വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ജ്ഞാനം പ്രകൃതിയിൽ

ദൈവത്തിന്റെ ജ്ഞാനം പ്രകൃതിയിൽ

ദൈവത്തിന്റെ ജ്ഞാനം പ്രകൃതിയിൽ

‘ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമാണ്‌ ദൈവം.’—ഇയ്യോബ്‌ 35:10, 11.

പക്ഷികളുടെ കഴിവുകൾ അപാരമാണ്‌. വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നവരെപ്പോലും അസൂയപ്പെടുത്തുന്ന അഭ്യാസങ്ങളാണ്‌ അവ ആകാശത്ത്‌ കാഴ്‌ചവെക്കുന്നത്‌. മാർഗരേഖകളൊന്നുമില്ലെങ്കിലും കരകാണാക്കടലിനു മുകളിലൂടെ ആയിരക്കണക്കിനു മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്ത്‌ കൃത്യമായി എത്തിച്ചേരുന്ന ചില ഇനങ്ങളുമുണ്ട്‌ പക്ഷികളുടെ ലോകത്ത്‌.

സ്രഷ്ടാവിന്റെ ജ്ഞാനം വിളിച്ചോതുന്ന മറ്റൊരു വിശേഷതയുണ്ട്‌ ഇവയ്‌ക്ക്‌—പാട്ടുകളിലൂടെയും ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും ആശയങ്ങൾ കൈമാറാനുള്ള അത്ഭുതസിദ്ധി. ഇതാ ചില ഉദാഹരണങ്ങൾ.

കിളിക്കൊഞ്ചൽ

വിരിയുംമുമ്പേ സംസാരിച്ചുതുടങ്ങുന്ന ചില പക്ഷികളുണ്ട്‌. ഉദാഹരണത്തിന്‌, ഒരിനം കാടപ്പക്ഷി ഒരു പ്രജനനവേളയിൽ എട്ടോളം മുട്ടകളിടുന്നു, ദിവസം ഒന്ന്‌ എന്ന കണക്കിൽ. വളർച്ച ഒരേ നിരക്കിലാണെങ്കിൽ, ഒന്നാമത്തെ മുട്ട വിരിയുന്നതുമുതൽ എട്ടുദിവസമെടുക്കും എല്ലാ മുട്ടകളും വിരിയാൻ. ഇത്‌ അമ്മയെ പ്രതിസന്ധിയിലാക്കും. കാരണം ഒരാഴ്‌ച പ്രായമുള്ള, അടങ്ങിയിരിക്കാത്ത ‘വിരുതന്മാരുടെ’ കാര്യം നോക്കുന്നതോടൊപ്പം വിരിയാത്ത മുട്ടയ്‌ക്ക്‌ അടയിരിക്കുകയുംവേണം. എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല. മറിച്ച്‌, വിരിഞ്ഞു തുടങ്ങിയാൽ ആറു മണിക്കൂറിനുള്ളിൽ എട്ടുപേരും പുറത്തുവരുന്നു. ഇതിന്റെ പ്രധാന കാരണമായി ഗവേഷകർ കരുതുന്നത്‌ എന്താണെന്നോ? ഭ്രൂണാവസ്ഥയിൽത്തന്നെ പരസ്‌പരം ആശയവിനിമയം നടത്തുന്ന അവ വിരിയാനുള്ള സമയം പറഞ്ഞുറപ്പിക്കുമത്രേ. അങ്ങനെ ഏതാണ്ട്‌ ഒരേ സമയത്ത്‌ എല്ലാവരും പുറത്തെത്തുന്നു!

ആൺപക്ഷികളാണ്‌ കൂട്ടത്തിലെ ഗായകർ. പ്രജനനകാലത്ത്‌ തന്റെ പ്രദേശം അടയാളപ്പെടുത്താനോ ഇണയെ ആകർഷിക്കാനോ വേണ്ടിയാണ്‌ വിശേഷിച്ചും ഇവ തങ്ങളുടെ ആലാപനപ്രാപ്‌തി പുറത്തെടുക്കുക. ആയിരക്കണക്കിനു വരുന്ന പക്ഷിവർഗങ്ങൾക്കെല്ലാം സ്വന്തമായ ‘ഭാഷ’യുണ്ടെന്നു പറയാം. തങ്ങളുടെ വർഗത്തിൽപ്പെട്ട ഇണയെ കണ്ടെത്താൻ പെൺപക്ഷികളെ സഹായിക്കുന്നത്‌ ഇതാണ്‌.

വെളുപ്പാൻകാലത്തും സന്ധ്യാസമയത്തുമാണ്‌ പക്ഷികൾ സാധാരണ പാടുക. അതിനു കാരണമുണ്ട്‌. ആ സമയങ്ങളിൽ കാറ്റു കുറവാണെന്നു മാത്രമല്ല അന്തരീക്ഷം പൊതുവേ ശാന്തവുമായിരിക്കും. കിളികളുടെ നാദം രാവിലെയും വൈകുന്നേരത്തും ഉച്ചസമയത്തെ അപേക്ഷിച്ച്‌ 20 മടങ്ങ്‌ മെച്ചമായി കേൾക്കാനാകുമെന്ന്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

സാധാരണഗതിയിൽ ആൺപക്ഷികളാണ്‌ പാട്ടുകാരെങ്കിലും ഇരുകൂട്ടരും പ്രത്യേക അർഥങ്ങളുള്ള വ്യത്യസ്‌തതരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്‌. ചാഫിഞ്ചുകൾക്ക്‌ ഒമ്പതുതരം ശബ്ദങ്ങൾ പുറപ്പെടുവിക്കാനാകും. ആകാശത്ത്‌ വട്ടംചുറ്റിപ്പറക്കുന്ന ഇരപിടിയൻ പക്ഷികളെക്കുറിച്ചും നിലത്തുനിന്നുള്ള ഭീഷണികളെക്കുറിച്ചും മുന്നറിയിപ്പു നൽകുന്നതിന്‌ അവയ്‌ക്ക്‌ പ്രത്യേകം പ്രത്യേകം ശബ്ദങ്ങളുണ്ട്‌.

ഒരു അതുല്യദാനം

ആരിലും മതിപ്പുളവാക്കാൻപോന്നതാണ്‌ പക്ഷികളുടെ സഹജജ്ഞാനം. എന്നാൽ ആശയവിനിമയത്തിന്റെ കാര്യത്തിൽ കാതങ്ങൾ മുന്നിലാണ്‌ മനുഷ്യർ. ‘ആകാശത്തിലെ പക്ഷികളെക്കാൾ ജ്ഞാനികളായിട്ടാണ്‌’ ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ ഇയ്യോബ്‌ 35:11 പറയുന്നു. സ്വരങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും അമൂർത്തവും സങ്കീർണവും ആയ ആശയങ്ങളും മറ്റും കൈമാറാനുള്ള കഴിവ്‌ മനുഷ്യനു മാത്രമേയുള്ളൂ.

മറ്റു ജീവികളിൽനിന്നു വ്യത്യസ്‌തമായി, സങ്കീർണമായ ഭാഷകൾ വശമാക്കാനുള്ള കഴിവ്‌ ജന്മനാതന്നെ മനുഷ്യർക്കുണ്ട്‌. അമേരിക്കൻ സയന്റിസ്റ്റ്‌ എന്ന ഓൺലൈൻ ജേണൽ പറയുന്നു: “മാതാപിതാക്കൾ നേരിട്ടു സംസാരിച്ചില്ലെങ്കിൽക്കൂടി പിച്ചവെച്ചു നടക്കുന്ന പ്രായത്തിൽത്തന്നെ ഭാഷ സ്വായത്തമാക്കാൻ കുഞ്ഞുങ്ങൾക്കാകും. വീട്ടിൽ ആംഗ്യഭാഷയുമായി യാതൊരു സമ്പർക്കവുമില്ലാത്ത ബധിരരായ കുട്ടികൾ തങ്ങളുടേതായ ആംഗ്യഭാഷ വികസിപ്പിച്ചെടുക്കുകപോലും ചെയ്യുന്നു.”

സംസാരത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ നമ്മുടെ ആശയങ്ങളും വികാരങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള പ്രാപ്‌തി ദൈവത്തിൽനിന്നുള്ള ഒരത്ഭുത ദാനമാണ്‌. എന്നാൽ അതിനെക്കാൾ മഹത്തായ ഒരു ദാനമുണ്ട്‌: പ്രാർഥനയിലൂടെ ദൈവവുമായി ആശയവിനിമയം ചെയ്യാനുള്ള പ്രാപ്‌തി. വാസ്‌തവത്തിൽ, തന്നോടു സംസാരിക്കാനുള്ള ക്ഷണം വെച്ചുനീട്ടുന്നത്‌ യഹോവയാം ദൈവം തന്നെയാണ്‌. ദൈവവചനമായ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്‌.”—ഫിലിപ്പിയർ 4:6.

ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ, താൻ ബൈബിളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ജ്ഞാനത്തിന്റെ അക്ഷയഖനി നാം ഉപയോഗപ്പെടുത്താനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. അതിൽക്കാണുന്ന മാർഗനിർദേശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നു മനസ്സിലാക്കാനും അവൻ നമ്മെ സഹായിക്കുന്നു. “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും” എന്ന്‌ ബൈബിളെഴുത്തുകാരനായ യാക്കോബ്‌ പറയുന്നു.—യാക്കോബ്‌ 1:5.

നിങ്ങൾക്കെന്തു തോന്നുന്നു?

ഒരു പക്ഷിയുടെ മധുരഗാനത്തിനു കാതോർക്കുമ്പോൾ അല്ലെങ്കിൽ ഒരു കുഞ്ഞ്‌ ആദ്യമായി സംസാരിച്ചുകേൾക്കുമ്പോൾ നിങ്ങളുടെ വികാരമെന്താണ്‌? ദൈവത്തിന്റെ സൃഷ്ടികളിൽ അവന്റെ ജ്ഞാനം കാണാൻ നിങ്ങൾക്ക്‌ കഴിയുന്നുണ്ടോ?

തന്നെ സൃഷ്ടിച്ചിരിക്കുന്ന വിധത്തെക്കുറിച്ച്‌ വിചിന്തനം ചെയ്‌ത സങ്കീർത്തനക്കാരനായ ദാവീദ്‌ ദൈവത്തോട്‌ ഇങ്ങനെ പറയാൻ പ്രേരിതനായി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” (സങ്കീർത്തനം 139:14) സൃഷ്ടികളിൽ പ്രതിഫലിച്ചു കാണുന്ന ദിവ്യജ്ഞാനത്തെക്കുറിച്ച്‌ വിചിന്തനം ചെയ്യുക. അത്‌ പിഴവറ്റ മാർഗനിർദേശം നൽകാനുള്ള ദൈവത്തിന്റെ പ്രാപ്‌തിയിലുള്ള നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കും.

[5-ാം പേജിലെ ആകർഷക വാക്യം]

ആശയവിനിമയ പ്രാപ്‌തി ദൈവത്തിന്റെ ദാനമാണ്‌

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© Dayton Wild/Visuals Unlimited