വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമിലെ അകമ്പടിപ്പട്ടാളത്തിന്‌ സാക്ഷ്യം ലഭിക്കുന്നു

റോമിലെ അകമ്പടിപ്പട്ടാളത്തിന്‌ സാക്ഷ്യം ലഭിക്കുന്നു

വർഷം എ.ഡി. 59. യാത്രചെയ്‌തു വലഞ്ഞ പട്ടാളക്കാരുടെ അകമ്പടിയിൽ പോർട്ടാ കപേനാ കവാടത്തിലൂടെ റോമിൽ പ്രവേശിക്കുകയാണ്‌ ഒരു കൂട്ടം തടവുകാർ. നീറോ ചക്രവർത്തിയുടെ കൊട്ടാരം പാലറ്റൈൻ കുന്നിൽ തലയുയർത്തി നിൽക്കുന്നു. ഔദ്യോഗികവേഷമായ ടോഗയ്‌ക്കുള്ളിൽ (ഒരുതരം അയഞ്ഞ വസ്‌ത്രം) ഒളിപ്പിച്ച വാളുമായി അകമ്പടിപ്പട്ടാളം കൊട്ടാരത്തിനു കാവൽ നിൽപ്പുണ്ട്‌. a ശതാധിപനായ യൂലിയൊസ്‌ തടവുകാരെ റോമൻ ഫോറത്തിലൂടെ വിമിനൽ കുന്നിലേക്കു കൊണ്ടുപോകുന്നു. റോമൻ ദൈവങ്ങൾക്കുള്ള ബലിപീഠങ്ങൾ നിറഞ്ഞ ഒരു പൂന്തോട്ടവും യുദ്ധാഭ്യാസങ്ങൾ നടക്കുന്ന ഒരു മൈതാനവും കടന്നാണ്‌ അവർ പോകുന്നത്‌.

അകമ്പടിപ്പടയാളികളെ ചിത്രീകരിക്കുന്ന ഈ കൊത്തുപണി, എ.ഡി. 51-ൽ നിർമിച്ച ക്ലൗദ്യൊസ്‌ കമാനത്തിൽനിന്നുള്ളതെന്നു കരുതപ്പെടുന്നു

ആ തടവുകാരിൽ ഒരാൾ പൗലോസ്‌ അപ്പൊസ്‌തലനാണ്‌. മാസങ്ങൾക്കു മുമ്പ്‌, കൊടുങ്കാറ്റിലകപ്പെട്ട ഒരു കപ്പലിലായിരിക്കെ ഒരു ദൈവദൂതൻ പൗലോസിനോടു പറഞ്ഞു: “നീ കൈസറുടെ മുമ്പാകെ നിൽക്കേണ്ടതാകുന്നു.” (പ്രവൃ. 27:24) അതാണോ ഇപ്പോൾ പൗലോസിനെ കാത്തിരിക്കുന്നത്‌? റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി കാണുമ്പോൾ കർത്താവായ യേശു യെരുശലേമിലെ അന്റോണിയാ ഗോപുരത്തിൽവെച്ച്‌ സംസാരിച്ച വാക്കുകൾ അവന്റെ ഓർമയിലേക്കു വരുന്നുണ്ടാകും. “ധൈര്യമായിരിക്കുക! യെരുശലേമിൽ എന്നെക്കുറിച്ചു നീ സമ്പൂർണ സാക്ഷ്യം നൽകുന്നതുപോലെതന്നെ റോമിലും സാക്ഷ്യം നൽകേണ്ടതുണ്ട്‌” എന്ന്‌ യേശു പറഞ്ഞിരുന്നു.—പ്രവൃ. 23:10, 11.

ഇപ്പോൾ കാസ്‌ട്രാ പ്രിറ്റോറിയ എന്ന വലിയകോട്ട പൗലോസിന്റെ ശ്രദ്ധയിൽപ്പെടുന്നു. ചുടുകട്ടയിൽതീർത്ത ഉയർന്ന മതിലുകളും അതിന്മേൽ കൊത്തളങ്ങളും ഗോപുരങ്ങളും ഒക്കെയുള്ള ഒരു കോട്ടയാണ്‌ അത്‌. ചക്രവർത്തിയുടെ അംഗരക്ഷകരായ 12,000-ത്തോളംവരുന്ന അകമ്പടിപ്പട്ടാളവും നഗരത്തിലെ ആയിരക്കണക്കിന്‌ ക്രമസമാധാനപാലകരും താമസിക്കുന്നത്‌ ആ കോട്ടയിലാണ്‌. കുതിരപ്പടയാളികൾ ഉൾപ്പെടെ അനേകായിരം പട്ടാളക്കാരെ അവിടെ താമസിപ്പിക്കാം. എന്തുകൊണ്ടും റോമാസാമ്രാജ്യത്തിന്റെ കരുത്തും പ്രതാപവും വിളിച്ചോതുന്നതാണ്‌ ആ കോട്ട. പ്രവിശ്യകളിൽനിന്നുള്ള തടവുകാരുടെ ഉത്തരവാദിത്വം അകമ്പടിപ്പട്ടാളത്തിനാണ്‌. യൂലിയൊസ്‌ തടവുകാരെ നാലു പ്രധാനകവാടങ്ങളിൽ ഒന്നിലൂടെ കൊണ്ടുപോകുന്നു. മാസങ്ങൾ നീണ്ട അപകടകരമായ യാത്രയുടെ ഒടുവിൽ അദ്ദേഹം തടവുകാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.—പ്രവൃ. 27:1-3, 43, 44.

പൗലോസ്‌ “പ്രതിബന്ധങ്ങളൊന്നുമില്ലാതെ” പ്രസംഗിക്കുന്നു

സുദീർഘമായ സമുദ്രയാത്രയ്‌ക്കിടെ, അവനും കപ്പലിലുള്ള എല്ലാവരും ഒരു കപ്പൽച്ചേതത്തെ അതിജീവിക്കുമെന്ന്‌ പൗലോസിന്‌ ദർശനം ലഭിച്ചു. ഒരു വിഷപ്പാമ്പ്‌ കടിച്ചിട്ടും അവന്‌ അത്യാഹിതമൊന്നും ഭവിച്ചില്ല. മാൾട്ട ദ്വീപിലെ രോഗികളെ അവൻ സുഖപ്പെടുത്തുകയും ചെയ്‌തു. ദേശവാസികൾ അവൻ ഒരു ദേവനാണെന്ന്‌ പറയാൻ തുടങ്ങി. ഈ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ അന്ധവിശ്വാസികളായ അകമ്പടിപ്പട്ടാളത്തിനിടയിൽ പ്രചരിച്ചിരിക്കാം.

തന്നെ “എതിരേൽക്കാനായി അപ്യപുരവും ത്രിസത്രവുംവരെ വന്ന” റോമിലെ സഹോദരന്മാരെ പൗലോസിന്‌ ഇതിനോടകം കണ്ടുമുട്ടാനായി. (പ്രവൃ. 28:15) എന്നാൽ റോമിൽ സുവിശേഷം ഘോഷിക്കുകയെന്ന ആഗ്രഹം ഒരു തടവുകാരനായ അവന്‌ എങ്ങനെ നിറവേറ്റാനാകും? (റോമ. 1:14, 15) തടവുകാരെ ഏൽപ്പിച്ചിരുന്നത്‌ അകമ്പടിപ്പട്ടാളത്തിന്റെ മേധാവിയെയാണെന്ന്‌ ചിലർ അഭിപ്രായപ്പെടുന്നു. അങ്ങനെയാണെങ്കിൽ പൗലോസ്‌ ഹാജരാക്കപ്പെട്ടത്‌, സാധ്യതയനുസരിച്ച്‌ ചക്രവർത്തികഴിഞ്ഞാൽ രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന, അകമ്പടിപ്പട്ടാളത്തിന്റ പ്രീഫെക്‌റ്റായിരുന്ന (ഭരണ-കോടതി ചുമതലകൾ വഹിച്ചിരുന്ന ഉയർന്ന ഉദ്യോഗസ്ഥൻ) ആഫ്രാന്യുസ്‌ ബുറോസിന്റെ മുമ്പാകെയായിരുന്നിരിക്കണം. b പൗലോസ്‌ ഇപ്പോൾ എന്തായാലും ഒരു സാധാരണ അകമ്പടിപ്പടയാളിയുടെ കാവലിലാണ്‌, അല്ലാതെ ഒരു ശതാധിപന്റെ കീഴിലല്ല. എവിടെ താമസിക്കണമെന്നു തീരുമാനിക്കാനും സന്ദർശകരെ സ്വീകരിച്ച്‌ “പ്രതിബന്ധങ്ങളൊന്നുമില്ലാതെ” അവരോട്‌ പ്രസംഗിക്കാനും അവന്‌ അനുമതിയുണ്ട്‌.—പ്രവൃ. 28:16, 30, 31.

പൗലോസ്‌ ചെറിയവർക്കും വലിയവർക്കും സാക്ഷ്യം നൽകുന്നു

കാസ്‌ട്രാ പ്രിറ്റോറിയയുടെ മതിലുകൾ ഇന്ന്‌

നീറോയുടെ മുമ്പിൽ കാര്യം അവതരിപ്പിക്കുന്നതിനു മുമ്പ്‌ കൊട്ടാരത്തിൽ വെച്ചോ അകമ്പടിപ്പട്ടാളത്തിന്റെ താവളത്തിൽ വെച്ചോ ബുറോസ്‌ അപ്പൊസ്‌തലനായ പൗലോസിനെ വിചാരണ ചെയ്‌തിരിക്കണം. “ചെറിയവർക്കും വലിയവർക്കും” സാക്ഷ്യം നൽകാനുള്ള ഈ അസുലഭാവസരം പൗലോസ്‌ നഷ്ടമാക്കുന്നില്ല. (പ്രവൃ. 26:19-23) ബുറോസിന്റെ വിലയിരുത്തൽ എന്തായിരുന്നാലും അകമ്പടിപ്പട്ടാളത്തിന്റെ താവളത്തിലെ തടവറയിൽ പൗലോസ്‌ ഏൽപ്പിക്കപ്പെടുന്നില്ല. c

“യഹൂദന്മാരുടെ പ്രമാണികളെ”യും ‘അവൻ താമസിക്കുന്നിടത്തു വന്ന മറ്റു നിരവധിപേരെയും’ സ്വീകരിച്ച്‌ അവർക്കു സാക്ഷ്യം നൽകാൻമാത്രം വലുതായിരുന്നു പൗലോസിന്റെ വാടകവീട്‌. രാജ്യത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും “രാവിലെമുതൽ വൈകുന്നേരംവരെ” യഹൂദന്മാർക്ക്‌ ‘സമഗ്രസാക്ഷ്യം നൽകുന്നത്‌’ കേൾക്കാൻ നിർബന്ധിതരായിത്തീർന്ന കാവൽക്കാരായ അകമ്പടിപ്പടയാളികളും അവന്റെ ശ്രോതാക്കളായുണ്ട്‌.—പ്രവൃ. 28:17, 23.

പൗലോസ്‌ തടവിലായിരുന്നപ്പോൾ അവൻ ലേഖനങ്ങൾ പറഞ്ഞെഴുതിക്കുന്നത്‌ പടയാളികൾ കേട്ടിരുന്നു

ഓരോ ദിവസവും ഉച്ചതിരിഞ്ഞ്‌ രണ്ടുമണിയോടെ കൊട്ടാരത്തിലെ കാവൽക്കാരായ അകമ്പടിപ്പടയാളികളുടെ ഊഴം മാറും. പൗലോസിന്റെയും കാവൽക്കാരൻ മാറും. അപ്പൊസ്‌തലൻ വീട്ടുതടങ്കലിലായിരിക്കുന്ന രണ്ടു വർഷവും, അവൻ എഫെസ്യർ, ഫിലിപ്പിയർ, കൊലോസ്യർ, എബ്രായർ എന്നിവർക്കുള്ള ലേഖനങ്ങൾ പറഞ്ഞെഴുതിക്കുന്നത്‌ കാവൽക്കാർ കേൾക്കുകയും ക്രിസ്‌ത്യാനിയായ ഫിലേമോന്‌ സ്വന്തമായി ലേഖനം എഴുതുന്നതു കാണുകയും ചെയ്യുന്നു. യജമാനന്റെ അടുത്തുനിന്ന്‌ ഓടിപ്പോന്ന ഒനേസിമൊസ്‌ എന്ന അടിമയുടെ കാര്യത്തിൽ പൗലോസിന്‌ പ്രത്യേകതാത്‌പര്യമുണ്ട്‌. ‘തടവിലായിരുന്നപ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകൻ’ എന്നു വിളിച്ച അവനെ പൗലോസ്‌ യജമാനന്റെ അടുത്തേക്കു മടക്കി അയയ്‌ക്കുന്നു. (ഫിലേ. 10) തന്റെ കാവൽക്കാരിലും പൗലോസിന്‌ വ്യക്തിപരമായ താത്‌പര്യമുണ്ട്‌ എന്നതിനു സംശയമില്ല. (1 കൊരി. 9:22) അവൻ ഒരു പടയാളിയുടെ ആയുധവർഗത്തിൽ ഓരോന്നിനെയും കുറിച്ച്‌ ചോദിക്കുന്നതും പിന്നീട്‌ ആ വിവരം ഒരു ഉദാഹരണത്തിൽ നന്നായി കോർത്തിണക്കുന്നതും ഒന്നു ഭാവനയിൽ കാണുക.—എഫെ. 6:13-17.

‘ദൈവവചനം നിർഭയം സംസാരിക്കുക’

പൗലോസിന്റെ തടവുശിക്ഷ, അകമ്പടിപ്പടയാളികളുടെയും മറ്റുള്ളവരുടെയും ഇടയിൽ “സുവിശേഷത്തിന്റെ പ്രചാരണത്തിനു” സഹായകമാകുന്നു. (ഫിലി. 1:12, 13) കാസ്‌ട്രാ പ്രിറ്റോറിയയിലുള്ളവർക്ക്‌ റോമാസാമ്രാജ്യത്തിലുടനീളം ബന്ധങ്ങളുണ്ട്‌, എന്തിന്‌ ചക്രവർത്തിയുമായും അവന്റെ അരമനയിലുള്ളവരുമായും പോലും. ചക്രവർത്തിയുടെ അരമനയിൽ അവന്റെ കുടുംബാംഗങ്ങളും ജോലിക്കാരും അടിമകളും ഒക്കെയുണ്ട്‌; അവരിൽ ചിലർ ക്രിസ്‌ത്യാനികളാകുന്നു. (ഫിലി. 4:22) പൗലോസിന്റെ ധീരസാക്ഷീകരണം “ദൈവവചനം നിർഭയം സംസാരിക്കാൻ” റോമിലുള്ള സഹോദരങ്ങളെ ശക്തിപ്പെടുത്തുന്നു.—ഫിലി. 1:14.

സാഹചര്യം എന്തുതന്നെയായാലും നമ്മെ സന്ദർശിക്കാനും ശുശ്രൂഷിക്കാനും മറ്റുമായി വരുന്നവരോട്‌ നമുക്കു സാക്ഷീകരിക്കാനാകും

റോമിൽ പൗലോസ്‌ നടത്തിയ സാക്ഷ്യവേല, ‘അനുകൂലകാലത്തും പ്രതികൂലകാലത്തും വചനം പ്രസംഗിക്കവെ’ നമുക്കും പ്രോത്സാഹനത്തിന്റെ ഉറവാണ്‌. (2 തിമൊ. 4:2) നമ്മിൽ ചിലർ ഒരർഥത്തിൽ ‘വീട്ടുതടങ്കലിലാണ്‌.’ അതായത്‌, ആതുരാലയങ്ങളിലോ ആശുപത്രികളിലോ വീടുവിട്ട്‌ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥകളിലോ വിശ്വാസത്തിന്റെ പേരിൽ ജയിലിലോ പോലും കഴിയുന്നവരാണ്‌. സാഹചര്യം എന്തുതന്നെയായാലും നമ്മെ സന്ദർശിക്കാനും ശുശ്രൂഷിക്കാനും മറ്റുമായി വരുന്നവരോട്‌ നമുക്കു സാക്ഷീകരിക്കാനാകും. എല്ലാ സാഹചര്യങ്ങളിലും നിർഭയം പ്രസംഗിക്കുന്നെങ്കിൽ ‘ദൈവത്തിന്റെ വചനത്തെ ബന്ധിക്കാനാകില്ലെന്ന്‌’ സ്വന്തം അനുഭവത്തിൽനിന്ന്‌ നമുക്കു മനസ്സിലാക്കാം.—2 തിമൊ. 2:8, 9.

a “നീറോയുടെ കാലത്തെ അകമ്പടിപ്പട്ടാളം” എന്ന ചതുരം കാണുക.

b “സെക്‌സ്റ്റസ്‌ ആഫ്രാന്യുസ്‌ ബുറോസ്‌” എന്ന ചതുരം കാണുക.

c കാലിഗുല എത്രയുംവേഗം ചക്രവർത്തിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിൽ ഹെരോദാവ്‌ അഗ്രിപ്പാവിനെ എ.ഡി. 36/37-ൽ തിബെര്യൊസ്‌ കൈസർ തടവിലാക്കിയത്‌ ഇവിടെയാണ്‌. ഇതിനുള്ള പ്രതിഫലമായി ചക്രവർത്തിയായപ്പോൾ കാലിഗുല ഹെരോദാവിനെ രാജാവാക്കി.—പ്രവൃ. 12:1.