1914 എന്ന വർഷത്തെക്കുറിച്ച് ബൈബിൾ പ്രവചനം എന്തെങ്കിലും പറയുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
ബൈബിൾ കാലക്കണക്ക് സൂചിപ്പിക്കുന്നതനുസരിച്ച് 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായി. ബൈബിളിലെ ദാനിയേൽ പുസ്തകത്തിൽ നാലാം അധ്യായത്തിൽ കാണുന്ന ഒരു പ്രവചനത്തിൽ അതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ആ പ്രവചനം. ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ഒരു പ്രാവചനിക സ്വപ്നം കാണാൻ ദൈവം ഇടവരുത്തി. ആ സ്വപ്നത്തിൽ വെട്ടിയിടാൻ പോകുന്ന ഒരു പടുക്കൂറ്റൻ മരം രാജാവ് കണ്ടു. ആ മരം വെട്ടിയതിനു ശേഷം അതിന്റെ കുറ്റി വളരാതിരിക്കാൻ വീണ്ടും ‘ഏഴു കാലത്തേക്കു’ ബന്ധിച്ചു. അതു കഴിയുമ്പോൾ ആ മരം വീണ്ടും വളരുമായിരുന്നു.—ദാനിയേൽ 4:1, 10-16.
പ്രവചനത്തിന്റെ ആദ്യ നിവൃത്തി. ആ വലിയ മരം നെബൂഖദ്നേസർ രാജാവിനെത്തന്നെയാണ് അർഥമാക്കിയത്. (ദാനിയേൽ 4:20-22) ഏഴു വർഷക്കാലത്തേക്ക് അദ്ദേഹത്തിന്റെ സുബോധവും രാജസ്ഥാനവും നഷ്ടപ്പെട്ടു. അതിനെയാണ് ‘മരം വെട്ടിക്കളയുന്നതിനെ’ സൂചിപ്പിച്ചത്. (ദാനിയേൽ 4:25) ദൈവം അദ്ദേഹത്തിന്റെ സുബോധം തിരിച്ചുകൊടുത്തപ്പോൾ നെബൂഖദ്നേസർ വീണ്ടും അധികാരത്തിലേക്ക് വരുകയും ദൈവത്തിന്റെ ഭരണാധികാരത്തെ അംഗീകരിക്കുകയും ചെയ്തു.—ദാനിയേൽ 4:34-36.
പ്രവചനത്തിന് ഇനിയും വലിയൊരു നിവൃത്തിയുണ്ട്. ഈ പ്രവചനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ‘അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും മനുഷ്യരിൽ ഏറ്റവും താണവനെപ്പോലും അതിന്റെ ഭരണം ഏൽപ്പിക്കുന്നെന്നും ജീവിച്ചിരിക്കുന്ന എല്ലാവരും അറിയണം’ എന്നതായിരുന്നു അത്. (ദാനിയേൽ 4:17) ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഭരണം അഹങ്കാരിയായ നെബൂഖദ്നേസറിനെ ഏൽപ്പിക്കുമായിരുന്നോ? ഇല്ല. കാരണം മുമ്പ് ദൈവം മറ്റൊരു പ്രാവചനിക സ്വപ്നം നെബൂഖദ്നേസറിനെ കാണിച്ചിരുന്നു. അതനുസരിച്ച് അദ്ദേഹമോ മറ്റൊരു രാഷ്ട്രീയ ഭരണാധികാരിയോ ആ സ്ഥാനത്തേക്ക് വരില്ലായിരുന്നു. പകരം ദൈവം തന്നെ “ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും.”—ദാനിയേൽ 2:31-44.
മുൻകാലത്ത് ഭൂമിയിലെ തന്റെ ഭരണത്തെ പ്രതിനിധികരിക്കാൻ ദൈവം ഒരു രാജ്യം സ്ഥാപിച്ചിരുന്നു. അതായിരുന്നു പുരാതനകാല ഇസ്രായേൽ ജനത. എന്നാൽ അതിന്റെ രാജാക്കന്മാർ ദൈവത്തെ അനുസരിക്കാതിരുന്നപ്പോൾ ദൈവം ആ രാജ്യത്തെ ‘നശിപ്പിക്കാൻ’ അനുവദിച്ചു. എങ്കിലും ‘നിയമപരമായ അവകാശമുള്ളവൻ’ വരുമ്പോൾ ആ രാജ്യം അവന് കൊടുക്കുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യഹസ്കേൽ 21:25-27) എന്നേക്കും നിലനിൽക്കുന്ന ആ രാജ്യത്തിന്റെ നിയമപരമായ അവകാശി യേശു ക്രിസ്തുവാണെന്ന് ബൈബിൾ തിരിച്ചറിയിക്കുന്നു. (ലൂക്കോസ് 1:30-33) നെബൂഖദ്നേസറിൽനിന്ന് വ്യത്യസ്തനായി, പ്രവചനം സൂചിപ്പിച്ചതുപോലെ യേശു താണവനായിരുന്നു അല്ലെങ്കിൽ ‘താഴ്മയുള്ള’ വ്യക്തിയായിരുന്നു.—മത്തായി 11:29.
ദാനിയേൽ നാലാം അധ്യായത്തിലെ മരം എന്തിനെയാണ് അർഥമാക്കുന്നത്? ബൈബിളിൽ പലപ്പോഴും മരങ്ങൾ ഭരണാധിപത്യത്തെ പ്രതീകപ്പെടുത്തിയിരുന്നു. (യഹസ്കേൽ 17:22-24; 31:2-5) ദാനിയേൽ നാലാം അധ്യായത്തിന്റെ വലിയ നിവൃത്തിയിൽ ആ പടുക്കൂറ്റൻ മരം ദൈവത്തിന്റെ ഭരണത്തെയാണ് അർഥമാക്കുന്നത്.
മരം വെട്ടിയിട്ടതിന്റെ അർഥമെന്താണ്? പ്രവചനത്തിന്റെ ആദ്യ നിവൃത്തിയിൽ മരം വെട്ടിയിട്ടത് നെബൂഖദ്നേസറിന്റെ രാജഭരണത്തിന്റെ തുടർച്ചയ്ക്ക് തടസ്സം നേരിട്ടതിനെ സൂചിപ്പിച്ചത് ഓർക്കുന്നുണ്ടല്ലോ? അതുപോലെ, മരം വെട്ടിയിടുന്നത് ഭൂമിയുടെമേലുള്ള ദൈവത്തിന്റെ ഭരണത്തിന്റെ തുടർച്ചയ്ക്ക് തടസ്സം നേരിടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇതു സംഭവിച്ചത് നെബൂഖദ്നേസർ യരുശലേമിനെ നശിപ്പിച്ചപ്പോഴായിരുന്നു. അവിടെയായിരുന്നു ദൈവത്തിന്റെ പ്രതിനിധികളായി ‘യഹോവയുടെ സിംഹാസനത്തിലിരുന്നുകൊണ്ട്’ ഇസ്രായേലിലെ രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്.—1 ദിനവൃത്താന്തം 29:23.
‘ഏഴു കാലത്തിന്റെ’ അർഥം എന്താണ്? താൻ സ്ഥാപിച്ച ഒരു രാജ്യത്തിന്റെയും ഇടപ്പെടലുകൾ ഇല്ലാതെ ഭൂമിയെ ഭരിക്കാൻ ദൈവം ജനതകളെ അനുവദിച്ച കാലഘട്ടത്തെയാണ് ‘ഏഴു കാലങ്ങൾ’ അർഥമാക്കുന്നത്. ‘ഏഴു കാലങ്ങൾ’ ബി.സി. 607 ഒക്ടോബറിൽ തുടങ്ങി. ബൈബിൾകാലക്കണക്ക് അനുസരിച്ച് അന്നാണ് ബാബിലോൺകാർ യരുശലേമിനെ നശിപ്പിച്ചത്. a—2 രാജാക്കന്മാർ 25:1, 8-10.
‘ഏഴു കാലം’ എത്ര നാൾ നീണ്ടു നിൽക്കും? നെബൂഖദ്നേസറിന്റെ കാര്യത്തിലെപോലെ അത് ഏഴു വർഷമായിരിക്കാൻ സാധ്യതയില്ല. അതാണ് യേശുവിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്, ‘ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം തികയുന്നതുവരെ അവർ (ദൈവത്തിന്റെ ഭരണത്തെ പ്രതിനിധാനം ചെയ്തിരുന്ന) യരുശലേമിനെ ചവിട്ടിമെതിക്കും.’ (ലൂക്കോസ് 21:24) ‘ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം,’ അതായത് തന്റെ ഭരണത്തെ ‘ചവിട്ടിമെതിക്കാൻ ജനതകളെ’ ദൈവം അനുവദിച്ചിട്ടുള്ള കാലം തന്നെയാണ് ദാനിയേൽ നാലാം അധ്യായത്തിൽ പറയുന്ന ‘ഏഴു കാലങ്ങൾ.’ അതിന്റെ അർഥം യേശു ഭൂമിയിലായിരുന്നപ്പോഴും “ഏഴു കാലം” തുടരുകയായിരുന്നു എന്നാണ്.
“ഏഴു കാലം” എത്ര നാൾ നീണ്ടു നിൽക്കുമെന്ന് മനസ്സിലാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നുണ്ട്. ബൈബിളിലെ കണക്കനുസരിച്ച് മൂന്നര ‘കാലം,’ 1,260 ദിവസമാണ്. അതുകൊണ്ട് അതിന്റെ ഇരട്ടിയായ ‘ഏഴു കാലങ്ങൾ,’ 2,520 ദിവസമാണ്. (വെളിപാട് 12:6, 14) “ഒരു ദിവസത്തിന് ഒരു വർഷം” എന്ന പ്രാവചനിക നിയമംവെച്ച് കണക്കുകൂട്ടുമ്പോൾ 2,520 ദിവസങ്ങൾ, 2,520 വർഷങ്ങളെയാണ് കുറിക്കുന്നത്. അതുകൊണ്ട് ‘ഏഴു കാലങ്ങൾ’ അല്ലെങ്കിൽ 2,520 വർഷങ്ങൾ അവസാനിക്കുന്നത് 1914 ഒക്ടോബറിലാണ്.—സംഖ്യ 14:34; യഹസ്കേൽ 4:6.
a ബി.സി. 607 എന്ന വർഷത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ 2011 ഒക്ടോബർ 1 വീക്ഷാഗോപുരം (ഇംഗ്ലീഷ്) 26 മുതൽ 31 പേജുകളിൽ കാണുന്ന “എന്നാണ് പുരാതന യരുശലേം നശിപ്പിക്കപ്പെട്ടത്?—ഭാഗം 1” എന്ന ലേഖനവും 2011 നവംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) 22 മുതൽ 28 വരെയുള്ള പേജുകളിൽ കാണുന്ന “എന്നാണ് പുരാതന യരുശലേം നശിപ്പിക്കപ്പെട്ടത്?—ഭാഗം 2” എന്ന ലേഖനവും കാണുക.

