വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രകൃതിവിപത്തുകൾ ദൈവത്തിൽനിന്നുള്ള ശിക്ഷയോ?

പ്രകൃതിവിപത്തുകൾ ദൈവത്തിൽനിന്നുള്ള ശിക്ഷയോ?

വായനക്കാർ ചോദിക്കുന്നു

പ്രകൃതിവിപത്തുകൾ ദൈവത്തിൽനിന്നുള്ള ശിക്ഷയോ?

പ്രകൃതിവിപത്തുകൾ വരുത്തിക്കൊണ്ട്‌ ദൈവം മനുഷ്യരെ ശിക്ഷിക്കുന്നില്ല. ഒരിക്കലും അവൻ അങ്ങനെ ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ല. എന്തുകൊണ്ടെന്നാൽ “ദൈവം സ്‌നേഹം തന്നേ” എന്ന്‌ 1യോഹന്നാൻ 4:8-ൽ ബൈബിൾ പറയുന്നു.

ദൈവത്തിന്റെ പ്രവൃത്തികളെല്ലാം സ്‌നേഹത്തിൽ അധിഷ്‌ഠിതമാണ്‌. നിർദോഷികളായവർക്കു ഹാനിവരുത്തുന്ന യാതൊന്നും ആ സ്‌നേഹം പ്രവർത്തിക്കുകയില്ല. കാരണം, “സ്‌നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നും ബൈബിൾ പ്രസ്‌താവിക്കുന്നു. (റോമർ 13:10) “ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം” എന്ന്‌ ഇയ്യോബ്‌ 34:12 ഉറപ്പുനൽകുന്നു.

‘വലിയ ഭൂകമ്പങ്ങൾ’ പോലുള്ള വിപത്തുകൾ നമ്മുടെ നാളിലുണ്ടാകുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടെന്നതു ശരിതന്നെ. (ലൂക്കൊസ്‌ 21:11) എന്നാൽ ഒരു കൊടുങ്കാറ്റുമൂലമുണ്ടാകുന്ന നാശങ്ങൾക്ക്‌ അതിനെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന കാലാവസ്ഥാനിരീക്ഷകൻ ഉത്തരവാദിയല്ലാത്തതുപോലെ, പ്രകൃതിവിപത്തുകൾ വരുത്തിവെക്കുന്ന വിനാശങ്ങൾക്ക്‌ യഹോവ ഉത്തരവാദിയല്ല. എങ്കിൽപ്പിന്നെ ആരാണ്‌ ആ ദുരിതങ്ങൾക്ക്‌ ഉത്തരവാദി?

“സർവ്വലോകവും [പിശാചും സാത്താനുമായ] ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. (1 യോഹന്നാൻ 5:19) മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ ദൈവത്തോടു മത്സരിച്ച നാൾമുതൽ ഇന്നോളം അവൻ മനുഷ്യരുടെ ഘാതകനായി വർത്തിച്ചിരിക്കുന്നു. (യോഹന്നാൻ 8:44) മനുഷ്യജീവന്‌ അവൻ തെല്ലും വിലകൽപ്പിക്കുന്നില്ല. സ്വാർഥേച്ഛകൾക്കായിമാത്രം പ്രവർത്തിക്കുന്ന അവൻ, സ്വാർഥതയിൽ വേരൂന്നിയ ഒരു ആഗോള വ്യവസ്ഥിതിക്കു രൂപം നൽകിയിരിക്കുന്നതിൽ അതിശയമില്ല. മനുഷ്യൻ മനുഷ്യനെ ചൂഷണംചെയ്യുന്ന ഒരു വ്യവസ്ഥിതിയാണിത്‌. തത്‌ഫലമായി, നിസ്സഹായരായ അനേകർ പ്രകൃതിവിപത്തുകൾക്കോ മനുഷ്യനിർമിത ദുരന്തങ്ങൾക്കോ സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായിത്തീർന്നിരിക്കുന്നു. (എഫെസ്യർ 2:2; 1 യോഹന്നാൻ 2:16) അതുകൊണ്ട്‌ ഇന്നുള്ള ചില ദുരന്തങ്ങൾക്കെങ്കിലും ഉത്തരവാദികൾ അത്യാഗ്രഹികളായ മനുഷ്യരാണ്‌.—സഭാപ്രസംഗി 8:9.

നിരവധി വിപത്തുകൾക്കും ഭാഗികമായെങ്കിലും ഉത്തരവാദികൾ മനുഷ്യരാണ്‌. അമേരിക്കയിലെ ന്യൂ ഓർലിയൻസ്‌ നഗരത്തിൽ ചുഴലിക്കാറ്റും പേമാരിയും നാശം വിതച്ചതിനെക്കുറിച്ച്‌ അല്ലെങ്കിൽ, വെനെസ്വേലയുടെ തീരപ്രദേശത്തെ മലഞ്ചരിവുകളിലുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ നിലംപൊത്തിയതിനെക്കുറിച്ചു ചിന്തിക്കുക. അത്തരം സന്ദർഭങ്ങളിൽ കാറ്റും മഴയുംപോലുള്ള സ്വാഭാവിക സംഗതികൾ വിപത്‌കരമായി മാറിയത്‌ മുഖ്യമായും പരിസ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയും എഞ്ചിനീയറിംഗിലെ അപാകതകളും ആസൂത്രണങ്ങളിലെ പിഴവുകളും മുന്നറിയിപ്പുകളോടുള്ള അവഗണനയും അധികാരികളുടെ പിടിപ്പുകേടും നിമിത്തമായിരുന്നു.

യേശുവിന്റെ നാളിലുണ്ടായ ഒരു ദുരന്തത്തിന്റെ കാര്യമെടുക്കുക. അപ്രതീക്ഷിതമായി ഒരു ഗോപുരം തകർന്നുവീണ്‌ 18 പേർ അന്നു മരിച്ചതായി ബൈബിൾ പറയുന്നു. (ലൂക്കൊസ്‌ 13:4) മാനുഷിക പിഴവോ യാദൃച്ഛികതയോ അവ രണ്ടുമോ ആയിരുന്നിരിക്കാം ആ ദുരന്തത്തിനു വഴിവെച്ചത്‌. ഒരിക്കലും അതു ദൈവത്തിന്റെ പ്രവൃത്തി ആയിരുന്നില്ല.—സഭാപ്രസംഗി 9:11.

ദൈവം വരുത്തിയതായ ഏതെങ്കിലും വിനാശങ്ങളുണ്ടോ? ഉണ്ട്‌, എന്നാൽ പ്രകൃതിവിപത്തുകളിൽനിന്നും മനുഷ്യനിർമിത ദുരന്തങ്ങളിൽനിന്നും വ്യത്യസ്‌തമായിരുന്നു അവ. അത്യന്തം അപൂർവമായി സംഭവിച്ചിട്ടുള്ള അവയ്‌ക്ക്‌ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. കൂടാതെ ദുഷ്ടന്മാർ മാത്രമേ ആ സന്ദർഭങ്ങളിൽ നശിപ്പിക്കപ്പെട്ടുള്ളൂ. ഗോത്രപിതാവായ നോഹയുടെ നാളിലുണ്ടായ ആഗോള പ്രളയവും ലോത്തിന്റെ കാലത്ത്‌ സൊദോം, ഗൊമോര നഗരങ്ങൾക്കുണ്ടായ നാശവും ഉദാഹരണങ്ങളാണ്‌. (ഉല്‌പത്തി 6:7-9, 13; 18:20-32; 19:24) ആ ശിക്ഷാവിധികൾ നടപ്പാക്കപ്പെട്ടപ്പോൾ അനുതാപമില്ലാത്ത ദുഷ്ടന്മാർ മാത്രമേ നശിച്ചുള്ളൂ. ദൈവദൃഷ്ടിയിൽ നീതിമാന്മാരായവർ സംരക്ഷിക്കപ്പെട്ടു.

എല്ലാ കഷ്ടപ്പാടുകളും അവസാനിപ്പിക്കാനും പ്രകൃതിവിപത്തുകളുടെ ഫലങ്ങളിൽനിന്ന്‌ ആശ്വാസം പ്രദാനംചെയ്യാനുമുള്ള പ്രാപ്‌തിയും ആഗ്രഹവും ശക്തിയും യഹോവയാം ദൈവത്തിനുണ്ട്‌. ദൈവത്തിന്റെ നിയുക്ത രാജാവായ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ സങ്കീർത്തനം 72:12 പറയുന്നു: ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും അവൻ വിടുവിക്കും.’