എന്താണ് പരിശുദ്ധാത്മാവ്?
ബൈബിളിന്റെ ഉത്തരം
കാര്യങ്ങൾ ചെയ്യാൻ ദൈവം ഉപയോഗിക്കുന്ന ശക്തിയാണ് പരിശുദ്ധാത്മാവ്. ദൈവം എല്ലാം ചെയ്യുന്നത് ഈ ശക്തി ഉപയോഗിച്ചാണ്. (മീഖ 3:8; ലൂക്കോസ് 1:35) തന്റെ ഇഷ്ടം ചെയ്യാൻ ഏതു സ്ഥലത്തേക്കും ദൈവം തന്റെ ഈ ഊർജം അഥവാ ശക്തി അയയ്ക്കുന്നു. —സങ്കീർത്തനം 104:30; 139:7.
എബ്രായപദമായ റുവാക്കിനെയും ഗ്രീക്ക് പദമായ ന്യൂമയെയും “ആത്മാവ്” എന്ന പദം ഉപയോഗിച്ചാണ് ബൈബിളിൽ പരിഭാഷ ചെയ്തിരിക്കുന്നത്. മിക്കപ്പോഴും ഈ വാക്കുകൾ ദൈവത്തിന്റെ ശക്തിയെ അല്ലെങ്കിൽ പരിശുദ്ധാത്മാവിനെ ആണ് അർഥമാക്കുന്നത്. (ഉൽപത്തി 1:2) കൂടാതെ മറ്റു പല കാര്യങ്ങളെ സൂചിപ്പിക്കാനും ഈ വാക്കുകൾ ഉപയോഗിക്കുന്നുണ്ട്:
ശ്വാസം.—ഹബക്കൂക്ക് 2:19; വെളിപാട് 13:15.
കാറ്റ്.—ഉൽപത്തി 8:1; യോഹന്നാൻ 3:8.
ജീവജാലങ്ങളിലെ ജീവൻ നിലനിറുത്തുന്ന ശക്തി.—ഇയ്യോബ് 34:14, 15.
ഒരാളുടെ സ്വഭാവം അല്ലെങ്കിൽ മനോഭാവം.—സംഖ്യ 14:24.
ആത്മശരീരമുള്ള വ്യക്തികൾ, ഇതിൽ ദൈവവും ദൈവദൂതന്മാരും ഉൾപ്പെടും.—1 രാജാക്കന്മാർ 22:21; യോഹന്നാൻ 4:24.
ഇപ്പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ഇവയെ ഒന്നും കാണാൻ പറ്റില്ലെങ്കിലും ഇവയുടെ പ്രവർത്തനം നമുക്ക് അറിയാൻ കഴിയും. കാറ്റിനെ കാണാൻ കഴിയില്ലെങ്കിലും അതിനു ശക്തിയുണ്ട്. അതുപോലെ ദൈവാത്മാവിനെ കാണാൻ കഴിയില്ലെങ്കിലും അതിനും വളരെ ശക്തിയുണ്ട്.—ഡബ്ല്യൂ. ഇ. വൈനിന്റെ കംപ്ലീറ്റ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ്.
ബൈബിളിൽ പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ “കൈകൾ” എന്നും “വിരലുകൾ” എന്നും വിളിച്ചിട്ടുണ്ട്. (സങ്കീർത്തനം 8:3; 102: 25; ലൂക്കോസ് 11:20; മത്തായി 12:28 താരതമ്യം ചെയ്യുക.) ഒരു ശില്പി തന്റെ കൈകളും വിരലുകളും ഉപയോഗിച്ച് ശില്പങ്ങൾ ഉണ്ടാക്കുന്നതുപോലെ ദൈവം തന്റെ ആത്മാവിനെ ഉപയോഗിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നു. അതിനുള്ള ചില ഉദാഹരണങ്ങൾ നോക്കാം.
പ്രപഞ്ചം.—സങ്കീർത്തനം 33:6; യശയ്യ 66:1, 2.
ബൈബിൾ.—2 പത്രോസ് 1:20, 21.
പണ്ടുകാലത്തെ ദൈവദാസർ ചെയ്ത അത്ഭുതങ്ങളും ഉത്സാഹത്തോടെയുള്ള അവരുടെ സുവിശേഷപ്രവർത്തനവും.—ലൂക്കോസ് 4:18; പ്രവൃത്തികൾ 1:8; 1 കൊരിന്ത്യർ 12:4-11.
ദൈവത്തെ അനുസരിച്ചവർക്കുണ്ടായ നല്ല ഗുണങ്ങൾ.—ഗലാത്യർ 5:22, 23.
പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല
പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ “കൈകളെന്നും” “വിരലുകളെന്നും” “ശ്വാസമെന്നും” ബൈബിൾ പറയുന്നതിൽനിന്ന് പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ലെന്നു നമ്മൾ മനസ്സിലാക്കി. (പുറപ്പാട് 15:8, 10) ശില്പിയുടെ മനസ്സും ശരീരവും പറയുന്നതുപോലെയാണ് അദ്ദേഹത്തിന്റെ കൈകൾ പ്രവർത്തിക്കുന്നത്. ഇതുപോലെ, ദൈവത്തിന്റ ആഗ്രഹംപോലെ മാത്രമേ പരിശുദ്ധാത്മാവ് പ്രവർത്തിക്കുകയുള്ളൂ. (ലൂക്കോസ് 11:13) ദൈവാത്മാവിനെ വെള്ളത്തോടും ബൈബിൾ താരതമ്യം ചെയ്യുന്നു. കൂടാതെ വിശ്വാസത്തോടും അറിവിനോടും അതിനെ ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല.—യശയ്യ 44:3; പ്രവൃത്തികൾ 6:5; 2 കൊരിന്ത്യർ 6:6.
ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നും ദൈവത്തിന്റെ മകന്റെ പേര് യേശുക്രിസ്തു എന്നാണെന്നും ബൈബിൾ വ്യക്തമായി പറയുന്നു. എന്നാൽ പരിശുദ്ധാത്മാവിന് ഒരു പേരുണ്ടെന്ന് ഒരിടത്തും പറയുന്നില്ല. (യശയ്യ 42:8; ലൂക്കോസ് 1:31) രക്തസാക്ഷിയായി മരിക്കുന്നതിനു മുമ്പ് സ്തെഫാനൊസിന് ഒരു സ്വർഗീയദർശനം കിട്ടി. അതിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:“ സ്തെഫാനൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി ആകാശത്തേക്കു നോക്കി, ദൈവത്തിന്റെ മഹത്ത്വവും ദൈവത്തിന്റെ വലതുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു.” (പ്രവൃത്തികൾ 7:55) ആ ദർശനത്തിൽ സ്തെഫാനൊസ് കണ്ടത് രണ്ടു പേരെയാണ് അല്ലാതെ മൂന്നു പേരെയല്ല. ഈ ദർശനം കാണാൻ സ്തെഫാനൊസിനെ സഹായിച്ച ദൈവത്തിന്റെ ശക്തിയാണ് പരിശുദ്ധാത്മാവ്.
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ദാനീയേൽ റഫറൻസ് ബൈബിൾ ഭാഷാന്തരത്തിൽ 1 യോഹന്നാൻ 5:7, 8 വാക്യങ്ങളിൽ പറയുന്നതുപോലെ പരിശുദ്ധാത്മാവ് അഥവാ ദൈവാത്മാവ് ഒരു വ്യക്തിയാണ്. മാത്രമല്ല അതു ത്രിത്വത്തിന്റെ ഭാഗവും ആണ്.
വസ്തുത: ദാനീയേൽ റഫറൻസ് ബൈബിൾ ഭാഷാന്തരത്തിൽ 1 യോഹന്നാൻ 5:7, 8 വാക്യങ്ങൾ ഇങ്ങനെ പറയുന്നു: സ്വർഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഈ മൂവരും ഒന്നുതന്നെ. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവരുണ്ട്. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലും ഇങ്ങനെയാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു കാര്യം യോഹന്നാൻ അപ്പോസ്തലൻ ബൈബിളിൽ എഴുതിയിട്ടില്ലെന്ന് ഗവേഷകർ കണ്ടെത്തി. അതുകൊണ്ട് ഇത് ബൈബിളിന്റെ ഭാഗമല്ല. ബ്രൂസ്. എം. മെറ്റ്സ്ഗർ എന്ന പ്രൊഫസ്സർ ഇങ്ങനെ എഴുതി: “ഈ വാക്കുകൾ യാഥാർഥ്യത്തിനു നിരക്കുന്നതല്ല. പുതിയ നിയമത്തിന്റെ ഭാഗമായിരിക്കാൻ ഇതിനു യാതൊരു യോഗ്യതയുമില്ല.”— ഗ്രീക്ക് പുതിയ നിയമ പദങ്ങൾക്ക് ഒരു വ്യാഖ്യാനം. (ഇംഗ്ലീഷ്)
തെറ്റിദ്ധാരണ: ബൈബിൾ പരിശുദ്ധാത്മാവിന് ഒരു വ്യക്തിത്വം കൊടുത്ത് സംസാരിക്കുന്നുണ്ട്. അതുകൊണ്ട്, പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്.
വസ്തുത: പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായി ചിത്രീകരിച്ചുകൊണ്ട് തിരുവെഴുത്തുകൾ സംസാരിക്കുന്നുണ്ടെങ്കിലും പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല. അങ്ങനെ പറയാൻ കാരണം, ജ്ഞാനം, മരണം, പാപം എന്നിവയ്ക്കും ബൈബിൾ വ്യക്തിത്വം കല്പിച്ച് സംസാരിക്കുന്നുണ്ട്. (സുഭാഷിതങ്ങൾ 1:20; റോമർ 5:17, 21) ഉദാഹരണത്തിന്, ‘ജ്ഞാനത്തിന് പ്രവൃത്തികളും മക്കളും’ ഉണ്ടെന്ന് ബൈബിൾ പറയുന്നു. പാപം ഒരാളെ വശീകരിക്കുമെന്നും കൊല്ലുമെന്നും തെറ്റായി മോഹിപ്പിക്കുമെന്നും അതു പറയുന്നുണ്ട്.—മത്തായി 11:19; ലൂക്കോസ് 7:35; റോമർ 7:8, 11.
ഇതുപോലെ അപ്പോസ്തലനായ യോഹന്നാൻ യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചപ്പോൾ പരിശുദ്ധാത്മാവിനെ ഒരു “സഹായി” (പരാക്ലേറ്റൊസ്) എന്നു വിളിച്ചുകൊണ്ട് വ്യക്തിത്വം കല്പിച്ച് സംസാരിച്ചു. ഈ “സഹായി” തെളിവു നൽകുകയും വഴി കാണിച്ചുതരുകയും സംസാരിക്കുകയും കേൾക്കുകയും അറിയിക്കുകയും മഹത്ത്വപ്പെടുത്തുകയും സ്വീകരിക്കുകയും ഒക്കെ ചെയ്യും. യോഹന്നാൻ “സഹായി” എന്നു പറഞ്ഞപ്പോൾ “അവൻ” പുല്ലിംഗസർവനാമരൂപമാണ് ഉപയോഗിച്ചത്. (യോഹന്നാൻ 16:7-15) എന്തുകൊണ്ടാണ് യോഹന്നാൻ ഇങ്ങനെ ഉപയോഗിച്ചത്? കാരണം, “സഹായി” എന്നതിനുള്ള ഗ്രീക്കുപദമായ പരാക്ലേറ്റൊസ് ഒരു പുല്ലിംഗനാമമാണ്. ഗ്രീക്കു വ്യാകരണനിയമം അനുസരിച്ച് ഒരു പുല്ലിംഗനാമത്തോടൊപ്പം ഒരു പുല്ലിംഗസർവനാമമേ ഉപയോഗിക്കാവൂ. അതുകൊണ്ടാണ് യോഹന്നാൻ “സഹായി” എന്ന വാക്കിനു പകരം “അവൻ” എന്ന് ഉപയോഗിച്ചത്. ആത്മാവ് എന്നതിന്റെ ഗ്രീക്കുപദമായ ന്യൂമ നപുംസകലിംഗത്തിലുള്ളതാണ്. അതുകൊണ്ട്, യോഹന്നാൻ സഹായിയെക്കുറിച്ച് പറഞ്ഞപ്പോൾ “അത്” എന്ന സർവനാമം ഉപയോഗിച്ചു.—യോഹന്നാൻ 14:16, 17.
തെറ്റിദ്ധാരണ: പരിശുദ്ധാത്മാവിന്റെ പേരിൽ സ്നാനമേൽക്കുക എന്നു പറയുമ്പോൾ പരിശുദ്ധാത്മാവ് ഒരു വ്യക്തിയായിരിക്കില്ലേ?
വസ്തുത: അധികാരത്തെയും ശക്തിയെയും കുറിക്കുന്നതിനുവേണ്ടി ബൈബിളിൽ പലയിടത്തും “പേര്” എന്ന് ഉപയോഗിച്ചിട്ടുണ്ട്. (ആവർത്തനം 18:5, 19-22; എസ്ഥേർ 8:10) ഉദാഹരണത്തിന്, ഇംഗ്ലീഷിൽ “നിയമത്തിന്റെ പേരിൽ” എന്ന് ഉപയോഗിക്കുമ്പോൾ നിയമം ഒരു വ്യക്തിയാണെന്ന് ആരും ചിന്തിക്കില്ല. അങ്ങനെയെങ്കിൽ, ‘പരിശുദ്ധാത്മാവിന്റെ പേരിൽ’ അല്ലെങ്കിൽ ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്നാനമേൽക്കുക എന്നു പറഞ്ഞാൽ അതിനെ എങ്ങനെ മനസ്സിലാക്കണം? പരിശുദ്ധാത്മാവിന്റെ ശക്തിയെയും ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള പരിശുദ്ധാത്മാവിന്റെ പങ്കിനെയും ആണ് ശരിക്കും അത് അർഥമാക്കുന്നത്. —മത്തായി 28:19.
തെറ്റിദ്ധാരണ: അപ്പോസ്തലന്മാരും ആദ്യകാല ശിഷ്യന്മാരും പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്ന് വിശ്വസിച്ചിരുന്നു.
വസ്തുത: ബൈബിളും ചരിത്രവും അങ്ങനെ പറയുന്നില്ല. “പരിശുദ്ധാത്മാവ് വ്യതിരിക്തനായ ഒരു ദിവ്യവ്യക്തിയാണെന്നു നിർവചിച്ചത് . . . എ.ഡി. 381-ൽ കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലാണ്” എന്ന് ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. ഈ പ്രഖ്യാപനം നടന്നത്, അപ്പോസ്തലന്മാരിൽ അവസാനത്തെ വ്യക്തിയും മരിച്ച് രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷമാണ്.