വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതൃസ്‌നേഹത്തിൽ പ്രതിഫലിക്കുന്ന ദൈവസ്‌നേഹം

മാതൃസ്‌നേഹത്തിൽ പ്രതിഫലിക്കുന്ന ദൈവസ്‌നേഹം

മാതൃസ്‌നേഹത്തിൽ പ്രതിഫലിക്കുന്ന ദൈവസ്‌നേഹം

“ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.”​—⁠യെശയ്യാവു 49:15.

കുഞ്ഞിനെ അണച്ചുപിടിച്ച്‌ മുലയൂട്ടുന്ന ഒരമ്മ. ആർദ്രതയും സ്‌നേഹവും തുളുമ്പുന്ന ഒരു രംഗമാണത്‌. “എന്റെ പിഞ്ചോമനയെ ആദ്യമായി കൈയിലെടുത്തപ്പോൾ ആ കുരുന്നുജീവനോട്‌ എന്തെന്നില്ലാത്ത ഉത്തരവാദിത്വം തോന്നി എനിക്ക്‌, അവനോടുള്ള സ്‌നേഹമായിരുന്നു മനസ്സുനിറയെ,” ഒരമ്മയായ പാം പറയുന്നു.

ഇതൊരു സ്വാഭാവിക സംഗതിയാണെന്നു തോന്നിയേക്കാമെങ്കിലും, അമ്മയുടെ സ്‌നേഹത്തിന്‌ കുഞ്ഞിന്റെ വളർച്ചയുടെമേൽ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്ന്‌ ഗവേഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്‌. മാനസികാരോഗ്യത്തെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്‌ പ്രസ്‌താവിക്കുന്നതിങ്ങനെ: “അമ്മ കൂടെയില്ലാത്ത അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ ദുഃഖിതരും വിഷാദചിത്തരും ചിലപ്പോൾ പരിഭ്രാന്തർ പോലും ആയിത്തീരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌.” കുരുന്നുപ്രായം മുതൽക്കെ സ്‌നേഹവും ശ്രദ്ധയും ലഭിച്ചു വളരുന്ന കുട്ടികൾ ബുദ്ധിശക്തിയുടെ കാര്യത്തിൽ, അവഗണിക്കപ്പെടുന്ന കുട്ടികളെക്കാൾ സാധ്യതയനുസരിച്ച്‌ ബഹുദൂരം മുന്നിലായിരിക്കുമെന്ന്‌ ഒരു പഠനം സൂചിപ്പിക്കുന്നതായും ആ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഐക്യനാടുകളിലുള്ള യുസിഎൽഎ സ്‌കൂൾ ഓഫ്‌ മെഡിസിനിലെ മനശ്ശാസ്‌ത്രവിഭാഗം പ്രൊഫസർ അലൻ ഷോർ മാതൃസ്‌നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഇങ്ങനെ പറയുകയുണ്ടായി: “കുഞ്ഞിന്റെ ആദ്യബന്ധം അതായത്‌ അവന്റെ അമ്മയുമായുള്ള ബന്ധമാണ്‌ പിൽക്കാലത്ത്‌ മറ്റു വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവന്റെ കഴിവിനെ വാർത്തെടുക്കുന്ന മൂശയായി വർത്തിക്കുന്നത്‌.”

വിഷാദമോ രോഗമോ മറ്റു പ്രശ്‌നങ്ങളോ നിമിത്തം ഒരമ്മ തന്റെ കുഞ്ഞിനെ അവഗണിച്ചെന്നുവരാം, ഒരുപക്ഷേ ‘മറക്കുക’ പോലും ചെയ്‌തേക്കാം. (യെശയ്യാവു 49:15) എന്നാൽ വിരളമായേ അങ്ങനെ സംഭവിക്കാറുള്ളൂ. കുഞ്ഞുങ്ങളോടുള്ള സ്‌നേഹം അമ്മമാരിൽ അന്തർലീനമാണ്‌ എന്നതാണു വസ്‌തുത. പ്രസവസമയത്ത്‌ അമ്മയുടെ ശരീരത്തിൽ ഓക്‌സിടോസിൻ എന്ന ഹോർമോണിന്റെ അളവ്‌ കൂടുതലായിരിക്കുമെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്‌. ഈ ഹോർമോൺ ഗർഭാശയ സങ്കോചങ്ങൾക്കിടയാക്കുന്നു എന്നു മാത്രമല്ല മുലപ്പാൽ ഉത്‌പാദിപ്പിക്കുന്നതിൽ ഒരു പങ്കുവഹിക്കുകയും ചെയ്യുന്നു. സ്‌ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഈ ഹോർമോണിന്‌ മറ്റൊരു ധർമം കൂടെയുണ്ടെന്നു കരുതപ്പെടുന്നു. സ്‌നേഹപൂർവം, നിസ്സ്വാർഥപരമായി ഇടപെടാൻ പ്രചോദനമാകുന്നത്‌ ഈ ഹോർമോൺ ആണത്രേ.

സ്‌നേഹത്തിന്റെ ഉത്‌പത്തി

ഒരമ്മയ്‌ക്കും കുഞ്ഞിനുമിടയിലുള്ള നിസ്സ്വാർഥ സ്‌നേഹം യാദൃച്ഛികമായി ഉണ്ടായതാണ്‌, മനുഷ്യന്റെ നിലനിൽപ്പിന്‌ ഗുണകരമായതിനാൽ പ്രകൃതിനിർധാരണത്തിലൂടെ അത്‌ സംരക്ഷിക്കപ്പെട്ടു എന്നൊക്കെയാണ്‌ പരിണാമത്തെ പിന്താങ്ങുന്നവർ അഭിപ്രായപ്പെടുന്നത്‌. ഉദാഹരണത്തിന്‌, നമ്മുടെ മസ്‌തിഷ്‌കം ഉരഗങ്ങളുടെ മസ്‌തിഷ്‌കം പരിണമിച്ചുണ്ടായതാണെന്നും ആ പ്രക്രിയയിലെ ആദ്യപടി, മസ്‌തിഷ്‌കം വികാരങ്ങളുടെ ഉത്ഭവസ്ഥാനമായ ലിമ്പിക്‌ വ്യവസ്ഥ വികസിപ്പിച്ചെടുത്തതാണെന്നും മാതൃത്വത്തെക്കുറിച്ചുള്ള ഒരു പത്രിക അവകാശപ്പെടുന്നു. ഉറ്റബന്ധം സ്ഥാപിക്കാൻ അമ്മമാരെയും കുഞ്ഞുങ്ങളെയും സഹായിക്കുന്നത്‌ ഈ വ്യവസ്ഥയാണെന്നും പത്രിക പറയുന്നു.

നമ്മിൽ വികാരങ്ങൾ ജനിപ്പിക്കുന്നതിൽ ഈ വ്യവസ്ഥ പങ്കുവഹിക്കുന്നു എന്നതു ശരിതന്നെ. എന്നുവെച്ച്‌ ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം യാദൃച്ഛികമായി ഉണ്ടായതാണെന്ന്‌ ചിന്തിക്കുന്നത്‌ യുക്തിസഹമാണോ?

മറ്റൊരു വിശദീകരണം നോക്കുക. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്‌ ദൈവത്തിന്റെ പ്രതിരൂപത്തിലാണെന്ന്‌ അതായത്‌ ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്‌തിയോടെയാണെന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:27) സ്‌നേഹമാണ്‌ ദൈവത്തിന്റെ പ്രമുഖ ഗുണം. “സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. എന്തുകൊണ്ടാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌? കാരണം “ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:8) കേവലം ദൈവത്തിന്‌ സ്‌നേഹമുണ്ട്‌ എന്നല്ല ദൈവം സ്‌നേഹം തന്നേ എന്നാണ്‌ ഈ തിരുവെഴുത്ത്‌ പറയുന്നതെന്ന്‌ ശ്രദ്ധിക്കുക. അവൻ സ്‌നേഹത്തിന്റെ ഉറവിടമാണ്‌.

സ്‌നേഹത്തെ ബൈബിൾ വർണിക്കുന്നത്‌ ഇങ്ങനെയാണ്‌: “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്‌നേഹം സ്‌പർദ്ധിക്കുന്നില്ല. സ്‌നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരുനാളും ഉതിർന്നുപോകയില്ല.” (1 കൊരിന്ത്യർ 13:4-8) ഏറ്റവും ഉത്‌കൃഷ്ടമായ ഈ ഗുണം യാദൃച്ഛികമായി ഉരുത്തിരിഞ്ഞതാണെന്ന്‌ വിശ്വസിക്കുന്നത്‌ ന്യായമായിരിക്കുമോ?

നിങ്ങൾക്കെന്തു തോന്നുന്നു?

തൊട്ടുമുമ്പത്തെ ഖണ്ഡികയിൽ സ്‌നേഹത്തെക്കുറിച്ചു വായിച്ചപ്പോൾ, ആരെങ്കിലും അത്തരം സ്‌നേഹം കാണിച്ചിരുന്നെങ്കിൽ എന്നു നിങ്ങൾ ആശിച്ചുപോയോ? അങ്ങനെ തോന്നിയെങ്കിൽ അത്‌ സ്വാഭാവികം മാത്രം. കാരണം “നാം ദൈവത്തിന്റെ സന്താനം” ആണ്‌. (പ്രവൃത്തികൾ 17:29) സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമാണ്‌ നമ്മെ സൃഷ്ടിച്ചിരിക്കുന്നതുതന്നെ. മാത്രമല്ല, ദൈവത്തിന്‌ നമ്മോട്‌ ആഴമായ സ്‌നേഹമുണ്ടുതാനും. (യോഹന്നാൻ 3:16; 1 പത്രൊസ്‌ 5:6, 7) ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തെക്കാൾ ശക്തവും നിലനിൽക്കുന്നതുമാണ്‌ ദൈവത്തിന്‌ നമ്മോടുള്ള സ്‌നേഹമെന്ന്‌ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ച തിരുവെഴുത്ത്‌ വ്യക്തമാക്കുന്നു.

എന്നാൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ദൈവം മഹാജ്ഞാനിയും, സർവശക്തനും സ്‌നേഹവാനുമാണെങ്കിൽ അവൻ എന്തുകൊണ്ട്‌ കഷ്ടപ്പാടിന്‌ അറുതിവരുത്തുന്നില്ല? കുഞ്ഞുങ്ങൾ മരിക്കാൻ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അടിച്ചമർത്തൽ തുടരാനും കെടുകാര്യസ്ഥതയും അത്യാഗ്രഹവും നിമിത്തം ഭൂമി നശിക്കാനും അനുവദിക്കുന്നതോ?’ ന്യായമായും ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾതന്നെ.

അജ്ഞേയവാദികൾ എന്തുതന്നെ പറഞ്ഞാലും, ഇവയ്‌ക്ക്‌ തൃപ്‌തികരമായ ഉത്തരമുണ്ട്‌, അതു കണ്ടെത്താനുമാകും. നൂറുകണക്കിന്‌ രാജ്യങ്ങളിൽ ദശലക്ഷങ്ങൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ച്‌ അത്‌ കണ്ടെത്തിയിട്ടുണ്ട്‌. നിങ്ങളും അങ്ങനെ ചെയ്യാൻ ഈ പത്രികയുടെ പ്രസാധകർ പ്രോത്സാഹിപ്പിക്കുകയാണ്‌. ദൈവത്തിന്റെ വചനം പഠിക്കുകയും അവന്റെ സൃഷ്ടികളെ നിരീക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ ദൈവത്തെക്കുറിച്ച്‌ കൂടുതൽ അറിയുമ്പോൾ അവൻ നിങ്ങളിൽനിന്ന്‌ അകലെയല്ലെന്നും ദുർഗ്രഹമായ ഒരു മർമമല്ലെന്നും നിങ്ങൾ തിരിച്ചറിയും. അപ്പോൾ നിങ്ങൾക്ക്‌ മനസ്സിലാകും ദൈവം “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്ന്‌.​—⁠പ്രവൃത്തികൾ 17:27.

[8-ാം പേജിലെ ആകർഷക വാക്യം]

ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തെക്കാൾ നിലനിൽക്കുന്നതാണ്‌ ദൈവത്തിന്‌ നമ്മോടുള്ള സ്‌നേഹം