വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മെ വിലയേറിയവരായി കാണുന്ന ദൈവം

നമ്മെ വിലയേറിയവരായി കാണുന്ന ദൈവം

ദൈവത്തോട്‌ അടുത്തുചെല്ലുക

നമ്മെ വിലയേറിയവരായി കാണുന്ന ദൈവം

ലൂക്കൊസ്‌ 12:6, 7

“ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു.” ചിലപ്പോഴൊക്കെ നമ്മുടെ ഹൃദയം നമ്മെ അമിതമായി കുറ്റപ്പെടുത്തിയേക്കാമെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌ ബൈബിളിലെ ഈ വാക്കുകൾ. ദൈവത്തിന്റെ സ്‌നേഹത്തിനും കരുതലിനും നാം അർഹരല്ലെന്ന്‌ ഹൃദയം കൂടെക്കൂടെ പറഞ്ഞേക്കാം. എങ്കിലും “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്ന്‌ ബൈബിൾ ഉറപ്പു നൽകുന്നു. (1 യോഹന്നാൻ 3:19, 20) നമുക്ക്‌ നമ്മെ അറിയാവുന്നതിനെക്കാൾ മെച്ചമായി യഹോവയ്‌ക്ക്‌ നമ്മെ അറിയാം. നാം നമ്മെ വീക്ഷിക്കുന്നതിൽനിന്ന്‌ വളരെ വ്യത്യസ്‌തമായിട്ടായിരിക്കാം അവൻ നമ്മെ വീക്ഷിക്കുന്നത്‌. അവന്റെ വീക്ഷണത്തിനാണല്ലോ നാം പ്രാധാന്യം കൽപ്പിക്കേണ്ടത്‌! അങ്ങനെയെങ്കിൽ, യഹോവയാം ദൈവം നമ്മെ എങ്ങനെയാണു വീക്ഷിക്കുന്നത്‌? രണ്ടു സന്ദർഭങ്ങളിൽ യേശു പറഞ്ഞ ഹൃദയസ്‌പർശിയായ ഒരു ദൃഷ്ടാന്തത്തിൽ അതിനുള്ള ഉത്തരമുണ്ട്‌.

“കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ?” എന്ന്‌ ഒരിക്കൽ യേശു ചോദിക്കുകയുണ്ടായി. (മത്തായി 10:29, 31) ലൂക്കൊസ്‌ 12:6, 7-ൽ യേശു ഇങ്ങനെയും പറഞ്ഞു: “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. . . . ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.” തന്റെ ആരാധകരിൽ ഓരോരുത്തരെയും യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്ന്‌ ലളിതമെങ്കിലും ശ്രദ്ധേയമായ ഈ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നുണ്ട്‌.

ഭക്ഷ്യയോഗ്യമായ പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞവയായിരുന്നു ഈ കുരികിലുകൾ. ചന്തസ്ഥലത്ത്‌, പാവപ്പെട്ട സ്‌ത്രീകൾ—ഒരുപക്ഷേ, സ്വന്തം അമ്മപോലും—ഈ പക്ഷികളെ വാങ്ങുന്നത്‌ യേശു കണ്ടിട്ടുണ്ടാകും എന്നതിൽ തർക്കമില്ല. ഒരു അസാരിയൻ നാണയത്തിന്‌ (ഇന്നത്തെ നിരക്കനുസരിച്ച്‌ രണ്ടു രൂപയിൽ താഴെ മൂല്യം) രണ്ട്‌ കുരികിലിനെ വാങ്ങാമായിരുന്നു. എന്നാൽ രണ്ട്‌ നാണയം കൊടുത്താൽ നാലല്ല, അഞ്ചു കുരികിലുകളെ കിട്ടും. എങ്ങനെയെന്നല്ലേ? നാലെണ്ണമെടുത്താൽ ഒരെണ്ണം തികച്ചും സൗജന്യം. അത്ര വിലക്കുറവായിരുന്നു കുരികിലുകൾക്ക്‌!

കുരികിലുകളിൽ ഒന്നിനെപ്പോലും “ദൈവം മറന്നുപോകുന്നില്ല” എന്നും അവയിൽ ഒന്നുപോലും പിതാവു “സമ്മതിക്കാതെ നിലത്തു വീഴുകയില്ല” എന്നും യേശു വിശദീകരിച്ചു. (മത്തായി 10:29) ഒരു കുരികിൽ തീറ്റ തേടി നിലത്തിറങ്ങുകയോ പരിക്കേറ്റു താഴെ വീഴുകയോ ചെയ്യുന്ന ഓരോ പ്രാവശ്യവും യഹോവ അതു ശ്രദ്ധിക്കുന്നു. സൃഷ്ടിക്കാൻവേണ്ടും പ്രാധാന്യമുള്ളതായി യഹോവ കണക്കാക്കിയ ഈ കുരികിലുകളെ അവൻ ഓർക്കാതിരിക്കുമോ? നമുക്കു നിസ്സാരമായി തോന്നിയേക്കാമെങ്കിലും അവന്റെ ദൃഷ്ടിയിൽ അവ അങ്ങനെയല്ല. അവൻ അവയ്‌ക്ക്‌ വിലകൽപ്പിക്കുന്നു, കാരണം അവയിലും ജീവന്റെ തുടിപ്പുണ്ട്‌. യേശു ഈ ദൃഷ്ടാന്തത്തിലൂടെ പറയാൻ ഉദ്ദേശിച്ചത്‌ എന്താണെന്നു നിങ്ങൾക്കു മനസ്സിലായോ?

യേശു പലപ്പോഴും വിപരീത താരതമ്യങ്ങൾ ഉപയോഗിച്ച്‌ ആളുകളെ പഠിപ്പിച്ചു; ചെറിയ കാര്യങ്ങളിൽനിന്ന്‌ അടർത്തിയെടുക്കുന്ന പാഠങ്ങൾ ഉപയോഗിച്ച്‌ അവൻ വലിയ കാര്യങ്ങൾ വിശദീകരിച്ചു. യേശുവിന്റെ പിൻവരുന്ന വാക്കുകളും അതിന്‌ ഉദാഹരണമാണ്‌: “കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!” (ലൂക്കൊസ്‌ 12:24) കുരികിലിനെക്കുറിച്ചു യേശു പറഞ്ഞ വാക്കുകളുടെ അർഥം ഇപ്പോൾ വ്യക്തമാകുന്നു: ഈ കൊച്ചുപക്ഷികൾക്കായി യഹോവ കരുതുന്നുവെങ്കിൽ തന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യർക്കായി അവൻ എത്രയധികം കരുതും!

യേശുവിന്റെ വാക്കുകൾ കണക്കിലെടുക്കുമ്പോൾ, ‘നമ്മുടെ ഹൃദയത്തെക്കാൾ വലിയവനായ’ ദൈവം നമ്മെ ശ്രദ്ധിക്കുകയും നമുക്കായി കരുതുകയും ചെയ്യാനാകാത്തവിധം നിസ്സാരരാണ്‌ നാം എന്നു നമുക്കു തോന്നേണ്ടതില്ല. നമുക്കു നമ്മിൽ കാണാൻ കഴിയാത്തത്‌ നമ്മുടെ സ്രഷ്ടാവിന്‌ കാണാൻ കഴിയും എന്നറിയുന്നത്‌ ആശ്വാസകരമല്ലേ?

[25-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Sparrows: © ARCO/D. Usher/age fotostock