അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 27:1-44
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഞങ്ങൾ: പ്രവൃ 16:10; 20:5 എന്നിവയുടെ പഠനക്കുറിപ്പുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ഈ പുസ്തകത്തിന്റെ എഴുത്തുകാരനായ ലൂക്കോസ് പ്രവൃത്തികളുടെ പുസ്തകത്തിലെ ചില ഭാഗങ്ങളിൽ ‘ഞങ്ങൾ’ (പ്രവൃ 27:20) എന്ന ഉത്തമപുരുഷ സർവനാമം ഉപയോഗിച്ചാണു കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നതു പൗലോസ് നടത്തിയ അനേകം യാത്രകളിൽ ചിലതിലെങ്കിലും ലൂക്കോസ് പൗലോസിനോടൊപ്പമുണ്ടായിരുന്നു എന്നാണ്. ഈ വാക്യം മുതൽ പ്രവൃ 28:16 വരെ ഉള്ള ഭാഗത്തും ലൂക്കോസ് “ഞങ്ങൾ” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിൽനിന്ന് ലൂക്കോസും പൗലോസിന്റെകൂടെ റോമിലേക്കു പോയിരുന്നെന്ന് അനുമാനിക്കാം.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
ദയ: അഥവാ “മാനുഷികമായ പരിഗണന (സ്നേഹം).” ഇവിടെ കാണുന്ന ഫിലാന്ത്രോപൊസ് എന്ന ഗ്രീക്കുപദവും അതിനോടു ബന്ധമുള്ള ഫിലാന്ത്രോപിയ എന്ന പദവും സഹമനുഷ്യരോടു കാണിക്കുന്ന സ്നേഹത്തെയും കരുതലിനെയും താത്പര്യത്തെയും ആണ് സൂചിപ്പിക്കുന്നത്. ഒരു ദിവസം മുഴുവൻ വടക്കോട്ട് കടലിലൂടെ യാത്ര ചെയ്ത അവർ ഇപ്പോൾ ഏകദേശം 110 കി.മീ. പിന്നിട്ട് സിറിയൻ തീരത്തുള്ള സീദോനിൽ എത്തി. യൂലിയൊസ് എന്ന സൈനികോദ്യോഗസ്ഥൻ പൗലോസിനോട് ഒരു കുറ്റവാളിയോട് എന്നപോലെ പെരുമാറാതിരുന്നതു പൗലോസ് ഒരു റോമൻ പൗരനായതുകൊണ്ടും അദ്ദേഹത്തിന്റെ കുറ്റം അതുവരെ തെളിയിക്കപ്പെടാഞ്ഞതുകൊണ്ടും ആയിരിക്കാം.—പ്രവൃ 22:27, 28; 26:31, 32.
ഒരു കപ്പൽ: ഇത് ഒരു ധാന്യക്കപ്പലായിരുന്നു. (പ്രവൃ 27:37, 38) അക്കാലങ്ങളിൽ റോമിന് ആവശ്യമായ ധാന്യം ലഭിച്ചിരുന്നതു പ്രധാനമായും ഈജിപ്തിൽനിന്നാണ്. അവിടെനിന്നുള്ള ധാന്യക്കപ്പലുകൾ ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറൻ തീരത്തിന് അടുത്ത് സ്ഥിതിചെയ്തിരുന്ന ഒരു പ്രമുഖനഗരമായ മിറയിൽ അടുക്കാറുണ്ടായിരുന്നു. അങ്ങനെയൊരു കപ്പൽ കണ്ടപ്പോൾ യൂലിയൊസ് എന്ന സൈനികോദ്യോഗസ്ഥൻ പടയാളികളെയും തടവുകാരെയും അതിൽ കയറ്റി. അവർ അവിടംവരെ യാത്ര ചെയ്ത കപ്പലിനെക്കാൾ വളരെ വലുതായിരുന്നിരിക്കാം ഇത്. (പ്രവൃ 27:1-3) ധാരാളം ഗോതമ്പിനു പുറമേ 276 യാത്രക്കാരും അതിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ കപ്പൽജോലിക്കാരും പടയാളികളും തടവുകാരും റോമിലേക്കു പോകുന്ന മറ്റാളുകളും ഒക്കെയുണ്ടായിരുന്നിരിക്കണം. മിറയുടെ സ്ഥാനം അലക്സാൻഡ്രിയ എന്ന ഈജിപ്ഷ്യൻ നഗരത്തിനു നേരെ വടക്കായിരുന്നതുകൊണ്ട് അലക്സാൻഡ്രിയയിൽനിന്നുള്ള കപ്പലുകൾ പതിവായി പോയിരുന്നതു മിറ വഴിയായിരിക്കാം. ഇനി, കാറ്റ് പ്രതികൂലമായിരുന്നതുകൊണ്ട് (പ്രവൃ 27:4, 7) അലക്സാൻഡ്രിയയിൽനിന്നുള്ള ഈ കപ്പലിനു ഗതി മാറ്റി മിറയിൽ നങ്കൂരമിടേണ്ടിവന്നതുമാകാം.—അനു. ബി13 കാണുക.
ശരത്കാലത്തെ ഉപവാസം: അഥവാ “പാപപരിഹാരദിവസത്തിലെ ഉപവാസം.” അക്ഷ. “ഉപവാസം.” ഇവിടെ കാണുന്ന “ഉപവാസം” എന്നതിന്റെ ഗ്രീക്കുപദം, മോശയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ള ഒരേ ഒരു ഉപവാസത്തെയാണു കുറിക്കുന്നത്. യോം കിപ്പൂർ (എബ്രായയിൽ, യോഹ്മം ഹക്കിപ്പുരിം; അർഥം “മറയ്ക്കുന്ന ദിവസം.”) എന്നും വിളിച്ചിരുന്ന വാർഷിക പാപപരിഹാരദിവസവുമായി ബന്ധപ്പെട്ട ഉപവാസമായിരുന്നു അത്. (ലേവ 16:29-31; 23:26-32; സംഖ 29:7; പദാവലിയിൽ “പാപപരിഹാരദിവസം” കാണുക.) പാപപരിഹാരദിവസവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്ന “സ്വയം ക്ലേശിപ്പിക്കുക” എന്ന പദപ്രയോഗം, ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരൂപങ്ങളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു. (ലേവ 16:29, അടിക്കുറിപ്പ്) പ്രവൃ 27:9-ൽ ‘ഉപവാസം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതിൽനിന്ന്, പാപപരിഹാരദിവസത്തെ ആത്മപരിത്യാഗത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത് ഉപവാസമായിരുന്നു എന്നു മനസ്സിലാക്കാം. ആ ഉപവാസം സെപ്റ്റംബറിന്റെ ഒടുവിലോ ഒക്ടോബറിന്റെ തുടക്കത്തിലോ ആയിരുന്നു.
ജീവനുതന്നെ: അഥവാ “ദേഹികൾക്കുതന്നെ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സൈക്കി എന്ന ഗ്രീക്കുപദം ഒരു വ്യക്തിയെയോ അയാളുടെ ജീവനെയോ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
വടക്കുകിഴക്കൻ കൊടുങ്കാറ്റ്: അഥവാ “ഈശാനമൂലൻ.” ഗ്രീക്കിൽ യൂറാക്കിലോൻ; ലത്തീനിൽ യൂറോഅക്വിലോ. മാൾട്ടക്കാരായ നാവികർക്കിടയിൽ ഗ്രെഗെയ്ൽ എന്ന് അറിയപ്പെടുന്ന ഇതു മെഡിറ്ററേനിയൻ കടലിലെ ഏറ്റവും സംഹാരശക്തിയുള്ള കാറ്റാണ്. വലിയ പായകളുള്ള കപ്പലുകൾക്ക് ഇതു കടുത്ത ഭീഷണിയായിരുന്നു. കാരണം, അത്തരം കപ്പലുകളെ കീഴ്മേൽ മറിക്കാൻപോലും ശക്തിയുള്ള കാറ്റായിരുന്നു അത്.
തോണി: ഇവിടെ കാണുന്ന സ്കാഫെ എന്ന ഗ്രീക്കുപദം ചെറിയ ഒരു തോണിയെയാണു കുറിക്കുന്നത്. ഒന്നുകിൽ അതു കപ്പലിന്റെ പിന്നിൽ ബന്ധിച്ച് വെള്ളത്തിൽത്തന്നെയിടും. ഇനി, കപ്പൽ വലുതാണെങ്കിൽ അതു കപ്പലിൽ കയറ്റിവെക്കും. തീരത്തോട് അടുത്ത് നങ്കൂരമിടുന്ന കപ്പലുകളിൽനിന്ന് കരയിലേക്കു പോകാനും ചരക്കുകൾ തീരത്തേക്ക് എത്തിക്കാനും കപ്പലുകൾ തിരിക്കാനും അത് ഉപയോഗിക്കാറുണ്ട്. ഒരു അടിയന്തിരസാഹചര്യത്തിൽ ലൈഫ്ബോട്ടായും അത് ഉപകരിക്കും. കൊടുങ്കാറ്റ് അടിക്കുമ്പോൾ ഈ തോണി മുങ്ങിപ്പോകുകയോ തകരുകയോ ചെയ്യാതിരിക്കാൻ അതു വെള്ളത്തിൽനിന്ന് വലിച്ചുകയറ്റി കപ്പലിനോടു ബന്ധിക്കുമായിരുന്നു.
സിർത്തിസ്: സിർത്തിസ് എന്ന ഗ്രീക്കുപേര്, “വലിക്കുക” എന്ന് അർഥമുള്ള ഒരു ധാതുവിൽനിന്ന് വന്നിട്ടുള്ളതാണ്. ആഫ്രിക്കയുടെ വടക്കൻ തീരത്ത് (ഇന്നത്തെ ലിബിയയുടെ തീരത്ത്.) കരയ്ക്കുള്ളിലേക്കു കയറിക്കിടക്കുന്ന വലിയൊരു സമുദ്രഭാഗത്തെ രണ്ട് ഉൾക്കടലുകളുടെ പേരായിരുന്നു സിർത്തിസ്. അതിൽ, പടിഞ്ഞാറൻ ഉൾക്കടലിന്റെ (ടൂണിസിനും ട്രിപ്പൊളിക്കും ഇടയ്ക്ക്.) പേര് സിർത്തിസ് മൈനർ (ഇന്നു ഗേബ്സ് ഉൾക്കടൽ എന്ന് അറിയപ്പെടുന്നു.) എന്നും, തൊട്ട് കിഴക്കുള്ള ഉൾക്കടലിന്റെ പേര് സിർത്തിസ് മേജർ (ഇന്നു സിദ്രാ ഉൾക്കടൽ എന്ന് അറിയപ്പെടുന്നു.) എന്നും ആയിരുന്നു. വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി വെള്ളത്തിന് അടിയിലെ മണൽത്തിട്ടകൾക്കു കൂടെക്കൂടെ സ്ഥാനമാറ്റം സംഭവിക്കുന്ന സ്ഥലമായിരുന്നതുകൊണ്ട്, അപകടകരമായ ഈ ഭാഗം പുരാതനകാലത്തെ നാവികരുടെ പേടിസ്വപ്നമായിരുന്നു. ഈ മണൽത്തിട്ടകളിൽ ചെന്ന് ഉറയ്ക്കുന്ന കപ്പലുകളെക്കുറിച്ച് എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രെബോ പറഞ്ഞത് ഇങ്ങനെയാണ്: “അതിൽപ്പെട്ടാൽപ്പിന്നെ കപ്പലുകൾ രക്ഷപ്പെടുന്നത് അപൂർവമാണ്.” [ഭൂമിശാസ്ത്രം, (ഇംഗ്ലീഷ്) 17, III, 20] സിർത്തിസ് എന്ന പേര് കേട്ടാൽത്തന്നെ ആളുകൾ ഭയന്നുവിറച്ചിരുന്നു എന്നാണു ജോസീഫസ് [ജൂതയുദ്ധങ്ങൾ (ഇംഗ്ലീഷ്) 2.16.4 (2.381)] രേഖപ്പെടുത്തിയിട്ടുള്ളത്.—അനു. ബി13 കാണുക.
കൊടുങ്കാറ്റ്: അക്ഷ. “ചെറുതല്ലാത്ത കൊടുങ്കാറ്റ്.” ഇവിടെ കാണുന്ന ഗ്രീക്കു പദപ്രയോഗം അതിശക്തമായ ഒരു കൊടുങ്കാറ്റിനെയാണു കുറിക്കുന്നത്. പൗലോസിന്റെ കാലത്ത് നാവികർ സൂര്യനെയും നക്ഷത്രങ്ങളെയും ഒക്കെ നോക്കിയാണു ദിശ മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടുതന്നെ മൂടിക്കെട്ടിയ കാലാവസ്ഥയിൽ കപ്പൽയാത്ര വളരെ ബുദ്ധിമുട്ടായിരുന്നു.
നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല: അഥവാ “നിങ്ങളിൽ ആരെയും നഷ്ടപ്പെടില്ല; നിങ്ങളുടെ ആരുടെയും ദേഹി നഷ്ടപ്പെടില്ല.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സൈക്കി എന്ന ഗ്രീക്കുപദം ഒരു വ്യക്തിയെയോ അയാളുടെ ജീവനെയോ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
ഞാൻ സേവിക്കുന്ന: അക്ഷ. “ഞാൻ വിശുദ്ധസേവനം ചെയ്യുന്ന.” അഥവാ “ഞാൻ ആരാധിക്കുന്ന.”—പ്രവൃ 26:7-ന്റെ പഠനക്കുറിപ്പു കാണുക.
അദ്രിയക്കടൽ: പൗലോസിന്റെ കാലത്ത് അദ്രിയക്കടൽ എന്നു വിളിച്ചിരുന്നത് ഇന്നത്തെ അഡ്രിയാറ്റിക് കടലിനെ മാത്രമല്ല. വാസ്തവത്തിൽ, അഡ്രിയാറ്റിക് കടൽ ഉൾപ്പെടുന്ന വിശാലമായ ഒരു സമുദ്രഭാഗത്തിന്റെ പേരായിരുന്നു അത്. അദ്രിയക്കടലിന് ആ പേര് ലഭിച്ചത് അട്രിയ നഗരത്തിൽനിന്നാണെന്നു ഗ്രീക്കു ഭൂമിശാസ്ത്രജ്ഞനായ സ്ട്രെബോ രേഖപ്പെടുത്തിയിട്ടുണ്ട്. പോ നദി, വെനീസ് ഉൾക്കടലിൽ ചെന്നുചേരുന്ന ഭാഗത്താണ് അട്രിയ നഗരം സ്ഥിതി ചെയ്തിരുന്നത്. [ഭൂമിശാസ്ത്രം (ഇംഗ്ലീഷ്) 5, I, 8] പക്ഷേ ഇന്നത്തെ അഡ്രിയ എന്ന ഇറ്റാലിയൻ നഗരം തീരത്തുനിന്ന് കുറച്ചുകൂടെ അകലെയാണ്. പുരാതന അട്രിയ നഗരത്തോടു ചേർന്നുകിടന്ന സമുദ്രഭാഗം മാത്രമാണ് ആദ്യമൊക്കെ അദ്രിയക്കടൽ എന്ന് അറിയപ്പെട്ടിരുന്നതെങ്കിലും പിൽക്കാലത്ത് ഈ പേര് അതിനും അപ്പുറത്തേക്കു വ്യാപിച്ചുകിടക്കുന്ന മറ്റു സമുദ്രഭാഗങ്ങളെയും കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി. ഇതിൽ, ഇന്നത്തെ അഡ്രിയാറ്റിക് കടലും അയോണിയൻ കടലും മെഡിറ്ററേനിയൻ കടലിന്റെ ഒരു ഭാഗവും [സിസിലി, മാൾട്ട എന്നിവയ്ക്കു കിഴക്കും ക്രേത്തയ്ക്കു പടിഞ്ഞാറും ഉള്ള സമുദ്രഭാഗം.] ഉൾപ്പെടും.—അനു. ബി13 കാണുക.
20 ആൾ താഴ്ച: അതായത്, 20 മാറ്. ഏകദേശം 36 മീ. (120 അടി). വെള്ളത്തിന്റെ ആഴം അളക്കാനുള്ള ഒരു ഏകകമാണു മാറ്. ഒരു മാറ് എന്നതു നാലു മുഴമാണെന്നു പൊതുവേ കണക്കാക്കപ്പെടുന്നു. (ഏ. 1.8 മീ.; 6 അടി) കൈകൾ വിരിച്ചുപിടിച്ചിരിക്കുന്ന ഒരാളുടെ ഒരു കൈയുടെ വിരലറ്റംമുതൽ മറ്റേ കൈയുടെ വിരലറ്റംവരെയുള്ള നീളത്തിന് ഏതാണ്ട് തുല്യമാണ് ഇത്. “മാറ്” എന്നതിന്റെ ഗ്രീക്കുപദം (ഒർഗുയ) വന്നിരിക്കുന്നതും “വിരിച്ചുപിടിക്കുക; കൈ നീട്ടുക” എന്നൊക്കെ അർഥമുള്ള ഒരു പദത്തിൽനിന്നാണ് എന്നതു ശ്രദ്ധേയമാണ്.—അനു. ബി14 കാണുക.
15 ആൾ താഴ്ച: അതായത്, 15 മാറ്. ഏകദേശം 27 മീ. (90 അടി).—ഈ വാക്യത്തിലെ 20 ആൾ താഴ്ച എന്നതിന്റെ പഠനക്കുറിപ്പും അനു. ബി14-ഉം കാണുക.
276: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ മറ്റു ചില സംഖ്യകളാണു കാണുന്നതെങ്കിലും കപ്പൽയാത്രക്കാരുടെ എണ്ണം 276 ആയിരുന്നു എന്നതിനെയാണു മിക്ക കൈയെഴുത്തുപ്രതികളും പണ്ഡിതന്മാരും പിന്താങ്ങുന്നത്. അത്രയധികം ആളെ കയറ്റാവുന്ന കപ്പലുകൾ അക്കാലത്തുണ്ടായിരുന്നു. ഏതാണ്ട് 600 ആളെയുംകൊണ്ട് റോമിലേക്കു പോയ ഒരു കപ്പൽ തകർന്നതിനെക്കുറിച്ച് ജോസീഫസിന്റെ രേഖകളിലുണ്ട്.
പേരുണ്ടായിരുന്നു: അഥവാ “ദേഹികളുണ്ടായിരുന്നു.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
ദൃശ്യാവിഷ്കാരം

സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
1. കൈസര്യയിലെ രണ്ടു വർഷത്തെ തടവിനു ശേഷം പൗലോസിനെ തടവുകാരനായി കപ്പലിൽ റോമിലേക്കു കൊണ്ടുപോകുന്നു (പ്രവൃ 27:1, 2)
2. പൗലോസും കൂട്ടാളികളും സീദോനിൽ എത്തുന്നു; അവിടെയുള്ള സഹോദരന്മാരെ കാണാൻ പൗലോസിനെ അനുവദിക്കുന്നു (പ്രവൃ 27:3)
3. പൗലോസ് കപ്പലിൽ യാത്ര തുടരുന്നു, സൈപ്രസിന്റെ മറപറ്റി പോകുന്ന ആ കപ്പൽ കിലിക്യക്കും പംഫുല്യക്കും അരികിലൂടെ സഞ്ചരിച്ച് ലുക്കിയയിലെ മിറയിൽ എത്തുന്നു (പ്രവൃ 27:4, 5)
4. മിറയിൽവെച്ച് പൗലോസ് അലക്സാൻഡ്രിയയിൽനിന്നുള്ള ഒരു ധാന്യക്കപ്പലിൽ കയറുന്നു; വളരെ പ്രയാസപ്പെട്ട് ക്നീദോസിൽ എത്തുന്ന ആ കപ്പൽ അവിടെനിന്ന് ശൽമോന കടന്ന് ക്രേത്തയുടെ മറപറ്റി നീങ്ങുന്നു (പ്രവൃ 27:6, 7)
5. പൗലോസും കൂട്ടാളികളും ക്രേത്തയുടെ തീരം ചേർന്ന് കഷ്ടപ്പെട്ട് മുമ്പോട്ടു നീങ്ങി ശുഭതുറമുഖത്ത് എത്തുന്നു (പ്രവൃ 27:8)
6. കപ്പൽ കുറെ ദിവസം ശുഭതുറമുഖത്ത് തങ്ങുന്നു; തുടർന്ന് ശുഭതുറമുഖം വിട്ട് ക്രേത്തയിലെതന്നെ മറ്റൊരു തുറമുഖമായ ഫേനിക്സിലേക്കു പോകാൻ തീരുമാനിക്കുന്നു (പ്രവൃ 27:9-13)
7. കപ്പൽ അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ പെട്ടെന്ന് യൂറോഅക്വിലോ എന്ന അതിശക്തമായ വടക്കുകിഴക്കൻ കൊടുങ്കാറ്റ് അടിക്കുന്നു; കപ്പൽ കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങുന്നു (പ്രവൃ 27:14, 15)
8. കപ്പൽ കൗദ ദ്വീപിന്റെ മറപറ്റി നീങ്ങുന്നു; അതു സിർത്തിസിലെ മണൽത്തിട്ടകളിൽ ചെന്നിടിക്കുമെന്നു കപ്പൽജോലിക്കാർ ഭയക്കുന്നു (പ്രവൃ 27:16, 17)
9. ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പൗലോസിനോട് അദ്ദേഹം സീസറിന്റെ മുമ്പാകെ നിൽക്കുമെന്നു പറയുന്നു; തന്റെകൂടെ കപ്പലിലുള്ള എല്ലാവരും രക്ഷപ്പെടുമെന്നു പൗലോസ് ഉറപ്പു കൊടുക്കുന്നു (പ്രവൃ 27:22-25)
10. മാൾട്ടയ്ക്ക് അടുത്തുവെച്ച് കപ്പൽ തകരുന്നു (പ്രവൃ 27:39-44; 28:1)
11. മാൾട്ടക്കാർ പൗലോസിനോട് അസാധാരണമായ ദയ കാണിക്കുന്നു; പൗലോസ് പുബ്ലിയൊസിന്റെ അപ്പനെ സുഖപ്പെടുത്തുന്നു (പ്രവൃ 28:2, 7, 8)
12. മഞ്ഞുകാലം കഴിയാനായി മാൾട്ടയിൽ കാത്തുകിടന്നിരുന്ന, അലക്സാൻഡ്രിയയിൽനിന്നുള്ള കപ്പലിൽ കയറി പൗലോസ് സുറക്കൂസയിലേക്കും അവിടെനിന്ന് രേഗ്യൊനിലേക്കും പോകുന്നു (പ്രവൃ 28:11-13എ)
13. പൗലോസ് പുത്യൊലിയിൽ എത്തുന്നു; അവിടെയുള്ള സഹോദരന്മാർ പൗലോസിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു (പ്രവൃ 28:13ബി, 14)
14. റോമിൽനിന്നുള്ള സഹോദരന്മാർ പൗലോസിനെ കാണാൻ അപ്യയിലെ ചന്തസ്ഥലംവരെയും ത്രിസത്രംവരെയും എത്തുന്നു (പ്രവൃ 28:15)
15. പൗലോസ് റോമിൽ എത്തുന്നു; പടയാളിയുടെ കാവലിൽ ഒരു വീട്ടിൽ താമസിക്കാൻ പൗലോസിനെ അനുവദിക്കുന്നു (പ്രവൃ 28:16)
16. പൗലോസ് റോമിൽ ജൂതന്മാരോടു സംസാരിക്കുന്നു; പിന്നീടുള്ള രണ്ടു വർഷം പൗലോസ്, തന്റെ അടുത്ത് വരുന്ന എല്ലാവരോടും ധൈര്യത്തോടെ പ്രസംഗിക്കുന്നു (പ്രവൃ 28:17, 18, 21-31)

എ.ഡി. ഒന്നാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ കടലിലൂടെ പല തരത്തിലും വലുപ്പത്തിലും ഉള്ള ധാരാളം വ്യാപാരക്കപ്പലുകൾ സഞ്ചരിച്ചിരുന്നു. അവയിൽ ചിലതു തീരത്തോടു ചേർന്ന് പോയിരുന്ന ചെറിയ കപ്പലുകളായിരുന്നു. അദ്രമുത്യയിൽനിന്നുള്ള അത്തരമൊരു കപ്പലിലാണു പൗലോസിനെ ഒരു തടവുപുള്ളിയായി കൈസര്യയിൽനിന്ന് മിറയിലേക്കു കൊണ്ടുപോയത്. (പ്രവൃ 27:2-5) എന്നാൽ മിറയിൽനിന്ന് പൗലോസ് യാത്ര തുടർന്നത് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള, സാമാന്യം വലിയൊരു വ്യാപാരക്കപ്പലിലായിരുന്നു. അതിൽ ഗോതമ്പിനു പുറമേ കപ്പൽജോലിക്കാരും യാത്രക്കാരും അടക്കം 276 ആളുകളും ഉണ്ടായിരുന്നു. (പ്രവൃ 27:37, 38) പ്രധാന കപ്പൽപ്പായ കൂടാതെ മുൻഭാഗത്ത് മറ്റൊരു പായകൂടി ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള ഇത്തരം കപ്പലുകളുടെ ഗതി നിയന്ത്രിച്ചിരുന്നത് അമരത്തെ രണ്ടു വലിയ തുഴകൊണ്ടായിരിക്കാം. അവയുടെ മുൻഭാഗത്ത് മിക്കപ്പോഴും ഒരു ദേവന്റെയോ ദേവിയുടെയോ പ്രതീകമായ ചിഹ്നങ്ങളോ രൂപങ്ങളോ ഉണ്ടായിരുന്നു.
1. വ്യാപാരക്കപ്പൽ
2. ഗലീലയിലെ മത്സ്യബന്ധനവള്ളം

1. ദണ്ഡ് (Stock)
2. തണ്ട് (Shank)
3. മുന
4. കൈ
5. പട്ട
റോമിലേക്കുള്ള പൗലോസിന്റെ കപ്പൽയാത്രയെക്കുറിച്ച് വിവരിക്കുന്നിടത്ത് നങ്കൂരത്തെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (പ്രവൃ 27:13, 29, 30, 40) ആദ്യകാലങ്ങളിൽ കല്ലുകൊണ്ടുള്ള കട്ടികളും ലളിതമായ മറ്റ് ഉപകരണങ്ങളും ആണ് നങ്കൂരങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാൽ പൗലോസിന്റെ കാലമായപ്പോഴേക്കും കുറെക്കൂടെ നൂതനമായ നങ്കൂരങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. റോമൻ കാലഘട്ടത്തിൽ സാധാരണമായിരുന്ന ഒരു പ്രത്യേകതരം നങ്കൂരത്തിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്. ലോഹവും തടിയും കൊണ്ടാണു മിക്കപ്പോഴും ഇത്തരം നങ്കൂരങ്ങൾ നിർമിച്ചിരുന്നത്. പൊതുവേ ഈയംകൊണ്ടുണ്ടാക്കിയിരുന്ന അതിന്റെ ദണ്ഡിനു നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് നങ്കൂരം പെട്ടെന്നു കടലിന് അടിയിലേക്കു താഴും. അടിത്തട്ടിൽ ചെല്ലുമ്പോൾ നങ്കൂരത്തിന്റെ ഒരു കൈ അവിടെ ആഴ്ന്നിറങ്ങുകയും ചെയ്യും. വലിയ കപ്പലുകളിൽ മിക്കപ്പോഴും പല നങ്കൂരങ്ങൾ കാണുമായിരുന്നു. (പ്രവൃ 27:29, 30) ആഫ്രിക്കൻ തീരത്തുള്ള കുറേനയ്ക്ക് അടുത്തുനിന്ന് കണ്ടെടുത്ത ഒരു നങ്കൂരത്തിന് ഏതാണ്ട് 545 കി.ഗ്രാം ഭാരമുണ്ടായിരുന്നു. “ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്” എന്ന പൗലോസിന്റെ വാക്കുകൾക്ക് ആ കണ്ടെത്തൽ കൂടുതൽ അർഥം പകരുന്നു.—എബ്ര 6:19.

നാവികർ ഉപയോഗിച്ചിരുന്ന ഏറ്റവും പഴയ ഉപകരണങ്ങളിൽ ഒന്നാണ് ഇത്തരം കട്ടികൾ (1). അവ പല ആകൃതിയിലും വലുപ്പത്തിലും ഉണ്ടായിരുന്നു. ഒരു കയറുമായി ബന്ധിച്ച് അതു കപ്പലിന്റെ വശത്തുകൂടി വെള്ളത്തിലേക്ക് ഇടും. അതു കടലിന്റെ അടിത്തട്ടിൽ ചെന്ന് മുട്ടിക്കഴിഞ്ഞാൽ ആ കയർ ഉപയോഗിച്ച് കപ്പലിന്റെ അടിഭാഗംമുതൽ കടൽത്തട്ടുവരെയുള്ള ആഴം അളക്കാനാകുമായിരുന്നു (2). ഇത്തരം ചില കട്ടികളുടെ അടിഭാഗത്ത് മൃഗക്കൊഴുപ്പിന്റെ ഒരു പാളിയുണ്ടാകും. കടലിന്റെ അടിത്തട്ടിലുള്ള ചെറിയ കല്ലുകളും മണൽത്തരിയും ഒക്കെ അതിൽ പറ്റിപ്പിടിക്കും. കട്ടി മുകളിലേക്കു പൊക്കിയെടുത്തിട്ട് നാവികർ അതിൽ പിടിച്ചിരിക്കുന്ന ഈ വസ്തുക്കൾ പരിശോധിച്ചിരുന്നു. ആഴം അളക്കാനുള്ള കട്ടികൾ ഉണ്ടാക്കാൻ പല വസ്തുക്കൾ ഉപയോഗിച്ചിരുന്നെങ്കിലും പൊതുവേ ഉപയോഗിച്ചിരുന്നത് ഈയമായിരുന്നു. അതുകൊണ്ടുതന്നെ ‘ആഴം അളക്കുക’ എന്നതിനു പ്രവൃ 27:28-ൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “ഈയം എറിയുക” എന്നാണ്.
1. ആഴം അളക്കുന്ന കട്ടി
2. കയറ്