അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 28:1-31
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
മാൾട്ട: ഇവിടെ കാണുന്ന മെലിറ്റെ എന്ന ഗ്രീക്കുപദം ഇന്നത്തെ മാൾട്ട ദ്വീപിനെയാണു കുറിക്കുന്നതെന്നു നൂറ്റാണ്ടുകളായി കരുതിപ്പോരുന്നു. പൗലോസ് യാത്ര ചെയ്തിരുന്ന കപ്പൽ ശക്തമായ കാറ്റിൽപ്പെട്ട് തെക്കോട്ടു നീങ്ങിയതായി വിവരണം സൂചിപ്പിക്കുന്നു. ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള ക്നീദോസിൽനിന്ന് പുറപ്പെട്ട അത് അങ്ങനെ ക്രേത്തയുടെ തെക്കുഭാഗത്ത് എത്തി. (പ്രവൃ 27:7, 12, 13, 21) പ്രവൃ 27:27-ൽ കപ്പൽ ‘അദ്രിയക്കടലിൽ ആടിയുലഞ്ഞതായും’ പറയുന്നു. പൗലോസിന്റെ കാലത്ത് അദ്രിയക്കടൽ എന്നു വിളിച്ചിരുന്നത് ഇന്നത്തെ അഡ്രിയാറ്റിക് കടലിനെ മാത്രമല്ലെന്ന് ഓർക്കുക. അഡ്രിയാറ്റിക് കടൽ ഉൾപ്പെടുന്ന കുറെക്കൂടെ വിശാലമായ ഒരു സമുദ്രഭാഗത്തിന്റെ പേരായിരുന്നു അത്. അതിൽ, സിസിലിക്കു കിഴക്കും ക്രേത്തയ്ക്കു പടിഞ്ഞാറും ഉള്ള സമുദ്രഭാഗവും അയോണിയൻ കടലും ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് ഇന്നത്തെ മാൾട്ടയ്ക്കു ചുറ്റുമുള്ള സമുദ്രമേഖലയും അദ്രിയക്കടലിന്റെ ഭാഗമായിരുന്നു. (പ്രവൃ 27:27-ന്റെ പഠനക്കുറിപ്പു കാണുക.) അവിടെ സാധാരണ ഉണ്ടാകാറുള്ള യൂറോഅക്വിലോ എന്ന കൊടുങ്കാറ്റിൽപ്പെട്ട് (പ്രവൃ 27:14) ആ കപ്പൽ പടിഞ്ഞാറേക്കു നീങ്ങി സിസിലിക്കു തെക്കുള്ള മാൾട്ട ദ്വീപിന് അടുത്തുവെച്ച് തകർന്നിരിക്കാനാണു സാധ്യത. എന്നാൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന മെലിറ്റെ എന്ന പദം മറ്റു ചില ദ്വീപുകളെയാണു കുറിക്കുന്നതെന്നു പണ്ഡിതന്മാരിൽ ചിലർ അവകാശപ്പെട്ടിട്ടുണ്ട്. അതു ഗ്രീസിന്റെ പടിഞ്ഞാറേ തീരത്തുള്ള കോർഫൂവിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണെന്ന് അവരിൽ ചിലർ വാദിക്കുന്നു. ഇനി, ഇവിടെ കാണുന്ന ഗ്രീക്കുപദം മെലിറ്റെ ആയതുകൊണ്ട് ഇത് ഇന്നു മല്യെറ്റ് എന്ന് അറിയപ്പെടുന്ന മെലിറ്റെ ഇല്ലിറിക്കാ എന്ന ദ്വീപാണെന്നും അഭിപ്രായമുണ്ട്. ക്രൊയേഷ്യൻ തീരത്തിന് അടുത്തായി ഇന്നത്തെ അഡ്രിയാറ്റിക് കടലിലാണ് അതിന്റെ സ്ഥാനം. എന്നാൽ കപ്പലിന്റെ സഞ്ചാരപാതയെക്കുറിച്ചുള്ള ബൈബിൾവിവരണം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്, ആ കപ്പൽ വടക്കോട്ടു തിരിഞ്ഞ് അങ്ങ് അകലെയുള്ള കോർഫൂവിലേക്കോ മല്യെറ്റിലേക്കോ പോയിരിക്കാൻ സാധ്യതയില്ലെന്നാണ്.—അനു. ബി13 കാണുക.
അന്നാട്ടുകാർ: അഥവാ “മറ്റൊരു ഭാഷ സംസാരിക്കുന്നവർ.” ഇവിടെ കാണുന്ന ബർബറൊസ് എന്ന ഗ്രീക്കുപദത്തെ ചില പുരാതന ബൈബിൾപരിഭാഷകൾ തർജമ ചെയ്തിരിക്കുന്നതു “ബർബരന്മാർ” എന്നാണ്. ഈ ഗ്രീക്കുപദത്തിൽ“ബർ” എന്ന ശബ്ദം രണ്ടു തവണ കാണാം (“ബർ ബർ”). വിക്കിവിക്കി സംസാരിക്കുക, വ്യക്തമല്ലാതെയും മനസ്സിലാകാത്ത രീതിയിലും സംസാരിക്കുക എന്ന ആശയമാണ് അതു നൽകുന്നത്. അതുകൊണ്ടുതന്നെ ഗ്രീക്കുകാർ തുടക്കത്തിൽ ഈ പദം ഉപയോഗിച്ചിരുന്നത്, ഗ്രീക്ക് അല്ലാത്ത മറ്റു ഭാഷകൾ സംസാരിച്ചിരുന്ന വിദേശികളെ കുറിക്കാനാണ്. അക്കാലത്ത് ഈ പദത്തിനു “സംസ്കാരമില്ലാത്തവർ,” “മര്യാദയില്ലാത്തവർ” എന്നൊക്കെയുള്ള മോശമായൊരു അർഥമുണ്ടായിരുന്നില്ല. അതു പുച്ഛത്തെ സൂചിപ്പിക്കുന്ന ഒരു പദവുമായിരുന്നില്ല. ബർബറൊസ് എന്നതു ഗ്രീക്കുഭാഷക്കാരല്ലാത്തവരെ ഗ്രീക്കുകാരിൽനിന്ന് വേർതിരിച്ചുകാണിച്ചിരുന്ന ഒരു പദം മാത്രമാണ്. തങ്ങളെ ആളുകൾ ബർബറൊസ് എന്നു വിളിച്ചിരുന്നതായി ജോസീഫസിനെപ്പോലുള്ള ചില ജൂതയെഴുത്തുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. [യഹൂദപുരാവൃത്തങ്ങൾ, XIV (ഇംഗ്ലീഷ്), 187 (x, 1); ഏപ്പിയന് എതിരെ (ഇംഗ്ലീഷ്), I, 58 (11)] വാസ്തവത്തിൽ, ഗ്രീക്ക് സംസ്കാരം സ്വീകരിക്കുന്നതിനു മുമ്പ് റോമാക്കാർപോലും തങ്ങളെത്തന്നെ വിശേഷിപ്പിക്കാൻ “ബർബരന്മാർ” എന്ന പദം ഉപയോഗിച്ചിരുന്നു. ചുരുക്കത്തിൽ, മാൾട്ടക്കാരെ കുറിക്കാൻ ഇവിടെ ഈ പദം ഉപയോഗിച്ചത് അവർ അവരുടേതായൊരു ഭാഷ സംസാരിച്ചിരുന്നതുകൊണ്ടായിരിക്കാം. അവിടേക്കു വന്നവർക്ക് ആ ഭാഷ മനസ്സിലായിക്കാണില്ല. സാധ്യതയനുസരിച്ച് പ്യൂനിക് ആയിരുന്നു മാൾട്ടക്കാർ സംസാരിച്ചിരുന്നത്.—റോമ 1:14-ന്റെ പഠനക്കുറിപ്പു കാണുക.
കരുണ: അഥവാ “മാനുഷികപരിഗണന.” ഫിലാന്ത്രോപിയ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനുഷ്യരോടുള്ള ഇഷ്ടം (സ്നേഹം)” എന്നാണ്. അത്തരം കരുണയിൽ, മറ്റുള്ളവരോട് ആത്മാർഥമായ താത്പര്യം കാണിക്കുന്നതും അവർക്ക് ആതിഥ്യമരുളിക്കൊണ്ട് അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതും ഉൾപ്പെടുന്നു. യഹോവയെ അറിയുന്നതിനു മുമ്പുപോലും ആളുകൾക്ക് ഈ ദൈവികഗുണം കാണിക്കാനാകുമെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. സമാനമായൊരു ഉദാഹരണം പ്രവൃ 27:3-ലും കാണാം. അവിടെ, പൗലോസിനോടു സൈനികോദ്യോഗസ്ഥനായ യൂലിയൊസ് ഇടപെട്ടതിനെക്കുറിച്ച് വിവരിക്കുമ്പോൾ ഇതിനോടു ബന്ധമുള്ള ഫിലാന്ത്രോപൊസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി ഫിലാന്ത്രോപിയ എന്ന പദം തീത്ത 3:4-ൽ ഉപയോഗിച്ചിരിക്കുന്നത് യഹോവയുടെ മനോവികാരത്തെ കുറിക്കാനാണ്. അവിടെ അതു ‘മനുഷ്യരോടുള്ള സ്നേഹം’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഒരു അണലി: മാൾട്ട ദ്വീപിൽ ഇന്ന് അണലികളെ കാണാറില്ല. പക്ഷേ ഒന്നാം നൂറ്റാണ്ടിൽ അവിടെ താമസിച്ചിരുന്നവർക്ക് ഈ പാമ്പിനെക്കുറിച്ച് അറിയാമായിരുന്നെന്നു വിവരണം സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകൾകൊണ്ടുണ്ടായ പരിസ്ഥിതിമാറ്റമോ ജനസംഖ്യാവർധനയോ കാരണം മാൾട്ടയിൽനിന്ന് ഈ ജീവികൾ അപ്രത്യക്ഷമായതായിരിക്കാം.
നീതി: ഇവിടെ “നീതി” എന്നതിനു ഡൈക്ക് എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദം കുറിക്കുന്നത്, നീതിക്കു ചേർന്ന ശിക്ഷ നടപ്പാക്കുന്ന ഒരു ദേവിയെയോ നീതിയെന്ന ഗുണത്തെത്തന്നെയോ ആയിരിക്കാം. ഗ്രീക്കുപുരാണത്തിൽ, ഡൈക്ക് എന്നതു നീതിദേവിയുടെ പേരായിരുന്നു. മനുഷ്യജീവിതം നന്നായി നിരീക്ഷിക്കുകയും ആരുടെയും കണ്ണിൽപ്പെടാതെപോകുന്ന അനീതികളെക്കുറിച്ച് സീയൂസ് ദേവനോടു പറഞ്ഞ് കുറ്റക്കാർക്കു ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നത് ഈ ദേവിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. കപ്പലപകടത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പൗലോസിനു ദേവകോപത്തിൽനിന്ന് രക്ഷപ്പെടാനായില്ലെന്നും നീതി നടപ്പാക്കാനായി ദൈവങ്ങൾ ഒരു പാമ്പിനെ ഉപയോഗിച്ചുകൊണ്ട് പൗലോസിനെ ശിക്ഷിക്കുകയാണെന്നും മാൾട്ട നിവാസികൾ ചിന്തിച്ചുകാണും.
സീയൂസ്പുത്രന്മാർ: ഗ്രീക്ക്, റോമൻ ഐതിഹ്യങ്ങളനുസരിച്ച് സീയൂസ് ദേവന്റെയും (ജൂപ്പിറ്റർ ദേവൻ) സ്പാർട്ടയിലെ ലേഡ രാജ്ഞിയുടെയും ഇരട്ടപ്പുത്രന്മാരായ കാസ്റ്ററും പോളക്സും ആണ് ഈ “സീയൂസ്പുത്രന്മാർ” (ഗ്രീക്കിൽ, ഡിയസ്കൂറൊയ് ). കടലിലെ ആപത്തുകളിൽനിന്ന് നാവികരെ രക്ഷിക്കുന്ന കാവൽദേവന്മാരായാണ് ഇവരെ കണ്ടിരുന്നത്. ഇവർക്കു മറ്റു ശക്തികളുമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഈ വിവരണം രേഖപ്പെടുത്തിയത്, സംഭവങ്ങളെല്ലാം നേരിട്ട് കണ്ട ഒരാൾതന്നെയാണ് എന്നതിന്റെ മറ്റൊരു തെളിവാണ്, കപ്പലിന്റെ അണിയത്തുണ്ടായിരുന്ന ചിഹ്നത്തെക്കുറിച്ചുള്ള ഈ വിശദാംശം.
സുറക്കൂസ: ഈ നഗരം (ഇന്ന് അതിന്റെ പേര് സിറക്കൂസ എന്നാണ്.) സിസിലി ദ്വീപിന്റെ തെക്കുകിഴക്കേ തീരത്താണു സ്ഥിതി ചെയ്തിരുന്നത്. അവിടെ നല്ലൊരു തുറമുഖവുമുണ്ടായിരുന്നു. ബി.സി. 734-ൽ കൊരിന്തുകാരാണ് ഈ നഗരം പണിതതെന്നു ഗ്രീക്കു ചരിത്രകാരനായ ത്യുസിഡിഡെസ് പറയുന്നു. പുരാതനകാലത്തെ ചില പ്രമുഖവ്യക്തികളുടെ ജന്മസ്ഥലവുമായിരുന്നു സുറക്കൂസ. ഉദാഹരണത്തിന്, ഗണിതശാസ്ത്രജ്ഞനായ ആർക്കിമിഡീസ് ജനിച്ചത് അവിടെയാണ്. ബി.സി. 212-ൽ റോമാക്കാർ ആ നഗരം കീഴടക്കി.—അനു. ബി13 കാണുക.
പുത്യൊലി: ഇന്നു പൊസ്സുവൊലി എന്നാണ് ഇത് അറിയപ്പെടുന്നത്. നേപ്പിൾസിനു 10 കി.മീ. തെക്കുപടിഞ്ഞാറായും റോമിനു തെക്കുകിഴക്കായും സ്ഥിതിചെയ്തിരുന്ന പുത്യൊലി ഒരു പ്രമുഖ തുറമുഖമായിരുന്നു. പണ്ട് അവിടെയുണ്ടായിരുന്ന പുലിമുട്ടുകളുടെ (അതായത്, കടൽത്തിരകളെ പ്രതിരോധിക്കാനായി കടലിലേക്കു തള്ളിനിൽക്കുന്ന മതിലുകൾ.) കുറെയധികം നാശാവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം. ജോസീഫസ് തന്റെ രേഖകളിൽ ഈ സ്ഥലത്തിന്റെ പഴയ പേരായ ഡൈക്കൈയാർക്കിയ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജൂതകോളനി അവിടെയുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. [യഹൂദപുരാവൃത്തങ്ങൾ XVII (ഇംഗ്ലീഷ്), 328, xii, 1] സീസറിന്റെ മുന്നിൽ ഹാജരാകാൻ റോമിലേക്കു പോകുകയായിരുന്ന പൗലോസ് പുത്യൊലിയിൽ എത്തിയത് ഏതാണ്ട് എ.ഡി. 59-ലാണ്. ഇറ്റലിയുടെ തെക്കേ അറ്റത്ത്, സിസിലിക്ക് എതിർവശത്തായി സ്ഥിതി ചെയ്തിരുന്ന രേഗ്യൊൻ എന്ന തുറമുഖനഗരത്തിൽനിന്ന് (ഇന്ന് അതിന്റെ പേര് റെസ്ജോ ഡേ കാലാബ്രേ എന്നാണ്.) ഏതാണ്ട് 320 കി.മീ. വടക്കുപടിഞ്ഞാറേക്കു യാത്ര ചെയ്താണ് ആ കപ്പൽ പുത്യൊലിയിൽ എത്തിയത്. പൗലോസും കൂടെയുള്ളവരും തങ്ങളോടൊപ്പം ഒരാഴ്ച കഴിയണമെന്നു പുത്യൊലിയിലുള്ള ക്രിസ്തീയസഹോദരന്മാർ നിർബന്ധിക്കുന്നതായി വിവരണം പറയുന്നു. (പ്രവൃ 28:14) ഇതു കാണിക്കുന്നത്, ഒരു തടവുകാരനായിരുന്നെങ്കിലും പൗലോസിനു കുറച്ചൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നാണ്.—അനു. ബി13 കാണുക.
എന്നിട്ട് റോമിലേക്കു പോയി: പുത്യൊലിയിൽനിന്ന് റോമിലേക്ക് 245 കി.മീ. ഉണ്ടായിരുന്നതുകൊണ്ട് അവരുടെ ഈ യാത്രയ്ക്ക് ഒരാഴ്ചയെങ്കിലും എടുത്തുകാണും. പൗലോസും കൂടെയുള്ളവരും ആദ്യം പുത്യൊലിയിൽനിന്ന് കാപുവയിൽ എത്തിയശേഷം അവിടെനിന്ന് അപ്പീയൻ പാതയിലൂടെ (ലത്തീനിൽ, വിയാ ആപ്പിയ.) 212 കി.മീ. യാത്ര ചെയ്ത് റോമിലെത്തിയിരിക്കാനാണു സാധ്യത. ബി.സി. 312-ൽ ഈ പാതയുടെ നിർമാണം ആരംഭിച്ച റോമൻ രാജ്യതന്ത്രജ്ഞനായിരുന്ന അപ്പിയസ് ക്ലോഡിയസ് സീക്കസിന്റെ പേരിൽനിന്നാണ് അപ്പീയൻ പാതയ്ക്ക് ആ പേര് ലഭിച്ചത്. റോമിൽനിന്ന് ആരംഭിച്ചിരുന്ന ഈ പാത കാലക്രമേണ കിഴക്കൻദേശങ്ങളിലേക്കുള്ള കവാടമായ ബ്രൺഡീസിയം (ഇന്നത്തെ ബ്രിൻഡീസി.) തുറമുഖംവരെ നീണ്ടു. അപ്പീയൻ പാതയുടെ മിക്ക ഭാഗങ്ങളും ലാവാശിലകൾ പാകിയതായിരുന്നു. പല ഭാഗത്തും പല വീതിയായിരുന്നു ആ പാതയ്ക്ക്. ചിലയിടങ്ങളിൽ അതു 3 മീറ്ററിൽ (10 അടി) താഴെയായിരുന്നെങ്കിൽ മറ്റു ചിലയിടങ്ങളിൽ അത് 6 മീറ്ററിലധികം (20 അടി) വരുമായിരുന്നു. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾക്കു തടസ്സംകൂടാതെ ഒരേസമയം കടന്നുപോകാൻ പറ്റുന്ന രീതിയിലായിരുന്നു പൊതുവേ അതിന്റെ നിർമാണം. ആ പാതയുടെ ചില ഭാഗത്തുനിന്ന് നോക്കിയാൽ മെഡിറ്ററേനിയൻ കടൽ കാണാമായിരുന്നു. പൊന്റൈൻ ചതുപ്പുനിലങ്ങളിലൂടെയും അതു കടന്നുപോയിരുന്നു. ആ പ്രദേശത്തെ കൊതുകുശല്യത്തിന്റെയും ദുർഗന്ധത്തിന്റെയും കാഠിന്യത്തെക്കുറിച്ച് ഒരിക്കൽ ഒരു റോമൻ എഴുത്തുകാരൻ തുറന്നെഴുതിയിട്ടുണ്ട്. അപ്പീയൻ പാതയോടു ചേർന്ന് ഒരു കനാൽ പണിതിരുന്നതുകൊണ്ട് വഴിയിൽ വെള്ളം കയറിയാലും യാത്രക്കാർക്കു ബോട്ടുകളിൽ കനാലിലൂടെ അവിടം കടക്കാമായിരുന്നു. ഈ ചതുപ്പുനിലങ്ങൾക്കു തൊട്ട് വടക്കായിരുന്നു അപ്യയിലെ ചന്തസ്ഥലം. റോമിൽനിന്ന് ഏതാണ്ട് 65 കി.മീ. അകലെയായിരുന്നു അത്. അതിനു വടക്കുള്ള ത്രിസത്രം എന്ന വിശ്രമകേന്ദ്രത്തിലേക്കാകട്ടെ റോമിൽനിന്ന് ഏതാണ്ട് 50 കി.മീ. ദൂരമുണ്ടായിരുന്നു.
അപ്യയിലെ ചന്തസ്ഥലം: ലത്തീനിൽ, അപ്പൈ ഫോറം. റോമിന് ഏതാണ്ട് 65 കി.മീ. തെക്കുകിഴക്കായിട്ടാണ് ഇതു സ്ഥിതി ചെയ്തിരുന്നത്. റോമിൽനിന്ന് കാപുവ വഴി ബ്രൺഡീസിയം (ഇന്നത്തെ ബ്രിൻഡീസി.) വരെ നീളുന്ന പ്രശസ്ത റോമൻ ഹൈവേയായ വിയാ ആപ്പിയയിലെ ഒരു മുഖ്യ ഇടത്താവളമായിരുന്നു ഈ ചന്തസ്ഥലം. വിയാ ആപ്പിയ എന്ന പാതയ്ക്കും അപ്യയിലെ ചന്തസ്ഥലത്തിനും ആ പേരുകൾ ലഭിച്ചത് അവ നിർമിച്ച അപ്പിയസ് ക്ലോഡിയസ് സീക്കസിന്റെ പേരിൽനിന്നാണ്. ബി.സി. നാലാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. റോമിൽനിന്ന് വരുന്ന യാത്രക്കാർ സാധാരണയായി ഒന്നാം ദിവസത്തെ യാത്രയ്ക്കൊടുവിൽ ഇവിടെയാണു തങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ അവിടം തിരക്കുള്ള ഒരു വ്യാപാരകേന്ദ്രവും ചന്തസ്ഥലവും ആയി മാറി. അതിന് ഇത്ര പ്രാധാന്യം വരാനുള്ള മറ്റൊരു കാരണം അതിന്റെ സ്ഥാനം വിയാ ആപ്പിയയോടു ചേർന്നുള്ള കനാലിന്റെ അടുത്തായിരുന്നു എന്നതാണ്. പൊന്റൈൻ ചതുപ്പുനിലങ്ങളിലൂടെ കടന്നുപോയിരുന്ന ഈ കനാലിലൂടെ രാത്രികാലങ്ങളിൽ യാത്രക്കാരെ കോവർകഴുതകൾ വലിക്കുന്ന ചങ്ങാടത്തിൽ ഇരുത്തി കൊണ്ടുപോയിരുന്നതായി പറയപ്പെടുന്നു. തവളകളും ശല്യക്കാരായ ചെറുപ്രാണികളും ഒക്കെ നിറഞ്ഞ ആ സ്ഥലത്തുകൂടെയുള്ള യാത്രയുടെ ദുരിതത്തെക്കുറിച്ച് റോമൻ കവിയായ ഹോരെസ് എഴുതിയിട്ടുണ്ട്. അപ്യയിലെ ചന്തസ്ഥലത്തെ അദ്ദേഹം വർണിച്ചതു “വള്ളക്കാരും പണക്കൊതിയന്മാരായ സത്രംസൂക്ഷിപ്പുകാരും തിങ്ങിനിറഞ്ഞ ഇടം” എന്നാണ്. (ആക്ഷേപഹാസ്യകാവ്യം, I (ഇംഗ്ലീഷ്), V, 1-6) എന്നാൽ, ഇത്തരം അസൗകര്യങ്ങളൊന്നും വകവെക്കാതെയാണു റോമിൽനിന്നുള്ള സംഘം പൗലോസിനും കൂടെയുള്ളവർക്കും വേണ്ടി സന്തോഷത്തോടെ അവിടെ കാത്തുനിന്നത്. റോമിലേക്കുള്ള യാത്രയുടെ ഈ അവസാനഘട്ടത്തിൽ അവരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു ആ സംഘത്തിന്റെ ഉദ്ദേശ്യം. ഫോറൊ അപ്പിയോ എന്നും അറിയപ്പെട്ടിരുന്ന അപ്യയിലെ ചന്തസ്ഥലം സ്ഥിതി ചെയ്തിരുന്നിടത്ത് ഇന്ന് ബൊർഗോ ഫെയ്റ്റി എന്ന ഒരു ചെറിയ ഗ്രാമം കാണാം. അപ്പീയൻ പാതയോടു ചേർന്നാണ് ഇത്.—അനു. ബി13 കാണുക.
ത്രിസത്രം: അതായത്, മൂന്നു സത്രങ്ങൾ. ലത്തീനിൽ ട്രെസ് റ്റാബെർനേ. അപ്പീയൻ പാതയോടു ചേർന്ന് സ്ഥിതി ചെയ്തിരുന്ന ത്രിസത്രം എന്ന ഈ സ്ഥലത്തെക്കുറിച്ച് മറ്റു ചില പുരാതനകൃതികളിലും കാണുന്നുണ്ട്. റോമിന് 50 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്തിരുന്ന ഇവിടേക്ക് അപ്യയിലെ ചന്തസ്ഥലത്തുനിന്ന് ഏതാണ്ട് 15 കി.മീ. ദൂരമുണ്ടായിരുന്നു. റോമൻ കാലഘട്ടത്തിലെ ചില നിർമിതികളുടെ നാശാവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം.—അനു. ബി13 കാണുക.
സീസർ: പ്രവൃ 26:32-ന്റെ പഠനക്കുറിപ്പു കാണുക.
ഈ മതവിഭാഗം: പ്രവൃ 24:5-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിച്ചു: “സാക്ഷി” (മാർട്ടുസ്), “സാക്ഷ്യപ്പെടുത്തുന്നു” (മാർട്ടുറേഓ), “സമഗ്രമായി അറിയിക്കുന്നു” (ഡിയാമാർട്ടുറോമായ്) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദപ്രയോഗങ്ങളും അവയോടു ബന്ധപ്പെട്ട പദങ്ങളും, യോഹന്നാന്റെ പുസ്തകം കഴിഞ്ഞാൽ ഏറ്റവും അധികം കാണുന്നത് പ്രവൃത്തികളുടെ പുസ്തകത്തിലാണ്. (യോഹ 1:7; പ്രവൃ 1:8 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ദൈവരാജ്യം, യേശു വഹിക്കുന്ന സുപ്രധാനമായ പങ്ക് എന്നിവ ഉൾപ്പെടെ ദൈവോദ്ദേശ്യത്തിന്റെ ഭാഗമായ കാര്യങ്ങൾ ഒരു സാക്ഷിയെന്ന നിലയിൽ സമഗ്രമായി മറ്റുള്ളവരെ അറിയിക്കുക എന്നൊരു കേന്ദ്രവിഷയം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉടനീളം കാണാം.—പ്രവൃ 2:32, 40; 3:15; 5:32; 8:25; 10:39; 13:31; 20:24; 22:20; 23:11; 26:16.
ദൈവം നൽകുന്ന ഈ രക്ഷാമാർഗത്തെക്കുറിച്ച്: അഥവാ “ദൈവത്തിൽനിന്നുള്ള ഈ രക്ഷയെക്കുറിച്ച്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സോറ്റീറിയൊൻ എന്ന ഗ്രീക്കുപദത്തിനു രക്ഷയെ മാത്രമല്ല, ആ രക്ഷ അഥവാ വിടുതൽ നൽകാൻ ഉപയോഗിക്കുന്ന മാർഗത്തെയും കുറിക്കാനാകും. (ലൂക്ക 2:30, അടിക്കുറിപ്പ്; 3:6) ദൈവം മനുഷ്യകുലത്തെ രക്ഷിക്കുന്നത് എങ്ങനെയായിരിക്കും എന്നു വിവരിക്കുന്ന സന്ദേശവും അതിൽ ഉൾപ്പെട്ടേക്കാം.
താരതമ്യേന കാലപ്പഴക്കം കുറഞ്ഞ ചില കൈയെഴുത്തുപ്രതികളിലും പരിഭാഷകളിലും ഇവിടെ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണാം: “പൗലോസ് ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ ജൂതന്മാർ തമ്മിൽ തർക്കിച്ചുകൊണ്ട് അവിടെനിന്ന് പിരിഞ്ഞുപോയി.” എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ പ്രവൃത്തികളുടെ പുസ്തകം എഴുതിയപ്പോൾ ഈ വാക്കുകൾ അതിലില്ലായിരുന്നെന്നു വേണം കരുതാൻ.—അനു. എ3 കാണുക.
പൗലോസ് രണ്ടു വർഷം . . . താമസിച്ചു: ഈ രണ്ടു വർഷക്കാലത്താണു പൗലോസ് എഫെസൊസിലുള്ളവർക്കും (എഫ 4:1; 6:20) ഫിലിപ്പിയിലുള്ളവർക്കും (ഫിലി 1:7, 12-14) കൊലോസ്യയിലുള്ളവർക്കും (കൊലോ 4:18) ഫിലേമോനും (ഫിലേ 9) സാധ്യതയനുസരിച്ച് എബ്രായർക്കും കത്തുകൾ എഴുതിയത്. പൗലോസിന്റെ ഈ വീട്ടുതടങ്കൽ ഏതാണ്ട് എ.ഡി. 61-ൽ അവസാനിച്ചിരിക്കണം. സാധ്യതയനുസരിച്ച് ആ വർഷം നീറോ ചക്രവർത്തിയോ അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രതിനിധിയോ പൗലോസിനെ വിചാരണ ചെയ്ത് അദ്ദേഹം നിരപരാധിയാണെന്നു വിധിച്ചിരിക്കാം. മോചിതനായശേഷം പൗലോസ് എപ്പോഴത്തെയുംപോലെ തീക്ഷ്ണതയോടെതന്നെ പ്രവർത്തിച്ചു. താൻ നേരത്തേ പദ്ധതിയിട്ടിരുന്ന സ്പെയിൻ യാത്ര പൗലോസ് ഈ സമയത്തായിരിക്കണം നടത്തിയത്. (റോമ 15:28) പൗലോസ് റോമൻ സാമ്രാജ്യത്തിന്റെ “പടിഞ്ഞാറേ അറ്റംവരെ” യാത്ര ചെയ്തതായി റോമിലെ ക്ലെമന്റ് ഏതാണ്ട് എ.ഡി. 95-ൽ എഴുതിയിട്ടുണ്ട്. മോചിതനായശേഷം പൗലോസ് എഴുതിയ മൂന്നു കത്തുകളിൽനിന്ന് (1-ഉം 2-ഉം തിമൊഥെയൊസും തീത്തോസും) അദ്ദേഹം ക്രേത്തയും മാസിഡോണിയയും നിക്കൊപ്പൊലിയും ത്രോവാസും സന്ദർശിച്ചിരിക്കാമെന്നു മനസ്സിലാക്കാം. (1തിമ 1:3; 2തിമ 4:13; തീത്ത 1:5; 3:12) പൗലോസിനെ പിന്നീടു ഗ്രീസിലെ നിക്കൊപ്പൊലിയിൽവെച്ച് അറസ്റ്റ് ചെയ്തെന്നും അങ്ങനെ ഏതാണ്ട് എ.ഡി. 65-ൽ അദ്ദേഹം വീണ്ടും റോമിൽ തടവിലായെന്നും ചിലർ പറയുന്നു. എന്നാൽ ഇത്തവണ നീറോ പൗലോസിനോടു യാതൊരു കരുണയും കാണിച്ചില്ലെന്നു വേണം കരുതാൻ. തലേ വർഷം ഒരു അഗ്നിബാധ റോമിൽ കനത്ത നാശം വിതച്ചിരുന്നു. അതിന്റെ കുറ്റം മുഴുവൻ നീറോ ക്രിസ്ത്യാനികളുടെ മേൽ കെട്ടിവെച്ചതായി റോമൻ ചരിത്രകാരനായ റ്റാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതെത്തുടർന്ന് നീറോ ഒട്ടും കണ്ണിൽച്ചോരയില്ലാതെ ക്രിസ്ത്യാനികൾക്കെതിരെ ഉപദ്രവം അഴിച്ചുവിട്ടു. തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തേതും അവസാനത്തേതും ആയ കത്തിൽ, തിമൊഥെയൊസും മർക്കോസും പെട്ടെന്നു തന്റെ അടുത്ത് എത്താൻ പൗലോസ് ആവശ്യപ്പെടുന്നതായി കാണാം. കാരണം അധികം താമസിയാതെ താൻ വധിക്കപ്പെടുമെന്നു പൗലോസിന് അപ്പോൾ അറിയാമായിരുന്നു. ഈ സമയത്ത്, ലൂക്കോസും ഒനേസിഫൊരൊസും സ്വന്തം ജീവൻപോലും പണയംവെച്ച് പൗലോസിനെ ആശ്വസിപ്പിക്കാൻ ചെന്നു. (2തിമ 1:16, 17; 4:6-9, 11) സാധ്യതയനുസരിച്ച് ഏതാണ്ട് എ.ഡി. 65-ലാണു പൗലോസ് വധിക്കപ്പെടുന്നത്. “യേശു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയുംകുറിച്ച്” പൗലോസ് തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ശ്രദ്ധേയമായ ഒരു സാക്ഷ്യം നൽകി.—പ്രവൃ 1:1.
തികഞ്ഞ ധൈര്യത്തോടെ: പർറേസീയ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. ഈ നാമപദവും അതിനോടു ബന്ധപ്പെട്ട പർറേസീയസോമായ് എന്ന ക്രിയാപദവും (‘ധൈര്യത്തോടെ സംസാരിക്കുക’ എന്നു പലപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്നു.) പ്രവൃത്തികളുടെ പുസ്തകത്തിൽ പല തവണ ഉപയോഗിച്ചിട്ടുണ്ട്. ധൈര്യം എന്ന ഗുണം ആദ്യകാലക്രിസ്ത്യാനികളുടെ പ്രസംഗപ്രവർത്തനത്തിന്റെ ഒരു പ്രധാനസവിശേഷതയായിരുന്നു എന്നതിന്റെ തെളിവുകൾ ലൂക്കോസിന്റെ വിവരണത്തിൽ ആദിയോടന്തം കാണാം.—പ്രവൃ 4:29, 31; 9:27, 28; 13:46; 14:3; 18:26; 19:8; 26:26.
പ്രസംഗിക്കുക: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട് അതു പ്രസിദ്ധമാക്കുക” എന്നാണ്. സന്ദേശം അറിയിക്കുന്ന രീതിക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. ഒരിടത്ത് കൂടിവന്നിരിക്കുന്ന ഒരു പ്രത്യേകസദസ്സിനെ മാത്രം അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണത്തെക്കാൾ, ഒരു കാര്യം പരസ്യമായി എല്ലാവരെയും അറിയിക്കുന്നതിനെയാണ് ഇതു പൊതുവേ അർഥമാക്കുന്നത്. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രസംഗപ്രവർത്തനം ദൈവരാജ്യം എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രവൃത്തികളുടെ പുസ്തകത്തിന്റെ മൂലപാഠത്തിൽ “ദൈവരാജ്യം” എന്ന പദപ്രയോഗം ആറു പ്രാവശ്യം കാണാം. അതിൽ ആദ്യത്തേതു പ്രവൃ 1:3-ലാണ്. യേശുവിന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ഇടയ്ക്കുള്ള 40 ദിവസം യേശു ദൈവരാജ്യത്തെപ്പറ്റി സംസാരിച്ചതിനെക്കുറിച്ചാണ് ആ വാക്യം പറയുന്നത്. പിന്നീട് അപ്പോസ്തലന്മാർ മറ്റുള്ളവരെ അറിയിച്ച സന്ദേശത്തിന്റെ കേന്ദ്രവിഷയവും ‘ദൈവരാജ്യം’തന്നെയായിരുന്നു.—പ്രവൃ 8:12; 14:22; 19:8; 28:23.
തടസ്സമൊന്നും കൂടാതെ . . . പഠിപ്പിക്കുകയും ചെയ്തുപോന്നു: അഥവാ “സ്വതന്ത്രമായി . . . പഠിപ്പിക്കുകയും ചെയ്തുപോന്നു.” പ്രോത്സാഹനം പകരുന്ന ഇക്കാര്യം പറഞ്ഞുകൊണ്ടാണു പ്രവൃത്തികളുടെ പുസ്തകം ഉപസംഹരിക്കുന്നത്. വീട്ടുതടങ്കലിലായിരുന്നെങ്കിലും പൗലോസ് തുടർന്നും മറകൂടാതെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം റോമിൽ എത്തുന്നതു തടയാൻ യാതൊന്നിനുമായില്ല. പ്രവൃത്തികളുടെ പുസ്തകത്തിന് ഇത്തരമൊരു ഉപസംഹാരം എന്തുകൊണ്ടും ചേരും. കാരണം, ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പ്രസംഗപ്രവർത്തനത്തിനു തുടക്കമിടാൻ ദൈവാത്മാവ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ശക്തീകരിച്ചതിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് ഇത്. ആ പ്രവർത്തനം, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” എത്താൻ വഴിയൊരുക്കി.—പ്രവൃ 1:8.
ദൃശ്യാവിഷ്കാരം
റോമൻ സാമ്രാജ്യത്തിലെങ്ങും ധാരാളം റോഡുകൾ പണിതിരുന്നതുകൊണ്ട് ആദ്യകാല ക്രിസ്ത്യാനികൾക്ക് ആ സാമ്രാജ്യത്തിലെങ്ങും സന്തോഷവാർത്ത എത്തിക്കാനായി. പൗലോസ് അപ്പോസ്തലനും ആ വഴികളിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്തിട്ടുണ്ടെന്നതിനു സംശയമില്ല. (കൊലോ 1:23) കല്ലു പാകിയ റോമൻ പാതകളുടെ നിർമാണമാണ് ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ആദ്യം, പാത പോകേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തും. തുടർന്ന് അവിടെനിന്ന് മണ്ണ് എടുത്തുമാറ്റും. എന്നിട്ട് അവിടെ കല്ലും അതിനു മുകളിൽ സിമന്റും അതിനും മുകളിലായി മണലും നിരത്തും. ഏറ്റവും മുകളിൽ പരന്ന, വലിയ കല്ലുകൾ പാകും. പാകിയ കല്ലുകളും മറ്റും ഇളകിപ്പോകാതിരിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും പ്രത്യേകം കല്ലുകളും നാട്ടും. നിർമാണവസ്തുക്കളുടെ പ്രത്യേകതകൊണ്ടും റോഡിന്റെ നടുഭാഗം അൽപ്പം ഉയർത്തിപ്പണിതിരുന്നതുകൊണ്ടും വെള്ളം റോഡിൽനിന്ന് എളുപ്പം വാർന്നുപോകുമായിരുന്നു. അതു റോഡിന്റെ ഇരുവശത്തും നിർമിച്ചിരുന്ന ചാലുകളിലേക്ക് ഒഴുകിപ്പോകാനായി, വശങ്ങളിലെ കല്ലുകൾക്കിടയിൽ അവിടവിടെ വിടവുകളും നൽകിയിരുന്നു. ഇത്തരം റോഡുകളുടെ പണി വളരെ മേന്മയുള്ളതായിരുന്നതുകൊണ്ട് അവയിൽ ചിലത് കാലത്തെ അതിജീവിച്ച് ഇന്നോളം നിലനിന്നിരിക്കുന്നു. എന്നാൽ റോമൻ സാമ്രാജ്യത്തിലെ മിക്ക റോഡുകളുടെയും നിർമാണം ഇത്ര സങ്കീർണമായിരുന്നില്ല. അവയിൽ പലതും വെറുതേ ചരൽ നിരത്തി ഉണ്ടാക്കിയതായിരുന്നു.
വിയാ ആപ്പിയ എന്നും അറിയപ്പെട്ടിരുന്ന അപ്പീയൻ പാതയുടെ ഒരു ഭാഗമാണ് ഈ ചിത്രത്തിലുള്ളത്. അത് ഇപ്പോഴും ഇറ്റലിയിൽ കാണാം. ഈ പാതയെക്കുറിച്ച് ബൈബിളിൽ നേരിട്ടൊന്നും പറഞ്ഞിട്ടില്ലെങ്കിലും പൗലോസ് റോമിലേക്കു പോയത് ഈ വഴിയിലൂടെ ആയിരിക്കാം. ബി.സി. 312-ലാണ് ഈ പാതയുടെ ആദ്യഭാഗം പണിതത്. എന്നാൽ ഏതാണ്ട് ബി.സി. 244 ആയപ്പോഴേക്കും അപ്പീയൻ പാത റോം മുതൽ ബ്രൺഡീസിയം വരെ നീളുന്ന ഒരു പാതയായിത്തീർന്നു. (ഭൂപടം കാണുക.) റോമിൽനിന്നുള്ള സഹോദരന്മാർ പൗലോസിനെ സ്വീകരിക്കാൻ തെക്കോട്ടു യാത്ര ചെയ്ത് ത്രിസത്രം വരെയും അപ്യയിലെ ചന്തസ്ഥലം വരെയും വന്നതായി നമ്മൾ വായിക്കുന്നു. ഇവ രണ്ടും സ്ഥിതി ചെയ്തിരുന്നത് അപ്പീയൻ പാതയോടു ചേർന്നാണ്. (പ്രവൃ 28:15) റോമിൽനിന്ന് ഏതാണ്ട് 64 കി.മീ. അകലെയായിരുന്നു അപ്യയിലെ ചന്തസ്ഥലം. ത്രിസത്രമാകട്ടെ റോമിൽനിന്ന് ഏതാണ്ട് 48 കി.മീ. ദൂരെയും.
1. റോം
2. ത്രിസത്രം
3. അപ്യയിലെ ചന്തസ്ഥലം
4. അപ്പീയൻ പാത
5. ബ്രൺഡീസിയം (ഇപ്പോൾ ബ്രിൻഡീസി എന്ന് അറിയപ്പെടുന്നു)
ഏതാണ്ട് എ.ഡി. 56-57 കാലഘട്ടത്തിൽ നിർമിച്ച ഈ സ്വർണനാണയത്തിൽ നീറോ ചക്രവർത്തിയുടെ അർധകായരൂപമാണു കാണുന്നത്. എ.ഡി. 54 മുതൽ 68 വരെ റോമൻ സാമ്രാജ്യം ഭരിച്ചത് അദ്ദേഹമാണ്. യരുശലേമിൽവെച്ച് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട്, ഏതാണ്ട് എ.ഡി. 56 മുതൽ ഏതാണ്ട് എ.ഡി. 58 വരെ കൈസര്യയിലെ തടവിൽ കഴിഞ്ഞ പൗലോസ് അപ്പീലിനു പോയത് അന്നത്തെ സീസറായ നീറോയുടെ മുമ്പാകെയായിരുന്നു. ഏതാണ്ട് എ.ഡി. 59-ൽ ആദ്യമായി റോമിൽ തടവിലായ പൗലോസിനെ സാധ്യതയനുസരിച്ച് എ.ഡി. 61-ഓടെ നിരപരാധിയായി പ്രഖ്യാപിച്ച് വിട്ടയച്ചു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറി. എ.ഡി. 64-ൽ റോമിലുണ്ടായ ഒരു തീപിടുത്തത്തിൽ നഗരത്തിന്റെ ഒരു ഭാഗം കത്തിനശിച്ചപ്പോൾ ആ ദുരന്തത്തിനു പിന്നിൽ നീറോയാണെന്നു ചിലർ ആരോപിച്ചു. ആ ആരോപണത്തിന്റെ ഗതി മാറ്റിവിടാൻ നീറോ കുറ്റം മുഴുവൻ ക്രിസ്ത്യാനികളുടെ മേൽ കെട്ടിവെച്ചു. തുടർന്ന് ഗവൺമെന്റ് അവർക്കെതിരെ ക്രൂരമായ ഉപദ്രവം അഴിച്ചുവിട്ടു. സാധ്യതയനുസരിച്ച് ഈ സമയത്താണ് (എ.ഡി. 65) പൗലോസ് രണ്ടാമതു റോമിൽ തടവിലാകുന്നത്. തുടർന്ന് അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.