കി​ലും തന്നെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന മനുഷ്യ​രെ ദൈവം ശ്രദ്ധി​ക്കു​ക​യും അവർക്കു​വേ​ണ്ടി പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. (1 രാജാ​ക്ക​ന്മാർ 8:39; 2 ദിനവൃ​ത്താ​ന്തം 16:9) ആത്മാർഥ​ഹൃ​ദ​യ​രാ​യ ആരാധ​ക​രെ യഹോവ സഹായി​ക്കു​ന്ന ചില വിധങ്ങൾ നോക്കാം:

  •   പ്രാർഥി​ക്കു​മ്പോൾ: നിങ്ങൾ പ്രാർഥി​ക്കു​ന്ന ആ നിമി​ഷം​ത​ന്നെ യഹോവ അതു കേൾക്കു​ന്നു.—2 ദിനവൃ​ത്താ​ന്തം 18:31.

  •   വിഷമി​ച്ചി​രി​ക്കു​മ്പോൾ: “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; മനസ്സു തകർന്ന​വ​രെ ദൈവം രക്ഷിക്കുന്നു.”—സങ്കീർത്ത​നം 34:18.

  •   മാർഗ​നിർദേ​ശം ആവശ്യ​മാ​യി​രി​ക്കു​മ്പോൾ: തന്റെ വചനമായ ബൈബി​ളി​ലൂ​ടെ യഹോവ നിങ്ങൾക്ക്‌ ‘ഉൾക്കാ​ഴ്‌ച തരും, നിങ്ങളെ പഠിപ്പി​ക്കും.’—സങ്കീർത്ത​നം 32:8.

ചില തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: എല്ലാ സൃഷ്ടി​യി​ലും ദൈവ​മുണ്ട്‌.

 വസ്‌തുത: ദൈവം ഭൂമി​യി​ലോ ഭൗതി​ക​പ്ര​പ​ഞ്ച​ത്തി​ലോ വസിക്കു​ന്നി​ല്ല. (1 രാജാ​ക്ക​ന്മാർ 8:27) ആകാശ​വും നക്ഷത്ര​ങ്ങ​ളും മറ്റു സൃഷ്ടി​ക​ളും “ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു” എന്നതു ശരിയാണ്‌. (സങ്കീർത്തനം 19:1) എന്നാൽ, ഒരു ചിത്ര​കാ​രൻ താൻ വരച്ച ചിത്ര​ത്തിൽ കുടി​കൊ​ള്ളാ​ത്ത​തു​പോ​ലെ ദൈവം തന്റെ സൃഷ്ടി​ക​ളിൽ കുടി​കൊ​ള്ളു​ന്നി​ല്ല. എങ്കിലും ഒരു ചിത്രം അതിന്റെ ചിത്ര​കാ​ര​നെ​ക്കു​റിച്ച്‌ നമ്മളോ​ടു ചില കഥകൾ പറയും. അതു​പോ​ലെ നമുക്കു ദൃശ്യ​മാ​യ സൃഷ്ടി​ക്രി​യ​കൾ സ്രഷ്ടാ​വി​ന്റെ ശക്തി, ജ്ഞാനം, സ്‌നേഹം തുടങ്ങിയ ‘അദൃശ്യ​ഗു​ണ​ങ്ങ​ളെ​ക്കു​റിച്ച്‌’ നമ്മളോ​ടു പറയുന്നു.—റോമർ 1:20.

 തെറ്റി​ദ്ധാ​രണ: എല്ലാ കാര്യ​ങ്ങ​ളും അറിയാ​നും ശക്തി പ്രയോ​ഗി​ക്കാ​നും കഴിയ​ണ​മെ​ങ്കിൽ ദൈവം സർവവ്യാ​പി​യാ​യി​രി​ക്കണം.

 വസ്‌തുത: ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യാ​യ പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ത്തി​നു​വേ​ണ്ടി പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ കാര്യങ്ങൾ അറിയാ​നും എവി​ടെ​യും ഏതു സമയത്തും എന്തും പ്രവർത്തി​ക്കാ​നും ദൈവ​ത്തി​നു കഴിയും. അതിനു ദൈവം അവിടെ പ്രത്യ​ക്ഷ​പ്പെ​ട​ണ​മെ​ന്നി​ല്ല.—സങ്കീർത്ത​നം 139:7.

 തെറ്റി​ദ്ധാ​രണ: “ഞാൻ സ്വർഗ​ത്തി​ലേ​ക്കു കയറി​യാൽ അങ്ങ്‌ അവി​ടെ​യു​ണ്ടാ​കും; ശവക്കു​ഴി​യിൽ കിടക്ക വിരി​ച്ചാൽ അവി​ടെ​യും അങ്ങുണ്ടാ​കും” എന്ന സങ്കീർത്ത​നം 139:8-ലെ വാക്കുകൾ ദൈവം സർവവ്യാ​പി​യാ​ണെ​ന്നു പഠിപ്പി​ക്കു​ന്നു.

 വസ്‌തുത: ഈ ബൈബിൾവാ​ക്യം ദൈവ​ത്തി​ന്റെ വാസസ്ഥ​ല​ത്തെ​ക്കു​റി​ച്ചല്ല പറയു​ന്നത്‌. പകരം ദൈവ​ത്തിന്‌ എത്തി​പ്പെ​ടാ​നാ​കാ​ത്ത ഒരിടം​പോ​ലു​മി​ല്ലെന്നു കാവ്യാ​ത്മ​ക​മാ​യി പറയു​ക​യാണ്‌. അതെ, ഏതു വിദൂ​ര​ത​യി​ലും ദൈവ​ത്തി​നു പ്രവർത്തി​ക്കാ​നാ​കും!

a യഹോവ എന്നത്‌ ദൈവ​ത്തി​ന്റെ പേരാ​ണെന്ന്‌ ബൈബിൾ പറയുന്നു.