വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ വേദന അറിയുന്ന ദൈവം

നമ്മുടെ വേദന അറിയുന്ന ദൈവം

ദൈവത്തോട്‌ അടുത്തുചെല്ലുക

നമ്മുടെ വേദന അറിയുന്ന ദൈവം

യോഹന്നാൻ 11:33-35

“നിങ്ങളുടെ വേദന എന്റെ ഹൃദയത്തിൽ അനുഭവപ്പെടുന്നതാണ്‌ സമാനുഭാവം.” യഹോവയുടെ സാക്ഷികളിൽപ്പെട്ട പ്രായമേറിയ ഒരു മിഷനറി ഈ അതുല്യഗുണത്തെ നിർവചിച്ചത്‌ അങ്ങനെയാണ്‌. സമാനുഭാവം കാണിക്കുന്നതിൽ ഉത്തമ മാതൃക വെക്കുന്നത്‌ യഹോവതന്നെയാണ്‌. തന്റെ ജനത്തിന്റെ വേദന അവന്റെ വേദനയാണ്‌. എന്നാൽ അത്‌ നമുക്കെങ്ങനെ അറിയാം? യഹോവയുടെ സ്‌നേഹനിർഭരമായ സമാനുഭാവം പൂർണമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഭൂമിയിലായിരുന്നപ്പോഴുള്ള യേശുവിന്റെ വാക്കുകളും പ്രവൃത്തികളുമെല്ലാം. (യോഹന്നാൻ 5:19) യോഹന്നാൻ 11:33-35-ൽ വിവരിച്ചിരിക്കുന്ന സംഭവംതന്നെ ഉദാഹരണമായെടുക്കുക.

സുഹൃത്തായ ലാസറിന്റെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്ന്‌ യേശു അവന്റെ ഗ്രാമത്തിലേക്കു യാത്രയായി. കടുത്ത ദുഃഖത്തിലായിരുന്നു ലാസറിന്റെ സഹോദരിമാരായ മാർത്തയും മറിയയും. യേശു ആ കുടുംബത്തെ അതിയായി സ്‌നേഹിച്ചിരുന്നു. (യോഹന്നാൻ 11:5) ഇപ്പോൾ അവൻ എന്തു ചെയ്യും? വിവരണം പറയുന്നു: “അവൾ [മറിയ] കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:33-35) യേശു എന്തിനാണു കരഞ്ഞത്‌? യേശുവിന്റെ പ്രിയസുഹൃത്ത്‌ മരിച്ചുപോയിരുന്നു എന്നതു സത്യംതന്നെ; പക്ഷേ യേശു അവനെ ഉയിർപ്പിക്കാൻ പോകുകയായിരുന്നു. (യോഹന്നാൻ 11:41-44) കണ്ണീർ പൊഴിക്കാൻ യേശുവിന്‌ മറ്റെന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?

മേലുദ്ധരിച്ച വാക്കുകളിലൂടെ ഒരിക്കൽക്കൂടി ഒന്നു കണ്ണോടിക്കൂ. മറിയയും കൂടെയുള്ളവരും കരയുന്നതു കണ്ടപ്പോൾ അവന്റെ “ഉള്ളം നൊന്തു കലങ്ങി” എന്നതു ശ്രദ്ധിച്ചോ? മൂലഭാഷയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ തീവ്രമായ വികാരത്തെയാണ്‌ കുറിക്കുന്നത്‌. * അവിടെ കണ്ട കാഴ്‌ച യേശുവിനെ വല്ലാതെ വേദനിപ്പിച്ചു. ആ തീവ്രനൊമ്പരമാണ്‌ കണ്ണുനീരായി ഒഴുകിയിറങ്ങിയത്‌. മറ്റുള്ളവരുടെ വേദന യേശുവിന്റെ കരളലിയിച്ചു എന്നല്ലേ ഇതു കാണിക്കുന്നത്‌. നിങ്ങളോട്‌ അടുപ്പമുള്ള ആരെങ്കിലും കരയുന്നതു കണ്ട്‌ എപ്പോഴെങ്കിലും നിങ്ങളുടെ കണ്ണു നിറഞ്ഞിട്ടുണ്ടോ?—റോമർ 12:15.

യേശുവിന്റെ സമാനുഭാവത്തിൽ അവന്റെ പിതാവായ യഹോവയുടെ ഗുണങ്ങളും രീതികളും നമുക്കു ദർശിക്കാനാകും. യേശു പിതാവിന്റെ ഗുണങ്ങൾ പൂർണമായി പ്രതിഫലിപ്പിച്ചു എന്നു നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടാണ്‌ “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന്‌ അവനു പറയാൻ സാധിച്ചത്‌. (യോഹന്നാൻ 14:9) “യേശു കണ്ണുനീർ വാർത്തു” എന്ന പ്രസ്‌താവന, തന്റെ ആരാധകർക്ക്‌ വേദനിക്കുമ്പോൾ യഹോവയ്‌ക്ക്‌ വേദനിക്കുന്നുവെന്ന ഉറപ്പാണു നൽകുന്നത്‌. മറ്റു ബൈബിളെഴുത്തുകാരും ഈ വസ്‌തുത സ്ഥിരീകരിക്കുന്നുണ്ട്‌. (യെശയ്യാവു 63:9; സെഖര്യാവു 2:8) എത്ര ആർദ്രതയുള്ള ദൈവമാണ്‌ യഹോവ!

മറ്റുള്ളവരെ ആകർഷിക്കുന്ന ഒരു ഗുണമാണ്‌ സമാനുഭാവം. നിരുത്സാഹമോ നിരാശയോ നമ്മെ പിടികൂടുമ്പോൾ നമ്മുടെ അവസ്ഥ മനസ്സിലാക്കുന്ന, നമ്മുടെ ദുഃഖത്തിൽ പങ്കുചേരുന്ന ഒരാളിലേക്ക്‌ നാം ആകർഷിക്കപ്പെടാറില്ലേ? അങ്ങനെയെങ്കിൽ, നമ്മുടെ വേദനകളിൽ വേദനിക്കുന്ന, നമ്മുടെ കണ്ണീരിന്റെ കാരണം അറിയുന്ന കാരുണ്യവാനായ യഹോവയാം ദൈവത്തോട്‌ നാം എത്രയധികം അടുത്തുചെല്ലേണ്ടതാണ്‌!​—⁠സങ്കീർത്തനം 56:8.

[അടിക്കുറിപ്പ്‌]

^ ഖ. 6 “കണ്ണുനീർ വാർത്തു” എന്നതിന്റെ ഗ്രീക്കുപദം മിക്കപ്പോഴും, ശബ്ദമുണ്ടാക്കാതെ കരയുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ മറിയയുടെയും മറ്റുള്ളവരുടെയും കരച്ചിലിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഉച്ചത്തിലുള്ള കരച്ചിലിനെ, മുറവിളി”യെ അർഥമാക്കിയേക്കാം.